ചീരേയി (ഭാഗം ഒന്ന് )

ചീരേയിക്കു ശ്വാസം മുട്ടി . ഞെരിഞ്ഞമരുന്ന ശ്വാസനാളത്തിൽനിന്നും ഉയരുന്ന ചൂളംവിളി കൂട്ടാക്കാതെ വിഴുപ്പുകൾ കുളത്തിൻ്റെ പടവിലിട്ട് അവർ തിരുമ്പിക്കൊണ്ടിരുന്നു . ഇത് അൽപ്പ ദിവസം മുമ്പേ ചോര ഛർദിച്ചു മരിച്ച അവരുടെ ഭർത്താവിൻ്റെ വിഴുപ്പാണ് . ഇതേ കല്ലിൽ വച്ച് ആത്മഹത്യ ചെയ്ത പേരക്കുട്ടിയുടെയും , അകാലത്തിൽ മരിച്ച രണ്ടു മക്കളുടെയും വിഴുപ്പുകൾ അവർ തിരുമ്പിയിട്ടുണ്ട് . എല്ലാ മരണങ്ങളുടെയും ഒടുവിൽ മരിച്ചവരുടെ വിഴുപ്പുമായി അവരവിടെ വന്നു . മുണ്ടിൻ്റെ കോന്തല തെറുത്തു കയറ്റി പായലുകൾ പച്ചവിരിച്ച വെള്ളത്തിലേക്ക് ഒരു നെടുവീർപ്പിട്ടുകൊണ്ട്‌ ഇറങ്ങി . ഭാണ്ഡത്തിൽ നിന്നും വസ്ത്രങ്ങൾ ഒന്നൊന്നായി പുറത്തെടുത്ത് നീരുവച്ചു വീർത്ത കൈകൾ കൊണ്ട്  കുത്തിപ്പിഴിഞ്ഞു . തിരുമ്പുന്ന കൈകളുടെ താളത്തിനൊത്തു ഞാന്നു തൂങ്ങിയ കാതിലെ വരവിൻ്റെ പറ്റുകൾ ഇളകി . പരന്ന മൂക്കിൽ അഴുക്കടിഞ്ഞു തിളക്കം പോയ മഞ്ഞലോഹത്തിൻ്റെ മൂക്കുത്തിക്കു ചുറ്റും വിയർപ്പു പൊടിഞ്ഞു . എന്നോ കൊളുത്തറ്റുപോയ നരച്ച ബ്ലൗസിനു പുറത്തേക്ക് ശ്വാസമെടുക്കാനാകാതെ ക്ലേശിക്കുന്ന കറുത്ത മാറിടങ്ങൾ  പകുതിയും തുറിച്ചു നിന്നു . ഇടതടവില്ലാതെ കുമിഞ്ഞു കൂടുകയും നിമിഷനേരം കൊണ്ട് ചിന്നഭിന്നമാവുകയും ചെയ്യുന്ന കുമിളകളിലേക്കു നോക്കി , ഓരോ മരണത്തിനും   മൂന്നാം ദിവസം അവർ   നിറഞ്ഞൊഴുകുന്ന വേദനയുടെ ചാലുകളെ മുറുക്കാൻ കറ പുതച്ച നാവുകൊണ്ട് രുചിച്ചു .

കുമിളകളിൽനിന്നുയരുന്ന താണതരം ബാർസോപ്പിൻ്റെ ഗന്ധം അവർക്കു മരണത്തിൻ്റെ ഗന്ധമാണ് . ഇഞ്ചയും താളിയും തേച്ചു ചേറ്റിളക്കിക്കളഞ്ഞ ഗതകാലയൗവനത്തിലൊഴിച്ച് ഓരോ ദിവസവും അവർ ഇതേ ക്ഷാരഗന്ധത്തിൽ അലക്കുകയും കുളിക്കുകയും ചെയ്തു . അടിച്ചു തളിക്കാൻ സ്ഥിരമായി പോകാറുള്ള വരുത്തൻ  ബാങ്കാപ്പീസറുടെ വീട്ടിലെ കുനുകുനെ കുറുനിരകളും ആകാംക്ഷ  പേറുന്ന കണ്ണുകളുമുള്ള പത്തുവയസ്സുകാരി ഗൗരിക്കുട്ടി അവരോടു നിഷ്കളങ്കമായി ചോദിക്കാറുണ്ടായിരുന്നു "ഇങ്ങക്കെന്താ ചീരേയമ്മെ ബാർസോപ്പിൻ്റെ മണം ?". ചേറ്റും  ചെളിയും എന്തെന്നറിയാത്ത കുഞ്ഞുമനസ്സിൻ്റെ നിഷ്കളങ്കതക്കു മുന്നിൽ അവർ ചൂളിക്കൊണ്ടു പറയും . " ഇൻ്റെ കണ്ടൻമൂപ്പര് വാസന സോപ്പൊന്നും മാടിച്ചോണ്ടരൂലോളേ . കള്ളും കുടിച്ചു മോന്തിക്ക്‌ വെര്ന്ന ഓല്ക്കെന്ത്‌ വാസനസോപ്പ്‌ ? ആ പിന്നെ പണീം കൈഞ്ഞിട്ട്ള്ള ചേറൊക്കെ എളക്കാനേ അലക്ക് സോപ്പന്യാ  നല്ലേ ".

