പെണ്ണുകാണൽ


വേനലവധികളിൽ പുഴ വറ്റിവരണ്ടു നീർച്ചാലു പോലെ കിടക്കും . വെള്ളക്കെട്ടുകൾ തീർത്ത ചെറിയ വൃത്തങ്ങളിൽ മാനത്തുകണ്ണിയും പരലും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നിയും തെറിച്ചും നടക്കും . കരയിലെ വെള്ളരിക്കണ്ടങ്ങൾ വിളവെടുപ്പുകഴിഞ്ഞ് ഒഴിഞ്ഞു കിടക്കും. അപ്പോഴാണ് കുട്ടികൾ കളിക്കാനിറങ്ങുക . മാല കോർക്കാൻ പൂച്ചക്കുരുതേടി മണൽത്തിട്ടിലെ പൊന്തകളിൽ അവർ അവിടവിടെ പരതി നടക്കും . വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിൽ പന്തലിച്ചു നിൽക്കുന്ന പറങ്കിമാവിൻ്റെ ഏറ്റവും താഴെക്കൊമ്പിൽ നിരന്നിരുന്നവർ പറങ്കിമാങ്ങ രുചിക്കും . പുഴയിലിറങ്ങി തോർത്തുമുണ്ടും തട്ടവുമുരിഞ്ഞു  മീൻപിടിക്കും.

  കുട്ടികൾ കുട്ടികളായിരുന്നു . അവരുടെ രുചികൾ അവരുടേതു മാത്രമായിരുന്നു . അവരുടെ കലപിലകളും അവരുടെ കലഹങ്ങളും പറങ്കിമാവിൻചോട്ടിലെ കരിയിലയനക്കങ്ങളിൽ ഇടകലർന്നു കിടന്നു .
ചുവപ്പു തട്ടമിട്ട തെക്കേതിലെ കുഞ്ഞാമിന കുനുകുനുന്നനെ കുറ്റിമുടിയും തിളങ്ങുന്ന ഉണ്ടക്കണ്ണുകളുമുള്ള ആബിദിനോട് ചേർന്ന് മാവിൻ്റെ കൊമ്പിലിരുന്നു . അവൻ്റെ നരച്ച നിക്കറിൻ്റെ ഇടത്തെ കീശയിൽ വിദഗ്ദ്ധ കൈപ്രയോഗങ്ങളേറ്റു പഴകി മിനുത്ത ഒരു കവണി പുറത്തേക്കു തള്ളി നിന്നു . ആബിദിൻ്റെ കവണിപ്രയോഗമേൽക്കാത്ത മാവുകളോ നെല്ലികളോ നെല്ലിപ്പുളികളോ അന്നാട്ടിൽ ഉണ്ടായിരുന്നില്ല . കടത്തുകാരൻ കണാരൻ പോലും സന്ധ്യക്ക്പൊന്തകളിൽ ചേക്കേറുന്ന കൊറ്റിയെയോ കാടയെയോ തെറ്റിവീഴ്ത്താൻ വിദഗ്ദ്ധനായ അവൻ്റെ സഹായം തേടാറുണ്ട് . അങ്ങനെയാണ് കുഞ്ഞാമിന അവൻ്റെ ആരാധികയായത് . വെടിയുണ്ടയേക്കാൾ വേഗത്തിൽ കവണിയിൽ നിന്നും ചീറിപ്പാഞ്ഞ ഒരു വെള്ളാരംകല്ലു വീഴ്ത്തിയ കണ്ണിമാങ്ങയും കടിച്ചുകൊണ്ട് അവൾ ആബിദിൻ്റെ പരാക്രമകഥകൾ കേട്ടുകൊണ്ടിരുന്നു . 

