ഇനി യാത്ര അൽമോറയിലെക്കാണ്. അവിടെയാണ് ലഘുദിയാർ ഗുഹകൾ ഉള്ളത്. അതിന്റെ ചുവരുകളിൽ ആദിമ മനുഷ്യർ വരച്ച ചിത്രങ്ങൾ കാലം ദയയോടെ മായ്ച്ചു കളയാതെ അവശേഷിപ്പിച്ചിരിക്കുന്നു. കുളു വിലെ ക്ഷേത്രസംസ്കൃതികൾ പിറക്കുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തികച്ചും പ്രാകൃതരായ പാലിയോലിതിക് മനുഷ്യർ ചുവപ്പിലും കറുപ്പിലും വെളുപ്പിലും കോറിയിട്ട ചിത്രങ്ങൾ. അവയിൽ മനുഷ്യരൂപങ്ങളുണ്ട്, മൃഗങ്ങളുണ്ട്. വെറും ആകൃതികളും രേഖകളുമുണ്ട്. അവയെല്ലാം തനിക്കു മനഃപാഠമാണ്. അവയിലോരോന്നും ഓർത്തെടുത്തുകൊണ്ടിരിക്കെ ഹേമ കുട്ടികളോട് പറയുന്നത് കേട്ടു. " we have arranged a camp near Lakhudiyar caves. We may take almost a day to reach there. So you've got a whole day for leisure in between. Enjoy!"
കുട്ടികൾ യാത്രയുടെ ലഹരിയിലായിരുന്നു. യുവത്വം എന്തിനെയും ആഘോഷമാക്കുന്നു. എന്തിനെയും വേഗത്തിലാക്കുന്നു. ദിവസങ്ങൾക്കു നിമിഷാർദ്ധങ്ങളുടെ വേഗതയും ചിന്തകൾക്ക് പ്രകാശത്തിന്റെ വേഗതയും അത് സമ്മാനിക്കുന്നു. പ്രായമേറുംതോറും ചിന്തയുടെ ഒരു ബിന്ദുവിൽ നിന്നും അടുത്ത ബിന്ദുവിലേക്കെത്താൻ മനുഷ്യൻ ഒരുറുമ്പിനെപ്പോലെ നിരങ്ങി നീങ്ങി ബുദ്ധിമുട്ടേണ്ടി വരുന്നത് എത്ര വിചിത്രം. ഇനിയൊരു പാതി ജീവിതം കൂടി ബാക്കിയുണ്ടെന്നു സങ്കല്പിച്ചാൽ തന്നെയും തന്റെ യൗവ്വനം പ്രകാശവർഷങ്ങൾക്കും അപ്പുറമാണെന്ന് അയാൾക്ക് തോന്നി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താനൊരു വൃദ്ധനായിരിക്കുന്നു. താമോഗ്നയുടെ ചോദ്യം അയാളെ ചിന്തകളിൽ നിന്നുണർത്തി "ഞങ്ങൾക്കു പഠിക്കാൻ ഏതജ്ഞാത ഗുഹകളാണ് ദേവ് നിങ്ങൾ അൽമോറയിൽ കണ്ടു വച്ചിരിക്കുന്നത്?
