ചുമട്ടുകാരിപ്പെണ്ണ്


ഇടയ്ക്കിടെ ഞാൻ കായൽക്കരയിൽ ചെന്നിരിക്കാറുണ്ട് . ഇരമ്പുന്ന നഗരത്തിന്റെ കോലാഹലങ്ങളിൽനിന്ന് ഒരു ഇടവേള എന്ന വ്യാജേന ജീവിതത്തിന്റെ കണക്കുപുസ്തകം തുറന്ന് കൂട്ടിയതും കുറച്ചതുമെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്താൻ രഹസ്യമായി ഞാനവിടെ പോകുന്നു . അങ്ങ് ദൂരെനിന്നും കപ്പലുകൾ പതുക്കെ ആടിയാടി തുറമുഖത്തേക്കടുക്കുന്നതു കാണാം . അവയുടെ പള്ള നിറച്ചും ഞാനിതുവരെക്കണ്ടിട്ടില്ലാത്ത ഏതോ വൻകരകളിലെ കടൽവെള്ളമാണ് . സമ്പന്ന രാഷ്ട്രങ്ങളുടെ മൂന്നാംകിട ഉൽപ്പന്നങ്ങൾ നിറച്ച് ദരിദ്രരെ തേടിയെത്തുന്ന അവ ആഴം കുറഞ്ഞ കായലിലേക്ക് കടക്കുമ്പോൾ ആ വെള്ളം ഛർദിക്കാറുണ്ട് . ഞാനും അവയെപ്പോലാണ് . അഗാധവും നിഗൂഢവുമായ ഹൃദയങ്ങളാണെനിക്കിഷ്ടം . ആഴം കുറഞ്ഞ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ എനിക്ക് ഓക്കാനം വരുന്നു . അല്ലെങ്കിലും ഹൃദയങ്ങളുടെ ആഴം അളക്കാനറിയുന്ന ഉപകരണങ്ങൾ ആരുടെ കയ്യിലാണുള്ളത് ??
എന്നും പ്രിയപ്പെട്ട ഉപ്പുകാറ്റേറ്റ്‌ നിശ്ചലയായിരിക്കുമ്പോൾ കപ്പലുകൾക്കും എന്നെപ്പോലെ ജീവനുണ്ടെന്നു തോന്നും . ഈ ഭൂഗോളത്തിലെ സകലതിനും ജീവനുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . കറങ്ങുന്ന പമ്പരത്തിനും പറക്കുന്ന പട്ടത്തിനും ജീവനുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിച്ച കുട്ടിയായിരുന്നു ഞാൻ . ഞങ്ങളുടെ വീട്ടിലെ റേഡിയോക്കുള്ളിൽ യേശുദാസും ചിത്രയും ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മകളായതുകൊണ്ടാണ് സുജാത പാടുന്നതെന്നും ഞാൻ സത്യമായും വിശ്വസിച്ചു .മുറ്റത്തെ വയസ്സൻ ശീമക്കൊന്നമരത്തിൻറെ ചില്ലയിൽ സ്ഥിരമായി വന്നു പാടാറുള്ള മണ്ണാത്തിപ്പുള്ള് എൻ്റെ ജനാലക്കലേക്കു നീങ്ങിയിരിക്കുന്നത് എന്നോടുള്ള ഇഷ്ടംകൊണ്ടാണെന്ന് ഞാൻ വീമ്പു പറഞ്ഞു . പിന്നീട് കൗമാരത്തിൽ ഗേറ്റിലെ കത്തുപെട്ടിയിൽക്കിടന്ന് ഒരിക്കൽ കിട്ടിയ ആമ്പൽപൂവ് എന്നെ രഹസ്യമായി സ്നേഹിക്കുന്ന ഏതോ കാമുകൻ ഇട്ടിട്ടു പോയതാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു . എന്നെ കഠിനമായി ആരാധിച്ചിരുന്ന ആ അനുരാഗിയോട്‌ അയാളുടെ കയ്യിലുണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്ന കാളിദാസന്റെ ഋതുസംഹാരം ഒന്ന് കടം തരുമോയെന്നു അച്ഛൻ വാങ്ങിച്ചു തന്ന