അവനവനെ
തിരഞ്ഞു യാത്ര ചെയ്തവരെത്രയാണ് ? വന്കരകളിൽനിന്നു വന്കരകളിലേക്ക് ...ദ്വീപുകളിൽനിന്നു ദ്വീപുകളിലേക്ക് ...ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ...ഓർമകളിൽ നിന്നും മറവിയിലേക്ക് ...പിറവിയിൽ നിന്നും മൃത്യുവിലേക്ക് ...അങ്ങനെയങ്ങനെ യുഗങ്ങളായി നാം മനുഷ്യരെത്ര യാത്രകൾ ചെയ്തിരിക്കുന്നു ??
എൻ്റെ
സുഹൃത്തുക്കളിൽ ചിലർ ജ്വലിക്കുന്ന ഭൂമധ്യരേഖയിൽ നിന്നും തണുത്തുറഞ്ഞ ഹിമാനികൾ മൂടിയ ധ്രുവങ്ങളിലേക്ക് ദേശാടനക്കിളികളെപ്പോലെ
യാത്ര ചെയ്യുന്നവരാണ് . മറ്റുചിലരാവട്ടെ കായൽക്കരയിൽ ഉപ്പുകാറ്റേറ്റിരിക്കുന്ന ചില സായാഹ്നങ്ങളിൽ വെളിപാടുണ്ടായി ഹിമവാൻ രഹസ്യമായി പോറ്റുന്ന പുഷ്പങ്ങളുടെ താഴ്വരയിലേക്ക് ഒരുപ്പോക്ക് പോകുന്നവരും ..അവരോട് അസൂയ മൂത്തു പലപ്പോഴും കലഹിക്കാറുള്ള ഞാനോ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വിട്ടു ചെയ്ത യാത്രകൾ നന്നേ കുറവത്രെ . എങ്കിലും വിഖ്യാതരായ സഞ്ചാരികൾ
പറയാറുള്ളതുപോലെ വിധിഹിതമെന്നു
പറയട്ടെ ഞാനും ഇന്ത്യയുടെ പുരാതന നഗരമെന്നു വിളിക്കുന്ന വാരണാസിയിൽ ഒരിക്കൽ എത്തിപ്പെട്ടിട്ടുണ്ട് .
കാശിയിലേക്കു
സഞ്ചരിക്കുന്നത് മോക്ഷപ്രാപ്തിക്ക് എന്നാണ് കുഞ്ഞുനാളിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത് . അവിടെ മോക്ഷം ആരാണു തരിക ? കയ്യിൽ കൊണ്ടുനടക്കുന്ന മോക്ഷം പിന്നീട് എന്ത്
ചെയ്യണം ? അങ്ങനെ പല ചോദ്യങ്ങളും അപ്പോഴേ
എൻ്റെ തലയിലുദിച്ചു . ചോദ്യങ്ങൾ രാത്രികാലങ്ങളിൽ തലയിൽ സ്വൈരവിഹാരം നടത്തുമ്പോൾ യാതൊരു സ്വൈര്യവുമില്ലാതെ ഞാൻ ഉണർന്നിരിക്കുകയാണുണ്ടായത്
.
പിന്നീട്
വലുതായപ്പോൾ മുത്തശ്ശി പറഞ്ഞ മോക്ഷത്തിന് വെറും
വിടുതൽ എന്ന് മാത്രമേ അര്ഥമുള്ളൂവെന്നും , അത് ആര് തരുന്നു എന്നുള്ളതല്ല എന്തിൽനിന്നാണ് വേണ്ടത് എന്നാണ് ആലോചിക്കേണ്ടതെന്നും മനസ്സിലായി . എങ്കിലും സർവതിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് കാശിയിലേക്കു യാത്രതിരിക്കേണ്ടത് എന്നുമാത്രം മനസ്സിലായതുമില്ല. ഇടയ്ക്കിടെ സ്വൈര്യം കെടുത്തിയിരുന്ന ആ ചിന്തയിൽ നിന്നും
മുക്തിതരാൻ ഇപ്പോഴിതാ പ്രപഞ്ചം തന്നെ ഗൂഢപദ്ധതി തയ്യാറാക്കി എന്നെ ഇവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു
.
