ശിലീഭൂതം - 12

 അന്ന് രാത്രി അയാൾ ഉറങ്ങിയില്ല. കണ്ണടക്കുമ്പോൾ പ്രളയം. പ്രളയത്തിൽ സുയാൽ ഗതി മാറി ഒഴുകുന്നു. ഞെട്ടിയുണരുമ്പോൾ ഭയം തന്നിലേക്ക് അരിച്ചു കയറുന്നു. എന്തിനെന്നറിയാത്ത ഭയം.ഇത്രനാൾ ഒരേ വൃത്തത്തിൽ വീണ്ടും വീണ്ടും സഞ്ചരിക്കുകയായിരുന്നു താൻ. അനേകം സംസ്കൃതികളുടെ നിഗൂഢ ഭൂതകാലങ്ങൾ തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. ഒരേ സഞ്ചാര പഥത്തിന്റെ വിരസതയോട് താൻ എന്നേ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പരിചിതമല്ലാത്ത ഏതോ പാതയിലേക്ക് എടുത്തെറിയപ്പെടുന്നതിനു തൊട്ടു മുൻപുള്ള നിമിഷം പോലെ അനുഭവപ്പെടുന്നു ഈ രാത്രി. താനും ഗതി മാറി ഒഴുകുകയാണോ? അയാൾ കൂടാരത്തിൽ നിന്നും പലവട്ടം പുറത്തു ക ടക്കുകയും വീണ്ടും അകത്തുപോയി ഉറങ്ങാൻ ശ്രമിക്കുകയും ചെയ്തു.


ഇനിയും മൂന്നു രാത്രികൾ കൂടി ബാക്കിയുണ്ട്. കുട്ടികളുടെ കൂടെ... ഹേമയുടെ കൂടെ.. പിന്നെ അത്ഭുത ദ്വീപിൽ നിന്നെത്തിയ മായാവിനിയുടെ കൂടെ! പുലരാറായപ്പോൾ ഭാരിച്ച ശരീരവും മനസ്സും അൽപനേരം മയങ്ങി.പ്രഭാത ഭക്ഷണത്തിനു തിരക്കു കൂട്ടുന്ന കുട്ടികളുടെ ബഹളം കേട്ടാണുണർന്നത്.കാപ്പിക്കപ്പുകൾ പിഞ്ഞാണങ്ങളിൽ മുട്ടി അവർ ഹേമയുടെ പരിചാരകരോട് ഭക്ഷണം വേഗമെത്തിക്കാൻ ആവശ്യപ്പെടുന്നു. വിക്ടർ ഒരു മടക്കുകസാരയിലിരുന്ന് നിലത്തിരിക്കുന്ന താമോഗ്നയുടെ ചുരുണ്ട മുടി ഒതുക്കിക്കെട്ടാൻ ശ്രമിക്കുകയാണ്‌. ഇടയ്ക്കിടെ എന്തോ പറഞ്ഞ് അവളെ കളിയാക്കുന്നുമുണ്ട്. ഇന്നെന്തേ അവൾ നേരത്തെ ഉണർന്നത്? അവളുടെ പിൻകഴുത്തിലെ മരതക മറുക് അവൻ കാണുമെന്നോർത്ത് അയാൾക്ക് നേരിയ അലോസരം തോന്നി. അതുകൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു "Victor, where is Hema? Is she still asleep?" എന്നിട്ട് അടുത്തേക്ക് ചെന്ന് അല്പം ആശ്ചര്യം നടിച്ച് തമോഗ്നയെ നോക്കിപ്പറഞ്ഞു " Oh! You are early today! Great!" അപ്പോളവൾ മുടി മാടി വെച്ച് എഴുന്നേറ്റിട്ടു പറഞ്ഞു " Actually I'm on my same schedule. You woke up late today. Anyway I will get Hema"


ഹേമ പതിവിലേറെ ഉത്സാഹത്തോടെയാണ് അന്ന് കുട്ടികൾക്കിടയിലേക്ക് വന്നത്. ഫീൽഡ് സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദിവസങ്ങളുടെ തുടക്കമാണിതെന്ന് അവർ പറഞ്ഞു. ഭക്ഷണശേഷം ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും ഉത്ഘനനം ചെയ്യാൻ ഉപയോഗിക്കാറുള്ള ഉപകരണങ്ങൾ അവർ പരിചയപ്പെടുത്തി. ചില തരം ചെറു ഉളികൾ ബ്രഷുകൾ, വാട്ടർ ജെറ്റുകൾ തുടങ്ങിയവ. പല ചിത്രങ്ങളും പായൽ വന്നു മൂടിയിരിക്കും. ചിലവയിൽ വളരെക്കാലം കിനിഞ്ഞൊഴുകിയ വെള്ളം അവശേഷിപ്പിച്ച ധാതുക്കളും ചുണ്ണാമ്പുകൽപാളികളും പറ്റിപ്പിടിച്ചിരിക്കും. വളരെ ശ്രദ്ധയോടെ അവയെല്ലാം ഇളക്കിയെടുക്കുകയും കഴുകി വൃത്തിയാക്കുകയും വേണം.  ചിത്രങ്ങൾക്ക് അല്പം പോലും കേടുപാടുകൾ പറ്റുകയുമരുത്. ശ്ര മകരമായ ജോലിയാണത്. പക്ഷെ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആകുമത്. അവർ കൂട്ടിച്ചേർത്തു. " ഏറ്റവുമൊടുവിൽ പരമാവധി ചിത്രങ്ങൾ പകർത്തുക. പകർപ്പുകളുണ്ടാക്കുക. ഇത് വരെ ആരും കണ്ടെത്തിയിട്ടില്ലാത്ത ഭൂതകാല രഹസ്യങ്ങൾ ചിലപ്പോൾ നിങ്ങൾ കണ്ടെത്തിയേക്കാം. അവ പ്രബന്ധങ്ങളാക്കുക. ഒരു പക്ഷെ അത് പകർന്നു തരുന്ന അറിവുകൾ മാനവികതയുടെ ചരിത്രത്തെത്തന്നെ മാറ്റിയെഴുതിയേക്കാം. വളരെ ഉത്തരവാദിത്തപ്പെട്ട ജോലിയാണ് നിങ്ങൾ ചെയ്യുവാൻ ആരംഭിക്കുന്നത് എന്ന ബോധ്യമുണ്ടായിരിക്കുക. Godspeed Kidos! You are with a person of immense experience.. He will guide you on every step!" ഇത്രയും പറഞ്ഞു ഹേമ ദേവനെ നോക്കി പുഞ്ചിരിച്ചു. കുട്ടികൾ ആവേശഭരിതരായി. ദേവന്റെ ചേഷ്ടകൾ അവരെ കൂടുതൽ ഉത്സാഹമുള്ളവരാക്കി. അൽപനേരത്തിനുള്ളിൽ എല്ലാവരും തയ്യാറായി. ദേവനാണ് സംഘത്തെ നയിക്കുക. ഹേമയുടെ ആരോഗ്യനിലയിൽ അല്പം ആശങ്ക ഉണ്ടായിരുന്നത്കൊണ്ട് അയാൾ സ്വയം ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണുണ്ടായത്. ഗുഹാമുഖത്തേക്കുള്ള കയറ്റം അവർ കയറേണ്ട എന്ന് അയാൾ ശഠിച്ചു. അത്കൊണ്ട് ലഖുഭക്ഷണപ്പൊതികളും വയർലെസ്സും ഉപകരണങ്ങളുമായി ഒരു അസിസ്റ്റന്റിനെ സംഘത്തിനൊപ്പം വാനിലയച്ച് അവർ മനസ്സില്ലാമനസ്സോടെ ക്യാമ്പിലിരുന്നു.

യാത്ര കഴിഞ്ഞ ദിവസം സഞ്ചരിച്ച റോഡിലൂടെ തന്നെ. ബേസ് ക്യാമ്പിൽ നിന്ന് ഗുഹാമുഖത്തേക്ക് അധികം ദൂരമില്ല. ലഘുദിയാർ പിന്നിട്ടു വീണ്ടും അല്പദൂരം മുൻപോട്ടു പോകുമ്പോൾ പൈൻ മരക്കാടുകൾക്ക് കുറുകെ സുയാലിന്റെ ഏതോ ചെറിയ കൈവഴി. അതിനു സാമാന്തരമായി വേണം മുകളിലോട്ട് കയറാൻ. കയറ്റം അത്ര കുത്തനെയല്ല എന്നുള്ളതും ഗുഹാമുഖം എത്താൻ അധികം ഉയരത്തിലേക്കു കയറേണ്ട എന്നതും ആശ്വാസകരം. കാലാവസ്ഥ വളരെ പ്രസന്നമാണ്. പക്ഷെ ഈ മലനിരകളിൽ അത് എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഹേമ വെതർ റിപ്പോർട്ട്‌ വളരെ നന്നായി നിരീക്ഷിച്ചിട്ടുണ്ട് ഇന്നേക്ക് യാതൊരു വിധ ദുഃസൂചനയും ഇല്ല. വാഹനം കുന്നിന് താഴെ പാർക്ക് ചെയ്യുമ്പോൾ ബേസ്ക്യാമ്പിലേക്കു സന്ദേശം നൽകാൻ ദേവൻ അസിസ്റ്റന്റിനോട് പറഞ്ഞു. ഹെൽമെറ്റ്‌ ധരിച്ചു ഉപകരണങ്ങൾ സൂക്ഷിച്ച ബാഗുകളുമായി സംഘം പതുക്കെ മുകളിലോട്ട് കയറാൻ ആരംഭിച്ചു. അരുവി സുയാലിനെ പുൽകാൻ ഉള്ള വ്യഗ്രതയോടെ നിറഞ്ഞൊഴുകുന്നു. ഇരുവശങ്ങളിലും വലിയ പാറകൾ ഉണ്ട്. ഉരുണ്ടതും കൂർത്തുമൂർത്തതും ചിലപ്പോഴൊക്കെ അല്പം ഉയരത്തിൽ ഉള്ളതും. അവയ്ക്ക് വശങ്ങളിലൂടെ സംഘം മുന്നോട്ട് നടന്നു. ഹേമയുടെ സഹായി അവരെ ശ്രദ്ധയോടെ വഴികാണിച്ചു. ഉരുകുന്ന ഏതോ ഹിമാനിയിൽ നിന്ന് ഒഴുകിയെത്തിയ നീർചോല. അതിനു മഞ്ഞിന്റെ തണുപ്പും വശ്യതയും. ഒഴുക്കിന് വേഗത കുറഞ്ഞ ഇടങ്ങളിൽ അടിത്തട്ടു സ്ഫടികം പോലെ വ്യക്തം. അത്തരമൊരിടം എത്തിയപ്പോൾ തമോഗ് നിശ്ചലയായി അതിലേക്കു തന്നെ നോക്കി അൽപനേരം നിൽക്കുന്നത് കണ്ട് ദേവൻ പിന്നിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " Hey Mystic! No time to waste! Come on! Hurry up!" അവൾ അല്പം പ്രയാസപ്പെട്ട് അയാൾക്കൊപ്പം എത്താൻ ശ്രമിച്ചു. കഷ്ടിച്ച് 400 മീറ്റർ കയറിക്കഴിഞ്ഞപ്പോൾ ഗുഹാമുഖത്തെ പാറകൾ എഴുന്നു നിൽക്കുന്നത് കണ്ടു. തൊട്ടടുത്തുള്ള ചെറിയ പുൽത്തിട്ടിൽ ബാഗുകളും ഉപകരണങ്ങളും വച്ച് അവർ അൽപ നേരം വിശ്രമിച്ചു. ഗുഹാ മുഖം ഇടുങ്ങിയതാണ്. അകത്തേക്ക് എങ്ങിനെയെന്ന് അറിയില്ല. ലഘുദിയാറിലെതുപോലെ വിസ്താരമുള്ള ശിലാഗൃഹങ്ങൾ അല്ല.അകം എങ്ങനെയാണെന്ന് അറിയാൻ കുട്ടികൾ തിരക്കു കൂട്ടി. ഹെഡ്ലൈറ്റുകൾ ഓൺ ചെയ്ത് കയ്യിൽ വലിയ ടോർച്ചുകളുമായി അവർ ദേവനു പിറകെ അകത്തേക്ക് കടന്നു. ഇടുങ്ങിയ വഴിയിലൂടെ അല്പം അടി നടന്നാൽ വിശാലമായ അകം. ഭിത്തികളിലൂടെ അവിടവിടെ നീർച്ചാലുകൾ ഒഴുകുന്നു. മേൽത്തട്ടിൽ നിന്നും വെള്ളം ഇറ്റു വീഴുന്ന ഇടങ്ങളിൽ ധാതുക്കൾ അടിഞ്ഞുണ്ടായ ചെറിയ സ്റ്റാലക്ടറ്റയ്റ്റുകൾ ഉണ്ട്. അവർ സംഘങ്ങളായി പിരിഞ്ഞു ഭിത്തികൾ സസൂക്ഷ്മം നിരീക്ഷിച്ചു. അകത്ത് അധിക സമയം നിൽക്കുമ്പോൾ ചിലർ ആസ്വസ്ഥരാകും. അവർ അൽപനേരം പുറത്തു വന്നു വിശ്രമിച്ചു വീണ്ടും ജോലി തുടർന്നു. ചിത്രങ്ങളോ രേഖകളോ ഉണ്ടെന്നു തോന്നിയ ഇടങ്ങളിൽ വളരെ നേർത്ത ബ്രഷുകളും വാട്ടർ ജെറ്റും ഉപയോഗിച്ച് അടിഞ്ഞു കൂടിയ ചുണ്ണാമ്പും പായലും നീക്കം ചെയ്തു. ഇൻഫ്രാറെഡ് ക്യാമറകളുപ്രയോഗിച്ചു ചിത്രങ്ങൾ തൊടാതെ തന്നെ അവയുടെ മാപ്പിംഗ് നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയിൽ ഗവേഷണങ്ങൾ നടന്നു വരികയാണെന്നും അധികം താമസിയാതെ തന്നെ ചരിത്രാന്വേഷകർ അത് ഉപയോഗിച്ച് തുടങ്ങുമെന്നും ദേവൻ കുട്ടികളോട് പറഞ്ഞു. അങ്ങനെയെങ്കിൽ ചിത്രങ്ങൾ അല്പം പോലും നശിപ്പിക്കപ്പെടാതെ പഠനവിധേയമാക്കാം.

