അപരിചിതൻ്റെ പുസ്തകം


വളരെ നാളുകൾക്കു മുൻപാണ് . അമ്മയാവുന്നതിനും ഭാര്യയാകുന്നതിനും സ്ത്രീപക്ഷവാദി, ലിബറലിസ്റ് , വിശ്വാസി , അവിശ്വാസി , കുലസ്ത്രീ , തേവിടിശ്ശി തുടങ്ങിയ ഹാഷ്ടാഗുകൾ രൂപമെടുക്കുന്നതിനും മുൻപാണ് . സ്മാർട്ട് ഫോണുകൾ എന്താണെന്നു അറിഞ്ഞുകൂടാത്ത സമയത്താണ്. ഭൂരിഭാഗം സുഹൃത്തുക്കൾക്കും ഇല്ലാതിരുന്ന ഒരു ചെറിയ സെൽ ഫോൺ ലഭിക്കാൻ ഭാഗ്യമുണ്ടായിരുന്നിട്ടും അമ്മയെ വിളിക്കാൻ മാത്രം അത് കയ്യിലെടുത്തിരുന്ന സമയത്താണ് . അപരിചിതരോട് അകാരണമായി ഉണ്ടായിരുന്ന ഒരുതരം ഭയം ആരുമറിയാതെ മനസ്സിലൊളിപ്പിച്ചു കൊണ്ടുനടന്നിരുന്ന കാലത്താണ് . കരയിലോ, വെള്ളത്തിലോ, ആകാശത്തോ , അന്യഗ്രഹത്തിലോ ഏതു ആവാസ വ്യവസ്ഥയിലാണ് ഞാൻ പെടുന്നതെന്ന് അന്വേഷിച്ചു അലഞ്ഞുനടന്നിരുന്ന ദിനങ്ങളിലൊന്നിലാണ് ഒരു വൈകുന്നേരം വെറുതെ ചിത്രപ്രദര്ശനത്തിനു കയറിച്ചെന്നത് . നഗരത്തിലെ ഏതോ ഉത്പതിഷ്ണുക്കൾ വെളുത്ത ചുമരുകളിൽ തൂക്കിയിരുന്ന ചിത്രങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇടയ്ക്കിടെ നെടുവീർപ്പുകളിടുകയും ചെയ്യുന്നുണ്ടായിരുന്നു . വളരെ വിരളം ആളുകളെ ചിത്രങ്ങൾ കാണാൻ എത്തിയിരുന്നുള്ളു . ചെന്ന് കയറിയ എനിക്കാവട്ടെ ചിത്രകാരന്റെ പേരുപോലും അറിഞ്ഞിരുന്നുമില്ല . ചിത്രങ്ങളുടെ ഗഹനമായ അർത്ഥങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും വരകളിലും വർണങ്ങളിലും കൗതുകമുണ്ടായിരുന്നതുകൊണ്ടും അവ ചാലിക്കുന്ന ബ്രഷുകളോട് ആരാധന ഉണ്ടായിരുന്നതുകൊണ്ടും ഞാനവിടെ ചെന്നുപെട്ടു . അന്നാണ് ഓർമയിലെവിടെയോ ഉറക്കമായിരുന്ന ഹർഷൻ്റെ മുഖം ആദ്യമായും അവസാനമായും കാണുന്നത് .
കറുത്ത് ഇടതൂർന്ന മുടി പേരാലിന്റേതുപോലെ വേരുകളായി രൂപാന്തരം പ്രാപിച്ചു സ്വയം വരിഞ്ഞുമുറുക്കുന്ന നഗ്നമായ ഒരു സ്ത്രീ ശരീരത്തിൻ്റെ ചിത്രം നോക്കി നിൽക്കുകയായിരുന്നു ഞാൻ . പിന്നോട്ട് നീങ്ങിയപ്പോൾ ചിത്രത്തിലേതുപോലെ നീണ്ടതായിരുന്നില്ലെങ്കിലും വേരുകൾ പോലെ തന്നെ ജട കെട്ടി തൂങ്ങി നിന്നിരുന്ന മുടിയുള്ള അയാളുടെ കാലിൽ ഞാനറിയാതെ ചവിട്ടി . ഞെട്ടിപ്പോയ അയാൾ ഞാനയാളെ വേദനിപ്പിച്ചുവെന്ന് അല്പം ഉറക്കെ ഇംഗ്ലീഷിൽ പറഞ്ഞു . അപരിചിതരോട് എനിക്കുണ്ടായിരുന്ന ഭയം നിമിത്തം ക്ഷമാപണത്തിനുപോലും മുതിരാതെ താഴെവീണുപോയ ബാഗ് കുനിഞ്ഞെടുത്തു പുറത്തോട്ടുള്ള വാതിലിലേക്ക് ഞാൻ തിടുക്കത്തിൽ നടന്നു . അപ്പോൾ ഒന്ന് നിൽക്കൂ എന്നുപറഞ്ഞുകൊണ്ട് അയാൾ പിറകെ വന്നു . ബാഗിൽ നിന്നും അബദ്ധവശാൽ തെറിച്ചുപോയ വാലറ്റ് ൻ്റെ നേരെ നീട്ടിക്കൊണ്ട് നിങ്ങളീ ചിത്രങ്ങൾ മുഴുവൻ കണ്ടില്ലല്ലോ എന്ന് ചോദിച്ചു. പൊതുവെ ഉണ്ടായിരുന്ന അന്തർമുഖത്ത്വം എന്നിൽ ഒരുതരം അപകർഷതാബോധം ഉണ്ടാക്കിയിരുന്നു . അതിനാലാവണം എനിക്ക് അയാളോട് അരിശം തോന്നി . എങ്കിലും തികച്ചും അക്ഷോഭ്യയെന്നു നടിച്ചു ഞാൻ അയാളോട് പറഞ്ഞു . നിങ്ങൾ ഞാൻ കാണുന്നതിന് എതിർദിശയിലുള്ള ചിത്രങ്ങൾ കാണൂ . എങ്കിൽ ഇതുമുഴുവൻ കണ്ടുതീർക്കാൻ ഞാനും ശ്രമിക്കാം . കാര്യമെന്തെന്നു മനസ്സിലാകാതെ വിചിത്രമായ ഒരു ചിരി ചിരിച്ചയാൾ എതിർദിശയിലേക്ക് നടന്നു. എനിക്കിനിയാ ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയുകയില്ല . എങ്കിലും അയാളെ ബോധ്യപ്പെടുത്താൻ ഞാൻ അവ കണ്ടുതീർത്തത്തിനു ശേഷം പുറത്തോട്ടിറങ്ങുമ്പോൾ വീണ്ടും മനുഷ്യൻ പിറകെ വന്ന് ഇത്ര ധൃതിയിൽ ചിത്രപ്രദർശനം കണ്ടുതീർക്കുന്നൊരാളെ ആദ്യമായി കാണുകയാണെന്ന്പറഞ്ഞു .
അയാൾ എന്നെക്കാളും ഒരു ആറു വയസ്സെങ്കിലും മുതിർന്നതാണ്. പെൺകുട്ടികളുടെ നിരീക്ഷണ ശാസ്ത്രം കല്പിച്ചുകൊടുക്കുന്ന യാതൊരു വിധ കാമുക ലക്ഷണങ്ങളും അയാൾക്ക് ഉണ്ടായിരുന്നില്ല . പകരം അയ്യാളുടെ കണ്ണുകൾ ഗംഗയുടെ ഘാട്ടുകളിലൊന്നിൽ ഇരിക്കുന്ന ഏതോ സന്യാസിയെ ഓർമിപ്പിച്ചു . ഞാൻ പറഞ്ഞു: ' അപരിചിതരോട് ഞാൻ സംസാരിക്കാറില്ല. എനിക്ക് ഭയമാണ്'. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു 'എങ്കിൽ നിങ്ങളൊരു ഡോക്ടറെ കാണു. നിങ്ങൾക്ക് ക്സിനോഫോബിയ ആണ്'. അയാളുടെ ഇംഗ്ലീഷിന് ഒരു ഉത്തരേന്ത്യൻ ചുവയുണ്ടായിരുന്നു. അതുകൊണ്ടു ഞാൻ ചോദിച്ചു. 'നിങ്ങളെവിടുന്നാണ് വരുന്നത് ?'. പേര് ഹർഷൻ എന്നാണെന്നും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി ഓഫ് ആർട്സിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അയാൾ പറഞ്ഞു. ഗവേഷകൻ എന്ന് കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരാശ്വാസവും അനുകമ്പയും തോന്നി. ഞാനും ഒരു ഗവേഷകയാണെന്നു അയാളോട് പറഞ്ഞു. എന്റെ പേര് വ്യക്തമായി പറഞ്ഞെങ്കിലും അയ്യാൾ പിന്നീട് എന്നെ സൂരജ് എന്നാണ് വിളിച്ചത്.ഒരപരിചിതനോട് അത്രയെങ്കിലും സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ആശ്വാസം തോന്നി. ഒരു സാഹസശ്രമമെന്നോണം പിന്നീട് ഞാൻ ചോദിച്ചു . 'അടുത്ത ഗ്രൗണ്ടിൽ ഒരു പുസ്തകമേള നടക്കുന്നുണ്ട് . നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമാണോ ?'. 