മണികർണികയിൽ നിന്നും പുറത്തുകടന്ന് വീണ്ടും ഞങ്ങൾ കാറിൽ കയറി. ദശാശ്വമേധ ഘാട്ടിലേക്കു പോകും വഴി സന്തോഷ് ചില തുണിക്കടകൾ കാണിച്ചു തരാൻ തുടങ്ങി . എൻ്റെ സാരി വാങ്ങലിൻ്റെ കാര്യം അയാൾ മറന്നിട്ടില്ലെന്നു മനസ്സിലായി . ഇന്നാട്ടിലുള്ളതുപോലെ അലങ്കാര ദീപങ്ങളുള്ള ആധുനികതയുടെ എടുപ്പോടെ നിൽക്കുന്ന കെട്ടിടങ്ങളല്ല അവ . മിക്കതിനും വളരെ ചെറിയ ഇടുങ്ങിയ ഒരു വാതിൽ . വാതിലിനു മുകളിൽ ചുവരിൽ പെയിൻ്റിൽ മുക്കി ബ്രഷ് കൊണ്ട് നീലയോ ചുവപ്പോ നിറത്തിൽ എഴുതിയിട്ടുണ്ട് . ചിലപ്പോൾ ചില സ്വസ്തികാ ചിഹ്നമോ ത്രിശൂലമോ കൂടെ വരച്ചു വച്ചിരിക്കും . കുറച്ചുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ സന്തോഷ് കാർ നിർത്തിയിറങ്ങി . പിൻവാതിലിലെ പകുതി താഴ്ത്തിവച്ച ചില്ലിലൂടെ അകത്തേക്ക് തലയിട്ട് അയാൾ പറഞ്ഞു . ''ആയിയെ മാഡംജി , സാടി ദെഖേംഗേ ഹം " അപ്പോഴാണ് ഞാൻ അയാളുടെ മുഖം ശരിക്ക് ശ്രദ്ധിക്കുന്നത് തന്നെ . ചെമ്പൻ നിറം കലർന്ന കോലൻ മുടി വശത്തേക്ക് ചരിച്ചു ചീകി വച്ചിട്ടുണ്ട് . മുഖത്തിന് ഉണങ്ങിയ ഗോതമ്പിൻ്റെതുപോലെ ഒരുതരം തവിട്ടു നിറം . പതിഞ്ഞ മൂക്കും പൊടിമീശയും മുറുക്കാൻ കറ പുരണ്ട പല്ലും . കഴുത്തിൽ ഒരു ഒറ്റ രുദ്രാക്ഷം കറുത്ത ചരടിൽ കോർത്ത് കെട്ടിയിട്ടുണ്ട് .
ഞാൻ അയാളുടെ കണ്ണുകളിലേക്കു നോക്കി . കണ്ണുകൾ ഇടുങ്ങിയതാണ് . കൃഷ്ണമണികൾക്ക് കരയാമ്പൂവിൻ്റെ ഇരുണ്ട നിറം . കണ്ണ് മനസ്സിൻ്റെ കണ്ണാടി എന്നാണ് . ഇത്രയും നേരം അയാൾ വളരെ സൗമ്യനും വിനീത വിധേയനുമായിരുന്നു. എന്നുവച്ച് ഇനിയയാൾ മാറിക്കൂടായ്കയില്ല .