ഗംഗയൊഴുകുകയാണ് ! തെയിംസും ഡാന്യൂബും ഒഴുകുന്നതുപോലെ!പോറ്റിവളർത്തിയ സംസ്കാരങ്ങൾ തുപ്പുന്ന വിഷതന്മാത്രകൾ പേറി അവൾ ഒഴുകുന്നു !മനുഷ്യാരവങ്ങളിൽ അലിഞ്ഞില്ലാതാവുന്ന അവളുടെ ഓളങ്ങളുടെ നേർത്ത ശബ്ദം മലർന്നുകിടന്ന് ഞാനെൻ്റെ കാതുകളിലാവാഹിച്ചു . അല്പനേരത്തിനകം അവളെയാരാധിക്കാൻ തയ്യാറെടുക്കുന്ന നഗരിയും അതിൻ്റെ സ്നാനഘട്ടങ്ങളും എന്നിൽ വിസ്മൃതിയിലാണ്ടു .
എൻ്റെ തലച്ചോറിനുള്ളിൽ ഭൂഖണ്ഡ പാർശ്വങ്ങളുരസി തീ പാറി . ജംബൂ ദ്വീപത്തിൻറെ വടക്കു കിഴക്കേയറ്റത്തു തിളച്ചു മറിയുന്ന ലോഹദ്രവങ്ങൾ ഭൂമിയുടെ കരൾ പിളർന്നു നീരാവി തുപ്പി കുമിഞ്ഞു കൂടി . അവ തണുത്തുറഞ്ഞു കട്ടപിടിച്ച് നിർമമനായ ഹിമവാൻ ഉയിർക്കൊണ്ടു . മഹാതപസ്വിയായ അവൻ്റെ ശിലാപാളികളിൽ മഞ്ഞിൻറെ നരച്ച ശിരാവരണം ജടകെട്ടി തൂങ്ങി നിൽക്കുന്നത് ഞാൻ കണ്ടു . അവൻ്റെ യോഗനിദ്രയുടെ മഹാമൗനം എൻ്റെ അസ്ഥികളിൽ ഊറിക്കൂടവേ ഋതുപ്പകർച്ചകളുണ്ടായി . മേരുവിൻ്റെ മേലാപ്പിലെ തൂവൽമേഘപ്പഴുതുകളിലൂടെ ആദിത്യൻറെ ആദ്യകിരണം തണുത്തുറഞ്ഞ ശിലാപാളികളെപ്പുൽകി . തിരുജഢയുടെ തുമ്പിൽനിന്ന് സുതാര്യമായ ഒരുതുള്ളി വിശുദ്ധജലം ഇറ്റുവീണു . ഗംഗയിതാ എൻ്റെ കണ്മുന്നിൽ പിറവികൊണ്ടിരിക്കുന്നു . ഒന്നിന് പിറകെ ഒന്നായി തുള്ളികൾ ! തുള്ളികൾ ചാലുകളായി , ചാലുകൾ അരുവികളായി. വെള്ളിക്കൊലുസുകളണിഞ്ഞ ബാലികയെന്നോണം കൃഷ്ണശിലകളിൽ ചവിട്ടി കളകളാരവം പൊഴിച്ച് ഹൈമവത ഭൂവിലാകെയവൾ അലഞ്ഞുനടന്നു. ഞാനും അവളിലൂടൊഴുകിയലഞ്ഞു . കാലം പോകെ യൗവ്വനയുക്തയായ അവൾ അകലെയെങ്ങോ മാടിവിളിക്കുന്ന സമുദ്രത്തിന്നലയൊലികൾ കേട്ട് അവനെത്തേടി പ്രണയ പരവശയായി സമതലഭൂവിലേക്ക് എൻ്റെ കണ്മുന്നിലൂടിറങ്ങിവന്നു .
അവളുടെ തീരങ്ങളിൽ വനവല്ലികൾ പൂവിട്ടു . കരിവണ്ടുകൾ മുരണ്ടു . ചക്രവാകികൾ വിരുന്നു വന്നു . കാട്ടാടുകളിണചേർന്നു. അവളെച്ചേർന്നുമയങ്ങുന്ന പുൽമേടുകളിൽ സ്വയമൊരു മാൻപേടയായി ഞാൻ എന്നെത്തന്നെ സങ്കൽപ്പിച്ചു . നറുംപുല്ലു നുണഞ്ഞുകൊണ്ട് അടുത്തെവിടെയോ വെളുത്ത താമരപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൊയ്കയിലേക്ക് സ്വതന്ത്രയായിക്കുതിക്കുന്ന ഒരു മാൻപേട . ഭൂതവും ഭാവിയുമതിനെ പിൻതുടർന്നില്ല . ശരികളുടെയും തെറ്റുകളുടെയും ഭാരം അതിൻ്റെ മെലിഞ്ഞകാലുകളേറ്റിയില്ല. കാറ്റിലുലയുന്ന പുൽനാമ്പുകളുടെ ശബ്ദം മാത്രം ശ്രവിച്ച് , പൊയ്കയുടെ തെളിനീർഗന്ധമാവാഹിച്ച് സ്വച്ഛന്ദം അതെൻ്റെ ചിന്തയുടെ പുൽപ്പുറങ്ങളിൽ മേയവേ , കിഴക്കൻ സമുദ്രത്തിന്റെ വിരിമാറിലേക്ക് മോഹാവേശത്താലഴിഞ്ഞൂർന്ന ഉടയാടകളോടെ ഉന്മാദിനിയായ ഗംഗ നിപതിച്ചു . പ്രണയ സാഫല്യത്തിൻ്റെ ഹർഷാരവത്തിൽ അവളുടെ സമതല തീരങ്ങൾ ഉർവ്വരമായി . അവൾ പെറ്റു പോറ്റിയ ഗോത്രങ്ങൾ സംസ്കൃതികളായി . ആഷാഢങ്ങളിലവളൊഴുക്കിക്കൊണ്ടുവന്ന കുഴഞ്ഞ മണ്ണിൽ ഞാറുകൾ മുങ്ങി നിവർന്നു . ഗ്രീഷ്മങ്ങളിൽ വെയിൽനിറമുള്ള ഗോതമ്പു വിളഞ്ഞു .
