വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടിവർഷങ്ങൾക്കപ്പുറത്തു പെയ്തിറങ്ങുന്ന
വേനൽമഴയിൽ അമ്മയുടെ വേവലാതി
കൂട്ടാക്കാതെ തെരുതെരെ നൃത്തം
ചവിട്ടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു.
വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി.
നക്ഷത്രക്കുഞ്ഞുങ്ങൾക്കിടയിൽനിന്നും
ഭൂമിയിൽ പൊഴിഞ്ഞു വീണവൾ….
 ജനനമരണങ്ങളുടെ അറ്റവും ആഴവും
അറിയാതെ മിന്നുന്ന കൊച്ചരിപ്പല്ലുകൾ
കാട്ടി കിലുകിലെ ചിരിച്ചുകൊണ്ട്
പകലന്തിയോളം അവൾ
അങ്ങിങ്ങു ഓടിനടന്നു……
 പായൽപച്ചകളിൽ
ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെയും
തേരട്ടകളെയും കണ്ണിമയ്ക്കാതെ
മണിക്കൂറുകളോളം നോക്കിയിരുന്നു…..
കരഞ്ഞു കണ്ണീരൊലിപ്പിച്ചു വരുന്ന മഴ
തൊടിയിലെ ചേമ്പിലകളിൽ പെറ്റിട്ടുപോകുന്ന
മഴക്കുഞ്ഞുങ്ങളെയും , 
ഒളിച്ചെത്തുന്ന അന്തിവെയിൽ മുറ്റത്തെ വരിക്കപ്ലാവിന്റെ
ഇടതൂർന്ന ഇലകൾക്കിടയിലൂടെ രഹസ്യമായി
ഇറക്കിവിടാറുള്ള വെയിൽക്കുട്ടികളെയും
നോക്കി അവൾ അത്ഭുതം കൂറി….
 കറുകയുംകൂവയും പൂവാങ്കുറുന്തിലയും തിങ്ങിയ
ഇത്തിരിവട്ടം പറമ്പിൽ… മഴക്കാലം
വരയ്ക്കുന്ന ചാലുകളിൽ സുഖവാസത്തിനു
കൂട്ടംകൂട്ടമായെത്താറുള്ള മാനത്തുകണ്ണികളെ
കൈക്കുമ്പിളിൽ പൊത്തിപ്പിടിക്കുകയും
ഇക്കിളിപൂണ്ടു കൗതുകത്തോടെ
വെറുതെവിടുകയും
ചെയ്തു .
നാട്ടിടവഴിയിലെ
നനഞ്ഞുതണുത്ത മണ്ണിൽ ഇലഞ്ഞികളും
ചെമ്പകങ്ങളും അവൾക്കുവേണ്ടി
പൂക്കൾ പൊഴിച്ചി്ട്ടു
 അമ്പലക്കുളത്തിലെ
നീലാമ്പലുകൾക്കിടയിൽ തുറിച്ച
കണ്ണുകളുരുട്ടി പച്ചത്തവളകൾ
അവളെ കാത്തിരുന്നു
 പാദസരങ്ങളിടാത്ത
കുഞ്ഞുകാലുകൾ പടവിലിറങ്ങുന്നതും
കാത്തു കുളത്തിലെ പരൽമീനുകൾ പതിയിരുന്നു….
 അവരോടെല്ലാം
പായാരം പറയാൻ അവൾ കോലോത്തെക്ക്
ഓടി …
അമ്പലമുറ്റത്തെ അരയാലിന്റെ
മിനുത്ത ചോരനിറമുള്ള ഇലക്കുഞ്ഞുങ്ങളേപ്പറിച്ചു
പുസ്തകത്തിലൊളിപ്പിച്ചുവച്ചു വളർത്താൻ
കൊണ്ടുവന്നു…
 പാമ്പു തുപ്പിയിട്ടുണ്ടാവുമെന്നു മൂത്തോർ പറയാറുള്ള മധുരിക്കുന്ന
പാണൽപ്പഴങ്ങൾ ആരുമറിയാതെ
പറിച്ചു രുചിച്ചു ..
വർഷങ്ങൾക്കിപ്പുറം
നഗരത്തിലെ ഒരിടത്തരം ഫ്ലാറ്റിന്റെ
ബാല്കണിയിൽനിന്ന് കയ്യിലൊരു
കപ്പു കാപ്പിയുമായി ഇരമ്പുന്ന
മഴയിലേക്ക് നോക്കുമ്പോൾ
എനിക്ക് കാണാം അങ്ങകലെ
ഒരു ശവമഞ്ചം നിരങ്ങി നീങ്ങുന്നത്…..
 അതിൽഅവളുണ്ട്!
വെളുത്ത പെറ്റിക്കോട്ടിട്ട
പെൺകുട്ടി!!
അവളുടെ ചിരിയറ്റ ചുണ്ടിൽ
ഈച്ചകളരിക്കുന്നുണ്ട്!
അവൾക്കുപിന്നാലെ
കരഞ്ഞുകൊണ്ടതാ വെയിൽക്കുട്ടികളും, മഴക്കുഞ്ഞുങ്ങളും മാനത്തുകണ്ണികളും!!