ഹരിയും സെബാസ്ററ്യനും വെള്ളരിക്കണ്ടത്തിനപ്പുറമൊഴുകുന്ന ഒരു നീർച്ചാലിലിറങ്ങി തോർത്തുമുണ്ടിൽ മീൻപിടിക്കാൻ ശ്രമിക്കുന്നതുനോക്കി അവൾ ആബിദിനോട് ചോദിച്ചു. ''അനക്ക് പരലിനെ തെറ്റി വീഴ്ത്താന് പറ്റോ?" കേട്ടപാതി കേൾക്കാത്ത പാതി കവണിയും കറക്കി മീൻപിടുത്തക്കാർക്കരികിലേക്ക്  ആബിദ് നടന്നു . ഹരിയും സെബാസ്ററ്യനും മിണ്ടാതനങ്ങാതെ വശത്തെ പുല്ലിനടിയിലേക്കു തോർത്തുമുണ്ടും ചായ്ച്ചു വച്ച് നിൽക്കുന്നു . സെബാസ്ററ്യൻ്റെ സ്വതവേയുള്ള കൂട്ടുപുരികം ഒന്നുകൂടി ചുളിഞ്ഞുകൂടി നിന്നു . മാങ്ങാച്ചുനകൊണ്ട് കരുവാളിച്ച ചുണ്ടുകൾ കൂർത്തു മൂർത്തു നിന്നു . സ്ഥിരമായി അണിയാറുള്ള കൊന്ത കഴുത്തിൽനിന്നും ഞാന്ന് ചലനമറ്റും നിന്നു . ഹരി നനഞ്ഞ ഷർട്ടഴിച്ചു കരയിൽ വച്ചിട്ടുണ്ട് . അവൻ കറുമ്പനാണ് . അവൻ്റെ കറുപ്പിനോട് കുഞ്ഞാമിനക്ക് അടുത്ത കാലത്തായി ഒരിഷ്ടം  ജനിച്ചിട്ടുണ്ടെന്ന്  ആബിദിനറിയാം . വഴിതെറ്റി വശത്തൂടെ വന്ന ഒരു പരലിനെ കീഴ്ചുണ്ട് കടിച്ചുപിടിച്ചു ഹരി ശ്രദ്ധാപൂർവ്വം തോർത്തുമുണ്ടിലേക്കു കയറ്റാൻ നോക്കുമ്പോൾ ആബിദിന് അപകടം മണത്തു . പരലിനെയവൻ പിടിച്ചാൽ ആമിനക്കു കവണിയോടുള്ള ആരാധന അല്പമെങ്കിലും കുറയാതിരിക്കില്ല . അതിനാൽ മുണ്ടിനുള്ളിലേക്കു മീൻ കയറി കയറിയില്ല എന്നായപ്പോൾ കീശയിൽ സൂക്ഷിച്ചിരുന്ന കല്ലുകളിലൊന്നെടുത്ത് അവൻ ഉന്നം നോക്കി ഒരൊറ്റത്തെറ്റു തെറ്റി . മീനതിൻ്റെ വഴിക്കു പോകുകയും ചിലമ്പിത്തെറിച്ച വെള്ളം ഉറ്റു നോക്കി നിന്നിരുന്ന  ആമിനയുടെ തട്ടം നനക്കുകയും ചെയ്തു . ഹരി നിരാശയോടെ ആബിദിനെ വെള്ളത്തിൽ വലിച്ചിട്ടു തലങ്ങും വിലങ്ങും തച്ചു . സെബാസ്ററ്യൻ അവൻ്റെ കവണി പിടിച്ചുപറിച്ചു പാടത്തേക്കു വലിച്ചെറിയുകയും ചെയ്തു .   അതുകണ്ടു കിലുകിലെ ചിരിച്ചുകൊണ്ടു നിന്ന കുഞ്ഞാമിനയെ തിരഞ്ഞു മെലോടത്തെ കമല പാഞ്ഞു വന്നു . മുട്ടൊപ്പം ഇറക്കമുള്ള ഉടുപ്പിട്ട അവൾ ആമിനയെയും കൂട്ടി പറങ്കിമാവിന് ചുവട്ടിലേക്കു പോയി ഒരു രഹസ്യം പറഞ്ഞു . അയല്പക്കത്തെ സുനന്ദേടത്തിയെ ഗൾഫിൽനിന്നൊരു ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു . സാരിയുടുത്തു നിറയെ മുല്ലപ്പൂ ചൂടി കഴുത്തിൽ സ്വർണ്ണപ്പറ്റണിഞ്ഞു നിന്നിരുന്ന സുനന്ദേടത്തിയെ കാണാൻ ഭയങ്കര ഭംഗിയായിരുന്നൂ . ഗൾഫുകാരൻ ചെക്കൻ ലീവിന് കല്യാണം നടത്തിയിട്ടേ തിരിച്ചു പോകൂ എന്നാണു കേട്ടത് . 
 
