ഫാദേഴ്‌സ് ഡേ


അന്ന് ഫാദേഴ്‌സ് ഡേ ആയിരുന്നു. ടീച്ചർ കുട്ടിയോട് അച്ഛനെ സ്നേഹിക്കണമെന്നു പറഞ്ഞു. കുട്ടിക്ക് സ്നേഹിക്കണ്ടതെങ്ങിനെയെന്നു വല്യ പിടിപാടുണ്ടായിരുന്നില്ല. കളിപ്പാട്ടങ്ങൾക്കും കുഞ്ഞുടുപ്പുകൾക്കും പകരം ചിരിയും ഉമ്മയും കൊടുത്തുകൊണ്ട് അവൻ അച്ഛനെയും അമ്മയെയും സ്നേഹിച്ചു . അവർ തിരിച്ചു തോളിൽത്തട്ടി നല്ലകുട്ടി എന്നഭിനന്ദിച്ചു . ഉമ്മകൾ തിരിച്ചുകിട്ടാത്തതെന്തുകൊണ്ടെന്ന് അവനൊട്ടും മനസ്സിലായതേ ഇല്ല . എന്നാൽ സ്നേഹിക്കാൻ ഇന്ന് ടീച്ചർ ഒരുപായം പറഞ്ഞുതന്നിട്ടുണ്ട് . സ്കൂൾ വിട്ടു വീട്ടിലെത്തിയതും കുട്ടി വെളുത്തു മിനുത്തൊരു കടലാസ് തിരഞ്ഞു . അമ്മ ഉണ്ടാക്കിവെച്ച ഇഷ്ടപ്പെട്ട മൊരിഞ്ഞ ദോശ രുചിക്കും മുൻപേ അവൻ വെളുത്ത കടലാസിൽ കൊമ്പൻ മീശക്കാരൻ അച്ഛനെ വരച്ചു . അച്ഛനുനേരെ ചുവന്ന ഹൃദയങ്ങൾ എറിഞ്ഞുകൊടുക്കുന്ന ചിരിക്കുന്ന അവനെയും വരച്ചു. പിന്നിൽ അവൻ്റെ ഇഷ്ടപ്പെട്ട നീലയും മഞ്ഞയും ക്രയോൺ നിറങ്ങൾകൊണ്ട് ആകാശവും നക്ഷത്രങ്ങളും വരച്ചു . അടിയിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ കുട്ടി ടീച്ചർ പറഞ്ഞതുപോലെ എഴുതി: " ഹാപ്പി ഫാദേഴ്‌സ് ഡേ !! ലവ് യു ഡാഡ് ".
ഫാദേഴ്‌സ് ഡേ അച്ഛന്മാർക്കു കുട്ടികളും കുട്ടികൾക്ക് അച്ഛൻമാരും ഉമ്മകൾ കൊടുക്കുന്ന ദിവസമാണ് . മൊരിഞ്ഞ ദോശയുടെ എണ്ണ ചിത്രത്തിൻറെ അരികിൽ അൽപ്പം പറ്റിയതിന് അവൻ അമ്മയോട് വഴക്കിട്ടു . രാത്രി വൈകുന്നതുവരെ ഉറക്കം തൂങ്ങുന്നുവെങ്കിലും ഹൃദയമിടിപ്പോടെ അവൻ കാത്തിരുന്നു . കുട്ടിക്ക് സമയം നോക്കാൻ അറിയുമായിരുന്നില്ല . പാവം അച്ഛൻ ഇപ്പോഴും ജോലി ചെയ്യുകയാവും !
വളരെ വൈകി കോളിംഗ് ബെൽ മുഴങ്ങിയതും കുട്ടി പതിയെ അമ്മക്ക് പിന്നിലേക്കു നീങ്ങി. അച്ഛനും അച്ഛന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു . അവനു മനസ്സിലാകാത്ത എന്തൊക്കെയോ അവർ ചർച്ച ചെയ്യുന്നു . ഭക്ഷണം വിളമ്പാൻ അടുക്കളയിലേക്ക് അമ്മ പോയപ്പോൾ അവൻ പതുക്കെ അച്ഛനരികിൽച്ചെന്നു തൻ്റെ സമ്മാനം നീട്ടി . കിട്ടാൻ പോകുന്ന ഉമ്മകളുടെ മധുരമോർത്ത് അവൻ്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുകയും കൈകൾ പതുക്കെ വിറക്കുകയും ചെയ്തു .
അച്ഛൻ ചിത്രത്തിൽ സൂക്ഷിച്ചു നോക്കി സുഹൃത്തിനോട് പറഞ്ഞു 'ഓ ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലേ !'. പിന്നീട് കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു " കുട്ടാ നീ എന്നാണ് സ്പെല്ലിങ് തെറ്റാതെ എഴുതാൻ പഠിക്കുക ? നോക്കൂ നീ ഫാദറിന്റെ സ്പെല്ലിങ് തെറ്റിച്ചിരിക്കുന്നു ". കുഞ്ഞു ഹൃദയം വീണ്ടും സാവധാനത്തിലായി . പേപ്പർ തിരികെ വാങ്ങി തലകുനിച്ചുകൊണ്ട് അവൻ കട്ടിലിനരികിലേക്കു നടന്നു . അന്നു രാത്രി ഉറക്കത്തിൽ മൂത്രമൊഴിച്ചു ഞെട്ടിയുണർന്നപ്പോൾ അവൻ പിച്ചും പേയും പറഞ്ഞു "അമ്മേ , പാവം അച്ഛൻ. ഇനിയെന്നാണ് അടുത്ത ഫാദേഴ്‌സ് ഡേ ? ഞാൻ സ്പെല്ലിങ് തെറ്റിക്കില്ല, സത്യം !!"