ഒരു ഹൃദയരഹസ്യം..

ചില ഹൃദയങ്ങളുണ്ട്,
തണുത്തുറഞ്ഞ ശിശിരകാല തടാകങ്ങളെപ്പോലുള്ളവ..
ഉള്ളിൽ ശീത നിദ്രയിലാണ്ട 
സ്വപ്നങ്ങളും പേറി,എങ്ങുനിന്നോ
എത്തിചേരാനിരിക്കുന്ന വസന്തത്തിനായി
പ്രതീക്ഷയോടെ കാത്തിരിക്കുന്നവ...

മറ്റു ചില ഹൃദയങ്ങൾ അഗാധ സമുദ്രങ്ങളാണ്..
ആഴങ്ങളിൽ ചുഴികളും പ്രവാഹങ്ങളുമൊളിപ്പിച്ചു
ശാന്തഗംഭീരമായി അലയൊലികൾ മുഴക്കുന്നവ..അവയുടെ തീരത്തു
 നുരയുന്ന തിരമാലകളിൽ  അനായാസം വിഹരിക്കാനാകും..എന്നാൽ അതിനാഴങ്ങൾ കീഴടക്കാൻ അതിവിദഗ്ധനായ
ഒരു നാവികനായാൽ പോലും ചിലപ്പോൾ നിങ്ങൾക്ക്
കഴിഞ്ഞെന്നു വരില്ല..

ചിലവ അനന്തമായ ആകാശം
പോലെയാണ്...
മേഘങ്ങൾക്കിടയിലെ വെള്ളിൽക്കിളികളെപ്പോലെ
നിങ്ങൾക്കവിടെ സ്വതന്ത്ര വിഹാരം നടത്താനായേക്കും...എങ്കിലും
ചേക്കേറാനൊരു ചില്ല ഒരിക്കലും
ഇല്ലതന്നെ...

എന്നാൽ എനിക്കിഷ്ടപ്പെട്ട
ഹൃദയങ്ങൾ ഏതെന്നറിയാമോ...
കുഞ്ഞു പക്ഷിക്കൂട് പോലുള്ളവ...
അവ നിങ്ങളുടെ സ്വപ്നങ്ങളെ
അടവച്ചു വിരിയിക്കുന്നു..
നിങ്ങളുടെ വിയർപ്പും വിസർജ്യവുമേറ്റു
വാങ്ങുന്നു...
പറക്കമുറ്റുവോളം കണ്ണിമയ്ക്കാതെ
കാവലിരിക്കുന്നു..
പറന്നു തളരുമ്പോൾ ചേക്കേറാൻ ഇടമൊരുക്കുന്നു...
നിങ്ങളെ നിങ്ങളാക്കാൻ നിരന്തരം ജീർണിച്ചുതീരുന്ന പക്ഷിക്കൂടുകളെപ്പോലുള്ള
കുഞ്ഞുവിശാല ഹൃദയങ്ങൾ അവ...അവയാണ് എനിക്ക് ഏറ്റവുമിഷ്ടം..