വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടിവർഷങ്ങൾക്കപ്പുറത്തു പെയ്തിറങ്ങുന്ന
വേനൽമഴയിൽ അമ്മയുടെ വേവലാതി
കൂട്ടാക്കാതെ തെരുതെരെ നൃത്തം
ചവിട്ടുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു.
വെളുത്ത പെറ്റിക്കോട്ടിട്ട പെൺകുട്ടി.
നക്ഷത്രക്കുഞ്ഞുങ്ങൾക്കിടയിൽനിന്നും
ഭൂമിയിൽ പൊഴിഞ്ഞു വീണവൾ….
 ജനനമരണങ്ങളുടെ അറ്റവും ആഴവും
അറിയാതെ മിന്നുന്ന കൊച്ചരിപ്പല്ലുകൾ
കാട്ടി കിലുകിലെ ചിരിച്ചുകൊണ്ട്
പകലന്തിയോളം അവൾ
അങ്ങിങ്ങു ഓടിനടന്നു……
 പായൽപച്ചകളിൽ
ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെയും
തേരട്ടകളെയും കണ്ണിമയ്ക്കാതെ
മണിക്കൂറുകളോളം നോക്കിയിരുന്നു…..
കരഞ്ഞു കണ്ണീരൊലിപ്പിച്ചു വരുന്ന മഴ
തൊടിയിലെ ചേമ്പിലകളിൽ പെറ്റിട്ടുപോകുന്ന
മഴക്കുഞ്ഞുങ്ങളെയും , 
ഒളിച്ചെത്തുന്ന അന്തിവെയിൽ മുറ്റത്തെ വരിക്കപ്ലാവിന്റെ
ഇടതൂർന്ന ഇലകൾക്കിടയിലൂടെ രഹസ്യമായി
ഇറക്കിവിടാറുള്ള വെയിൽക്കുട്ടികളെയും
നോക്കി അവൾ അത്ഭുതം കൂറി….
 കറുകയുംകൂവയും പൂവാങ്കുറുന്തിലയും തിങ്ങിയ
ഇത്തിരിവട്ടം പറമ്പിൽ… മഴക്കാലം
വരയ്ക്കുന്ന ചാലുകളിൽ സുഖവാസത്തിനു
കൂട്ടംകൂട്ടമായെത്താറുള്ള മാനത്തുകണ്ണികളെ
കൈക്കുമ്പിളിൽ പൊത്തിപ്പിടിക്കുകയും
ഇക്കിളിപൂണ്ടു കൗതുകത്തോടെ
വെറുതെവിടുകയും
ചെയ്തു .
നാട്ടിടവഴിയിലെ
നനഞ്ഞുതണുത്ത മണ്ണിൽ ഇലഞ്ഞികളും
ചെമ്പകങ്ങളും അവൾക്കുവേണ്ടി
പൂക്കൾ പൊഴിച്ചി്ട്ടു
 അമ്പലക്കുളത്തിലെ
നീലാമ്പലുകൾക്കിടയിൽ തുറിച്ച
കണ്ണുകളുരുട്ടി പച്ചത്തവളകൾ
അവളെ കാത്തിരുന്നു
 പാദസരങ്ങളിടാത്ത
കുഞ്ഞുകാലുകൾ പടവിലിറങ്ങുന്നതും
കാത്തു കുളത്തിലെ പരൽമീനുകൾ പതിയിരുന്നു….
 അവരോടെല്ലാം
പായാരം പറയാൻ അവൾ കോലോത്തെക്ക്
ഓടി …
അമ്പലമുറ്റത്തെ അരയാലിന്റെ
മിനുത്ത ചോരനിറമുള്ള ഇലക്കുഞ്ഞുങ്ങളേപ്പറിച്ചു
പുസ്തകത്തിലൊളിപ്പിച്ചുവച്ചു വളർത്താൻ
കൊണ്ടുവന്നു…
 പാമ്പു തുപ്പിയിട്ടുണ്ടാവുമെന്നു മൂത്തോർ പറയാറുള്ള മധുരിക്കുന്ന
പാണൽപ്പഴങ്ങൾ ആരുമറിയാതെ
പറിച്ചു രുചിച്ചു ..