അവളുടെ കൈവഴികൾക്കരികിലെ ഭൂർജ്ജ വൃക്ഷ പത്രങ്ങളിൽ ജ്ഞാനികൾ വേദസൂത്രങ്ങൾ കോറിയിട്ടു . പതിയെപ്പതിയെയാ വൃക്ഷ വയോധികർ മഴുവേറ്റു വീഴുന്നതും ചുടുകട്ടകൾക്കൊണ്ടു കെട്ടിയ സൗധങ്ങൾക്കു മണിമേലാപ്പായി മാറുന്നതും ഞാൻ കണ്മുന്നിൽ കണ്ടു. മോക്ഷം തേടിയലഞ്ഞ ജ്ഞാനികൾ അവരുടെ മോഹ മാത്സര്യങ്ങളുടെ വിഴുപ്പുകൾ മന്ത്രോച്ചാരണങ്ങളായി , പൂജാദ്രവ്യങ്ങളായി അവളിലേക്കൊഴുക്കി . പെറ്റുപെരുകിയ എണ്ണമറ്റ സന്തതിപരമ്പരകളുടെ വിസർജ്യങ്ങളേറ്റുവാങ്ങി വൃദ്ധയും വിവശയുമായിതാ അവളെൻറെ കണ്മുന്നിലൂടൊഴുകുന്നു . മുക്തി യാചിച്ചെത്തുന്ന പുത്രപൗത്രാദികളുടെ പുഴുക്കൾ നുരക്കുന്ന ജീർണിച്ച ദേഹങ്ങൾ നിർലജ്ജരായി അവളുടെ ഓളപ്പരപ്പിൽ അങ്ങിങ്ങു പൊങ്ങിക്കിടക്കുന്നു.
ഞാൻ കണ്ണുകളിറുക്കിയടച്ചു . ഗംഗേ , നീയെത്ര നിർഭാഗ്യവതി! ഹിമവാനിൽനിന്നുയിർക്കൊണ്ട് ആഴിയിലേക്കും വീണ്ടും ബാഷ്പരേണുക്കളായി ഹിമവാനിലേക്കും ജനിമൃതികളുടെ ചക്രവ്യൂഹത്തിലകപ്പെട്ട് തുടരെത്തുടരെ സഞ്ചരിക്കേണ്ടിവരുന്ന ഹതഭാഗ്യ . ഭാരതഖണ്ഡമസ്തമിക്കുവോളം പെറ്റുപോറ്റിയ സന്തതിപരമ്പരകളുടെ ആത്മാവുപേക്ഷിച്ചുപോയ ജീർണ്ണവസ്ത്രങ്ങൾ പേറി നീയലയും .ഞാനാ തോണിയിൽ എഴുന്നേറ്റിരുന്നു . സന്തോഷ് തിരിഞ്ഞു നോക്കി . ആകെ വിയർത്തുകുളിച്ചിരുന്നിരുന്ന എന്നെക്കണ്ട് എന്തോ പന്തികേട് തോന്നിയ അയാൾ തോണിയിൽ നിന്നും ചാടിയിറങ്ങി ഒരു കൈക്കുമ്പിൾ വെള്ളമെടുത്തു എൻ്റെ മുഖം കഴുകിച്ചു . '' ക്യാ ഹുവാ മാഡംജി , ആപ് ബഹുത് പരെശാൻ ഹേ". കുളിരുള്ള ഗംഗാജലം മുഖത്ത് വീണിട്ടും എനിക്ക് മറുപടി പറയാനായില്ല . ഒരു ജനതയുടെ പാതകത്തിൻ്റെ പാപഭാരം മുഴുവൻ ഞാൻ പേറുന്നതായി ആ നദിയിലേക്ക് നോക്കുമ്പോൾ തോന്നുന്നു . അല്പനേരത്തിനകം സൂര്യനസ്തമിക്കും . അനേകം ദീപങ്ങൾ അവളുടെ ഓളപ്പരപ്പിൽ ഒഴുകിനടക്കും . മൃതപ്രായയായ അവളുടെ ശരീരത്തിൽ വ്രണങ്ങളായവ ദിവസങ്ങളോളം അവശേഷിക്കും . എനിക്കാ കാഴ്ച കാണേണ്ടതില്ല . വെള്ളിക്കൊ ലുസണിഞ്ഞ അവളുടെ വിശുദ്ധ ബാല്യ കൗമാരങ്ങൾ അല്പം മുൻപ് ദർശിച്ചവളത്രെ ഞാൻ . അതുവരെ ഏതോ വിസ്മയലോകത്തേക്ക് എന്നെത്തള്ളിവിട്ട ആ പുരാതന നഗരത്തോട് ആദ്യമായി എന്തെന്നില്ലാത്ത വെറുപ്പ് തോന്നി . രൂക്ഷമായി തുറിച്ചുനോക്കുന്ന എന്നോട് ഒന്നും മനസ്സിലാകാതെ പാവം സന്തോഷ് ചിരിച്ചുകൊണ്ട് പറഞ്ഞു "മേ തോ ഭോലാ ഥാ കി ഭാംഗ് ലസ്സി മത് പീജിയെ ".