സ്ത്രീകൾക്ക് ജന്മനാ കിട്ടിയിരിക്കുന്നതാണ് ഇടയ്ക്കിടെ ബുദ്ധിയിലിഴയുന്ന സംശയ സർപ്പങ്ങൾ . അത് അവളുടെ സ്വരക്ഷക്ക് ജാഗരൂകയായിരിക്കാൻ പ്രകൃതി നല്കിയിരിക്കുന്നതത്രെ . തിളക്കമുള്ള ആ കൃഷ്ണമണികളിൽ സംശയത്തിനുതകുന്ന യാതൊന്നും എനിക്ക് കാണുവാൻ കഴിഞ്ഞില്ല . അനേകകാലമായി അയാളുടെ അയല്പക്കത്തു ജീവിച്ചുവരുന്ന മാതൃതുല്യയായ ഒരു മുതിർന്ന സ്ത്രീയെ നോക്കും പോലെയാണ് പ്രായത്തിനിളപ്പം തോന്നിച്ച എന്നെയയാൾ നോക്കിയത് . കാഴ്ചകൾ കാണാൻ പോയ എന്നേക്കാൾ താല്പര്യമാണ് അത് കാണിച്ചുതരാൻ അയാൾക്കെന്നു തോന്നി . ചിരിച്ചുകൊണ്ട് ഞാനും കാറിനു പുറത്തിറങ്ങി . അൽപനേരം ഇടുങ്ങിയ ഒരു വഴിയിലൂടെ നടന്നു വെളിച്ചം തീരെക്കുറഞ്ഞ ഒരു തുണിക്കടയിലേക്കു പ്രവേശിച്ചു . മറ്റു കടകളെപ്പോലെ അവിടെ പേരെഴുതി വച്ചിട്ടുണ്ടായിരുന്നില്ല .ഇതെന്തു കച്ചവടമാണ് എന്നന്തംവിട്ട് അകത്തേക്ക് കയറിയ എന്നെ ഒരു മധ്യവയസ്‌കൻ നിലത്തു വിരിച്ച മനോഹരമായ തടുക്കിൽ ഇരുത്തി . "ആപ്കോ ക്യാ സ്റ്റഫ് ചാഹിയെ? സിൽക് ,കോട്ടൺ , ഷിഫോൺ ? അയാൾ ഉദ്വേഗത്തോടെ ചോദിച്ചു . സാരി എൻ്റെ ബലഹീനതയാണ് . വീട്ടിൽ ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ എന്നും സാരികൾ പരസ്പരം സമ്മാനിക്കുകയും കൈമാറുകയും ചെയ്‌തിരുന്നു . ഞാൻ വളർന്ന വീട്ടിലെ ഒരു തടിയലമാരയും ഇരുമ്പലമാരയും ഞങ്ങളുടെ സാരികൾ സൂക്ഷിക്കാൻ വേണ്ടി മാത്രം മാറ്റിവച്ചു . തേച്ചുമടക്കി വൃത്തിയായി 'അമ്മ വച്ചിരുന്ന കടും ചായങ്ങളുള്ള കസവിട്ട പട്ടു സാരികൾ ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികൾക്ക് കൈമാറേണ്ട പരമ്പരാഗത സ്വത്തുക്കളായി പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഞങ്ങൾക്ക് പിറന്നത് പുത്രന്മാരായതിനാൽ അവയെല്ലാം പുത്രവധുക്കൾക്കു സമ്മാനിക്കാമെന്ന് അവസാനം തീരുമാനിച്ചു .
