ദിവ്യവെളിച്ചത്തിൻ്റെ ജാലകം


ഞാൻ ചേക്കേറിയ ഓരോ നഗരത്തിലും എനിക്കു സ്വന്തമായി ഒരു ജാലകമുണ്ടായിരുന്നു . വിരസമായ കലപിലകളുടെ കിതപ്പാറ്റാൻ  ഓരോ നീണ്ട ദിവസത്തിൻറെയും അന്ത്യത്തിൽ ഒരു കപ്പു കാപ്പിയുമായി ഞാനാ ജാലകം തുറന്നിടും . സത്യത്തിൽ അതെൻ്റെ ആത്മാവിൻറെ ജാലകമാണ് . ഓരോ ദിവസത്തിനുമവസാനം ധ്യാനനിമഗ്നയായി ജനാലക്കൽ നിൽക്കുമ്പോൾ, കടിഞ്ഞാണില്ലാത്ത ചിന്തകൾ ഉമിനീരിറ്റിച്ചു കെട്ടിയ മാറാലയിൽ കുരുങ്ങിപ്പോയ എൻ്റെ ആത്മാവിലേക്ക് ഒരു ദിവ്യവെളിച്ചം കടന്നുവരുന്നു. അതിൻ്റെ  ശാന്തഗംഭീരമായ മൗനം എന്നെ ആശ്ലേഷിക്കുന്നു . ഇപ്പോഴും എഴുത്തുമുറിയിൽ ഞാനെൻ്റെ ജനാലക്കലാണ് ഇരിക്കുന്നത് . അങ്ങ് തൂവൽക്കെട്ടുപോലെ വെള്ളിമേഘങ്ങൾ പാറിനടക്കുന്ന ആകാശക്കീറ്എന്റേതാണ് . അല്പസമയം കഴിഞ്ഞാൽ അവയ്ക്കു പിന്നിലേക്ക് ചുവന്നു തുടുത്ത സൂര്യൻ ഓടിമറയുകയും അവനെ ഒരുപറ്റം നീർക്കാക്കകൾ പിൻതുടരുകയും ചെയ്യും. അകലെ കോൺക്രീറ്റുകാടുകൾക്കപ്പുറത്തുള്ള പച്ചത്തുരുത്തിനുമുകളിലായി കടന്നു പോകുന്ന വൈദ്യുതക്കമ്പിയിൽ ഒരുപറ്റം നാട്ടുവേലിത്തത്തകൾ നിരന്നിരിക്കുന്നുണ്ട് . ഇടയ്ക്കിടെ അവയിലോരൊന്ന് വായുവിലേക്ക് കൂപ്പുകുത്തുകയും അരണ്ട വെളിച്ചത്തിൽ ആയുസ്സൊടുങ്ങാറായ ഏതോ പ്രാണിയെ നിമിഷനേരംകൊണ്ട് കൊക്കിലൊതുക്കുകയും ചെയ്യുന്നു . താഴേക്കുനോക്കുമ്പോൾ താരതമ്യേന തെളിഞ്ഞവെള്ളമൊഴുകുന്ന ഓടയിൽ വെളുത്ത കൊറ്റി ഒരു ചെറു തവളയേയോ ഒച്ചിനെയോ കിട്ടുമെന്നാശിച്ച്  ഇപ്പോഴും തപസ്സിലാണ് .ഇടുങ്ങിയ റോഡിലൂടെ പോകുന്ന വണ്ടികൾക്കെല്ലാം വേഗം കൂടുതലാണെന്നു തോന്നും . അവയെല്ലാം വീടുകളിലേക്ക് തിടുക്കത്തിൽ മടങ്ങുന്ന മനുഷ്യരെ വഹിക്കുന്നു . അവനവൻ്റെ സ്വകാര്യതയുടെ അടുപ്പിൽ വേവുന്ന മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഉപ്പും മധുരവും കലർന്ന അത്താഴമാസ്വദിക്കാനുള്ള വെമ്പലിൽ ഓരോ മനുഷ്യനും സന്ധ്യകളിൽ തൻ്റെ വീട്ടിലേക്ക് അക്ഷമനായി പിൻവാങ്ങുന്നു .
എങ്കിലും എൻ്റെ കെട്ടിടത്തിന്റെ മതിൽക്കെട്ടിനപ്പുറത്ത്  എല്ലാ വൈകുന്നേരങ്ങളിലും അഴുക്കും വിയർപ്പും പുരണ്ട വസ്ത്രങ്ങളുമായി നിശ്ചലനായി നിൽക്കുന്ന ഒരു വൃദ്ധനുണ്ട് . എന്നെപ്പോലെ തന്നെ ചിതറിക്കിടക്കുന്ന മൗനങ്ങളാവഹിച്ച് മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ വൈകുന്നേരങ്ങളിൽ അയാൾ  അവിടെ നിൽക്കും . അയാളുടെ മനസ്സും എന്നെപ്പോലെ ഉറക്കത്തിലേക്കും ഉണർവിലേക്കും മാറിമാറി സഞ്ചരിക്കുന്നുണ്ടാവാം . വിയർപ്പിൻ്റെ മണം പിടിച്ചെത്തുന്ന തെരുവുനായ്ക്കളെ ഓടിക്കാൻ അയാൾ കയ്യിലൊരു വടി കരുതിയിട്ടുണ്ട് . അബോധാവസ്ഥയിലേക്കു നീങ്ങുമ്പോൾ അയാളാ വടി എങ്ങോട്ടെന്നില്ലാതെ  ചുഴറ്റുന്നു . അയാളും ഞാനും പലപ്പോഴായി പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കാറുണ്ട് . ഭ്രാന്തൻ സങ്കൽപ്പങ്ങൾ ഈ ജാലകത്തിലൂടെ കണ്ണുകളിൽനിന്നു കണ്ണുകളിലേക്കു രഹസ്യമായി ഞങ്ങൾ കൈമാറുന്നു. ഇരുട്ട് പരക്കുമ്പോൾ അയാൾ അടുത്ത കടത്തിണ്ണയിൽ ചേക്കേറും. അയാളുടെ അത്താഴം എവിടുന്നാണെന്ന് എനിക്കറിയില്ല .എനിക്ക് എന്നും മേശമേൽ വിളമ്പിവെക്കാറുള്ള സമൃദ്ധമായ അത്താഴം എൻ്റെ വയർ നിറക്കുന്നതുമില്ല . അയാൾ കടത്തിണ്ണയിൽ കിടന്നു ഒരിക്കൽ അത്താഴം തന്നിരുന്ന തന്റെ വീട് എവിടെയാണെന്ന് ഓർത്തെടുക്കാൻ നിരന്തരം പരിശ്രമിക്കുമ്പോൾ ആസക്തിയുടെയും , ആകുലതകളുടെയും മോഹഭംഗങ്ങളുടെയും മാത്രം കയ്പു നിറഞ്ഞ അത്താഴം വിളമ്പിയിരുന്ന, എന്റെ വീടിനെ നിഷ്കരുണം മറവിയിലേക്കു തള്ളാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്നു . അയാളും ഞാനും എതിർദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു ചിന്തകളുടെ കണികകളാണ് . എങ്കിലും ഈ ജാലകത്തിലൂടെ വരുന്ന ദിവ്യവെളിച്ചത്തിൽ ഞാൻ അയാളിലും അയാൾ എന്നിലും പ്രതിഫലിക്കുന്നു .
ഇന്ന് ഞാനയാളെ കണ്ടില്ല .തൻ്റെ വീട് എവിടെയാണെന്ന് അയാൾക്ക് വെളിപാടുണ്ടായിരിക്കുമോ ? എന്തുതന്നെയായാലും എന്റെ വീട് പൂർണമായും ജീർണിച്ചു മറവിയിലാണ്ടു കഴിഞ്ഞിട്ടില്ല .  അതുണ്ടാവുന്നതുവരെ ആത്മാവിലേക്ക് വെളിച്ചം ആവാഹിച്ചു  ഞാനീ ജനാലക്കൽ എല്ലാ വൈകുന്നേരങ്ങളിലും ധ്യാനിക്കുകതന്നെ ചെയ്യും .  ദിവ്യവെളിച്ചമേറ്റു പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി സല്ലപിക്കാൻ  ഇഷ്ടമാണെങ്കിൽ നിങ്ങൾക്കും സ്വാഗതം .