തോണിയിൽനിന്നെഴുന്നേറ്റുകൊണ്ട് ഞാൻ അയാളോട് പറഞ്ഞു . 'ചലിയെ ഭായ് , മുജ്ജെ എയർപോർട്ട് ജാനാ ഹേ '. എന്നെ പടവുകളിലേക്ക് എടുത്തിറക്കിക്കൊണ്ട് അയാൾ മറുപടി തന്നു . 'ഹാൻജി. വാപസ് ചലേംഗേ ഹം '. നഗരത്തിലൂടെയല്ലാതെ മറ്റേതെങ്കിലും വഴികളുണ്ടെങ്കിൽ അതിലൂടെ വിമാനത്താവളത്തിലെത്തിക്കാമോ എന്ന് ഞാൻ അന്വേഷിച്ചു . മറുചോദ്യങ്ങളൊന്നും ചോദിക്കാതെ എത്തിക്കാമെന്നയാൾ ഉറപ്പുതന്നു .
ഞങ്ങൾ തിരിച്ചു സഞ്ചരിച്ച വഴികൾക്കിരുവശമത്രയും വരണ്ടുണങ്ങിയ പാടങ്ങളായിരുന്നു. അവയുടെ ഓരങ്ങളിൽ പൂത്തു നിൽക്കുന്ന എരിക്കിൻ കാടുകളും . വിജനമായ പാതയിലൂടെ പൊടിയുയർത്തിക്കൊണ്ട് കാർ അതിവേഗം നീങ്ങി . അന്നുമുഴുവൻ കൂടെ നടന്നിരുന്ന എന്റെ സാരഥിയെക്കുറിച്ച് ഒന്നുമറിയില്ലല്ലോ എന്ന് ഞാൻ അപ്പോഴാണോർത്തത് .സന്തോഷിൻറെ കുടുംബത്തെപ്പറ്റി ചോദിച്ചപ്പോൾ അയാളുടെ ഗ്രാമം അവിടുന്ന് കുറച്ചകലെയാണെന്ന് അറിയാൻ കഴിഞ്ഞു . പിറ്റേന്ന് രാത്രി ഇളയ സഹോദരിയുടെ വിവാഹമാണ് .മൂത്ത സഹോദരി ഭർത്താവുപേക്ഷിച്ചു കുട്ടികളെയും കൊണ്ട് വീട്ടിലുണ്ട് . സ്കൂളുകൾ വളരെ അകലെയായതിനാൽ അവർക്കു പഠിക്കാൻ പോകാൻ കഴിയില്ലെന്നാണ് അയാൾ എന്നോട് പറഞ്ഞത് . എങ്കിലും അകലത്തെവിടെയോ ഉള്ള
സ്കൂളിനും നിഷ്കളങ്കരായ ആ കുഞ്ഞുങ്ങൾക്കുമിടയിൽ ദാരിദ്ര്യത്തിന്റെ മറികടക്കാനാകാത്ത വലിയൊരു മതിൽ ഉയർന്നു നിൽപ്പുണ്ടെന്ന് എനിക്കറിയാം . എന്നെ അയാൾ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു . ഉയർന്ന വിദ്യാഭ്യാസമുള്ളൊരാൾ ആ ഗ്രാമത്തിൽ വരുന്നത് തന്നെ അവർക്കൊരന്തസ്സാണെന്നും യാത്ര മാറ്റിവെക്കാനാകുമെങ്കിൽ വരണമെന്നും അയാൾ അപേക്ഷിച്ചു . യാത്ര മാറ്റി വക്കുന്നതെങ്ങനെ എന്ന് ചോദിച്ചപ്പോൾ എങ്കിലടുത്ത പ്രാവശ്യം ഭർത്താവുമൊത്തു വരൂ എന്നായി അയാൾ . ഞാൻ ചിരിച്ചുകൊണ്ട് സമ്മതവും മൂളി .