കമലക്കിപ്പോൾത്തന്നെ സുന്ദരിയാകണം . കാണാൻ ചെക്കൻ വരികയും വേണം . മാർഗ്ഗമെന്ത് ? കുഞ്ഞാമിന കൂലംകക്ഷം ചിന്തിച്ചു . മാവിനപ്പുറം അതിരിൽ വച്ചുപിടിപ്പിച്ചിരുന്ന ചെമ്പരത്തി വേലിയുടെ മറവിലേക്ക് അവൾ കമലയെ കൂട്ടിക്കൊണ്ടുപോയി. തൻ്റെ പാവാടയും ബ്ലൗസുമൂരി കമലയെ ഇടുവിച്ചു . അവളുടെ ഉടുപ്പെടുത്തു സ്വയം അണിയുകയും ചെയ്തു . ചെമ്പരത്തി അല്ലികൾ വാഴനാരിൽ കെട്ടി മാലയുണ്ടാക്കി പന്നിവാലുപോലെ പിരിച്ചു പിന്നിൽക്കെട്ടിയിരുന്ന കമലയുടെ മുടിയിൽ അണിയിച്ചു . തട്ടം ഞൊറിഞ്ഞ് ഒരുതുമ്പ് അവളുടെ അരയിൽ  തിരുകി മറ്റെത്തുമ്പു പാവാടക്കു പിന്നിലൂടെയെടുത്തു നെഞ്ചുവഴി ഞാത്തിയിട്ട് സാരിയും തരപ്പെടുത്തി . അവസാനം സ്വന്തം കഴുത്തിൽ കിടന്നിരുന്ന പൂച്ചക്കുരുമാലയും കമലക്കു ചാർത്തിക്കൊടുത്തതിനു ശേഷം അവളെ അടിമുടി നോക്കിക്കൊണ്ടു കുഞ്ഞാമിന പറഞ്ഞു . " പെണ്ണ് സുന്ദരി ആയിക്കിട്ടോ ..ഇയ്യബ്ടെ കൊമ്പത്തിരി. ഞാമ്പോയി ചെക്കനെ ഒപ്പിച്ചു വെരാം ".

അവളോടി തല്ലുകൂട്ടം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന ചെക്കന്മാരുടെ അടുത്തു ചെന്നു . " കമലനെ പെണ്ണുകാണാന് ചെക്കനെ വേണം . ഇങ്ങളാരേലും ആകോ?" ഞാനാകാം ഞാനാകാം എന്നുപറഞ്ഞു ചെക്കന്മാർ വീണ്ടും തല്ലും പിടിയും നടത്തിയപ്പോൾ കുഞ്ഞാമിന പറഞ്ഞു " കമല ഹിന്ദുക്കുട്ടിയാണ് . ഹിന്ദുക്കുട്ടിയെ ഹിന്ദുച്ചെക്കനേ കാണാൻ പാടൂ ". അങ്ങനെ ഹരിക്കു നറുക്കു വീണു . ഉണക്കാനിട്ടിരിക്കുന്ന ഷർട്ടെടുത്തണിഞ്ഞു ഹരി തയ്യാറായി . നനഞ്ഞ മുടി വൃത്തിയായി ചരിച്ചു കോതിവച്ചു. കാലിലെ ചേറ് കഴുകിക്കളഞ്ഞു . അസൂയയോടെ നോക്കുന്ന സെബാസ്ററ്യനോടും ആബിദിനോടും അവൻ പറഞ്ഞു '' അല്ലേലും ഇങ്ങക്ക് പറ്റൂല . ഇങ്ങള് ബനിയനാണിട്ടിരിക്കണത്. ഇക്ക് മാത്രേ ഷർട്ട്ള്ളൂ ! പെണ്ണ് കാണാൻ ഷർട്ടിട്ടാണ് ചെക്കമ്മാര് പൂവ്വാറ് ".