പതിയെ
ഞാൻ സഞ്ചരിച്ചിരുന്ന വിമാനം വാരാണസിയിലെ റൺവേയിലേക്ക് ഇറങ്ങുകയാണ് . എന്റെയടുത്തിരുന്നിരുന്ന വെളുത്തു മെലിഞ്ഞു സുന്ദരിയായ മധ്യവയസ്ക വളരെക്കാലം കൂടി
അവരുടെ ഭർത്താവിനരികിലേക്കു യാത്ര ചെയ്യുന്നു . അവർ
ചെറിയ ഒരു കണ്ണാടി കയ്യിലെടുത്തു ചുണ്ടിൽ ചായം അണിയുകയും മുടി കോതി ഒതുക്കി വെക്കുകയും ചെയ്തു . ബംഗളൂരുവിൽ നിന്നും വാരാണസി വരെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് അവരെന്നെ പൊതിഞ്ഞിരുന്നു . ഇറങ്ങിയ ഉടനെ അവരും ഭർത്താവും എനിക്ക് ഒരു ടാക്സി ഡ്രൈവറെ പരിചയപ്പെടുത്തിത്തരികയും അയാളോട് ഒരു മലയാളി കഫെയിൽ കയറ്റി ഇഡ്ഡലിയോ ദോശയോ വാങ്ങിത്തരണമെന്ന് ഏല്പിക്കുകയും ചെയ്തു . അപരിചിതത്വം മൂലം ഞാൻ കാണിക്കുന്ന അങ്കലാപ്പുകണ്ട് ഞങ്ങൾ
വാരാണസിക്കാർ സത്യസന്ധരാണെന്നു ചിരിച്ചുകൊണ്ട് ഉറപ്പുതരികയും ചെയ്തു . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്കാണ് എനിക്ക് പോകേണ്ടത് . അവിടെ സുഹൃത്ത് കോമൾ എന്നെ കാത്തിരിക്കുന്നു . തൊട്ടടുത്ത ദിവസം നടക്കാൻ പോകുന്ന ഇന്റർവ്യൂ ഫലം കണ്ടില്ലെങ്കിലും യാത്ര വെറുതെയാവില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട് . ഒരു പ്രീപെയ്ഡ് ടാക്സി വിളിക്കാമെന്ന് ഉറച്ചിരുന്ന ഞാൻ എന്തുകൊണ്ടോ ഒട്ടും പരിചയമില്ലാത്ത ആ ടാക്സിഡ്രൈവറെ വിശ്വസിക്കാൻ
തീരുമാനിച്ചു. 'ആയിയെ മാഡം ജി ' എന്ന് പറഞ്ഞു അയാൾ എന്റെ ഭാണ്ഡങ്ങൾ വാങ്ങി ഡിക്കിയിൽ വക്കുകയും നിമിഷനേരം കൊണ്ട് കാർ സ്റ്റാർട്ടാക്കുകയും ചെയ്തു . ഞാൻ ഇടയ്ക്കിടെ വഴി ശരിയാണോ എന്ന് ഗൂഗിളിനോട് തിരക്കിക്കൊണ്ട് പിൻസീറ്റിൽ ഇരുന്നു .
ബനാറസ്
ഒരു പൊടിപിടിച്ച അരണ്ട നഗരമാണ് . ഗംഗയുടെ തീരം ഇത്രയും വരണ്ടുകിടക്കുന്നതെങ്ങിനെയാണെന്നു
ഞാൻ അത്ഭുതപ്പെട്ടു .പഴയ കെട്ടിടങ്ങളുടെ
പൊളിഞ്ഞ അവശിഷ്ടങ്ങൾ പലയിടത്തും കാണാം . പുതിയ കെട്ടിടങ്ങൾ നന്നേ ചുരുക്കം . ഉണ്ടെങ്കിൽ തന്നെ പൊടിപിടിച്ചു നിറം മങ്ങി പഴേതെന്ന് തോന്നിക്കുന്നു . എങ്ങോട്ടെന്നറിയാതെ വലിച്ചുകെട്ടിയിരിക്കുന്ന ടെലിഫോൺ വയറുകളും വൈദ്യുതക്കമ്പികളും . ഈ നഗരത്തിലേക്കാണോ നിങ്ങൾ ആത്മീയ
