ഇടുങ്ങിയ നരച്ച തെരുവുകൾ കടന്നു വിമൻസ് ഹോസ്റ്റലിന്റെ മുറ്റത്തെത്തിയപ്പോൾ അയാൾ എന്റെ ലഗേജ് ഇറക്കി വക്കുകയും അയാളുടെ ഫോൺ
നമ്പർ തരികയും ചെയ്തു . പണം കൊടുക്കാൻ തിരിഞ്ഞ എന്നോട്- പിറ്റേദിവസം ഇന്റർവ്യൂ
കഴിഞ്ഞു സമയം ബാക്കി ഉണ്ടെങ്കിൽ എന്നെ വിളിക്കൂ , നിങ്ങളെ ഞാൻ വാരണാസി മുഴുവൻ കാണിച്ചുതരാം ശേഷം കാശ് തന്നാൽ മതി എന്നു പറഞ്ഞു . ഇന്റർവ്യൂ കഴിഞ്ഞു സമയം കിട്ടുമോ എന്ന് അറിയില്ലെന്നും പിറ്റേദിവസം എന്താണ് പരിപാടിയെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു ഞാൻ
നിർബന്ധിച്ചുവെങ്കിലും
അയാൾ കാശു വാങ്ങിയില്ല . എങ്കിൽ അടുത്ത വാരണാസി യാത്രയിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു അയാൾ പോയി . എന്റെ സംശയരോഗിയായ മനസ്സിന് ഉൾക്കൊള്ളാനാകാത്ത ചില മനുഷ്യർ ഈ നഗരത്തിൽ ഉണ്ടെന്ന്
അപ്പോൾ തോന്നി . കോമൾ അപ്പോഴേക്കും ഓടി വരികയും ഭാണ്ഡങ്ങൾ കൈക്കലാക്കി അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
ഞാൻ അവൾ കാണിച്ചുതന്ന മുറിയിലേക്ക് പ്രവേശിച്ചു . ഇതും അതിപുരാതനമായ കെട്ടിടം തന്നെ . നമ്മുടെ നാട്ടിൽ നാലുകെട്ടുകൾക്കു കാണാറുള്ള നടുമുറ്റം അതിനുമുണ്ട് . സുന്ദരികളായ പെൺകുട്ടികൾ അവിടിരുന്നു സൊറപറയുകയും കാൽ നഖം മിനുക്കുകയും ചെയ്യുന്നു . ജനൽ വാതിലുകൾക്കെല്ലാം പലനിറങ്ങളിലുള്ള ചില്ലിട്ടിരിക്കുന്നു . കോമളും ഗംഗയുടെ സമതലങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ഏതോ ഗോതമ്പു കതിർ പോലെ സുന്ദരിയാണ് .ഒന്ന് രണ്ടു മണിക്കൂറുകൾക്കിടയിൽത്തന്നെ
അവളും അവളുടെ കൂട്ടുകാരികളും എന്റെ മലയാളിത്തത്തെ മറവിയിലേക്കു തള്ളിവിട്ടു.വർഷങ്ങളായി ഞാൻ അവരുടെയിടയിലാണെന്ന് എന്തുകൊണ്ടോ തോന്നുന്നു.കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നും എത്തിയ ഞാൻ അവരുടെ ബക്കെറ്റുപയോഗിച്ചു കുളിക്കുകയും അവരുടെ അതേ ഭാഷയിൽ
സല്ലപിക്കുകയും ചെയ്തു .അവർ എന്നെ ബനാറസി വസ്ത്രങ്ങൾ ധരിപ്പിക്കുകയും അവരുടേതുപോലെ കയ്യിലും കാലിലും ചായം പൂശി കൊലുസുകളും വളകളും അണിയിക്കുകയും ചെയ്തു . സന്ധ്യയായപ്പോൾ റിക്ഷകളിൽ കയറി കലപില കൂട്ടി ഞങ്ങൾ അവിടെ മുഴുവൻ ചുറ്റി സഞ്ചരിച്ചു . മൺകുടുക്കയിൽ വിൽക്കുന്ന ബനാറസി ലസ്സി രുചിച്ചു . എത്ര വൃദ്ധരാണ് ആ റിക്ഷാവാലകൾ ?? സൈക്കിളുകളിൽ
അമരുന്ന മെലിഞ്ഞു ചുളിവുകൾ വീണ ആ കാലുകൾ
മോക്ഷം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
സർവകലാശാല വളപ്പിനുള്ളിൽ ഉളള ബിർള
ക്ഷേത്രം ഞങ്ങൾ സന്ദർശിച്ചു . ക്ഷേത്രത്തിൽ
പ്രത്യേകിച്ച് പൂജാ ഗൃഹം ഉണ്ടായിരുന്നില്ല. മാർബിളിൽ ഉണ്ടാക്കിയ ഒരു ശിവലിംഗത്തിനു ചുറ്റും സന്ദർശകർ ഇരുന്നു പ്രാർത്ഥനകൾ ഉരുവിടുന്നു . നല്ല തിരക്കുണ്ട് . പാൽ , ഭസ്മം , എള്ള് , പൂവ് , ധാന്യങ്ങൾ അങ്ങനെ എന്തും നിങ്ങൾക്കു സ്വയം അഭിഷേകം ചെയ്യാം . പൂജാരി നിങ്ങളെ മന്ത്രോച്ചാരണങ്ങളോടെ സഹായിക്കും.