വർഷങ്ങൾക്കിപ്പുറം
നഗരത്തിലെ ഒരിടത്തരം ഫ്ലാറ്റിന്റെ
ബാല്കണിയിൽനിന്ന് കയ്യിലൊരു
കപ്പു കാപ്പിയുമായി ഇരമ്പുന്ന
മഴയിലേക്ക് നോക്കുമ്പോൾ
എനിക്ക് കാണാം അങ്ങകലെ
ഒരു ശവമഞ്ചം നിരങ്ങി നീങ്ങുന്നത്…..
 അതിൽഅവളുണ്ട്!
വെളുത്ത പെറ്റിക്കോട്ടിട്ട
പെൺകുട്ടി!!
അവളുടെ ചിരിയറ്റ ചുണ്ടിൽ
ഈച്ചകളരിക്കുന്നുണ്ട്!
അവൾക്കുപിന്നാലെ
കരഞ്ഞുകൊണ്ടതാ വെയിൽക്കുട്ടികളും, മഴക്കുഞ്ഞുങ്ങളും മാനത്തുകണ്ണികളും!!

ഒരു ഹൃദയരഹസ്യം..

ചില ഹൃദയങ്ങളുണ്ട്,
തണുത്തുറഞ്ഞ ശിശിരകാല തടാകങ്ങളെപ്പോലുള്ളവ..
ഉള്ളിൽ ശീത നിദ്രയിലാണ്ട 
സ്വപ്നങ്ങളും പേറി,എങ്ങുനിന്നോ
എത്തിചേരാനിരിക്കുന്ന വസന്തത്തിനായി
പ്രതീക്ഷയോടെ കാത്തിരിക്കുന്നവ...

മറ്റു ചില ഹൃദയങ്ങൾ അഗാധ സമുദ്രങ്ങളാണ്..
ആഴങ്ങളിൽ ചുഴികളും പ്രവാഹങ്ങളുമൊളിപ്പിച്ചു
ശാന്തഗംഭീരമായി അലയൊലികൾ മുഴക്കുന്നവ..അവയുടെ തീരത്തു
 നുരയുന്ന തിരമാലകളിൽ  അനായാസം വിഹരിക്കാനാകും..എന്നാൽ അതിനാഴങ്ങൾ കീഴടക്കാൻ അതിവിദഗ്ധനായ
ഒരു നാവികനായാൽ പോലും ചിലപ്പോൾ നിങ്ങൾക്ക്
കഴിഞ്ഞെന്നു വരില്ല..

ചിലവ അനന്തമായ ആകാശം
പോലെയാണ്...
മേഘങ്ങൾക്കിടയിലെ വെള്ളിൽക്കിളികളെപ്പോലെ
നിങ്ങൾക്കവിടെ സ്വതന്ത്ര വിഹാരം നടത്താനായേക്കും...എങ്കിലും
ചേക്കേറാനൊരു ചില്ല ഒരിക്കലും
ഇല്ലതന്നെ...

എന്നാൽ എനിക്കിഷ്ടപ്പെട്ട
ഹൃദയങ്ങൾ ഏതെന്നറിയാമോ...
കുഞ്ഞു പക്ഷിക്കൂട് പോലുള്ളവ...
അവ നിങ്ങളുടെ സ്വപ്നങ്ങളെ
അടവച്ചു വിരിയിക്കുന്നു..
നിങ്ങളുടെ വിയർപ്പും വിസർജ്യവുമേറ്റു
വാങ്ങുന്നു...
പറക്കമുറ്റുവോളം കണ്ണിമയ്ക്കാതെ
കാവലിരിക്കുന്നു..
പറന്നു തളരുമ്പോൾ ചേക്കേറാൻ ഇടമൊരുക്കുന്നു...