കരിനീല വിരിപ്പിനടിയിൽക്കിടന്ന് ഞാൻ കളിയായി ചോദിക്കാറുണ്ടായിരുന്നു . അങ്ങനെയാ സങ്കൽപ്പ ലോകത്തിലടയിരുന്നു ഞാനെന്റെ ചിന്തകളെ വിരിയിച്ചു . എന്നാൽ ഇടയ്ക്കിടെ ഓക്കാനിച്ചുകൊണ്ടാണെങ്കിലും അന്യഗ്രഹ ജീവിയെപ്പോലെ ഞാൻ പുറത്തിറങ്ങാറുണ്ട് . ആഴ്ചയിലൊരിക്കൽ കായൽക്കരയിലെ ഈ മൂലയിലിരുന്നു രഹസ്യമായി ഞാനതു സാധിക്കുന്നു .
അങ്ങനെയിരിക്കെ കണ്ടതാണാ ചുമട്ടുകാരിപ്പെണ്ണിനെ . അരികിലുള്ള കെട്ടിടത്തിൽ അവൾ സിമെന്റുകട്ടകൾ ചുമന്നുകൊണ്ടിരുന്നു .പലകമേൽ നിരത്തിവെച്ചു ആയാസത്തോടെ അവ തലയിലേക്കെടുത്തു കയറ്റുന്നതിനിടയിൽ പൊടുന്നനെ ഒരാൾ - ഭർത്താവാണെന്നു തോന്നുന്നു - കടന്നുവന്ന് അവളെ പുലഭ്യം പറയുകയും തുരുതുരെ അടിക്കുകയും ചെയ്തു . മുടിക്കെട്ടിൽ പിടിച്ചു പിറകോട്ടുവലിച്ചു ബ്ലൗസിനുള്ളിൽ തിരുകിവച്ചിരുന്ന കുറച്ചു മുഷിഞ്ഞ നോട്ടുകൾ പിടിച്ചുപറിച്ചെടുത്തു് അയാൾ കടന്നുപോവുമ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ കീറിയ ഭാഗം മറക്കാൻ ഉടുതുണി അൽപ്പം മേല്പോട്ടു കയറ്റിക്കുത്തി പൂച്ചക്കണ്ണുള്ള അവൾ പണിതുടർന്നു . എനിക്ക് അവളെ അറിയില്ല . ഞാൻ ശീതീകരിച്ച മുറിയിലിരുന്ന് ആഗോള താപനത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോൾ പൊള്ളുന്ന വെയിൽ അവളുടെ തൊലിപ്പുറം കറുപ്പിക്കുന്നു . അങ്ങ് ദൂരെ ധ്രുവങ്ങളിലെങ്ങോ ഉരുകുന്ന ഹിമാനികൾ എന്നാണീ ലോകത്തെ മുക്കിക്കളയുക എന്ന് ഞാൻ പ്രയാസപ്പെട്ടു കണക്കു കൂട്ടുമ്പോൾ അവൾ നിസ്സംഗതയോടെ ഓരോ വൈകുന്നേരങ്ങൾക്കുവേണ്ടിയും കാത്തുനിൽക്കുന്നു . ഹൃദയത്തിൽ കത്തിയാഴ്ത്തിയവനെ ചുംബിച്ചാനന്ദം കണ്ടെത്തിയവളാണവൾ . സ്വന്തം ഹൃദയം തുണ്ടു തുണ്ടായരിഞ്ഞു അവൾ അയാൾക്ക്‌ ഇട്ടുകൊടുത്തിട്ടുണ്ടാവണം . അയാൾ ഒരു കൂനനുറുമ്പിനെപ്പോലെ അവയെല്ലാം തിന്നു തീർത്തിട്ടുണ്ടാവണം . അങ്ങനെയവൾ ഉറുമ്പിൻകുഞ്ഞുങ്ങളെ പെറ്റു പോറ്റി. അവളുടെ സ്നേഹത്തിനു രക്തത്തുള്ളിയുടെ ചുവപ്പുനിറമാകില്ല . വെയിൽദാഹത്തിന്റെ മഞ്ഞനിറവുമല്ല . ഈ കായലിൽ കണ്ണാടിനോക്കുന്ന ആകാശത്തിന്റെ നീലനിറമാവുംഅതിനെന്ന് ഞാൻ സങ്കൽപ്പിച്ചു. അത്രമേൽ ശാന്തവും അനന്തവുമത്രെ ആ പൂച്ചക്കണ്ണുകൾ .
എനിക്ക് അകാരണമായ ഒരു ആധി അനുഭവപ്പെട്ടു . എൻ്റെ സങ്കൽപ്പങ്ങളുടെ കൂട്ടിൽ യാഥാർഥ്യങ്ങളുടെ ചില കുയിൽമുട്ടകൾ ഇടയ്ക്കിടെ വിരിയാൻ തുടങ്ങിയിരിക്കുന്നു .