'ഞാൻ പുസ്തകങ്ങൾ അധികം വായിക്കാറില്ല. എന്റെ ഗവേഷണവുമായി ബന്ധപ്പെട്ടവ മാത്രം വായിക്കുന്നു. യാത്രകൾ എനിക്കിഷ്ടമാണ് . ഇടയിൽ കണ്ടുമുട്ടുന്ന അപരിചിതരാണ് എന്റെ പുസ്തകങ്ങൾ'. എനിക്ക് അയാളോട് അസൂയ തോന്നി. വായിക്കുന്ന പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തേക്ക് വളരെ പരിമിതമായി മാത്രം അറിവുണ്ടായിരുന്ന ഞാൻ അയാളെ പരോക്ഷമായി കളിയാക്കിക്കൊണ്ടു പറഞ്ഞു. 'എനിക്കറിയാവുന്ന ഭൂരിഭാഗം മനുഷ്യരും വായിക്കാറുള്ളതുകൊണ്ടു ചോദിച്ചതാണ്.' അയാൾ പുച്ഛത്തോടെ തിരിച്ചടിച്ചു ' അക്ഷരം പഠിക്കാൻ ഭാഗ്യമില്ലാത്തവരും ലോകത്തുണ്ട്.' അയാൾ വാരാണസിയിൽ ഇടുങ്ങിയ തെരുവുകളിൽ പൂക്കളും ചന്ദനത്തിരികളും വിൽക്കുന്ന പെണ്കുട്ടികളെപ്പറ്റിയും തോട്ടിപ്പണിക്കാരെപ്പറ്റിയും എന്നോട് സംസാരിച്ചു. എം.ടി യുടെ വാരാണസി എന്ന പുസ്തകത്തിൽ തെരുവുകളെപ്പറ്റി വായിച്ചിട്ടുണ്ടെന്നു ഞാനും വീമ്പിളക്കി. എൻ്റെ മറുപടി കേട്ട് അയാൾ പരിഹാസപൂർവ്വം ചിരിക്കുകയാണ് ചെയ്തത്. അയാളെ പുസ്തകമേളയിലേക്കു ക്ഷണിച്ചതിന് എനിക്ക് എന്നോടുതന്നെ നീരസം തോന്നി.
പുസ്തകങ്ങൾ കണ്ടതും ഞാൻ ആർത്തിയോടെ അകത്തേക്കോടി. ശല്യപ്പെടുത്തണ്ടെന്നു കരുതിയാവണം അയാൾ അകത്തുകയറി മറ്റേതോ മൂലയിലേക്കും നടന്നു. ഞാൻ പലപല വിഭാഗങ്ങളിലായി പുസ്തകങ്ങൾ പരിശോധിച്ചുകൊണ്ടു ചുറ്റി നടന്നു. ക്ലാസ്സിക്കുകൾ എന്നും പ്രിയപ്പെട്ടതാണ്. മിക്കതും വായിച്ചവ തന്നെ. എങ്കിലും അവയോരോന്നും എടുത്ത് ഞാൻ ആദ്യം മണപ്പിക്കുകയും പിന്നീട് മറിച്ചുനോക്കുകയും ചെയ്തു. പുസ്തകങ്ങൾ തിരഞ്ഞെടുക്കുക എന്നത് ചില പുരുഷന്മാർ പെണ്ണ് കാണാൻ പോകുന്നതുപോലെ പ്രയാസപ്പെട്ട ഒരു പണിയാണ്. ഭംഗിയുള്ള പുറംചട്ടയുള്ളവയ്ക്കു ചിലപ്പോൾ കാമ്പുണ്ടാവുകയില്ല. കഴമ്പുള്ളവയ്ക്കു ഭംഗിയുണ്ടാവില്ല. ചിലവ ചില വായാടിപ്പെണ്ണുങ്ങളെപ്പോലെ അനേകം വാക്കുകൾ കുത്തിനിറച്ചവയായിരിക്കുമെങ്കിലും കാര്യമായൊന്നും വായിച്ചെടുക്കാനാവില്ല. തടിച്ചവയും മെലിഞ്ഞവയും ഉണ്ടാകും. രൂപഭംഗിയും കഴമ്പുമുണ്ടെന്നു വിചാരിക്കുന്ന ഒന്നെടുത്താലോ ചിലപ്പോൾ ഒരായുഷ്കാലം മുഴുവനിരുന്നു വായിച്ചാലും മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പലപ്പോഴും നിങ്ങൾക്ക് നിറവും രൂപവും കണ്ട് ആസ്വദിച്ചതിനു ശേഷം മേളക്ക് മുന്നിൽ വിൽക്കുന്ന ചായയും എണ്ണപ്പലഹാരവും കഴിച്ചു തൃപ്തിപ്പെട്ട് തിരിച്ചു പോരേണ്ടതായി വരും. എങ്കിലും അന്നു ഞാൻ ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതിൽ വിജയിച്ചു. വില കേട്ടപ്പോൾ ഒന്ന് സംശയിച്ചുവെങ്കിലും ഞാനതു വാങ്ങിക്കുകതന്നെ ചെയ്തു. അപ്പോൾ വീണ്ടും ഹർഷൻ അരികെയെത്തി പുസ്തകം ഒന്ന് പരിശോധിച്ചു. എന്നിട്ട് ഒരു പേജ് തുറന്ന് വായിച്ചു.

