കായലോളങ്ങളുടെ കണ്ണീർ കഥകൾ


പണ്ടേക്കു പണ്ടേ  കാവ്യകല്പനകളിൽ കായലിൽ  കണ്ണാടി  നോക്കിയ  നാടാണ്  കേരളം . തെക്കൻ  കേരളത്തിൻറെ  ശ്വാസം  ഇന്നും  വേമ്പനാട്ടു  കായലിന്റെ ഉപ്പുകാറ്റാണ്‌ . ഇവിടെ    കായൽപ്പരപ്പിൽ  തലമുറകളായി കരുമാടിക്കുട്ടികൾ  കുട്ടിക്കരണം മറിഞ്ഞു . കണമ്പും  കരിമീനും  പിടിച്ചു . ആണും പെണ്ണും ഇടകലർന്നു കക്കവാരി, കയറു പിരിച്ചു. ജൂതരും പറങ്കികളും ഇംഗ്ലീഷുകാരും എന്നുവേണ്ട വെളുത്തതും കറുത്തതും ചുവന്നതുമായ സകല പരദേശികളും നിറഭേതമന്യേ  കായലിൽ കെട്ടുവള്ളമൂന്നി ഇവിടുത്തെ മനുഷ്യരുടെ രാപ്പകലുകളിലേക്കു വിരുന്നു വന്നു. അങ്ങിനെ കായൽക്കരയിൽ നിറങ്ങൾ  ഇടകലർന്ന് , ഭാഷകൾ ഇടകലർന്ന് , ദേശങ്ങൾ ഇടകലർന്ന് , മനുഷ്യർ  മനുഷ്യരായി . ഇവിടുത്തെ ജീവിതം മുറുക്കെപ്പിരിച്ച കയറിൻറെ ഇഴകൾ പോലെ ഇന്നും ഇണപിരിയാതെ  അത്രയേറെ കായലിനോട്  ഇഴുകിച്ചേർന്നു  കിടക്കുന്നു.

24000 ഹെക്ടർ  വിസ്തൃതിയിൽ  എറണാകുളം , കോട്ടയം , ആലപ്പുഴ  എന്നീ  മൂന്ന്  ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന   കായൽ  ശൃംഖല ഏകദേശം 1 . 6  ദശലക്ഷം  ആളുകളുടെ  അതിജീവനത്തോട്  നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നു . പശ്ചിമഘട്ടത്തിൽ  നിന്നുത്ഭവിക്കുന്ന  ഏഴു നദികൾ  ഓരോ  മഴക്കാലത്തും  ജലാശയത്തിലേക്കു ജൈവസമ്പുഷ്ടമായ എക്കൽ  വഹിച്ചുകൊണ്ടുവന്നു . ആയിരത്തി എണ്ണൂറുകളിൽ  പമ്പയാർ കായലിൽ  ചേര്ന്നയിടത്തു   പൊന്നുവിളയുന്ന മണ്ണിനെ മനുഷ്യർ തിരിച്ചറിഞ്ഞു . 1865 തിരുവിതാംകൂർ  മഹാരാജാവിൻറെ  പാട്ടവിളംബരത്തോടുകൂടി ചക്രം തിരിച്ചു കായൽ വറ്റിച്ചു നെൽകൃഷിയിറക്കി . 1890 മുതലിങ്ങോട്ടു നിലമൊരുക്കൽ യന്ത്രവത്കൃതമായതോടെ  കൂടുതൽ വിസ്തൃതിയിലും  വേഗതയിലും നികത്തൽ നടന്നു . അങ്ങിനെ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് കായലിൽ നിന്നും രൂപംകൊണ്ടു . തെക്കുപടിഞ്ഞാറൻ  അറബിക്കടലിലെ  വിവിധയിനം  മൽത്സ്യങ്ങളും , കൊഞ്ചും ചെമ്മീനും ഇവിടുത്തെ കണ്ടൽക്കാടുകളിൽ മുട്ടയിട്ട്പെരുകാൻ കാലങ്ങളായി  വിരുന്നെത്തുന്നു . ഇവിടുത്തെ  മൽത്സ്യസമ്പത്താണ്അനേകം  മലയാളികളുടെ  വീടുകളിലെ  പട്ടിണി മാറ്റിയത് . ഇവിടെ വിളഞ്ഞ നെല്ലാണ് നാമെല്ലാം നിറച്ചുണ്ടുറങ്ങിയത് . എന്നാൽ രണ്ടു നൂറ്റാണ്ടിനിപ്പുറം നാം കാണുന്ന കായലിന്റെ ചിത്രം വളരെയധികം വ്യത്യസ്തമത്രെ .

