ഒരു ചെറു യാത്രയുടെ കഥ - ഭാഗം 5

"രുകിയെ മാഡംജീ, ഹാമാരെ പാസ് കുച്ഛ് ദേർ ബാക്കി ഹേ!ഹം ആപ് കോ ഏക് മന്ദിർ ദിഖായേംഗേ". സന്തോഷ്‌ പറഞ്ഞു. ഘാട്ടുകളിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. വാരണാസിയിൽ ഏകദേശം രണ്ടായിരം ക്ഷേത്രങ്ങളെങ്കിലും ഉണ്ടെന്ന് പറയപ്പെടുന്നു. ഓരോന്നിനെ ചുറ്റിപ്പറ്റിയും ഓരോ കഥകളുണ്ട്. പരിണാമചക്രത്തിലെ ആദ്യത്തെ മനുഷ്യപ്രജ പോലും ഭാവനാസമ്പുഷ്ടമായ ഒരു തലച്ചോറിനുടമയായിരുന്നുവല്ലോ!അയാളുടെ അല്ലെങ്കിൽ അവരുടെ സന്തതി പരമ്പരകൾക്ക് ഇത്രയും വശ്യതയേറിയ ശില്പഗോപുരങ്ങൾ നിർമ്മിക്കാമെങ്കിൽ അവയ്ക്കു വേണ്ടി ഒരു കഥ മെനഞ്ഞെടുക്കാനാണോ പാട്? കഥകളോടെന്നും ഭ്രമമുള്ളവരത്രെ നമ്മൾ മനുഷ്യർ!കഥകളിലഭിരമിക്കുംതോറും അവ നമ്മിൽ ആഴത്തിൽ വേരിറക്കുന്നു. ആതിഥ്യമരുളുന്ന വൃക്ഷത്തിനെ ഒരു ഇത്തി മരത്തിന്റെ വേരുകൾ ഞെരിച്ചുകളയുമ്പോലെ നമ്മിലുറങ്ങുന്ന കഥകൾക്ക് പതിയെ യാഥാർഥ്യങ്ങളെ കീഴ്പ്പെടുത്താനാകും!ഇവിടെയുള്ള ഓരോ മനുഷ്യരുടെയും മനസ്സിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കഥകളുടെ വേരുകൾ തലമുറകളിലൂടെ പിന്നോട്ട് സഞ്ചരിച്ചെത്തി നിൽക്കുന്നത് മാനവ സംസ്കൃതിയുടെ ഉൽപ്പത്തിയിലായിരിക്കും. അവയെ യുക്തികൊണ്ട് പരിശോധിക്കുക എന്നത് തന്നെ യുക്തിഹീനമായൊരേർപ്പാടാണ്.ഞാനും കഥകളോട് പ്രിയമുള്ളവൾ തന്നെ. അതുകൊണ്ട്, സന്തോഷ്‌  കാണിച്ചുതരാൻ  പോകുന്ന അടുത്ത അത്ഭുതത്തിനും ഒരു കഥയുണ്ടാകുമല്ലോ എന്നുകരുതി ഇങ്ങനെ പറഞ്ഞു. "ടീക് ഹേ ഭായി, ചലിയെ, ദിഖായിയെ ".

കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കൈ വീശി യാത്ര പറഞ്ഞ് ഞാൻ അയാൾക്ക് പിന്നാലെ നടന്നു. ഞങ്ങൾ ഘാട്ടിലൂടെ തന്നെ വടക്കോട്ടു നടക്കുകയാണിപ്പോൾ. അതായത് എരിയുന്ന ചിതകൾക്കിടയിലൂടെ പടവുകൾ കയറിയും ഇറങ്ങിയും മുന്നോട്ട്. വീണ്ടും മുന്നോട്ട് നടന്നപ്പോൾ ചിതകൾക്കുള്ള വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. വിറകിനും ചാരത്തിനുമിടയിലൂടെ തട്ടിയും തടഞ്ഞും ഞാൻ സന്തോഷിനൊപ്പമെത്താൻ പാടുപെടുന്നുണ്ട്. പിന്നീട് വഴി കാണാത്തതിനാൽ നദിക്കടുത്തേക്കിറങ്ങി അടുപ്പിച്ചു കെട്ടിയിട്ടിരിക്കുന്ന രണ്ടുമൂന്നു തോണികൾക്കു മുകളിലൂടെ അയാൾ അനായാസം ഒരു ജിംനാസ്റ്റിക് അഭ്യാസിയെപ്പോലെ വലിഞ്ഞുകയറിയും ചാടിയും മുന്നോട്ടു പോയി. തോണികൾക്കു മീതെ ബാലൻസ് ചെയ്തു നടക്കാൻ വേമ്പനാട്ടുകായലിന്റെ നാട്ടിൽ നിന്നും വരുന്ന എനിക്കുമറിയാം. പിന്നീട് ഞങ്ങൾ താരതമ്യേന വൃത്തിയുള്ള ഒരു മണ്ഡപത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. അവിടെനിന്നും കുറച്ചുകൂടി മുന്നോട്ട് നടന്ന് കെട്ടിയുയർത്തിയ ഒരു പ്ലാറ്റ്ഫോമിന് മുകളിൽക്കയറി അപ്പുറത്തേക്ക് ചൂണ്ടിക്കൊണ്ട് സന്തോഷ്‌ എന്നെ വിളിച്ചു. "ദേഖിയെ മാഡം ജീ, യെ ഹേ മാത്രിരിൺ മന്ദിർ യാ രത്നേശ്വർ മഹാദേവ് മന്ദിർ '. ഓടിക്കൊണ്ടെന്നവണ്ണം ആകാംക്ഷയോടെ അങ്ങോട്ട്‌ വന്ന് എത്തിനോക്കിയ ഞാൻ കണ്ടത് ഒരനിർവ്വചനീയ സൃഷ്ടിയാണ്. തനതായ മറാഠ മാതൃകയിൽ നഗരശിഖരത്തോടുകൂടി ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഒരു ശില്പവിസ്മയം. അത് മറ്റുക്ഷേത്രങ്ങളെപ്പോലെയല്ല. ഗംഗയുടെ കരയിൽ ഏറ്റവും താഴ്ന്ന വിതാനത്തിലുള്ള ഒന്നാണ്. അതിന്റെ മണ്ഡപവും ഗർഭഗൃഹവും ശില്പചാതുര്യത്തിന്റെ മൂർത്തീ ഭാവമെങ്കിലും അവയിൽ നദിയൊഴുക്കിക്കൊണ്ടുവന്ന മണ്ണും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. നിർമിതിയിൽ വന്ന പിഴവുകൊണ്ടോ, ഭൂപ്രകൃതിയിൽ വന്ന മാറ്റംകൊണ്ടോ എന്താണെന്നറിയില്ല ചെളി ഊറിക്കൂടിയ ഉറപ്പില്ലാത്ത ഭൂമിയിലേക്ക് ചരിഞ്ഞമർന്ന് പിസയിലെ ചരിഞ്ഞ ഗോപുരം പോലെയാണ് അത് സ്ഥിതിചെയ്യുന്നത്. ഞങ്ങൾ നിൽക്കുന്ന ഭാഗത്തുനിന്നും നോക്കിയാൽ വടക്കുകിഴക്കോട്ടുള്ള അതിന്റെ ചരിവ് വ്യക്തമായിക്കാണാം. അതിനപ്പുറത്ത് സിന്ധ്യ ഘാട്ട് ആണ്.അവിടുന്ന് നിർമ്മിച്ചിരിക്കുന്ന മനോഹരമായ പടവുകൾ ഇറങ്ങി വേണം  ക്ഷേത്രത്തിനടുത്തേക്കു പോകാൻ. അതിന്റെ ഗർഭഗൃഹം വർഷത്തിലധികസമയവും ജലവിതാനത്തിനടിയിലായിരിക്കുമെന്ന് അറിയാത്തതുകൊണ്ടാവില്ലല്ലോ ആ ശില്പി മഹാശയൻ അതങ്ങിനെ സൃഷ്ടിച്ചിട്ടുണ്ടാവുക! ഹൈമവതഭൂവിന്റെ കുളിരേറ്റിയെത്തുന്ന ഗംഗാജലത്തിൽ കഴുത്തൊപ്പം മുങ്ങി ധ്യാനനിരതനായിരിക്കുന്ന മുക്കണ്ണനെയാവും  അദ്ദേഹമത് നിർമ്മിച്ചപ്പോൾ സങ്കല്പിച്ചിട്ടുണ്ടാവുക എന്നു ഞാൻ നിനച്ചു. ചില സമയങ്ങളിൽ ജലനിരപ്പ് ക്ഷേത്രഗോപുരശിഖരം വരെ ഉയരാറുണ്ട് എന്ന് സന്തോഷ്‌ പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ ഭാഗ്യവതി തന്നെ. എന്റെ സന്ദർശനം വേനലിന്റെ മധ്യത്തിലായതിനാൽ ക്ഷേത്രം അതിന്റെ പൂർണ്ണ രൂപത്തിൽ തന്നെ ഞാൻ ദർശിച്ചു.
അനേകം യാത്രികർ ക്യാമറയിലോ ക്യാൻവാസിലോ പകർത്തിയിരിക്കാവുന്ന വശ്യ ശിൽപം. ഞാൻ എന്റെ വാരാണസി യാത്രയിൽ പകർത്തിയ ചിത്രങ്ങളത്രയും  ചില മരണപ്പാച്ചിലുകൾക്കിടയിൽ നഷ്ടമായി. ഇപ്പോൾ ഇതെഴുതുമ്പോൾ കാല പ്രവാഹത്തിലെങ്ങോ ഒരുനാൾ ഗംഗയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്താൻ പോകുന്ന ഈ മനോഹര മന്ദിരത്തിന്റെ ചിത്രമെങ്കിലും എന്റടുക്കൽ ശേഷിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു.

