അന്ന് ഫാദേഴ്‌സ് ഡേ ആയിരുന്നു. ടീച്ചർ കുട്ടിയോട് അച്ഛനെ സ്നേഹിക്കണമെന്നു പറഞ്ഞു. കുട്ടിക്ക് സ്നേഹിക്കണ്ടതെങ്ങിനെയെന്നു വല്യ പിടിപാടുണ്ടായിരുന്നില്ല. കളിപ്പാട്ടങ്ങൾക്കും കുഞ്ഞുടുപ്പുകൾക്കും പകരം ചിരിയും ഉമ്മയും കൊടുത്തുകൊണ്ട് അവൻ അച്ഛനെയും അമ്മയെയും സ്നേഹിച്ചു . അവർ തിരിച്ചു തോളിൽത്തട്ടി നല്ലകുട്ടി എന്നഭിനന്ദിച്ചു . ഉമ്മകൾ തിരിച്ചുകിട്ടാത്തതെന്തുകൊണ്ടെന്ന് അവനൊട്ടും മനസ്സിലായതേ ഇല്ല . എന്നാൽ സ്നേഹിക്കാൻ ഇന്ന് ടീച്ചർ ഒരുപായം പറഞ്ഞുതന്നിട്ടുണ്ട് . സ്കൂൾ വിട്ടു വീട്ടിലെത്തിയതും കുട്ടി വെളുത്തു മിനുത്തൊരു കടലാസ് തിരഞ്ഞു . അമ്മ ഉണ്ടാക്കിവെച്ച ഇഷ്ടപ്പെട്ട മൊരിഞ്ഞ ദോശ രുചിക്കും മുൻപേ അവൻ വെളുത്ത കടലാസിൽ കൊമ്പൻ മീശക്കാരൻ അച്ഛനെ വരച്ചു . അച്ഛനുനേരെ ചുവന്ന ഹൃദയങ്ങൾ എറിഞ്ഞുകൊടുക്കുന്ന ചിരിക്കുന്ന അവനെയും വരച്ചു. പിന്നിൽ അവൻ്റെ ഇഷ്ടപ്പെട്ട നീലയും മഞ്ഞയും ക്രയോൺ നിറങ്ങൾകൊണ്ട് ആകാശവും നക്ഷത്രങ്ങളും വരച്ചു . അടിയിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ കുട്ടി ടീച്ചർ പറഞ്ഞതുപോലെ എഴുതി: " ഹാപ്പി ഫാദേഴ്‌സ് ഡേ !! ലവ് യു ഡാഡ് ".
ഫാദേഴ്‌സ് ഡേ അച്ഛന്മാർക്കു കുട്ടികളും കുട്ടികൾക്ക് അച്ഛൻമാരും ഉമ്മകൾ കൊടുക്കുന്ന ദിവസമാണ് . മൊരിഞ്ഞ ദോശയുടെ എണ്ണ ചിത്രത്തിൻറെ അരികിൽ അൽപ്പം പറ്റിയതിന് അവൻ അമ്മയോട് വഴക്കിട്ടു . രാത്രി വൈകുന്നതുവരെ ഉറക്കം തൂങ്ങുന്നുവെങ്കിലും ഹൃദയമിടിപ്പോടെ അവൻ കാത്തിരുന്നു . കുട്ടിക്ക് സമയം നോക്കാൻ അറിയുമായിരുന്നില്ല . പാവം അച്ഛൻ ഇപ്പോഴും ജോലി ചെയ്യുകയാവും !
വളരെ വൈകി കോളിംഗ് ബെൽ മുഴങ്ങിയതും കുട്ടി പതിയെ അമ്മക്ക് പിന്നിലേക്കു നീങ്ങി. അച്ഛനും അച്ഛന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു . അവനു മനസ്സിലാകാത്ത എന്തൊക്കെയോ അവർ ചർച്ച ചെയ്യുന്നു . ഭക്ഷണം വിളമ്പാൻ അടുക്കളയിലേക്ക് അമ്മ പോയപ്പോൾ അവൻ പതുക്കെ അച്ഛനരികിൽച്ചെന്നു തൻ്റെ സമ്മാനം നീട്ടി . കിട്ടാൻ പോകുന്ന ഉമ്മകളുടെ മധുരമോർത്ത് അവൻ്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുകയും കൈകൾ പതുക്കെ വിറക്കുകയും ചെയ്തു .
അച്ഛൻ ചിത്രത്തിൽ സൂക്ഷിച്ചു നോക്കി സുഹൃത്തിനോട് പറഞ്ഞു 'ഓ ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലേ !'. പിന്നീട് കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു " കുട്ടാ നീ എന്നാണ് സ്പെല്ലിങ് തെറ്റാതെ എഴുതാൻ പഠിക്കുക ? നോക്കൂ നീ ഫാദറിന്റെ സ്പെല്ലിങ് തെറ്റിച്ചിരിക്കുന്നു ". കുഞ്ഞു ഹൃദയം വീണ്ടും സാവധാനത്തിലായി . പേപ്പർ തിരികെ വാങ്ങി തലകുനിച്ചുകൊണ്ട് അവൻ കട്ടിലിനരികിലേക്കു നടന്നു . അന്നു രാത്രി ഉറക്കത്തിൽ മൂത്രമൊഴിച്ചു ഞെട്ടിയുണർന്നപ്പോൾ അവൻ പിച്ചും പേയും പറഞ്ഞു "അമ്മേ , പാവം അച്ഛൻ. ഇനിയെന്നാണ് അടുത്ത ഫാദേഴ്‌സ് ഡേ ? ഞാൻ സ്പെല്ലിങ് തെറ്റിക്കില്ല, സത്യം !!"