ദ്വീപുകളുണ്ടാകുന്നത്....

ദ്വീപുകളുണ്ടാകുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ ? ദശലക്ഷക്കണക്കിനു വർഷങ്ങളായി ആഴിപ്പരപ്പിനടിയിൽ മയക്കത്തിലാണ്ടിരിക്കുന്ന ഏതോ ഭൂഖണ്ഡപാർശ്വങ്ങൾ ഒരു വെളിപാടുണ്ടായതുപോലെ തമ്മിലുരസുന്നു. അപ്പോൾ സകലതും ദഹിക്കുന്ന ചൂടിൽ ശിലാഫലകങ്ങളും ലോഹങ്ങളും ഉരുകിയൊലിക്കുന്ന അഗ്നിപർവ്വതങ്ങൾ രൂപംകൊള്ളുന്നു . കാലാന്തരത്തിൽ അവ വളരെപ്പതുക്കെ തീയും പുകയുമൊടുങ്ങി ഉപരിതലം തണുത്തുറഞ്ഞ പർവ്വതങ്ങളായി രൂപാന്തരം പ്രാപിച്ചു സമുദ്രത്തിനു മുകളിലേക്ക് ഉയർന്നു വരുന്നു.

ദ്വീപുകൾ രണ്ടുതരമുണ്ട് . വൻകരകളോടടുത്തു നിൽക്കുന്നവയും അഗാധസമുദ്രത്തിൽ രൂപംകൊള്ളുന്നവയും . വൻകരകളോടടുത്തു നിൽക്കുന്നവയിൽ വേഗത്തിൽ ജീവൻറെ തുടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു. അതിജീവനസമരങ്ങൾക്കിടയിൽ വീർപ്പുമുട്ടി പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ജീവജാലങ്ങൾ വന്കരകൾക്കടുത്തു രൂപംകൊണ്ട ദ്വീപുകളിലേക്കു വളരെ വേഗം എത്തിച്ചേരുകയും പെറ്റുപെരുകുകയും ചെയ്യും . അങ്ങനെയാ പച്ചത്തുരുത്തുകൾ ശബ്ദമുഖരിതമാകും. വസന്തങ്ങളും ഗ്രീഷ്മങ്ങളും മാറിമാറി അവയെ ആശ്ലേഷിക്കും . കൗതുകം പൂണ്ട ഏതൊരു യാത്രികനും ഒരു ചെറു കപ്പലിൽ കയറി അവിടെയെത്താം . പകലന്തിയോളം അവിടുത്തെ പഞ്ചാരമണൽത്തിട്ടിൽ അലഞ്ഞു നടക്കാം. സന്ദർശിച്ചു തിരിച്ചു പോരുകയോ അവിടെ തങ്ങുകയോ ആകാം .

എന്നാൽ അഗാധ സമുദ്രത്തിൽ പിറവിയെടുക്കുന്ന ദ്വീപുകൾ അങ്ങിനെയല്ല. അവ ലക്ഷോപലക്ഷം വർഷങ്ങൾകൊണ്ട് രൂപമെടുക്കുന്നു . അനേകം പരിണാമങ്ങളിലൂടെ കടന്നുപോകുന്നു. ശാന്തമായ ഉപരിതലത്തിനുള്ളിൽ പുകയുന്ന അഗ്നിപർവ്വതങ്ങളെ പേറുന്നു . അവയിലേക്ക് ജീവൻ്റെ നാമ്പുകളെത്തിച്ചേരാൻ എളുപ്പമല്ല . വന്കരകളിൽനിന്നു വന്കരകളിലേക്കു സഞ്ചരിക്കുന്ന ഏതോ ദേശാടനപ്പക്ഷി അതിൻ്റെ വിസർജ്യത്തിലുപേക്ഷിച്ചുപോയ ഒരു വിത്ത് മുളപൊട്ടിയാലായി . ഏതോ കപ്പൽഛേദത്തിൻ്റെ അവശിഷ്ടങ്ങൾക്കുമീതെ മരണത്തിൻ്റെ വെളുമ്പിൽ അള്ളിപ്പിടിച്ചു വരുന്ന ഒരു ജീവി എത്തിപ്പെട്ടാലായി. പരിണാമ ദിശയുടെ ആരംഭകാലത്തെന്നോ ദ്വീപിൽ ചേക്കേറിയ ഒരു പല്ലി കാലത്തെ അതിജീവിക്കുന്നതിൽ വിജയിച്ചാലായി. അത്തരം ദ്വീപുകളിൽ നിശബ്ദത ഉറഞ്ഞുകിടക്കുന്നു. പഞ്ചാര മണൽത്തിട്ടകളെക്കാൾക്കൂടുതൽ , തിരമാലകൾ ആർത്തലയ്ക്കുന്ന , മുനയുള്ള പാറക്കെട്ടുകളാവും അവയ്ക്കു ചുറ്റും . വെള്ളിടി വെട്ടുന്ന ഭീകര രാവുകളും ഇരമ്പുന്ന ചുഴലിക്കാറ്റുകളും നിത്യേനയെന്നോണം ഉണ്ടാകും . ദ്വീപ്, സഹസ്രാബ്ധങ്ങളായി തന്നെത്തേടിവരുന്ന ഒരു യാത്രികനുവേണ്ടി - അയാൾ ഒരു സഞ്ചാരിയോ , നാവികനോ , കടൽക്കൊള്ളക്കാരനോ , മന്ത്രവാദിയോ  ആരുമായിക്കൊള്ളട്ടെ - ഒരു മനുഷ്യസ്പർശത്തിനുവേണ്ടി  കാത്തുകിടക്കുന്നു . കാലം ഉറഞ്ഞുകൂടിക്കിടക്കുന്ന ഒരു തമോഗർത്തം പോലെ .