മന്ദിരത്തിന്റെ നിഗൂഢമായ ആ ചരിഞ്ഞു നിൽപ്പിനു പിന്നിലെ കഥയെന്തെന്ന് ഞാൻ സന്തോഷിനോട് ചോദിച്ചു. അത് ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് രാജാ മാൻസിംഗ് എന്ന രാജാവ് പണികഴിപ്പിച്ചതാണ്. തന്റെ അമ്മ രത്നാഭായിയോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്താനാണ് താൻ ഈ മനോഹര ക്ഷേത്രം പണികഴിപ്പിച്ചതെന്ന് രാജാവ് പിന്നീട് എല്ലാവരോടും വീമ്പു പറഞ്ഞത്രേ. മാതാവിനോടുള്ള കടപ്പാട് ഒരു ക്ഷേത്രം പണികഴിപ്പിച്ചു വീട്ടുവാൻ സാധിക്കുന്നതല്ലെന്നു രത്നാഭായിയും പറഞ്ഞു. അവരുടെ ശാപം നിമിത്തമാണത്രെ  അത് പിന്നീട് ചരിഞ്ഞു തുടങ്ങിയത്!അതിനാൽ അതിനെ 'മാതൃ-ഋൺ' എന്നത് ചുരുക്കി അവിടുത്തുകാർ 'മാത്രിരിൺ മന്ദിർ' എന്ന് വിളിക്കുന്നു.

ഭാരതവർഷത്തിന്റെ സന്തതികളത്രയും പുരാണേതിഹാസങ്ങൾ മുതലിങ്ങോട്ട് കടങ്ങളിലും കടപ്പാടുകളിലും പെട്ടുഴലുന്നവരാണല്ലോ. കർമ്മ ബന്ധങ്ങളുടെ, ധർമ്മാധർമ്മങ്ങളുടെ ഭാരം സഹിയാതെ എത്രയെത്ര ഹൃദയക്ഷേത്രങ്ങൾ ഇവിടുത്തെ വിശ്വാസങ്ങളുടെ ചതുപ്പിൽ പൂണ്ടുപോയിരിക്കുന്നു! മുൻകാലങ്ങളിൽ സതി അനുഷ്ഠിക്കുന്നതിനായി ചിലർ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നു എന്നും സന്തോഷ്‌ എന്നോടു പറഞ്ഞു. വെളുത്ത ഉടയാടകൾക്കു തീപിടിച്ച്,  അലറിക്കരഞ്ഞുബോധമറ്റ്, വേവുന്ന മാംസപിണ്ഡമായി  ഗംഗയിൽ അഭയം പ്രാപിക്കാൻ ആ ശില്പമണ്ഡപത്തിൽനിന്നിറങ്ങിയോടുന്ന സ്വപ്നങ്ങളൊടുങ്ങിയിട്ടില്ലാത്ത ഒരു സ്ത്രീരൂപം ഞാനൊരു ഞെട്ടലോടെ ഓർത്തു. എനിക്കു തീ പിടിക്കുംപോലെ... അപ്പോഴേക്കും സന്തോഷ്‌ വാച്ചിൽ നോക്കി തിരിച്ചു നടക്കാൻ ആരംഭിച്ചിരുന്നു..

(തുടരും...)
NB: ഞാനെടുത്ത ചിത്രങ്ങൾ നഷ്ടപ്പെട്ടു പോയതുകൊണ്ട് വായിക്കുന്നവർക്ക് ക്ഷേത്രത്തിന്റെ ഭംഗി ആസ്വദിക്കാൻ കടം കൊണ്ട ഈ ചിത്രം ഇവിടെ ഇടുന്നു

                   PC:speakingtree

ഒരു ചെറു യാത്രയുടെ കഥ - ഭാഗം 4


എൻ്റെ ഭാവാദികളിൽനിന്ന് ഇന്റർവ്യൂ ഫലം കണ്ടില്ലെന്നു മനസ്സിലാക്കിയ സന്തോഷ് കാർ മുന്നോട്ടെടുത്തുകൊണ്ടു പറഞ്ഞു .''സരൂർ മാഡംജി , അബ് ഹം മണികർണികാ ചലേംഗേ ..ഫിർ ഏക് അസ്‌ലീ ബനാറസി സിൽക്ക് സാടി ഖരീദേംഗേ". സാരി ഇന്ത്യൻ സ്ത്രീകളുടെ ദൗർബല്യമാണെന്ന് ഏതു പുരുഷപ്രജക്കും അറിയാമല്ലോ ! ഒരു പട്ടുസാരിയെക്കുറിച്ചോർത്തെങ്കിലും ഞാൻ സന്തോഷവതിയാകട്ടെ എന്നയാൾ വിചാരിച്ചു കാണണം. 

ഏറിയാൽ നാലര കിലോമീറ്റർ. അത്രയേ ഞങ്ങൾ സഞ്ചരിച്ചുള്ളൂ .  അതിനുശേഷം തെരുവിൻറെ എതിർവശത്ത് മണികർണികാ ഘാട്ട് എന്നെഴുതിവച്ചിരിക്കുന്ന ബോർഡിന് അല്പം അകലെയായി വണ്ടി നിർത്തി അയാൾ എന്നോട് പറഞ്ഞു " ഇദ്‌ർ സെ ഗാഡി നഹീ ചലേഗാ മാഡം ..രാസ്താ ബഹുത് ഛോട്ടാ ഹേ ". ഞാൻ അപ്പോൾ ശരിയെന്നും പറഞ്ഞു തുണിയിൽ തുന്നിയ ചെറിയ തോൾസഞ്ചി മാത്രം കയ്യിലെടുത്തു ബോർഡിൽ അടയാളമിട്ടുവച്ച ഭാഗത്തേക്ക് നടന്നു. സന്തോഷ് പിന്നാലെയും. അടുത്തെത്തിയപ്പോഴാണ് സംഗതി മനസ്സിലായത്. വഴി വളരെ ഇടുങ്ങിയതാണ് . വണ്ണമുള്ള മൂന്നുപേർക്ക് കഷ്ടിച്ച് നിരന്നു നടന്നു പോകാം .നിലത്ത്‌ ഇന്റർലോക്ക് പാകിയിട്ടുണ്ട് . അഴുക്കും പൊടിയും പറ്റിയ വലിയ കെട്ടിടങ്ങളാണ് വശങ്ങളിൽ . ചില ഭാഗങ്ങളിൽ വശങ്ങളിലേക്ക് പഴയരീതിയിൽ കല്പലകൾ പാകിയ ഉപവഴികളുണ്ട് . അവ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായില്ല. കെട്ടിടങ്ങളിൽ ചിലത് ഹോട്ടലുകളും അതിഥിഭവനുകളുമാണ്. എതിരെ തെരു തെരെ സൈക്കിളുകളും പശുക്കളും ആളുകളും വരുന്നു . വാരണാസിയിലെ പശുക്കളിൽ ചിലത് എന്നെ അത്ഭുതപ്പെടുത്തി . തടിച്ചു കൊഴുത്തു മുതുകിൽ വലിയ പൂഞ്ഞയും അയഞ്ഞു തൂങ്ങിയ കഴുത്തും ലക്ഷണമൊത്ത   ചെവിയും കൊമ്പുകളുമുള്ള സുന്ദര ജീവികളായിരുന്നു അവ . അവ പഴയ ഹാരപ്പൻ സംസ്കാര ചിഹ്നങ്ങളിൽ നാം കാണുന്ന ബ്രഹ്മൻ കാളകളെ ഓർമ്മിപ്പിച്ചു. പ്രളയമെടുത്ത ഹാരപ്പയിലെ ചില മനുഷ്യർ വടക്കുകിഴക്കോട്ടു സഞ്ചരിച്ചു ഗംഗയുടെ സമതല ഭൂവിൽ കുടിയേറിയിട്ടുണ്ട് . സിന്ധുവിന്റെ തടങ്ങളിൽനിന്നും ആറായിരം വർഷങ്ങൾക്ക് മുൻപ് വരാണസിയിലേക്ക് നിരന്തരം കുടിയേറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് എവിടെയോ വായിച്ചതോർത്തു .അവരുടെ പശുക്കളുടെ പിന്മുറക്കാരാകുമോ കഴുത്തിൽ മണികെട്ടിയ ഈ സുന്ദരജീവികൾ ? എന്തുതന്നെയായിരുന്നാലും ഞാൻ അരികുചേർന്ന് സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഇപ്പോൾ ഈ ഇടവഴിയിൽ വച്ചുതന്നെ അവയുടെ കൊമ്പുകളിൽ അകപ്പെട്ടു മോക്ഷം പ്രാപിക്കേണ്ടതായി വരും . ''മാഡംജി , സംഭാൽ കർകെ '' സന്തോഷ് ഓർമിപ്പിച്ചു . 

കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ വശങ്ങളിൽ കടകൾ കണ്ടു . രുദ്രാക്ഷമാലകളും പൂജാദ്രവ്യങ്ങളും പലതരം പലഹാരങ്ങളും തുണികളും വിൽക്കുന്ന കടകൾ . അവക്കുള്ളിലെല്ലാം ഇരുട്ടാണ് . മുന്നിലെ അല്പം വെളിച്ചത്തിൽ സാധനങ്ങൾ നിരത്തിവച്ചു കടക്കാർ ഇരിക്കുന്നുണ്ട് . എന്നെ ഏറ്റവും അധികം ആകർഷിച്ചത് നരച്ചു തൂങ്ങിയ താടിയും തലയിൽ തൊപ്പിയും വെച്ച് ഹൈന്ദവാരാധനകൾക്കുവേണ്ടി പൂജാദ്രവ്യം വിൽക്കുന്ന ഒരു വന്ദ്യവയോധികനെയാണ് . '' ആപ്കോ ക്യാ ചാഹിയെ മാഡം ? ദിയ ? തോലിയാം ?" . ഓം എന്ന് അവിടവിടെ പ്രിൻറ് ചെയ്ത ഒരു നീളൻ തോർത്തെടുത്ത്‌ അയാൾ എൻ്റെ നേരെ നീട്ടി . ഈ ബ്രഹ്‌മാണ്ഡ സൃഷ്ടിക്കു കാരണഭൂതമായ അനിർവചനീയ ശബ്ദവീചിയെ വെറും അലങ്കാരമെന്നോണം വസ്ത്രങ്ങളിൽ വരച്ചു വയ്ക്കുന്നതിനോട് പണ്ടേ യോജിപ്പില്ലാതിരുന്നതിനാൽ ഞാൻ അദ്ദേഹത്തോട് വിനീതയായി പറഞ്ഞു . 'കുച് നഹി ചാഹിയെ ദാദാജി , ശുക്രിയ!".അപ്പോഴതാ ഇടുങ്ങിയ തെരുവിലൂടെ ഒരു ശവഘോഷയാത്ര വരുന്നു . മുളകൊണ്ട് കെട്ടിയുണ്ടാക്കിയിരിക്കുന്ന ഒരു മഞ്ചത്തിലാണ് മൃതദേഹം കിടത്തിയിരിക്കുന്നത്‌. ശരീരം ചുവപ്പും പച്ചയും കലർന്ന പട്ടുകൊണ്ട് പുതപ്പിക്കുകയും , മഞ്ചം ജമന്തിമാലകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് . മുന്നിലൊരാൾ മണിയടിച്ചുകൊണ്ട് 'ഹരി ഓം! ഹരി ഓം! ' എന്ന് പറയുകയും കൂടെയുള്ളവർ അതേറ്റു ചൊല്ലുകയും ചെയ്യുന്നു . വഴിയിൽ സ്ഥലമില്ലാത്തതിനാൽ കടയിലെ വൃദ്ധൻ എന്നെയും സന്തോഷിനെയും കൈപിടിച്ചകത്തേക്കു കയറ്റി . ഘോഷയാത്ര അടുത്തുവന്നപ്പോൾ സന്തോഷും കൂമ്പിയ കണ്ണുകളോടെ നെഞ്ചിൽ കൈ ചേർത്തുപിടിച്ചു 'ഹരി ഓം!' എന്നുരുവിടാൻ തുടങ്ങി . അപ്പോൾ എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ടതാ സൂഫിവര്യനെപ്പോലുള്ള കടയുടമ കൈ രണ്ടും ആകാശത്തോട്ടുയർത്തി 'ഹരി ഓം!' എന്ന് മന്ത്രോച്ചാരണം നടത്തുകയും കുറച്ചു ജമന്തിപ്പൂക്കൾ ആ മഞ്ചത്തിലേക്ക് ഒരു ഹോമകുണ്ഡത്തിലേക്കെന്നപോലെ അർച്ചിക്കുകയും ചെയ്യുന്നു . ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞദ്ദേഹം കണ്ണടച്ച് ഖുറാനിലെ ഏതോ ഭാഗങ്ങളാകണം അറബിയിലുരുവിട്ടു. എൻ്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞു. ഘോഷയാത്ര അവശേഷിപ്പിച്ചുപോയ ചന്ദനത്തിരികളുടെ ഗന്ധത്തിൽ ലയിച്ചു നിൽക്കവേ എനിക്ക് വെളിപാടുണ്ടായി. സകല മാനവ ദർശനങ്ങളെയും മാറോടു ചേർത്തുനിൽക്കുന്ന ഒരു പുരാതന സംസ്കൃതിയിലേക്ക് ഞാനിതാ പ്രവേശിച്ചിരിക്കുന്നു. പിന്നിട്ട നഗരങ്ങളുടെ ചിത്രങ്ങളത്രയും ഒറ്റ നിമിഷത്തിൽ എന്നിൽനിന്നും മാഞ്ഞുപോയി . വിഭാഗീയതയുടെയും വംശീയവിദ്വേഷത്തിന്റെയും വരമ്പുകൾ അതിരിട്ട , ആധുനിക നാഗരികതയുടെ അഹന്തമൂത്ത എൻ്റെ പ്രജ്ഞയെ ഇതാ ഈ പൗരാണിക നഗരം അഴുക്കുപുരണ്ട ഈ ഇടുങ്ങിയ തെരുവിൽ വെച്ച് ഞൊടിയിടയിൽ ഭസ്മമാക്കിക്കളഞ്ഞിരിക്കുന്നു .

''ആയിയെ മാഡംജി ഹമാരെ പാസ് സ്യാദ ദേർ നഹി ഹെ''. സന്തോഷിൻറെ വിളി കേട്ടാണ് ഞാൻ ചിന്തയിൽനിന്നുണർന്നത്‌. ആ സൂഫിവര്യനോട്‌ താങ്കളെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറഞ്ഞു വണങ്ങിയതിനുശേഷം ഞാൻ മുന്നോട്ടു നടന്നു. ''സദാ സുഖീ രഹോ ബേട്ടി !'' എന്ന അദ്ദേഹത്തിൻറെ അനുഗ്രഹ വചനങ്ങൾ പിന്നിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു . സന്തോഷ് എൻ്റെ ഭാവമാറ്റം കണ്ട് അത്ഭുതം കൂറി. ''ക്യാ ഹേ മാഡംജി , ആപ്കോ ഹമാരാ ദേശ് പസന്ത് ആയാ ?''. ''ബഹുത് '' എന്നുപറഞ്ഞു നിറകണ്ണുകൾ മറക്കാൻ ബദ്ധപ്പെട്ടുകൊണ്ടു താഴേക്കു നോക്കി ഞാൻ തലകുലുക്കി. വീണ്ടും നടന്നപ്പോൾ വഴിയുടെ വശത്തെ ഭിത്തി തുരന്നു പണിത ചെറിയ  കമാനത്തിനുള്ളിൽ ഒരു ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത് കണ്ടു . അതിൽ ആർക്കും പാലും ഗംഗാജലവും അഭിഷേകം ചെയ്യാമെന്ന് സന്തോഷ് പറഞ്ഞു.പലരും എന്തൊക്കെയോ അഭിഷേകം നടത്തിയതിൻ്റെ അവശിഷ്ടങ്ങൾ അതിനു ചുറ്റും കെട്ടിക്കിടപ്പുണ്ട് . അതിനെതിർവശത്തെ ഭിത്തിയിൽ ആരൊക്കെയോ മുറുക്കിത്തുപ്പിയ പാടുകളും കാണാം . തൊട്ടപ്പുറത്തുനിന്നും ഏതോ ശുചിമുറിയുടെ പൈപ്പ് പൊട്ടിയ ഗന്ധവും വമിക്കുന്നുണ്ട് . ഞാൻ വന്നിരിക്കുന്നത് നന്മതിന്മകൾക്ക് , വൃത്തി-വൃത്തിഹീനതകൾക്ക്, യാതൊരതിർവരമ്പും കൽപ്പിക്കാത്ത ഒരു വിചിത്ര ലോകത്തേക്ക് തന്നെ . നടക്കുമ്പോൾ വീണ്ടും പശുക്കളെക്കണ്ടു. ഇപ്പോൾ തെരുവിന് ചാണകത്തിൻ്റെ ഗന്ധമാണ് . ഘാട്ടിനോടടുക്കുംതോറും കടകളുടെയെണ്ണം കൂടി . ഒടുവിൽ ഒരു കവാടത്തിലൂടെ ഞങ്ങൾ ഘാട്ടിലേക്ക്‌ പ്രവേശിച്ചു .