വൃത്തിയാക്കുന്നതിനിടെ ഒന്നു രണ്ടിടങ്ങളിൽ ലഘുദിയാറിലേതു പോലെ തന്നെ ചുവന്ന മനുഷ്യ രൂപങ്ങൾ തെളിഞ്ഞു വന്നു. ഇവയെങ്ങനെ ഇത്രനാൾ കേടു കൂടാതെയിരിക്കുന്നു എന്ന് ആശ്ചര്യപ്പെടുന്ന കുട്ടികൾക്ക് അവ വരയ്ക്കാനുപയോഗിച്ച പ്രകൃതി ദത്തമായ ചായങ്ങളുടെ നിർമ്മിതിയെക്കുറിച്ച് ദേവൻ വിശദീകരിച്ചു കൊടുത്തു. മൃഗക്കൊഴുപ്പിൽ വിവിധ അനുപാതത്തിൽ കരിയും അസ്ഥികൾ കത്തിച്ചുണ്ടാക്കിയ ചാരവും ചേർത്ത് കൂട്ടുകൾ ഉണ്ടാക്കുന്നു. ചിലതിൽ ഹെമറ്റയ്റ്റ് എന്ന ചുവന്ന ധാതു കലർത്തുന്നു. പ്രകൃത്യാ ഓക്സിഡൈസ് ചെയ്യപ്പെടുന്ന ധാതുക്കൾ നൽകുന്ന നിറങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്. ഗുഹാന്തർഭാഗങ്ങളിൽ മിക്കപ്പോഴും ഊഷ്മാവിലും സാന്ദ്രതയിലും വരുന്ന വ്യതിയാനങ്ങൾ നന്നേ കുറവായിരിക്കും. സുസ്ഥിരമായ അന്തരീക്ഷം നിറങ്ങൾ കെടുകൂടാതെ നിലനിർത്താൻ സഹായിക്കും. അതു കൂടാതെ അവയ്ക്ക് മേൽ അടിഞ്ഞു കൂടുന്ന ചുണ്ണാമ്പിന്റെ അംശം പുറമെയുള്ള വ്യതിയാനങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും. സത്യത്തിൽ മനുഷ്യൻ ചിത്രം വരയ്ക്കുന്നതേയുള്ളൂ.. പ്രകൃതി അതിനെ അനന്തകാലം അതിന്റെ ഗർഭത്തിൽ കാത്തു സൂക്ഷിക്കുന്നു. സമയം പോകുന്തോറും അവിടവിടെ തെളിഞ്ഞു വരുന്ന ചുവന്ന രേഖകളിലേക്ക് കുട്ടികൾ അത്ഭുതത്തോടെ നോക്കി. യൗവ്വന യുക്തരെങ്കിലും ആദ്യമായി കടൽ കാണുന്ന കൊച്ചു കുഞ്ഞിന്റേതുപോലുള്ള അവരുടെ കണ്ണുകൾ ദേവനെ അത്യധികം രസിപ്പിച്ചു.

നേരം ഉച്ചയായെന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാറായെന്നും ഹേമ അയച്ച സഹായി പറഞ്ഞപ്പോളാണ് അവർ ഓർത്തത്‌. "Dear cave dwellers, U need some rest now" എന്ന് പറഞ്ഞ് ദേവൻ പുറത്തേക്കു കടന്നു. കുറച്ചു ബ്രെഡും ചീസും ആപ്പിളുകളും അടങ്ങുന്ന പൊതികൾ അയാൾ കുട്ടികൾക്കു വിതരണം ചെയ്തു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ താമോഗ്ന അടുത്തു വന്നൊരു രഹസ്യമെന്നോണം പറഞ്ഞു.

"ദേവ്, ഉള്ളിൽ ഇടതു ഭാഗത്തേക്ക് ചെറിയ അറ പോലെ കാണുന്നുണ്ട്. അതിന്റെ വശത്ത് എന്തോ ഒന്ന് കോറിയിട്ടിരിക്കുന്നത് പോലെ"

നമുക്ക് നോക്കാമെന്ന് അയാൾ മറുപടി കൊടുത്തു.

(തുടരും...)

ശിലീഭൂതം -11

 പിറ്റേന്ന് ലഘുദിയാർ സന്ദർശിക്കുമ്പോൾ തന്റെ പെൺകുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നൃത്തം ചെയ്യുന്നവരുടെ രേഖാചിത്രങ്ങളായിരുന്നു. ഇരുപത്തിയെട്ടും മുപ്പത്തിനാലും പേരുടെ സംഘങ്ങളായി അപ്പുറവും ഇപ്പുറവും ചിത്രീകരിച്ചിരിക്കുന്നത്.  തീക്കുണ്ഠത്തിനു ചുറ്റും നിന്ന് ചുവടുകൾ വയ്ക്കുന്ന ഒരു ചെറു ഗോത്രത്തെയാവും അവൾ സങ്കൽപ്പിച്ചിട്ടുണ്ടാവുക എന്നയാൾക്കറിയാം. ചില ചിത്രങ്ങളിൽ ഗ്രാമീണത പ്രതിഫലിക്കുന്നുണ്ട്. അവയിൽ ചിലതിൽ ആ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെ അവ്യക്ത രേഖകളുണ്ട്. അവർ ഇണക്കി വളർത്തിയിരുന്ന ചില മൃഗങ്ങളുടെയും. അധികവും ചുവപ്പും കറുപ്പും നിറങ്ങളിൽ. കുട്ടികൾ മതിവരുവോളം അവയെല്ലാം ക്യാമറയിൽ പകർത്തുന്നു. മധ്യപ്രദേശിലെ 750 ശിലാ ഗൃഹങ്ങൾ ഉൾപ്പെടുന്ന ഭീംബേത്ക ഗുഹാ സമുച്ചയം ഇവയിൽനിന്നും എത്രമാത്രം വ്യത്യാസപെട്ടിരിക്കുന്നു എന്ന് ഹേമ അവർക്ക് ഒരു ചെറിയ വിവരണം നൽകിക്കൊണ്ടിരിക്കുന്നു. നായാടികളായ ഗോത്രങ്ങളുടേത്‌ കൂടാതെ കാർഷിക വൃത്തിയുടെയും അധ്യാത്മികാന്വേഷണങ്ങളുടെയും ബിംബങ്ങൾ അവയിൽ കൂടുതൽ കാണാനാവുമെന്ന് അവർ പറഞ്ഞു.


ദൂരെ മാറി എഴുന്നുനിൽക്കുന്ന ഒരു വലിയ പരന്ന കല്ലിൽ പൈൻ മരക്കാടുകൾക്ക് നേരെ പുറം തിരിഞ്ഞു അലസനായി ഇരിക്കുകയായിരുന്നു ദേവൻ. അയാൾ ചിത്രങ്ങളിലൂടെ ചരിത്രാതീതത്തിലേക്ക് സഞ്ചരിക്കുകയായിരുന്നില്ല ചെയ്തത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ താൻ പോലുമറിയാതെ തന്നിൽ നടന്ന ചില പരിവർത്തനങ്ങളെ അസ്വസ്ഥതയോടെ വീക്ഷിക്കുകയായിരുന്നു. കാലം പുതപ്പിച്ച മണ്പാളികൾക്കടിയിൽ ഉറക്കമായിരുന്ന തന്റെ ഹൃദയത്തെ രണ്ടു മാന്ത്രികക്കണ്ണുകൾ  പുറത്തെടുത്തിരിക്കുന്നു. തനിക്ക് വേദനിക്കുന്നു. ആ കണ്ണുകളുടെ ഉടമയായവളോട് ഒരേ സമയം അയാൾക്ക് വെറുപ്പും അസൂയയും തോന്നി. സത്യത്തിൽ അവൾ ചെയ്യുന്നതെന്ത്?ഉത്ഖനനം ചെയ്തു പുറത്തെടുത്ത തന്റെ വേദനകളെ എല്ലാ ചരിത്രാന്വേഷകരും ചെയ്യുന്നത് പോലെ നിരത്തി വെച്ച് പഠിക്കുകയാണോ. ഒന്നിൽ നിന്ന് അടുത്തതിലേക്കുള്ള അവ്യക്തമായ കണ്ണികൾ ഏതെന്ന് അന്വേഷിക്കുകയാണോ? ഏതോ മായാവിനിയുടെ കരവലയത്തിൽ പെട്ട് വേദനകളും സുന്ദരമെന്ന് കരുതി താൻ പോകുന്നത് എങ്ങോട്ടാണ്? ചിന്തകളിൽ നിന്നുണർന്നപ്പോൾ തനിക്കരികിലിരുപ്പുണ്ട് ചുരുണ്ട മുടിക്കൂടിനുള്ളിലെ വെളുത്തു മെല്ലിച്ച മുഖം. അതിൽ തിളങ്ങുന്ന മാന്ത്രികക്കണ്ണുകൾ.

നൃത്തം ചെയ്യുന്നവരുടെ ചിത്രങ്ങളെപ്പറ്റി എന്തോ ചോദിക്കാനാഞ്ഞ അവളെ തടസപ്പെടുത്തി അയാൾ അരിശത്തോടെ അല്പം ശബ്ദമുയർത്തി പറഞ്ഞു. "Ms. Tamog, its time to tell me something about you!"


അയാളുടെ പ്രതികരണത്തിൽ ആശ്ചര്യമൊന്നും കാണിക്കാതെ അവൾ ശാന്തമായി മറുപടി പറഞ്ഞു. "ഞാനൊരു കഥ പറയാം ദേവ്. നിങ്ങൾ കേൾക്കൂ"


" മറവിയും മരണവുമില്ലാത്ത ഒരേകാന്ത ദ്വീപിൽ മുറിവുകൾ ചുംബിച്ചു സുഖപ്പെടുത്തുന്ന ഒരു മന്ത്രവാദിനി പാർത്തു പോന്നു. പേരറിയാത്ത നാടുകളിൽ നിന്നും മുറിവേറ്റ മനുഷ്യർ വഞ്ചിയിലേറി അവളെ തിരഞ്ഞു വന്നു. അവരുടെ പാതിയറ്റ ഉടലുകൾ അവർപോലുമറിയാതെ തന്റെ നേർത്തു മിനുത്ത ചുണ്ടുകൾ കൊണ്ട് അവൾ ചുംബിച്ചു സുഖപ്പെടുത്തി. മറ്റു ചിലർ ഹൃദയങ്ങളിൽ മുറിവുമായി വന്നു. അവരെ അവൾ തന്റെ ഹൃദയം കൊണ്ട് ചുംബിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. ഇനിയും ചിലർ ആത്മാവിൽ മുറിവുകളുമായി വന്നു. അവരെ അവൾ തന്റെ ആത്മാവിന്റെ പാതി കൊണ്ട് ചുംബിക്കുകയും വെളുത്ത ആകാശത്തിലേക്കു ശാന്തിയുടെ ചിറകേറ്റി പറത്തി വിടുകയും ചെയ്തു. മനുഷ്യർ വന്നു കൊണ്ടേയിരുന്നു.. കൈകാൽ മുറിഞ്ഞവർ, ഹൃദയം നുറുങ്ങിയവർ.. ശരീരത്തിനും ആത്മാവിനും പൊള്ളലേറ്റവർ, സർപ്പദംശനമേറ്റ് രക്തത്തിലും തലച്ചോറിലും വിഷം പേറുന്നവർ.. അങ്ങനെയങ്ങിനെ.

അവൾക്ക് മുറിവുകളെ സുഖപ്പെടുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. മുറിവുകളുടെ ഓർമ്മകളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്തെന്നാൽ അവളുടെ ദ്വീപിൽ മറവിയുണ്ടായിരുന്നില്ല. ഓർമ്മകളിൽ നിന്ന് നിത്യമോക്ഷം പ്രാപിക്കാൻ ആഗ്രഹിച്ചവരെ മരണവും കനിഞ്ഞില്ല. അതിനാൽ അവളൊരു നല്ല ഭിഷഗ്വരയല്ലെന്ന് കല്പിച്ച്, സുഖപ്പെട്ട മനുഷ്യർ മറവിയും മരണവും അനുഗ്രഹിച്ച അവരവരുടെ ദേശങ്ങളിലേക്ക് തിരിച്ചു പോയി. അപ്പോളവൾ മുറിവുകൾ സുഖപ്പെടുത്തുന്നവൾ മാത്രമല്ല, അനേകം മനുഷ്യർ ഉപേക്ഷിച്ചുപോയ മുറിവുകളുടെ ഓർമ്മകൾ പേറുന്നവൾ കൂടിയായിമായിമാറിക്കഴിഞ്ഞിരുന്നു. "


അവളിപ്പോൾ സുയാലിന്റെ കരയിൽ ആദിമ മനുഷ്യന്റെ ഗുഹാ ചിത്രങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. അവളുടെ മുന്നിൽ മുറിവേറ്റ ഒരു ചരിത്രകാരൻ ദൂരെ പൈൻ മരക്കാടുകളിലേക്ക് നോക്കി വേദനയിൽ വിളർത്ത് ഇരിപ്പുണ്ട്.മുറിവുകളുടെ ഓർമ്മകൾ എല്ലാവരിലും ഉണ്ട് ദേവ്.. നിങ്ങളിൽ മാത്രമല്ല" എന്നിട്ട് മരമണികൾ കിലുങ്ങുന്നത് പോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. പറയൂ ദേവ്... നിങ്ങൾക്കിപ്പോൾ എന്നെ ചുംബിക്കണമെന്ന് തോന്നുന്നില്ലേ? ".


താനതു കേട്ടതേയില്ലെന്നു സങ്കൽപ്പിക്കാൻ അയാൾ ആഗ്രഹിച്ചു. സുയാലിന്റെ ഏതോ കൈവഴിയുടെ ഇരമ്പം പൈൻ മരക്കാടുകളുടെ നിശബ്ദതയിലൂടെ ഒഴുകിയെത്തുന്നത് മാത്രമേ താനിപ്പോൾ കേൾക്കൂ. എന്തുകൊണ്ടോ അയാൾക്ക് താൻ കഴിഞ്ഞ ദിവസം കണ്ട ദുസ്വപ്നം ഓർമ്മ വന്നു. കലങ്ങി മറിഞ്ഞൊഴുകുന്ന നദി. പ്രളയം. ഇടിഞ്ഞു തൂർന്ന മണ്ണിൽ നിന്നും ഉയർന്നു നിൽക്കുന്ന ഒരു മെലിഞ്ഞ കൈ. അയാൾ അവൾക്ക്‌ മുഖം കൊടുക്കാതെ എഴുന്നേറ്റ് ഹേമക്കരികിലേക്ക് നടന്നു.

(തുടരും...)