അങ്ങനെ ചെക്കനും കൂട്ടരും മരച്ചോട്ടിലേക്കു നടന്നു . കമലയപ്പോൾ ഒരു തേക്കില ട്രേ പോലെ പിടിച്ചു തലകുനിച്ചു പെണ്ണുകാണലിനു തയ്യാറായി നിൽപ്പുണ്ടായിരുന്നു. ഹരി ഗമയോടെ കീഴ്പ്പോട്ടു ഞാന്നുകിടക്കുന്ന കൊമ്പിലേക്ക് ഒറ്റച്ചാട്ടത്തിനു കേറിയിരുന്നു . ആബിദും സെബാസ്ററ്യനും അപ്പുറവും ഇപ്പുറവുമായി അസൂയ മൂത്തു വക്രിച്ച മുഖത്തോടെയും ഇരുന്നു .
''ചായ കൊടുക്കിൻ '' ആമിനയുടെ ഉച്ചത്തിലുള്ള ഉത്തരവ് കേട്ട് കമല വിറയലോടെ ഹരിക്കരികിലേക്കു ചെന്നു . സത്യത്തിൽ അപ്പോളാണ് ഹരിയവളെ അടിമുടി നോക്കിയത് . പാവാടയിൽ അല്പം വല്യ പെണ്ണാണ് കമല . ചുവന്ന സാരിയും പൂവുമണിഞ്ഞപ്പോൾ എപ്പോഴും കണ്ണുകളെഴുതി നടക്കാറുള്ള അവൾക്കു കൂടുതൽ ഭംഗിയുണ്ട് . ഹരി ട്രേയിൽ നിന്നും ചായ എടുത്തു കുടിക്കുംപോലെ അഭിനയിച്ചു . അപ്പോൾ ആമിനയവളെ പിന്നോട്ട് വലിച്ചുനിർത്തി ചോദിച്ചു . “നിനക്ക് ചെക്കനെ ഇഷ്ടായോ ?”  കമല തലയുയർത്തി നോക്കി . എപ്പോഴും തന്നോട് തല്ലുപിടിക്കാൻ വരുന്ന ഹരി ചെക്കന്റെ ഗമയോടിരിക്കുന്നു .ഇടയ്ക്കിടെ ഷർട്ടിന്റെ കോളർ പിടിച്ചു ശരിയാക്കുന്നുണ്ട് . തൊട്ടപ്പുറത്ത് ആകാംക്ഷയോടെയിരിക്കുന്ന സെബാസ്ററ്യനെയും അവളൊന്നു നോക്കി . അവൻ്റെ ഇടതൂർന്ന കൺപീലിയും തഴച്ചുനിൽക്കുന്ന കൂട്ടുപുരികവും അന്നാണവൾ ശരിക്കു ശ്രദ്ധിച്ചത്. നീണ്ട കോലന്മുടി നെറ്റിയുടെ വശത്തേക്ക് വീണുകിടന്നു. കൊന്ത സ്ഥാനം തെറ്റി തോളിലൂടലസമായി പിന്നോട്ട് കിടന്നു . 

"ഇഷ്ടായോന്ന്"? 
അരിശത്തിൽ കുഞ്ഞാമിന ഒരു നുള്ളു വച്ച് കൊടുത്തപ്പോൾ കമല പൊടുന്നനെ പറഞ്ഞു "ഇനിക്ക് സെബാസ്ററ്യനെ മതി! ". 