10 comments:

  1. ഇതിനു മറുവാക്ക് എന്നെ കൊണ്ട് സാധ്യമല്ല.. രണ്ടു സാമൂഹിക വ്യവസ്ഥിതിയെ ഇത്രയും മനോഹരമായി എഴുതി ചേർക്കാൻ സാധിച്ചിരിക്കുന്നു..

    സാഹിത്യം അലകടലായി ഒഴുകുകയാണ്.

    ""അല്ലെങ്കിലും ഹൃദയങ്ങളുടെ ആഴം അളക്കാനറിയുന്ന ഉപകരണങ്ങൾ ആരുടെ കയ്യിലാണുള്ളത് ??""

    ഇഷ്ടപ്പെട്ട വരി..

    ReplyDelete
  2. Ithinte udama aranennu manassilayilla. Sahithyam assalayi. Nalla ezhuthu. Athimanoharam shaily . Ella ashamsakalum . Iniyum thudaruka

    ReplyDelete
  3. ചിന്തയ്ക്കു വകനല്കുന്ന നല്ല എഴുത്ത്... മനോഹരമായ അവതരണം... നല്ല ഒഴുക്കോടെ വായിച്ചു. ആശംസകൾ..
    .

    ReplyDelete
  4. ഒന്നിനൊന്നു ഗംഭീരമാകുന്നു (അത്ര തന്നെ ഗഹനവും) എഴുത്ത്.... തുടരുക... കാത്തിരിക്കുന്നു...

    ReplyDelete
  5. കൊള്ളാം.നല്ല ഇഷ്ടം.

    അടുത്ത പോസ്റ്റിൽ കാണാം.

    ReplyDelete
  6. ഞാനും വായിച്ചു എനിക്കും ഇഷ്ടപ്പെട്ടു. ഈ തൊട്ടു മുകളിൽ കമന്റ് ചെയ്തിട്ടുള്ള ആളുകളെല്ലാം വന്ന അതെ വഴിയാണ് ഞാനും ഇവിടെ എത്തിപ്പെട്ടത് ;-)

    സൂര്യ ഇനിയും എഴുത്തു തുടരുക.. പിന്നെ ഒരു തീരെ ചെറിയ കാര്യം. ഇവിടെ കമന്റ് ഇട്ട എല്ലാവരുടെയും ബ്ലോഗ് സന്ദർശിക്കാനും, വായിക്കാനും കമന്റ് ചെയ്യാനും ശ്രമിക്കുക. അത് പിന്നീടും ഈ ബ്ലോഗിൽ വരാനും, വായിക്കാനും കമന്റ് ചെയ്യാനുമുള്ള താല്പര്യത്തെ കൂട്ടും എന്നാണ് എന്റെ അഭിപ്രായം :-).

    ReplyDelete
  7. കണ്ണു കൊണ്ടു കണ്ടതിനെ മനസ്സുകൊണ്ടറിയുമ്പോഴല്ലേ നല്ലെഴുത്ത് ഉണ്ടാകുന്നത്.

    നന്ദി സൂര്യ.

    ReplyDelete