18 comments:

  1. Pavam kutty ....
    Ezhuthu ishtamayi. Ashamsakal

    ReplyDelete
  2. ഇതിനിപ്പോ എന്ത് മറുപടി പറയണം..
    പ്രായം നിഷ്കളങ്കതയെ സൃഷ്ടിക്കുന്നു. എന്നു മനസിലാക്കാം..

    ReplyDelete
  3. എത്ര ക്രൂരന്മാരാ ചില അച്ഛന്മാർ...!!!


    എന്ന് ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാകാൻ പ്രാക്ടീസ്‌ നടത്തുന്ന ഞാൻ.

    ReplyDelete
    Replies
    1. Avar cheyyunnathenthennu avar ariyunnilla😐. Comfortably numb

      Delete
  4. നിങ്ങളുടെ എഴുത്തിലൊരു ശില്പമുണ്ട്.
    യാതൊരു ഉത്തരാധുനികതയും തീണ്ടാത്ത ശിൽപം.
    വേദനയോടെ മാത്രം കണ്ട് കടന്നുപോകാനാവുന്നത്.
    സലാം സുഹൃത്തേ.മഹേഷിന്റെ ബ്ലോഗിൽ കണ്ടു വന്നതാണ്.
    ഇനിയും വരാം.

    ReplyDelete
  5. പാവം കുട്ടി. ചില അച്ഛന്മാരിങ്ങനെയാണ്.

    പ്രവാഹിനി

    ReplyDelete
  6. ഹും... അങ്ങനെയും ചില അച്ഛന്മാർ.. എന്തോ അച്ഛനൊരു ദിവസം, അമ്മക്കൊരു ദിവസം എന്ന ഈ ഏർപ്പാടിനോട് പണ്ടേ വലിയ പ്രിയമില്ല...

    ReplyDelete
    Replies
    1. പക്ഷേ സ്കൂളിൽ ഇപ്പോൾ ഇതൊക്കെ പഠിപ്പിക്കും... സ്നേഹിക്കാൻ സമയമില്ലാത്തതുകൊണ്ടുള്ള ഓർമപ്പെടുത്തലാകും

      Delete
  7. കുഞ്ഞിന്റെ വിഷമം എന്റേതും കൂടിയായി..കുറഞ്ഞ വാക്കുകളിൽ വരച്ചിട്ട ചിത്രം മനോഹരം ❤️

    ReplyDelete
    Replies
    1. സ്നേഹം അൽമിത്ര ❤️

      Delete
  8. ഞാനല്പം ബോറത്തി ആണ് ട്ടോ.. മോളെഴുതുന്ന ഡയറിയിൽ വായിക്കാൻ തന്നാൽ ഉടൻ സ്പെല്ലിങ്ങ് തിരുത്തും.. നിഷ്‌കു അമ്മയായിട്ടാ

    ReplyDelete
    Replies
    1. സാരമില്ല.. തിരുത്തീട്ടു ഒരു ഉമ്മ കൊടുത്തോളൂ..

      Delete
  9. ഒന്നും പറയാനില്ല. അത് അങ്ങനൊരു അപ്പൻ

    ReplyDelete
  10. ചിരിച്ചല്ലോ! അതെങ്കിലും സമാധാനം!
    കുട്ടിയെ പഠിപ്പിസ്റ്റാക്കാൻ പഠിപ്പിലെത്തെറ്റുകൾ എള്ളോളം ക്ഷമിക്കാൻ ഒരുക്കമില്ലാത്ത അച്ഛനമ്മമാരാണിപ്പോൾ കൂടുതലും.... പാവംക്കുട്ടികൾ.
    ആശംസകൾ

    ReplyDelete
    Replies
    1. സത്യം.. എത്രയോ കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിക്കാറായി..

      Delete
  11. This comment has been removed by the author.

    ReplyDelete
  12. സത്യം .. ഞാൻ തോറ്റു പോകുന്നത് പലപ്പോഴും എന്റെ മക്കൾക്കു മുൻപിലാണ്. സ്റ്റേഹോദാത്തമാകാം എന്റെ ശരികൾ , പക്ഷേ അവരുടെ ശരികളും ശരികളാണ്.

    ReplyDelete