പതിറ്റാണ്ടുകളായി നാം കായൽ കയ്യേറി . നിയന്ത്രണങ്ങളില്ലാതെ മീൻ പിടിച്ചു , നിബന്ധനകളില്ലാതെ മലിനജലമൊഴുക്കി, സ്വാഭാവിക നീരൊഴുക്കിനെ തടയും വിധം ബണ്ടുകളും  സ്പിൽവേകളും നിർമിച്ചു . അനുദിനം വികസിച്ചു വരുന്ന തുറമുഖനഗരം ഇവിടുത്തെ ദൈനംദിനജീവിതം ആയാസരഹിതമാക്കിയെങ്കിലും അതിന്റെ സൃഷ്ടിക്കു കാരണഹേതുവായ ആവാസവ്യവസ്ഥയെ പാടെ തകർക്കുകയാണുണ്ടായത് . കഴിഞ്ഞ 30 വർഷത്തിനിടെ കായലിലെ 28 സ്പീഷിസ് മൽത്സ്യങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . 1960 കളിൽ ലഭിച്ചുകൊണ്ടിരുന്ന മത്സ്യത്തിന്റെ അളവ് 1,60,000 ടൺ ആയിരുന്നെങ്കിൽ 2000 ആയപ്പോൾ അത് 680 ടൺ ആയി  . വേമ്പനാട്ടു കായലിൽ മാത്രം കണ്ടുവരുന്ന കറുത്ത കക്ക (Villorita cyprinoides )1960 കളിൽ 27000  ടൺ ലഭിച്ചിരുന്നത്  എൺപതുകളിൽ 11625 ടൺ ആയി കുറഞ്ഞു . അറുപതുകളിൽ 300 ടൺ ലഭിച്ചുകൊണ്ടിരുന്ന ആറ്റുകൊഞ്ചിന്റെ അളവ് ഇന്ന് 100 ടണ്ണിൽ കുറവാണ് . വരാനിരിക്കുന്ന തലമുറയ്ക്ക് കായൽ രുചികൾ മാത്രമല്ല നഷ്ടമാവാനിരിക്കുന്നത്‌ ! കായൽ പെറ്റുപോറ്റിയ ജൈവ സമ്പത്തും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മഹത്തായ സംസ്കൃതിയും കൂടിയാണ് . കായലിന്റെ ശോഷണത്തിന് കാരണമന്വേഷിച്ചു നമുക്ക് അന്താരാഷ്ട്ര ഏജൻസികളുടെ പഠനറിപ്പോർട്ടുകളിലേക്കു പോകേണ്ടതില്ല . ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളോട്  ചോദിച്ചാൽ അവർ പറഞ്ഞുതരും .

1976 കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് തണ്ണീർമുക്കം ബണ്ട് . നെൽകൃഷി നടക്കുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ 6000 ഹെക്ടർ പാടശേഖരത്തിലേക്കു വേലിയേറ്റസമയത്ത് പ്രവേശിക്കുന്ന ഉപ്പുവെള്ളം തടയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം . കിഴക്കും പടിഞ്ഞാറും നിർമ്മിച്ച ബാരിയജുകളിലായി 62 ഷട്ടറുകൾ സ്ഥാപിച്ചു . പക്ഷെ പിന്നീട് സാങ്കേതികതകരാറുകൾ നിമിത്തം ഷട്ടർ വേണ്ടസമയത്തു തുറക്കാൻ കഴിയാതെ വന്നു . രണ്ടുമാസം മാത്രം അടഞ്ഞുകിടക്കേണ്ടിയിരുന്ന ഷട്ടർ ഇപ്പോൾ വര്ഷത്തിൽ തുടർച്ചയായി ആറുമാസം (നവംബർ -മെയ് ) അടഞ്ഞുകിടക്കുന്നു. ഇത് തകർത്തത് കായലിന്റെ സ്വാഭാവിക നീരൊഴുക്കും അതിനോടനുബന്ധിച്ചുള്ള ജൈവവ്യവസ്ഥയുമാണ് . ഉപ്പുവെള്ളത്തിന്റെ കയറ്റം നിലച്ചതോടെ തെക്കേ അറ്റം തികച്ചും ശുദ്ധജലാശയമായി മാറി . ഇത് നെൽകൃഷിക്ക് സഹായകമായെങ്കിലും ആഫ്രിക്കൻ പായലിന്റെ വളർച്ച വൻതോതിൽ ത്വരിതപ്പെടുത്തി . പ്രജനനത്തിന്ഉപ്പുവെള്ളം അത്യന്താപേക്ഷിതമായ പല മത്സ്യങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങി . ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ വൻതോതിൽ ബാധിച്ചു .