നിങ്ങളെ നിങ്ങളാക്കാൻ നിരന്തരം ജീർണിച്ചുതീരുന്ന പക്ഷിക്കൂടുകളെപ്പോലുള്ള
കുഞ്ഞുവിശാല ഹൃദയങ്ങൾ അവ...അവയാണ് എനിക്ക് ഏറ്റവുമിഷ്ടം..

ഫാദേഴ്‌സ് ഡേ


അന്ന് ഫാദേഴ്‌സ് ഡേ ആയിരുന്നു. ടീച്ചർ കുട്ടിയോട് അച്ഛനെ സ്നേഹിക്കണമെന്നു പറഞ്ഞു. കുട്ടിക്ക് സ്നേഹിക്കണ്ടതെങ്ങിനെയെന്നു വല്യ പിടിപാടുണ്ടായിരുന്നില്ല. കളിപ്പാട്ടങ്ങൾക്കും കുഞ്ഞുടുപ്പുകൾക്കും പകരം ചിരിയും ഉമ്മയും കൊടുത്തുകൊണ്ട് അവൻ അച്ഛനെയും അമ്മയെയും സ്നേഹിച്ചു . അവർ തിരിച്ചു തോളിൽത്തട്ടി നല്ലകുട്ടി എന്നഭിനന്ദിച്ചു . ഉമ്മകൾ തിരിച്ചുകിട്ടാത്തതെന്തുകൊണ്ടെന്ന് അവനൊട്ടും മനസ്സിലായതേ ഇല്ല . എന്നാൽ സ്നേഹിക്കാൻ ഇന്ന് ടീച്ചർ ഒരുപായം പറഞ്ഞുതന്നിട്ടുണ്ട് . സ്കൂൾ വിട്ടു വീട്ടിലെത്തിയതും കുട്ടി വെളുത്തു മിനുത്തൊരു കടലാസ് തിരഞ്ഞു . അമ്മ ഉണ്ടാക്കിവെച്ച ഇഷ്ടപ്പെട്ട മൊരിഞ്ഞ ദോശ രുചിക്കും മുൻപേ അവൻ വെളുത്ത കടലാസിൽ കൊമ്പൻ മീശക്കാരൻ അച്ഛനെ വരച്ചു . അച്ഛനുനേരെ ചുവന്ന ഹൃദയങ്ങൾ എറിഞ്ഞുകൊടുക്കുന്ന ചിരിക്കുന്ന അവനെയും വരച്ചു. പിന്നിൽ അവൻ്റെ ഇഷ്ടപ്പെട്ട നീലയും മഞ്ഞയും ക്രയോൺ നിറങ്ങൾകൊണ്ട് ആകാശവും നക്ഷത്രങ്ങളും വരച്ചു . അടിയിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ കുട്ടി ടീച്ചർ പറഞ്ഞതുപോലെ എഴുതി: " ഹാപ്പി ഫാദേഴ്‌സ് ഡേ !! ലവ് യു ഡാഡ് ".
ഫാദേഴ്‌സ് ഡേ അച്ഛന്മാർക്കു കുട്ടികളും കുട്ടികൾക്ക് അച്ഛൻമാരും ഉമ്മകൾ കൊടുക്കുന്ന ദിവസമാണ് . മൊരിഞ്ഞ ദോശയുടെ എണ്ണ ചിത്രത്തിൻറെ അരികിൽ അൽപ്പം പറ്റിയതിന് അവൻ അമ്മയോട് വഴക്കിട്ടു . രാത്രി വൈകുന്നതുവരെ ഉറക്കം തൂങ്ങുന്നുവെങ്കിലും ഹൃദയമിടിപ്പോടെ അവൻ കാത്തിരുന്നു . കുട്ടിക്ക് സമയം നോക്കാൻ അറിയുമായിരുന്നില്ല . പാവം അച്ഛൻ ഇപ്പോഴും ജോലി ചെയ്യുകയാവും !