അന്നാട്ടിൽ മിക്ക ക്ഷേത്രങ്ങളും അങ്ങനെയാണെന്നും തീണ്ടിക്കൂടായ്മ മിക്കയിടങ്ങളിലും
കാണാറില്ല എന്നും കോമൾ എന്നോട് പറഞ്ഞു . രാത്രി വളരെ
വൈകിയാണ് ഞങ്ങൾ ഹോസ്റ്റലിൽ തിരിച്ചെത്തിയത് . ആരും ഞങ്ങളെ ആ തെരുവുകളിൽ തുറിച്ചു
നോക്കിയില്ല . ഒരു റിക്ഷക്കാരനും ഞങ്ങളിൽനിന്ന് ഉയർന്ന കൂലി ഈടാക്കിയില്ല . ഞങ്ങൾ കൊടുത്ത ചില്ലറ നോട്ടുകൾ കണ്ണോടുചേർത്തു നന്ദിപറഞ്ഞു അവർ തിരിച്ചുപോയി . ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നത് രണ്ടു യുവാക്കളായിരുന്നു . അവർ കഴിക്കുന്നവരെ ശ്രദ്ധിച്ചതേയില്ല . പൂർണമായും ഭക്ഷണം പാകം ചെയ്യുന്നതിൽ ശ്രദ്ധിച്ചു .'ബഹൻജീ ലീജിയെ' എന്നുപറഞ്ഞുകൊണ്ട് അവരിലൊരാൾ വിളമ്പിത്തന്ന ചൂട്
റൊട്ടിയും ഉരുളക്കിഴങ്ങു കറിയും ഞാൻ രുചിയോടെ കഴിച്ചു .
അന്ന്
രാത്രി എന്തുകൊണ്ടോ ഞാനെന്റെ ഭർത്താവിനെയും കുഞ്ഞിനേയും വിളിച്ചില്ല . കിടന്നപ്പോൾ സ്വാതന്ത്ര്യ മോഹിയായ എന്റെ ആത്മാവ് ആ പുരാതനനഗരത്തിലെ ഒരായിരം ആത്മാക്കളോട് സമരസപ്പെടുന്നതുപോലെ. പരമ്പരകളുടെ കർമ്മ വിസർജ്യങ്ങൾ ഏറ്റുവാങ്ങി നരച്ചു വിളറി വയോധികയായ ഈ നഗരിക്ക് അല്പം
പോലും കളങ്കംതീണ്ടിയിട്ടില്ലാത്ത ശുഭ്രമായ ഒരു ചേതനയുണ്ടെന്നുതോന്നി. അത്യന്താധുനികതയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ സ്വന്തം നഗരിയിൽ അന്നുവരെ അനുഭവിക്കാത്ത ഒരു സുരക്ഷിതത്വ ബോധം ഇങ്ങകലെ കേട്ടുകേൾവി മാത്രമുണ്ടായിരുന്നൊരു പുരാതന നഗരിയിൽ ഞാനനുഭവിക്കുന്നു എന്നത് വളരെ വിചിത്രം തന്നെ.പിറ്റേന്ന് നടക്കാനിരിക്കുന്ന
അഭിമുഖത്തെപ്പറ്റിയുള്ള യാതൊരാശങ്കയും എന്നെ അലട്ടിയില്ല .മുറിയുടെ നിറമുള്ള ചില്ലുജാലകങ്ങളിലേക്കു
വെറുതെ നോക്കിക്കിടക്കുന്നതിനിടെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി .
(തുടരും.....)
ആ അഭിമുഖത്തിൽ എന്ത് സംഭവിച്ചു? കേരളത്തിൽ നിന്ന് വന്ന ഡോക്ടർ സൂര്യ എങ്ങനെയാണ് ആ അഭിമുഖത്തെ നേരിട്ടത്? ഹിന്ദിയിൽ തട്ടി വീഴുമോ അതോ ഇംഗ്ലീഷിൽ തകർക്കുമോ? കാത്തിരിക്കുക അടുത്ത ലക്കത്തിനായി 😁 വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അവസാനിപ്പിക്കുന്നത് ഒരു നല്ല എഴുത്തുകാരിയുടെ/കാരന്റെ കഴിവാണ്. 😊
ReplyDeleteനല്ലെഴുത്ത്. നാലാം നിലയിലെ അടുത്ത കഥക്കായി കാത്തിരിക്കുന്നു 👍👍
ഹും ഹും.. കാറ്റെങ്ങോട്ടാണെന്നു മനസ്സിലാവുന്നുണ്ട്.. 😄😄
Deleteഅന്ന് രാത്രി എന്തുകൊണ്ടോ ഞാനെന്റെ ഭർത്താവിനെയും കുഞ്ഞിനേയും വിളിച്ചില്ല.... വൈ ?
ReplyDeleteനിങ്ങൾ ഉത്തരം പറഞ്ഞേ മതിയാകൂ.... വൈ?
മടുപ്പ് തരാതെ നന്നായി എഴുതി. അടുത്ത ഭാഗത്തിനായി കട്ട വൈറ്റിങ്ങ്
ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ അടുത്ത ലക്കം വായിക്കൂ..
Deleteസൂര്യേ.... ഓടി രക്ഷപ്പെടൂ.
Deleteഎന്തുകൊണ്ട് ഇത്തരത്തിലൊരു സാഹചര്യത്തിൽ എത്തിപ്പെട്ടാൽ അവർ വീടും വീട്ടുകാരെയും മറക്കുന്നു... 'INIDA' wants to know.... ഇന്നത്തെ പ്രൈം ടൈം ചർച്ചയിലേക്ക് ക്ഷണിക്കുന്നു...
ReplyDeleteഎന്തുകൊണ്ട് അവർ ഉറങ്ങിപ്പോയി...
ടാക്സികാരൻ പൈസ വാങ്ങാതിരുന്നത് എന്തുകൊണ്ട്..
രണ്ടു യുവാക്കൾ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം വെക്കുന്നു.. അവർ സ്ത്രീകളെ നോക്കിയില്ല പോലും??
ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ ഇനിയും വരാനുണ്ട്...
നമുക്കാ കാത്തിരിക്കാം
.
നല്ല.കഥ..
എനിക്കു പൊങ്കാലയിടാൻ സൈന്യത്തെയും കൂട്ടി പടപ്പുറപ്പാടാണല്ലേ 😄😄
Deleteആനന്ദേ.... ഇതെന്നാ ഇടപാടാ?
Deleteഎഴുത്തു കാരിയെക്കാൾ തകർപ്പൻ വായനക്കാർ .. ഇവർ ഇത് എന്തെങ്കിലും ഒക്കെ ആക്കും ....!!!
ReplyDeleteഒരിത്തിപ്പോരം മാത്രം എഴുതിയതിനു എഴുത്തുകാരിയോട് കടുത്ത പ്രതിഷേധം . ഒത്തിരിയൊത്തിരി കഥകൾ ആ മനോഹരമായ വാക്കുകളിൽ മെനഞ്ഞിടൂ ....
