കായലോളങ്ങളുടെ കണ്ണീർ കഥകൾ


പണ്ടേക്കു പണ്ടേ  കാവ്യകല്പനകളിൽ കായലിൽ  കണ്ണാടി  നോക്കിയ  നാടാണ്  കേരളം . തെക്കൻ  കേരളത്തിൻറെ  ശ്വാസം  ഇന്നും  വേമ്പനാട്ടു  കായലിന്റെ ഉപ്പുകാറ്റാണ്‌ . ഇവിടെ    കായൽപ്പരപ്പിൽ  തലമുറകളായി കരുമാടിക്കുട്ടികൾ  കുട്ടിക്കരണം മറിഞ്ഞു . കണമ്പും  കരിമീനും  പിടിച്ചു . ആണും പെണ്ണും ഇടകലർന്നു കക്കവാരി, കയറു പിരിച്ചു. ജൂതരും പറങ്കികളും ഇംഗ്ലീഷുകാരും എന്നുവേണ്ട വെളുത്തതും കറുത്തതും ചുവന്നതുമായ സകല പരദേശികളും നിറഭേതമന്യേ  കായലിൽ കെട്ടുവള്ളമൂന്നി ഇവിടുത്തെ മനുഷ്യരുടെ രാപ്പകലുകളിലേക്കു വിരുന്നു വന്നു. അങ്ങിനെ കായൽക്കരയിൽ നിറങ്ങൾ  ഇടകലർന്ന് , ഭാഷകൾ ഇടകലർന്ന് , ദേശങ്ങൾ ഇടകലർന്ന് , മനുഷ്യർ  മനുഷ്യരായി . ഇവിടുത്തെ ജീവിതം മുറുക്കെപ്പിരിച്ച കയറിൻറെ ഇഴകൾ പോലെ ഇന്നും ഇണപിരിയാതെ  അത്രയേറെ കായലിനോട്  ഇഴുകിച്ചേർന്നു  കിടക്കുന്നു.

24000 ഹെക്ടർ  വിസ്തൃതിയിൽ  എറണാകുളം , കോട്ടയം , ആലപ്പുഴ  എന്നീ  മൂന്ന്  ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന   കായൽ  ശൃംഖല ഏകദേശം 1 . 6  ദശലക്ഷം  ആളുകളുടെ  അതിജീവനത്തോട്  നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നു . പശ്ചിമഘട്ടത്തിൽ  നിന്നുത്ഭവിക്കുന്ന  ഏഴു നദികൾ  ഓരോ  മഴക്കാലത്തും  ജലാശയത്തിലേക്കു ജൈവസമ്പുഷ്ടമായ എക്കൽ  വഹിച്ചുകൊണ്ടുവന്നു . ആയിരത്തി എണ്ണൂറുകളിൽ  പമ്പയാർ കായലിൽ  ചേര്ന്നയിടത്തു   പൊന്നുവിളയുന്ന മണ്ണിനെ മനുഷ്യർ തിരിച്ചറിഞ്ഞു . 1865 തിരുവിതാംകൂർ  മഹാരാജാവിൻറെ  പാട്ടവിളംബരത്തോടുകൂടി ചക്രം തിരിച്ചു കായൽ വറ്റിച്ചു നെൽകൃഷിയിറക്കി . 1890 മുതലിങ്ങോട്ടു നിലമൊരുക്കൽ യന്ത്രവത്കൃതമായതോടെ  കൂടുതൽ വിസ്തൃതിയിലും  വേഗതയിലും നികത്തൽ നടന്നു . അങ്ങിനെ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് കായലിൽ നിന്നും രൂപംകൊണ്ടു . തെക്കുപടിഞ്ഞാറൻ  അറബിക്കടലിലെ  വിവിധയിനം  മൽത്സ്യങ്ങളും , കൊഞ്ചും ചെമ്മീനും ഇവിടുത്തെ കണ്ടൽക്കാടുകളിൽ മുട്ടയിട്ട്പെരുകാൻ കാലങ്ങളായി  വിരുന്നെത്തുന്നു . ഇവിടുത്തെ  മൽത്സ്യസമ്പത്താണ്അനേകം  മലയാളികളുടെ  വീടുകളിലെ  പട്ടിണി മാറ്റിയത് . ഇവിടെ വിളഞ്ഞ നെല്ലാണ് നാമെല്ലാം നിറച്ചുണ്ടുറങ്ങിയത് . എന്നാൽ രണ്ടു നൂറ്റാണ്ടിനിപ്പുറം നാം കാണുന്ന കായലിന്റെ ചിത്രം വളരെയധികം വ്യത്യസ്തമത്രെ .