ആ കട മുഴുവൻ അരിച്ചുപെറുക്കാൻ എനിക്ക് മടിയുണ്ടായിരുന്നത് കൊണ്ടല്ല മറിച്ചു സമയക്കുറവുകൊണ്ടു മാത്രം ഞാൻ കടക്കാരനോട് പറഞ്ഞു . "സിൽക്ക് സാടി ദിഖായിയെ ഭയ്യാ ". കൂടുതലും കടുത്ത തിളങ്ങുന്ന നിറമുള്ള സാരികൾ . കടുത്ത പച്ചയിലും നീലയിലും വിരിഞ്ഞുനിൽക്കുന്ന സ്വർണനിറമുള്ള മയിൽചിത്രങ്ങൾ . കയ്യിലെടുക്കുമ്പോൾ അവ മാർദവം കൊണ്ട് വഴുതിപ്പോകുന്നു . " യെ അസ്‌ലി ബനാറസി സിൽക്ക് ഹെ മാഡംജി , ആപ് ദേഖിയെ " അയാൾ അവ ഓരോന്നായി തൻ്റെ ചുമലിൽ വിടർത്തിയിട്ടു കാണിക്കുകയാണ് . ഐശ്വര്യ റായ് , അംബാനി തുടങ്ങിയവരൊക്കെ വിവാഹ വസ്ത്രങ്ങൾ വാങ്ങിയിട്ടുള്ളത് ബനാറസിൽ നിന്നാണെന്നു ഇടയ്ക്കു സന്തോഷ് ഓർമ്മിപ്പിച്ചു . അതുകൊണ്ടു ഞാനും ഒരെണ്ണം എടുക്കേണ്ടതുണ്ട് . എനിക്ക് ചിരിവന്നു . ഒരു കുട്ടുറുവൻ പക്ഷിയുടെ തൂവലിൻറെ നിറവും മാർദവവുമുള്ള ചിത്രപ്പണികളില്ലാത്ത ഒരു സാരി ഞാൻ തിരഞ്ഞെടുത്തു . അതിനു ചെമ്പിൻ്റെ നിറമുള്ള കസവായിരുന്നു . വില ചോദിച്ചപ്പോൾ മൂവായിരമെന്നു അയാൾ പറഞ്ഞു . അധികമല്ലെന്ന് അറിയാമായിരുന്നെങ്കിലും വെറുതെ പേശി നോക്കി . അപ്പോൾ അയാൾ എന്നെക്കൂട്ടി കടയുടെ ചില രഹസ്യ അറകളിലേക്കു കൊണ്ടുപോയി . സന്തോഷ് ധൈര്യമായി നടന്നോളാൻ ആംഗ്യം കാണിച്ചു . അറയിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കുന്നു . നോക്കുമ്പോൾ അതിൽ രണ്ടു വലിയ തറികളുണ്ട് . മരംകൊണ്ട് നിർമ്മിച്ച പരമ്പരാഗതത്തറികൾ . അതിലൊന്നിൽ ഒരു പഴകിയ കട്ടിക്കണ്ണടയും തലപ്പാവും വച്ച് മേൽവസ്ത്രം ധരിച്ചിട്ടില്ലാത്ത ഒരു വൃദ്ധൻ ഇരുന്നു നെയ്യുന്നു . അയാളുടെ കൈകളും കാലുകളും താളാത്മകമായി ചലിക്കുന്നുണ്ട് . ഉയരം കുറഞ്ഞതരം തറിയാണ്. മുകളിൽനിന്നും താഴേക്ക് ഊർന്നുവരുന്ന പട്ടുനൂലുകൾ താഴെ നിരപ്പായി വലിഞ്ഞു നിൽക്കുന്ന നൂലുകൾക്കിടയിലേക്ക് ഇഴഞ്ഞു കയറുന്നു . ഉടനെ ആ വൃദ്ധൻ അവയെ താഴിട്ടു