ശിലീഭൂതം - 12

 അന്ന് രാത്രി അയാൾ ഉറങ്ങിയില്ല. കണ്ണടക്കുമ്പോൾ പ്രളയം. പ്രളയത്തിൽ സുയാൽ ഗതി മാറി ഒഴുകുന്നു. ഞെട്ടിയുണരുമ്പോൾ ഭയം തന്നിലേക്ക് അരിച്ചു കയറുന്നു. എന്തിനെന്നറിയാത്ത ഭയം.ഇത്രനാൾ ഒരേ വൃത്തത്തിൽ വീണ്ടും വീണ്ടും സഞ്ചരിക്കുകയായിരുന്നു താൻ. അനേകം സംസ്കൃതികളുടെ നിഗൂഢ ഭൂതകാലങ്ങൾ തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. ഒരേ സഞ്ചാര പഥത്തിന്റെ വിരസതയോട് താൻ എന്നേ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പരിചിതമല്ലാത്ത ഏതോ പാതയിലേക്ക് എടുത്തെറിയപ്പെടുന്നതിനു തൊട്ടു മുൻപുള്ള നിമിഷം പോലെ അനുഭവപ്പെടുന്നു ഈ രാത്രി. താനും ഗതി മാറി ഒഴുകുകയാണോ? അയാൾ കൂടാരത്തിൽ നിന്നും പലവട്ടം പുറത്തു ക ടക്കുകയും വീണ്ടും അകത്തുപോയി ഉറങ്ങാൻ ശ്രമിക്കുകയും ചെയ്തു.


ഇനിയും മൂന്നു രാത്രികൾ കൂടി ബാക്കിയുണ്ട്. കുട്ടികളുടെ കൂടെ... ഹേമയുടെ കൂടെ.. പിന്നെ അത്ഭുത ദ്വീപിൽ നിന്നെത്തിയ മായാവിനിയുടെ കൂടെ! പുലരാറായപ്പോൾ ഭാരിച്ച ശരീരവും മനസ്സും അൽപനേരം മയങ്ങി.പ്രഭാത ഭക്ഷണത്തിനു തിരക്കു കൂട്ടുന്ന കുട്ടികളുടെ ബഹളം കേട്ടാണുണർന്നത്.കാപ്പിക്കപ്പുകൾ പിഞ്ഞാണങ്ങളിൽ മുട്ടി അവർ ഹേമയുടെ പരിചാരകരോട് ഭക്ഷണം വേഗമെത്തിക്കാൻ ആവശ്യപ്പെടുന്നു. വിക്ടർ ഒരു മടക്കുകസാരയിലിരുന്ന് നിലത്തിരിക്കുന്ന താമോഗ്നയുടെ ചുരുണ്ട മുടി ഒതുക്കിക്കെട്ടാൻ ശ്രമിക്കുകയാണ്‌. ഇടയ്ക്കിടെ എന്തോ പറഞ്ഞ് അവളെ കളിയാക്കുന്നുമുണ്ട്. ഇന്നെന്തേ അവൾ നേരത്തെ ഉണർന്നത്? അവളുടെ പിൻകഴുത്തിലെ മരതക മറുക് അവൻ കാണുമെന്നോർത്ത് അയാൾക്ക് നേരിയ അലോസരം തോന്നി. അതുകൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു "Victor, where is Hema? Is she still asleep?" എന്നിട്ട് അടുത്തേക്ക് ചെന്ന് അല്പം ആശ്ചര്യം നടിച്ച് തമോഗ്നയെ നോക്കിപ്പറഞ്ഞു " Oh! You are early today! Great!" അപ്പോളവൾ മുടി മാടി വെച്ച് എഴുന്നേറ്റിട്ടു പറഞ്ഞു " Actually I'm on my same schedule. You woke up late today. Anyway I will get Hema"


ഹേമ പതിവിലേറെ ഉത്സാഹത്തോടെയാണ് അന്ന് കുട്ടികൾക്കിടയിലേക്ക് വന്നത്. ഫീൽഡ് സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദിവസങ്ങളുടെ തുടക്കമാണിതെന്ന് അവർ പറഞ്ഞു. ഭക്ഷണശേഷം ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും ഉത്ഘനനം ചെയ്യാൻ ഉപയോഗിക്കാറുള്ള ഉപകരണങ്ങൾ അവർ പരിചയപ്പെടുത്തി. ചില തരം ചെറു ഉളികൾ ബ്രഷുകൾ, വാട്ടർ ജെറ്റുകൾ തുടങ്ങിയവ. പല ചിത്രങ്ങളും പായൽ വന്നു മൂടിയിരിക്കും. ചിലവയിൽ വളരെക്കാലം കിനിഞ്ഞൊഴുകിയ വെള്ളം അവശേഷിപ്പിച്ച ധാതുക്കളും ചുണ്ണാമ്പുകൽപാളികളും പറ്റിപ്പിടിച്ചിരിക്കും. വളരെ ശ്രദ്ധയോടെ അവയെല്ലാം ഇളക്കിയെടുക്കുകയും കഴുകി വൃത്തിയാക്കുകയും വേണം.  ചിത്രങ്ങൾക്ക് അല്പം പോലും കേടുപാടുകൾ പറ്റുകയുമരുത്. ശ്ര മകരമായ ജോലിയാണത്. പക്ഷെ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആകുമത്. അവർ കൂട്ടിച്ചേർത്തു. " ഏറ്റവുമൊടുവിൽ പരമാവധി ചിത്രങ്ങൾ പകർത്തുക. പകർപ്പുകളുണ്ടാക്കുക. ഇത് വരെ ആരും കണ്ടെത്തിയിട്ടില്ലാത്ത ഭൂതകാല രഹസ്യങ്ങൾ ചിലപ്പോൾ നിങ്ങൾ കണ്ടെത്തിയേക്കാം. അവ പ്രബന്ധങ്ങളാക്കുക. ഒരു പക്ഷെ അത് പകർന്നു തരുന്ന അറിവുകൾ മാനവികതയുടെ ചരിത്രത്തെത്തന്നെ മാറ്റിയെഴുതിയേക്കാം. വളരെ ഉത്തരവാദിത്തപ്പെട്ട ജോലിയാണ് നിങ്ങൾ ചെയ്യുവാൻ ആരംഭിക്കുന്നത് എന്ന ബോധ്യമുണ്ടായിരിക്കുക. Godspeed Kidos! You are with a person of immense experience.. He will guide you on every step!" ഇത്രയും പറഞ്ഞു ഹേമ ദേവനെ നോക്കി പുഞ്ചിരിച്ചു. കുട്ടികൾ ആവേശഭരിതരായി. ദേവന്റെ ചേഷ്ടകൾ അവരെ കൂടുതൽ ഉത്സാഹമുള്ളവരാക്കി. അൽപനേരത്തിനുള്ളിൽ എല്ലാവരും തയ്യാറായി. ദേവനാണ് സംഘത്തെ നയിക്കുക. ഹേമയുടെ ആരോഗ്യനിലയിൽ അല്പം ആശങ്ക ഉണ്ടായിരുന്നത്കൊണ്ട് അയാൾ സ്വയം ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണുണ്ടായത്. ഗുഹാമുഖത്തേക്കുള്ള കയറ്റം അവർ കയറേണ്ട എന്ന് അയാൾ ശഠിച്ചു. അത്കൊണ്ട് ലഖുഭക്ഷണപ്പൊതികളും വയർലെസ്സും ഉപകരണങ്ങളുമായി ഒരു അസിസ്റ്റന്റിനെ സംഘത്തിനൊപ്പം വാനിലയച്ച് അവർ മനസ്സില്ലാമനസ്സോടെ ക്യാമ്പിലിരുന്നു.

യാത്ര കഴിഞ്ഞ ദിവസം സഞ്ചരിച്ച റോഡിലൂടെ തന്നെ. ബേസ് ക്യാമ്പിൽ നിന്ന് ഗുഹാമുഖത്തേക്ക് അധികം ദൂരമില്ല. ലഘുദിയാർ പിന്നിട്ടു വീണ്ടും അല്പദൂരം മുൻപോട്ടു പോകുമ്പോൾ പൈൻ മരക്കാടുകൾക്ക് കുറുകെ സുയാലിന്റെ ഏതോ ചെറിയ കൈവഴി. അതിനു സാമാന്തരമായി വേണം മുകളിലോട്ട് കയറാൻ. കയറ്റം അത്ര കുത്തനെയല്ല എന്നുള്ളതും ഗുഹാമുഖം എത്താൻ അധികം ഉയരത്തിലേക്കു കയറേണ്ട എന്നതും ആശ്വാസകരം. കാലാവസ്ഥ വളരെ പ്രസന്നമാണ്. പക്ഷെ ഈ മലനിരകളിൽ അത് എപ്പോൾ വേണമെങ്കിലും മാറിമറിയാം. ഹേമ വെതർ റിപ്പോർട്ട്‌ വളരെ നന്നായി നിരീക്ഷിച്ചിട്ടുണ്ട് ഇന്നേക്ക് യാതൊരു വിധ ദുഃസൂചനയും ഇല്ല. വാഹനം