പതിറ്റാണ്ടുകളായി നാം കായൽ കയ്യേറി . നിയന്ത്രണങ്ങളില്ലാതെ മീൻ പിടിച്ചു , നിബന്ധനകളില്ലാതെ മലിനജലമൊഴുക്കി, സ്വാഭാവിക നീരൊഴുക്കിനെ തടയും വിധം ബണ്ടുകളും  സ്പിൽവേകളും നിർമിച്ചു . അനുദിനം വികസിച്ചു വരുന്ന തുറമുഖനഗരം ഇവിടുത്തെ ദൈനംദിനജീവിതം ആയാസരഹിതമാക്കിയെങ്കിലും അതിന്റെ സൃഷ്ടിക്കു കാരണഹേതുവായ ആവാസവ്യവസ്ഥയെ പാടെ തകർക്കുകയാണുണ്ടായത് . കഴിഞ്ഞ 30 വർഷത്തിനിടെ കായലിലെ 28 സ്പീഷിസ് മൽത്സ്യങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . 1960 കളിൽ ലഭിച്ചുകൊണ്ടിരുന്ന മത്സ്യത്തിന്റെ അളവ് 1,60,000 ടൺ ആയിരുന്നെങ്കിൽ 2000 ആയപ്പോൾ അത് 680 ടൺ ആയി  . വേമ്പനാട്ടു കായലിൽ മാത്രം കണ്ടുവരുന്ന കറുത്ത കക്ക (Villorita cyprinoides )1960 കളിൽ 27000  ടൺ ലഭിച്ചിരുന്നത്  എൺപതുകളിൽ 11625 ടൺ ആയി കുറഞ്ഞു . അറുപതുകളിൽ 300 ടൺ ലഭിച്ചുകൊണ്ടിരുന്ന ആറ്റുകൊഞ്ചിന്റെ അളവ് ഇന്ന് 100 ടണ്ണിൽ കുറവാണ് . വരാനിരിക്കുന്ന തലമുറയ്ക്ക് കായൽ രുചികൾ മാത്രമല്ല നഷ്ടമാവാനിരിക്കുന്നത്‌ ! കായൽ പെറ്റുപോറ്റിയ ജൈവ സമ്പത്തും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മഹത്തായ സംസ്കൃതിയും കൂടിയാണ് . കായലിന്റെ ശോഷണത്തിന് കാരണമന്വേഷിച്ചു നമുക്ക് അന്താരാഷ്ട്ര ഏജൻസികളുടെ പഠനറിപ്പോർട്ടുകളിലേക്കു പോകേണ്ടതില്ല . ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളോട്  ചോദിച്ചാൽ അവർ പറഞ്ഞുതരും .