ശിലീഭൂതം - 10

ഇനി യാത്ര അൽമോറയിലെക്കാണ്. അവിടെയാണ് ലഘുദിയാർ ഗുഹകൾ ഉള്ളത്. അതിന്റെ ചുവരുകളിൽ ആദിമ മനുഷ്യർ വരച്ച ചിത്രങ്ങൾ കാലം ദയയോടെ മായ്ച്ചു കളയാതെ അവശേഷിപ്പിച്ചിരിക്കുന്നു. കുളു വിലെ ക്ഷേത്രസംസ്കൃതികൾ പിറക്കുന്നതിനും  ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തികച്ചും പ്രാകൃതരായ പാലിയോലിതിക് മനുഷ്യർ ചുവപ്പിലും കറുപ്പിലും വെളുപ്പിലും കോറിയിട്ട ചിത്രങ്ങൾ. അവയിൽ മനുഷ്യരൂപങ്ങളുണ്ട്, മൃഗങ്ങളുണ്ട്. വെറും ആകൃതികളും രേഖകളുമുണ്ട്. അവയെല്ലാം തനിക്കു മനഃപാഠമാണ്. അവയിലോരോന്നും ഓർത്തെടുത്തുകൊണ്ടിരിക്കെ ഹേമ കുട്ടികളോട് പറയുന്നത് കേട്ടു. " we have arranged a camp near Lakhudiyar caves. We may take almost a day to reach there. So you've got a whole day for leisure in between. Enjoy!"

കുട്ടികൾ യാത്രയുടെ ലഹരിയിലായിരുന്നു.  യുവത്വം എന്തിനെയും ആഘോഷമാക്കുന്നു. എന്തിനെയും വേഗത്തിലാക്കുന്നു. ദിവസങ്ങൾക്കു നിമിഷാർദ്ധങ്ങളുടെ വേഗതയും ചിന്തകൾക്ക് പ്രകാശത്തിന്റെ വേഗതയും അത് സമ്മാനിക്കുന്നു. പ്രായമേറുംതോറും ചിന്തയുടെ ഒരു ബിന്ദുവിൽ നിന്നും അടുത്ത ബിന്ദുവിലേക്കെത്താൻ  മനുഷ്യൻ ഒരുറുമ്പിനെപ്പോലെ നിരങ്ങി നീങ്ങി ബുദ്ധിമുട്ടേണ്ടി വരുന്നത് എത്ര വിചിത്രം. ഇനിയൊരു പാതി ജീവിതം കൂടി ബാക്കിയുണ്ടെന്നു സങ്കല്പിച്ചാൽ തന്നെയും തന്റെ യൗവ്വനം പ്രകാശവർഷങ്ങൾക്കും അപ്പുറമാണെന്ന് അയാൾക്ക് തോന്നി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താനൊരു വൃദ്ധനായിരിക്കുന്നു. താമോഗ്നയുടെ ചോദ്യം അയാളെ ചിന്തകളിൽ നിന്നുണർത്തി "ഞങ്ങൾക്കു പഠിക്കാൻ ഏതജ്ഞാത ഗുഹകളാണ് ദേവ് നിങ്ങൾ അൽമോറയിൽ കണ്ടു വച്ചിരിക്കുന്നത്?

" ലഘുദിയാറിൻറെ പരിസരത്തെവിടെയോ പുതിയൊരു ഗുഹാമുഖം കണ്ടെത്തിയിട്ടുണ്ടത്രേ. Let's see whether we can find out some motifs over there". അയാൾ തമോഗിനെ നോക്കി കണ്ണിറുക്കി. അപ്പോൾ അവൾ തുടർന്നു

" I have read your book about rock art of Kumaon hills. എനിക്കത്ഭുതം തോന്നി. ഗവേഷണത്തെക്കാളേറെ നിങ്ങളെ അതിനോടടുപ്പിക്കുന്ന മറ്റെന്തോ ഉണ്ട് . നിങ്ങൾ നൽകുന്ന വിശദീകരണങ്ങളെനുസരിച്ചു അതിൽ ചിലവയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും സൂചനകളുണ്ട്. They are very different from hunters and gatherers of Lakhudiyar. അവയെല്ലാം വിവരിച്ചിരിക്കുന്നത് ഗവേഷകനേക്കാളുപരി ഒരു കഥാകാരന്റെ തലത്തിൽ നിന്നാണ്. വ്യക്തമായ തെളിവുകളൊന്നുമില്ലാഞ്ഞിട്ടും കാർഷികസംസ്കൃതി അന്നേ രൂപപ്പെട്ടു തുടങ്ങിയിരിക്കണം എന്ന് നിങ്ങൾ ഉറപ്പിച്ചു പറയുന്നു. You might have got a lot of critisism for that". അവൾ ജിജ്ഞാസയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാളപ്പോൾ അവിടെയെങ്ങും ആയിരുന്നില്ല. ലഘുദിയാറിന്റെ ചുവരുകളിൽ പതുക്കെ തെന്നി നീങ്ങുന്ന തൂവെള്ള വിരലുകളിലായിരുന്നു. അതിലെ ചിത്രങ്ങളെ അത്ഭുതത്തോടെ നോക്കുന്ന പച്ചനിറം കലർന്ന രണ്ടു നക്ഷത്രക്കണ്ണുകളിലായിരുന്നു.

താമോഗ് നിരാശയോടെ പറഞ്ഞു "നിങ്ങൾ മറ്റെവിടെയോ ആണ്. ഞാൻ പറഞ്ഞതൊന്നും കേട്ടതേയില്ല". അയാൾ പൊടുന്നനെ പിറു പിറുത്തു . " That's the place where Tanya confessed her love". താൻ പോലുമറിയാതെ വന്ന മറുപടി അയാളെ ഞെട്ടിച്ചു കളഞ്ഞു.നശിച്ച നിമിഷം. വിളർത്തു പോയ അയാൾ ഇപ്പോൾ താനെന്തിനാണത് പറഞ്ഞത് എന്ന് അമർഷത്തോടെ ചിന്തിച്ചു. മുന്നിലിരിക്കുന്നത് ശിഷ്യയാണ്. അവളെ നോക്കാൻ അയാൾ പണിപ്പെട്ടു. അവൾ ഞെട്ടിയോ? നിരാശപ്പെട്ടോ? അതോ പുച്ഛമാണോ? മറ്റെന്താണവൾക്കു തോന്നിക്കാണുക? മുഖത്തു നോക്കാൻ ആശക്തനായിരുന്ന അയാളെ ബലം പ്രയോഗിച്ചവൾ തന്റെ നേർക്കു തിരിച്ചു. വർഷങ്ങളായി മറഞ്ഞിരിക്കുന്ന ഒരു ഗുഹാചിത്രം കണ്ടെത്തിയതുപോലെ ദീപ്തമാണ് അവളുടെ കണ്ണുകൾ . " ദേവ്, പറയൂ! നിങ്ങളുടെ പെൺകുട്ടിയെപ്പറ്റി പറയൂ!"

ഖോഖാനിലെ മരമണികളുടെതായിരുന്നില്ല ഇപ്പോളവളുടെ സ്വരം. നിശബ്ദം പിറവിയെടുക്കുന്ന പുലരിയിൽ താഴ് വരയിലെങ്ങോ ഉതിർന്നു വീഴുന്ന മഞ്ഞുപോലെ നനുത്ത സ്വരം. അവൾ മാത്രം കേൾക്കേണ്ട നിഗൂഢ ഗാഥയാണതെന്ന പോലെ. അയാൾ യാന്ത്രികമായി പറഞ്ഞു. "Nothing much. We have been together for a few years. She loved me more than anything. I was her world. But I couldn't reciprocate!"

താമോഗ്ന ഒട്ടും ആശ്ചര്യപ്പെട്ടില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി. അവൾ വീണ്ടും സംശയങ്ങൾ ഒന്നും ഉന്നയിച്ചില്ല എന്നതും. "Don't you think that Dr. Devdut is a ruthless barbarian?"ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചുണ്ടുകളിലെവിടെയോ പടരുന്ന പുഞ്ചിരിക്കിടയിലൂടെ മഞ്ഞുതിർന്നു. "No! Certainly not!

Why? അയാൾ കളിയായി ചോദിച്ചു.അവളപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."You will soon understand that"

തൃകാലങ്ങളെ കൈകളിലൊതുക്കിപ്പിടിച്ച ഏതോ മന്ത്രവാദിനിയുടെ ഗൂഢസ്മിതം.
" why you are looking like that? " അവൾ ചോദിച്ചപ്പോൾ അയാൾ അല്പം ജാള്യതയോടെ പറഞ്ഞു "I was wondering why you look like a witch now!". അതുകേട്ട് അവൾ ഉറക്കെ ചിരിക്കുമ്പോൾ ബജൗറയുടെ കുന്നുകൾ അകലെ പിന്നിലായി മറഞ്ഞിരുന്നു.
ഇടയ്ക്കു ഭക്ഷണം കഴിക്കാനും ചെറുതായി വിശ്രമിക്കാനും നിർത്തുമ്പോൾ കുട്ടികൾ ധാരാളം ചിത്രങ്ങളെടുക്കുകയും സൊറപറയുകയും ചെയ്യുന്നു. അവരുടെ ഊർജ്ജം അയാളിൽ ഒരുതരം ആഹ്ലാദം നിറച്ചു. ഒട്ടും മടുപ്പുളവാക്കാത്ത യാത്രക്കൊടുവിൽ വിളറിയ അസ്തമയ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ കുമയൂൺ കുന്നുകൾ കാണായി. ബ്രിട്ടീഷുകാർക്ക് വലുതായി മാറ്റമൊന്നും വരുത്താൻ കഴിയാത്ത കുമയൂണിലെ ഒരേ ഒരു സ്ഥലം അൽമോറയായിരുന്നു. കാലങ്ങളോളം ചന്ദ രാജാക്കൻമാരുടെ തലമുറകൾ പ്രൌഡിയോടെ ഈ നഗരം ഭരിച്ചു. അല്പം പോലും മാറാത്ത മനുഷ്യരും ചരിത്രസ്മാരകങ്ങളും തെരുവുകളും അൽമോറ ഇപ്പോഴും രാജഭരണത്തിൻകീഴിലാണെന്ന തോന്നലുളവാക്കും. കൗശികിനദിയും സുയാലും അവളുടെ ഉടലിൽ വെള്ളിയരഞ്ഞാൺ ചാർത്തുന്നു. അവളെ ഇരുണ്ട പച്ച പുതപ്പിക്കുന്ന മഴക്കാലങ്ങൾ തനിക്കേറ്റവും പ്രിയങ്കരം. താനിയയുടെ പച്ചക്കണ്ണുകൾ പോലെ, മർദവമേറിയ വിരൽ തുമ്പു പോലെ, ഉയർന്നു താഴുന്ന വടിവൊത്ത മാറിടങ്ങൾ പോലെ, ഇവിടുത്തെ മഴക്കാല സന്ധ്യകൾ എന്നും തന്നെ ഉന്മാദിയാക്കിതീർത്തു. ചിലപ്പോൾ അൽമോറയാവണം താനിയയെ പ്രണയിച്ചിരുന്നുവെന്നു തന്നെ തോന്നിപ്പിച്ചത്. പതിവുപോലെ തനിക്കരികിൽ നരച്ച രോമക്കോട്ടിനുള്ളിൽ ചുരുണ്ടുകൂടിയുറങ്ങുന്ന ഈ പെൺകുട്ടിക്ക് തന്നിലെ പുരുഷനെ മോഹിപ്പിക്കാനുതകുന്ന യാതൊരു ലക്ഷണങ്ങളുമില്ല. എങ്കിലും തന്റെ ആത്മാവിന്റെ അടച്ചിട്ട വാതിലുകൾ അവളൊരു മന്ത്രവാദിനിയുടെ ലാഘവത്തോടെ തുറക്കുന്നു. താൻ പോലുമറിയാതെ അതിനുള്ളിൽ കൂട് കൂട്ടിയിരിക്കുന്ന സത്വങ്ങളെ നിമിഷ നേരം കൊണ്ടു മെരുക്കുന്നു.

അവളുടെ കാമുകനും ഈ മായാവിദ്യയാൽ വശപ്പെട്ടവനാകുമോയെന്നു അയാൾ അല്പം നീരസത്തോടെ ഓർത്തു. തൊട്ടടുത്ത നിമിഷം Dr. ദേവ്ദത്ത് മിശ്രയെന്ന പുറം തോടിനുള്ളിൽ വസിക്കുന്ന അസൂയാലുവും സ്വാർത്ഥനും നിസ്സാരനുമായ പുരുഷനെയോർത്ത് ലജ്ജിച്ചു.

സുയാലിന്റെ കരയിൽ ഇടതൂർന്നു വളരുന്ന പൈന്മരാക്കാടുകൾ. അതിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന പർവത പാതയുടെ വശത്തായി ഒരു ചെറിയ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ് ബേസ് ക്യാമ്പ്. നിരപ്പിൽ ഉയർന്നു നിൽക്കുന്ന മനോഹരങ്ങളായ ടെന്റുകൾ. പുകമഞ്ഞിൽ അവയിൽ നിന്നുയരുന്ന ചെറുവിളക്കുകളുടെ മഞ്ഞ വെളിച്ചം. ഹേമയുടെ സ്ഥിരം സഹായികൾ തീ കാഞ്ഞുകൊണ്ട് കുട്ടികളെയും പ്രതീക്ഷിച്ചിരുപ്പുണ്ട്. അവരെല്ലാം ഉറക്കച്ചടവിലാണ്. ദീർഘമായ യാത്ര ഹേമയെ ക്ഷീണിപ്പിച്ചിരിക്കുന്നു. പക്ഷേ അവർ അത് കൂട്ടാക്കുന്നില്ല. വേണമെങ്കിൽ തോളിലേറ്റാമെന്ന് ദേവൻ കളിയായി പറഞ്ഞപ്പോൾ 'കുട്ടി നിന്നു കിതക്കാതെ കയറാൻ നോക്കൂ'എന്ന് പറഞ്ഞ് അവർ പരിഹസിച്ചു.
പാതിയുറക്കത്തിൽ വേച്ചു വേച്ചു നീങ്ങുന്ന താമോഗ്നയെ വീഴാതിരിക്കാൻ വിക്ടർ സഹായിക്കുന്നുണ്ട്. നിരപ്പിലെത്തിയതും ചോദ്യങ്ങളേതുമില്ലാതെ ആദ്യം കണ്ട ടെൻറ്റുകളിലേക്ക് ഓരോരുത്തരും കയറി. വെളിച്ചം താഴ്ത്തി വച്ച് സ്ലീപ്പിങ് ബാഗിന്റെ സിബ് തുറന്നു മെത്ത പോലെയാക്കി അയാൾ കിടന്നു. മനുഷ്യന്റെ ഒരിക്കലും ശാന്തമാകാത്ത ഉൾക്കയങ്ങളെ കീഴ്പ്പെടുത്തിക്കളയുന്ന നിശബ്ദതയാണ് ഈ താഴ്വരയുടെ സ്ഥായീഭാവം. അതിൽ നിങ്ങൾ നിങ്ങളെത്തന്നെ മറക്കുന്നു. അമ്മയുടെ ആലിംഗനത്തിൽ കരച്ചിൽ മറന്നു പോകുന്ന കുഞ്ഞെന്ന പോലെ. അടുത്തെവിടെയോ നിന്ന് ഉറങ്ങാതൊഴുകുന്ന സുയാലിന്റെ ഇരമ്പം. തണുപ്പിൽ ഈ കൂടാരത്തിൽ ഗർഭസ്ഥ ശിശുവിനെപ്പോലെ താൻ. കണ്ണുകൾ നീർച്ചാലുകൾ തീർക്കുന്നതറിയാതെ എപ്പോഴോ അയാൾ മയങ്ങിപ്പോയി.