"Bring me a chair in the midst of thunder
A chair for me and for everyone...
Not only to relieve an exhausted body
But for every purpose
and for every person,
for squandered strength and for meditation...
A single chair is the first sign of peace!!"
(Odes to Common Things- Pablo Neruda)

പിന്നീട് അയാൾ എന്നെ ചായ കുടിക്കാൻ ക്ഷണിക്കുകയുണ്ടായി. പുറത്തെ പെട്ടിക്കടയിൽ നിന്നും ചായ കുടിച്ചുകൊണ്ട് നിൽക്കെ ഞാൻ അയാളോട് ചോദിച്ചു. 'നിങ്ങളുടെ ഗവേഷണവിഷയമെന്താണ് ?'
'യുദ്ധങ്ങൾ '. 'നിങ്ങൾ പഠിക്കുന്നത് ചിത്രകലയോ അതോ ചരിത്രമോ ?' അയാളുടെ മറുപടി കേട്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു. 'സൂരജ് , നിങ്ങൾ വായിച്ച പുസ്തകങ്ങളിലൊന്നും യുദ്ധങ്ങൾക്കിടയിൽ പകർത്തിയ ചിത്രങ്ങളെപ്പറ്റി പറഞ്ഞിട്ടില്ലേ ? "മിലിറ്ററി ആർട്" എന്ന ഒരു ശാഖ തന്നെയുണ്ട് ചിത്രകലയിൽ. മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നവ. ഒന്നോർത്താൽ മനുഷ്യൻ ആദ്യമായി വരച്ചത് തന്നെ അതാണ്. വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ ദൈന്യത ഗുഹാന്തരങ്ങളിൽ കോറിയിട്ട് അവൻ ജീവികളുടെ മേലുള്ള തൻ്റെ അധീശത്വം ആദ്യമായി രേഖപ്പെടുത്തി. പിന്നീട് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, സംസ്കൃതികൾ തമ്മിലുള്ള യുദ്ധങ്ങൾ , സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അങ്ങനെയങ്ങനെ കരുത്തർ നിസ്സഹായർക്കുമേൽ നടത്തിയ അധിനിവേശങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളെപ്പറ്റിയാണ് ഞാൻ പഠിക്കുന്നത്. താൻ ജയിച്ച യുദ്ധങ്ങളിലൂടെ അനശ്വരനാകാൻ ഓരോ ഭരണാധികാരികളും മത്സരിച്ചു. എങ്കിലും അവർ വരപ്പിച്ചു വച്ച എല്ലാ ചിത്രങ്ങൾക്കും ഒരു പൊതു സ്വഭാവമുണ്ട്. കൊല്ലുന്നവൻറെ മുഖത്തെ ലഹരിയും ചാവുന്നവന്റെ മുഖത്തെ വെപ്രാളവും എല്ലാ ചിത്രങ്ങളിലും ഒന്ന് തന്നെ.'