1976 കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് തണ്ണീർമുക്കം ബണ്ട് . നെൽകൃഷി നടക്കുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ 6000 ഹെക്ടർ പാടശേഖരത്തിലേക്കു വേലിയേറ്റസമയത്ത് പ്രവേശിക്കുന്ന ഉപ്പുവെള്ളം തടയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം . കിഴക്കും പടിഞ്ഞാറും നിർമ്മിച്ച ബാരിയജുകളിലായി 62 ഷട്ടറുകൾ സ്ഥാപിച്ചു . പക്ഷെ പിന്നീട് സാങ്കേതികതകരാറുകൾ നിമിത്തം ഷട്ടർ വേണ്ടസമയത്തു തുറക്കാൻ കഴിയാതെ വന്നു . രണ്ടുമാസം മാത്രം അടഞ്ഞുകിടക്കേണ്ടിയിരുന്ന ഷട്ടർ ഇപ്പോൾ വര്ഷത്തിൽ തുടർച്ചയായി ആറുമാസം (നവംബർ -മെയ് ) അടഞ്ഞുകിടക്കുന്നു. ഇത് തകർത്തത് കായലിന്റെ സ്വാഭാവിക നീരൊഴുക്കും അതിനോടനുബന്ധിച്ചുള്ള ജൈവവ്യവസ്ഥയുമാണ് . ഉപ്പുവെള്ളത്തിന്റെ കയറ്റം നിലച്ചതോടെ തെക്കേ അറ്റം തികച്ചും ശുദ്ധജലാശയമായി മാറി . ഇത് നെൽകൃഷിക്ക് സഹായകമായെങ്കിലും ആഫ്രിക്കൻ പായലിന്റെ വളർച്ച വൻതോതിൽ ത്വരിതപ്പെടുത്തി . പ്രജനനത്തിന്ഉപ്പുവെള്ളം അത്യന്താപേക്ഷിതമായ പല മത്സ്യങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങി . ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ വൻതോതിൽ ബാധിച്ചു .
കൃഷി ഇരുതലമൂർച്ചയുള്ള ഒരു വാളാണ്. അത് ഒരേസമയം മാനവരാശിയെ വളർത്തുകയും ജൈവവൈവിധ്യത്തെ  തളർത്തുകയും ചെയ്യുന്നു . സുസ്ഥിരമല്ലാത്ത (unsustainable ) കൃഷിരീതികൾ കേരളത്തിന്റെ താൽക്കാലിക അഭിവൃദ്ധിക്ക് കാരണമായെങ്കിലും അത് നമ്മുടെ പ്രകൃതിയെ അസന്തുലിതമാക്കിയിരിക്കുന്നു . കീടനാശിനികളുടെയും രാസവളങ്ങളുടെയും അശാസ്ത്രീയവും വിവേചനരഹിതവുമായ ഉപയോഗം നമ്മുടെ ജലാശയങ്ങളെ മലീമസമാക്കി . അതിന്റെ പ്രത്യാഘാതം  ഏറ്റവുമധികം അനുഭവപ്പെട്ട ജലാശയങ്ങളിലൊന്ന് വേമ്പനാട്ടു കായലാണ് . പ്രത്യുത്പാദന ശേഷിയുള്ള സങ്കരയിനം നെൽവിത്തുകൾ കുട്ടനാടിന്റെ കാർഷിക വളർച്ച വേഗത്തിലാക്കിയെങ്കിലും അത് ധാരാളം  കീടങ്ങളെ ക്ഷണിച്ചുവരുത്തി . വര്ധിച്ചുവന്ന കീടങ്ങളുടെ ആക്രമണം ചെറുക്കാൻ ഒരു വിളവെടുപ്പുകാലത്തു മാത്രം നാലുതവണയായി അനിയന്ത്രിതമായ അളവിൽ കീടനാശിനികളുപയോഗിച്ചു .കുട്ടനാട്ടിൽ മാത്രം പത്തിലധികം കീടനാശിനികളാണ് ഉപയോഗിക്കുന്നത് . കായലിലെ കക്ക ,ചെമ്മീൻ  തുടങ്ങിയവയിൽ ഇവയുടെ അംശം കണ്ടെത്തിയിട്ടുണ്ട് .ഒഴുകിയെത്തുന്ന രാസവളം സൂക്ഷ്മസസ്യങ്ങളുടെ (algae ) ക്രമാതീതമായ വളർച്ചക്ക് കാരണമായി . അതിനോടനുബന്ധിച്ചു വെള്ളത്തിലെ ഓക്സിജനിൽ വന്ന കുറവുമൂലം ഇടയ്ക്കിടെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു .

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർ ഇന്ന് കാളിന്ദിയാണ് . ഏകദേശം അൻപതോളം വൻകിട വ്യവസായ ശാലകളും 2500 ഓളം  ചെറുകിട വ്യവസായ ശാലകളും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ വഹിച്ചുകൊണ്ടാണ് നദി ഇന്ന് കായലിലേക്ക് വന്നു ചേരുന്നത് . ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് ലോകത്തിലെതന്നെ ഏറ്റവും മലിനീകരിക്കപ്പെട്ടതായി കണക്കാക്കിയിരനിക്കുന്ന നദികളിൽ ഒന്നാണ് പെരിയാർ . രാസമാലിന്യങ്ങളാൽ വിഷലിപ്തമാക്കപ്പെട്ട്  പലനിറങ്ങളിൽ മാറിമാറി ഒഴുകാൻ വിധിക്കപ്പെട്ട നദി കായലിന്റെ സ്വാഭാവിക  ആവാസവ്യവസ്ഥയെ എത്രമാത്രം തകരാറിലാക്കിയിരിക്കുന്നുവെന്നും ഇവിടുത്തെ ജനജീവിതം എങ്ങിനെ ദുസ്സഹമാക്കിയിരിക്കുന്നുവെന്നും കൂടുതൽ വിസ്തരിക്കേണ്ടതില്ല. ബോട്ടുകളും ഓയിൽടാങ്കറുകളും ഉല്ലാസനൗകകളും പുറംതള്ളുന്ന ഇന്ധനവും  ഖരമാലിന്യങ്ങളുമാണ്  മറ്റൊരു ഭീഷണി . അതുകൂടാതെ ഓരോ നഗരവാസിയും ഉപയോഗത്തിനുശേഷം ആശ്രദ്ധം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിസ്സഹായയായ കായൽ ഏറ്റുവാങ്ങേണ്ടിവരുന്നു . മീൻവലകളിൽ മീനുകളെക്കാൾ കുരുങ്ങുന്നത് ഖരമാലിന്യങ്ങളത്രെ .   ഇതിനെല്ലാം പുറമെ പരിസരവാസികളും ഡിസ്റ്റില്ലറികളും ബോട്ടുകളും പുറന്തള്ളുന്ന മലിനജലം (സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളുൾപ്പെടെ )  കായലിനെ പകർച്ചവ്യാധികളുടെ ഈറ്റില്ലമാക്കി മാറ്റിയിരിക്കുന്നു . ഇവിടുത്തെ . കോളി , വിബ്രിയോ  തുടങ്ങിയ ബാക്റ്റീരിയകളുടെ അളവ് പലപ്പോഴും അനുവദനീയമായ അളവിൽ പതിന്മടങ്ങു കൂടുതലാണ് . മലേറിയ , ഡങ്കിപ്പനി , ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകകൾ വേറെയും. കൂടാതെ . ആഗോളതാപനത്തോടനുബന്ധിച്ചുണ്ടായിരിക്കുന്ന  കാലാവസ്ഥാവ്യതിയാനങ്ങൾ കായലിന്റെ ആവാസ വ്യവസ്ഥയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നു .