പൂട്ടുമ്പോലെ മരത്തിൽ പണിത ഫ്രെയിമുകൾക്കിടയിൽ വലിച്ചടുപ്പിക്കുന്നു . ഞാനാ മായാജാലക്കാരനെ അൽപനേരം നോക്കി നിന്നു. അയാളുടെ ശ്വാസഗതി വളരെ വേഗത്തിലുള്ളതായിരുന്നു . തറിയുടെ അതേ താളത്തിൽ ഉയർന്നു താഴുന്ന നെഞ്ചിൽ എഴുന്നുനിൽക്കുന്ന വാരിയെല്ലുകൾ. തറിയുടെ ചരടുവലിക്കുമ്പോൾ അയാളുടെ ചുമലുകൾ ഒടിഞ്ഞു തൂങ്ങുമെന്ന് ഞാൻ ഭയപ്പെട്ടു . സ്വർണനൂലുകളിൽ ഊടും പാവുമിട്ട് അയാൾ സൃഷ്ടിക്കുന്ന ആ ഉടയാട ഏതെങ്കിലുമൊരു മണിമന്ദിരത്തിലെ അപ്സര കന്യക ചിലപ്പോൾ അവളുടെ വിവാഹ സുദിനത്തിൽ അൽപനേരം അണിയുമായിരിക്കും . എങ്കിലും അയാളുടെ വാരിയെല്ലുകൾ എഴുന്നു തന്നെ നിൽക്കും . അയാളും ഭാര്യയും സന്തതികളും താണതരം ഖദറിൻ്റെ പരുക്കൻ വസ്ത്രങ്ങൾ ധരിക്കും. എത്രകാലമായി താങ്കളിതു ചെയ്യുന്നുവെന്ന് ഞാൻ ഉറക്കെ ചോദിച്ചു . എന്നാൽ തറിയുടെ ശബ്ദംകൊണ്ടോ നെയ്ത്തിൽ ലയിച്ചിരുന്നതുകൊണ്ടോ അയാളത് കേട്ടില്ല. ഞാൻ കടയുടമക്ക് ഉടനെതന്നെ മുഴുവൻ പണവും കൊടുത്തു എടുത്തുവച്ചിരുന്ന സാരി വാങ്ങി നന്ദിപറഞ്ഞു തിരിച്ചു നടന്നു .
ദശാശ്വമേധിലേക്കുള്ള യാത്രയിൽ പിന്നീട് ഞാൻ ഒന്നും കണ്ടില്ല . മനസ്സിൽ തലങ്ങും വിലങ്ങും പട്ടുനൂലുകൾ അതിവേഗം ഇഴഞ്ഞുനടന്നു . താളത്തിൽ ചലിക്കുന്ന തറി . ഉയർന്നു താഴുന്ന നെഞ്ച് . ഇടയ്ക്കു പെട്ടെന്ന് ആ നെഞ്ച് ചലനമറ്റു . തറി നിശ്ചലമാകുകയും നൂലുകൾ അയഞ്ഞു കീഴ്പ്പോട്ടു ഞാന്നുകിടക്കുകയും ചെയ്തു . ചില കാഴ്ചകൾ എന്നെ അസ്വസ്ഥയാക്കുന്നു. അതിൻ്റെ വേരുകൾ എവിടെക്കിടക്കുന്നു എന്നെനിക്കറിയില്ല . അനുകമ്പയുടെ ഉച്ചസ്ഥായിയിൽനിന്ന് ഭയത്തിൻറെ അഗാധഗർത്തങ്ങളിലേക്കു കൂപ്പുകുത്തുന്നത് ഞാൻ മാത്രമാണോ ? ഒടുക്കം ഞാനെത്ര ഭാഗ്യവതി എന്നൊരു സ്വാർത്ഥ നിശ്വാസം പൊഴിച്ച് വീണ്ടും മോഹമാത്സര്യങ്ങളുടെ സുരക്ഷിത താവളങ്ങളിലേക്കു നാണമില്ലാതെ തിരിഞ്ഞു നടക്കുന്നത് ഞാൻ മാത്രമാണോ ? അറിയില്ല .