3 comments:

 1. ഞാൻ എന്റെ ആത്മാവിന്റെ സൃഷ്ടിയെ തേടി നടക്കാൻ തുടങ്ങിയിട്ട് കാലമൊരുപാടായി.. ദുഷ്കരമായ ആ വഴിയിൽ
  ചിലയിടങ്ങൾ പ്രകാശ പൂരിതമായി നിൽക്കുന്നത് കാണാം... അവയെല്ലാം എന്റെ ജനാലാക്കരികിൽ നിന്നും സൂര്യ താപമേറ്റ് തിളങ്ങിയതാണ്.. ഒടുവിൽ യഥാർഥ സൃഷ്ടിയിലേക്ക് എന്നെ അത് നടത്തി കൊണ്ടുപോകുമെന്ന വിശ്വാസവുമുണ്ട്.


  മാനസിക അവസ്ഥാന്തരങ്ങളെ വിസ്തരിച്ചു പറയാതെ കാച്ചി കുറുക്കി പറഞ്ഞത് മനോഹരമായിട്ടുണ്ട്. സാമൂഹിക ചുറ്റുപാട് ആണ് മാനസിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത്..
  നല്ല എഴുത്ത്..

  ReplyDelete
 2. പ്രപഞ്ച രഹസ്യം തേടിയുള്ള യാത്ര തുടരട്ടെ

  ReplyDelete
 3. "കടിഞ്ഞാണില്ലാത്ത ചിന്തകൾ ഉമിനീരിറ്റിച്ചു കെട്ടിയ മാറാലയിൽ..." ഈ ഒരു വരി അത് നേരെ അങ്ങ് ഹൃദയത്തിൽ പതിഞ്ഞു സൂര്യാ...

  ReplyDelete