ഈ രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവരാരെങ്കിലും സന്തോഷിനെപ്പോലുള്ളവരെ കണ്ണുതുറന്നു കണ്ടിട്ടുണ്ടാകുമോ എന്നെനിക്കറിയില്ല . ഇന്ന് ഞാൻ കൊടുക്കുന്ന ഓഹരി പിറ്റേന്ന് രാത്രി അയാളുടെ പെങ്ങളുടെ വിവാഹത്തിനുള്ള മധുരപലഹാരമായി മാറിയേക്കും. എങ്കിലും തൊട്ടടുത്ത ദിവസം മുതൽ തന്നെ ഉറ്റുനോക്കുന്ന നിറയാത്ത കുഞ്ഞു വയറുകൾക്കു മുന്നിൽ പരുങ്ങലോടെ നിൽക്കുന്ന അയാളുടെ മുഖം എന്നെ അസ്വസ്ഥയാക്കി . അപ്പോഴേക്കും ഞങ്ങൾ എയർപോർട്ടിൽ എത്തിക്കഴിഞ്ഞിരുന്നു . ഒന്നും മിണ്ടാതെ ലഗേജുകൾ ഇറക്കി വച്ച് നിന്നപ്പോൾ അയാളുടെ കൂലി എത്രയാണെന്ന് ഞാൻ ചോദിച്ചു .തൻ്റെ യജമാനത്തി ഏൽപ്പിച്ചു തന്ന ആളായതിനാൽ കാശു വാങ്ങരുതെന്ന് അവർ പറഞ്ഞിട്ടുണ്ടത്രെ . വിമാനത്തിൽ വെറും രണ്ടര മണിക്കൂർ മാത്രം കൂടെ ചിലവഴിച്ച പേരുപോലുമറിയാത്ത ആ സ്ത്രീ എന്നോട് കാശു വാങ്ങരുതെന്ന് പറഞ്ഞുവത്രേ . പകരം അമൃത മെഡിക്കൽകോളേജിൽ പഠിക്കുന്ന അവരുടെ മകൾ (പേരു വെളിപ്പെടുത്തുന്നില്ല) ആദ്യമായാണ് അമ്മയെപ്പിരിഞ്ഞു നിൽക്കുന്നത്, അവളെ കഴിയുമെങ്കിൽ പോയി കാണണം. തുണ്ടുകടലാസിലെഴുതിയ ഒരഡ്രസ്സ് സന്തോഷ് എനിക്ക് തന്നു . എനിക്ക് ചിരി വന്നു .ഒരു യാത്രയിലല്ല ഒരായിരം യാത്രകളിൽ അയാൾ കൂടെയുണ്ടായിരുന്നതായി എനിക്ക് തോന്നി . മഹാപ്രസ്ഥാനത്തിനിടയിൽ ധർമ്മരാജനെയനുഗമിച്ച നായയെപ്പോലെ ലക്ഷ്യത്തിലെത്തുവോളം ഒരുകാരണവുമില്ലാതെ അയാളെന്നെ അനുഗമിച്ചു. നിങ്ങളുടെ അനുജത്തിയെ ഒരു ദരിദ്രയായി പറഞ്ഞയക്കാനാണോ ആഗ്രഹം എന്ന് ചോദിച്ച് പഴ്സിൽ ബാക്കി ഉണ്ടായിരുന്ന ഒരു ആയിരം രൂപ ഞാനയാളുടെ പോക്കറ്റിൽ വച്ച് കൊടുത്തു .അഡ്രസ് വാങ്ങി വച്ച് ആ കുട്ടിയെ കണ്ടുകൊള്ളാമെന്ന് ഉറപ്പും കൊടുത്തു. അപ്പോൾ നിറകണ്ണുകളുമായി ജാള്യതയോടെ നിലത്തു നോക്കി തലകുനിച്ചു നിന്നിരുന്ന അയാളോട് ഞാൻ പറഞ്ഞു '' അരെ , ഇഥർ ദേഖോ ഭായ് , ആപ് കാ ദോസ്ത് ജാ രഹി ഹേ ". അയാൾ മിണ്ടിയില്ല . തിരിച്ചറിയൽ പരിശോധനക്കായി ക്യൂവിൽ നിൽക്കുമ്പോൾ കൈ വീശിക്കൊണ്ട് നിറഞ്ഞ ചിരിയുമായയാൾ അകലെ നിൽപ്പുണ്ടായിരുന്നു . പിന്നീടൊരിക്കലും കാണുവാനിടയില്ലാത്ത ആ നിർമ്മല സൗഹൃദത്തിൻറെ ഓർമ്മകളും പെറുക്കി മടങ്ങുമ്പോൾ ഞാനെന്നോടു തന്നെ സത്യം ചെയ്തതെന്തെന്നു നിങ്ങൾക്കറിയുമോ ?