ഇതാണ് മണികർണ്ണിക . ഘാട്ടിലെ കെട്ടിടങ്ങളിലധികവും പഴയ മറാഠ സാമ്രാജ്യത്തിൻ്റെ വാസ്തുശില്പ മാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ളതാണ് . ചുരുക്കം ചില ഭാഗങ്ങൾ പുതുക്കിപ്പണിതതുകാണാം . അങ്ങിങ്ങു മണ്ഡപങ്ങളും മനോഹര ഗോപുര ശിഖരങ്ങളും . അത്തരമൊരു മണ്ഡപത്തിലേക്കാണ് ഞങ്ങൾ ചെന്ന് കയറിയത് . അവിടുന്ന് നിരവധി പടവുകൾ ഗംഗയിലേക്കുണ്ട് . വേനൽക്കാലമായതിനാൽ നദി കുറെയേറെ താഴെയാണുള്ളത് . നേരം ഉച്ചയായതുകൊണ്ടു തിളച്ചുമറിയുന്ന വെള്ളിലോഹം പോലെ വെട്ടിത്തിളങ്ങുന്നു ഗംഗ . വാരണാസിയിൽ ഇതുപോലെ 87 സ്നാന ഘട്ടങ്ങളുണ്ട് . അവയിൽ ചിലതിൽ  മാത്രമാണ് മൃതദേഹങ്ങൾ സംസ്കരിക്കുക . അതിൽ ഏറ്റവും ശ്രേഷ്ഠമെന്നു കരുത്തപ്പെടുന്നതാണ് മണികർണികാ ഘാട്ട്. എന്നാൽ ഈ നഗരിയിൽ ചരിത്രവും ഇതിഹാസവും പുരാണവും പഴങ്കഥകളുമെല്ലാം വേര്പെടുത്താനാവാത്തവിധം കൂടിപ്പിണഞ്ഞു കിടക്കുന്നു . നിങ്ങളുടെ ചരിത്രജ്ഞാനത്തിന് ഇവിടെ ഒട്ടും പ്രസക്തിയില്ല . ഒന്നുകിൽ ബാഹ്യമായ യാതൊരറിവുകൾക്കും ഇവിടെ സ്ഥാനമില്ല , അല്ലെങ്കിൽ ഈ ഭൂമിയിലെ സകലചരാചരങ്ങളുടെയും അല്പജ്ഞാനത്തിന്‌ ഇവിടെ ഒരേ വിലയാണുള്ളത് എന്നാണ് ഈ ചുരുങ്ങിയ സമയംകൊണ്ട് എനിക്ക് മനസ്സിലാക്കാനായത്. ഈ ഘാട്ടു നിർമ്മിച്ചതാരാണ് എന്ന ചോദ്യത്തിന് ''ഭഗവൻ വിഷ്ണു നേ '' എന്നാണ് സന്തോഷിൽനിന്ന് എനിക്ക് കിട്ടിയ മറുപടി. ഘാട്ടിൻ്റെ ഉല്പത്തിയെപ്പറ്റി അദ്ദേഹം എനിക്കൊരു കഥയും പറഞ്ഞു തരികയുണ്ടായി. 
ഒരിക്കൽ സ്വർഗ്ഗത്തിലെ ദേവതകളെല്ലാം ഭഗവാൻ വിഷ്ണു നിർമ്മിച്ച കാശിയിൽ വന്നു താമസമാക്കി. അങ്ങനെ സ്വർലോകം ദൈവങ്ങളില്ലാതെ ശൂന്യമായിക്കിടന്നു. ഇതുകണ്ട് വ്യാകുലപ്പെട്ട പരമേശ്വരൻ പാർവ്വതീ ദേവിയോടൊപ്പം ദേവതകളെത്തിരക്കി പുറപ്പെട്ടു കാശിയിലെത്തി . ക്ഷീണം തോന്നിയ അദ്ദേഹം കാശിയിൽ ഗംഗയുടെ തീരത്ത്‌ ഭഗവാൻ വിഷ്ണു നിർമിച്ച പടവുകളുള്ള കിണറ്റിലിറങ്ങി ദേവിയോടൊപ്പം നീരാടി. ഗംഗയുടെ തെളിനീരിൽ ആമോദം പൂണ്ട മഹേശൻ മുങ്ങിനിവർന്നു തൻ്റെ തല കുടയവേ അദ്ദേഹത്തിൻ്റെ രത്നകുണ്ഡലം ചെവിയിൽ നിന്നും തെറിച്ചുപോയി. അത് വീണ സ്ഥലമാണത്രെ ''മണികർണ്ണിക''. വിഷ്ണു നിർമിച്ച കിണറിനെ 'മണികർണികാ കുണ്ഡ് 'എന്നാണു വിളിക്കുന്നത് . ഘാട്ടിനു കുറച്ചപ്പുറം അതുണ്ടെന്നു സന്തോഷ് എന്നോട് പറഞ്ഞു . കിണറ്റിലിറങ്ങി കുളിക്കുക എന്നത് എൻ്റെ യുക്തിക്കു നിരക്കുന്ന കാര്യമായിരുന്നില്ലെങ്കിലും അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിൽ കുളിരുള്ള ഗംഗാജലം ചിതറിത്തെറിപ്പിച്ചുകൊണ്ടു വായുവിലുലയുന്ന അഴിഞ്ഞ തിരുജടയും കുണ്ഡലങ്ങളും ഒരു നിമിഷം എൻ്റെ മനസ്സിൽ മിന്നി മറഞ്ഞു. പണ്ടേ ഞാൻ അവയുടെ ആരാധികയാണ് . അപ്പോഴാണ് ഒരു പ്രത്യേക ഗന്ധം മൂക്കിൽ അനുഭവപ്പെട്ടത് . അന്നേവരെയുള്ള ജീവിതത്തിൽ ഒന്നുരണ്ടു തവണ മാത്രം അനുഭവിച്ചിട്ടുള്ള ഗന്ധം . ഞാൻ നിൽക്കുന്നതിനു കുറച്ചകലെ ഇടതുവശത്തായി കെട്ടിയ പ്ലാറ്റുഫോമുകളിൽ ചിതകൾ എരിയുന്നുണ്ട് . അതിനുമപ്പുറം നോക്കിയാൽ ചാരവും മാലിന്യങ്ങളും മനുഷ്യ വിസർജ്ജ്യവും എല്ലാം ചേർന്ന് കുമിഞ്ഞു കൂടിയ കൂനകൾ കാണാം . അവയിൽ എന്തൊക്കെയോ ചികഞ്ഞും പെറുക്കിയും നടക്കുന്ന നായ്ക്കളെയും പശുക്കളെയും മനുഷ്യരെയും കാണാം. വാരണാസിയിൽ അഴുകിയതെന്തും ഗംഗയിൽ അഭയം പ്രാപിക്കുന്നു . സന്തതികളുടെ വിസർജ്യങ്ങൾ നൈവേദ്യം പോലെ സ്വീകരിക്കേണ്ടവളാണ് ഓരോ മാതാവുമെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് . അവൾ തന്നെയിവൾ! ഗംഗ! .

മണികർണികയിൽ ദിവസം മുഴുവൻ ചിതകളെരിയും. ഉച്ചയുടെ ചൂടിന് കാഠിന്യമേറ്റുന്ന അഗ്നികുണ്ഡങ്ങൾ. ദൂരദേശങ്ങളിൽനിന്നുപോലും പുണ്യമൃത്യുവേറ്റുവാങ്ങാൻ കാശിയിലെത്തുന്നവരുടെ മൃതദേഹങ്ങൾ ഇവിടെ ദഹിപ്പിക്കുന്നു. അത് ദഹിപ്പിക്കാനുള്ള അവകാശം ഡോമുകൾ എന്ന് വിളിക്കുന്ന വംശത്തിനാണ് . അവരുടെ മുഖ്യനെ 'ഡോം രാജ' എന്ന് വിളിക്കുന്നു. സന്തോഷ് എന്നോട് പറഞ്ഞു . നഷ്ടപ്പെട്ട കുണ്ഡലം അന്വേഷിക്കാൻ വിശ്വനാഥൻ ഏൽപ്പിച്ചത് കാശിയിലെ ചില ബ്രാഹ്മണരെയാണ് . എന്നാൽ അവർക്കതു കണ്ടെത്താനായില്ല . അപ്പോളദ്ദേഹം കോപിച്ച് ''ഇനിമുതൽ നിങ്ങൾ ചുടലയിൽ ശേഷക്രിയകൾ ചെയ്യുക '' എന്ന് ശപിച്ചുവത്രെ. അന്നുമുതൽ അവർ ഈ കർമം ചെയ്യുന്നു.ഏതൊരു ഡോമിനോടും നിങ്ങൾ ചോദിച്ചാൽ അയാൾ പറയുക ''ഹം ശിവ്ശങ്കർ കെ ലോഗ് ഹേ! ശിവ് കെ ബിനാ ധർത്തി മേം കോയി സഹാര  നഹി" എന്നായിരിക്കും.