(തുടരും...)

ശിലീഭൂതം - 9

 ഒരു ദിവസം കൂടി അവിടവിടെയുള്ള ചില ക്ഷേത്രങ്ങളെപ്പറ്റിപ്പഠിക്കാൻ അവർ ചിലവഴിച്ചു. പിറ്റേന്ന് അതിരാവിലെ താഴ് വര യോട് വിട പറയുമ്പോൾ ഹേമ പറഞ്ഞു. തിരിച്ചു പോകും വഴി നമുക്ക് ഒരിടം കൂടി കാണേണ്ടതായുണ്ട്. കുട്ടികൾ ക്ഷമയോടെ കാത്തിരുന്നു. തമോഗ്ന ദേവന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു, "ബിയാസിന്റെ കരയിൽ സ്വർണ വയലുകൾക്ക് നടുവിലെ വിശ്വേശ്വരന്റെ ക്ഷേത്രമല്ലേ? ദേവ് ദത്ത് മിശ്രയുടെ ആത്മാവുറങ്ങുന്ന ബജൗറയിലെ ക്ഷേത്രം? കല്ലിൽ തീർത്തത്?"

അയാൾ പറഞ്ഞു. "അതെ. അതുതന്നെ. നമ്മളിങ്ങോട്ട് വരുമ്പോൾ ബജൗറ ഇരുട്ട് പുതച്ചുറങ്ങുകയായിരുന്നു. നീയാണെങ്കിൽ രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ കൂർക്കം വലിക്കുകയും."

അവൾ ചിരിച്ചു. " ഉറങ്ങാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. ബജൗറയും ബിയാസും ഈ വാഹനത്തിന്റെ ഡ്രൈവറൊഴിച്ച് സകലരും ഉറങ്ങിയിട്ടും നിങ്ങളെന്തുകൊണ്ട് അപ്പോൾ ഉറങ്ങിയില്ല? "

ഒരു സ്വപ്നം കണ്ട് ഞെട്ടിയുണർന്നു പോയി. പ്രളയം. എവിടെയോ ഇടിഞ്ഞു തൂർന്ന മണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. " അതും പറഞ്ഞ് അയാൾ അവളുടെ കൈകളിലേക്ക് നോക്കി. " certainly they are not mine!" അവൾ ഗൗരവം ഭാവിച്ചു തന്നെ അനുകരിച്ചപ്പോൾ അയാൾക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

കുളുവിന്റെ ചെറു നഗരി വളരെ പിന്നിലായി. തമോഗ് ഭ്രാന്തുകൾ പറഞ്ഞുകൊണ്ടേയിരുന്നു. വിക്ടർ അവളുടെ ചിത്രങ്ങൾ ആവശ്യത്തിലേറെ പകർത്തുന്നത് ദേവൻ രസിച്ച് ആസ്വദിച്ചുമിരുന്നു. ബസ് നിരങ്ങി നീങ്ങി ക്ഷേത്രത്തിനരികിലേക്കുള്ള ഇടുങ്ങിയ ടാറിട്ട റോഡിലേക്ക് പ്രവേശിച്ചു. അൽപദൂരം പിന്നിട്ടപ്പോൾ റോഡിനിരുവശത്തും നെൽവയലുകൾ കണ്ടു തുടങ്ങി. അവയുടെ കണ്ണെത്താത്ത വിശാലതക്കറ്റത്തു കുന്നുകളും അവയ്ക്കുമപ്പുറം മൂത്തു മതിർത്ത ആപ്പിൾ തോട്ടങ്ങളുമുണ്ട്. അവയ്ക്കിടയിലെങ്ങോ മുതുകിൽ ഞാത്തിയിട്ട വലിയ മുളംകുട്ടക്കുള്ളിലേക്ക് ആപ്പിളുകൾ പറിച്ചിടുന്ന തന്റെ അമ്മയുണ്ട്. അവളുടെ ചുവന്ന ശിരോവസ്ത്രത്തിന്റെ അഴിഞ്ഞൂർന്ന തുമ്പിൽ ചൂണ്ടു വിരൽ ചുറ്റി തൂങ്ങിയാടുന്ന കുഞ്ഞു ഞാനുണ്ട്. "ദേവ് ഇറങ്ങൂ " ചുമലിൽ ഹേമയുടെ കൈ. അയാൾ അവരോടൊപ്പം ബസിൽ നിന്നും പുറത്തിറങ്ങി.

ക്ഷേത്ര മുറ്റത്തു ചുറ്റിനടക്കാനാരംഭിച്ച കുട്ടികളെ വിളിച്ചു ഹേമ പറഞ്ഞു. ഏകദേശം AD ഒൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് വിശ്വേശ്വര മഹാദേവ ക്ഷേത്രം.പൂർണ്ണമായും കല്ലിൽ തീർത്തത്. കല്ലിൽ തീർത്ത ക്ഷേത്രങ്ങൾ പൊതുവെ സമതലങ്ങളുടെ മാത്രം പ്രത്യേകതയാണ്. പക്ഷേ ഹിമാചലിന്റെ താഴ്വരകളിൽ അതും ധാരാളം. എന്നാൽ ഇവിടെ ഇവക്ക് സാധാരണയായി ശിലാക്ഷേത്രങ്ങൾക്ക് കാണാറുള്ളത് പോലെ മുന്നിൽ മണ്ഡപങ്ങളില്ല. ദ്വാരപാലകരെ കൊത്തിവച്ച വാതിലിലൂടെ നിങ്ങൾക്ക് ഗർഭഗൃഹത്തിലേക്കു നേരിട്ട് പ്രവേശിക്കാം. നോക്കൂ മുകളിൽ പരന്ന ശിഖരത്തോട് കൂടി പണിത ഈ ക്ഷേത്രത്തിനു പ്രധാന വാതിൽ കൂടാതെ മൂന്നു മുഖങ്ങളുണ്ട്. അവയിൽ വിഷ്ണുവിനെയും വിഘ്നേശ്വരനെയും ദുർഗയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന മൂർത്തിയായ ശിവൻ ശക്തീ സമേതനാണ്. അവരുടെ കവാടത്തിനിരുവശവും ഗംഗയെയും യമുനയെയും കൊത്തിയിരിക്കുന്നു." നദികളെ കല്ലിൽ കൊത്തിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ വിക്ടർ ആശ്ചര്യപ്പെട്ടു. ഇവിടുത്തെ മിത്തുകൾക്ക് പിറകെ പോയാൽ നിനക്കൊരായുസ്സ് തികയില്ല എന്ന് പറഞ്ഞു തമോഗ് അവനെയും കൂട്ടി ആ മനോഹര ശില്പങ്ങളുടെ ചിത്രങ്ങൾ പകർത്താൻ പോയി.

ഇളം വെയിലിൽ പതിയെ മഞ്ഞുരുകി.കല്ലു പാകിയ ക്ഷേത്രാങ്കണത്തിന്റെ മതിൽക്കെട്ടിനപ്പുറം വിളഞ്ഞ നെൽവയലുകൾ ഒന്നുകൂടി തെളിഞ്ഞു വന്നു. കുട്ടികൾ ഹേമയോടൊപ്പം പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കോണിൽ പന്തലിച്ചു നിൽക്കുന്ന അരയാൽ ചുവട്ടിൽ ദേവൻ ശിലീഭൂതമായ തന്റെ ബാല്യം തിരഞ്ഞുകൊണ്ടിരുന്നു. ബജൗറയുടെ വെയിൽ തന്റെയും വെയിലാണ്. ഈ അരയാലിലകളിൽ നൃത്തം ചവിട്ടുന്ന കാറ്റിന്റെ തന്മാത്രകൾ എന്നേ തന്നിൽ കലർന്നു പടർന്നതും. വെയിൽചൂട് പറ്റി ആൽത്തറയിൽ മലർന്നു കിടന്ന് ആ കാറ്റിനെ രുചിച്ചിറക്കുമ്പോൾ അരികിൽ കാൽചുവട്ടിൽ വന്ന് നിശബ്ദയായിരുന്നു തന്റെ പെൺകുട്ടി. തമോഗ് പഠിക്കാൻ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, അവളതു കാര്യമാക്കാതെ അയാളുടെ പാദത്തിൽ കൈകളമർത്തി തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു. "പറയൂ, ബജൗറയുടെ കഥ പറയൂ!"

അവളുടെ ചുരുണ്ട മുടിയിഴകൾ അരയാലിലകൾക്കൊപ്പം അനുസരണയില്ലാതെ നൃത്തം ചെയ്തു. പാദത്തിലമർന്ന മെലിഞ്ഞ കൈകൾക്ക് താഴ് വരയിലെ ശരത്കാല സന്ധ്യകളെക്കാൾ തണുപ്പുണ്ടെന്നു തോന്നി. ആ തണുപ്പ് പതിയെ തന്നിലേക്കരിച്ചു കയറുമ്പോൾ അയാൾ പൊടുന്നനെ പറഞ്ഞു. " ബജൗറയിലെ ജീവിതങ്ങൾ ഋതുക്കളുടെ താളക്രമങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു. കൊയ്ത്തുകാലം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കാലം. ഗ്രാമങ്ങൾക്ക് മുഴുവൻ വിളഞ്ഞ നെല്ലിന്റെ മണം. എന്റെ കുട്ടിക്കാലത്തിനും അതെ ഗന്ധമാണ്. കൊയ്ത്തിനു വേണ്ടി ഗ്രാമീണർ അവരുടെ പുരോഹിതനിൽനിന്നും ഒരു നല്ല ദിവസം കുറിച്ചെടുക്കുന്നു. ക്ഷേത്രമുറ്റത്താണ് ആ ചടങ്ങ് നടത്തുക.നിശ്ചയിക്കപ്പെട്ട ശുഭമുഹൂർത്തത്തിൽ ഗ്രാമത്തിലെ വന്ദ്യവയോധികനായ ആൾ ആദ്യത്തെ കതിർ കൊയ്യും. അതിനു ശേഷം ഒരു നവ വധുവും വരനും അതാവർത്തിക്കുന്നു. ഭൂമിയുടെ ഉർവരത മനുഷ്യരുടെത് കൂടിയാണെന്ന് ഇവിടുത്തെ ആളുകൾ എന്നേ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. പിന്നീട് ആണും പെണ്ണും ഇടകലർന്നു കൊയ്യുകയും കളപ്പുരകൾ നിറക്കുകയും ചെയ്യും. കൊയ്ത്തു കഴിയുന്ന ദിവസം മെതിച്ചു ഉരലിൽ കുത്തിയ, ഉമി കളയാത്ത അരികൊണ്ട് സ്ത്രീകൾ ചോറു വയ്ക്കാറുണ്ടായിരുന്നു. തിളങ്ങുന്ന ഓട്ടു പാത്രത്തിൽ ആവിപറക്കുന്ന ചോറു വിളമ്പുമ്പോൾ അമ്മ പറയാറുണ്ട് ഓരോ കൊയ്ത്തിലെ അരിക്കും ഓരോ രുചിയാണെന്ന്. ആദ്യത്തെ ഊട്ട്‌ കഴിഞ്ഞാൽ ഗ്രാമത്തിലെ സ്ത്രീകൾ നെല്ല് ആവികൊള്ളിച്ചതിനു ശേഷം ഉണക്കി സൂക്ഷിക്കും. അപ്പോഴേക്കും ശരത്കാലം എത്തിയിട്ടുണ്ടാവും. ബജൗറ ശൈത്യകാലത്തിനുള്ള തയ്യാറെടുപ്പു നടത്തുന്ന സമയം. എന്റെ കുട്ടിക്കാലത്ത് ഇവിടുത്തെ മില്ലുകൾ വെള്ളച്ചാലുകളിൽ സ്ഥാപിച്ച കറങ്ങുന്ന ചക്രങ്ങൾ കൊണ്ടു പ്രവർത്തിക്കുന്ന മരമില്ലുകളായിരുന്നു. അരുവികൾ ഉറഞ്ഞു ഒഴുക്ക് നിലക്കും മുൻപേ സ്ത്രീകൾ ധാന്യം പൊടിക്കാൻ തിരക്ക് കൂട്ടും. പുരുഷന്മാർ ആട്ടിൻപറ്റങ്ങൾക്ക് പുതിയ ആലകൾ നിർമ്മിക്കും. മച്ചുകളിൽ വൈക്കോൽ ശേഖരിച്ചു നിറച്ചുവെക്കും. ശൈത്യം ഞങ്ങൾക്ക് കാത്തിരുപ്പിന്റെ കാലമാണ്. സർഗാത്മകതയുടെയും. തണുത്തുറഞ്ഞിരിക്കുന്ന താഴ്‌വരക്കുനേരെ വാതിലുകൾ കൊട്ടിയടച്ചു ഞങ്ങൾ അടുപ്പിന്റെ സുഖോഷ്മളതയിലേക്ക് ഉൾവലിയും. പട്ടിണി അലോസരപ്പെടുത്തുമെങ്കിലും മുതിർന്നവർ തറികളിൽ ചണനാരും കമ്പിളിയും നെയ്തു വസ്ത്രങ്ങളുണ്ടാക്കും. ക്ഷമയോടെ വസന്തത്തിന് വേണ്ടി കാത്തിരിക്കും. കുട്ടികൾ പുറത്തിറങ്ങി മഞ്ഞുരുളകളുണ്ടാക്കി ആർത്തു രസിക്കും. ബിയാസിന്റെ കൈവഴികൾ പതുക്കെ ഉരുകിയൊലിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾക്കറിയാം വസന്തമെത്തിയെന്ന്. കിന്നരിതൊപ്പികളണിഞ്ഞു ഞങ്ങൾ കുട്ടികളും പുരുഷന്മാരോടൊപ്പം സൂര്യനുണർന്ന നറുംപുല്ലു നിറഞ്ഞ പുൽമേടുകളിലേക്ക് ആട്ടിൻപറ്റങ്ങളെ തെളിക്കും. ഗ്രീഷ്മത്തിൽ റോതാങ് ലാ യിലെ മഞ്ഞുരുകുമ്പോൾ യുവാക്കൾ ലഹൗളിലേക്കും സ്പിതിയിലേക്കും കമ്പിളിയും കരകൗശല വസ്തുക്കളും കോവർകഴുതയുടെ പുറത്തേറ്റി വ്യാപരത്തിനായി പോകും. പച്ചമരുന്നുകളും പലവ്യഞ്ജനവും പണവും തിരിച്ചു കൊണ്ടുവരും. ആദ്യ മഴ ബജൗറയെ സ്പർശിക്കുമ്പോൾ വീണ്ടും വയലുകളിൽ വിത്ത് വിതക്കും. പഴത്തോട്ടങ്ങളിൽ വിളവെടുപ്പ് നടത്തും. ദസ്റയ്ക്കുള്ള തയ്യാറെ ടുപ്പുകൾ നടത്തും. "

ഇത്രയും പറഞ്ഞു നോക്കുമ്പോഴുണ്ട് അവൾ ഉയർത്തി വച്ച തന്റെ കാൽമുട്ടിന്മേൽ മുഖമമർത്തിയിരുന്നു ആസ്വദിച്ചു കഥ കേൾക്കുന്നു. " ബജൗറയുടെ കഥ തീർന്നിരിക്കുന്നു തമോഗ്. ഋതുക്കൾ ആവർത്തിക്കുന്നതിനൊപ്പം ഈ കഥയും ആവർത്തിച്ചുകൊണ്ടിരിക്കും". അവൾ ആ ഭൂതകാലത്തിൽനിന്നുണർന്നിട്ടെയില്ലെന്നവണ്ണം പതിഞ്ഞ ശബ്ദത്തിൽ അയാളോട് ചോദിച്ചു " എന്തിനാണ് ദേവ് ഇത്ര സുന്ദരമായ ഭൂമി വിട്ട് നിങ്ങൾ സ്വപ്നങ്ങൾക്ക് പിറകെ പോയത്? "

അയാൾ അൽപ്പം ആലോചിച്ചിട്ടു പറഞ്ഞു.