ഇവിടെ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പ്രിയപ്പെട്ട ജലാശയത്തിന്റെ ജൈവസമ്പത്തു ക്ഷയിക്കാൻ ഉണ്ടായ കാരണങ്ങളിൽ ചിലതുമാത്രമാണ് . ശാസ്ത്രീയ  പഠനങ്ങളും പ്രതിവിധികളും ആവശ്യത്തിലധികമുണ്ട് . എന്നാൽ അവ പിന്തുടരാനാവശ്യമായ പൊതുബോധവും ഇച്ഛാശക്തിയും  നമുക്കുണ്ടോ എന്നാണു പരിശോധിക്കേണ്ടിയിരിക്കുന്നത് . വികസനത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള തീവ്ര പരിസ്ഥിതി വാദത്തിന് ഒട്ടും പ്രസക്തിയില്ല . എന്നാൽ പരിസ്തിഥിതിയെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള മുന്നോട്ടു പോക്ക്  അപകടകരവുമാണ് . ഒന്നോർക്കണം ! മലീമസമായ കായൽ നമ്മുടെ ശുദ്ധജല ലഭ്യത മാത്രമല്ല ഇല്ലാതാക്കിയത് . തീരദേശവാസികളുടെ ആരോഗ്യനിലയും ജീവിതനിലവാരവും കൂടിയാണ് . കേരളത്തിന്റെ ഭൂപ്രകൃതിയും നാംഅതിജീവിച്ച ദുരന്തങ്ങളും കാണിച്ചുതരുന്നത് പരിസ്ഥിതി സൗഹൃദ നയങ്ങളിലൂന്നിയുള്ള വികസനം മാത്രമേ നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയെ നിലനിർത്തുകയുള്ളു എന്നാണ് . കായൽ അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക്  തിരിച്ചു പോകേണ്ടതുണ്ട് . അതോടൊപ്പം അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയും തീർച്ചയായും പുനരുജ്ജീവിക്കും . അതിനു തദ്ദേശീയരും , ഭരണനേതൃത്ത്വവും , വ്യവസായികളും , ഗവേഷകരും ഒരുമിച്ചു മുന്നോട്ടു നീങ്ങേണ്ടതുണ്ട്.
പരിചയിച്ചുപോന്ന അമിതചൂഷണത്തിന്റെ സംസ്കാരം നാം മലയാളികൾ മറക്കേണ്ടിയിരിക്കുന്നു . ആറന്മുളക്കണ്ണാടിപോലെ  തെളിഞ്ഞ  കായൽവെള്ളം നമ്മുടെയെല്ലാം സ്വപ്നങ്ങളിലൊന്നല്ലേ ? നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും രോഗഭീതിയില്ലാതെഭയപ്പാടില്ലാതെ നീന്തിത്തുടിച്ചു വളരാൻ  കായൽ വേണ്ടേ ? ഇനിയും നമ്മുടെ ചീനവലകളിൽ നിറയെ മത്സ്യങ്ങൾ പുളയ്ക്കണ്ടേ ? നമുക്ക് കക്ക  വാരണ്ടേ , ഞാറുനടണ്ടേ ? ദൈവത്തിന്റെ സ്വന്തം നാടിനെത്തേടി മൈലുകൾ താണ്ടിയെത്തുന്ന സഞ്ചാരിയെ  കായലും അതിന്റെ കരിമീൻരുചിയും കാണിച്ചു അസൂയപ്പെടുത്തണ്ടേ ? പ്രളയങ്ങളെ അതിജീവിച്ച മലയാളിക്ക് നിഷ്പ്രയാസം നേടിയെടുക്കാവുന്ന വിലയേറിയ പാരമ്പര്യ സ്വത്താണ്  വേമ്പനാട്ടു കായലിന്റെ കണ്ണാടിവെള്ളം . പ്രകൃതി നമ്മോടു പാരസ്പര്യത്തിന്റെയും സമരസപ്പെടലിന്റെയും അർത്ഥമെന്തെന്ന് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ വേളയെയെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാനുള്ള അവസരമായി മലയാളി കണ്ടെങ്കിൽ എന്ന് മോഹിച്ചു പോകുന്നു .


18 comments:

 1. എന്റെയും ആകുലതകളാണ് സൂര്യ പറഞ്ഞു വെച്ചതു. പ്രകൃതി കനിഞ്ഞു നൽകുന്ന അമ്മിഞ്ഞപ്പാലാണ് ഇക്കാണുന്ന ജലസ്രോതസ്സുകളെല്ലാം തന്നെ.അവയെ ചൂഷണം ചെയ്യപ്പെടേണ്ട വിഭവങ്ങൾ മാത്രമായി കാണുന്ന മനുഷ്യ ചിന്താഗതി ആണ് മാറേണ്ടത്.
  അതീവ ഗൗരവമേറിയ വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചു സൂര്യ. മനസ്സിൽ തൊട്ട വായന. ❤️

  ReplyDelete
  Replies
  1. സ്നേഹം അൽമിത്ര..മനുഷ്യനെന്നെങ്കിലും തിരിച്ചറിവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ❤️

   Delete
 2. രണ്ടര വർഷം ഞാൻ കുട്ടനാട്ടിലായിരുന്നു ജോലി ചെയ്തത്. വെള്ളം സർവത്ര എങ്കിലും കുടിക്കാനില്ല തുള്ളി എന്ന അവസ്‌ഥയാണ്‌. വെള്ളവുമായി ബന്ധപ്പെട്ട റിസർച്ച് ആയിരുന്നു സൂര്യാ..
  വല്ലാത്ത ഒരു ചരിത്രം ഉറങ്ങുന്ന ഫലഭൂയിഷ്ട മായാ ഇടമാണ്. ഇപ്പോൾ വിഷഭൂമി ആയി മാറി..
  വെള്ളത്തിന്റെ ക്വാളിറ്റി ഞെട്ടിക്കുന്നതാണ്. ജനജീവിതം ദുസ്സഹം ആയിട്ടുണ്ട്..നല്ല പോസ്റ്റ് സൂര്യാ.. പറഞ്ഞു പറഞ്ഞു പ്രാധാന്യം പോയ വിഷയം
  ബുദ്ധനുമായി അടുത്ത ബന്ധം ഉണ്ടെന്ന് തെളിയിക്കപ്പെട്ട , കമ്യൂണിസത്തിന്റെ വേരോടിയ മണ്ണ്