ഇത് കേട്ട് സ്തബ്ധിച്ചു പോയ ഹരി ചാടിയെഴുന്നേറ്റു യുദ്ധകാഹളം മുഴക്കി .  "നീയ്യ് ഹിന്ദുക്കുട്ടിയാണ് . ഹിന്ദുക്കുട്ടിക്ക് ഹിന്ദുക്കുട്ടിയെ മാത്രേ കല്യാണം കഴിക്കാവൂ ". ആമിനയും ആബിദും ശരിവച്ചു . തർക്കങ്ങളും കലപിലകളുമൊന്നും സെബാസ്ററ്യൻ കേട്ടില്ല . അവൻ കമലയെ നോക്കി അന്തിച്ചിരുന്നു .  പിന്നീട് എല്ലാക്കളികളിലും കമല ജയിക്കണമെന്നു സെബാസ്ററ്യൻ രഹസ്യമായി ആഗ്രഹിച്ചു . ഒരിക്കൽ സാറ്റുകളിക്കുമ്പോൾ ചൂൽപ്പുല്ലുകൾക്കിടയിൽ തനിക്കരികിലൊളിച്ചിരുന്ന കമലയുടെ നെറ്റിയിൽ സെബാസ്ററ്യൻ ആരും കാണാതെ ഒരുമ്മ കൊടുത്തു .

മെലിഞ്ഞും നിറഞ്ഞുമൊഴുകിയ പുഴയോടൊപ്പം ഓരോരോ അവധിക്കാലങ്ങൾ കടന്നുപോയി . കുട്ടികൾ കുട്ടിത്തം വിട്ടു  കൗമാരക്കാരായി . കണ്ടുമുട്ടിയാൽ ചിരിക്കുക മാത്രം ചെയ്ത്അവർ വഴിമാറി നടന്നു . പെണ്ണുങ്ങൾ പെണ്ണുങ്ങളോടൊപ്പവും ആണുങ്ങൾ ആണുങ്ങളോടൊപ്പവും മാത്രം നടന്നു . വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിലെ പറങ്കിമാവ് വരാനിരിക്കുന്ന പിറവികളുടെ കലപിലക്കായി നിശബ്ദം കരിയില പൊഴിച്ച് കാത്തുനിന്നു .

പതിനാലു തികഞ്ഞതും കുഞ്ഞാമിനയുടെ നിക്കാഹ് കഴിഞ്ഞു . അന്ന് കുറച്ചുനാൾ ആബിദിന് വായ്ക്ക് രുചി തോന്നിയില്ല . പത്തിൽ നല്ല മാർക്ക് വാങ്ങണമെന്ന് പറഞ്ഞ് ഉമ്മച്ചി കൊടുത്തിരുന്ന പോഷകസമൃദ്ധമായ ഉച്ചയൂണ് മുഴുവനും അവൻ ക്ലാസ്സിൻ്റെ ജനാലയിലൂടെ പുറത്തേക്കു ചൊരിഞ്ഞു കളഞ്ഞു . സരോജിനിട്ടീച്ചർ തന്ന ഒറ്റക്കണക്ക് പോലും ശരിയാക്കാനാകാതെ ക്ലാസ്സിനു പുറത്തു കുന്തംകാലിൽ നിന്നു. ഒരു വൈകുന്നേരം ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചുവച്ചിരുന്ന പ്രിയപ്പെട്ട കവണി അവൻ എടുത്തുകൊണ്ടുപോയി പുഴയിലെറിഞ്ഞുകളഞ്ഞു. പത്താംതരം തോറ്റപ്പോൾ പുഴക്കക്കരെയുള്ള ഉപ്പയുടെ കടയിൽ കണക്കെഴുതാൻ കൂടെക്കൂടി .

