വേനലവധികളിൽ
പുഴ വറ്റിവരണ്ടു നീർച്ചാലു പോലെ കിടക്കും . വെള്ളക്കെട്ടുകൾ തീർത്ത ചെറിയ വൃത്തങ്ങളിൽ മാനത്തുകണ്ണിയും പരലും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നിയും തെറിച്ചും നടക്കും . കരയിലെ വെള്ളരിക്കണ്ടങ്ങൾ വിളവെടുപ്പുകഴിഞ്ഞ് ഒഴിഞ്ഞു കിടക്കും. അപ്പോഴാണ് കുട്ടികൾ കളിക്കാനിറങ്ങുക . മാല കോർക്കാൻ പൂച്ചക്കുരുതേടി മണൽത്തിട്ടിലെ പൊന്തകളിൽ അവർ അവിടവിടെ പരതി നടക്കും . വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിൽ പന്തലിച്ചു നിൽക്കുന്ന പറങ്കിമാവിൻ്റെ ഏറ്റവും താഴെക്കൊമ്പിൽ നിരന്നിരുന്നവർ പറങ്കിമാങ്ങ രുചിക്കും . പുഴയിലിറങ്ങി തോർത്തുമുണ്ടും തട്ടവുമുരിഞ്ഞു മീൻപിടിക്കും.
കുട്ടികൾ കുട്ടികളായിരുന്നു . അവരുടെ രുചികൾ അവരുടേതു മാത്രമായിരുന്നു . അവരുടെ കലപിലകളും അവരുടെ കലഹങ്ങളും പറങ്കിമാവിൻചോട്ടിലെ കരിയിലയനക്കങ്ങളിൽ ഇടകലർന്നു കിടന്നു .
ചുവപ്പു
തട്ടമിട്ട തെക്കേതിലെ കുഞ്ഞാമിന കുനുകുനുന്നനെ കുറ്റിമുടിയും തിളങ്ങുന്ന ഉണ്ടക്കണ്ണുകളുമുള്ള ആബിദിനോട് ചേർന്ന് മാവിൻ്റെ കൊമ്പിലിരുന്നു . അവൻ്റെ നരച്ച നിക്കറിൻ്റെ ഇടത്തെ കീശയിൽ വിദഗ്ദ്ധ കൈപ്രയോഗങ്ങളേറ്റു പഴകി മിനുത്ത ഒരു കവണി പുറത്തേക്കു തള്ളി നിന്നു . ആബിദിൻ്റെ കവണിപ്രയോഗമേൽക്കാത്ത മാവുകളോ നെല്ലികളോ നെല്ലിപ്പുളികളോ അന്നാട്ടിൽ ഉണ്ടായിരുന്നില്ല . കടത്തുകാരൻ കണാരൻ പോലും സന്ധ്യക്ക് പൊന്തകളിൽ ചേക്കേറുന്ന കൊറ്റിയെയോ കാടയെയോ തെറ്റിവീഴ്ത്താൻ വിദഗ്ദ്ധനായ അവൻ്റെ സഹായം തേടാറുണ്ട് . അങ്ങനെയാണ് കുഞ്ഞാമിന അവൻ്റെ ആരാധികയായത് . വെടിയുണ്ടയേക്കാൾ വേഗത്തിൽ ആ കവണിയിൽ നിന്നും
ചീറിപ്പാഞ്ഞ ഒരു വെള്ളാരംകല്ലു വീഴ്ത്തിയ കണ്ണിമാങ്ങയും കടിച്ചുകൊണ്ട് അവൾ ആബിദിൻ്റെ പരാക്രമകഥകൾ കേട്ടുകൊണ്ടിരുന്നു .
ഹരിയും
സെബാസ്ററ്യനും വെള്ളരിക്കണ്ടത്തിനപ്പുറമൊഴുകുന്ന
ഒരു നീർച്ചാലിലിറങ്ങി തോർത്തുമുണ്ടിൽ മീൻപിടിക്കാൻ ശ്രമിക്കുന്നതുനോക്കി അവൾ ആബിദിനോട് ചോദിച്ചു. ''അനക്ക് പരലിനെ തെറ്റി വീഴ്ത്താന് പറ്റോ?" കേട്ടപാതി കേൾക്കാത്ത പാതി കവണിയും കറക്കി മീൻപിടുത്തക്കാർക്കരികിലേക്ക് ആബിദ്
നടന്നു . ഹരിയും സെബാസ്ററ്യനും മിണ്ടാതനങ്ങാതെ വശത്തെ പുല്ലിനടിയിലേക്കു തോർത്തുമുണ്ടും ചായ്ച്ചു വച്ച് നിൽക്കുന്നു . സെബാസ്ററ്യൻ്റെ സ്വതവേയുള്ള കൂട്ടുപുരികം ഒന്നുകൂടി ചുളിഞ്ഞുകൂടി നിന്നു . മാങ്ങാച്ചുനകൊണ്ട് കരുവാളിച്ച ചുണ്ടുകൾ കൂർത്തു മൂർത്തു നിന്നു . സ്ഥിരമായി അണിയാറുള്ള കൊന്ത കഴുത്തിൽനിന്നും ഞാന്ന് ചലനമറ്റും നിന്നു . ഹരി നനഞ്ഞ ഷർട്ടഴിച്ചു കരയിൽ വച്ചിട്ടുണ്ട് . അവൻ കറുമ്പനാണ് . അവൻ്റെ കറുപ്പിനോട് കുഞ്ഞാമിനക്ക് അടുത്ത കാലത്തായി ഒരിഷ്ടം ജനിച്ചിട്ടുണ്ടെന്ന് ആബിദിനറിയാം
. വഴിതെറ്റി വശത്തൂടെ വന്ന ഒരു പരലിനെ കീഴ്ചുണ്ട് കടിച്ചുപിടിച്ചു ഹരി ശ്രദ്ധാപൂർവ്വം തോർത്തുമുണ്ടിലേക്കു കയറ്റാൻ നോക്കുമ്പോൾ ആബിദിന് അപകടം മണത്തു . പരലിനെയവൻ പിടിച്ചാൽ ആമിനക്കു കവണിയോടുള്ള ആരാധന അല്പമെങ്കിലും കുറയാതിരിക്കില്ല . അതിനാൽ മുണ്ടിനുള്ളിലേക്കു മീൻ കയറി കയറിയില്ല എന്നായപ്പോൾ കീശയിൽ സൂക്ഷിച്ചിരുന്ന കല്ലുകളിലൊന്നെടുത്ത് അവൻ ഉന്നം നോക്കി ഒരൊറ്റത്തെറ്റു തെറ്റി . മീനതിൻ്റെ വഴിക്കു പോകുകയും ചിലമ്പിത്തെറിച്ച വെള്ളം ഉറ്റു നോക്കി നിന്നിരുന്ന ആമിനയുടെ