യാത്ര ചെയ്യേണ്ടത് എന്ന് ഭാരതീയരോട് മുഴുവൻ ഉറക്കെ ചോദിയ്ക്കാൻ എനിക്ക് തോന്നി . വഴികൾ സംശയത്തോടെ വീക്ഷിക്കുന്നത് കണ്ട് ഡ്രൈവർ ഇവിടെ ആദ്യമാണോ എന്ന് എന്നോട് ചോദിച്ചു . ഞാൻ ഭയപ്പാടോടു കൂടി എന്റെ പ്രൊഫസർ ഇവിടെയാണെന്നും ഇടയ്ക്കിടെ ഞാനിവിടെ വരാറുണ്ടെന്നും തട്ടിവിട്ടു . പറഞ്ഞത് കള്ളമാണെന്ന് അപ്പഴേ ബോധ്യമായതുകൊണ്ട് അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു . ''മാഡം ജീ , ഡരിയേ മത് ! യെ ഗംഗാ മാ
കി ദേശ് ഹെ ". ഇത്രയും പറഞ്ഞയാൾ തെരുവോരത്തു കാർ നിർത്തി ഒന്നും പറയാതെ ഇറങ്ങി നടന്നു . അമ്പരന്ന് എന്തുചെയ്യണമെന്നറിയാതെ ഞാൻ കാറിൽ ഇരിക്കെ അല്പസമയത്തിനുശേഷം ഒരു പൊതിയുമായി അയാൾ മടങ്ങിവന്നു . ' ആപ് മൽയാലി ഹെ നാ ? യെ ലോ ഇഡ്‌ലി സാമ്പാർ പാഴ്‌സൽ '. എന്നിൽ നിന്നും നാലഞ്ചു വെള്ളരിപ്രാവുകൾ ഒരുമിച്ചു പറന്നുപോയപോലെ തോന്നി . പിന്നീട് ഞാൻ അയാളോട് നന്ദി പറയുകയും എന്തിനാണിവിടെ വന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു . വാരണാസിയെപ്പറ്റി കേട്ട കാര്യങ്ങൾ ശരിയാണോ എന്നന്വേഷിച്ചപ്പോൾ അയാൾ ചോദിച്ചത് ഇതാണ് . 'ആപ് യഹാം ക്യും ആയി ? മോക്ഷ് പാനെ കേലിയെ യാ നൗകരി മിൽനെ കേലിയെ ?' രണ്ടും തരപ്പെട്ടാൽ നന്ന് എന്ന് ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു .
(തുടരും.....)
ഓഹ്... പറയാൻ വാക്കുകളില്ലാത്ത പോലെ..
ReplyDeleteമോക്ഷം എന്നത് മോക്ഷമില്ലാത്ത വാക്കാണെന്ന് തോന്നുന്നു.
(എന്നിട്ട് ആ ഇഡ്ഡലി കഴിച്ചോ? 😛)
ഇഡ്ലിയുടെ കഥയറിയാൻ അടുത്ത ഭാഗം വായിക്കൂ..
Deleteആപ് ഡറിയെ മത് ഹം സാത് ഹേന... ലിഖോ.. ഹം ഇന്തസാർ കരേഗ....
ReplyDeleteസരൂർ ലിഖൂൻഗി..ഹം സാത് ചലേൻഗേ ഗംഗാ കിനാരെ....
Deleteഗുരൂന്റെ ഖബറിടത്തിൽ പച്ച മണ്ണ് വാരിയിടാനാണ്
Deleteപരിപാടിയെങ്കിൽ
3ആമത്തെ ഐസ് ക്യൂബ് വീഴാൻ നുമ്മ സമ്മയ്ക്കില്ല ട്ടാ
നാലാം നിലയിൽ പച്ചമണ്ണെവിടെ മാഷേ 😄
Deleteയാത്രാ വിവരണങ്ങൾ വായിക്കാൻ ഇഷ്ടമാണ് . പ്രത്യേകിച്ച് കാണാത്ത ഇടങ്ങളെ പറ്റിയുള്ളത് . !! മനോഹരമായി എഴുതിയിരിക്കുന്നു സൂര്യ .. കൂടെ യാത്ര ചെയ്തതുപോലെ ...
ReplyDeleteനന്ദി കല്ലോലിനി. ഓരോ യാത്രകളും ചില തിരിച്ചറിവുകളിലേക്കുള്ളതാണല്ലോ..ഇതും അങ്ങനെ തന്നെ
Deleteസൂര്യ.
ReplyDeleteഒരു യാത്രാ കുറിപ്പിന് പ്രതീക്ഷിക്കാത്ത അമുഖവും,തുടർച്ചയിലേക്ക് അവസാനിപ്പിക്കുന്നിടത്ത് ചെറുതല്ലാത്ത ആകാംക്ഷയും നൽകി ചെറുയാത്രയുടെ കഥ തുടക്കം പൊരിച്ചു.
യാത്രയുടെ നനാർത്ഥങ്ങളിൽ വല്ലാതെ ഉടക്കിപ്പോയി.