പുഴക്കക്കരെയാണ് നഗരം . കടത്തുകടന്നു കോളേജിലേക്കു പോകുമ്പോൾ ആണിനും പെണ്ണിനും ഒരേ തോണിയിൽ സഞ്ചരിക്കേണ്ടി വന്നു . നാട്ടിലെ ആൺകുട്ടികളുടെ മനസ്സിൽ അനേകം തരുണീമണികളുടെ ചിത്രങ്ങൾ തോണിയിലേറി അക്കരെയിക്കരെ സഞ്ചരിച്ചു . എങ്കിലും സെബാസ്ററ്യൻ്റെ മനസ്സിൽ പതിഞ്ഞുകിടന്ന ചിത്രം കമലയുടേതു മാത്രമായിരുന്നു . ഭാരംകൊണ്ടു ചാഞ്ചാടുന്ന കണാരൻ്റെ തോണിയിൽ കമലയെ നോക്കാനാവാതെ മുഖംകുനിച്ചിരിക്കുമ്പോൾ ഉറക്കെ മിടിക്കുന്ന ഹൃദയം നെഞ്ചിൻകൂടുപൊളിച്ചു പുറത്തു ചാടുമോ എന്നയാൾ ഭയപ്പെട്ടു . കാലം പിന്നോട്ടു പോയിരുന്നെങ്കിൽ ! ചൂൽപ്പുല്ലുകൾക്കിടയിലിരുന്ന് കമലയെ ഒരിക്കൽക്കൂടി ചുംബിക്കാൻ അയാൾ അതിയായി മോഹിച്ചു .

ഡിഗ്രി ആദ്യവർഷത്തിൻ്റെ അവസാന ദിവസം പാട്ടും കൈകൊട്ടുമായി കടത്തുകടക്കവേ പാടിക്കൊണ്ടിരുന്ന ഹരി കമലയെ നോക്കി . മനോഹരമായി പാടുന്ന , ഉറച്ച മുദ്രാവാക്യം വിളിക്കുന്ന, കറുപ്പഴകിൽ കവിതയൊളിപ്പിച്ച സഖാവ് ഹരിയോട് ആരാധന തോന്നാത്ത പെൺകുട്ടികൾ കോളജിൽ ചുരുക്കമായിരുന്നു . എങ്കിലും അയാൾക്ക് കമലയെക്കാണുമ്പോൾ പറങ്കിമാവിൻ ചുവട്ടിലെ പെണ്ണുകാണൽനാടകമോർമ്മവരും. ഉറ്റ ചങ്ങാതിയുടെ ഹൃദയം മുഴുവൻ, അവൾ നിറഞ്ഞു നിൽക്കുന്നതറിയാവുന്നതുകൊണ്ട് അയാൾ തൻ്റെ മോഹത്തെ തിരിഞ്ഞുപോലും നോക്കാതെ ഉപേക്ഷിക്കുകയാണുണ്ടായത് . തോണിയുടെ അമരത്തു പുറംതിരിഞ്ഞു പൊന്തകളിലേക്കു നോക്കിയിരിക്കുന്ന സെബാസ്ററ്യനെ നോക്കി ഹരി ഉറക്കെപ്പാടി.
" ഇന്നു മുഴുവൻ ഞാനേകനായീ ...
കുന്നിൻ ചരിവിലിരുന്നു പാടും ...
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം ...
നിന്നേക്കുറിച്ചുള്ളതായിരിക്കും ..."

അത് കേട്ടു കമല മുഖത്തു വിടർന്നുവന്ന പൂത്തിരിപോലത്തെ പുഞ്ചിരി കടിച്ചമർത്തി. തോണി കടവിലടുത്തപ്പോൾ എല്ലാവരും ഇറങ്ങി ഒറ്റക്കും കൂട്ടമായും അവരവരുടെ വഴികളിലേക്ക് നടന്നു .
പുഴക്കക്കരെ കുന്നുകൾക്കു പിന്നിലേക്കു മറയുന്ന സൂര്യനെ നോക്കി നടക്കവേ വേനലവധിയിൽ ഒരിക്കൽ പോലും താൻ കമലയെ കാണുവാൻ സാധ്യതയില്ലെന്ന് സെബാസ്ററ്യൻ ഓർത്തു . ചൂൽപ്പുല്ലുകൾ വളർന്നുനിൽക്കുന്ന പൊന്തക്കരികിലെത്തിയപ്പോൾ കമലയതാ അവിടെ നിൽക്കുന്നു . അവളുടെ അരികിലേക്ക് നടക്കുമ്പോൾ ശ്വാസോച്ഛ്വാസത്തിനു വേഗം കൂടി . ഉച്ചത്തിലുള്ള ഹൃദയമിടിപ്പുകൾ അവൾകൂടി കേൾക്കുമോ എന്നയാൾ സംശയിച്ചു
കമല കൂസലന്യേ ചോദിച്ചു . '' സെബാസ്ററ്യനെന്താ മിണ്ടാത്തത് ?" അയാൾ മിഴിച്ചു നിൽക്കവേ അവൾ തുടർന്നു '' എന്നെ പെണ്ണുകാണാൻ വരേണ്ടത് സെബാസ്ററ്യനല്ലേ ? എന്നിട്ടെന്താ എന്നെക്കാണുമ്പോൾ മാറി നടക്കുന്നത് "? അയാൾക്ക് ചിരിപൊട്ടി. അവരുടെ ചിരി കാറ്റിൽ ചൂളം കുത്തുന്ന ചൂൽപ്പുല്ലുകൾക്കിടയിലേക്കൂർന്നുവീണപ്രത്യക്ഷമായി.