പ്രിയപ്പെട്ടവരുടെ പാപഭാരമാവാഹിച്ച് അനന്ത കാലം ജനിമൃതികളിലൂടലയുവാൻ ഞാൻ ഗംഗയല്ല . ഇതുവരെക്കണ്ടുമുട്ടിയ അനേകം ആത്മാക്കൾ എന്നിലുപേക്ഷിച്ചുപോയ ജീർണ്ണ വസ്ത്രങ്ങൾ ഞാനിതാ അവളുടെ കരയിൽവെച്ചു ദഹിപ്പിച്ചു വെണ്ണീറാക്കിയിരിക്കുന്നു . എനിക്ക് മുക്തി പരമപദത്തിലല്ല ഇതാ ഇവിടെ ഈ നിമിഷത്തിലാണ് വേണ്ടത് . വീണ്ടും ഞാൻ യൗവന യുക്തയായ ഗംഗയുടെ തീരങ്ങളിലലയുന്ന ഭൂതവും ഭാവിയുമില്ലാത്ത മാൻപേടയായി . നിമിഷശകലങ്ങളാകുന്ന പുൽനാമ്പുകളെ ചവച്ചരച്ചാസ്വദിച്ചു ശരിതെറ്റുകളുടെ ചിന്താഭാരങ്ങളേറ്റാത്ത മെലിഞ്ഞകാലുകളുമായി ഇവിടെ മുതൽ ഞാൻ മുൻപോട്ടു കുതിക്കും. നിമിഷനേരത്തേക്കു വെറുത്തുപോയെങ്കിലും പ്രിയപ്പെട്ട പുരാതന നഗരമേ , നീയിതാ എനിക്ക് തേടി വന്ന ജ്ഞാനോദയമരുളിയിരിക്കുന്നു.
ഫ്ലൈറ്റിനുള്ള അറിയിപ്പ് മുഴങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റു . ഇവിടേയ്ക്ക് വന്നപ്പോൾ എന്റെ അതെ ഫ്ലൈറ്റിൽ ആധുനിക വസ്ത്രധാരിയായി വന്നിരുന്ന സായിപ്പ് കാവിവസ്ത്രമുടുത്തു നെറ്റിയിൽ വിഭൂതി പൂശി നിറയെ രുദ്രാക്ഷമാലകളണിഞ്ഞ് എന്നോടു പുഞ്ചിരിച്ചു . അയാൾക്ക് പിറകെ ഞാനും അവിടെ നിന്ന് അഭൂതപൂർവമായ ശാന്തിയും പേറി സ്വന്തം നഗരിയിലേക്ക് പറന്നുയർന്നു .
(അവസാനിച്ചു )
"ഇവിടെയ്ക്ക് വന്നപ്പോൾ എന്റെ അതെ ഫ്ലൈറ്റിൽ ആധുനിക വസ്ത്രധാരിയായി വന്നിരുന്ന സായിപ്പ് കാവിവസ്ത്രമുടുത്തു നെറ്റിയിൽ വിഭൂതി പൂശി നിറയെ രുദ്രാക്ഷമാലകളണിഞ്ഞ് എന്നോടു പുഞ്ചിരിച്ചു . അയാൾക്ക് പിറകെ ഞാനും അവിടെ നിന്ന് അഭൂതപൂർവമായ ശാന്തിയും പേറി സ്വന്തം നഗരിയിലേക്ക് പറന്നുയർന്നു."
ReplyDeleteഹൃദ്യം! മനോഹരം!!
സാരഥിയായ സന്തോഷും, ഗംഗാനദിയും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു!!!
ആശംസകൾ
Thank u മാഷേ.. സ്നേഹം 🥰🥰
Deleteപെണ്കുട്ടീ.. വായിച്ച് വായിച്ച് ലഹരി ബാധിച്ചെനിക്ക്. സുന്ദരം..ഞാനും ഇപ്പോൾ ഭാംഗ് ലസി അടിച്ച് കിക്കായി ഗംഗയിൽ ഒഴുകുകയാണ്..
ReplyDeleteസ്നേഹം
എഴുത്ത് തുടരുക
ഈ പെൺകുട്ടി വിളിയിൽ ഞാനാ ലഹരി എന്തെന്ന് അറിയുന്നുണ്ട്. സ്നേഹാശ്ലേഷങ്ങൾ ഗൗരി ചേച്ചി ❤️❤️
Deleteആദ്യ ഭാഗങ്ങൾ വായിക്കാത്തത് കൊണ്ടാകും ഒന്നും മനസ്സിലായില്ല.
ReplyDeleteആദ്യ ഭാഗങ്ങൾ side baril ഉണ്ട്ട്ടോ
Deleteവായിക്കാം സമയം പോലെ
Deleteഈ ഭാഗം വായിച്ചു കണ്ണ് നിറഞ്ഞൊഴുകുന്നു. അത്രമാത്രം എന്നെ ഉലച്ചു കളഞ്ഞു, സൂര്യയുടെ എഴുത്തിന്റെ മാന്ത്രികത. പ്രിയപ്പെട്ട കൂട്ടുകാരി, എല്ലാവരും അറിയുന്ന എഴുത്തുകാരിയായി സൂര്യ മാറുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്നു.