തട്ടം നനക്കുകയും ചെയ്തു . ഹരി നിരാശയോടെ ആബിദിനെ വെള്ളത്തിൽ വലിച്ചിട്ടു തലങ്ങും വിലങ്ങും തച്ചു . സെബാസ്ററ്യൻ അവൻ്റെ കവണി പിടിച്ചുപറിച്ചു പാടത്തേക്കു വലിച്ചെറിയുകയും ചെയ്തു . അതുകണ്ടു
കിലുകിലെ ചിരിച്ചുകൊണ്ടു നിന്ന കുഞ്ഞാമിനയെ തിരഞ്ഞു മെലോടത്തെ കമല പാഞ്ഞു വന്നു . മുട്ടൊപ്പം ഇറക്കമുള്ള ഉടുപ്പിട്ട അവൾ ആമിനയെയും കൂട്ടി പറങ്കിമാവിന് ചുവട്ടിലേക്കു പോയി ഒരു രഹസ്യം പറഞ്ഞു . അയല്പക്കത്തെ സുനന്ദേടത്തിയെ ഗൾഫിൽനിന്നൊരു ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു . സാരിയുടുത്തു നിറയെ മുല്ലപ്പൂ ചൂടി കഴുത്തിൽ സ്വർണ്ണപ്പറ്റണിഞ്ഞു നിന്നിരുന്ന സുനന്ദേടത്തിയെ കാണാൻ ഭയങ്കര ഭംഗിയായിരുന്നൂ . ഗൾഫുകാരൻ ചെക്കൻ ലീവിന് കല്യാണം നടത്തിയിട്ടേ തിരിച്ചു പോകൂ എന്നാണു കേട്ടത് .
കമലക്കിപ്പോൾത്തന്നെ
സുന്ദരിയാകണം . കാണാൻ ചെക്കൻ വരികയും വേണം . മാർഗ്ഗമെന്ത് ? കുഞ്ഞാമിന കൂലംകക്ഷം ചിന്തിച്ചു . മാവിനപ്പുറം അതിരിൽ വച്ചുപിടിപ്പിച്ചിരുന്ന ചെമ്പരത്തി വേലിയുടെ മറവിലേക്ക് അവൾ കമലയെ കൂട്ടിക്കൊണ്ടുപോയി. തൻ്റെ പാവാടയും ബ്ലൗസുമൂരി കമലയെ ഇടുവിച്ചു . അവളുടെ ഉടുപ്പെടുത്തു സ്വയം അണിയുകയും ചെയ്തു . ചെമ്പരത്തി അല്ലികൾ വാഴനാരിൽ കെട്ടി മാലയുണ്ടാക്കി പന്നിവാലുപോലെ പിരിച്ചു പിന്നിൽക്കെട്ടിയിരുന്ന കമലയുടെ മുടിയിൽ അണിയിച്ചു . തട്ടം ഞൊറിഞ്ഞ് ഒരുതുമ്പ് അവളുടെ അരയിൽ തിരുകി
മറ്റെത്തുമ്പു പാവാടക്കു പിന്നിലൂടെയെടുത്തു നെഞ്ചുവഴി ഞാത്തിയിട്ട് സാരിയും തരപ്പെടുത്തി . അവസാനം സ്വന്തം കഴുത്തിൽ കിടന്നിരുന്ന പൂച്ചക്കുരുമാലയും കമലക്കു ചാർത്തിക്കൊടുത്തതിനു ശേഷം അവളെ അടിമുടി നോക്കിക്കൊണ്ടു കുഞ്ഞാമിന പറഞ്ഞു . " പെണ്ണ് സുന്ദരി ആയിക്കിട്ടോ ..ഇയ്യബ്ടെ കൊമ്പത്തിരി. ഞാമ്പോയി ചെക്കനെ ഒപ്പിച്ചു വെരാം ".
അവളോടി
തല്ലുകൂട്ടം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന ചെക്കന്മാരുടെ അടുത്തു ചെന്നു . " കമലനെ പെണ്ണുകാണാന് ചെക്കനെ വേണം . ഇങ്ങളാരേലും ആകോ?" ഞാനാകാം ഞാനാകാം എന്നുപറഞ്ഞു ചെക്കന്മാർ വീണ്ടും തല്ലും പിടിയും നടത്തിയപ്പോൾ കുഞ്ഞാമിന പറഞ്ഞു " കമല ഹിന്ദുക്കുട്ടിയാണ് . ഹിന്ദുക്കുട്ടിയെ ഹിന്ദുച്ചെക്കനേ കാണാൻ പാടൂ ". അങ്ങനെ ഹരിക്കു നറുക്കു വീണു . ഉണക്കാനിട്ടിരിക്കുന്ന ഷർട്ടെടുത്തണിഞ്ഞു ഹരി തയ്യാറായി . നനഞ്ഞ മുടി വൃത്തിയായി ചരിച്ചു കോതിവച്ചു. കാലിലെ ചേറ് കഴുകിക്കളഞ്ഞു . അസൂയയോടെ നോക്കുന്ന സെബാസ്ററ്യനോടും ആബിദിനോടും അവൻ പറഞ്ഞു '' അല്ലേലും ഇങ്ങക്ക് പറ്റൂല . ഇങ്ങള് ബനിയനാണിട്ടിരിക്കണത്. ഇക്ക് മാത്രേ ഷർട്ട്ള്ളൂ ! പെണ്ണ് കാണാൻ ഷർട്ടിട്ടാണ് ചെക്കമ്മാര് പൂവ്വാറ് ".
അങ്ങനെ
ചെക്കനും കൂട്ടരും മരച്ചോട്ടിലേക്കു നടന്നു . കമലയപ്പോൾ ഒരു തേക്കില ട്രേ പോലെ പിടിച്ചു തലകുനിച്ചു പെണ്ണുകാണലിനു തയ്യാറായി നിൽപ്പുണ്ടായിരുന്നു. ഹരി ഗമയോടെ കീഴ്പ്പോട്ടു ഞാന്നുകിടക്കുന്ന കൊമ്പിലേക്ക് ഒറ്റച്ചാട്ടത്തിനു കേറിയിരുന്നു . ആബിദും സെബാസ്ററ്യനും അപ്പുറവും ഇപ്പുറവുമായി അസൂയ മൂത്തു വക്രിച്ച മുഖത്തോടെയും ഇരുന്നു .