കൊണ്ടുവരുന്ന മൃതദേഹം ആദ്യം ഗംഗയിൽ കുളിപ്പിക്കും. അതിനു ശേഷം മരണക്രിയകൾ നടത്തുന്നു. മൃതദേഹത്തിൻ്റെ കാൽ യമൻ്റെ ദിക്കായ തെക്കോട്ടും തല വടക്കു ദിക്കിലേക്കും വരുന്നവണ്ണം ചിതയിൽ വക്കുന്നു. മരിച്ചയാളുടെ കുടുംബത്തിൻ്റെ സാമ്പത്തികനിലയനുസരിച്ചാവും ദഹിപ്പിക്കാനുള്ള ദ്രവ്യം തിരഞ്ഞെടുക്കുക. ഒരു ധനികനാണെങ്കിൽ അയാൾക്ക് ചന്ദനമുട്ടികൾ ഏർപ്പാടുചെയ്യാം. ദരിദ്രനാണെങ്കിൽ താണതരം വിറകും ഉപയോഗിക്കാവുന്നതാണ്. അവകാശപ്പെട്ടയാൾ ചിതക്ക് അഗ്നി കൊളുത്തിക്കഴിഞ്ഞാൽ ഡോമുകൾ അത് കത്തിത്തീരും വരെ കാവൽ നിൽക്കും. ആദ്യവും അവസാനവും അഗ്നിഭഗവാൻ ദഹിപ്പിച്ചു തീർക്കുന്ന ഭാഗങ്ങൾ അവർക്കറിയാം. ദേഹത്തിൻ്റെ വലിപ്പവും പ്രായവും വച്ച് ദഹിച്ചു തീരാനുള്ള സമയം കണക്കുകൂട്ടാനും അവർക്കറിയാം. പുതു തലമുറയിലെ പ്രവൃത്തിപരിചയമില്ലാത്ത ഡോമുകൾ ദഹിപ്പിക്കുമ്പോഴാണത്രെ പാതി ദഹിച്ച ദേഹങ്ങൾ ഗംഗയിൽ പൊങ്ങുന്നത്. അവർക്കു മോക്ഷവുമില്ല. അഗ്നിദേവൻ്റെ പ്രീതിയില്ലെങ്കിൽ അങ്ങനെയൊക്കെ സംഭവിക്കാമെന്നു സന്തോഷ് പറഞ്ഞു.അവസാനമായി ഡോം എരിഞ്ഞമർന്ന മൃതദേഹത്തിൻ്റെ തലയോട്ടിയിൽ ഒരു ദണ്ഡുവച്ച് അഞ്ചു തവണ അടിക്കവേ മൂർധാവ്‌ പിളർന്ന് ദേഹി ദേഹം വിട്ട് വിഷ്ണുലോകം പൂകുന്നു. അതോടെയയാൾ ജനിമൃതികളുടെ നൈരന്തര്യത്തിൽ നിന്നും മോചിതനായി. ഇനിയയാൾക്കു നായായും , നരിയായും, നരനായും ജനിക്കേണ്ടതില്ല. എന്നെന്നേക്കും മോക്ഷം.

ഞാനാ ചിതകളിലേക്കു സൂക്ഷിച്ചു നോക്കി. അതിൽനിന്നുയരുന്ന പുക അടുത്തായി ഉയർന്നു നിൽക്കുന്ന ശില്പഗോപുരങ്ങളിൽ കറുപ്പു പുതപ്പിച്ചിരിക്കുന്നു. ഏതോ നക്ഷത്രധൂളികളിൽനിന്നും ഉയിർക്കൊണ്ട അനേകായിരം ഉടലുകൾ എരിഞ്ഞമർന്ന് മോക്ഷത്തിൻ്റെ വാതായനത്തിൽ കോറിയിട്ട ചിത്രങ്ങൾ! കാറ്റിലൊഴുകിയെത്തുന്ന എരിഞ്ഞ മനുഷ്യമാംസത്തിൻ്റെ ഗന്ധം സഹിയാതെ മൂക്കുപൊത്തിക്കൊണ്ട് വലത്തേക്ക് മുഖം തിരിച്ചപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. എൻ്റെ മകനോളം പ്രായം വരുന്ന ഒരു ചെറുപയ്യൻ അവിടെനിന്ന് പട്ടം പറത്തുന്നു. ചിതകളുടെ ഗന്ധമേറ്റിയ കാറ്റിൽ അവൻ്റെ പട്ടം ഉയരെപ്പറക്കുകയാണ്. അതിൻ്റെ മനോഹര നൃത്തം കണ്ട് അവനും കൂട്ടുകാരും ആരോ ഇക്കിളിയിട്ടതുപോലെ ചിരിക്കുന്നുമുണ്ട്. ബാല്യകാലത്തിൽ എന്നെ ഭയപ്പെടുത്തിയതുപോലെ മരണത്തിൻ്റെ ചിത്രം അവരെ ഭയപ്പെടുത്തുന്നില്ല. ഈ നഗരത്തിലെ ഓരോ മനുഷ്യജീവിക്കും മരണം മുഷിഞ്ഞ വസ്ത്രം മാറ്റുന്നതുപോലെ തികച്ചും ആശ്വാസകരമായ ഒരേർപ്പാടാണ്. കർമ്മപാപങ്ങളേറ്റുന്നവരാണ് ജനിക്കുന്നത്. ജനിക്കുന്നവരല്ല, മരണമടയുന്നവരാണ് ഇവിടെ പുണ്യാത്മാക്കൾ.

ഞാൻ ഘാട്ടിനു പുറത്തു കുറച്ചപ്പുറം കണ്ട പലഹാരക്കടയിൽനിന്ന് അല്പം മധുരം വാങ്ങിക്കൊണ്ടുവരുമോ എന്ന് ചോദിച്ച് സന്തോഷിന് ഒരു നൂറു രൂപ കൊടുത്തു. അയാൾ മുപ്പതു രൂപക്ക് ഒരു കുമ്പിളിൽ കുറച്ചു ജിലേബിയുമായി തിരിച്ചു വന്നു ബാക്കി രൂപ എന്നെയേല്പിച്ചു. ഞാൻ പട്ടം പറത്തുന്ന കുട്ടികൾക്ക് ജിലേബി നൽകി. നന്ദിയോടെ അത് വാങ്ങിച്ച് എന്നെയാഹ്ളാദിപ്പിക്കാൻ അവർ കൂടുതൽ ഉയരത്തിൽ പട്ടം പറത്തിക്കാണിച്ചു. ഒരു ജിലേബി കഴിക്കാൻ നിർബന്ധിച്ചെങ്കിലും സന്തോഷ് വാങ്ങിച്ചില്ല. വിശുദ്ധമൃത്യുവിൻ്റെ ഗന്ധമുള്ള കാറ്റിൽ, മോക്ഷത്തിൻ്റെ പടവുകളിലൽപനേരമിരുന്ന് ഞാൻ ഒരു ജിലേബി നുണഞ്ഞു. മരണം ഇത്രയ്ക്കു മധുരിക്കുന്നത് ഇതാദ്യമായാണ്. എനിക്കടുത്തുകൂടി പലരും നദിയിലേക്ക് ഇറങ്ങിപ്പോവുകയും ഈറനോടെ കയറിവരികയും ചെയ്യുന്നുണ്ടായിരുന്നു. അകലെ ചില തോണികൾ കാണാം. അവയിലൊന്നിൽ ഘാട്ടിലേക്ക് ഒരു മൃതദേഹം കൊണ്ടുവരുന്നുണ്ട്. അടുത്ത പുണ്യവാൻ !! ഞാൻ താമസിയാതെ സമനില വെടിയുമെന്ന് എനിക്ക് തോന്നി. അൽപനേരം കൂടിയിവിടെ ചിലവഴിച്ചാൽ മേലാകെ ഭസ്മം പൂശി കയ്യിൽ തലയോട്ടിയുമായി നടക്കുന്ന മറ്റൊരു അഘോരി സന്യാസിനിയായി  മാറിക്കൂടായ്കയില്ല. ഞാനീ പൗരാണിക ലോകത്തോട് അത്രയേറെ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. അതിനാൽ പെട്ടെന്നെണീറ്റു പൊടിതട്ടി സന്തോഷിനോടു പറഞ്ഞു. '' ഭയ്യാ, ആയിയെ ..വാപസ് ചലേംഗേ ഹം ".

(തുടരും ....) 