വളരെ വൈകി കോളിംഗ് ബെൽ മുഴങ്ങിയതും കുട്ടി പതിയെ അമ്മക്ക് പിന്നിലേക്കു നീങ്ങി. അച്ഛനും അച്ഛന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു . അവനു മനസ്സിലാകാത്ത എന്തൊക്കെയോ അവർ ചർച്ച ചെയ്യുന്നു . ഭക്ഷണം വിളമ്പാൻ അടുക്കളയിലേക്ക് അമ്മ പോയപ്പോൾ അവൻ പതുക്കെ അച്ഛനരികിൽച്ചെന്നു തൻ്റെ സമ്മാനം നീട്ടി . കിട്ടാൻ പോകുന്ന ഉമ്മകളുടെ മധുരമോർത്ത് അവൻ്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുകയും കൈകൾ പതുക്കെ വിറക്കുകയും ചെയ്തു .
അച്ഛൻ ചിത്രത്തിൽ സൂക്ഷിച്ചു നോക്കി സുഹൃത്തിനോട് പറഞ്ഞു 'ഓ ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലേ !'. പിന്നീട് കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു " കുട്ടാ നീ എന്നാണ് സ്പെല്ലിങ് തെറ്റാതെ എഴുതാൻ പഠിക്കുക ? നോക്കൂ നീ ഫാദറിന്റെ സ്പെല്ലിങ് തെറ്റിച്ചിരിക്കുന്നു ". കുഞ്ഞു ഹൃദയം വീണ്ടും സാവധാനത്തിലായി . പേപ്പർ തിരികെ വാങ്ങി തലകുനിച്ചുകൊണ്ട് അവൻ കട്ടിലിനരികിലേക്കു നടന്നു . അന്നു രാത്രി ഉറക്കത്തിൽ മൂത്രമൊഴിച്ചു ഞെട്ടിയുണർന്നപ്പോൾ അവൻ പിച്ചും പേയും പറഞ്ഞു "അമ്മേ , പാവം അച്ഛൻ. ഇനിയെന്നാണ് അടുത്ത ഫാദേഴ്‌സ് ഡേ ? ഞാൻ സ്പെല്ലിങ് തെറ്റിക്കില്ല, സത്യം !!"

ദിവ്യവെളിച്ചത്തിൻ്റെ ജാലകം


ഞാൻ ചേക്കേറിയ ഓരോ നഗരത്തിലും എനിക്കു സ്വന്തമായി ഒരു ജാലകമുണ്ടായിരുന്നു . വിരസമായ കലപിലകളുടെ കിതപ്പാറ്റാൻ  ഓരോ നീണ്ട ദിവസത്തിൻറെയും അന്ത്യത്തിൽ ഒരു കപ്പു കാപ്പിയുമായി ഞാനാ ജാലകം തുറന്നിടും . സത്യത്തിൽ അതെൻ്റെ ആത്മാവിൻറെ ജാലകമാണ് . ഓരോ ദിവസത്തിനുമവസാനം ധ്യാനനിമഗ്നയായി ജനാലക്കൽ നിൽക്കുമ്പോൾ, കടിഞ്ഞാണില്ലാത്ത ചിന്തകൾ ഉമിനീരിറ്റിച്ചു കെട്ടിയ മാറാലയിൽ കുരുങ്ങിപ്പോയ എൻ്റെ ആത്മാവിലേക്ക് ഒരു ദിവ്യവെളിച്ചം കടന്നുവരുന്നു. അതിൻ്റെ  ശാന്തഗംഭീരമായ മൗനം എന്നെ ആശ്ലേഷിക്കുന്നു . ഇപ്പോഴും എഴുത്തുമുറിയിൽ ഞാനെൻ്റെ ജനാലക്കലാണ് ഇരിക്കുന്നത് . അങ്ങ് തൂവൽക്കെട്ടുപോലെ വെള്ളിമേഘങ്ങൾ പാറിനടക്കുന്ന ആകാശക്കീറ്എന്റേതാണ് . അല്പസമയം കഴിഞ്ഞാൽ അവയ്ക്കു പിന്നിലേക്ക് ചുവന്നു