''ചായ
കൊടുക്കിൻ '' ആമിനയുടെ ഉച്ചത്തിലുള്ള ഉത്തരവ് കേട്ട് കമല വിറയലോടെ ഹരിക്കരികിലേക്കു ചെന്നു . സത്യത്തിൽ അപ്പോളാണ് ഹരിയവളെ അടിമുടി നോക്കിയത് . പാവാടയിൽ അല്പം വല്യ പെണ്ണാണ് കമല . ചുവന്ന സാരിയും പൂവുമണിഞ്ഞപ്പോൾ എപ്പോഴും കണ്ണുകളെഴുതി നടക്കാറുള്ള അവൾക്കു കൂടുതൽ ഭംഗിയുണ്ട് . ഹരി ട്രേയിൽ നിന്നും ചായ എടുത്തു കുടിക്കുംപോലെ അഭിനയിച്ചു . അപ്പോൾ ആമിനയവളെ പിന്നോട്ട് വലിച്ചുനിർത്തി ചോദിച്ചു . “നിനക്ക് ചെക്കനെ ഇഷ്ടായോ ?” കമല തലയുയർത്തി നോക്കി . എപ്പോഴും തന്നോട് തല്ലുപിടിക്കാൻ വരുന്ന ഹരി ചെക്കന്റെ ഗമയോടിരിക്കുന്നു .ഇടയ്ക്കിടെ ഷർട്ടിന്റെ കോളർ പിടിച്ചു ശരിയാക്കുന്നുണ്ട് . തൊട്ടപ്പുറത്ത് ആകാംക്ഷയോടെയിരിക്കുന്ന സെബാസ്ററ്യനെയും അവളൊന്നു നോക്കി . അവൻ്റെ ഇടതൂർന്ന കൺപീലിയും തഴച്ചുനിൽക്കുന്ന കൂട്ടുപുരികവും അന്നാണവൾ ശരിക്കു ശ്രദ്ധിച്ചത്. നീണ്ട കോലന്മുടി നെറ്റിയുടെ വശത്തേക്ക് വീണുകിടന്നു. കൊന്ത സ്ഥാനം തെറ്റി തോളിലൂടലസമായി പിന്നോട്ട് കിടന്നു .
"ഇഷ്ടായോന്ന്"?
അരിശത്തിൽ കുഞ്ഞാമിന ഒരു നുള്ളു വച്ച് കൊടുത്തപ്പോൾ കമല പൊടുന്നനെ പറഞ്ഞു "ഇനിക്ക് സെബാസ്ററ്യനെ മതി! ".
ഇത് കേട്ട് സ്തബ്ധിച്ചു പോയ ഹരി ചാടിയെഴുന്നേറ്റു യുദ്ധകാഹളം മുഴക്കി . "നീയ്യ്
ഹിന്ദുക്കുട്ടിയാണ് .
ഹിന്ദുക്കുട്ടിക്ക് ഹിന്ദുക്കുട്ടിയെ മാത്രേ കല്യാണം കഴിക്കാവൂ ". ആമിനയും ആബിദും ശരിവച്ചു . തർക്കങ്ങളും കലപിലകളുമൊന്നും സെബാസ്ററ്യൻ കേട്ടില്ല . അവൻ കമലയെ നോക്കി അന്തിച്ചിരുന്നു . പിന്നീട്
എല്ലാക്കളികളിലും കമല ജയിക്കണമെന്നു സെബാസ്ററ്യൻ രഹസ്യമായി ആഗ്രഹിച്ചു . ഒരിക്കൽ സാറ്റുകളിക്കുമ്പോൾ ചൂൽപ്പുല്ലുകൾക്കിടയിൽ തനിക്കരികിലൊളിച്ചിരുന്ന കമലയുടെ നെറ്റിയിൽ സെബാസ്ററ്യൻ ആരും കാണാതെ ഒരുമ്മ കൊടുത്തു .
മെലിഞ്ഞും
നിറഞ്ഞുമൊഴുകിയ പുഴയോടൊപ്പം ഓരോരോ അവധിക്കാലങ്ങൾ കടന്നുപോയി . കുട്ടികൾ കുട്ടിത്തം വിട്ടു കൗമാരക്കാരായി
. കണ്ടുമുട്ടിയാൽ ചിരിക്കുക മാത്രം ചെയ്ത് അവർ വഴിമാറി നടന്നു . പെണ്ണുങ്ങൾ പെണ്ണുങ്ങളോടൊപ്പവും ആണുങ്ങൾ ആണുങ്ങളോടൊപ്പവും മാത്രം നടന്നു . വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിലെ പറങ്കിമാവ് വരാനിരിക്കുന്ന പിറവികളുടെ കലപിലക്കായി നിശബ്ദം കരിയില പൊഴിച്ച് കാത്തുനിന്നു .
പതിനാലു
തികഞ്ഞതും കുഞ്ഞാമിനയുടെ നിക്കാഹ് കഴിഞ്ഞു . അന്ന് കുറച്ചുനാൾ ആബിദിന് വായ്ക്ക് രുചി തോന്നിയില്ല . പത്തിൽ നല്ല മാർക്ക് വാങ്ങണമെന്ന് പറഞ്ഞ് ഉമ്മച്ചി കൊടുത്തിരുന്ന പോഷകസമൃദ്ധമായ ഉച്ചയൂണ് മുഴുവനും അവൻ ക്ലാസ്സിൻ്റെ ജനാലയിലൂടെ പുറത്തേക്കു ചൊരിഞ്ഞു കളഞ്ഞു . സരോജിനിട്ടീച്ചർ തന്ന ഒറ്റക്കണക്ക് പോലും ശരിയാക്കാനാകാതെ ക്ലാസ്സിനു പുറത്തു കുന്തംകാലിൽ നിന്നു. ഒരു വൈകുന്നേരം ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചുവച്ചിരുന്ന ആ പ്രിയപ്പെട്ട കവണി
അവൻ എടുത്തുകൊണ്ടുപോയി പുഴയിലെറിഞ്ഞുകളഞ്ഞു. പത്താംതരം തോറ്റപ്പോൾ പുഴക്കക്കരെയുള്ള ഉപ്പയുടെ കടയിൽ കണക്കെഴുതാൻ കൂടെക്കൂടി .