അന്നു കുളിച്ച് അത്താഴം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരുതരം ആഹ്ളാദം സെബാസ്ററ്യനു തികട്ടിത്തികട്ടി വന്നു . മോരുകൂട്ടാൻ കുഴച്ച കുത്തരിച്ചോറിനേക്കാളും കാന്താരിമുളകിട്ടിടിച്ച ഉണക്കമീൻ ചമ്മന്തിയെക്കാളും രുചിയുള്ളോരാഹ്ളാദം. അത് പാടുപെട്ടടക്കിപ്പിടിച്ചു വല്ലപാടും അത്താഴം കഴിച്ചു തീർക്കവേ അപ്പൻ പറഞ്ഞു . '' ഞാനിന്നേ മ്മടെ ജോർജച്ചനെ കണ്ടാർന്നു . നെനക്ക് സെമിനാരീല് ചേരാം . അമ്മച്ചീടെ നേർച്ചയാ". സെബാസ്ററ്യൻറെ കാതുകളിൽ ചൂൽപ്പുല്ലുകൾ അസഹ്യമാം വിധത്തിൽ ചൂളം കുത്തി . അയാൾ കഴിപ്പു മതിയാക്കി കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു . മയക്കത്തിലെപ്പോഴോ പറങ്കിമാവിൻ ചോട്ടിൽ നിന്ന് കുഞ്ഞാമിന വിളിച്ചു പറയുന്നത് കേട്ടു. ''സെബാസ്ററ്യന് ഓളെ ചത്താലും കിട്ടൂല..ഒറപ്പാ ". അയാൾ ഞെട്ടിയുണർന്നു . അമ്മ സമ്മാനിച്ച കൊന്ത വിയർപ്പിൽ കുതിർന്നു കിടന്നിരുന്നു .തൻ്റെ സങ്കൽപ്പങ്ങൾക്ക് പോലും കടിഞ്ഞാണിടാൻ പോന്ന വസ്തുവിനോട് അയാൾക്ക് അതി കഠിനമായ വെറുപ്പ് തോന്നി .

പിറ്റേന്നു മുതൽ അയാൾ വീട്ടിൽ കയറാതെ കഴിച്ചു . പകൽ മുഴുവൻ വായനശാലയിലും സന്ധ്യക്ക്കണാരൻ്റെ  വള്ളപ്പുരയിലും കൂടി . മകനെന്തുപറ്റി എന്നറിയാതെ അപ്പനും അമ്മയും പകച്ചു . പാതിരിയാവുക എന്നാൽ ദൈവത്തിൻ്റെ  പ്രതിപുരുഷനാവുക എന്നാണർത്ഥം . സെബാസ്ററ്യനെപ്പോലെ ദൈവവിചാരമുള്ള ഒരുത്തൻ ഈക്കരയിലില്ല . മകനു ദൈവവിളി ഉണ്ടായതിൻറെ ലക്ഷണങ്ങളാകുമെന്നു കരുതി അവർ സമാധാനിച്ചു .