സമയക്കുറവുകൊണ്ടാണ് കല്ലോലിനി.. ഇനിയും എഴുതാം കെട്ടോ
Deleteഎന്റെ ബക്കറ്റ് ലിസ്റ്റിലുള്ള പ്രധാന ഐറ്റം ആണ് കാശിയിലേക്കൊരു യാത്ര. വായിച്ച് വായിച്ച് ഇപ്പൊ സ്ഥലം പറയാതെ ആരെങ്കിലും വിവരിച്ചാൽ പോലും എനിക്ക് മനസിലാവുന്ന അവസ്ഥയാണ്. ഈ യാത്ര വായിച്ചപ്പോഴും അത് തന്നെ തോന്നി. ഞാൻ സ്വയം ചെയ്ത യാത്ര പോലെ. ലേഡീസ് ഹോസ്റ്റലിൽ മുറി കിട്ടുന്ന കാര്യം മാത്രമാണ് പ്രശ്നം! ബൈ ദി വേ, എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. ഒഴുക്കും തെളിമയുമുള്ള ഭാഷ. കൂടുതൽ വായിക്കാൻ, നാലാംനിലയിൽ ഞാനും ഒരു റൂം ബുക്ക് ചെയ്യുന്നു.
ReplyDeleteഎഴുത്തുമുറി സന്ദർശിച്ചതിനു നന്ദി... ഇവിടെ എല്ലാ യാത്രികർക്കും സുസ്വാഗതം 😊
Deleteസൂര്യചേച്ചീ,
ReplyDeleteയാത്രയിൽ കൂടെ പോന്നതുപോലെ തോന്നി. എഴുത്തിന്റെ വരം കൈയിലുള്ളത് കൈമോശം വരാതെ എഴുതിപ്പിടിപ്പിച്ചോ.
(ഇച്ചിരെ നീളം കൂടി വേണം ഇനി മുതൽ. )
നീയുമോ ബ്രൂട്ടസേ... 😪😄
Deleteഅടുത്ത കാലത്ത് ഞാൻ തെണ്ടി കറങ്ങിയിരുന്നു ബനാറസ്.ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി യുടെ അടുത്തതാണ് താമസിച്ചിരുന്നത്. 3 ദിവസം അവിടെ കറങ്ങി. എന്തായാലും ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു
ReplyDelete🥰🥰
Deleteവളരെ ഇഷ്ടപ്പെട്ടു വായിച്ചു തീർത്തു മൂന്നധ്യായങ്ങളും.. 3, 1, 2 എന്ന ക്രമത്തിൽ..
ReplyDelete"സ്വാതന്ത്ര്യ മോഹിയായ എന്റെ ആത്മാവ് ആ പുരാതനനഗരത്തിലെ ഒരായിരം ആത്മാക്കളോട് സമരസപ്പെടുന്നതുപോലെ"
--അസ്സലായിരിക്കുന്നു.. 👌
നന്ദി സുഹൃത്തേ 🥰
Deleteസൂര്യ.
ReplyDeleteസൂര്യയുടെ വിവരണങ്ങൾക്ക്
ഒരു പ്രത്യേക ചാരുതയുണ്ട് ട്ടാ.
അനുഭവിച്ച
ചുറ്റുപാടുക്കുകളെ പകർന്ന് പകർന്ന് പോകുന്ന ഒരു തരം എഴുത്ത്.
മോക്ഷം ആഗ്രഹിക്കുന്ന റിക്ഷാകാരന്റെ കാൽപാദങ്ങൾ,കർമ്മ വിസർജ്യങ്ങൾ
മറക്കില്ല ട്ടാ.
സലാം.
വഴിമരത്തിന്റെ പ്രോത്സാഹനങ്ങൾ എന്നും എന്റെ ഊർജ്ജം 🥰🥰
ReplyDeleteഒറ്റവാക്കിൽ - മനോഹരം. സുന്ദരമായ ചില പ്രയോഗങ്ങൾ കണ്ടു.
ReplyDeleteബനാറസ് എന്നും വാരാണസി എന്നും കേൾക്കുമ്പോൾ രണ്ടും രണ്ടാണോ എന്നൊരു തോന്നൽ.
ReplyDeleteരണ്ടും ഒന്നാണല്ലോ സർ. ഒരേ പേര് ഉപയോഗിക്കാൻ ഇനി ശ്രദ്ധിച്ചോളാം. വായിച്ചതിന് ഒരുപാട് നന്ദി 🙏🙏
Deleteസുരക്ഷിതബോധമുണ്ടായാൽ മനസ്സിനെന്തൊരാശ്വാസം! ഹൃദ്യമായ വരികൾ. ആശംസകൾ __
ReplyDeleteകൊള്ളാം സൂര്യ നന്നായി എഴുതുന്നു
ReplyDelete