x

ഒരു ചെറു യാത്രയുടെ കഥ - ഭാഗം 3


പിറ്റേന്ന് പതിനൊന്നര മണിയായപ്പോഴേക്കും എന്റെ അഭിമുഖം പൂർത്തിയായി . വെറും പത്തുമിനിറ്റ് മാത്രം അനുവദിച്ചിട്ടുള്ള അഭിമുഖത്തിൽ എന്റെ ഗവേഷണാശയത്തിന്റെ അപാര സാധ്യതകളെപ്പറ്റി ഫ്ളോ ചാർട്ടുകളും സമവാക്യങ്ങളും കാണിച്ചുകൊണ്ട് ഞാൻ ഘോരഘോരം പ്രസംഗിക്കുകയുണ്ടായി. ഇന്ത്യൻ മഹാസമുദ്രത്തിലെ ആല്ഗകളുടെ ബയോമാസ്സിൽ എത്രശതമാനം ഭക്ഷ്യശൃങ്ഖലയിലൂടെ പ്രവഹിച്ചു മത്സ്യങ്ങളിൽ എത്തിച്ചേരുന്നുണ്ടെന്നു കണ്ടുപിടിക്കാനാവുമെന്നും , അതേ കണക്കുകളുപയോഗിച്ചു  നമുക്ക് കിട്ടാൻ സാധ്യതയുള്ള മത്സ്യസമ്പത്തു പ്രവചിക്കുന്ന  മോഡലുകൾ സൃഷ്ടിക്കാനാകുമെന്നും ഞാൻ വിശദീകരിച്ചു . പ്യൂൺ കലക്കിക്കൊടുത്ത താജ്മഹൽ ടീ നുണഞ്ഞുകൊണ്ടു നിർവികാരജീവികളായി കേട്ടിരുന്ന വിധികർത്താക്കൾ ഒടുവിൽ ചിരിച്ചുകൊണ്ട് പറഞ്ഞതിതാണ് .  ''ഇന്ത്യ ഇപ്പോൾ തന്നെ ഒരു ദരിദ്ര രാഷ്ട്രമാണ് . ഒരു ചെറിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന നിങ്ങളെ വിശ്വസിച്ചു ഇത്രയും  ബുദ്ധിമുട്ടേറിയ ഒരു പഠനത്തിനുവേണ്ടി ഫണ്ട് ചിലവഴിക്കുകയെന്നാൽ അതൊരു അതിസാഹസിക ശ്രമമായിരിക്കും . നിങ്ങൾ ഏതെങ്കിലും വലിയ ഗവേഷണസ്ഥാപനങ്ങളുമായി ചേർന്ന് പണി  ചെയ്യൂ ."
ഞാൻ ഗവേഷണത്തിനാവശ്യപ്പെട്ട നാല് ലക്ഷം രൂപ അനുവദിച്ചത് കൊണ്ട് ഇനി ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർന്നു തരിപ്പണമാകേണ്ടെന്നു കരുതി തർക്കിക്കാൻ നിൽക്കാതെ രംഗം വിട്ടിറങ്ങി പുറത്തുപോന്നു .
അപ്പോൾ മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരുന്നത് ഇതായിരുന്നു . എനിക്കനുവദിച്ച ട്രാവൽ അലവൻസ് 4000 രൂപയാണ്. അതുകൊണ്ട് ഒരു ബനാറസ്സ് സാരി വാങ്ങാൻ സാധിക്കും . യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചു കിലോമീറ്ററുകൾക്കുള്ളിൽ തന്നെ ഗംഗയുടെ ഘാട്ടുകളുണ്ട് . വൈകിട്ട് ഏഴരക്കാണ് തിരിച്ചു പോകാനുള്ള ഫ്ലൈറ്റ് . ഇതിനകം ചുരുക്കം രണ്ടു ഘാട്ടുകളെങ്കിലും സന്ദർശിക്കുകയും അവിടവിടെ ചുറ്റിനടക്കുകയുമാവാം . കാശി വിശ്വനാഥക്ഷേത്രം സന്ദർശിക്കണമെങ്കിൽ ക്യൂവിൽ നിൽക്കുന്ന സമയംകൂടി ചേർത്താൽ ഒരുദിവസം മുഴുവൻ വേണ്ടിവരും . അതിനാൽ എന്റെ വാർധക്യാവസ്ഥയ്ക്കോ അതിനുമുൻപോ വീണ്ടും ഇവിടെവരാൻ സാധിച്ചാൽ അന്നുഞാൻ അങ്ങയെ കണ്ടുവണങ്ങിക്കൊള്ളാം എന്ന് വിശ്വനാഥനോട് ഉടമ്പടിയുണ്ടാക്കിക്കൊണ്ട്  നാലായിരം രൂപ അലവൻസും കയ്യോടെ വാങ്ങി തിടുക്കത്തിൽ ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചു . കോമളിനൊപ്പം ഭക്ഷണം കഴിച്ചതിനു ശേഷം  സാധന സാമഗ്രികൾ ബാഗിൽ കുത്തിനിറച്ചു .
കോമളിൻറെ പ്രൊഫസ്സർ ഏതോ അന്താരാഷ്ട്ര ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ പോയതാണ് . അദ്ദേഹത്തിന്റെ സന്ദർശകർക്ക് അവർ ആഥിത്യമരുളേണ്ടതും മറുപടി കൊടുക്കേണ്ടതുമാണ് . അതിനാൽ നഗരം കാണാൻ വേണ്ടി ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല . അവളും എന്നെ അനുഗമിക്കാനാകാത്തതിൽ ധര്മസങ്കടത്തിലായി. അപ്പോഴാണ് തലേദിവസത്തെ സാരഥിയെ എനിക്കോർമ്മ വന്നത്തോഴിയോട് ചോദിച്ചപ്പോൾ അവളും പറഞ്ഞു . "അയാൾ നിന്നെ പറ്റിക്കുകയൊന്നുമില്ല . ഞങ്ങൾ വാരാണാസിക്കാരാണ് . വിശ്വനാഥന്റെ ഭൂതഗണങ്ങൾ . കാലഭൈരവൻറെ കൺവെട്ടത്തു കശ്മലന്മാരില്ല !!". അങ്ങനെ ഞാൻ സന്തോഷ് വാരാണസി എന്ന നമ്പറിൽ രണ്ടും കല്പിച്ചു ഡയൽ  ചെയ്തു . ബോലിയെ മാഡംജി !! അപ്പുറത്തുനിന്നും വിനീത വിധേയസ്വരം . "അഭി ആവൂന്ഗാ , പന്ത്രഹ് മിനിറ്റ് മേം" . കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഹോസ്റ്റൽ വാർഡനോടും പരിചയപ്പെട്ട മറ്റു സുന്ദരീമണികളോടും  യാത്ര പറഞ്ഞു നന്ദി രേഖപ്പെടുത്തിയതിനുശേഷം കോമളിനൊപ്പം വരാന്തയിൽ കാവലുറപ്പിച്ചു . ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അംബാസിഡർ കാറുമായി സാരഥി ഹാജരായി . കുറുകെ നിന്ന രണ്ടു പശുക്കളെ കാറിൽനിന്നിറങ്ങി സ്നേഹത്തോടെ തലോടി എന്തോപറഞ്ഞു വശത്തേക്ക് തള്ളി നീക്കിയതിനു ശേഷം അയാൾ  ഗേറ്റിനുള്ളിലേക്കു പ്രവേശിച്ചു . ആയിയെ എന്ന് പറഞ്ഞു എന്റെ ലഗേജുകളും എടുത്തയാൾ  വണ്ടിയിലേക്ക് നടക്കുമ്പോൾ കോമൾ എന്നെ ഇറുക്കെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു . '' സംഭാൽ  കർനാ ബത്തമീസ് ! ഡോണ്ട് ഹെസിറ്റേറ് ടു കാൾ മി ഇഫ് യു ആർ നോട്ട് ഫീലിംഗ് കംഫർട്ടബ്ൾ ".
അടുത്ത പ്രാവശ്യം നീ കൊച്ചിയിലേക്ക് വരൂ ..നിന്നെ ഞാനെടുത്തോളാം എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് ഞാനും കാറിൽ കയറി . ഉത്തരവ് കാത്തുനിൽക്കുന്ന ഒരു രാജഭടനെപ്പോലെ വിനീതനായ സന്തോഷിനോട് അറിയാവുന്ന മുറിഹിന്ദിയിൽ ഞാൻ പറഞ്ഞു .'സന്തോഷ് ജി , ഹംകൊ മണികർണികാ ഘാട്ട്  ജാനാ ഹെ. ഉസ്കെ ബാത് ദശാശ്വമേഥ്  ഘാട്ട്. ബീച് മേം ഏക് ബനാറസ് സാടീ ഭീ ഘരീദ്നാ ചാഹിയെ !'. "ഹാം ജീ" എന്ന് രണ്ടുപ്രാവശ്യം ആവർത്തിച്ചതിനു ശേഷം അയാൾ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ എന്നോട് ചോദിച്ചു .'' ഇന്റർവ്യൂ കേസാ ഥാ മാഡം ജീ ? നൗകരി മിലേഗാ ക്യാ ?" എനിക്ക് പെട്ടെന്ന് അരിശം വന്നു . ഞാൻ അയാളോട് കുറച്ചു കടുപ്പിച്ചു പറഞ്ഞു . "വോ ബാത് ഝൊടോ  ഭായീ , അബ് ഹം വാരണാസി ഘൂമെൻഗെ !"

(തുടരും.....) 