"എന്ത് മനുഷ്യനാണ് നിങ്ങൾ! പൂക്കളുടെയും പക്ഷികളുടെയും നീല മലനിരകളുടെയും അപ്സരസ്സുകളെപ്പോലെ സുന്ദരികളായ സ്ത്രീകളുടെയും ചിത്രങ്ങൾ ഭൂമിയിലുള്ളപ്പോൾ നിങ്ങൾ കൊല്ലും കൊലയും നിറഞ്ഞുനിൽക്കുന്ന ചോര ഛർദിക്കുന്ന മനുഷ്യരുടെ ചിത്രങ്ങളെപ്പറ്റി പഠിക്കുന്നു." അയാൾ ചിരിച്ചുകൊണ്ട് എൻ്റെ വിഷയമെന്താണെന്നു ചോദിച്ചു. അത് ചോദിച്ച മാത്രയിൽ എന്നിലെ ഗവേഷണ വിദ്യാർത്ഥി സടകുടഞ്ഞെണീറ്റു. ഞങ്ങൾ ശാസ്ത്ര ഗവേഷകർ അങ്ങനെയാണ്. വിജ്ഞാനപ്രദർശനം നടത്താൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. അങ്ങ് മഹാജ്ഞാനിയായ സോക്രടീസ് മുതൽ ഇങ്ങു കടുകുമണിയേക്കാൾ ചെറുതായ ഞാൻ വരെ അക്കാര്യത്തിൽ വ്യത്യസ്തരാണെന്നു കരുതാൻ വയ്യ. സമുദ്രശാസ്ത്രം വളരെ രസമുള്ള വിഷയമാണെന്നും സമുദ്രവുമായി അഗാധമായ പ്രണയത്തിലാണ് ഞാനെന്നും അയാളോട് തട്ടിവിട്ടു. ഞാൻ പഠിക്കുന്ന സൂക്ഷ്മ സസ്യങ്ങൾ കടലിലുണ്ടാക്കുന്ന നിറവ്യത്യാസങ്ങളെപ്പറ്റിയും അവയെപ്പറ്റി പഠിക്കാൻ ഇടയ്ക്കിടെ നടത്താറുള്ള കപ്പൽ യാത്രകളെപറ്റിയും ഗർവ്വോടെ വാചാലയാകുന്നതിനിടയിൽ ഹർഷൻ പറഞ്ഞു."ഒരു മുക്കുവസ്ത്രീക്കു വൈകിട്ട് അവളുടെ ഭർത്താവിനോട് ചോദിച്ചാൽ അറിയാനാവുന്ന കാര്യങ്ങളെ നിങ്ങൾ പഠിക്കുന്നുള്ളുവല്ലോ ".
കുരച്ചുകൊണ്ടിരിക്കുന്ന കില്ലപ്പട്ടിക്ക് ഏറുകൊണ്ടതുപോലെയായി എൻ്റെ അവസ്ഥ. അതുവരെ കുരച്ചുകൊണ്ടിരുന്ന ഞാൻ ഒറ്റച്ചോദ്യത്തിൽ ചൂളിപ്പോയി.ജാള്യത മറച്ചുവെക്കാൻ ഞാൻ പറഞ്ഞു. "ചോര ഛർദിക്കുന്ന ചിത്രങ്ങളെപ്പറ്റി പഠിക്കുന്നവന്റെ അത്രയും നിസ്സഹായത ഇല്ല". പെട്ടെന്നയാൾ ഒരു രഹസ്യം വെളിപ്പെടുത്തുന്നതുപോലെ എന്നോട് പറഞ്ഞു. "ചിത്രങ്ങൾ മാത്രമല്ല ഈയിടെയായി ഞാനും ഇടയ്ക്കിടെ ചോര ഛർദിക്കുന്നു . അതുകൊണ്ടു പഠനമെല്ലാം നിർത്തി ഇഷ്ടമുള്ള ഊരുതെണ്ടൽ ആരംഭിച്ചിരിക്കുകയാണ്. നിങ്ങളുടെ കയ്യിലെ പുസ്തകം എനിക്കിഷ്ടപ്പെട്ടു."അതുപറഞ്ഞു അയാൾ അതിലെ വരി വീണ്ടും ആവർത്തിച്ചു.
" സിംഗിൾ ചെയർ ഈസ് ദി ഫസ്റ്റ് സൈൻ ഓഫ് പീസ് " . പോരാടിയവരൊക്കെ പരസ്പരം ഒരു കസേര കൊടുത്തിരുന്നെങ്കിൽ യുദ്ധങ്ങളുണ്ടാകുമായിരുന്നില്ല. പകലന്തിയോളം ജീവിതത്തോട് മല്ലിട്ടുവന്നവന് നിങ്ങൾ ഒരു കസേര കൊടുത്തുനോക്കൂ ..അയാളുടെ നിർവൃതി നിങ്ങളെ അത്ഭുതപ്പെടുത്തും.
സമയം വൈകിയിരുന്നു. അയാളോട് യാത്ര പറയവേ വെറുതെ പറഞ്ഞു. ഞാനീ പുസ്തകമൊന്നു വായിക്കട്ടെ . ഇനി കണ്ടുമുട്ടുമ്പോൾ നിങ്ങൾക്ക് തരാം. '' ഇനി നമ്മൾ കണ്ടുമുട്ടാൻ നൂറുശതമാനവും സാധ്യത ഇല്ല. എന്നെങ്കിലും പുസ്തകം നഷ്ടമായാൽ ഞാൻ മരിച്ചിട്ടുണ്ടാകുമെന്നു നിങ്ങൾ കരുതിക്കോളൂ ". ഒരു ഞെട്ടലോടെ പുസ്തകം തിരിച്ചു നീട്ടിയപ്പോഴേക്കും ''നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട് സൂരജ് " എന്നും പറഞ്ഞു അയാൾ തിരിച്ചു നടന്നു കഴിഞ്ഞിരുന്നു.