ReplyDeleteഈ കമന്റും എന്റെ കണ്ണ് നിറച്ചൂട്ടോ.. സ്നേഹം പ്രിയപ്പെട്ട കൂട്ടുകാരി 💓💓💓
Deleteസത്യം രാജി... എഴുത്തിന്റെ വരം ലഭിച്ച രണ്ട് എഴുത്തുകാരികൾ.
Deleteഒരു പുഴ പോലെ... ഇടക്ക് പതിഞ്ഞ്, ഇടയ്ക്ക് തഴുകി, ഇടയ്ക്ക് ആർത്തലച്ച് ഒഴുകുന്ന എഴുത്ത്. അതിമനോഹരം സൂര്യാ! വായനകഴിഞ്ഞു മടങ്ങുമ്പോൾ ഗംഗയും സന്തോഷും കൂടെപ്പോരുന്നു. സ്നേഹം, സന്തോഷം...
ReplyDeleteഎഴുതിയത് അതേ ആഴത്തിൽ തൊട്ടറിഞ്ഞു എന്നത് ഈ കമന്റ് കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. നന്ദി ഗോവിന്ദ്ജി ഇത്രയധികം അതുൾക്കൊണ്ടതിന് 🙏🙏🥰
Deleteമുൻഭാഗങ്ങൾ മുഴുവനും വായിച്ചില്ല. അവസാനഭാഗം വായിച്ചത് കൊണ്ട് ആദ്യഭാഗങ്ങൾ വായിക്കാതിരിക്കില്ല. വായിച്ചിടത്തോളം നന്നായിട്ടുണ്ട്..ഭാഷയുടെ ഒഴുക്കും ഹൃദ്യമായി..
ReplyDeleteപ്രോത്സാഹനങ്ങൾക്കു നന്ദി സർ 🙏🙏🙏
Deleteആത്മാവിനെ സ്പർശിക്കുന്ന ചിന്തകളിലൂടെ എല്ലാം മായികമായി തോന്നുന്നു. വർണനകൾക്ക് ഗംഗയുടെ ഉത്ഭവത്തെക്കാൾ മനോഹാരിത തോന്നുന്നു.
ReplyDeleteഈ കഥയുടെ സമാധി അത് പൂർണമാണ്. എവിടെയും ഒന്നും ബാക്കിയായിട്ടില്ല.
ആത്മാവ് സ്വീകരിക്കുന്ന സമാധി പോലെ ഭൗതികതെയെ പൂർണമായും ഗാംഗയ്ക്ക് സമർപ്പിച്ചു മടങ്ങുന്നു. പൂർണം.സമ്പൂർണം.
വായിക്കുന്നവന്റെ ആത്മാവിനു പോലും സംതൃപ്തിയുടെ പൂർണത നല്കുന്നു. സമാധി.....
അധീതമാണ്.. എന്റെ കൈയിലെ വാക്കുകൾക്ക് അതിനുമാത്രം ശക്തിയില്ല.
ആനന്ദമേ... i feel honoured ! ഈ ഒറ്റ കമന്റ് കൊണ്ട് ഞാൻ ധന്യയായിരിക്കുന്നു 🥰🙏🙏🙏🙏
Deleteഗംഭീരമായി യാത്രയുടെ പര്യവസാനം. സന്തോഷ് എന്ന നല്ല മനുഷ്യനെ പരിചയപെട്ടതാണ് ഈ യാത്രയുടെ മേന്മ എന്ന് എനിക്ക് തോന്നുന്നു. എന്നെങ്കിലും ഞാനും കൈലാസം ഒക്കെ കാണാൻ പോണം എന്ന് കരുതിയിരിക്കുകയാണ്. ഗംഗയുടെ തീര നഗരങ്ങളിലൂടെ ഒഴുക്കിനെതിരെ ഒരു യാത്ര.
ReplyDeleteഗംഗ എന്ന നദിയുടെ അവസ്ഥാന്തരങ്ങൾ വായിച്ചപ്പോൾ എനിക്ക് എന്റെ പഴയൊരു ഗ വിത ഓർമ്മ വന്നു. ഇവിടെ ലിങ്ക് ഇടാം.
http://uttoppiya.blogspot.com/2015/04/blog-post_23.html?m=1
Deleteലിങ്കിൽ പോയിരുന്നു... ഇവൾ തന്നെയവൾ ! ഉട്ടോപ്പിയയിലെ നദി 😃
Deleteസന്തോഷം.
Deleteഅതിസുന്ദരമായ ശൈലി സൂര്യാ . ഇങ്ങനെ എഴുതാൻ കഴിയണത് ദൈവാനുഗ്രഹമാണ് .. വല്യ ഒരു എഴുത്തുകാരിയായി അറിയപ്പെടാൻ ഭാഗ്യമുണ്ടാവട്ടെ അനിയത്തിക്കുട്ടീ
ReplyDeleteഅനുഗ്രഹങ്ങൾക്ക് നന്ദി ഗീതാച്ചി 🥰🥰സ്നേഹം 😘😘
Delete" ഗംഗേ , നീയെത്ര നിർഭാഗ്യവതി!" എന്ന സൂര്യയുടെ വരികൾ പോലെ , എനിക്കിപ്പോൾ പറയാൻ തോന്നുന്നത് ; " സൂര്യേ , നീയെത്ര ഭാഗ്യവതി..." , കാരണം ഈ എഴുത്തിനു, വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു മാന്ത്രികത ഉണ്ട് … ഇനിയും എഴുത്തു തുടരട്ടെ , എന്റെ ആശംസകൾ....