ഒരു ചെറു യാത്രയുടെ കഥ ..ഭാഗം 2


ഇടുങ്ങിയ നരച്ച തെരുവുകൾ കടന്നു വിമൻസ് ഹോസ്റ്റലിന്റെ മുറ്റത്തെത്തിയപ്പോൾ അയാൾ എന്റെ ലഗേജ് ഇറക്കി വക്കുകയും അയാളുടെ  ഫോൺ നമ്പർ തരികയും ചെയ്തു . പണം കൊടുക്കാൻ തിരിഞ്ഞ എന്നോട്- പിറ്റേദിവസം  ഇന്റർവ്യൂ കഴിഞ്ഞു സമയം ബാക്കി ഉണ്ടെങ്കിൽ എന്നെ വിളിക്കൂ , നിങ്ങളെ ഞാൻ വാരണാസി മുഴുവൻ കാണിച്ചുതരാം ശേഷം കാശ് തന്നാൽ മതി ന്നു പറഞ്ഞു . ഇന്റർവ്യൂ കഴിഞ്ഞു സമയം കിട്ടുമോ എന്ന് അറിയില്ലെന്നും പിറ്റേദിവസം എന്താണ് പരിപാടിയെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു ഞാൻ നിർബന്ധിച്ചുവെങ്കിലും അയാൾ കാശു വാങ്ങിയില്ല . എങ്കിൽ അടുത്ത വാരണാസി യാത്രയിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു അയാൾ പോയി . എന്റെ സംശയരോഗിയായ മനസ്സിന് ഉൾക്കൊള്ളാനാകാത്ത ചില മനുഷ്യർ നഗരത്തിൽ ഉണ്ടെന്ന് അപ്പോൾ തോന്നി . കോമൾ അപ്പോഴേക്കും ഓടി വരികയും ഭാണ്ഡങ്ങൾ കൈക്കലാക്കി അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
ഞാൻ അവൾ കാണിച്ചുതന്ന മുറിയിലേക്ക് പ്രവേശിച്ചു . ഇതും അതിപുരാതനമായ കെട്ടിടം തന്നെ . നമ്മുടെ നാട്ടിൽ നാലുകെട്ടുകൾക്കു കാണാറുള്ള നടുമുറ്റം അതിനുമുണ്ട് . സുന്ദരികളായ പെൺകുട്ടികൾ അവിടിരുന്നു സൊറപറയുകയും കാൽ നഖം മിനുക്കുകയും ചെയ്യുന്നു . ജനൽ വാതിലുകൾക്കെല്ലാം പലനിറങ്ങളിലുള്ള ചില്ലിട്ടിരിക്കുന്നു . കോമളും ഗംഗയുടെ സമതലങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ഏതോ ഗോതമ്പു കതിർ പോലെ സുന്ദരിയാണ് .ഒന്ന് രണ്ടു മണിക്കൂറുകൾക്കിടയിൽത്തന്നെ അവളും അവളുടെ കൂട്ടുകാരികളും എന്റെ മലയാളിത്തത്തെ മറവിയിലേക്കു തള്ളിവിട്ടു.വർഷങ്ങളായി ഞാൻ അവരുടെയിടയിലാണെന്ന് എന്തുകൊണ്ടോ തോന്നുന്നു.കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നും എത്തിയ ഞാൻ അവരുടെ ബക്കെറ്റുപയോഗിച്ചു  കുളിക്കുകയും അവരുടെ അതേ  ഭാഷയിൽ സല്ലപിക്കുകയും ചെയ്തു .അവർ എന്നെ ബനാറസി വസ്ത്രങ്ങൾ ധരിപ്പിക്കുകയും അവരുടേതുപോലെ കയ്യിലും കാലിലും ചായം പൂശി കൊലുസുകളും വളകളും അണിയിക്കുകയും ചെയ്തു . സന്ധ്യയായപ്പോൾ റിക്ഷകളിൽ കയറി കലപില കൂട്ടി ഞങ്ങൾ അവിടെ മുഴുവൻ ചുറ്റി സഞ്ചരിച്ചു . മൺകുടുക്കയിൽ വിൽക്കുന്ന ബനാറസി ലസ്സി രുചിച്ചു . എത്ര വൃദ്ധരാണ് റിക്ഷാവാലകൾ ?? സൈക്കിളുകളിൽ അമരുന്ന മെലിഞ്ഞു ചുളിവുകൾ വീണ   കാലുകൾ മോക്ഷം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
 സർവകലാശാല വളപ്പിനുള്ളിൽ ഉളള  ബിർള ക്ഷേത്രം ഞങ്ങൾ സന്ദർശിച്ചുക്ഷേത്രത്തിൽ പ്രത്യേകിച്ച് പൂജാ ഗൃഹം ഉണ്ടായിരുന്നില്ല. മാർബിളിൽ ഉണ്ടാക്കിയ ഒരു ശിവലിംഗത്തിനു ചുറ്റും സന്ദർശകർ ഇരുന്നു പ്രാർത്ഥനകൾ ഉരുവിടുന്നു . നല്ല തിരക്കുണ്ട് . പാൽ , ഭസ്മം , എള്ള് , പൂവ് , ധാന്യങ്ങൾ അങ്ങനെ എന്തും നിങ്ങൾക്കു സ്വയം അഭിഷേകം ചെയ്യാം . പൂജാരി നിങ്ങളെ മന്ത്രോച്ചാരണങ്ങളോടെ  സഹായിക്കും. അന്നാട്ടിൽ മിക്ക ക്ഷേത്രങ്ങളും അങ്ങനെയാണെന്നും തീണ്ടിക്കൂടായ്മ  മിക്കയിടങ്ങളിലും കാണാറില്ല എന്നും കോമൾ എന്നോട് പറഞ്ഞു . രാത്രി  വളരെ വൈകിയാണ് ഞങ്ങൾ ഹോസ്റ്റലിൽ തിരിച്ചെത്തിയത് . ആരും ഞങ്ങളെ തെരുവുകളിൽ തുറിച്ചു നോക്കിയില്ല . ഒരു റിക്ഷക്കാരനും ഞങ്ങളിൽനിന്ന് ഉയർന്ന കൂലി ഈടാക്കിയില്ല . ഞങ്ങൾ കൊടുത്ത ചില്ലറ നോട്ടുകൾ കണ്ണോടുചേർത്തു നന്ദിപറഞ്ഞു അവർ തിരിച്ചുപോയി . ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നത് രണ്ടു യുവാക്കളായിരുന്നു . അവർ കഴിക്കുന്നവരെ ശ്രദ്ധിച്ചതേയില്ല . പൂർണമായും ഭക്ഷണം പാകം ചെയ്യുന്നതിൽ ശ്രദ്ധിച്ചു .'ബഹൻജീ ലീജിയെ' എന്നുപറഞ്ഞുകൊണ്ട് അവരിലൊരാൾ  വിളമ്പിത്തന്ന  ചൂട് റൊട്ടിയും ഉരുളക്കിഴങ്ങു കറിയും ഞാൻ രുചിയോടെ കഴിച്ചു .  

അന്ന് രാത്രി എന്തുകൊണ്ടോ ഞാനെന്റെ ഭർത്താവിനെയും കുഞ്ഞിനേയും വിളിച്ചില്ല . കിടന്നപ്പോൾ സ്വാതന്ത്ര്യ മോഹിയായ എന്റെ ആത്മാവ് പുരാതനനഗരത്തിലെ ഒരായിരം ആത്മാക്കളോട് സമരസപ്പെടുന്നതുപോലെപരമ്പരകളുടെ കർമ്മ വിസർജ്യങ്ങൾ ഏറ്റുവാങ്ങി നരച്ചു വിളറി വയോധികയായ   നഗരിക്ക്  അല്പം പോലും കളങ്കംതീണ്ടിയിട്ടില്ലാത്ത ശുഭ്രമായ ഒരു ചേതനയുണ്ടെന്നുതോന്നി. അത്യന്താധുനികതയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ സ്വന്തം നഗരിയിൽ അന്നുവരെ നുഭവിക്കാത്ത ഒരു സുരക്ഷിതത്വ ബോധം ഇങ്ങകലെ കേട്ടുകേൾവി മാത്രമുണ്ടായിരുന്നൊരു പുരാതന നഗരിയിൽ ഞാനനുഭവിക്കുന്നു എന്നത് വളരെ വിചിത്രം തന്നെ.പിറ്റേന്ന് നടക്കാനിരിക്കുന്ന അഭിമുഖത്തെപ്പറ്റിയുള്ള യാതൊരാശങ്കയും എന്നെ അലട്ടിയില്ല .മുറിയുടെ നിറമുള്ള ചില്ലുജാലകങ്ങളിലേക്കു വെറുതെ നോക്കിക്കിടക്കുന്നതിനിടെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി .

(തുടരും.....) 

ഒരു ചെറു യാത്രയുടെ കഥ ...