ഒന്നുരണ്ടാഴ്ച കഴിഞ്ഞ് വായനശാലയിൽ വെച്ച് ഹരി പറഞ്ഞു. കമലക്ക് ആലോചന നടക്കുന്നുണ്ട് .ഇനി പഠിപ്പിക്കേണ്ടെന്നാണ് അവരുടെ തീരുമാനം . അടുത്ത ബുധനാഴ്ച ഒരു കൂട്ടർ വരണുണ്ട് . "വേണ്ടോളം സ്വത്തുള്ള തറവാട്ടിലേക്കയക്കുന്ന പെങ്കുട്യോള് പഠിക്കണതെന്തിനാന്നാ അവടെ തന്ത നായര് ചോദിക്കണേ " ഹരി രോഷം കൊണ്ട് പല്ലിറുമ്മി .

ബുധനാഴ്ച രാവിലെ കമല കുളിച്ചൊരുങ്ങി ചുവന്ന പട്ടുസാരി ചുറ്റി . വലിയ പൊട്ടുവച്ചു . അമ്മ കൊടുത്ത ഒരുമുഴം മുല്ലപ്പൂ ചൂടി . കഴുത്തിൽ പ്രിയപ്പെട്ട പറ്റുകാശിടുകയും സ്വതവേ കറുത്ത മിഴികൾ ഒന്നുകൂടി മഷിയെഴുതി കറുപ്പിക്കുകയും ചെയ്തുവന്നവർക്കു മുന്നിൽ ട്രേയിൽ ചായയുമായി അൽപനേരം തലകുനിച്ചു നിന്നു. പിന്നെ ട്രേ മേശമേൽ വച്ച് തിരിഞ്ഞു നടന്നു . പിൻവാതിൽ കടന്ന് , തൊടികടന്ന് , വിളഞ്ഞുനിൽക്കുന്ന വെള്ളരിക്കണ്ടത്തിൻ്റെ വരമ്പിലൂടെ തലകുനിച്ച് ഉറച്ച കാൽവെപ്പുകളോടെ നടന്നു . തെളിവെള്ളമൊഴുകുന്ന നീർച്ചാലും മുറിച്ചുകടന്ന് ചൂൽപ്പുല്ലുകളുടെ പൊന്തക്കരികിൽച്ചെന്നു പതുക്കെ തലയുയർത്തി. അവിടെ നിൽക്കുന്ന സെബാസ്ററ്യൻ്റെ കറുത്ത കൂട്ടുപുരികങ്ങളിലും ഇടതൂർന്ന കണ്പീലികളിലും കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടവൾ പറഞ്ഞു

"ഇതാ കാണൂ ! കൺനിറച്ചു കാണൂ !"

സെബാസ്ററ്യൻ്റെ ഹൃദയത്തിൽ ഒരു സമുദ്രം ആർത്തലച്ചു . അതിൻ്റെ ആകാശത്തിൽ കാറും കോളും ഉരുണ്ടുകൂടി പേമാരി പെയ്തു . അയാൾ കമലയെ ഇറുകെപ്പുണർന്ന് ആർപ്പുവിളിക്കുന്ന തിരമാലകളിൽ നിലയില്ലാതെ മുങ്ങിപ്പൊങ്ങി .

പിറ്റേന്ന് കമല ഉറക്കമുണർന്ന് തളത്തിലേക്കുള്ള ഗോവണിയിറങ്ങുമ്പോൾ അച്ഛൻ ഉമ്മറത്തു നിന്ന് ആരോടോ പറയുന്നത് കേട്ടു. 
" മ്മടെ കണാരൻ വള്ളപ്പുരേല്ക്കു വെളുപ്പിനെ നടക്കുമ്പഴേ വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിലെ പറങ്കിമാവില്ണ്ട് തൂങ്ങി നിക്കുണൂ ...വർഗ്ഗീസ് മാപ്ലേടെ കുട്ടിയാ .. കൂട്ടുപുരികോക്കെയായിട്ട് ...വെപ്രാളത്തിന്റെടേല് കൊന്ത വലിച്ചു പൊട്ടിച്ചത് കയ്യില്  കുരുങ്ങി കെടക്കണ് ണ്ടാ രുന്നൂത്രേ !"