പായൽ മൂടിയ ആ കുളമായിരുന്നു അവരുടെ എല്ലാം . അവരുടെ ഓരോ പകലുകളും ആ കുളക്കടവിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു . ഉദയാസ്തമനങ്ങളുടെ ഇടക്കുള്ള നാഴികകൾ പറമ്പത്തെ നായന്മാരുടെയും പാടത്തെ ചോവോന്മാരുടെയും വീടുകളിൽ പുറംപണിക്കും അടിച്ചുതളിക്കുമായി വീതിച്ചു .അവരാരും ചീരേയിയെ സ്നേഹിക്കാതിരുന്നില്ല . അവരുടെ കറുത്ത തൊലിപ്പുറവും മുറുക്കാൻ കറപിടിച്ച പല്ലുകളും ബാർസോപ്പിൻ്റെ ഗന്ധവും തുറിച്ച മാറിടങ്ങളും മാത്രമേ വലിയ വീടുകളിലെ പെണ്ണുങ്ങൾക്ക് അലോസരമുണ്ടാക്കിയുള്ളൂ . അവർ അടിച്ചു വെടിപ്പാക്കിയ മുറ്റത്തേയും പുൽതൈലത്തിൻ്റെ ഗന്ധമുള്ള കഴുകിവെളുപ്പിച്ച ശുചിമുറികളെയും എല്ലാ സ്ത്രീകളും സ്നേഹിച്ചു . ഭർത്താക്കന്മാരിൽനിന്നും തങ്ങളുടെ ശുചിത്വബോധത്തെപ്രതി ലഭിച്ച പ്രശംസാപത്രങ്ങൾ പഴംചോറിന്റേയും ഒഴിച്ചുകൂട്ടാന്റേയും രൂപത്തിൽ ആ മഹിളാരത്നങ്ങൾ വർദ്ധിച്ച സ്നേഹത്തോടെ അടുക്കളപ്പുറത്തുവച്ചു  ചീരേയിക്കു വിളമ്പി . മുഷിഞ്ഞ ഒറ്റമുണ്ടിനുള്ളിലെ വലിയ നിതംബങ്ങളിളക്കി നീരുകെട്ടി വീർത്ത ശരീരവുമായി വീടുകളിൽനിന്ന് വീടുകളിലേക്ക് പ്രാഞ്ചിപ്രാഞ്ചി  സഞ്ചരിക്കുമ്പോൾ നാട്ടുവഴിയുടെ ഓരത്തുള്ള പുറമ്പോക്കിലെ ചെറ്റപ്പുരയിൽനിന്നും മുറുക്കാൻ ചെല്ലമേന്തിയ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള വെള്ളത്തി വിളിച്ചു ചോദിക്കും "ഇയ്യിന്ന് ചെറേപ്പോയില്ലോളെ ?". അപ്പോൾ ഒരു ചീനക്കിണ്ണത്തിൽ തട്ടിയതുപോലുള്ള ചിലമ്പിച്ച ശബ്ദത്തിൽ ചീരേയി മറുപടി പറയും " തിരുമ്പാനിട്ടിക്ക്യേച്യേ...പണി കയ്ഞ് മോന്തിക്ക് ചെറേല് പോണം ". 

