എൻ്റെ വീട്ടിൽ ഒരു ഭിക്ഷക്കാരൻ വരാറുണ്ടായിരുന്നു. അമ്മ കൊടുക്കുന്ന നാണയത്തുട്ടുകൾ ഒരിക്കലും അയാൾക്ക് തികയുമായിരുന്നില്ല.വെള്ളെഴുത്തുവീണ കണ്ണുകൾ കൊണ്ട് നാണയത്തിലേക്ക് സൂക്ഷിച്ചു നോക്കിയതിനുശേഷം അയാൾ അമ്മയെ ശകാരിക്കും. പിറുപിറുത്തുകൊണ്ട് വലിയ ശബ്ദത്തോടെ ഗേറ്റ് വലിച്ചടച്ചു കടന്നുപോകും . അടുക്കളയിലേക്കു തിരിയുമ്പോൾ അമ്മ പറയും " അത്യാർത്തി! എന്നാലും എല്ലാ ചൊവ്വാഴ്ചെം മൊടങ്ങാതെ വരും !". എൻ്റെ അമ്മ വാസ്തവത്തിൽ വളരെ അലിവുള്ള ഒരു സ്ത്രീയാണ് . അവർക്കു ഉള്ളതുപോലെ അവർ കൊടുത്തിരുന്നു . എങ്കിലും ലെനിനും സോവിയറ്റ് യൂണിയനും ദോസ്തോവ്സ്കിയും എല്ലാം കൂടുകൂട്ടിയിരുന്ന എൻ്റെ മനസ്സ് അയാൾക്ക് ഇനിയും എന്തുകൊണ്ട് കൊടുത്തുകൂടാ എന്ന് ചോദിച്ചു .
ഒന്നു പറയട്ടെ! ഞാനും ഒരു അത്യാർത്തിക്കാരിയാണ്. നാണയത്തുട്ടുകൾക്കു പകരം ഞാൻ സ്നേഹം ഭിക്ഷ ചോദിക്കുന്നു . പൂവിനോടും പുല്ലിനോടും പറവകളോടും ആകാശത്തോടും സമുദ്രത്തിൻറെ നീലവിശാല ഹൃദയത്തോടും ഞാൻ യാചിക്കാറുണ്ട് . എന്നെ വിവാഹം കഴിച്ചവനോടും മകനോടും അച്ഛനമ്മമാരോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും ജോലിക്കാരികളോടും എന്തിനു വഴിപോക്കരോടും ഞാൻ ഭിക്ഷ തേടുന്നു . അവർ അവരാൽ കഴിയുന്നതുപോലെ എന്റെ ഭിക്ഷാപാത്രം നിറക്കാൻ ശ്രമിക്കുന്നു . പൂവുകളും പുൽക്കൊടികളും പ്രഭാതങ്ങളിൽ എന്നോട് ചിരിക്കാറുണ്ട് . പറവകൾ എന്റെ ജനാലയിൽ വന്നിരുന്നു പാടുകയും ആകാശം ഇടയ്ക്കിടെ മഴപൊഴിച്ചു എന്നെ താലോലിക്കുകയും ചെയ്യാറുണ്ട് . സമുദ്രമാകട്ടെ കണ്ടുമുട്ടുമ്പോഴെല്ലാം അതിൻ്റെ വിശാലഹൃദയത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചുകൊണ്ടുമിരിക്കുന്നു . ഞാൻ കണ്ടുമുട്ടിയ മനുഷ്യരെല്ലാം എന്നെ സ്നേഹിക്കാറുണ്ട് . എങ്കിലും എന്റെ തലയിൽ കൂടുകൂട്ടിയ ദോസ്തോവ്സ്കിയും ലെനിനും വിക്ടർ ഹ്യൂഗോയും നെരൂദയുമൊന്നും തൃപ്തരാവുന്നതേയില്ല ! ചില നല്ല നിമിഷങ്ങളുടെ തിളങ്ങുന്ന നാണയത്തുട്ടുകൾ കാണിച്ചു വല്ലവിധേനയും അവരെ ആശ്വസിപ്പിക്കുമ്പോൾ വർഷങ്ങളായി തലച്ചോറിൽ മയക്കം പൂണ്ടു കിടന്നിരുന്ന മീരയും ദ്രൗപതിയും സീതയും ഊർമ്മിളയും ലക്ഷോപലക്ഷം ഭാരതസ്ത്രീകളും ഒടുവിൽ പുല്ലാങ്കുഴലൂതുന്ന ഒരു കാലിച്ചെറുക്കനും അവൻ്റെ പ്രേമഭാജനമായിരുന്ന ഒരു പാൽക്കാരിപ്പെണ്ണും പൊടുന്നനെ നിദ്രവിട്ടുണരുകയും ഒരേ സ്വരത്തിൽ ആർപ്പു വിളിക്കുകയും ചെയ്യും " പോരാ , പോരാ , ഇത് പോരാ!" എന്ന് . അങ്ങനെ ഞാൻ വീണ്ടും അത്യാർത്തിക്കാരിയാകുന്നു. ചെറുതെങ്കിലും സങ്കോചമില്ലാതെ തന്നിരുന്ന നാണയത്തുട്ടുകൾ ധാർഷ്ട്യത്തോടെ മടക്കിക്കൊടുക്കുന്നു . ഒരു നാണവും കൂടാതെ ചൊവ്വയെന്നോ വെള്ളിയെന്നോ ഭേദമില്ലാതെ ഒഴിഞ്ഞ പാത്രവുമായി മടങ്ങിവന്നു വീണ്ടും വീണ്ടും ഭിക്ഷ ചോദിക്കുന്നു . പോരെന്നു പിറുപിറുത്തു വീണ്ടും മടങ്ങുന്നു!".
.
പോരാ പോരാ.
ReplyDelete😊
Deleteഇതിന് അഭിപ്രായം പറയാൻ ആശക്തനാണ് ഞാൻ....
ReplyDeleteമനോഹരമായ ശൈലി...
ഞാനും ആർത്തിയോടെ ഭിക്ഷ യാചിക്കുന്നു .. കഥകൾ ഇനിയും... ഇനിയും... ഇനിയും... ഇനിയും.....
എത്ര കിട്ടിയാലും മതിയാകില്ല
ReplyDeleteഎനിക്കും സുധി പറഞ്ഞതാണ് പറയാനുള്ളത്... "പോരാ.. പോരാ" ;-)
ReplyDeleteമാധവിക്കുട്ടിയുടെ കഥകളിലെ, എത്ര സ്നേഹിക്കപ്പെട്ടാലും മതി വരാത്ത മനുഷ്യരെ ഓർത്തു പോകുന്നു 😊.
ReplyDeleteഞാനും അങ്ങനെ തന്നെ അൽമിത്ര... എന്തുകൊണ്ടെന്നറിയില്ല 🙂
ReplyDeleteഈ ജീവിതം തന്നെ ഒരു ഭിക്ഷയാണ്. സഞ്ചരിച്ച വഴികളും കണ്ടു മറന്ന പുൻപിരി തൂകുന്ന മുഖങ്ങളും എല്ലാം അവർ തന്ന ഭിക്ഷ
ReplyDeleteഈ സ്നേഹം ഒരു വല്ലാത്ത ജാതി സാധനമാണ് ലെ? എത്ര കിട്ടിയാലും മതിയാവാത്ത.......
ReplyDeleteഈ ലോകത്ത് ആർക്കും കിട്ടിയിട്ട് മതിയെന്ന് തോന്നാത്ത ഒന്നുണ്ടെങ്കിൽ അത് സ്നേഹമാണ് .!!!
ReplyDelete