പുഴക്കക്കരെയാണ്
നഗരം . കടത്തുകടന്നു കോളേജിലേക്കു പോകുമ്പോൾ ആണിനും പെണ്ണിനും ഒരേ തോണിയിൽ സഞ്ചരിക്കേണ്ടി വന്നു . നാട്ടിലെ ആൺകുട്ടികളുടെ മനസ്സിൽ അനേകം തരുണീമണികളുടെ ചിത്രങ്ങൾ തോണിയിലേറി അക്കരെയിക്കരെ സഞ്ചരിച്ചു . എങ്കിലും സെബാസ്ററ്യൻ്റെ മനസ്സിൽ പതിഞ്ഞുകിടന്ന ചിത്രം കമലയുടേതു മാത്രമായിരുന്നു . ഭാരംകൊണ്ടു ചാഞ്ചാടുന്ന കണാരൻ്റെ തോണിയിൽ കമലയെ നോക്കാനാവാതെ മുഖംകുനിച്ചിരിക്കുമ്പോൾ ഉറക്കെ മിടിക്കുന്ന ഹൃദയം നെഞ്ചിൻകൂടുപൊളിച്ചു പുറത്തു ചാടുമോ എന്നയാൾ ഭയപ്പെട്ടു . കാലം പിന്നോട്ടു പോയിരുന്നെങ്കിൽ ! ചൂൽപ്പുല്ലുകൾക്കിടയിലിരുന്ന്
കമലയെ ഒരിക്കൽക്കൂടി ചുംബിക്കാൻ അയാൾ അതിയായി മോഹിച്ചു .
ഡിഗ്രി
ആദ്യവർഷത്തിൻ്റെ അവസാന ദിവസം പാട്ടും കൈകൊട്ടുമായി കടത്തുകടക്കവേ പാടിക്കൊണ്ടിരുന്ന ഹരി കമലയെ നോക്കി . മനോഹരമായി പാടുന്ന , ഉറച്ച മുദ്രാവാക്യം വിളിക്കുന്ന, കറുപ്പഴകിൽ കവിതയൊളിപ്പിച്ച സഖാവ് ഹരിയോട് ആരാധന തോന്നാത്ത പെൺകുട്ടികൾ കോളജിൽ ചുരുക്കമായിരുന്നു . എങ്കിലും അയാൾക്ക് കമലയെക്കാണുമ്പോൾ പറങ്കിമാവിൻ ചുവട്ടിലെ പെണ്ണുകാണൽനാടകമോർമ്മവരും. ഉറ്റ ചങ്ങാതിയുടെ ഹൃദയം മുഴുവൻ, അവൾ നിറഞ്ഞു നിൽക്കുന്നതറിയാവുന്നതുകൊണ്ട്
അയാൾ തൻ്റെ മോഹത്തെ തിരിഞ്ഞുപോലും നോക്കാതെ ഉപേക്ഷിക്കുകയാണുണ്ടായത് . തോണിയുടെ അമരത്തു പുറംതിരിഞ്ഞു പൊന്തകളിലേക്കു നോക്കിയിരിക്കുന്ന സെബാസ്ററ്യനെ നോക്കി ഹരി ഉറക്കെപ്പാടി.
" ഇന്നു
മുഴുവൻ ഞാനേകനായീ ...
കുന്നിൻ
ചരിവിലിരുന്നു പാടും ...
ഇന്നു
ഞാൻ കാണും കിനാക്കളെല്ലാം ...
നിന്നേക്കുറിച്ചുള്ളതായിരിക്കും
..."
അത്
കേട്ടു കമല മുഖത്തു വിടർന്നുവന്ന പൂത്തിരിപോലത്തെ പുഞ്ചിരി കടിച്ചമർത്തി. തോണി കടവിലടുത്തപ്പോൾ എല്ലാവരും ഇറങ്ങി ഒറ്റക്കും കൂട്ടമായും അവരവരുടെ വഴികളിലേക്ക് നടന്നു .
പുഴക്കക്കരെ
കുന്നുകൾക്കു പിന്നിലേക്കു മറയുന്ന സൂര്യനെ നോക്കി നടക്കവേ ഈ വേനലവധിയിൽ ഒരിക്കൽ
പോലും താൻ കമലയെ കാണുവാൻ സാധ്യതയില്ലെന്ന് സെബാസ്ററ്യൻ ഓർത്തു . ചൂൽപ്പുല്ലുകൾ വളർന്നുനിൽക്കുന്ന പൊന്തക്കരികിലെത്തിയപ്പോൾ കമലയതാ അവിടെ നിൽക്കുന്നു . അവളുടെ അരികിലേക്ക് നടക്കുമ്പോൾ ശ്വാസോച്ഛ്വാസത്തിനു വേഗം കൂടി . ഉച്ചത്തിലുള്ള ഹൃദയമിടിപ്പുകൾ അവൾകൂടി കേൾക്കുമോ എന്നയാൾ സംശയിച്ചു .
കമല കൂസലന്യേ ചോദിച്ചു . '' സെബാസ്ററ്യനെന്താ മിണ്ടാത്തത് ?" അയാൾ മിഴിച്ചു നിൽക്കവേ അവൾ തുടർന്നു '' എന്നെ പെണ്ണുകാണാൻ വരേണ്ടത് സെബാസ്ററ്യനല്ലേ ? എന്നിട്ടെന്താ എന്നെക്കാണുമ്പോൾ മാറി നടക്കുന്നത് "? അയാൾക്ക് ചിരിപൊട്ടി. അവരുടെ ചിരി കാറ്റിൽ ചൂളം കുത്തുന്ന ചൂൽപ്പുല്ലുകൾക്കിടയിലേക്കൂർന്നുവീണപ്രത്യക്ഷമായി.