ഓരോ യാത്രയും എന്ത് മാത്രം അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവർ എങ്കിലും ഓരോരുത്തർക്കും വ്യത്യസ്തമായ ലക്ഷ്യങ്ങൾ. ബനാറസ് പൊടിപിടിച്ച നഗരമാണെങ്കിലും ആ പൊടിയുടെ പിന്നിൽ ഒരുപാടു കഥകളുറങ്ങുന്നുണ്ട്. സൂര്യ അവയൊക്കെ പെറുക്കിയെടുത്തു നാലാം നിലയിലെ മണിച്ചെപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്നും, സമയം പോലെ ഓരോന്നായി തുടച്ചു മിനുക്കി ഇവിടെ ഇടുമെന്നും കരുതുന്നു
ReplyDelete"കണ്ടതെല്ലാം മനോഹരംഇനി കാണാനിരിക്കുന്നതു അതിമനോഹരം"
ReplyDeleteസുര്യയുടെ യാത്രകുറിപ്പ് ഒരുപാട് ഇഷ്ടായിട്ടോ. ഈ യാത്രാ വിവരണത്തിന് ഇങ്ങനെ ഒരു ആമുഖം വേണ്ടിയില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്, ഒരു പൊരുത്തമില്ലായ്മ പോലെ ഫീൽ ചെയ്തു എനിക്ക്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
എന്റെ അക്ഷരങ്ങൾക്ക് ഒട്ടും അനുസരണയില്ലാ ആദി, ചിന്തകൾ പാറുന്നിടത്തേക്കു അവയും സഞ്ചരിക്കുന്നു.. പൊരുത്തക്കേടുകൾ ഉണ്ടെന്ന് എനിക്കും അറിയാം. ഇനി ശ്രദ്ധിക്കാം കേട്ടോ
ReplyDeleteയാത്രയിലെ കാഴ്ചകെളെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ പരിചയപ്പെടുന്ന വ്യക്തികളുടെ കഥ പറയുന്നത് എന്നിക്കേറെ ഇഷ്ടമാണ്. ഒരു യൂ ഏ ഖാദർ െൈസ്റ്റൽ
ReplyDeleteസത്യമാണ് ഉദയൻ സർ പറഞ്ഞത്. ഞാൻ സ്ഥലങ്ങളുടെ ചരിത്രവും ചിത്രവും മനസ്സിൽ സൂക്ഷിക്കാറില്ല. എന്നാൽ കണ്ടുമുട്ടിയ മനുഷ്യരെ, അപ്പോൾ മനസ്സിൽ കടന്നുപോയ ചിന്തകളെ മറക്കില്ല താനും.. അതുകൊണ്ട് എഴുതുന്നത് യാത്രാവിവരണം തന്നെയാണോ എന്നും സംശയം 😄
Deleteപഴമയുടെ മണം. പൊടി. ഒരു പഴഞ്ചൻ കാറും അപരിചിതമായ നഗരവും. ഇഴപിരിച്ചെടുക്കാനാവാത്ത മിശ്രഭാവങ്ങൾ തന്നു ഈ ഭാഗം. തുടർന്നു വായിക്കട്ടെ.
ReplyDeleteരണ്ടും തരപ്പെടട്ടെ..
ReplyDeleteമനസ്സിൽ നിറഞ്ഞ സന്തോഷം ആസ്വാദ്യകരമായ വരികളിൽ തിളങ്ങി നില്ക്കുന്നു! ആശംസകൾ
ReplyDeleteയാത്ര വല്ലാത്തൊരു അനുഭവമാണ് നമുക്ക് സമ്മാനിക്കുക.ചില യാത്രകൾ മായാതെ നിൽക്കും....വാരാണസി, കേട്ടിട്ടുണ്ട്, കൂടുതൽ അറിയില്ല.
ReplyDeleteബനാറസ് ഒരു പൊടിപിടിച്ച അരണ്ട നഗരമാണ് . ഗംഗയുടെ തീരം ഇത്രയും വരണ്ടുകിടക്കുന്നതെങ്ങിനെയാണെന്നു ഞാൻ അത്ഭുതപ്പെട്ടു .പഴയ കെട്ടിടങ്ങളുടെ പൊളിഞ്ഞ അവശിഷ്ടങ്ങൾ പലയിടത്തും കാണാം . പുതിയ കെട്ടിടങ്ങൾ നന്നേ ചുരുക്കം . ഉണ്ടെങ്കിൽ തന്നെ പൊടിപിടിച്ചു നിറം മങ്ങി പഴേതെന്ന് തോന്നിക്കുന്നു . എങ്ങോട്ടെന്നറിയാതെ വലിച്ചുകെട്ടിയിരിക്കുന്ന ടെലിഫോൺ വയറുകളും വൈദ്യുതക്കമ്പികളും . ഈ നഗരത്തിലേക്കാണോ നിങ്ങൾ ആത്മീയ യാത്ര ചെയ്യേണ്ടത് എന്ന് ഭാരതീയരോട് മുഴുവൻ ഉറക്കെ ചോദിയ്ക്കാൻ എനിക്ക് തോന്നി
ReplyDelete