തുടുത്ത സൂര്യൻ ഓടിമറയുകയും അവനെ ഒരുപറ്റം നീർക്കാക്കകൾ പിൻതുടരുകയും ചെയ്യും. അകലെ കോൺക്രീറ്റുകാടുകൾക്കപ്പുറത്തുള്ള പച്ചത്തുരുത്തിനുമുകളിലായി കടന്നു പോകുന്ന വൈദ്യുതക്കമ്പിയിൽ ഒരുപറ്റം നാട്ടുവേലിത്തത്തകൾ നിരന്നിരിക്കുന്നുണ്ട് . ഇടയ്ക്കിടെ അവയിലോരൊന്ന് വായുവിലേക്ക് കൂപ്പുകുത്തുകയും അരണ്ട വെളിച്ചത്തിൽ ആയുസ്സൊടുങ്ങാറായ ഏതോ പ്രാണിയെ നിമിഷനേരംകൊണ്ട് കൊക്കിലൊതുക്കുകയും ചെയ്യുന്നു . താഴേക്കുനോക്കുമ്പോൾ താരതമ്യേന തെളിഞ്ഞവെള്ളമൊഴുകുന്ന ഓടയിൽ വെളുത്ത കൊറ്റി ഒരു ചെറു തവളയേയോ ഒച്ചിനെയോ കിട്ടുമെന്നാശിച്ച്  ഇപ്പോഴും തപസ്സിലാണ് .ഇടുങ്ങിയ റോഡിലൂടെ പോകുന്ന വണ്ടികൾക്കെല്ലാം വേഗം കൂടുതലാണെന്നു തോന്നും . അവയെല്ലാം വീടുകളിലേക്ക് തിടുക്കത്തിൽ മടങ്ങുന്ന മനുഷ്യരെ വഹിക്കുന്നു . അവനവൻ്റെ സ്വകാര്യതയുടെ അടുപ്പിൽ വേവുന്ന മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഉപ്പും മധുരവും കലർന്ന അത്താഴമാസ്വദിക്കാനുള്ള വെമ്പലിൽ ഓരോ മനുഷ്യനും സന്ധ്യകളിൽ തൻ്റെ വീട്ടിലേക്ക് അക്ഷമനായി പിൻവാങ്ങുന്നു .
എങ്കിലും എൻ്റെ കെട്ടിടത്തിന്റെ മതിൽക്കെട്ടിനപ്പുറത്ത്  എല്ലാ വൈകുന്നേരങ്ങളിലും അഴുക്കും വിയർപ്പും പുരണ്ട വസ്ത്രങ്ങളുമായി നിശ്ചലനായി നിൽക്കുന്ന ഒരു വൃദ്ധനുണ്ട് . എന്നെപ്പോലെ തന്നെ ചിതറിക്കിടക്കുന്ന മൗനങ്ങളാവഹിച്ച് മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ വൈകുന്നേരങ്ങളിൽ അയാൾ  അവിടെ നിൽക്കും . അയാളുടെ മനസ്സും എന്നെപ്പോലെ ഉറക്കത്തിലേക്കും ഉണർവിലേക്കും മാറിമാറി സഞ്ചരിക്കുന്നുണ്ടാവാം . വിയർപ്പിൻ്റെ മണം പിടിച്ചെത്തുന്ന തെരുവുനായ്ക്കളെ ഓടിക്കാൻ അയാൾ കയ്യിലൊരു വടി കരുതിയിട്ടുണ്ട് . അബോധാവസ്ഥയിലേക്കു നീങ്ങുമ്പോൾ അയാളാ വടി എങ്ങോട്ടെന്നില്ലാതെ  ചുഴറ്റുന്നു . അയാളും ഞാനും പലപ്പോഴായി പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കാറുണ്ട് . ഭ്രാന്തൻ സങ്കൽപ്പങ്ങൾ ഈ ജാലകത്തിലൂടെ കണ്ണുകളിൽനിന്നു കണ്ണുകളിലേക്കു രഹസ്യമായി ഞങ്ങൾ കൈമാറുന്നു. ഇരുട്ട് പരക്കുമ്പോൾ അയാൾ അടുത്ത കടത്തിണ്ണയിൽ ചേക്കേറും. അയാളുടെ അത്താഴം എവിടുന്നാണെന്ന് എനിക്കറിയില്ല .