അന്നു
കുളിച്ച് അത്താഴം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരുതരം ആഹ്ളാദം സെബാസ്ററ്യനു തികട്ടിത്തികട്ടി വന്നു . മോരുകൂട്ടാൻ കുഴച്ച കുത്തരിച്ചോറിനേക്കാളും കാന്താരിമുളകിട്ടിടിച്ച ഉണക്കമീൻ ചമ്മന്തിയെക്കാളും രുചിയുള്ളോരാഹ്ളാദം. അത് പാടുപെട്ടടക്കിപ്പിടിച്ചു വല്ലപാടും അത്താഴം കഴിച്ചു തീർക്കവേ അപ്പൻ പറഞ്ഞു . '' ഞാനിന്നേ മ്മടെ ജോർജച്ചനെ കണ്ടാർന്നു . നെനക്ക് സെമിനാരീല് ചേരാം . അമ്മച്ചീടെ നേർച്ചയാ". സെബാസ്ററ്യൻറെ കാതുകളിൽ ചൂൽപ്പുല്ലുകൾ അസഹ്യമാം വിധത്തിൽ ചൂളം കുത്തി . അയാൾ കഴിപ്പു മതിയാക്കി കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു . മയക്കത്തിലെപ്പോഴോ പറങ്കിമാവിൻ ചോട്ടിൽ നിന്ന് കുഞ്ഞാമിന വിളിച്ചു പറയുന്നത് കേട്ടു. ''സെബാസ്ററ്യന് ഓളെ ചത്താലും കിട്ടൂല..ഒറപ്പാ ". അയാൾ ഞെട്ടിയുണർന്നു . അമ്മ സമ്മാനിച്ച കൊന്ത വിയർപ്പിൽ കുതിർന്നു കിടന്നിരുന്നു .തൻ്റെ സങ്കൽപ്പങ്ങൾക്ക് പോലും കടിഞ്ഞാണിടാൻ പോന്ന ആ വസ്തുവിനോട് അയാൾക്ക്
അതി കഠിനമായ വെറുപ്പ് തോന്നി .
പിറ്റേന്നു
മുതൽ അയാൾ വീട്ടിൽ കയറാതെ കഴിച്ചു . പകൽ മുഴുവൻ വായനശാലയിലും സന്ധ്യക്ക് കണാരൻ്റെ വള്ളപ്പുരയിലും കൂടി . മകനെന്തുപറ്റി എന്നറിയാതെ അപ്പനും അമ്മയും പകച്ചു . പാതിരിയാവുക എന്നാൽ ദൈവത്തിൻ്റെ പ്രതിപുരുഷനാവുക എന്നാണർത്ഥം . സെബാസ്ററ്യനെപ്പോലെ ദൈവവിചാരമുള്ള ഒരുത്തൻ ഈക്കരയിലില്ല . മകനു ദൈവവിളി ഉണ്ടായതിൻറെ ലക്ഷണങ്ങളാകുമെന്നു കരുതി അവർ സമാധാനിച്ചു .
ഒന്നുരണ്ടാഴ്ച
കഴിഞ്ഞ് വായനശാലയിൽ വെച്ച് ഹരി പറഞ്ഞു. കമലക്ക് ആലോചന നടക്കുന്നുണ്ട് .ഇനി പഠിപ്പിക്കേണ്ടെന്നാണ് അവരുടെ തീരുമാനം . അടുത്ത ബുധനാഴ്ച ഒരു കൂട്ടർ വരണുണ്ട് . "വേണ്ടോളം സ്വത്തുള്ള തറവാട്ടിലേക്കയക്കുന്ന പെങ്കുട്യോള് പഠിക്കണതെന്തിനാന്നാ അവടെ തന്ത നായര് ചോദിക്കണേ " ഹരി രോഷം കൊണ്ട് പല്ലിറുമ്മി .
ബുധനാഴ്ച
രാവിലെ കമല കുളിച്ചൊരുങ്ങി ചുവന്ന പട്ടുസാരി ചുറ്റി . വലിയ പൊട്ടുവച്ചു . അമ്മ കൊടുത്ത ഒരുമുഴം മുല്ലപ്പൂ ചൂടി . കഴുത്തിൽ പ്രിയപ്പെട്ട പറ്റുകാശിടുകയും സ്വതവേ കറുത്ത മിഴികൾ ഒന്നുകൂടി മഷിയെഴുതി കറുപ്പിക്കുകയും ചെയ്തു. വന്നവർക്കു മുന്നിൽ ട്രേയിൽ ചായയുമായി അൽപനേരം തലകുനിച്ചു നിന്നു. പിന്നെ ആ ട്രേ മേശമേൽ
വച്ച് തിരിഞ്ഞു നടന്നു . പിൻവാതിൽ കടന്ന് , തൊടികടന്ന് , വിളഞ്ഞുനിൽക്കുന്ന വെള്ളരിക്കണ്ടത്തിൻ്റെ വരമ്പിലൂടെ തലകുനിച്ച് ഉറച്ച കാൽവെപ്പുകളോടെ നടന്നു . തെളിവെള്ളമൊഴുകുന്ന നീർച്ചാലും മുറിച്ചുകടന്ന് ചൂൽപ്പുല്ലുകളുടെ
പൊന്തക്കരികിൽച്ചെന്നു
പതുക്കെ തലയുയർത്തി. അവിടെ നിൽക്കുന്ന സെബാസ്ററ്യൻ്റെ കറുത്ത കൂട്ടുപുരികങ്ങളിലും ഇടതൂർന്ന കണ്പീലികളിലും കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടവൾ പറഞ്ഞു
"ഇതാ
കാണൂ ! കൺനിറച്ചു കാണൂ !"
സെബാസ്ററ്യൻ്റെ ഹൃദയത്തിൽ ഒരു സമുദ്രം ആർത്തലച്ചു . അതിൻ്റെ ആകാശത്തിൽ കാറും കോളും ഉരുണ്ടുകൂടി പേമാരി പെയ്തു . അയാൾ കമലയെ ഇറുകെപ്പുണർന്ന് ആർപ്പുവിളിക്കുന്ന തിരമാലകളിൽ നിലയില്ലാതെ മുങ്ങിപ്പൊങ്ങി .
പിറ്റേന്ന്
കമല ഉറക്കമുണർന്ന് തളത്തിലേക്കുള്ള ഗോവണിയിറങ്ങുമ്പോൾ അച്ഛൻ ഉമ്മറത്തു നിന്ന് ആരോടോ പറയുന്നത് കേട്ടു.
" മ്മടെ കണാരൻ വള്ളപ്പുരേല്ക്കു വെളുപ്പിനെ നടക്കുമ്പഴേ ആ വെള്ളരിക്കണ്ടത്തിൻ്റെ വടക്കേ അതിരിലെ
പറങ്കിമാവില്ണ്ട് തൂങ്ങി നിക്കുണൂ ...വർഗ്ഗീസ് മാപ്ലേടെ കുട്ടിയാ ..ആ കൂട്ടുപുരികോക്കെയായിട്ട് ...വെപ്രാളത്തിന്റെടേല് കൊന്ത വലിച്ചു പൊട്ടിച്ചത് കയ്യില് കുരുങ്ങി
കെടക്കണ് ണ്ടാ രുന്നൂത്രേ
!"