ReplyDeleteThank you ഷഹീം ഭായി 🙏 നിങ്ങളുടെ എല്ലാം പ്രോത്സാഹനങ്ങളാണ് എന്റെ ഭാഗ്യം 🙏🙏
ReplyDeleteസൂര്യ-സന്തോഷിൻറെ വഞ്ചിയിൽ ആകാശം നോക്കിക്കിടന്നുകൊണ്ട്,ഗംഗയുടെ ഉൽപത്തിയിലേക്ക് നടത്തിയ ആത്മസഞ്ചാരത്തെ അന്തം വിട്ട് വായിക്കുകയായിരുന്നു.ആ വിഭ്രമയാത്രയിൽ സൂര്യ കണ്ട ഗംഗയുടെ ഉൽപത്തിയെ,ടെക്ടോണിക്ക് അരികുകൾ ഉരസിയുയരുന്ന ജഡാധാരിയായ ഹിമവാനെ,ഗംഗയുടെ പിറവി,വളർച്ചയുടെ ഘട്ടങ്ങൾ ,അനവധി സംസ്‌കൃതികളുടെ ക്ഷീണം പേറി ജീർണ്ണ വാർദ്ധക്യം പൂണ്ട് വേച്ച് നീങ്ങുന്ന ഗംഗ...അതിന്റെ ആഴത്തിൽ നിന്ന് ഒരു കാലത്തിൽ നിന്ന് എന്ന പോലെ ഉറങ്ങി എഴുന്നേൽക്കുന്ന സൂര്യ..😳😳😳.,അനുനിമിഷം മായ്ച്ചു വരച്ചു കൊണ്ട് ഒരു കഥയെ,ഒരു കാലത്തെ,ഒരു സത്യത്തെ വിവരിക്കുന്ന വിചിത്രമായ കഥന സങ്കേതം..യാത്രയുടെ പര്യവസാനം.. കിടു സൂര്യ ..ഭയങ്കര ഇഷ്ടായി...വാരാണസി കാമറൂൺ ന്റെ "പണ്ടോര"യെ പ്പോലെ അതിശയിപ്പിച്ചു!!സലാം
ReplyDeleteഅയ്യോ വഴിമരമേ ഇതിന് ഞാൻ എന്തുത്തരം പറയും? കാമറൂണിന്റെ pandora എവിടെ!ഞാനെവിടെ 😧😧!ഇത്രേം വല്യ കമന്റ് എന്നെ വഷളാക്കും ട്ടോ.. നിറഞ്ഞ സ്നേഹം 🥰🥰❤️
Deleteസന്തോഷ് വിട പറയുന്ന രംഗം സന്തോഷം തരുന്നില്ല. ജീവിതം രണ്ടറ്റം മുട്ടിക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്ന എത്ര എത്ര മനുഷ്യാ...
ReplyDeleteഅതേ.. എത്രയോ മനുഷ്യർ 😒
Deleteകഥയേക്കാൾ എന്നെ ഭ്രമിപ്പിച്ചത് കാഴ്ചയുടെ എഴുത്തുകളാണ്. അതിലെ കാണാ കാഴ്ചകളും. മായിക ലോകേത്തേയും യാഥാർത്ഥ്യത്തേയും വശ്യമായി എഴുതി ചേർത്തു.
ReplyDeleteഭാവുകങ്ങൾ
ആശംസകൾക്ക് നന്ദി സമാന്തരൻ ചേട്ടാ.. ഇഷ്ടപ്പെട്ടുവെന്നതിൽ സന്തോഷം 🥰🥰🥰
Delete//എൻ്റെ തലച്ചോറിനുള്ളിൽ ഭൂഖണ്ഡ പാർശ്വങ്ങളുരസി തീ പാറി . ജംബൂ ദ്വീപത്തിൻറെ വടക്കു കിഴക്കേയറ്റത്തു തിളച്ചു മറിയുന്ന ലോഹദ്രവങ്ങൾ ഭൂമിയുടെ കരൾ പിളർന്നു നീരാവി തുപ്പി കുമിഞ്ഞു കൂടി . അവ തണുത്തുറഞ്ഞു കട്ടപിടിച്ച് നിർമമനായ ഹിമവാൻ ഉയിർക്കൊണ്ടു . മഹാതപസ്വിയായ അവൻ്റെ ശിലാപാളികളിൽ മഞ്ഞിൻറെ നരച്ച ശിരാവരണം ജടകെട്ടി തൂങ്ങി നിൽക്കുന്നത് ഞാൻ കണ്ടു . അവൻ്റെ യോഗനിദ്രയുടെ മഹാമൗനം എൻ്റെ അസ്ഥികളിൽ ഊറിക്കൂടവേ ഋതുപ്പകർച്ചകളുണ്ടായി .//
ReplyDeleteഅതിമനോഹരമായി എഴുതിയിരിക്കുന്നു. സന്തോഷുമായി വേർപിരിയുന്ന ഭാഗം വിവരണഭംഗിയുടെയും സ്നേഹവിചാരങ്ങളുടെയും ഹൃദ്യമായ മിശ്രണം ആയി മാറി. ഗംഗാതടത്തെയും അവിടങ്ങളിലെ ഏതാനും ജീവിതങ്ങളെയും വ്യവസ്ഥകളെയും മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട് ഈ പരമ്പരയിലൂടെ- മനസ്സിലൊട്ടുന്ന വിധത്തിൽ.