" ലഘുദിയാറിൻറെ പരിസരത്തെവിടെയോ പുതിയൊരു ഗുഹാമുഖം കണ്ടെത്തിയിട്ടുണ്ടത്രേ. Let's see whether we can find out some motifs over there". അയാൾ തമോഗിനെ നോക്കി കണ്ണിറുക്കി. അപ്പോൾ അവൾ തുടർന്നു
" I have read your book about rock art of Kumaon hills. എനിക്കത്ഭുതം തോന്നി. ഗവേഷണത്തെക്കാളേറെ നിങ്ങളെ അതിനോടടുപ്പിക്കുന്ന മറ്റെന്തോ ഉണ്ട് . നിങ്ങൾ നൽകുന്ന വിശദീകരണങ്ങളെനുസരിച്ചു അതിൽ ചിലവയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും സൂചനകളുണ്ട്. They are very different from hunters and gatherers of Lakhudiyar. അവയെല്ലാം വിവരിച്ചിരിക്കുന്നത് ഗവേഷകനേക്കാളുപരി ഒരു കഥാകാരന്റെ തലത്തിൽ നിന്നാണ്. വ്യക്തമായ തെളിവുകളൊന്നുമില്ലാഞ്ഞിട്ടും കാർഷികസംസ്കൃതി അന്നേ രൂപപ്പെട്ടു തുടങ്ങിയിരിക്കണം എന്ന് നിങ്ങൾ ഉറപ്പിച്ചു പറയുന്നു. You might have got a lot of critisism for that". അവൾ ജിജ്ഞാസയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാളപ്പോൾ അവിടെയെങ്ങും ആയിരുന്നില്ല. ലഘുദിയാറിന്റെ ചുവരുകളിൽ പതുക്കെ തെന്നി നീങ്ങുന്ന തൂവെള്ള വിരലുകളിലായിരുന്നു. അതിലെ ചിത്രങ്ങളെ അത്ഭുതത്തോടെ നോക്കുന്ന പച്ചനിറം കലർന്ന രണ്ടു നക്ഷത്രക്കണ്ണുകളിലായിരുന്നു.
താമോഗ് നിരാശയോടെ പറഞ്ഞു "നിങ്ങൾ മറ്റെവിടെയോ ആണ്. ഞാൻ പറഞ്ഞതൊന്നും കേട്ടതേയില്ല". അയാൾ പൊടുന്നനെ പിറു പിറുത്തു . " That's the place where Tanya confessed her love". താൻ പോലുമറിയാതെ വന്ന മറുപടി അയാളെ ഞെട്ടിച്ചു കളഞ്ഞു.നശിച്ച നിമിഷം. വിളർത്തു പോയ അയാൾ ഇപ്പോൾ താനെന്തിനാണത് പറഞ്ഞത് എന്ന് അമർഷത്തോടെ ചിന്തിച്ചു. മുന്നിലിരിക്കുന്നത് ശിഷ്യയാണ്. അവളെ നോക്കാൻ അയാൾ പണിപ്പെട്ടു. അവൾ ഞെട്ടിയോ? നിരാശപ്പെട്ടോ? അതോ പുച്ഛമാണോ? മറ്റെന്താണവൾക്കു തോന്നിക്കാണുക? മുഖത്തു നോക്കാൻ ആശക്തനായിരുന്ന അയാളെ ബലം പ്രയോഗിച്ചവൾ തന്റെ നേർക്കു തിരിച്ചു. വർഷങ്ങളായി മറഞ്ഞിരിക്കുന്ന ഒരു ഗുഹാചിത്രം കണ്ടെത്തിയതുപോലെ ദീപ്തമാണ് അവളുടെ കണ്ണുകൾ . " ദേവ്, പറയൂ! നിങ്ങളുടെ പെൺകുട്ടിയെപ്പറ്റി പറയൂ!"
ഖോഖാനിലെ മരമണികളുടെതായിരുന്നില്ല ഇപ്പോളവളുടെ സ്വരം. നിശബ്ദം പിറവിയെടുക്കുന്ന പുലരിയിൽ താഴ് വരയിലെങ്ങോ ഉതിർന്നു വീഴുന്ന മഞ്ഞുപോലെ നനുത്ത സ്വരം. അവൾ മാത്രം കേൾക്കേണ്ട നിഗൂഢ ഗാഥയാണതെന്ന പോലെ. അയാൾ യാന്ത്രികമായി പറഞ്ഞു. "Nothing much. We have been together for a few years. She loved me more than anything. I was her world. But I couldn't reciprocate!"
താമോഗ്ന ഒട്ടും ആശ്ചര്യപ്പെട്ടില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി. അവൾ വീണ്ടും സംശയങ്ങൾ ഒന്നും ഉന്നയിച്ചില്ല എന്നതും. "Don't you think that Dr. Devdut is a ruthless barbarian?"ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചുണ്ടുകളിലെവിടെയോ പടരുന്ന പുഞ്ചിരിക്കിടയിലൂടെ മഞ്ഞുതിർന്നു. "No! Certainly not!
Why? അയാൾ കളിയായി ചോദിച്ചു.അവളപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."You will soon understand that"