അവനവനെ തിരഞ്ഞു യാത്ര ചെയ്തവരെത്രയാണ് ? വന്കരകളിൽനിന്നു വന്കരകളിലേക്ക് ...ദ്വീപുകളിൽനിന്നു ദ്വീപുകളിലേക്ക് ...ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ...ഓർമകളിൽ നിന്നും മറവിയിലേക്ക് ...പിറവിയിൽ നിന്നും മൃത്യുവിലേക്ക് ...അങ്ങനെയങ്ങനെ യുഗങ്ങളായി നാം മനുഷ്യരെത്ര യാത്രകൾ ചെയ്തിരിക്കുന്നു ??
എൻ്റെ സുഹൃത്തുക്കളിൽ ചിലർ ജ്വലിക്കുന്ന ഭൂമധ്യരേഖയിൽ നിന്നും തണുത്തുറഞ്ഞ ഹിമാനികൾ മൂടിയ ധ്രുവങ്ങളിലേക്ക്  ദേശാടനക്കിളികളെപ്പോലെ യാത്ര ചെയ്യുന്നവരാണ് . മറ്റുചിലരാവട്ടെ കായൽക്കരയിൽ ഉപ്പുകാറ്റേറ്റിരിക്കുന്ന ചില സായാഹ്നങ്ങളിൽ വെളിപാടുണ്ടായി ഹിമവാൻ രഹസ്യമായി പോറ്റുന്ന പുഷ്പങ്ങളുടെ താഴ്വരയിലേക്ക് ഒരുപ്പോക്ക് പോകുന്നവരും ..അവരോട് അസൂയ മൂത്തു പലപ്പോഴും കലഹിക്കാറുള്ള ഞാനോ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വിട്ടു ചെയ്ത യാത്രകൾ നന്നേ കുറവത്രെ . എങ്കിലും  വിഖ്യാതരായ  സഞ്ചാരികൾ പറയാറുള്ളതുപോലെ  വിധിഹിതമെന്നു പറയട്ടെ ഞാനും ഇന്ത്യയുടെ പുരാതന നഗരമെന്നു വിളിക്കുന്ന വാരണാസിയിൽ ഒരിക്കൽ എത്തിപ്പെട്ടിട്ടുണ്ട് .
കാശിയിലേക്കു സഞ്ചരിക്കുന്നത് മോക്ഷപ്രാപ്തിക്ക് എന്നാണ് കുഞ്ഞുനാളിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത് . അവിടെ മോക്ഷം ആരാണു തരിക ? കയ്യിൽ കൊണ്ടുനടക്കുന്ന മോക്ഷം പിന്നീട്  എന്ത് ചെയ്യണം ? അങ്ങനെ പല ചോദ്യങ്ങളും അപ്പോഴേ എൻ്റെ തലയിലുദിച്ചു . ചോദ്യങ്ങൾ രാത്രികാലങ്ങളിൽ തലയിൽ സ്വൈരവിഹാരം നടത്തുമ്പോൾ യാതൊരു സ്വൈര്യവുമില്ലാതെ ഞാൻ ഉണർന്നിരിക്കുകയാണുണ്ടായത് .
പിന്നീട് വലുതായപ്പോൾ മുത്തശ്ശി പറഞ്ഞ മോക്ഷത്തിന്  വെറും വിടുതൽ എന്ന് മാത്രമേ അര്ഥമുള്ളൂവെന്നും , അത് ആര് തരുന്നു എന്നുള്ളതല്ല എന്തിൽനിന്നാണ് വേണ്ടത് എന്നാണ് ആലോചിക്കേണ്ടതെന്നും മനസ്സിലായി . എങ്കിലും സർവതിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് കാശിയിലേക്കു യാത്രതിരിക്കേണ്ടത് എന്നുമാത്രം മനസ്സിലായതുമില്ല. ഇടയ്ക്കിടെ സ്വൈര്യം കെടുത്തിയിരുന്ന ചിന്തയിൽ നിന്നും മുക്തിതരാൻ ഇപ്പോഴിതാ പ്രപഞ്ചം തന്നെ ഗൂഢപദ്ധതി തയ്യാറാക്കി എന്നെ ഇവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു .

പതിയെ ഞാൻ സഞ്ചരിച്ചിരുന്ന വിമാനം വാരാണസിയിലെ റൺവേയിലേക്ക് ഇറങ്ങുകയാണ് . എന്റെയടുത്തിരുന്നിരുന്ന വെളുത്തു മെലിഞ്ഞു സുന്ദരിയായ മധ്യവയസ് വളരെക്കാലം കൂടി അവരുടെ ഭർത്താവിനരികിലേക്കു യാത്ര ചെയ്യുന്നു .   അവർ ചെറിയ ഒരു കണ്ണാടി കയ്യിലെടുത്തു ചുണ്ടിൽ ചായം അണിയുകയും മുടി കോതി ഒതുക്കി വെക്കുകയും ചെയ്തു . ബംഗളൂരുവിൽ നിന്നും വാരാണസി വരെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് അവരെന്നെ പൊതിഞ്ഞിരുന്നു . ഇറങ്ങിയ ഉടനെ അവരും ഭർത്താവും എനിക്ക് ഒരു ടാക്സി ഡ്രൈവറെ പരിചയപ്പെടുത്തിത്തരികയും അയാളോട് ഒരു മലയാളി കഫെയിൽ കയറ്റി ഇഡ്ഡലിയോ ദോശയോ വാങ്ങിത്തരണമെന്ന് ഏല്പിക്കുകയും ചെയ്തു . അപരിചിതത്വം മൂലം ഞാൻ കാണിക്കുന്ന അങ്കലാപ്പുകണ്ട്  ഞങ്ങൾ വാരാണസിക്കാർ സത്യസന്ധരാണെന്നു ചിരിച്ചുകൊണ്ട് ഉറപ്പുതരികയും ചെയ്തു . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്കാണ് എനിക്ക് പോകേണ്ടത് . അവിടെ സുഹൃത്ത് കോമൾ എന്നെ കാത്തിരിക്കുന്നു . തൊട്ടടുത്ത ദിവസം നടക്കാൻ പോകുന്ന ഇന്റർവ്യൂ ഫലം കണ്ടില്ലെങ്കിലും യാത്ര വെറുതെയാവില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട് . ഒരു പ്രീപെയ്ഡ്ടാക്സി വിളിക്കാമെന്ന് ഉറച്ചിരുന്ന ഞാൻ എന്തുകൊണ്ടോ ഒട്ടും പരിചയമില്ലാത്ത ടാക്സിഡ്രൈവറെ വിശ്വസിക്കാൻ തീരുമാനിച്ചു. 'ആയിയെ മാഡം ജി ' എന്ന് പറഞ്ഞു അയാൾ എന്റെ ഭാണ്ഡങ്ങൾ വാങ്ങി ഡിക്കിയിൽ വക്കുകയും നിമിഷനേരം കൊണ്ട് കാർ സ്റ്റാർട്ടാക്കുകയും ചെയ്തു . ഞാൻ ഇടയ്ക്കിടെ വഴി ശരിയാണോ എന്ന് ഗൂഗിളിനോട് തിരക്കിക്കൊണ്ട് പിൻസീറ്റിൽ ഇരുന്നു .

ബനാറസ് ഒരു പൊടിപിടിച്ച അരണ്ട നഗരമാണ് . ഗംഗയുടെ തീരം ഇത്രയും വരണ്ടുകിടക്കുന്നതെങ്ങിനെയാണെന്നു ഞാൻ അത്ഭുതപ്പെട്ടു .പഴയ  കെട്ടിടങ്ങളുടെ പൊളിഞ്ഞ അവശിഷ്ടങ്ങൾ പലയിടത്തും കാണാം . പുതിയ കെട്ടിടങ്ങൾ നന്നേ ചുരുക്കം . ഉണ്ടെങ്കിൽ തന്നെ പൊടിപിടിച്ചു നിറം മങ്ങി പഴേതെന്ന് തോന്നിക്കുന്നു . എങ്ങോട്ടെന്നറിയാതെ വലിച്ചുകെട്ടിയിരിക്കുന്ന ടെലിഫോൺ വയറുകളും വൈദ്യുതക്കമ്പികളും . നഗരത്തിലേക്കാണോ നിങ്ങൾ ആത്മീയ യാത്ര ചെയ്യേണ്ടത് എന്ന് ഭാരതീയരോട് മുഴുവൻ ഉറക്കെ ചോദിയ്ക്കാൻ എനിക്ക് തോന്നി . വഴികൾ സംശയത്തോടെ വീക്ഷിക്കുന്നത് കണ്ട് ഡ്രൈവർ ഇവിടെ ആദ്യമാണോ എന്ന് എന്നോട് ചോദിച്ചു . ഞാൻ ഭയപ്പാടോടു കൂടി എന്റെ പ്രൊഫസർ ഇവിടെയാണെന്നും ഇടയ്ക്കിടെ ഞാനിവിടെ വരാറുണ്ടെന്നും തട്ടിവിട്ടു . പറഞ്ഞത് കള്ളമാണെന്ന് അപ്പഴേ ബോധ്യമായതുകൊണ്ട് അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു . ''മാഡം ജീ , ഡരിയേ മത് ! യെ ഗംഗാ മാ കി ദേശ് ഹെ ".ഇത്രയും പറഞ്ഞയാൾ തെരുവോരത്തു കാർ നിർത്തി ഒന്നും പറയാതെ ഇറങ്ങി നടന്നു . അമ്പരന്ന് എന്തുചെയ്യണമെന്നറിയാതെ ഞാൻ കാറിൽ ഇരിക്കെ അല്പസമയത്തിനുശേഷം ഒരു പൊതിയുമായി അയാൾ മടങ്ങിവന്നു . ' ആപ് മൽയാലി  ഹെ നാ ? യെ ലോ ഇഡ്‌ലി സാമ്പാർ പാഴ്‌സൽ '. എന്നിൽ നിന്നും നാലഞ്ചു വെള്ളരിപ്രാവുകൾ ഒരുമിച്ചു പറന്നുപോയപോലെ തോന്നി . പിന്നീട് ഞാൻ അയാളോട് നന്ദി പറയുകയും എന്തിനാണിവിടെ വന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു . വാരണാസിയെപ്പറ്റി കേട്ട കാര്യങ്ങൾ ശരിയാണോ എന്നന്വേഷിച്ചപ്പോൾ അയാൾ ചോദിച്ചത് ഇതാണ് . 'ആപ് യഹാം ക്യും ആയി ? മോക്ഷ് പാനെ കേലിയെ  യാ നൗകരി മിൽനെ കേലിയെ ?' രണ്ടും തരപ്പെട്ടാൽ നന്ന് എന്ന് ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു .


(തുടരും.....)