 " അറിയില്ല! പോകേണ്ടതുണ്ടായിരുന്നു.. ഒടുവിൽ  ഈ ബോധിവൃക്ഷത്തണലിൽ ഇതാ ഇങ്ങനെ കിടക്കാൻ "


വീണ്ടും യാത്ര ആരംഭിക്കാറായി. എങ്കിലും ആ നിമിഷം കടന്നു പോകാതിരുന്നെങ്കിലെന്ന് വെറുതെ സങ്കൽപ്പിച്ചുകൊണ്ട് അയാൾ ഹേമയുടെ വിളിക്ക് മറുപടി കൊടുത്തു. ശാന്തസുന്ദരമായ ബജൗറയുടെ ഭൂതകാല ലഹരിയിൽ മുഴുകി തെന്നിത്തെന്നി ഹേമക്കരികിലേക്ക് നടക്കുന്ന തന്റെ പെൺകുട്ടിയോട് ഇങ്ങനെ വിളിച്ചു പറയണമെന്ന് അയാൾക്കപ്പോൾ തോന്നി

"സ്വപ്നങ്ങളിൽ നിന്നു സ്വപ്നങ്ങളിലേക്ക് പറന്ന ഒരു പറവയായിരുന്നു ഞാൻ! നീയോ, സ്വത്വത്തിന്റെ തെളിനീരിലേക്ക് വേരുകളാഴ്ത്തി വളർന്ന ഒരു ബോധി വൃക്ഷവും! വരൂ, എന്നെ നിന്റെ ചില്ലകളിലേക്ക് ക്ഷണിക്കൂ! ഞാനവിടെ നിത്യശാന്തിയുടെ ഒരു കൂടൊരുക്കട്ടെ!"

(തുടരും..)


ശിലീഭൂതം 8

 അടുത്ത ദിവസം ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങളിൽ ആണ് അവർ ചിലവഴിച്ചത്. ശില്പചാതുരിയുടെയും  മിത്തുകളുടെയും ലോകത്തിലൂടെ കുട്ടികൾ ലഹരിപിടിച്ച് അലയുന്നത് കണ്ട് ദേവൻ അത്ഭുതപ്പെട്ടു. ഇതുവരെ തനിക്കു കിട്ടിയിട്ടുള്ള ബാച്ചുകളെക്കാൾ ഏറെ അന്വേഷണാത്മകതയും ബുദ്ധിയുമുള്ള കുട്ടികളാണിവർ. ശില്പങ്ങളുടെയും ലിപികളുടെയും ഗൂഡാർത്ഥങ്ങൾ അവരെ കുഴക്കുന്നില്ല. മറിച്ച് അവരത് ആസ്വദിക്കുന്നു. താൻ ചില കഥകൾ പറഞ്ഞു കൊടുക്കുകയും ചോദ്യങ്ങൾ ബാക്കി വെക്കുകയും ചെയ്യുന്നു. അവർ ചോദ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഉത്തരങ്ങളിൽ എത്തുന്നു. എത്തുന്നയിടം ശരിയാണോ എന്ന് മാത്രം ഒടുവിൽ പരിശോധിച്ചാൽ മതി. സഞ്ചരിക്കുന്ന വഴികളെപ്പറ്റി വേവലാതിപ്പെടേണ്ട അവസരങ്ങളൊന്നും തന്നെ ഇന്ന് വരെ ഉണ്ടായിട്ടില്ല.

അതുകൊണ്ട് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനു മുൻപ് ആയാൾ അവർക്ക് മടുപ്പുളവാക്കാത്ത ഒരു ചെറു വിവരണം മാത്രം കൊടുത്തു.

"താഴ്‌വരയിലെ ക്ഷേത്രങ്ങൾ പ്രധാനമായും രണ്ടു രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിമാലയൻ പഗോഡ മാതൃകയിൽ മരത്തിൽ തീർത്തവയും അൽപ്പം പരന്ന ശിഖരത്തോട് കൂടി പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്തവയും. രണ്ടിനും മറ്റനേകം വകഭേതങ്ങളും ഉണ്ട്. അവയിൽ ചിലതെല്ലാം നമുക്ക് കാണാം. ഇതിൽ ഏറ്റവും കൗതുകമുളവാക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. കമ്പോഡിയയിലും, ബാങ്കൊക്കിലും തായ്‌ലൻഡിലുമെല്ലാം ഹിന്ദു ദേവതകളിൽ പരമപ്രധാനിയായി ബ്രഹ്‌മാവിനെ ആരാധിക്കുമ്പോൾ ഇന്ത്യയിൽ വളരെ ചുരുക്കം ഇടങ്ങളിലെ അത് കാണുന്നുള്ളൂ. അതിനാധാരമായ മിത്തുകൾ പലതുണ്ട്. എങ്കിലും ഹിമാചലിൽ സ്ഥിതി വ്യത്യസ്തമാണ്. സൃഷ്ടി കർത്താവ്‌ എന്നുകരുതുന്ന ബ്രഹ്‌മാവിന് വേണ്ടി ഇവിടെ 

ആറ് ക്ഷേത്രങ്ങളുണ്ട്. അതിൽ നാലെണ്ണവും കുളുവിൽ തന്നെ. തിഹ് രിയിലെയും ഖോഖാനിലെയും ആദിബ്രഹ്മക്ഷേത്രങ്ങൾ അതിൽ ഏറ്റവും പുരാതനമാണ്. അവ നിങ്ങൾക്കിഷ്ടമാവാതിരിക്കില്ല.


കുട്ടികൾ ക്യാമറകൾ തയ്യാറാക്കി വക്കുമ്പോൾ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ ഇൻസ്‌ട്രക്ടർ ദേവ്ദത്ത് മിശ്ര പണ്ടേ മടിയനാണ്. ക്യാമറയിൽ ചിത്രങ്ങൾ പകർത്തി കാലങ്ങളോളം അവ തിരിഞ്ഞു നോക്കാതെ ഉപേക്ഷിക്കുന്നവൻ. നിങ്ങൾ ഇയാളെപ്പോലെ വെറും കണ്ണുകൾക്കൊണ്ട് പഠിക്കേണ്ടവരല്ല. ഉൾക്കണ്ണുകൊണ്ട് ക്ഷേത്രങ്ങളുടെ നിർമ്മിതി അളന്നു മനസ്സിലാക്കേണ്ടവരാണ്. അതുകൊണ്ട് സ്കെച്ചുകൾ സ്വയം വരക്കാൻ തയ്യാറെടുത്തു കൊള്ളുക. ആവശ്യമായതു മാത്രം ക്യാമറയിൽ പകർത്തിയാൽ മതി.  ഇതൊന്നുമറിയാതെ വലിയ സ്കെച്ച് ബുക്കും റൂളറുമെല്ലാം ബാഗിൽ കുത്തിനിറച്ച് കഴുത്തിൽ ക്യാമറയും തൂക്കി, ഉറക്കച്ചടവുള്ള കണ്ണുകളുമായി നടന്നുവരുന്നുണ്ട് താമോഗ്ന. അത് കണ്ട് വിക്ടർ ആർത്തു ചിരിച്ചു. " holy crap! It seems she didn't brush yet"! യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ച് അവൾ വാഹനത്തിലേക്കു നടക്കുമ്പോൾ എല്ലാവരും അവരെ പിൻതുടർന്നു.

ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങൾ ഏകദേശം പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചവയാണ്. രണ്ടു ഗ്രാമങ്ങൾക്കും കൂടിചേർന്ന് ഖോഖാനിലെ ദേവത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗ്രാമങ്ങളുടെ തർക്കങ്ങളിൽപെട്ട് ദേവതയ്ക്കും ക്ഷേത്രങ്ങൾ രണ്ടായി. തിഹ് രിയിലെ ആളുകൾ അവർക്കായി ഒരു ബ്രഹ്മക്ഷേത്രം നിർമ്മിക്കുകയും അതിനെ ആദി പുർഖ ക്ഷേത്രം എന്ന് വിളിക്കുകയും ചെയ്തു.

ഖോഖാനിലെ ക്ഷേത്രം അതിമനോഹരമാണ്. അതിന്റെ നാലു നിലകൾക്കും ചതുര സ്തൂപാകൃതിയാണ് . സ്ളേറ്റു കല്ലുകൾ പതിപ്പിച്ച അവയുടെ മേൽക്കൂരകൾ കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്നു. അവയെ താങ്ങി നിർത്തുന്ന തടിയിൽ തീർത്ത തൂണുകളിലെ കൊത്തുപണികൾ മനോഹരം.  മേൽക്കൂരകളിൽ നിന്നും നാലു വശങ്ങളിലേക്കും നിരനിരയായി തൂങ്ങിക്കിടക്കുന്ന മരത്തിൽ തീർത്ത മണികൾ കാറ്റിൽ ശബ്ദിക്കുന്നുണ്ട്. താമോഗ്ന കാതു കൂർപ്പിച്ച് ആ സംഗീതമാസ്വദിച്ചുകൊണ്ട് മേൽക്കൂരയുടെ സ്കെച്ച് തയ്യാറാക്കുകയും എന്തോ പിറു പിറുക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പശ് ചാത്തലത്തിൽ അവളുടെ പൂർത്തിയാവാറായ ആ സ്കെച്ച് വെറുതെ ക്യാമറയിൽ പകർത്തുമ്പോൾ ദേവൻ ചോദിച്ചു "what are you uttering?" ചുരുണ്ട മുടിക്കൂടിനുള്ളിലൂടെ അല്പം നീരസത്തോടെ ഇടത്തേക്കൈ പായിച്ചു കൊണ്ട് അവൾ പറഞ്ഞു "മനുഷ്യൻ എന്തുകൊണ്ടാണ് സുന്ദരമായതെന്തിനെയും വിറ്റഴിക്കാൻ ശ്രമിക്കുന്നത്? നോക്കൂ ദേവ്, നിങ്ങളുടെ ഈ താഴ്‌വാരം അപകടത്തിലാണ്. ഒരുപക്ഷെ ഞാൻ വരക്കുന്നതാവും ഈ ആദിബ്രഹ്മന്റെ അവസാന സ്കെച്ച്. നാഗരികത നിങ്ങളുടെ ദേവതകളെ വിഴുങ്ങുന്ന ഒരു കാലം വരുമെന്ന് ഇവിടെ നാലു വശത്തും ഉയർന്നുവരുന്ന ഈ കെട്ടിടങ്ങൾ കണ്ട് നിങ്ങൾക്ക് തോന്നുന്നില്ലേ?"

അയാൾ പറഞ്ഞു " മനുഷ്യന്റെ ആവശ്യങ്ങളും സൗന്ദര്യസങ്കൽപ്പങ്ങളും കാലാകാലങ്ങളായി മാറി വരുന്നത് തികച്ചും സ്വഭാവികമാണ്. അല്ലെങ്കിൽ നാമിന്നും ഗുഹാമനുഷ്യർ ആയിത്തന്നെ നിലകൊണ്ടേനെ. കാലങ്ങളും സങ്കൽപ്പങ്ങളും മാറുന്നവയായതുകൊണ്ടല്ലേ  താമോഗ്, നീ അവയെപ്പറ്റി പഠിക്കുവാൻ തന്നെ തുനിഞ്ഞിറങ്ങിയത്? കാറ്റിൽ ശബ്ദിക്കുന്ന മരമണികൾ പോലെ അവൾ ചിരിച്ചു. "ദേവ്, ഇത്തവണ നിങ്ങൾ ജയിച്ചിരിക്കുന്നു. എങ്കിലും എനിക്ക് നിങ്ങളെപ്പോലെ പരുക്കൻ യാഥാർഥ്യങ്ങളിൽ ജീവിക്കാൻ ഇഷ്ടമല്ല. എനിക്ക് ഭൂതകാലത്തിന്റെ കുളിർപ്പച്ചകൾ വേണം. മനുഷ്യൻ കടന്നു ചെല്ലാത്ത താഴ്വരകളിലെയും പർവത ശിഖരങ്ങളിലെയും കാറ്റേൽക്കണം. അവിടുത്തെ ഉദയങ്ങളുടെ ഊഷ്മളമായ ഏകാന്തതയും അസ്തമയങ്ങളുടെ മൗനവും ആസ്വദിക്കണം. ചേക്കേറാനൊരുങ്ങുന്ന പക്ഷിയെപ്പോലെ, സന്ധ്യകളിൽ ലക്ഷ്യങ്ങളൊന്നുമില്ലാതെ പാടണം. സത്യം പറയട്ടെ, നിങ്ങളുടെ ഈ യാഥാർഥ്യങ്ങളുടെ ലോകം പരമ വിരസമാണ് ദേവ്. അവയൊന്നും അനിശ്ചിതത്വങ്ങളോട് സമരസപ്പെട്ടു ജീവിക്കാനല്ലാതെ മതിമറന്നു ജീവിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നവയല്ല.