സൂര്യാ... പാവം സെബാസ്റ്റ്യനെ കൊല്ലണ്ടർന്നു
ReplyDeleteഎന്ത് രസാ വായിക്കാൻ..
മനസ്സു നിറച്ചു..
പ്രത്യേകിച്ച് കുട്ടിക്കാലം...
അസൂയ തോന്നുന്നു നിന്റെ എഴുത്തിനോട്...
അതി മനോഹരം ട്ടോ
സെബാസ്റ്റ്യനെ കൊന്നതല്ല ചേച്ചി.. അവൻ ദുഃഖം സഹിക്കാനാവാതെ തനിയെ എന്റെ മനസ്സിന്റെ പറങ്കിമാവിൻ കൊമ്പിൽ തൂങ്ങി മരിച്ചു..കമലക്കു മരിക്കാൻ പോലുമാവാതെ ഇന്നും മരിച്ചു ജീവിക്കുന്നു 😒സ്നേഹം ട്ടോ വായിച്ചതിനും ഇഷ്ടപ്പെട്ടേനും 😘😘ചേച്ചിക്കുണ്ടായ സ്നേഹത്തിൽ പൊതിഞ്ഞ അസൂയയാണ് ട്ടോ എനിക്ക് കിട്ടിയ ബഹുമതി ❤️❤️❤️
Deleteഎന്തൊരു എഴുത്താണിത് സൂര്യ. അതിമനോഹരായി വിരിഞ്ഞു വന്ന കഥയും കഥാപാത്രങ്ങളും...അവസാനമോ, എന്നെ ഒരു മുൾപടർപ്പിലേക്ക് തള്ളിയിടുകയും ചെയ്തു.
ReplyDeleteപക്ഷേ,അതാണല്ലോ ജീവിതത്തിന്റെ പൊതു സ്വഭാവം.
ഈ കഥ ഒരുപാട് പേരിലേക്ക് എത്തണം എന്നാഗ്രഹിക്കുന്നു. അത്രയ്ക്കും നിലവാരമുള്ള എഴുത്ത് ❤️❤️❤️
സ്നേഹം കൂട്ടുകാരീ ❤️എന്നും എന്റെ എഴുത്തുകൾ ഇഷ്ടപ്പെട്ടവളാണ് നീ 😍നിനക്ക് തരാൻ സ്നേഹം മാത്രം !
Deleteവായനാസുഖമുള്ള ഹൃദ്യവും, ലളിത സുന്ദരവുമായ വരികളിലൂടെ സ്വച്ഛതയോടെ സഞ്ചരിച്ചു. കണ്ടുമുട്ടുന്നവർ മനസ്സിൽ ഇടംപ്പിടിക്കുന്നവർ! അവസാനം ഒരു നൊമ്പരമായി സെബാസ്റ്റ്യൻ ...
ReplyDeleteനന്മകൾ ആശംസകൾ
മാഷിനെപ്പോലുള്ള ഒരാളുടെ മനസ്സിൽ എന്റെ കഥാപാത്രങ്ങൾ ഇടം പിടിച്ചെങ്കിൽ അതിൽപരം ബഹുമതി എന്താണ്? നന്ദി സർ. എന്റെ ഓരോ പോസ്റ്റുകളിലും എത്തുന്നതിനു 🙏🙏
Deleteമനോഹരം സൂര്യ.. കഥയുടെ അവതരണ ശൈലിയാണ് എനിക്കിഷ്ടപ്പെട്ടത്.
ReplyDeleteThanks മുബി. സ്നേഹം ട്ടോ🥰🥰
Deleteസൂര്യാ നല്ല ഇഷ്ടായി ട്ടാ.കമലയും കുഞ്ഞാമിനയും-ആബിദ്,ഹരി സെബാസ്റ്റ്യൻ ത്രയവും ഒരുപാട് കാലം ഓർമ്മയിൽ അവശേഷിക്കും.//പെണ്ണുങ്ങൾ പെണ്ണുങ്ങളോടൊപ്പവും ആണുങ്ങൾ ആണുങ്ങളോടൊപ്പവും മാത്രം നടന്ന് തുടങ്ങുന്ന ഗതികെട്ട ആ പരിവർത്തനത്തിന്റെ സൂചന നന്നായി.പൊട്ടിച്ചെടുത്ത കൊന്തയുമായി ദൈവവിളിയുടെ നിസ്സഹായതയിൽ തൂങ്ങിയാടുന്ന സെബാസ്റ്റ്യൻ വേദനയായി.ഒരുപാട് സന്തോഷം ട്ടാ ,സൂര്യ ഇത്രയും ഗംഭീരായി എഴുതികാണുമ്പോ.
ReplyDeleteബാല്യമാണ് ഏറ്റവും മനോഹര കാലം വിജുച്ചേട്ടാ.. അതുകഴിഞ്ഞുള്ള കാലമത്രയും സ്വത്വത്തിൽ നിന്നകന്നു കഴിയാൻ വിധിക്കപ്പെട്ട ആത്മാവാണ് ഓരോ മനുഷ്യനും.. നോക്കൂ ബാല്യത്തിലൊഴികെ മറ്റെവിടെയും കമലക്കു എനിക്ക് സെബാസ്റ്റിയൻ മതി എന്ന് പറയുവാനാകുന്നില്ല.. യൗവനത്തിൽ അയാളോ കമലയെ സ്നേഹിച്ചതിനു കൊടുക്കേണ്ടി വന്ന വില ജീവനും.. മനുഷ്യൻ വാർദ്ധക്യത്തിലേക്കല്ല സത്യത്തിൽ ബാല്യത്തിലേക്കാണ് വളരേണ്ടതല്ലേ.. ബൗദ്ധികമായെങ്കിലും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. സ്നേഹം ട്ടോ ❤️
Deleteഎഴുത്തിന്റെ വരം കിട്ടിയൊരാളെ കണ്ടുമുട്ടിയ, കൂട്ടുകാരിയായി കിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ.!!
ReplyDeleteഎന്തൊരെഴുത്താണിത് സൂര്യ.!!!
വായിക്കുന്ന ഓരോരുത്തരെയും ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന എഴുത്ത്... ഇനിയുമിനിയും എഴുതൂ ... വലിയ എഴുത്തുകാരി ആകൂ പ്രിയപ്പെട്ടവളെ ...
സെബാസ്റ്റ്യൻ... എന്നും ഒരു കണ്ണീരോർമ്മയായി മനസ്സിന്റെ കോണിൽ ഉണ്ടാകും..!!!