ഞാൻ ഹർഷനെപ്പോലെ ഊരുതെണ്ടിയല്ല. എങ്കിലും എന്തുകൊണ്ടോ ഇടയ്ക്കിടെ എനിക്കും താമസസ്ഥലങ്ങൾ മാറേണ്ടതായി വരുന്നു. അങ്ങനെയെപ്പോഴോ ഒരിക്കൽ എനിക്കാ പുസ്തകം നഷ്ടമായി. എന്നാൽ അത് നഷ്ടപ്പെട്ടപ്പോൾ ഞാനയാളെ ഓർത്തതേയില്ല. ഒന്നുരണ്ടു വർഷങ്ങൾക്കുമുൻപ് നടത്തിയ ഒരു വാരണാസി യാത്രയിൽപ്പോലും അയാളെപ്പറ്റി ഞാൻ ഓർത്തില്ല. എന്നാൽ യുദ്ധത്തെയും സമാധാനത്തെയും പറ്റി നിരന്തരം വാർത്താചാനലുകൾ ചിലച്ചുകൊണ്ടിരിക്കുന്ന വേളയിൽ ഇടയ്ക്കിടെ ചോര ഛർദിക്കുന്ന, കൂട്ടക്കുരുതികളുടെ ചിത്രങ്ങളെപ്പറ്റി പഠിക്കുന്ന ഹർഷനെ എന്തുകൊണ്ടോ ഞാൻ ഓർത്തുപോയി. എന്റേതെന്നു ഞാൻ കരുതിയ പുസ്തകം കാണാതായ നാളുകളിലെന്നോ ഗംഗയുടെ ഘാട്ടുകളിലെവിടെയെങ്കിലും കിടന്ന് അയാൾ മരിച്ചു കാണണം. എങ്കിലും മഞ്ഞുവീണ താഴ്വരകളിൽ ഒലിച്ചിറങ്ങുന്ന ചുവപ്പിൽ ബ്രഷ് മുക്കി ജടകെട്ടിയ മുടിയുമായി ഹർഷൻ എൻ്റെ സങ്കൽപ്പത്തിന്റെ ക്യാൻവാസിൽ ഇങ്ങനെയെഴുതുന്നു.
" A single chair is the first sign of peace"