എനിക്ക് എന്നും മേശമേൽ വിളമ്പിവെക്കാറുള്ള സമൃദ്ധമായ അത്താഴം എൻ്റെ വയർ നിറക്കുന്നതുമില്ല . അയാൾ കടത്തിണ്ണയിൽ കിടന്നു ഒരിക്കൽ അത്താഴം തന്നിരുന്ന തന്റെ വീട് എവിടെയാണെന്ന് ഓർത്തെടുക്കാൻ നിരന്തരം പരിശ്രമിക്കുമ്പോൾ ആസക്തിയുടെയും , ആകുലതകളുടെയും മോഹഭംഗങ്ങളുടെയും മാത്രം കയ്പു നിറഞ്ഞ അത്താഴം വിളമ്പിയിരുന്ന, എന്റെ വീടിനെ നിഷ്കരുണം മറവിയിലേക്കു തള്ളാൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്നു . അയാളും ഞാനും എതിർദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു ചിന്തകളുടെ കണികകളാണ് . എങ്കിലും ഈ ജാലകത്തിലൂടെ വരുന്ന ദിവ്യവെളിച്ചത്തിൽ ഞാൻ അയാളിലും അയാൾ എന്നിലും പ്രതിഫലിക്കുന്നു .
ഇന്ന് ഞാനയാളെ കണ്ടില്ല .തൻ്റെ വീട് എവിടെയാണെന്ന് അയാൾക്ക് വെളിപാടുണ്ടായിരിക്കുമോ ? എന്തുതന്നെയായാലും എന്റെ വീട് പൂർണമായും ജീർണിച്ചു മറവിയിലാണ്ടു കഴിഞ്ഞിട്ടില്ല .  അതുണ്ടാവുന്നതുവരെ ആത്മാവിലേക്ക് വെളിച്ചം ആവാഹിച്ചു  ഞാനീ ജനാലക്കൽ എല്ലാ വൈകുന്നേരങ്ങളിലും ധ്യാനിക്കുകതന്നെ ചെയ്യും .  ദിവ്യവെളിച്ചമേറ്റു പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി സല്ലപിക്കാൻ  ഇഷ്ടമാണെങ്കിൽ നിങ്ങൾക്കും സ്വാഗതം .

ആർത്തി


എൻ്റെ വീട്ടിൽ ഒരു ഭിക്ഷക്കാരൻ വരാറുണ്ടായിരുന്നു. അമ്മ കൊടുക്കുന്ന നാണയത്തുട്ടുകൾ ഒരിക്കലും അയാൾക്ക്തികയുമായിരുന്നില്ല.വെള്ളെഴുത്തുവീണ കണ്ണുകൾ കൊണ്ട് നാണയത്തിലേക്ക് സൂക്ഷിച്ചു നോക്കിയതിനുശേഷം അയാൾ അമ്മയെ ശകാരിക്കും. പിറുപിറുത്തുകൊണ്ട് വലിയ ശബ്ദത്തോടെ ഗേറ്റ് വലിച്ചടച്ചു കടന്നുപോകും . അടുക്കളയിലേക്കു തിരിയുമ്പോൾ അമ്മ പറയും " അത്യാർത്തി! എന്നാലും എല്ലാ ചൊവ്വാഴ്ചെം മൊടങ്ങാതെ വരും !". എൻ്റെ അമ്മ വാസ്തവത്തിൽ വളരെ അലിവുള്ള ഒരു സ്ത്രീയാണ് . അവർക്കു ഉള്ളതുപോലെ അവർ കൊടുത്തിരുന്നു . എങ്കിലും ലെനിനും സോവിയറ്റ് യൂണിയനും ദോസ്തോവ്സ്കിയും എല്ലാം കൂടുകൂട്ടിയിരുന്ന എൻ്റെ മനസ്സ് അയാൾക്ക് ഇനിയും എന്തുകൊണ്ട് കൊടുത്തുകൂടാ എന്ന് ചോദിച്ചു .
