കപില (ഭാഗം -1)

 അവനെത്തേടി ഞാൻ അനന്തകാലമായി അലയുന്നു. പ്രപഞ്ചോൽപ്പത്തിയിൽ എന്നിൽനിന്നടർന്നു പോയ പാതിയാണവൻ. എന്റെ അടർന്ന അരികുകളിലെ താഴ്ചകളിൽ അവന്റെ ഉയർച്ചകളുണ്ട്. അവന്റെ ഇരുൾവീണുൾവലിഞ്ഞ ഓരോ ബിന്ദുക്കളിലും എന്നിൽനിന്നിറ്റു വീണൊരു പ്രകാശരേണു പറ്റിയിരുപ്പുണ്ട്. എന്നെ പ്പോലെ തന്നെ അവളും! സഹ്യനിൽ നിന്നുണർന്ന്, താൻ പാതിയുടെ ഉപ്പുകലർന്ന മാറിടം തേടി അനന്ത കാലമായി അവൾ ഒഴുകിയലയുന്നു.

ഉച്ചവെയിൽ ചാഞ്ഞു മയങ്ങുന്ന അവളുടെ പുൽത്തിട്ടിൽ ചുവന്ന പൂക്കൾ പൊഴിച്ചിട്ട പ്ലാശിനു കീഴെ കാലുകൾ രണ്ടും നീറ്റിലാഴ്ത്തി അലസമായിരിക്കുമ്പോൾ വെറുതെ ചിന്തിച്ചു. തീർത്തും അപരിചിതമായ ഈ ലോകത്തിന്റെ ഉന്മാദാവേഗങ്ങൾ എന്നെപ്പോലെ തന്നെ അവളെയും മുറിപ്പെടുത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുണ്ടാവണം.

കബിനി നദിയല്ല. അനന്തകാലമായി ഒരു ഗോത്ര സംസ്കൃതിയെ പാലൂട്ടി വളർത്തിയ മാതാവാണവൾ. അവൾക്ക് വിളഞ്ഞ ഗോതമ്പു വയലുകളുടെ സ്വർണ്ണനിറമല്ല.മുളങ്കുറ്റിയിൽ കാട്ടു തേനേന്തി പരുത്ത പാദങ്ങളാൽ കരിയിലകൾ ഞെരിച്ചു നടന്നുവരുന്ന ആദിമ പെൺകൊടിയുടെ കറുപ്പു നിറമാണ്! ഇടയ്ക്ക് കളിപറഞ്ഞു കലമ്പിചിരിക്കുമവൾ! ഇടയ്ക്കു കണ്ണുനീരുറവു വാർക്കുമവൾ!ശിശിരങ്ങളിലെ പൗർണമി രാത്രികളിൽ നിർലജ്ജം നിലാവിനോട് രമിക്കുമവൾ. ആർത്തലക്കുന്ന വർഷകാല സന്ധ്യകളിൽ കുറുകെ കടന്നുവരുന്ന എന്തിനെയും കലിതുള്ളി കടപുഴക്കിഎറിയുമവൾ. അവൾക്ക് പൂജാദ്രവ്യങ്ങളുടെയും എരിഞ്ഞൊടുങ്ങിയ ദേഹങ്ങളുടെയും മണമല്ല. കരിഞ്ഞ കായാമ്പൂവിന്റെയും കരിമരുതിലകളുടെയും ഗന്ധം. അവളുടെ ഹർഷോന്മാദങ്ങൾക്ക് ഒളിവും മറയുമില്ല. അവൾ നാഗരികതയുടെ കലർപ്പില്ലാത്ത യാതൊരു ദൈവിക പരിവേഷവുമില്ലാത്ത തികച്ചുമൊരു വനകന്യക! അവളെ കപിലയെന്നു വിളിക്കാനെനിക്കിഷ്ടം.

ചെറുചൂടുള്ള ഉച്ചക്കാറ്റിൽ അവൾകൊണ്ടിട്ട ചേറ്റിൽ വിളഞ്ഞു മതിർത്ത നെൽവയലുകളുടെ ഗന്ധം. വഴികാണിച്ചു കൂട്ടിനു വന്ന ചോമൻ അവൾക്ക് നടുവിലേക്ക് അരയൊപ്പം വെള്ളത്തിൽ ഇറങ്ങി ഈറ്റത്തണ്ട് കൊണ്ട് ആഴവും ഒഴുക്കും പരിശോധിക്കുന്നു. ചോമൻ അർദ്ധ നഗ്നനാണ്. അവളിലേക്കിറങ്ങുമ്പോൾ ഭഗവതികോവിലിലേക്കെന്നപോലെ അവൻ മേൽവസ്ത്രം അഴിച്ചുവെക്കും. അവളുടെ മുലപ്പാലിൽ മുങ്ങിനിവരാൻ അവനു സർവേന്ദ്രിയങ്ങളും ആവശ്യമുണ്ട്. അതിൽ മുങ്ങി അവൻ വാത്സല്യം ശ്വസിക്കും! വാത്സല്യം ശ്രവിക്കും! വാത്സല്യം രുചിക്കും! അതിന്റെ ഊഷ്മളതയെ പുണരും!

എന്റെ ഇന്ദ്രിയങ്ങൾ അവനെപ്പോലെയല്ല. അവ കാലങ്ങളായി ഉത്തരാധുനികതയുടെ ശബ്ദങ്ങളും ഗന്ധങ്ങളും രുചികളും അനുഭവിച്ചു പഴകിയതാണ്. ഒരു മത്സ്യം ഊളിയിടുന്ന ശബ്ദമോ, അകലത്തുപൊന്തയിലുള്ള ഒരു മാനിന്റെ കുളമ്പൊച്ചയോ എനിക്ക് ശ്രവിക്കുവാനാവില്ല. കാട്ടു മാവിന്റെ പഴുത്ത മാമ്പഴം എന്റെ നാവിൽ ഉണർത്തുക കടുത്ത പുളിരസമാണ്. കപിലയുടെ കുളിർവെള്ളത്തിൽ പാദങ്ങൾ സ്പർശിക്കുമ്പോൾ ഞാൻ കിലുകിലെ വിറക്കുന്നു. എങ്കിലും എന്റെ ഓരോ കോശങ്ങളുടെ ഉള്ളറകളിലും അവളിലേതുപോലെ തന്നെ പൂർവ്വ ജലസ്‌മൃതികൾ മയക്കം പൂണ്ടു കിടപ്പുണ്ട്. കറുത്തു മിനുത്തു പായൽപ്പച്ച മൂടിയ ശിലാപാർശ്വങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കി അവൾ അവയെ പരിഹസിച്ചുണർത്തുന്നു!


(തുടരും..)

No comments:

Post a Comment