25 comments:

  1. ഒഴുകുന്ന വാക്കുകൾ. തുടരുക...

    ReplyDelete
    Replies
    1. നന്ദി. എഴുത്തുമുറിയിൽ ഇനിയും കഥകൾ പിറക്കുമെന്നു പ്രതീക്ഷിക്കാം..

      Delete
  2. ഒരു ആർട്ടിസ്റ്റിക് ആയ കഥ ... ക്ലാസിക്ക് നോവലുകളിൽ സംസാരിച്ചു പോകുന്ന ഭാഷാ ശൈലി.. അഗാധമായ ജ്ഞാനം ഉള്ളിൽ കൊണ്ട് നടന്ന് കഥപറയുന്നു.. വാക്കുകൾക്ക് ഗാഢത കൂടുതലാണ്.. ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. പ്രോത്സാഹനങ്ങൾക്കു നന്ദി.

      Delete
  3. ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  4. Good one

    A chair in the open place on a sunny day may not be a sign of peace. I prefer shade of a tree more than a chair.

    ReplyDelete
  5. ലളിത തന്തുവിലൊരു ഘനമുള്ള വിഷയം
    സമകാലീനശൈലിയിലിച്ചോദ്യ മെന്നും പ്രസക്തം
    നഗരസൗധത്തിൽ നിലനാലിൽ നിന്നാകിലും
    ഉന്നതം തന്നെയീ തെളിവാർന്ന വീക്ഷണം

    ഉചിതമാം ഭാഷയും സരസമുപകളും കഥാ
    ചാതുരിയും ചേർന്നിതൊരുൾ കാമ്പുള്ള കൃതിയായ് സുഹൃത്തെ
    ഉണരാട്ടെയിടവേളകളിനിയും നിൻ കഥാമുറി
    തിരയട്ടെ നിൻ നവ സൃഷ്ടികൾക്കെന്നും സഹൃദയർ

    ReplyDelete
    Replies
    1. ഇങ്ങക്ക് ബ്ലോഗ് ഉണ്ടെങ്കിൽ ലിങ്ക് അയക്കുക..

      Delete
  6. വളരെ മികച്ച രീതിയിൽ പറഞ്ഞിരിക്കുന്നു...