ഞങ്ങൾ ഘാട്ടിനടുത്തെത്തിയിരുന്നു . ഒരു ലസ്സി കുടിച്ചിട്ട് പോകാമെന്നു സന്തോഷ് പറഞ്ഞു . ഞങ്ങൾ ഘാട്ടിലേക്കുള്ള വഴിയുടെ എതിർവശത്തുള്ള ഒരു കടയിൽ കയറി . സന്തോഷ് രണ്ടു ലസ്സി പറഞ്ഞു . കടക്കാരൻ യാതൊരു ഭാവഭേദവുമില്ലാതെ ചോദിച്ചു "ഭാംഗ് യാ സാദാ ?" എനിക്ക് അതിനെക്കുറിച്ചു വായിച്ചുള്ള അറിവ് മാത്രമേയുള്ളൂ . അതുകൊണ്ട് അത്ഭുതം അടക്കാൻ ആയില്ല . അതിവിടെ സർവ്വ സാധാരണമാണെന്നു സന്തോഷ് പറഞ്ഞു . എന്നാൽ വാരണാസിക്കാർ പൊതുവെ അത് സ്ഥിരം കഴിക്കാറില്ല . ഹോളി ശിവരാത്രി തുടങ്ങിയ ആഘോഷങ്ങൾക്ക് മാത്രം .സഞ്ചാരികളാണ് കൂടുതലും കുടിക്കുന്നത് . എനിക്ക് ആകാംക്ഷ അടക്കാനായില്ല . ഞാൻ ഒരു ഭാംഗ് ലസ്സി പറഞ്ഞു . കടക്കാരൻ ബദാം പിസ്ത ലസ്സിയിൽ അല്പം പനിനീരും കുഴമ്പുരൂപത്തിലാക്കി വച്ച ഒരു പച്ച പദാർത്ഥവും ചേർത്തു . എന്നിട്ട് എനിക്ക് നേരെ നീട്ടി . ഇളം പച്ച നിറത്തിൽ അമൃതാണെന്ന് ആളുകൾ കരുതുന്ന ഈ ദ്രാവകം കുടിച്ചാൽ എന്തുണ്ടാകുമെന്ന് എനിക്കറിയില്ല . സന്തോഷിൻ്റെ കണ്ണുകൾ അത് കുടിക്കരുതെന്നു എന്നോട് യാചിക്കുന്നുണ്ടായിരുന്നു . ശീലമില്ലാത്തവർക്കു ബുദ്ധിമുട്ടാവും എന്ന് സൂചിപ്പിക്കുകയും ചെയ്തു . എങ്കിലും ഞാൻ ആദ്യമൊരു കവിൾ അകത്താക്കി . പനിനീരിൻ്റെ രുചി മീതെ നിൽക്കുന്നു . ഒടുക്കം ചവർപ്പും വെണ്ണയുടെ രുചിയും ഒക്കെ കലർന്ന് ഒരു ദുസ്വാദും . മൊത്തത്തിൽ അതൊരു വൃത്തികെട്ട ദ്രാവകമായാണ് എനിക്ക് തോന്നിയത്. രണ്ടാമത്തെ കവിൾ ഇറക്കുന്നതിനു മുൻപേ തുപ്പി . സന്തോഷ് ആർത്തു ചിരിച്ചു . ''കെഹദിയാ നാ ? ജയ് മഹാദേവ് ബോൽക്കർ ഗിലാസ് ഖാലി കർനാ പടേഗാ " അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു . എനിക്കും ചിരി വന്നു . ഇതുകഴിച്ചിവിടുന്നു ജ്ഞാനോദയമുണ്ടായാൽ പിന്നീട് ഞാൻ ഇവിടെത്തന്നെ ഒടുങ്ങേണ്ടി വരും . അതിനാൽ ആ ഗ്ലാസ് തിരിച്ചുകൊടുത്തു ഒരു ബദാം പിസ്ത ലസ്സി കുടിച്ചു സംതൃപ്തിയടഞ്ഞു . സന്തോഷ് ലസ്സിക്കു ശേഷം വെറ്റിലയിൽ പൊതിഞ്ഞ ഒരു മീഠ പാൻ രുചിച്ചു . പണം കൊടുത്തു തിരിച്ചു നടന്നപ്പോൾ അയാൾ എന്നെ കളിയാക്കി . ഒരു കവിൾ കൊണ്ട് ജ്ഞാനോദയമുണ്ടാകുമോയെന്ന് അൽപനേരം ഞാൻ കാത്തിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചതായി തോന്നിയില്ല . അതിനാൽ ധൈര്യപൂർവം മുന്നോട്ടു നടന്നു .