അയാൾ അവൾ വരച്ച സ്കെച്ച് ഈസലിൽ നിന്നും ഊരിയെടുത്തു പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു. " വിശക്കുന്നവന് കവിത വിളമ്പിയാൽ വയർ നിറയുമോ? "

അപ്പോളവൾ പറഞ്ഞതിതാണ്.

 " തീർച്ചയായുമില്ല. പക്ഷെ നിങ്ങൾ വിളമ്പുന്ന ഭക്ഷണം കഴിച്ച് വയർനിറഞ്ഞെങ്കിൽ അയാൾ ഒരു കവിതയോ പാട്ടോ മൂളിയെന്നിരിക്കും. നിങ്ങൾ ദുരമൂത്ത ഒരു പെരുവയർ പോലെ അരസികനാണ് ദേവ്! യാഥാർഥ്യങ്ങളെ വിഴുങ്ങി വിശപ്പടക്കാൻ ശ്രമിച്ച് പാട്ടു മൂളാൻ മറന്നു പോയിരിക്കുന്നു " അയാൾ അല്പം ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കുമ്പോൾ അവൾ ചോദിച്ചു " പറയൂ, എന്നാണ് നമ്മൾ പുഷ്പങ്ങളുടെ താഴ്‌വരയിലെ ആ ഒറ്റക്കൽ ക്ഷേത്രം കാണാൻ പോകുന്നത്?

ഉത്തരമൊന്നും കിട്ടാത്തതിനാൽ മുഖം കോട്ടി ക്യാമറയും തൂക്കി ചില ചിത്രങ്ങൾ പകർത്താനായി അവൾ നടന്നു.

"ദുരമൂത്ത പെരുവയറന്റെ ആനന്ദമിരട്ടിപ്പിക്കാൻ എന്റെ പെൺകുട്ടിയിൽ എന്താണുള്ളത്?" പിന്നിൽ നിന്നും വരുന്ന ചോദ്യം ഹേമയുടേത്.  താൻ പിടിക്കപ്പെട്ടിരിക്കുന്നു. അയാൾ സ്കെച്ച് ബുക്കിൽ നിന്നും മുഖമുയർത്തിയതേയില്ല. ഹേമ അടുത്ത് വന്നു പറഞ്ഞു. ദേവ്, വളരെ സൂക്ഷിച്ച്.. നിന്നെയുൾക്കൊള്ളാൻ ഒരിക്കലും വറ്റാത്ത ഒരു പുഴയ്ക്കു മാത്രമേ സാധിക്കൂ.. കാലങ്ങളോളം മഴ പെയ്തില്ലെങ്കിലും സ്വയമുണ്ടാക്കുന്ന ഉറവിൽ തീരങ്ങൾ പച്ചപുതപ്പിക്കുന്ന ഒരു പുഴയ്ക്ക്... അങ്ങനെ ഒരു പുഴയിൽ മാത്രം നീന്താനിറങ്ങുക"

പുസ്തകത്തിലെ പഴയ സ്കെച്ചുകൾ സൂക്ഷ്മമായി പരിശോധിച്ച്കൊണ്ട് അയാൾ നിസ്സംഗനായി പറഞ്ഞു " ആ പുഴയുടെ ആഴം അളക്കാനാവാത്തതാണ് ഹേമ..അതുകൊണ്ട് തന്നെ ഒരിക്കലും എനിക്കതിൽ നീന്താനുമാവില്ല. അതിന്റെ ഒഴുക്കിന്റെ ചടുലതയും താളവും ഒരേ സമയം എന്നെ ഭയപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നതിനു കരയിലിരുന്ന് ഉത്തരം അന്വേഷിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ " എന്നിട്ടയാൾ തോളിലൂടെ കയ്യിട്ട് അവരെ ചേർത്ത്പിടിച്ചു കുട്ടികൾക്കിടയിലേക്ക് നടന്നു.


തിഹ് രി യിലെത്തിയപ്പോൾ സൂര്യൻ പതിയെ താഴാൻ തുടങ്ങിയിരുന്നു. പരാശർ മലനിരകൾക്ക് താഴെ സ്വർണ്ണനിറമുള്ള ഉടയാടയിൽ സന്ധ്യാജപത്തിനായി ഒരുങ്ങുന്ന തിഹ് രി. തണുത്ത നിശബ്ദതയിൽ ധ്യാനനിരതയായി നിലകൊള്ളുന്നവൾ.. മനോഹരിയാണവൾ. അവളുടെ  മൂർദ്ധാവിലെ നിരപ്പിൽ ഉയർന്നു നിൽക്കുന്ന ആദിബ്രഹ്മക്ഷേത്രം! പടിഞ്ഞാറേ ചക്രവാളത്തിലേക്കു മുഖം തിരിഞ്ഞിരിക്കുന്ന ആദിബ്രഹ്മന്റെ മേൽക്കൂരയിലെ ഏറ്റവും മുകളിലെ സ്തൂപം വൃത്താകൃതിയിലാണ്. ഖോഖാനിലേതു പോലെ അതിസൂക്ഷ്മമായ കൊത്തുപണികൾ ഇവിടെയില്ല. എങ്കിലും പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അതിന്റെ നിൽപ്പ് ആരിലും ആത്മീയത ഉണർത്തുന്നു. കുട്ടികൾ സംസാരിച്ചതേയില്ല. ഓരോരുത്തരും അവരവരുടെ അന്വേഷണങ്ങളിൽ മുഴുകി ചിത്രങ്ങൾ പകർത്തുകയും വരക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേവൻ ഒരു ഡ്രോണുപയോഗിച്ച് ക്ഷേത്രപരിസരങ്ങളുടെ ആകാശക്കാഴ്ചകൾ പകർത്തി. കുളുവിലെ ക്ഷേത്രങ്ങളുടെ പ്രത്യേകത ചെങ്കുത്തായ ഭൂപ്രകൃതിയിലെ അവയുടെ വിന്യാസവും ഉറപ്പുള്ള രൂപകല്പനയുമാണ്. അത് പഠിക്കാൻ ഈ ആകാശക്കാഴ്ച്ച കുട്ടികൾക്കുപയോഗപ്പെടും.

അൽപനേരം കഴിഞ്ഞപ്പോൾ ജോലികൾ പൂർത്തിയായവർ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലിരുന്ന് അലയടിക്കുന്ന മൗനത്തിന്റെ കടലിൽ ആവോളം നീന്തുന്നു. ആയാൾ ദൂരേക്കാണുന്ന മലനിരകളിലെ പുൽപ്പരപ്പിലേക്കു നോക്കി. പാരാശര ഋഷി ധ്യാനിക്കാൻ തിരഞ്ഞെടുത്തവയത്രേ ഈ കുന്നുകൾ. കഥകളിലെ സത്യവും മിഥ്യയും എന്തുതന്നെയാലും ധ്യാനിക്കാൻ ഇതിനേക്കാൾ നല്ലൊരിടം മറ്റെവിടെയുമുണ്ടെന്ന് തോന്നുന്നില്ല. ദൂരെ കണ്ണെത്താത്തിടത്തു പരാശർ താടാകമുണ്ട്. മഞ്ഞുമൂടിയ അതിൽ വൃത്താകൃതിയിൽ മയങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ദ്വീപുണ്ട്. യൗവന തീക്ഷണതയിൽ താനും താനിയയും ആവോളം കുടിച്ചിറക്കിയതാണ് ഈ കുന്നുകളുടെ ലഹരി. മനസ്സു വീണ്ടും പിൻ തി രിഞ്ഞു പായവേ പതിഞ്ഞ ചിലമ്പിച്ച ശബ്ദത്തിൽ ചോദ്യം കേട്ടു. " പരാശർ താടാകത്തിന്റെ ആഴം ആർക്കുമറിയില്ലെന്നു പറയുന്നത് ശരിയാണോ ദേവ്?

ആയാൾ ചെറു ചിരിയോടെ പറഞ്ഞു. "ചിലപ്പോൾ ആരും അളന്നു കാണില്ല താമോഗ്"!

 "ഒരുപക്ഷെ ആരും അളക്കുവാൻ ശ്രമിച്ചു കാണില്ല അല്ലേ? " അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ തടാകം പോലെ വിടർന്നും കൃഷ്ണമണികൾ വൃത്താകൃതിയിലുള്ള ദ്വീപ് പോലെ നിശ്ചലമായും നിന്നു. ആ ചോദ്യം കൊണ്ട് അവൾ അർത്ഥമാക്കിയത് എന്താണ്? എന്തുതന്നെയായാലും ആ കണ്ണുകളിലേക്ക് ഊളിയിട്ട് അതിന്റെ ഉത്തരം തിരയാൻ ആശക്തനാണ് താൻ.


ആയാൾ വെറുതെ ചോദിച്ചു "ഇപ്പോൾ എന്ത് തോന്നുന്നു തൃകാലജ്ഞാനിയായ താമോഗ്നക്ക്?ഇവിടവും നാഗരികത വിഴുങ്ങുമോ?"

ചുവന്ന ഗോളമായി താഴ്ന്നു മറയുന്ന സൂര്യനെ നോക്കി അവൾ പിറുപിറുത്തു "ഇല്ല! നാമിനിയിവിടെ വരുവോളവും, ഭൂമി സൗരയൂഥത്തിൽ അവശേഷിക്കുവോളവും ഇല്ല!

അയാൾക്കൊരു നടുക്കമനുഭവപ്പെട്ടു. നാം എന്നാണ് അവൾ പറഞ്ഞത്. നാം എന്ന് മാത്രമേ അവൾ പറയുന്നുള്ളൂ. കേട്ടതിലെ പിഴവാണതെന്ന് വിശ്വസിക്കാനാണ് അയാൾക്കിഷ്ടം. തിരിച്ചു പോകാൻ സമയമായിരിക്കുന്നു. "Tamog, ask them to pack up"! അയാൾ ധൃതിപ്പെട്ടു ക്ഷേത്രമുറ്റത്തെ മരച്ചുവട്ടിൽ സമയമേ മറന്നിരിക്കുന്ന ഹേമക്കരികിലേക്ക് നടന്നു.



ശിലീഭൂതം - 7

 ഹേമ കുട്ടികളോട് പറഞ്ഞത് ജോൻഗയുടെ കഥയാണ്. ജോൻഗ ഹുരാംഗ് നാരായൺ എന്ന ദേവതയുടെ തട്ടകമാണ്. പണ്ട് അവിടെ നിന്നൊരു പഹാഡി ഇന്തുപ്പ് ശേഖരിക്കാൻ ദൂരെയേതോ ഗ്രാമത്തിൽ പോയത്രേ. തിരിച്ചുവരുമ്പോൾ അയാളുടെ മുളംകുട്ടക്ക് ഭാരമേറുന്നതായി തോന്നി. കുട്ടയിറക്കി വച്ച് ഒരു മരച്ചുവട്ടിൽ വിശ്രമിക്കെ തൊട്ടടുത്ത വയലിൽ കൊയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഉറഞ്ഞു തുള്ളുകയും മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ അവർ പറഞ്ഞുവത്രെ അയാളുടെ കുട്ടയിൽ ഹുരാംഗ് നാരായൺ എന്ന ദൈവം കയറിക്കൂടിയിട്ടുണ്ടെന്ന്. വൃദ്ധയായ ആ സ്ത്രീയുടെ വാക്ക് മാനിച്ച് ഗ്രാമീണർ പിന്നീട്, കുട്ടയിലേറി അവരെ തേടിയെത്തിയ ദേവതക്ക് ഒരു ക്ഷേത്രം പണിതു. അതോടെ ജോൻഗ ഹുരാംഗ് നാരായണന്റേതായി.

കഥ വിവരിച്ചതിനു ശേഷം അവർ കുട്ടികളോട് പറഞ്ഞു. "നോക്കൂ, ഈ കഥ ഒരു സാമാന്യ നാഗരിക മനുഷ്യന്റെ തലച്ചോറിന് ഒരിക്കലും സംസ്‌കാരിച്ചെടുക്കുവാനാകാത്തതാണ്. എന്നാൽ ഇവിടെ ഇത് ഒരു ഗ്രാമത്തിന്റെ തന്നെ ചരിത്രത്തെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ദസറക്കും ഇതുപോലുള്ള മിത്തുകളിൽനിന്നുത്ഭവിച്ച ദേവതകളെയും പേറി വിവിധ ഗ്രാമങ്ങളിൽ നിന്നും മനുഷ്യർ കുളുവിലെ മൈതാനത്തെത്താറുണ്ട്. പല്ലക്കിലേറിയ ദേവതകൾ അവരോടൊപ്പം ആടുകയും പാടുകയും ഉഗ്രരൂപം പൂണ്ട് പരസ്പരം പോരടിക്കുകയും ചെയ്യുന്നു. വിദ്വേഷത്തിൽ നിന്ന് ആനന്ദത്തിലേക്കും ആനന്ദത്തിൽ നിന്ന് ശാന്തതയിലേക്കും അവർ തുടരെ തുടരെ സഞ്ചരിക്കുന്നു. കുളുവിലെ ദസറ മനുഷ്യരുടെയല്ല. ദേവതകളുടേതാണ്. 'രഘുനാഥ്ജി' എന്ന സർവാധിപതിയായ ദേവതയുടെയും മറ്റനേകം ചെറു ദേവതകളുടെയും ഉത്സവം. കാലാകാലങ്ങളായി ഇവിടുത്തെ മനുഷ്യരുടെ ഉപബോധത്തിന്റെ കടിഞ്ഞാൺ പ്രത്യക്ഷമായോ പരോക്ഷമായോ ഈ ദേവതകൾ കരസ്ഥമാക്കിയിരിക്കുന്നു. അവരുടെ മുന്നോട്ടുള്ള പ്രയാണങ്ങളെ പരുവപ്പെടുത്തുന്നത് അനാദിയോളം പഴക്കമുള്ള മിത്തുകളത്രെ.


അപ്പോഴേക്കും കുട്ടികൾ യാഥാർഥ്യങ്ങളിൽ നിന്നകന്ന് ഉറഞ്ഞുതുള്ളുന്ന ദേവതകളുടെ ലോകത്ത് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഹേമക്ക് തോന്നി. ചില സവിശേഷമായ പൂജകളുടെയും മൂർത്തികളുടെയും ചിത്രങ്ങളുള്ള ഒരാൽബം ശിഷ്യർക്ക് കൈമാറിയ ശേഷം അവരും ആ താഴ്‌വരയുടെ നിഗൂഢ സങ്കല്പലോകത്തേക്ക് അൽപനേരം മൗനമായലയാൻ പോയി.