  ReplyDelete
  Replies
  1. ശരിയാണ് ചേച്ചി, ചർച്ചിച്ചു പ്രാധാന്യം പോയ വിഷയം..എന്നാൽ അതു തള്ളിക്കളഞ്ഞവർക്കിനിയും സൂര്യനുദിച്ചിട്ടില്ല.. അതിനാൽ ഓർമിപ്പിച്ചുകൊണ്ടിരിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവും നമുക്ക് 😒

   Delete
 3. ഇതൊരു പഠന റിപ്പോർട്ട് പോലെ ഉണ്ട്.. ചേച്ചിയുടെ കടലാസ് ആണോ..
  നമ്മൾ ഒരു വശത്തുള്ള നന്മ മാത്രമേ പലപ്പോഴും കാണാറുള്ളൂ എന്നു തെളിയിക്കുന്നതാണ് നമ്മുടെ ഓരോ ചെയ്തികളും.. മറ്റൊരു വശം നമ്മളെ നശിപ്പിക്കാൻ ഉത്തകുന്നതാണെന്നു ചിന്തിക്കാൻ പോലും മടിക്കുന്നു, അല്ല അത് പറയാൻ ഭയക്കുന്നു ..
  കൃഷിയെ കുറിച്ചു പറഞ്ഞത് വളരെ മഹത്തായ ഒരു കാര്യമാണ്.. Unsustainable കൃഷി നമ്മളെ വളർത്തും പക്ഷെ ചുറ്റുപാടിനെ തലർത്തുകയും ചെയ്യുന്നു.. valid point..

  ReplyDelete
  Replies
  1. ഞാൻ ഒരു ഒന്നര മാസം കൊണ്ട് നടത്തിയ literature സർവ്വേയുടെ ചെറിയ ഒരു ഭാഗമാണ്. Field study നടത്തിയതിൽ നിന്ന് കിട്ടിയ വിവരങ്ങൾ അങ്ങേയറ്റം ദയനീയം. ഇനി പഠനങ്ങളുടെ ആവശ്യം തന്നെയില്ല. പഠിച്ചത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് 😒

   Delete
 4. പ്രകൃതി മുഴുവൻ വെടിപ്പിടിച്ചു. ഇപ്പോൾ വീടിൻ്റെ നാല് ചുമരുകകൾക്കകം മതി

  ReplyDelete
 5. ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത നഷ്ടം തന്നെയാണ് കേരളത്തിനും മലയാളിക്കും സംഭവിച്ചിരിക്കുന്നത്..ചിലപ്പോൾ ഭൂമിക്ക് മൊത്തം വന്നുപോയ തീരാനഷ്ടം തന്നെയാവാം ഇതിന്റെ കാരണം..കായലിന്റെ ബഹുദൂരം അകലമുണ്ടെങ്കിലും കാര്യം മനസ്സിലാവാൻ ചുറ്റുപാടിൽ ഒന്ന് നോക്കിയാൽ മതി..കാര്യമാത്ര പ്രസക്തമായ പോസ്റ്റ്

  ReplyDelete
 6. കൃഷി ഇരുതലമൂർച്ചയുള്ള ഒരു വാളാണ്. അത് ഒരേസമയം മാനവരാശിയെ വളർത്തുകയും ജൈവവൈവിധ്യത്തെ തളർത്തുകയും ചെയ്യുന്നു///// എത്രയോ കണ്ടിട്ടും ഉള്ളിലേക്ക് കയറാതിരുന്ന ഒരു സത്യം പൊടുന്നനെ ഈ വാക്കുകളിലൂടെ വെളിപ്പെട്ടു.ഗൗരവമായ വായന നൽകിയപ്പോൾ തന്നെ സൂര്യയുടെ സിഗ്നേച്ചർ തെളിഞ്ഞു കാണാനും കഴിഞ്ഞു.പറഞ്ഞു കൊണ്ടേ ഇരിക്കേണ്ട വിഷയമാണ് സൂര്യ...നിലനിലപ്പിന്റെ തായ് വേര് ദ്രവിച്ച് തീരും മുൻപേ മാറിചിന്തിക്കുന്നവരുടെ എണ്ണം വർധിക്കട്ടെ..മാറ്റങ്ങൾ ഉണ്ടാവട്ടെ.സലാം ട്ടാ