വായിച്ചതിനും ആശംസകൾക്കും സ്നേഹം കല്ലോലിനി.. എഴുത്തുകാരി ആകുമോ എന്നെനിക്കറിയില്ല. എങ്കിലും ഈ ചെറിയ കണ്ണുകൾകൊണ്ട് വലിയ കഥകളൊളിപ്പിച്ച വിശാല ലോകത്തെ ഞാൻ കാണുന്നുണ്ട്.. ആ കഥകൾ ഉൾക്കാഴ്ചകളിലേക്കു നയിക്കട്ടെ എന്ന് പ്രാർത്ഥിക്കാറുമുണ്ട്. സ്നേഹം ട്ടോ ❤️
Deleteസൂര്യാ ... എഴുത്തിന്റെ ശൈലി ഏറെ ഇഷ്ടമായി. കുട്ടിക്കാലവും അന്നത്തെ ഓർമ്മകളും ഒക്കെ മനോഹരമായി പകർത്തി . പക്ഷെ അവസാനം സെബാസ്ററ്യനെ കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി .
ReplyDeleteസെബാസ്റ്റ്യൻ മരിച്ചതിൽ ഏറെ ദുഃഖിച്ചവളാണ് ഗീതാച്ചി ഞാനും.. ഞാൻ കൊന്നതേയല്ല. അയാൾ കമലക്കുവേണ്ടി മരിച്ചു. കാല്പനികത ഒട്ടും തീണ്ടാത്ത ഒരു പ്രണയകഥയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് 😔 സ്നേഹം ചേച്ചി 🥰
Deleteനാലാം നിലയിലേക്ക് കയറിയാൽ വെറുതെയാവില്ല. ഏതേത് വികാരങ്ങൾ കൊണ്ടാണ് , എഴുത്തിന്റെ ഏത് രാസിക വഴിയിലൂടെയാണ് , ശില്പഭദ്രതയുടെ ഏതേത് അളവുകളിലാണ് വായനക്കാരന്റെയുള്ളിൽ തിരയിളക്കമുണ്ടാ ക്കാൻ പോകുന്നതെന്ന് പറയാനാകില്ല, അത് അനുഭവിച്ച് അറിയണം.
ReplyDeleteസല്യൂട്ട് സൂര്യാ..
ഈ സല്യൂട്ടിന് മുൻപിൽ ഞാൻ തല കുനിച്ചൂട്ടോ.. മുടങ്ങാതെ നാലാം നില കയറി ഈ തുടക്കക്കാരിയെ വീണ്ടും മുകളിലോട്ടുള്ള നിലകൾ കയറാൻ പ്രേരിപ്പിക്കുന്നതിന്. സ്നേഹം സമൻ ചേട്ടാ 🥰🥰
ReplyDeleteഉഗ്രൻ കഥ. നല്ല ലാളിത്യമുള്ള ഭാഷ. ഓരോ കഥാപാത്രങ്ങളും ബാല്യത്തിെലെ സംഭവങ്ങളും മനസ്സിൽ പോറലേൽപിക്കകുന്നു.
ReplyDeleteഓരോ കഥകൾ എഴുതിക്കഴിയുമ്പോൾ നിലവാരത്തിന്റെ ഓരോ പടികൾ നടന്നുകയറുകയാണ്. ഒന്നാം നിലയിൽ ആദ്യെത്തെ പടിയിൽ ഞാൻ ണ്ട്.
നന്ദി ഉദയൻ ചേട്ടാ..🙏🙏
Deleteവളരെ നല്ല ശൈലിയിൽ എഴുതി.സെബാസ്റ്റ്യനെ കൊല്ലേണ്ടിയിരുന്നോയെന്നെനിക്കും തോന്നി. പാവം സെബാസ്റ്റ്യൻ അച്ചനായി വന്നിട്ട് വീണ്ടും കമലയെ കാണണമായിരുന്നു. ഇപ്പോഴും കാത്തിരിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി കമലയേ..!( എന്റെ ഭാവന)
ReplyDeleteആശംസകൾ ....
സെബാസ്റ്റ്യൻ മരിക്കരുതായിരുന്നു എന്ന് ഞാനും ആഗ്രഹിച്ചു.. പക്ഷെ മരിക്കാതിരുന്നെങ്കിൽ യാഥാർഥ്യങ്ങളുടെ ലോകത്ത് അയാൾ അനുഭവിച്ചേക്കാവുന്ന വ്യഥ ഓർക്കുമ്പോൾ മരണം തന്നെ നീതി എന്നു തോന്നുന്നു. നന്ദി വി കെ സർ ആസ്വദിച്ചതിന് 🙏🙏🙏
Deleteവളരെ നല്ല കഥ , അതിലും നല്ല അവതരണം … ആബിതും , ആമിനയും , ഹരിയും , സെബാസ്ട്യനും കമലയും ; എല്ലാ കഥാപാത്രങ്ങളും അതി ഗംഭീരമായി …. ചെറിയ കുട്ടികളുടെ കളികൾക്കിടയിലെ ആ പെണ്ണുകാണൽ വളരെ രസിച്ചു വായിച്ചു … അവസാനം ട്രാജഡി ആയതു ഒരു ഞെട്ടലായി ….
ReplyDeleteആസ്വദിച്ചതിന് നന്ദി ഷഹീം ഭായ് 🥰🙏🙏
Deleteമനോഹരമായിട്ടുണ്ട്. സെബാസ്റ്റിയനെ കൊല്ലേണ്ട എന്നായിരുന്നു അഭിപ്രായം.
ReplyDeleteബാല്യത്തിലെ കനവുകൾ പുഷ്പിക്കാതെ കനവുകളായ് അവശേഷിക്കുമ്പോൾ താങ്ങാനാവാതെ പലരും ചെയ്തു പോകുന്ന കടുംകൈ... എങ്കിലും സെബാസ്റ്റ്യൻ... വേണ്ടായിരിന്നു... :(
ReplyDeleteഅതേ.. വേണ്ടായിരുന്നു എന്ന് എനിക്കും പറയണമെന്ന് തോന്നി. പക്ഷേ സെബാസ്റ്റ്യന്റെ ഹൃദയത്തിന്റെ ആഴത്തിന് മുന്നിൽ കഥാകാരി തോറ്റുപോയി വിനുവേട്ടാ..
Deleteആബിദ് എന്ന ഞാനും ഈ കഥയിലെ കഥാപാത്രം!