വൈകുന്നേരത്തെ നടത്തം എല്ലാവരെയും ഹരം കൊള്ളിച്ചു. ഗ്രാമം തട്ടു തട്ടായാണ് കിടക്കുന്നത്. ഇടത്തും വലത്തും കൽക്കെട്ടുകളുള്ള കുത്തനെ പോകുന്ന ഇടവഴികളിലൂടെ അവർ മേൽപ്പോട്ട് നടന്നു. കൽക്കെട്ടുകൾ വളഞ്ഞും പുളഞ്ഞും ഓരോ നിരപ്പുകളുടെയും അതിരായി മാറുന്നു. ഓരോ നിരപ്പിലും കല്ലും മരവും ഇടകലർത്തി പണിത വീടുകൾ. ചിലത് വളരെ ചെറുതും മറ്റു ചിലത് മച്ചുകളുള്ളതും. നിരന്ന മുറ്റങ്ങൾ പലതിലും പുല്ലും വൈക്കോലും കൂന കൂട്ടിയിട്ടിരിക്കുന്നു. സ്ളേറ്റുകല്ലുകൾ പാകിയ മേൽക്കൂരകളുള്ള പഴയ കെട്ടിടങ്ങൾ അതീവ സുന്ദരങ്ങളാണ്. അവയുടെ മുഷിഞ്ഞ കതകുകൾക്കും ജനാലകൾക്കും അരണ്ട പച്ചയും നീലയും നിറങ്ങൾ. അത്തരത്തിൽ ചിലവയുടെ മുകൾതട്ടിൽ ഏറ്റവും ഉയർന്ന ഭാഗത്ത്‌  മരത്തിൽ നിർമ്മിച്ച ചെറു ജാലകപ്പെട്ടി കണ്ട് തമോഗ്ന കുറച്ചത്ഭുതത്തോടെ ചോദിച്ചു." Dev, What does they signify "?

അയാൾ പറഞ്ഞു. " വസന്ത കാലത്ത് ധോലാ ധറിന്റെ താഴ്‌വരകൾ പൂക്കൾ കൊണ്ട് നിറയും. അവയിൽ നിന്നും പൂമ്പൊടിയുമായി എത്തുന്ന തേനീച്ചകൾക്കുള്ളതാണ് ഈ ജാലകപ്പെട്ടികൾ. അവരതിൽ കൂടുകൂട്ടുകയും തേനടകൾ ഉണ്ടാക്കുകയും ചെയ്യും. ആ ജാലകപെട്ടികളുടെ അടുത്തെത്താൻ ഗോവണികളൊന്നും തന്നെ ഇല്ലെന്നത് ശ്രദ്ധിച്ചോ? മിക്കവാറും ആളുകൾ അവയിൽ നിന്ന് തേനെടുക്കാറേയില്ല. ചിലർ വിശ്വസിക്കുന്നത് ഏതോ ആത്മാക്കൾ അവയോടൊപ്പം ഉണ്ടെന്നാണ്. "

"Interesting!"പൂമ്പൊടി പുരണ്ട് ഭാരിച്ച ദേഹവുമായി മൂളിപ്പറക്കുന്ന ഒരു തേനീച്ചയെപ്പോലെ അവൾ താൻകേട്ടത് മറ്റുള്ളവരോട് പറയാൻ തെന്നിത്തെറിച്ചു കുതിച്ചു.


ഇടവഴി അവസാനിക്കുന്നിടത്ത് ഒരു കൊച്ചു ക്ഷേത്രമുണ്ട്. ഗ്രാമത്തിൽ ഇനിയും ക്ഷേത്രങ്ങൾ പണിയുന്നുണ്ടെന്ന് അവിടെ നിന്നിരുന്ന ഒരാൾ പറഞ്ഞു. ക്ഷേത്രത്തിനു കുറച്ചപ്പുറം കാണുന്ന വീട്ടിൽ ആൾതിരക്കുണ്ട്. അവിടെ രാത്രി ഒരു വിവാഹം നടക്കാൻ പോകുന്നു. ഒരു വീട്ടിലെ വിവാഹം ഗ്രാമത്തിന്റേത് മുഴുവനുമാണ്. അൽപ്പാല്പമായ സന്തോഷങ്ങൾ ഒരു ചെറു ഗ്രാമം മുഴുവനും പങ്കിട്ടെടുക്കുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ഒരു വീട്ടിൽ വളരാനായല്ല.  ഗ്രാമത്തിന്റെ മുഴുവൻ കുഞ്ഞായാണ്. പാരസ്പര്യത്തിന്റെയും സമരസപ്പെടലിന്റെയും പാഠങ്ങൾ അന്നേ അവൻ പഠിച്ചുകഴിയും. സന്ധ്യയാവാറായതോടെ കല്യാണവീട്ടിൽ പെൺകുട്ടികൾ നൃത്തത്തിനുള്ള തയ്യാറെടുപ്പാണ്.അതുകണ്ട് തമോഗ്ന നാട്ടി നൃത്തത്തിന്റെ ചുവടുകൾ അനുകരിച്ചു വായുവിൽ താളത്തിൽ കൈകൾ തുഴഞ്ഞു. അവളുടെ ആ ഭാവം കണ്ട് ദേവൻ ചിരിയടക്കി. 

ഇരുട്ടി തുടങ്ങിയപ്പോൾ തിരിച്ചു നടക്കാമെന്ന് ഹേമ പറഞ്ഞു. കയറിയതുപോലെ എളുപ്പമല്ല കുത്തനെയുള്ള വഴികളിലൂടെ താഴോട്ടിറങ്ങാൻ. ചെറിയ പറ്റങ്ങളായി വളരെ ശ്രദ്ധിച്ച് അവർ താഴോട്ടിറങ്ങുമ്പോൾ താമോഗ്ന അയാളോടൊരു രഹസ്യം പറഞ്ഞു " ഞാനിവിടെ വന്നിട്ടുണ്ട് ദേവ്.. എത്രയോ തവണ സ്വപ്നത്തിൽ ഈ കുത്തുകല്ലുകൾ കയറിയിട്ടും ഇറങ്ങിയിട്ടുമുണ്ട്. അപ്പോൾ എനിക്ക് മുന്നിൽ രണ്ടു കുട്ടികൾ കൈപിടിച്ച് നടന്നു പോകും... അതാ, അതുപോലൊരു വീടിന്റെ ഉമ്മറത്തിരുന്ന് ഒരു വൃദ്ധ എന്നെ അകത്തേക്ക് വിളിക്കും. ആരുടെയോ കൈകൾ വിടുവിച്ച്  ഞാൻ അവരുടെ വീട്ടിലേക്ക് ഓടിക്കയറും" ഇത്രയും പറഞ്ഞ് അവൾ അയാളുടെ കൈകളിലേക്ക് നോക്കി. " Certainly they are not mine" എന്ന് പറഞ്ഞ് ദേവൻ കൈകൾ പിന്നിൽ കെട്ടിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.


സ്വപ്നങ്ങളിൽ സത്യമുണ്ടോ? അതും പഠിക്കേണ്ട വിഷയമാണ്. മുന്നിൽ നടക്കുന്നത് തന്റെ സ്വപ്നങ്ങളിലെ മായൻ കന്യക! അവളും ഇപ്പോൾ സ്വപ്‌നങ്ങൾ ആവർത്തിച്ചു കാണാറുണ്ടെന്ന് പറയുന്നു. കൗതുകം തന്നെ. തിരിഞ്ഞു നോക്കി അവൾ വീണ്ടും ചോദിച്ചു. "ഇവിടെ അപൂർവം ചില ഗോത്ര സമൂഹങ്ങളിൽ ഒരു വീട്ടിലെ സഹോദരന്മാർ എല്ലാം ചേർന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകൾക്കും അതു സമ്മതമത്രേ. സ്ത്രീകളുടെ എണ്ണം കുറവായതിനാലാണോ? നിങ്ങൾ എങ്ങനെയാണ് അതിനെ കാണുന്നത്?"

അയാൾ പറഞ്ഞു "കവികൾ കാല്പനികത കല്പ്പിച്ചു നൽകിയ സ്ത്രീ പുരുഷ ബാന്ധവങ്ങൾക്ക് പിന്നിൽ വംശ വർദ്ധന നടത്താനുള്ള വെറും മൃഗചോദന മാത്രമാണെന്നാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത്. മനുഷ്യൻ ഇപ്പോഴും ഒരു മൃഗം തന്നെയല്ലേ താമോഗ്? എനിക്കിത്തരം സാമൂഹിക വ്യവസ്ഥകളിൽ അത്ഭുതം തോന്നുന്നതേയില്ല!"

അത്‌ പറഞ്ഞപ്പോൾ അയാൾക്ക് യാതൊരു സംശയവും തോന്നിയില്ല. അവിചാരിതമായി കണ്ടുമുട്ടിയ, തന്റെ പകുതി മാത്രം പ്രായം വരുന്ന ഈ പെൺകുട്ടിയോട് തനിക്കു  പ്രണയം തോന്നുന്നുണ്ടെങ്കിൽ അത് വെറും മൃഗചോദനയല്ലാതെ മറ്റെന്താകാനാണ്? അയാൾ ഒരു നിമിഷത്തേക്ക് തന്നെയൊരു മൃഗമായി സങ്കല്പിച്ചു. തന്റെ തന്നെ സന്തതി പരമ്പരകളിൽ പ്രജനനം നടത്താൻ ചാന്ദ്ര പക്ഷങ്ങൾ കാത്തിരിക്കുന്ന ഒരു വന്യമൃഗം!


" എങ്കിൽ കേട്ടോളൂ..ഒരു നരവംശ ശാസ്ത്രജ്ഞയായ ഞാൻ ഒരിക്കലും അതൊരത്ഭുതമായി കാണുന്നില്ല. എന്നാൽ ഒരു സ്ത്രീപക്ഷവാദിയായ ഞാൻ ബഹുഭർതൃത്വം ഒരു സ്ത്രീയോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം ഇതൊന്നുമല്ലാത്ത അസംസ്‌കൃതയായ, നിങ്ങൾ ചിലപ്പോൾ നാലാംകിടയെന്നു വിളിച്ചേക്കാവുന്ന എന്നിലെ സ്ത്രീ ചിന്തിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അളവിൽ കൂടുതലാണെങ്കിൽ അത് വിഷമാണ്. അളവിൽ കുറഞ്ഞാലും അങ്ങനെ തന്നെ. എന്ത്തന്നെയായാലും ആരാലും സ്നേഹിക്കപ്പെടാതെ, ആരാലും സൗന്ദര്യമാസ്വദിക്കാതെ പോകുന്ന ഒരു സ്ത്രീയെപ്പോലെ ശപ്തയായവൾ ആരുണ്ട്? അങ്ങനെയാകുമ്പോൾ നാലോ അഞ്ചോ പുരുഷന്മാരെ ഒരുമിച്ചു വരിക്കുന്ന ഒരു സ്ത്രീ ഒരർത്ഥത്തിൽ ശപിക്കപ്പെട്ടവളല്ല. അവൾ മഹാബുദ്ധിമതിയായിരിക്കണം. തനിക്കുലഭിക്കുന്ന ഓരോ പുരുഷനും ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നുകൊടുക്കുന്ന അളവ്നാഴി പോലുള്ള ഹൃദയമുള്ളവൾ . അതേസമയം അവളെ വരിച്ച പുരുഷന്മാരോ! പുരുഷ സഹജമായ സ്വാർത്ഥതക്ക് നിരന്തരം ഭ്രഷ്ട് കല്പിച്ച് തന്റെ ഇണയെ മറ്റുള്ളവർക്ക് പകുത്തു കൊടുക്കേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങൾ! സത്യത്തിൽ നിങ്ങളെത്തന്നെ പകുത്തു കൊടുക്കുന്നതിനേക്കാൾ ദുസ്സഹമല്ലേ നിങ്ങൾക്ക് സ്വന്തമായൊന്നിനെ പകുത്തു കൊടുക്കുന്നത് "?

ഇത്രയും പറഞ്ഞ് ചോദ്യരൂപത്തിൽ തന്നെ നോക്കുന്ന അവളോട് എന്ത് പറയണമെന്നറിയാതെ അയാൾ നിന്നു. എന്നിട്ട് ഇരുട്ട് പടരാൻ തുടങ്ങുന്ന ഇറക്കത്തിലേക്കു നോക്കി പിറുപിറുത്തു " അറിയില്ല തമോഗ്. പകുത്തു കൊടുക്കാനാവാത്ത വിധം ഞാനാരെയും സ്നേഹിച്ചിട്ടില്ല ". നിശ്ചലനായി നിൽക്കുന്ന അയാളുടെ കൈ പിടിച്ച് അടുത്ത കൽക്കെട്ടിലേക്ക് കാൽ വെക്കുമ്പോൾ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

 " എങ്കിലൊരു ക്രൂരനാണ് നിങ്ങൾ. എന്റെ കാമുകനെപ്പോലെ തന്നെ ക്രൂരൻ "!

അതുപറയുമ്പോൾ അഴിഞ്ഞു കിടക്കുന്ന ചുരുണ്ട മുടിക്കടിയിൽ മറഞ്ഞുപോയ അവളുടെ മുഖം ഒന്ന് കണ്ടിരുന്നുവെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. അപ്പോഴേക്കും കൈകൾ വിടുവിച്ച് അവൾ കൂട്ടുകാരോടൊപ്പം എത്തിയിരുന്നു.


അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ദേവദത്തൻ ആലോചിച്ചു. അവൾ പറഞ്ഞത് സത്യമാകാനേ വഴിയുള്ളൂ. ബ്രാഹ്‌മണന് ഗുജ്‌ജാർ സ്ത്രീയിൽ ജനിച്ചവനാണ് താൻ. യുഗങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുന്ന തന്റെ നാട്ടിൽ, ഒരാൾ വരേണ്യതയുടെ ആനുകൂല്യം വേണ്ടുവോളമുണ്ടായിട്ടും അവയൊന്നും വേണ്ടെന്നു വച്ച് ജീവിതം മുഴുവൻ ഒരു താണ ജാതിക്കാരി സ്ത്രീയെ മാത്രം ചേർത്തുപിടിച്ചെങ്കിൽ അത്‌ വെറും മൃഗ ചോദനകൊണ്ടാകില്ല. ആഭിജാത്യരുടെ നിരാകരണവും നിരന്തര പീഡനവും ഏറ്റു വാങ്ങിയിട്ടും ആ സ്ത്രീ മരിക്കുവോളം അയാൾക്കൊപ്പം നിന്നെങ്കിൽ അതും മൃഗചോദനയാവില്ല. അരുതുകൾക്കിടയിൽ ആട്ടിൻപറ്റങ്ങളെ മേച്ചു നടന്ന ബാല്യത്തിൽ ഒരിക്കൽ പോലും തന്നിൽ വംശീയ ചിന്തകൾ  ഉടലെടുക്കാതിരുന്നത് അവരുടെ സ്നേഹം വെറും സങ്കൽപ്പമല്ലാതിരുന്നതുകൊണ്ടാണ്. വേണ്ടുവോളം സ്നേഹിക്കപ്പെട്ടവനാണ് താൻ. എന്നിട്ടും തനിക്കെന്താണ് സ്നേഹമുൾക്കൊള്ളാൻ ആവാതെ പോയത്? തന്റെ പെൺകുട്ടി പറഞ്ഞപോലെ ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നു കൊടുക്കാൻ താൻ എന്നാണ് പഠിക്കുക?