ഒന്നു പറയട്ടെ! ഞാനും ഒരു അത്യാർത്തിക്കാരിയാണ്. നാണയത്തുട്ടുകൾക്കു പകരം ഞാൻ സ്നേഹം ഭിക്ഷ ചോദിക്കുന്നു . പൂവിനോടും പുല്ലിനോടും പറവകളോടും ആകാശത്തോടും സമുദ്രത്തിൻറെ നീലവിശാല ഹൃദയത്തോടും ഞാൻ യാചിക്കാറുണ്ട് . എന്നെ വിവാഹം കഴിച്ചവനോടും മകനോടും അച്ഛനമ്മമാരോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും ജോലിക്കാരികളോടും എന്തിനു വഴിപോക്കരോടും ഞാൻ ഭിക്ഷ തേടുന്നു . അവർ അവരാൽ കഴിയുന്നതുപോലെ എന്റെ ഭിക്ഷാപാത്രം നിറക്കാൻ ശ്രമിക്കുന്നു . പൂവുകളും പുൽക്കൊടികളും പ്രഭാതങ്ങളിൽ എന്നോട് ചിരിക്കാറുണ്ട് . പറവകൾ എന്റെ ജനാലയിൽ വന്നിരുന്നു പാടുകയും ആകാശം ഇടയ്ക്കിടെ മഴപൊഴിച്ചു എന്നെ താലോലിക്കുകയും ചെയ്യാറുണ്ട് . സമുദ്രമാകട്ടെ കണ്ടുമുട്ടുമ്പോഴെല്ലാം അതിൻ്റെ വിശാലഹൃദയത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചുകൊണ്ടുമിരിക്കുന്നു . ഞാൻ കണ്ടുമുട്ടിയ മനുഷ്യരെല്ലാം എന്നെ സ്നേഹിക്കാറുണ്ട് . എങ്കിലും എന്റെ തലയിൽ കൂടുകൂട്ടിയ ദോസ്തോവ്സ്കിയും ലെനിനും വിക്ടർ ഹ്യൂഗോയും നെരൂദയുമൊന്നും തൃപ്തരാവുന്നതേയില്ല ! ചില നല്ല നിമിഷങ്ങളുടെ തിളങ്ങുന്ന നാണയത്തുട്ടുകൾ കാണിച്ചു വല്ലവിധേനയും അവരെ ആശ്വസിപ്പിക്കുമ്പോൾ വർഷങ്ങളായി തലച്ചോറിൽ മയക്കം പൂണ്ടു കിടന്നിരുന്ന മീരയും ദ്രൗപതിയും സീതയും ഊർമ്മിളയും ലക്ഷോപലക്ഷം ഭാരതസ്ത്രീകളും ഒടുവിൽ പുല്ലാങ്കുഴലൂതുന്ന ഒരു കാലിച്ചെറുക്കനും അവൻ്റെ പ്രേമഭാജനമായിരുന്ന ഒരു പാൽക്കാരിപ്പെണ്ണും പൊടുന്നനെ നിദ്രവിട്ടുണരുകയും ഒരേ സ്വരത്തിൽ ആർപ്പു വിളിക്കുകയും ചെയ്യും " പോരാ , പോരാ , ഇത് പോരാ!" എന്ന് . അങ്ങനെ ഞാൻ വീണ്ടും അത്യാർത്തിക്കാരിയാകുന്നു. ചെറുതെങ്കിലും സങ്കോചമില്ലാതെ തന്നിരുന്ന നാണയത്തുട്ടുകൾ ധാർഷ്ട്യത്തോടെ മടക്കിക്കൊടുക്കുന്നു . ഒരു നാണവും കൂടാതെ ചൊവ്വയെന്നോ വെള്ളിയെന്നോ ഭേദമില്ലാതെ ഒഴിഞ്ഞ പാത്രവുമായി മടങ്ങിവന്നു വീണ്ടും വീണ്ടും ഭിക്ഷ ചോദിക്കുന്നു . പോരെന്നു പിറുപിറുത്തു വീണ്ടും മടങ്ങുന്നു!".
.