ഇനിപ്പറയൂ ഇതിലേതു ദ്വീപാണ് ''നിങ്ങൾ "?

8 comments:

 1. കിടിലൻ... ഒന്നു ചിന്തിപ്പിക്കുന്ന ചോദ്യം.... ഇനിയും എഴുതൂ... സൂര്യതേജസ്സെന്നോണം... ആശംസകൾ...

  ReplyDelete
 2. ഞാൻ അന്ന് പറഞ്ഞല്ലോ.. നിങ്ങളുടെ വാക്കുകൾക്ക് ആഴത്തിലുള്ള അർത്ഥ തലങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവുണ്ട്. ഒന്ന് ചികഞ്ഞു നോക്കിയാൽ അർത്ഥഗർഭമായി നിൽക്കുന്നത് കാണാം...

  ഞാൻ ഇതിലേത് ദ്വീപിലാണെന്നു നിസ്സംശയം ഉത്തരം തരാമെന്നു ആദ്യ മാത്രയിൽ പറയാം. എന്നാൽ അതിൽ ചിന്തിക്കേണ്ട അനേകം വസ്തുക്കൾ ഉണ്ടാകും. അങ്ങനെയെങ്കിൽ എനിക്ക് നിസ്സംശയം പറയാനാകില്ല എന്നു വേണം കരുതാൻ...

  നല്ല വാക്കുകൾ...

  ഒരു ഉപദേശം.. പറ്റുമെങ്കിൽ ഒരു follow Button വെക്കുക. എഴുതുന്നത് അങ്ങനെ എങ്കിലും അറിയാലോ..

  ReplyDelete
 3. ഞങ്ങൾ ജിന്നുകൾ ദ്വീപുകളിലൊന്നും അനാവശ്യമായി പോകാറില്ല. ഇനി പോകാണെങ്കിൽ നല്ല മനുഷ്യർ ഉള്ളിടത്ത് പോകും. ആദ്യം പറഞ്ഞ ദ്വീപിൽ പോകുവാനാണ് എനിക്കിഷ്ടം. അവിടെ നിങ്ങൾ മനുഷ്യരുണ്ട്, ജീവ ജാലങ്ങളുണ്ട് ജിന്നുകളുണ്ട്.

  നന്നായി എഴുതി. ആശംസകൾ

  ReplyDelete
 4. ആനന്ദ് അയച്ചു തന്നിട്ട് ഞാനിതു മുൻപേ വായിച്ചിരുന്നു. ചിന്തകളുടെ ആഴം അത്ഭുതപ്പെടുത്തുന്നു. Hats off സൂര്യ ☺️❤️

  ReplyDelete
 5. 🥰🥰നന്ദി സഹോ

  ReplyDelete
 6. ഒരു കഥ പറഞ്ഞ് വായനക്കാരനെ ഒരുക്കി ലാക്കരുത്. ഏകാന്തതയുടെ ദീപുകൾ എനിക്കിഷ്ടമല്ല. പച്ചപ്പുള സസ്യജന്തുജാലങ്ങളുളളവയാണ് എനിക്കിഷ്ടം കാരണം ഞാനൊരു തിരമാലയാണ്.

  ReplyDelete
 7. നന്നായിട്ടുണ്ട് സൂര്യാ.. ചിലപ്പോഴൊക്കെ കാത്തിരുന്നു വരുന്ന സ്പർശങ്ങൾ വേദനിപ്പിച്ചാലോ.. അത് കൊണ്ട് ആരും വരാത്ത ആരും എത്തി നോക്കാൻ തോന്നാത്ത ദ്വീപ് ആയിരിക്കട്ടെ ഞാൻ.

  ReplyDelete
 8. ഞാനും അതായിരിക്കുമെന്ന് തോന്നുന്നു ചേച്ചി 🥰🥰

  ReplyDelete