നന്ദി രാജ്. നിങ്ങളെല്ലാം ആസ്വദിച്ചു എന്നുള്ളതാണ് സന്തോഷം നൽകുന്ന കാര്യം. 🙏🙏
DeleteThis comment has been removed by the author.
ReplyDeleteആദ്യ ഭാഗങ്ങളിൽ നിന്നും തികച്ചും
ReplyDeleteവേറിട്ട വരികളാൽ മനസ്സിന്റെ മുക്തി
നേടിയുള്ള ഒരു പ്രയാണമാണിത് ..
എല്ലാം കൊണ്ടും പരിപൂർണ്ണമായി
പരിസമാപ്‌തിയിൽ എത്തിയ കഥ ..
അഭിനന്ദനങ്ങൾ സൂര്യ
നന്ദി മുരളിച്ചേട്ടാ. ഇഷ്ടമായതിൽ സന്തോഷം 🥰
ReplyDeleteഎന്ത് കമന്റ് എഴുതണം എന്ന് പകച്ചു നിൽക്കുകയാണ് ഞാൻ. ഗംഗയുടെ ഉല്പത്തി , വളർച്ച , വാർദ്ധക്യം . ആ എഴുത്ത് വായിച്ചു എന്റെ സിരകളിലും ലഹരി പടർന്നു....
ReplyDeleteവെള്ളിക്കൊലുസുകളണിഞ്ഞ ബാലികയെന്നോണം കൃഷ്ണശിലകളിൽ ചവിട്ടി കളകളാരവം പൊഴിച്ച് ഹൈമവത ഭൂവിലാകെയവൾ അലഞ്ഞുനടന്നു...
കിഴക്കൻ സമുദ്രത്തിന്റെ വിരിമാറിലേക്ക് മോഹാവേശത്താലഴിഞ്ഞൂർന്ന ഉടയാടകളോടെ ഉന്മാദിനിയായ ഗംഗ നിപതിച്ചു .
ആത്മാവുപേക്ഷിച്ചുപോയ ജീർണ്ണവസ്ത്രങ്ങൾ....
എൻ്റീശ്വരാ... എന്തൊരെഴുത്താണിത്.!!!
കൂട്ടുകാരീ... ഇതുവരെ എഴുതിയതിൽ ഏറ്റവും മികച്ചത്.!!!
ഇനിയുമിനിയും ഒഴുകട്ടെ... നിന്നക്ഷര മന്ദാകിനി.!!!
പ്രിയ കല്ലോലിനി, നിന്നോടെന്തു മറുപടി പറയണം ഞാൻ 😍സ്നേഹാശ്ലേഷങ്ങൾ 💓💓
Deleteഎത്ര നല്ല ഭാഷ. വായിച്ച് തീർന്നതറിഞ്ഞില്ല. ശരിക്കും ആസ്വദിച്ചു.
ReplyDeleteസ്നേഹം ഉദയൻ ചേട്ടാ 🙏🙏
Deleteഭാവനയുടെ നിമ്നോന്നതങ്ങൾ കടന്നു ഒട്ടും തട്ടും തടവുമില്ലാതെ വായനക്കാരനെ കൂടെ കൊണ്ടുപോകുന്ന ശൈലിയിൽ നല്ല മനോഹരമായി എഴുതിയിരിക്കുന്നു. ഇനിയും യാത്രകളുണ്ടാകട്ടെ, അതിലെ കാഴ്ചകൾ ഞങ്ങൾക്ക് സൂര്യയുടെ വരികളിലൂടെ കാണാനാകട്ടെ എന്നുമാത്രം പറഞ്ഞു നിർത്തുന്നു :-)
ReplyDeleteനന്ദി മഹേഷ്. ഈ മഹാമാരിക്ക് ശേഷം നമുക്കെല്ലാം ഇനിയും അനേകം സുന്ദര യാത്രാനുഭവങ്ങൾ ഉണ്ടാകട്ടെ എന്നാണ് എന്റെയും പ്രാർത്ഥന 😊
ReplyDeleteThis comment has been removed by the author.
ReplyDeleteഅവസാനിപ്പിക്കേണ്ടായിരുന്നു.
ReplyDelete