ചെറ ചീരേയിയുടെ സ്വന്തമായിരുന്നില്ല . അത് വിളയാട്ടുശേരി പടക്കുറുപ്പന്മാരുടെ മച്ചകത്തെ ഭഗോതി ശ്രീപോർക്കലിയുടെയും അതിനും മുൻപ് കോട്ടയം തമ്പുരാൻ്റെ ഇഷ്ടദേവത ലക്ഷ്മീനരസിംഹ മൂർത്തിയുടെയും ആയിരുന്നു . അയിത്തോച്ചാടനങ്ങളുടെ കറുത്ത അധ്യായങ്ങൾക്ക് ശേഷം അത് എല്ലാവരുടേതുമായിത്തീർന്നു. ഭഗോതിയെ ഉപാസിക്കാൻ വരുന്ന നമ്പീശനും കഴകത്തിനു വരുന്ന വാര്യരും കുളിക്കുന്ന അതേ ചിറയിൽ താഴ്‌വാരംചേരിയിലെ കരുമാടിക്കുട്ടന്മാർ നായനോ തീയനോ എന്നില്ലാതെ കുതിച്ചു  കുട്ടിക്കരണം മറിഞ്ഞു .  എതിരെയുള്ള കടവിലെ ഇടിഞ്ഞു താണ പടവുകളിലിരുന്ന് സ്ത്രീകൾ സൊറ പറയുകയും താളി തേക്കുകയും ചെയ്തു . മൂക്കളയൊലിപ്പിച്ചു നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന അഞ്ചു കുട്ടികളെയുംകൊണ്ട് ചീരേയി അവർക്കിടയിലൂടെ ഒരു കുളക്കോഴിപ്പിടയെന്നപോലെ അന്തിനേരം പായൽപ്പച്ചയിലിറങ്ങി നിർവൃതികൊണ്ടു . ചില സന്ധ്യകളിൽ ഭഗവതിയെയും കൂടെക്കുടികൊള്ളുന്ന കരുവോനെയും വേട്ടക്കരുവോനെയും തൊഴുതു .ആ സന്ധ്യകളിലൊന്നും മരിച്ച മക്കളുടെ വിഴുപ്പുകളലക്കുന്നതിനെപ്പറ്റി  അവർ സങ്കല്പിച്ചിരുന്നില്ല . മറിച്ചു വൈക്കോൽ മേഞ്ഞ പുരയിൽച്ചെന്ന് മൂക്കറ്റം കള്ളും കുടിച്ച്  ഉടുതുണിയുരിഞ്ഞു വരുന്ന കണവൻ കണ്ടൻ്റെ ഇടിയും തൊഴിയും പരാതികളില്ലാതെ കൊണ്ടു. അടിച്ചു തളിച്ച വീടുകളിൽനിന്നും കൊടുത്ത മുഷിഞ്ഞ നോട്ടുകൾ കൊണ്ട് വാങ്ങിച്ച നാളികേരമരച്ചു വെച്ച ചമ്മന്തിയും റേഷനരിയുടെ കഞ്ഞിയും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വിളമ്പി വീതിച്ചു . ശേഷം പാത്രം മോറിക്കമഴ്ത്തി , ചാണകം മെഴുകിയ ഒറ്റമുറിയുടെ മൂലയിൽ ഞാന്നുകിടക്കുന്ന മുലകളുള്ള ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ കുഞ്ഞുങ്ങൾക്കൊപ്പം ചുരുണ്ടുകൂടി .

(തുടരും ....)


15 comments:

 1. എല്ലാ മര'ണ'ങ്ങളുടെയും മൂന്നാം ദിവസം...
  പഴമയുടെ ഗന്ധമുള്ള ഹൃദ്യമായ അവതരണം!
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി സർ. തെറ്റ് തിരുത്തിയിട്ടുണ്ട് 😊

   Delete
 2. എഴുത്തിൽ പരന്ന് കിടക്കുന്ന ചീരേയിയും അവരുടെ ക്ഷാര ഗന്ധമുള്ള ജീവിതവും, ഹൃദയം കവർന്നു. മനോഹരം സൂര്യ 👌