കൃഷി ഇരുതലമൂർച്ചയുള്ള ഒരു വാളാണ്. അത് ഒരേസമയം മാനവരാശിയെ വളർത്തുകയും ജൈവവൈവിധ്യത്തെ  തളർത്തുകയും ചെയ്യുന്നു . സുസ്ഥിരമല്ലാത്ത (unsustainable ) കൃഷിരീതികൾ കേരളത്തിന്റെ താൽക്കാലിക അഭിവൃദ്ധിക്ക് കാരണമായെങ്കിലും അത് നമ്മുടെ പ്രകൃതിയെ അസന്തുലിതമാക്കിയിരിക്കുന്നു . കീടനാശിനികളുടെയും രാസവളങ്ങളുടെയും അശാസ്ത്രീയവും വിവേചനരഹിതവുമായ ഉപയോഗം നമ്മുടെ ജലാശയങ്ങളെ മലീമസമാക്കി . അതിന്റെ പ്രത്യാഘാതം  ഏറ്റവുമധികം അനുഭവപ്പെട്ട ജലാശയങ്ങളിലൊന്ന് വേമ്പനാട്ടു കായലാണ് . പ്രത്യുത്പാദന ശേഷിയുള്ള സങ്കരയിനം നെൽവിത്തുകൾ കുട്ടനാടിന്റെ കാർഷിക വളർച്ച വേഗത്തിലാക്കിയെങ്കിലും അത് ധാരാളം  കീടങ്ങളെ ക്ഷണിച്ചുവരുത്തി . വര്ധിച്ചുവന്ന കീടങ്ങളുടെ ആക്രമണം ചെറുക്കാൻ ഒരു വിളവെടുപ്പുകാലത്തു മാത്രം നാലുതവണയായി അനിയന്ത്രിതമായ അളവിൽ കീടനാശിനികളുപയോഗിച്ചു .കുട്ടനാട്ടിൽ മാത്രം പത്തിലധികം കീടനാശിനികളാണ് ഉപയോഗിക്കുന്നത് . കായലിലെ കക്ക ,ചെമ്മീൻ  തുടങ്ങിയവയിൽ ഇവയുടെ അംശം കണ്ടെത്തിയിട്ടുണ്ട് .ഒഴുകിയെത്തുന്ന രാസവളം സൂക്ഷ്മസസ്യങ്ങളുടെ (algae ) ക്രമാതീതമായ വളർച്ചക്ക് കാരണമായി . അതിനോടനുബന്ധിച്ചു വെള്ളത്തിലെ ഓക്സിജനിൽ വന്ന കുറവുമൂലം ഇടയ്ക്കിടെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു .

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർ ഇന്ന് കാളിന്ദിയാണ് . ഏകദേശം അൻപതോളം വൻകിട വ്യവസായ ശാലകളും 2500 ഓളം  ചെറുകിട വ്യവസായ ശാലകളും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ വഹിച്ചുകൊണ്ടാണ് നദി ഇന്ന് കായലിലേക്ക് വന്നു ചേരുന്നത് . ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് ലോകത്തിലെതന്നെ ഏറ്റവും മലിനീകരിക്കപ്പെട്ടതായി കണക്കാക്കിയിരനിക്കുന്ന നദികളിൽ ഒന്നാണ് പെരിയാർ . രാസമാലിന്യങ്ങളാൽ വിഷലിപ്തമാക്കപ്പെട്ട്  പലനിറങ്ങളിൽ മാറിമാറി ഒഴുകാൻ വിധിക്കപ്പെട്ട നദി കായലിന്റെ സ്വാഭാവിക  ആവാസവ്യവസ്ഥയെ എത്രമാത്രം തകരാറിലാക്കിയിരിക്കുന്നുവെന്നും ഇവിടുത്തെ ജനജീവിതം എങ്ങിനെ ദുസ്സഹമാക്കിയിരിക്കുന്നുവെന്നും കൂടുതൽ വിസ്തരിക്കേണ്ടതില്ല. ബോട്ടുകളും ഓയിൽടാങ്കറുകളും ഉല്ലാസനൗകകളും പുറംതള്ളുന്ന ഇന്ധനവും  ഖരമാലിന്യങ്ങളുമാണ്  മറ്റൊരു ഭീഷണി . അതുകൂടാതെ ഓരോ നഗരവാസിയും ഉപയോഗത്തിനുശേഷം ആശ്രദ്ധം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിസ്സഹായയായ കായൽ ഏറ്റുവാങ്ങേണ്ടിവരുന്നു . മീൻവലകളിൽ മീനുകളെക്കാൾ കുരുങ്ങുന്നത് ഖരമാലിന്യങ്ങളത്രെ .   ഇതിനെല്ലാം പുറമെ പരിസരവാസികളും ഡിസ്റ്റില്ലറികളും ബോട്ടുകളും പുറന്തള്ളുന്ന മലിനജലം (സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളുൾപ്പെടെ )  കായലിനെ പകർച്ചവ്യാധികളുടെ ഈറ്റില്ലമാക്കി മാറ്റിയിരിക്കുന്നു . ഇവിടുത്തെ . കോളി , വിബ്രിയോ  തുടങ്ങിയ ബാക്റ്റീരിയകളുടെ അളവ് പലപ്പോഴും അനുവദനീയമായ അളവിൽ പതിന്മടങ്ങു കൂടുതലാണ് . മലേറിയ , ഡങ്കിപ്പനി , ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകകൾ വേറെയും. കൂടാതെ . ആഗോളതാപനത്തോടനുബന്ധിച്ചുണ്ടായിരിക്കുന്ന  കാലാവസ്ഥാവ്യതിയാനങ്ങൾ കായലിന്റെ ആവാസ വ്യവസ്ഥയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നു .

