ഒരു ഹൃദയരഹസ്യം..

ചില ഹൃദയങ്ങളുണ്ട്,
തണുത്തുറഞ്ഞ ശിശിരകാല തടാകങ്ങളെപ്പോലുള്ളവ..
ഉള്ളിൽ ശീത നിദ്രയിലാണ്ട 
സ്വപ്നങ്ങളും പേറി,എങ്ങുനിന്നോ
എത്തിചേരാനിരിക്കുന്ന വസന്തത്തിനായി
പ്രതീക്ഷയോടെ കാത്തിരിക്കുന്നവ...

മറ്റു ചില ഹൃദയങ്ങൾ അഗാധ സമുദ്രങ്ങളാണ്..
ആഴങ്ങളിൽ ചുഴികളും പ്രവാഹങ്ങളുമൊളിപ്പിച്ചു
ശാന്തഗംഭീരമായി അലയൊലികൾ മുഴക്കുന്നവ..അവയുടെ തീരത്തു
 നുരയുന്ന തിരമാലകളിൽ  അനായാസം വിഹരിക്കാനാകും..എന്നാൽ അതിനാഴങ്ങൾ കീഴടക്കാൻ അതിവിദഗ്ധനായ
ഒരു നാവികനായാൽ പോലും ചിലപ്പോൾ നിങ്ങൾക്ക്
കഴിഞ്ഞെന്നു വരില്ല..

ചിലവ അനന്തമായ ആകാശം
പോലെയാണ്...
മേഘങ്ങൾക്കിടയിലെ വെള്ളിൽക്കിളികളെപ്പോലെ
നിങ്ങൾക്കവിടെ സ്വതന്ത്ര വിഹാരം നടത്താനായേക്കും...എങ്കിലും
ചേക്കേറാനൊരു ചില്ല ഒരിക്കലും
ഇല്ലതന്നെ...

എന്നാൽ എനിക്കിഷ്ടപ്പെട്ട
ഹൃദയങ്ങൾ ഏതെന്നറിയാമോ...
കുഞ്ഞു പക്ഷിക്കൂട് പോലുള്ളവ...
അവ നിങ്ങളുടെ സ്വപ്നങ്ങളെ
അടവച്ചു വിരിയിക്കുന്നു..
നിങ്ങളുടെ വിയർപ്പും വിസർജ്യവുമേറ്റു
വാങ്ങുന്നു...
പറക്കമുറ്റുവോളം കണ്ണിമയ്ക്കാതെ
കാവലിരിക്കുന്നു..
പറന്നു തളരുമ്പോൾ ചേക്കേറാൻ ഇടമൊരുക്കുന്നു...
നിങ്ങളെ നിങ്ങളാക്കാൻ നിരന്തരം ജീർണിച്ചുതീരുന്ന പക്ഷിക്കൂടുകളെപ്പോലുള്ള
കുഞ്ഞുവിശാല ഹൃദയങ്ങൾ അവ...അവയാണ് എനിക്ക് ഏറ്റവുമിഷ്ടം..

9 comments:

 1. കൊള്ളാം...നല്ല വിലയിരുത്തൽ .

  ReplyDelete
 2. എന്തെടോ മാഷേ..
  ഹൃദ്യങ്ങളിലെ കവിത?
  പക്ഷിക്കൂട് പോലൊരു ഹൃദയം..ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു..
  വിശാലതകളുടെ രൂപകങ്ങളിൽ നിന്ന് പെട്ടന്ന്
  ഒരു ചെറു പാഴ്ചുള്ളികൂട്ടിലേക്ക്
  കവിതയെത്തുമെന്ന്
  പ്രതീക്ഷിച്ചതെ ഇല്ല.
  ദ്രവിച്ചുതീരുന്ന ഹൃദയത്തോട്,അതിന്റെ കുഞ്ഞു വിശാലതയോട് പെരുത്ത ഇഷ്ടം..
  സലാം സൂര്യ

  ReplyDelete
  Replies
  1. ഇടയ്ക്കിടെ ഈ നാലാംനിലയിൽ വിരുന്നു വന്ന് വരികൾക്കിടയിൽ പറയാതെ വച്ചത് പറഞ്ഞു പോകുന്ന സുഹൃത്തേ , നിങ്ങൾക്കു നന്ദി , ഹൃദയപൂർവ്വം!!

   Delete
 3. കവിതയുടെ അവസാനഭാഗം കൂടുതൽ ഇഷ്ടമായി...

  ReplyDelete
 4. ആഹാ !!!!! നല്ല ഭംഗിയുള്ള ഹൃദയവിചാരങ്ങൾ. അവസാനത്തെ വരികൾ എനിക്കും ഒരുപാടിഷ്ടായി.

  ReplyDelete
 5. പലരുടെയും ഹൃദയങ്ങളുടെ ആഴവും വിശാലതയും പറഞ്ഞു പോവുകയാണല്ലേ... ഒടുവിൽ തന്റെ ആഗ്രഹത്തിനൊത്ത ഒരാളുടെ ഹൃദയവും പറയുന്നു...

  ഹൃദയത്തിനൊരു ഹൃദയമുണ്ടെങ്കിൽ അതെങ്ങനെയെന്നു ചിന്തിക്കുന്ന കാലത്ത് ... ഹൃദയത്തെ മനസിലാക്കുന്ന ഹൃദയം സൂര്യേ നിനക്ക് സ്വന്തം..

  ReplyDelete