    ReplyDelete
  7. എത്ര മനോഹരമായ ആഖ്യാനം.ഇഷ്ടം.ആനന്ദ്‌ അയച്ച്‌ തന്ന ലിങ്കിൽ കയറിയത്‌ വെറുതെ ആയില്ല.

    ReplyDelete
  8. മനോഹരമായ കഥ... ഹൃദയത്തിൽ ഹർഷനും അയാളുടെ ചുവന്ന ബ്രഷും ബാക്കിയാകുന്നു

    ReplyDelete
  9. 2020ൽ വായിച്ച ആദ്യ ക്ലാസ് സംഭവം എന്ന് ഇതിനെ ഞാൻ വിളിക്കും. അനുപമമായ ഒഴുക്ക്. അനുരൂപമായ ഭാവം. നന്ദി, ഇങ്ങനെയൊന്ന് എഴുതി സമ്മാനിച്ചതിന്. ആശംസകൾ.

    ReplyDelete
  10. ഞാനിത് മുൻപേ വായിച്ചു comment ഇട്ടിരുന്നു. സ്വന്തം പേരിൽ തന്നെ. അത്രക്കും ഇഷ്ടമായിരുന്നു വായിച്ചപ്പോൾ. വീണ്ടും വായിച്ചു. മനോഹരം. ഒരു ചെറുകഥയുടെ ചാരുതയുള്ള അവതരണം.

    ReplyDelete
  11. ഗർവ്വുകാരിയും ഫിലോസഫിയുള്ള ചിത്രകാരനും നല്ല ഇമേജുകളാണ്. അതുപോലെത്തന്നെ എഴുത്തിന്റെ വശ്യതയും. വായിപ്പിയ്ക്കും.

    ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ഒരു മുക്കുവസ്ത്രീക്കു വൈകിട്ട് അവളുടെ ഭർത്താവിനോട് ചോദിച്ചാൽ അറിയാനാവുന്ന കാര്യങ്ങളെ നിങ്ങൾ പഠിക്കുന്നുള്ളുവല്ലോ ".

    സൂര്യ ഒരുപാട് ഉണ്ട് ഇതിലെ സന്ദർഭങ്ങൾ എടുത്തു പറയാവുന്നവ..
    എന്നാലും ഈ വരികളെ ഞാൻ എടുത്തത്..
    സൂര്യയുടെ എഴുത്തിന്റെ വലിപ്പത്തേക്കാൾ മനസിന്റെ വലിപ്പം കണ്ടതു കൊണ്ടാണ്.
    അങ്ങനെ ഉള്ള ഒരാൾക്കെ ഇങ്ങനെ ഒരു വരി എഴുതിവെയ്ക്കാൻ കഴിയൂ..
    ഹർഷനെക്കാളും സൂരജിന്റെ മനോവ്യാപരങ്ങളുടെ വിഭ്രമാത്മക വൈരുദ്ധ്യം അസാധ്യമായി ആസ്വദിച്ചു

    ReplyDelete
    Replies
    1. നാം എത്ര നിസ്സാരരാണ് വിജുച്ചേട്ടാ ! ഓരോ മനുഷ്യരും അവന്റെ നിസ്സഹായതയെ തോൽപ്പിക്കാൻ എന്തെന്ത് പരാക്രമങ്ങളാണ് കാണിക്കുന്നത് എന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ട്. 'ഞാൻ' എന്ന പുറം ചട്ട അഴിച്ചു വച്ചാൽ നാമോരോരുത്തരും ഇപ്പോൾ പിറന്നു വീണ ശിശുവിനേക്കാൾ നിസ്സഹായർ... മനസ്സിന്റെ വിശാലതയല്ല, ആ തിരിച്ചറിവാണ് എന്നെക്കൊണ്ടിതു പറയിപ്പിച്ചത്. ഞാൻ പലപ്പോഴും സ്വാർത്ഥയും ദുർമോഹിയും അഹങ്കാരിയുമാണ് കേട്ടോ 😃😃

      Delete