ദശാശ്വമേധ ഘാട്ട് മണികർണികയിൽ നിന്നും വളരെ വ്യത്യസ്തമാണ് . ഘാട്ടിലേക്കുള്ള വഴിക്കു വീതിയുണ്ട് . ഇരുവശങ്ങളിലും ധാരാളം കച്ചവടങ്ങൾ . പൂക്കൾ, വളകൾ , കല്ലുമാലകൾ എന്ന് തുടങ്ങി ഒരു സാധാരണ വിനോദ സഞ്ചാര കേന്ദ്രത്തിൽ കാണുന്ന എല്ലാം അവിടെ വിറ്റഴിക്കപ്പെടുന്നു . ഗംഗയുടെ ഏറ്റവും തിരക്കുപിടിച്ച സ്നാനഘട്ടമാണത് . പുതിയ കെട്ടിടങ്ങളാണധികവും. ഒട്ടും പൗരാണികത തോന്നിപ്പിക്കാത്തവ . പടവുകൾ ഇടയ്ക്കിടെ നിരപ്പുകളിലും പ്ലാറ്റുഫോമുകളിലും അവസാനിക്കും . വീണ്ടും പടവുകൾ . ഏറ്റവുമൊടുവിൽ നദിയിലേക്കു നീട്ടി ആധുനിക രീതിയിൽ പണികഴിപ്പിച്ച ബോട്ടുജെട്ടികൾ . വശങ്ങളിൽ നിറയെ തോണികളും ബോട്ടുകളും . വാരണാസിയിലെ തോണികൾ അതി മനോഹരികളാണ് . കടുത്ത ചായങ്ങൾ പൂശി താമര അല്ലിയുടെ ആകൃതിയിൽ പരന്ന അമരങ്ങളോട് കൂടിയവ .
പടവുകളിൽ നിറയെ പലഭാഗത്തുനിന്നും എത്തിയിട്ടുള്ള സഞ്ചാരികൾ തമ്പടിച്ചിരുന്നു . വിശ്വനാഥക്ഷേത്രദർശനം കഴിഞ്ഞു വരുന്നവരാണ് മിക്കവരും . ഇവിടെ സൂര്യാസ്തമനം കഴിഞ്ഞാൽ ആരതി നടക്കാറുണ്ട് . അതിനായി കാത്തുനിൽക്കുന്നവരാണവർ . ഉയർന്ന പീഠങ്ങളും അവയ്ക്കു മുന്നിൽ കെട്ടിയുയർത്തിയ മുത്തുക്കുടയും സന്തോഷ് കാണിച്ചു തന്നു .അവയിൽ നിന്നാണ് പുരോഹിതർ ദീപങ്ങളുമേന്തി ആരാധന നടത്തുക . ഇപ്പോൾ ആ പീഠങ്ങൾക്കു ചുറ്റും നിറയെ കച്ചവടക്കാരാണ് . കളിപ്പാട്ടങ്ങളും വളകളും ബാഗുകളും തുണിത്തരങ്ങളും നിരത്തിവച്ചു വിൽക്കുന്നവർ . ഇടയ്ക്കിടെ രോഗശാന്തിയും മനഃശാന്തിയും വിൽക്കുന്ന സ്വയപ്രഖ്യാപിത വിശുദ്ധരെയും കാണാം . അത്തരം ചില സിദ്ധന്മാർക്കു മുൻപിൽ സാഷ്ടാംഗപ്രണാമം ചെയ്തും കാണിക്ക വച്ചും മക്കളുടെയോ ബന്ധുമിത്രാദികളുടെയോ രോഗശാന്തിക്കോ ആരോഗ്യഐശ്വര്യങ്ങൾക്കോ വേണ്ടി യാചിക്കുന്ന