ഇവിടെ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പ്രിയപ്പെട്ട ജലാശയത്തിന്റെ ജൈവസമ്പത്തു ക്ഷയിക്കാൻ ഉണ്ടായ കാരണങ്ങളിൽ ചിലതുമാത്രമാണ് . ശാസ്ത്രീയ  പഠനങ്ങളും പ്രതിവിധികളും ആവശ്യത്തിലധികമുണ്ട് . എന്നാൽ അവ പിന്തുടരാനാവശ്യമായ പൊതുബോധവും ഇച്ഛാശക്തിയും  നമുക്കുണ്ടോ എന്നാണു പരിശോധിക്കേണ്ടിയിരിക്കുന്നത് . വികസനത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള തീവ്ര പരിസ്ഥിതി വാദത്തിന് ഒട്ടും പ്രസക്തിയില്ല . എന്നാൽ പരിസ്തിഥിതിയെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള മുന്നോട്ടു പോക്ക്  അപകടകരവുമാണ് . ഒന്നോർക്കണം ! മലീമസമായ കായൽ നമ്മുടെ ശുദ്ധജല ലഭ്യത മാത്രമല്ല ഇല്ലാതാക്കിയത് . തീരദേശവാസികളുടെ ആരോഗ്യനിലയും ജീവിതനിലവാരവും കൂടിയാണ് . കേരളത്തിന്റെ ഭൂപ്രകൃതിയും നാംഅതിജീവിച്ച ദുരന്തങ്ങളും കാണിച്ചുതരുന്നത് പരിസ്ഥിതി സൗഹൃദ നയങ്ങളിലൂന്നിയുള്ള വികസനം മാത്രമേ നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയെ നിലനിർത്തുകയുള്ളു എന്നാണ് . കായൽ അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക്  തിരിച്ചു പോകേണ്ടതുണ്ട് . അതോടൊപ്പം അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയും തീർച്ചയായും പുനരുജ്ജീവിക്കും . അതിനു തദ്ദേശീയരും , ഭരണനേതൃത്ത്വവും , വ്യവസായികളും , ഗവേഷകരും ഒരുമിച്ചു മുന്നോട്ടു നീങ്ങേണ്ടതുണ്ട്.
പരിചയിച്ചുപോന്ന അമിതചൂഷണത്തിന്റെ സംസ്കാരം നാം മലയാളികൾ മറക്കേണ്ടിയിരിക്കുന്നു . ആറന്മുളക്കണ്ണാടിപോലെ  തെളിഞ്ഞ  കായൽവെള്ളം നമ്മുടെയെല്ലാം സ്വപ്നങ്ങളിലൊന്നല്ലേ ? നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും രോഗഭീതിയില്ലാതെഭയപ്പാടില്ലാതെ നീന്തിത്തുടിച്ചു വളരാൻ  കായൽ വേണ്ടേ ? ഇനിയും നമ്മുടെ ചീനവലകളിൽ നിറയെ മത്സ്യങ്ങൾ പുളയ്ക്കണ്ടേ ? നമുക്ക് കക്ക  വാരണ്ടേ , ഞാറുനടണ്ടേ ? ദൈവത്തിന്റെ സ്വന്തം നാടിനെത്തേടി മൈലുകൾ താണ്ടിയെത്തുന്ന സഞ്ചാരിയെ  കായലും അതിന്റെ കരിമീൻരുചിയും കാണിച്ചു അസൂയപ്പെടുത്തണ്ടേ ? പ്രളയങ്ങളെ അതിജീവിച്ച മലയാളിക്ക് നിഷ്പ്രയാസം നേടിയെടുക്കാവുന്ന വിലയേറിയ പാരമ്പര്യ സ്വത്താണ്  വേമ്പനാട്ടു കായലിന്റെ കണ്ണാടിവെള്ളം . പ്രകൃതി നമ്മോടു പാരസ്പര്യത്തിന്റെയും സമരസപ്പെടലിന്റെയും അർത്ഥമെന്തെന്ന് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ വേളയെയെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാനുള്ള അവസരമായി മലയാളി കണ്ടെങ്കിൽ എന്ന് മോഹിച്ചു പോകുന്നു .