  ReplyDelete
 3. Thanks Raji.. സ്നേഹം ❤️

  ReplyDelete
 4. സൂര്യമേ.ചീരേയിയെ മെന്ഞ്ഞടുക്കുന്നതിൽ സൂര്യ കാണിച്ചിട്ടുള്ള സൂക്ഷ്മത നല്ലൊരു ധ്യാനത്തിൽ നിന്ന് വന്നിട്ടുള്ളതായി തോന്നി ട്ടാ.ഇടതടവില്ലാതെ കുമിഞ്ഞു കൂടുകയും നിമിഷനേരം കൊണ്ട് ചിന്നഭിന്നമാവുകയും ചെയ്യുന്ന സോപ്പ് കുമിളകളും,മരണത്തിന്റെ വിഴുപ്പും,
  കുളക്കടവിൽ ഉദിച്ചു കുളക്കടവിൽ അസ്തമിക്കുന്ന അവരുടെ ദിനങ്ങളും,കുളക്കോഴിപ്പിടയെ പോലെ അവർ കുഞ്ഞുങ്ങളേ നയിക്കുന്നതും...അതിസൂക്ഷ്മമായ പാത്ര,പരിസര നിർമാണരീതിയുടെ തെളിവുകളായി നിൽക്കുന്നു.സലാം ട്ടാ...

  ReplyDelete
  Replies
  1. Thanks vijuchetta... ഇനിയും വെട്ടിയൊരുക്കാനുള്ള ഒരു കഥയാണിത്. ഇപ്പോൾ ഞാൻ ഇങ്ങനെ എഴുതി. ഇത് എന്റെ ബാല്യകൗമാരങ്ങളും അവിടെ കണ്ട കഥാപാത്രങ്ങളുമായി കൂടിപ്പിണഞ്ഞു കിടക്കുന്നു 🥰

   Delete
 5. ചെറയുടെയും ചീരേയിയുടേയുംഅവളുടെ കണവന്റെയും കഥകളാൽ ഇനിയുള്ള ചൊല്ലിയാട്ടങ്ങൾക്ക് കാത്തിരിക്കുന്നു 

  ReplyDelete
 6. കണ്ടിട്ടും ആരാലെയും കാണാെതെ പോകുന്ന ചില വ്യക്തിത്വങ്ങളുണ്ട്. ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ അവരുെടെ ശരീരത്തിലെ ഒരോ കോശങ്ങളിൽ നിന്നും കണ്ടെടുക്കാനാവും ഇതിഹാസങ്ങൾ തന്നെ .

  സൂര്യ അതിനുളള പുറപ്പാടിലാണ്.
  ആശംസകൾ.

  ReplyDelete
 7. നന്ദി സമാന്തരൻ ചേട്ടാ 🥰

  ReplyDelete
 8. സൂര്യയുടെ എഴുത്തുകൾ വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു പുതുമയുണ്ട് , എങ്കിൽ കഥകളിൽ നിറഞ്ഞു നിൽക്കുന്ന കാലത്തിൻ പഴമയുടെ ഒരു തനിമയുണ്ട് !! ചീരേയിയുടെ ഹൃദ്യമായ കഥ കൂടുതൽ അറിയാൻ എല്ലാരേയും പോലെ ഞാനും കാത്തിരിക്കുന്നു. എന്റെ ആശംസകൾ.

  ReplyDelete
 9. Thanks ഷഹീം ഭായ്... അടുത്ത ഭാഗം അടുത്ത് തന്നെ വരുന്നതായിരിക്കും 😊😊

  ReplyDelete
 10. മികച്ച എഴുത്തുകാരിൽ നിന്നും വരുന്ന രീതിയിൽ താങ്കൾ തകർത്തിട്ടുണ്ട്.

  മൂന്നാം ദിവസം വസ്ത്രം അലക്കാൻ പോകുന്ന ചടങ്ങ് എന്നതാണെന്ന് മനസ്സിലായിട്ടില്ല.

  ആ നെയ്ത്തുശാലയിലെ വൃദ്ധനും ഇവിടത്തെ വൃദ്ധയും ഒരുപോലെ .

  ReplyDelete
 11. വളരെ നന്നായി സൂര്യാ. ബാക്കി ഭാഗത്തിനായ് കാത്തിരിക്കുന്നു

  ReplyDelete
  Replies
  1. നന്ദി 🙏 അടുത്ത ഭാഗം പേനത്തുമ്പിൽ എത്തുമ്പോൾ തന്നെ പോസ്റ്റുന്നതായിരിക്കും 🥰

   Delete