നിന്ദിതരെയും പീഡിതരെയും കാണാം . അത്തരക്കാരധികവും ഗ്രാമാന്തരങ്ങളിൽനിന്ന് എത്തിയവരാണെന്നു കണ്ടാലറിയാം . ഈ ദരിദ്രരാഷ്ട്രത്തിലെ അറുതിയില്ലാത്ത പീഢകൾ ആ പാവങ്ങളെ ഇവിടിരിക്കുന്ന മനുഷ്യദൈവങ്ങൾക്കു മുൻപിൽ എത്തിക്കുന്നു . അറ്റമില്ലാത്ത ദുരിതക്കയ ങ്ങൾക്കു മുന്നിൽ ആത്മഹത്യയുടെ പാറവെളുമ്പിൽ ചവിട്ടി മുന്നിലുയർന്നുനിൽക്കുന്ന പാറക്കെട്ടുകളിലേക്ക് അള്ളിപ്പിടിച്ചുകയറാനാവാതെ ഹതാശരായി നിങ്ങൾ നിൽക്കുന്നുവെന്ന് കരുതുക . അപ്പോൾ ഒരു ദിവ്യനവതരിക്കുകയും ഒരു ചെറു ചിരിയോടെ ഭയക്കേണ്ട എന്ന് പറഞ്ഞു വെറുതെ കൈ നീട്ടിക്കാണിക്കുകയും ചെയ്‌താൽ ഒരു നിമിഷത്തേക്കെങ്കിലും അയാളുടെ കൈ പിടിക്കാൻ നിങ്ങൾ പ്രലോഭിതരാവില്ലേ ? ഞാനാണെങ്കിൽ അതിനൊരു ശ്രമം നടത്തിയെന്നിരിക്കും . അതിനാൽ ആ പാവങ്ങളോട് എനിക്ക് സഹതാപമേ തോന്നിയുള്ളൂ . സിദ്ധൻ്റെയും വിശ്വാസിയുടെയും പ്രശ്നം വിശപ്പാണ് , മോഹങ്ങളാണ് .മോഹഭംഗങ്ങളാണ് .
എന്ത് വൈചിത്ര്യമെന്നു നോക്കൂ ! ഒരേ നദിയുടെ രണ്ടു സ്നാന ഘട്ടങ്ങൾ. ഒന്ന് മരണത്തെ ആഘോഷിക്കുമ്പോൾ മറ്റൊന്ന് ജീവിതത്തെ ഭോഗിക്കുന്നു . അപ്പുറത്തു ഗംഗ നിങ്ങളെ മരണത്തിൻ്റെ ലഹരിയിൽ ആറാടിക്കുമ്പോൾ ഇപ്പുറത്തു ഗംഗയിൽ മുങ്ങി നിവർന്നു നിങ്ങൾ ജൈവചോദനകളിൽ ഉന്മാദം കൊള്ളുന്നു . എൻ്റെ ചിന്തകൾക്ക് കടിഞ്ഞാൺ നഷ്ടപ്പെടുന്നുണ്ടോ ? ഇതായിരിക്കുമോ ഞാൻ കാത്തിരുന്ന ജ്ഞാനോദയം ? അതും ഒരു കവിൾ കൊണ്ട് ? വൈകുന്നേരമാകുന്നു . ഘാട്ടിൽ തിരക്ക് കൂടിത്തുടങ്ങി . ഞാൻ അല്പമകലെ പടവിനോടടുപ്പിച്ചിട്ടിരുന്ന ഒരു തോണിയിൽ കയറി ബാഗും തലക്കൽ വച്ച് മലർന്നു കിടന്നു . സന്തോഷ് അപ്പോൾ അതിൻ്റെ അമരത്ത് ഒരു കാവൽ നായയെപ്പോലെ എനിക്ക് പുറംതിരിഞ്ഞിരുപ്പുണ്ടായിരുന്നു .
(തുടരും ....)