നേരമേറെയായിട്ടും പുറത്തു തീകാഞ്ഞിരുന്നു കുട്ടികൾ സൊറപറയുന്നുണ്ട്. അവരിലാരോ ബൊഹീമിയൻ റാപ്സോഡി ഉച്ചത്തിൽ പാടുന്നു. അത് ശ്രദ്ധിച്ച് കിടക്കുന്നതിനിടയിലെപ്പോഴോ അയാൾ ഉറക്കത്തിലേക്കു വീണു.



ശിലീഭൂതം - 6

 എവിടെയോ ഉരസി വീഴുന്നുണ്ട് മഞ്ഞുപാളികൾ. ചുറ്റും കലങ്ങിമറിഞ്ഞു രുദ്രതാണ്ഡവം ആടുന്ന നദി. ഇടിഞ്ഞു തൂർന്ന കുഴമണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. നിശബ്ദം നിലവിളിക്കുന്ന അതിനെ നോക്കി സ്തംഭിച്ചു നിൽക്കുന്ന താൻ. ഞെട്ടലോടെ ഉണർന്നപ്പോൾ ഇടുങ്ങിയ പാതക്ക് വലതുവശമുള്ള ഗർത്തത്തിൽ ഇരുട്ടിൽ തിളങ്ങുന്നുണ്ട് ബിയാസ് നദിയുടെ വെള്ളിയാഭരണങ്ങൾ. നേരം പാതിരാ കഴിഞ്ഞിരുന്നു. തമോഗ്ന നരച്ച രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ ചുരുണ്ടു കൂടി തനിക്കരികിൽ ഉറങ്ങുന്നുണ്ട്. കിഴക്ക് വെളിച്ചം വീഴുന്നതിന് മുൻപ് തന്നെ ബജൗറ കഴിഞ്ഞു. ശേഷം നാലു ചുറ്റിനും ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് കീഴെ ശാന്തമായി ഉറങ്ങുന്നു കുളു. ഇവിടെ സഞ്ചാരികൾക്ക് വേണ്ടിയുള്ള ആധുനികതയുടെ മൂടുപടം പേറുന്ന ചെറു നഗരം കടന്നാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകൾ കുടിയിരിക്കുന്ന പുരാതന ക്ഷേത്ര സ്ഥലികളുണ്ട്. അവയുമായി ഇഴ ചേർന്നു ജീവിക്കുന്ന പർവതമനുഷ്യരുണ്ട്. ചീകിയെടുത്ത സ്ളേറ്റു കല്ലുകൾ പാകിയ മേൽക്കൂരക്ക് കീഴെ പൈൻ മരത്തിന്റെ നേരിപ്പോടുകളെരിയുന്ന വീടുകൾക്കുള്ളിൽ വിത്തും വിതയും ആട്ടിൻപറ്റങ്ങളുമായി കഴിയുന്ന സ്വച്ഛമായ ജീവിതങ്ങൾ. അവരെയാണ് തന്റെ കുട്ടികൾ അടുത്തറിയേണ്ടത്.

ധോലാധർ മലനിരകളോട് ചേർന്ന് നിൽക്കുന്ന ജോൻഗ താഴ്‌വരയിലാണ് താമസിക്കേണ്ടത് . പുകമഞ്ഞു വീണു കിടക്കുന്ന പർവതപാതക്കരികിൽ ബസു നിർത്തി. ഉദയത്തിന്റെ മങ്ങിയ വെളിച്ചം താഴ്‌വരയെ ആശ്ലെഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരിടയൻ ആട്ടിൻ പറ്റത്തെയും തെളിച്ച് റോഡിൽക്കൂടി പോകുന്നുണ്ട്. അവയുടെ കരച്ചിൽ കേട്ട് ഹേമ ഉണർന്നു. " Dev, are you still asleep? " വിളിച്ചു ചോദിച്ചുകൊണ്ട് അവർ എഴുന്നേറ്റു വന്നു. അയാൾ തനിക്കരികിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന തമോഗിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. " Look at this! a sleeping himalayan shrew". അവരുടെ ചിരി കേട്ട് കുട്ടികൾ ഉണർന്നു തുടങ്ങി.


ബസിറങ്ങി വശത്തേക്കുള്ള മൺപാതയിലൂടെ അരണ്ട വെളിച്ചത്തിൽ അല്പം നടന്നു. കുത്തുകല്ലുകൾ പാകിയ കയറ്റം കയറിക്കഴിഞ്ഞപ്പോൾ താമസിക്കാനായി ഒരുക്കിയ കോട്ടേജുകളെത്തി. ഗ്രാമം അതി മനോഹരമാണ്. അതിരിൽ ആകാശം ചുംബിച്ചു നിൽക്കുന്ന സിഡർ മരങ്ങൾ. അതിനുമപ്പുറം ധോലാധർ ധ്യാനത്തിൽ നിന്നുണർന്ന് ഉദയമുരുക്കിയ സ്വർണമകുടമണിഞ്ഞ് ആഹ്ലാദവാനായി നിൽക്കുന്നു. കുട്ടികളോട് വിശ്രമിക്കാനാവശ്യ പ്പെട്ട് ദേവൻ ഹേമയെയും കൂട്ടി അവർക്കായി നിശ്ചയിച്ച കൊട്ടേജിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും വൈകിയാണ് എത്തിയത്. പ്രഭാതഭക്ഷണത്തിനു ശേഷം പതിനൊന്നു മണിയോടെയെങ്കിലും അന്നത്തെ സെഷൻ ആരംഭിക്കേണ്ടതുണ്ട്. ഹേമ ഓർമ്മപ്പെടുത്തി. അവർക്കറിയാം താനിവിടെയെത്തിയാൽ സ്ഥലകാലങ്ങൾ മറക്കുമെന്ന്. ജോൻഗയിൽ എത്തിയ വിവരം കോർഡിനേഷൻ ടീമിനെ അറിയിച്ച ശേഷം അവർ മുറിയിലേക്ക് പോയി. അനേകം കാതങ്ങൾ ഒഴുകിയലഞ്ഞ് സത്ലജിൽ ചെന്നുചേർന്ന ബിയാസ് നദിയുടെ ശാന്തത അയാൾക്കാനുഭവപ്പെട്ടു. കിടപ്പുമുറിയുടെ ചെറുജനാലയിൽക്കൂടി പുറത്തേക്ക് നോക്കുമ്പോൾ ദൂരെയെവിടെയോ തന്റെ ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടപ്പുണ്ടെന്ന് തോന്നി. അന്നു കൂട്ടം തെറ്റിപ്പോയ ഒരാട്ടിൻകുഞ്ഞ് തുള്ളിക്കുതിച്ചെത്തി കിന്നരിതൊപ്പിയണിഞ്ഞ തന്നോട് ചോദിക്കുന്നു "ദേവ്, നിങ്ങൾക്ക് വീണ്ടും ആട്ടിടയനാകണോ?".. ചെറു ചിരിയോടെ അയാൾ കിടക്കയിലേക്കമർന്നു.


ഏകദേശം പതിനൊന്നു മണിയായപ്പോൾ ഭക്ഷണശേഷം ഒത്തുകൂടിയ കുട്ടികളെയും കൊണ്ടയാൾ അടുത്തുള്ള പുൽപരപ്പിലേക്കു നടന്നു. അവിടെ കണ്ട ഒരു പോപ്ലാർ മരച്ചുവട്ടിൽ എല്ലാവരോടും ഇരിക്കാനാവശ്യപ്പെട്ട ശേഷം അരികെ എഴുന്നു നിൽക്കുന്ന ഒരു വെളുത്ത പാറയിൽ കയറിയിരുന്ന് ആ താഴ്‌വരയുടെ സാംസ്കാരിക പരിണാമങ്ങളുടെ ഒരേകദേശ രൂപം വിവരിച്ചു.

" കുളു ദേവതകളുടെ താഴ്‌വരയാണ്. ഏകദേശം മുന്നൂറോളം ദേവതകളെ ചുറ്റിപ്പറ്റി വളർന്നുവന്ന ഗോത്രങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂമി. നാഗാരാധനയുടെ കേന്ദ്രം. നാഗങ്ങളെ ആരാധിച്ചവർ പിന്നീട് നാഗന്മാർ എന്ന ഗോത്ര സമൂഹമായി അറിയപ്പെട്ടു. അവരുടെ പുരാതന പൂർവികർ ആസ്ത്രോ ഏഷ്യാറ്റിക് മനുഷ്യരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ആസ്ത്രോകളുടെ ആദ്യകാല കുടിയേറ്റങ്ങൾ ഏകദേശം 60,000 വർഷങ്ങൾക്കു മുൻപാണെന്ന് കരുതപ്പെടുന്നു. ചില ഗവേഷകർ കരുതുന്നത് അവർ ദ്രാവിഡരെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞിരുന്നു എന്നാണ്. ആദ്യകാലത്തു പുല്മേടുകളിൽ നാൾക്കാലികളെ മേച്ചുകൊണ്ട് നടന്നിരുന്ന അവർ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പടിഞ്ഞാറൻ ഹിമാലയനിരകളിലെ വനസ്ഥലികളെ ഉഴുതുമറിച്ചൊരുക്കിയ നാഗന്മാരുടെ പൂർവികർ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് സർപ്പങ്ങളെയാണ്. വിത ക്കുമ്പോഴും വിളവെടുക്കുമ്പോഴും അവർക്കിടയിലെ അനേകം പേർ അളകളിൽ നിന്നും പുറത്തു വന്ന സർപ്പങ്ങളുടെ ദംശനമേറ്റു പിടഞ്ഞു വീണു. വിഷം തീണ്ടിയുള്ള മരണങ്ങൾ അവരിൽ ഭയം നിറച്ചു. കാലക്രമേണ അവരുടെ ജീവിത ചക്രം നിയന്ത്രിക്കുന്നത് തന്നെ സർപ്പങ്ങളാണെന്ന് അവർ നിശ്ചയിച്ചു. സർപ്പദംശനമേൽക്കാത്തവരുടെ ജീവിതങ്ങൾ നാഗദേവതകൾ അവർക്ക് കനിഞ്ഞു കൊടുത്ത വരമായി.


നാഗന്മാരുടെ ആദിമ ഗോത്രങ്ങൾ വിതയ്ക്കലിനും വിളവെടുപ്പിനും മുൻപ് ദേവതകളുടെ പ്രീതിക്ക് നരബലികൾ നടത്തുക പതിവായിരുന്നു. പിന്നീട് വടക്കേ ഇന്ത്യയിലേക്ക് പടർന്നു തുടങ്ങിയ ദ്രാവിഡർ ഇവർക്കുമേൽ ആധിപത്യം സ്ഥാപിച്ചുവത്രെ. എന്നാൽ അതിനു ശേഷം ഗംഗാസമതലങ്ങളിൽനിന്നും കുടിയേറിയ നാഗരികരുടെ സംസ്കൃതിയുമായി ദ്രാവിഡരും നാഗരും വീണ്ടും ഇടകലർന്നു. ഗംഗാസമതല നിവാസികളും നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. അങ്ങനെ,മൂന്നു പുരാതന സമൂഹങ്ങൾ ഇടകലർന്നു പരിണമിച്ച് ഇന്ന് നിങ്ങൾ കാണുന്ന നാഗന്മാരുടെ പ്രപിതാമഹരുണ്ടായി. പിന്നീടുവന്ന ആര്യാധിനിവേശത്തിൽ അവരുടെ ഗോത്രസമൂഹങ്ങൾപടിഞ്ഞാറൻ ഹിമാലയനിരകളിലൊഴികെ  പാർശ്വവൽക്കരിക്കപ്പെടുകയുണ്ടായി. മനുഷ്യരുടെ വിശ്വാസങ്ങളും ആരാധനാരീതികളും എങ്ങിനെ സംസ്കൃതികളെ സൃഷ്ടിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാഗന്മാർ. അവരുടെ ചില പുരാതന നാണയങ്ങളിലും ഉപകരണങ്ങളിലുമെല്ലാം നാഗരൂപങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. പിൽക്കാലത്തിൽ ഇവരിൽ അനേകം പേർ ബുദ്ധമത വിശ്വാസികളായിത്തീർന്നു. എങ്കിലും ഇന്നും ഈ താഴ്‌വരയിലെ ഭൂരിഭാഗം മനുഷ്യരും ഇതുപോലുള്ള പല ഗ്രാമീണ ഗോത്രങ്ങളാണ്. ഹിമാലയൻ പഗോഡിയൻ മാതൃകയിൽ പണിതിരിക്കുന്ന അവരുടെ ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിങ്ങൾ അടുത്തു കാണുകയും സ്കെച്ചുകൾ തയ്യാറാക്കുകയും വേണം. ഇവിടുത്തെ ക്ഷേത്രങ്ങളിലെ മൂർത്തികൾ കല്ലിൽ കൊത്തിയെടുത്തവയല്ല. പല്ലക്കിൽ എഴുന്നള്ളിക്കുന്ന രീതിയിലുള്ള ചലിപ്പിക്കാൻ കഴിയുന്ന ലോഹമാതൃകകളാണ്. അതിൽ മുഖമൊഴികെ ബാക്കി ഭാഗങ്ങൾ പട്ടും തൊങ്ങലും കൊണ്ട് മൂടിയിരിക്കും".


ഇത്രയും വിവരിച്ചുകഴിഞ്ഞപ്പോൾ വിക്ടർ പതിവുപോലെ സംശയമുന്നയിച്ചു. " Do they still follow human sacrifice anywhere around"? അവന്റെ പച്ചക്കണ്ണുകളിലെ അങ്കലാപ്പ് കണ്ട് തമോഗ്ന വിളിച്ചു പറഞ്ഞു " Luckily not. Otherwise we could have given  you as a bite". അങ്ങനെ അല്പനേരം ഗോത്രസംസ്കൃതിയിലൂടെ നീന്തിനടന്ന അവർ ചിരിയുടെ കരപറ്റി. ഉച്ചകഴിഞ്ഞു ജോൻഗയിലെ ഗ്രാമീണ വഴികളിലൂടെ അല്പം നടക്കാമെന്നും ആളുകളെപ്പറ്റി അപ്പോൾ നിങ്ങൾക്ക് കൂടുതൽ അറിയാനായേക്കുമെന്നും പറഞ്ഞ് ദേവൻ തിരിച്ചു കോട്ടേജിലേക്ക് നടന്നു.