  ReplyDelete
 7. അതേ. മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കട്ടെ.അതിനു വേണ്ടി നമുക്ക് ഉറക്കെ സംസാരിച്ചു കൊണ്ടേയിരിക്കാം 👍👍

  ReplyDelete
 8. മനുഷ്യൻ അടിസ്ഥാനപരമായി പ്രകൃതിവിരുദ്ധനാണ്. നിലനിൽപ്പിനെ ബാധിക്കുമ്പോൾ മാത്രമേ നമ്മൾ അത് ചിന്തിക്കാറുള്ളൂ എന്ന് മാത്രം. കാലികപ്രസക്തമായ കുറിപ്പ്. ഇഷ്ടം.

  ReplyDelete
  Replies
  1. 🙏🙏നന്ദി കൊച്ചു

   Delete
 9. ലിറ്ററേച്ചർ സർവ്വേയുടെ ഭാഗമായി നടത്തിയ ഫീൽഡ് പഠന റിപ്പോർട്ട് വിദഗ്ദമായും, ഭംഗിയായും നിർവ്വഹിക്കുകയും, വായനാ സുഖമുള രീതിയിൽ ഇവിടെ അവതരിപ്പിക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്. നമ്മുടെ ആൾക്കാർ ദുരന്തമുണ്ടായാലേ കണ്ണുത്തുറക്കൂ. അതിന്റെ ചൂടാറിയാൽ പഴയപ്പടി.പിന്നെ സ്വന്തം കാര്യം സിന്താബാദ്.എൻ സോ സൾഫാൻ ദുരന്തം. അങ്ങിനെയെത്ര! അംബികാസുതൻ മങ്ങാടിന്റെ എർമകജെ വായിച്ച് വേദനേയോടെ, ദു:ഖത്തോടെ സ്തംഭിച്ചിരുന്നിട്ടുണ്ട് ഞാൻ കുറെ വർഷങ്ങൾക്കുമുമ്പ്. അതുപോലെയൊന്നും വരാതെ നോക്കണം വേണ്ടപ്പെട്ടവർ. റിപ്പോർട്ടുകൾ മുഖവിലക്കെടുക്കണം. വേണ്ടതു ചെയ്യണം. അല്ലെങ്കിൽ .....
  ആശംകൾ

  ReplyDelete
 10. ഇരുപതു വർഷത്തിലധികമായി തുടങ്ങിയതാണ് പെരിയാറിനും കായലിനും കുട്ടനാടിനും വേണ്ടിയുള്ള സമരം. എവിടെയുമെത്താതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. കാണേണ്ടവർ കണ്ണു തുറന്നിരുന്നെങ്കിൽ!സമരം ചെയ്യാനല്ലാതെ മറ്റൊന്നിനും മാർഗമില്ലാത്ത ജനതയായിപ്പോയി നമ്മൾ 😔

  ReplyDelete
 11. മികച്ച രീതിയിൽ പഠിച്ചു എഴുതിയത് ആണല്ലേ?

  തണ്ണീർമുക്കം ബണ്ടിന്റെ അവിടെ പോയി ഇരിക്കുമായിരുന്നു. ഇപ്പോൾ അവിടെ ഇരിക്കാൻ സൗകര്യമില്ല.

  ഇനി പോകുമ്പോൾ ഈ പോസ്റ്റ്‌ ഓർക്കും.

  ReplyDelete
 12. എതെയെത്ര ദുരന്തങ്ങളുണ്ടായാലും
  പ്രകൃതിയെ മാനിക്കാത്ത മനുഷ്യർ .
  പഠനറിപ്പോർട്ടിലൂടെ 
  കാലികപ്രസക്തമായ കുറിപ്പുകൾ ...

  ReplyDelete