ReplyDeleteകുട്ടിക്കാലത്തെ പല സ്ഥലങ്ങളിലേക്കും ഓരോരുത്തരെയും കൊണ്ടു പോകുന്ന കഥ ഗംഭീരമായി.
ഹിഹി അത് ഞാൻ ഓർത്തില്ലാട്ടോ മാഷേ😍 ആസ്വദിച്ചു എന്നതിൽ സന്തോഷം 🙏🙏🥰
Deleteഎഴുതാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. വായനക്കാരെ ആ ലോകത്തിലൂടെ കൊണ്ട് പോകാൻ കഴിയുന്നത് ഒരു എഴുത്തുകാരുടെ കഴിവാണ്. താങ്കൾക്കതിന് കഴിഞ്ഞു. എന്നാലും സെബാസ്റ്റ്യൻ മരിക്കണ്ടായിരുന്നു മനോഹരമായ എഴുത്ത്
ReplyDeleteവായനക്ക് നന്ദി ചേച്ചി 🙏🙏
ReplyDeleteകുട്ടിക്കാലത്തെ കൊച്ചു കളികളിലൂടെ പെണ്ണുകാണലിന്റെ കൗതുകങ്ങൾ രസകരമായി എഴുതി.
ReplyDeleteനന്ദി മാഷേ 🙏ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ നിറഞ്ഞ സന്തോഷം🙏🥰🥰
ReplyDeleteഒന്ന് തൊടാതെ പോയീ, വിരൽത്തുമ്പിനാൽ...
ReplyDeleteഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ...
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനെ...
Deleteഎന്നെന്നുമെൻ പാനപാത്രം നിറക്കട്ടെ..
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന ❤️
മറക്കാതിരിക്കാൻ മരിക്കുക എനിക്ക് മുന്നേ
ReplyDeleteനിന്നെ മനസിലാക്കാൻ കൊല്ലുക നീ സ്വയം
നിന്നിലേക്ക് അടുക്കാൻ ഇനി മറ്റൊരു മാർഗമില്ല
മരണം അത് ഉത്തമമാകുന്നു ഈ നിമിഷം...
സെബാസ്റ്റ്യൻ നെ കൊന്നത് വളരെ നന്നായി.. കാരണം അപ്പോഴാണ് ഇത് കഥയല്ലാതെ ആയത്.. ആരുടെയൊക്കെയോ ജീവിതമാണ് ഞാൻ വായിച്ചത്.. നിസരമായൊരു കഥയായി പരിണമിക്കേണ്ടതില്ല.
ഒരു നല്ല നിലവാരം പുലർത്തുന്ന കഥ. പുതിയ കഥരീതി..
ചേച്ചിയുടെ നിലവാരം നാലാം നിലയിൽ നിന്നും ഉയരുകയാണ്..
മനോഹരം...
ഒരു അഭ്യർത്ഥന... വിഷയം തന്നാൽ എഴുതാൻ കഴിയില്ലെന്ന ചേച്ചിയുടെ പ്രസ്താവന പിണവലിക്കണം.. നീതി പാലിക്കുക..😂😂
അതേ.സെബാസ്റ്റ്യൻ മരിച്ചത് നന്നായി.. ഇല്ലെങ്കിൽ ആനന്ദ് പറഞ്ഞത്പോലെ ഒരിക്കലും പ്രാപ്യമല്ലാത്ത പ്രണയത്തെ ഓർത്ത് അയാൾ ജീവനോടെ വെന്ത് നീറിയേനെ..തോറ്റുപോയവരുടേതുകൂടിയാണല്ലോ ലോകം.അവരുടെ കഥകളും നാം എഴുതണമല്ലോ. കഥ ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏
ReplyDeleteസത്യമായും വിഷയം തന്ന് കഥഎഴുതാൻ എനിക്ക് വിരുതില്ല.. ഇത് ഇങ്ങനെ സംഭവിച്ചു എന്ന് മാത്രം 😆😆
മരിച്ചിട്ടും ജീവിക്കുന്ന സെബാസ്റ്റ്യന്മാരും മരിക്കാതെ ജീവിക്കുന്ന കമലമാരും. ബാല്യം അതിമനോഹരമായി വർണ്ണിച്ചിട്ടുണ്ട്. അകലങ്ങൾ ഉണ്ടാവുന്നതും. തികവുള്ള എഴുത്ത്. അഭിനന്ദനങ്ങൾ.
ReplyDeleteകമല പിന്നീട് മരിച്ചു ജീവിക്കുകയാണ് ചെയ്തത്. സെബാസ്റ്റ്യൻ അവളിൽ മരിക്കാതെയും ജീവിച്ചു. വായിച്ചതിന് നന്ദി രാജ് 🙏
Deleteകളിവീടിനുള്ളിൽ മാരനെ
ReplyDeleteകാണുവാൻ അണിയിച്ചൊരുക്കുന്ന
കൂട്ടുകാരി മുതൽ പ്രണയത്താൽ ജീവിതം
വെടിഞ്ഞവരും മരിച്ചുജീവിക്കുന്ന പ്രണയ ഹൃദയങ്ങൾ
പേറിനടക്കുന്നവരുമായ നാം ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്ന
ജീവിത ബിംബങ്ങളാണ് ഇത്തവണ നാലാം നിലയിൽ നിന്നും നമ്മെ
കാണുവാൻ എത്തയിരിക്കുന്ന ഇതിലെ ഓരോ കഥപാത്രങ്ങളും...
സൂര്യയുടെ എഴുത്തിന്റെ
വരവും ഭാവുകത്വവും തുടിച്ചുനിൽക്കുന്ന വരികൾ...!
നന്ദി മുരളിച്ചേട്ടാ.. ഇത്തവണയും നാലാംനിലയിൽ എത്തിയതിന് 🙏🙏
Deleteനല്ല ഒഴുക്കോടെ വായിച്ചു പോകാൻ പറ്റി. മനോഹരമായി എഴുതി.
ReplyDeleteനന്ദി മഹേഷ് !
Deleteപോസ്റ്റ് ന്റെ വലിപ്പം കണ്ട് ആദ്യത്തെ ദിവസം വന്നു വായിച്ചു തുടങ്ങിയിട്ട് തിരിച്ചു പോയതായിരുന്നു. ഇപ്പോൾ കുത്തിയിരുന്നു മുഴുവൻ വായിച്ചു. അതിമനോഹരം എന്ന് പറയാതെ വയ്യ.
ReplyDelete