കുന്നിന് താഴെ പാർക്ക് ചെയ്യുമ്പോൾ ബേസ്ക്യാമ്പിലേക്കു സന്ദേശം നൽകാൻ ദേവൻ അസിസ്റ്റന്റിനോട് പറഞ്ഞു. ഹെൽമെറ്റ്‌ ധരിച്ചു ഉപകരണങ്ങൾ സൂക്ഷിച്ച ബാഗുകളുമായി സംഘം പതുക്കെ മുകളിലോട്ട് കയറാൻ ആരംഭിച്ചു. അരുവി സുയാലിനെ പുൽകാൻ ഉള്ള വ്യഗ്രതയോടെ നിറഞ്ഞൊഴുകുന്നു. ഇരുവശങ്ങളിലും വലിയ പാറകൾ ഉണ്ട്. ഉരുണ്ടതും കൂർത്തുമൂർത്തതും ചിലപ്പോഴൊക്കെ അല്പം ഉയരത്തിൽ ഉള്ളതും. അവയ്ക്ക് വശങ്ങളിലൂടെ സംഘം മുന്നോട്ട് നടന്നു. ഹേമയുടെ സഹായി അവരെ ശ്രദ്ധയോടെ വഴികാണിച്ചു. ഉരുകുന്ന ഏതോ ഹിമാനിയിൽ നിന്ന് ഒഴുകിയെത്തിയ നീർചോല. അതിനു മഞ്ഞിന്റെ തണുപ്പും വശ്യതയും. ഒഴുക്കിന് വേഗത കുറഞ്ഞ ഇടങ്ങളിൽ അടിത്തട്ടു സ്ഫടികം പോലെ വ്യക്തം. അത്തരമൊരിടം എത്തിയപ്പോൾ തമോഗ് നിശ്ചലയായി അതിലേക്കു തന്നെ നോക്കി അൽപനേരം നിൽക്കുന്നത് കണ്ട് ദേവൻ പിന്നിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " Hey Mystic! No time to waste! Come on! Hurry up!" അവൾ അല്പം പ്രയാസപ്പെട്ട് അയാൾക്കൊപ്പം എത്താൻ ശ്രമിച്ചു. കഷ്ടിച്ച് 400 മീറ്റർ കയറിക്കഴിഞ്ഞപ്പോൾ ഗുഹാമുഖത്തെ പാറകൾ എഴുന്നു നിൽക്കുന്നത് കണ്ടു. തൊട്ടടുത്തുള്ള ചെറിയ പുൽത്തിട്ടിൽ ബാഗുകളും ഉപകരണങ്ങളും വച്ച് അവർ അൽപ നേരം വിശ്രമിച്ചു. ഗുഹാ മുഖം ഇടുങ്ങിയതാണ്. അകത്തേക്ക് എങ്ങിനെയെന്ന് അറിയില്ല. ലഘുദിയാറിലെതുപോലെ വിസ്താരമുള്ള ശിലാഗൃഹങ്ങൾ അല്ല.അകം എങ്ങനെയാണെന്ന് അറിയാൻ കുട്ടികൾ തിരക്കു കൂട്ടി. ഹെഡ്ലൈറ്റുകൾ ഓൺ ചെയ്ത് കയ്യിൽ വലിയ ടോർച്ചുകളുമായി അവർ ദേവനു പിറകെ അകത്തേക്ക് കടന്നു. ഇടുങ്ങിയ വഴിയിലൂടെ അല്പം അടി നടന്നാൽ വിശാലമായ അകം. ഭിത്തികളിലൂടെ അവിടവിടെ നീർച്ചാലുകൾ ഒഴുകുന്നു. മേൽത്തട്ടിൽ നിന്നും വെള്ളം ഇറ്റു വീഴുന്ന ഇടങ്ങളിൽ ധാതുക്കൾ അടിഞ്ഞുണ്ടായ ചെറിയ സ്റ്റാലക്ടറ്റയ്റ്റുകൾ ഉണ്ട്. അവർ സംഘങ്ങളായി പിരിഞ്ഞു ഭിത്തികൾ സസൂക്ഷ്മം നിരീക്ഷിച്ചു. അകത്ത് അധിക സമയം നിൽക്കുമ്പോൾ ചിലർ ആസ്വസ്ഥരാകും. അവർ അൽപനേരം പുറത്തു വന്നു വിശ്രമിച്ചു വീണ്ടും ജോലി തുടർന്നു. ചിത്രങ്ങളോ രേഖകളോ ഉണ്ടെന്നു തോന്നിയ ഇടങ്ങളിൽ വളരെ നേർത്ത ബ്രഷുകളും വാട്ടർ ജെറ്റും ഉപയോഗിച്ച് അടിഞ്ഞു കൂടിയ ചുണ്ണാമ്പും പായലും നീക്കം ചെയ്തു. ഇൻഫ്രാറെഡ് ക്യാമറകളുപ്രയോഗിച്ചു ചിത്രങ്ങൾ തൊടാതെ തന്നെ അവയുടെ മാപ്പിംഗ് നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയിൽ ഗവേഷണങ്ങൾ നടന്നു വരികയാണെന്നും അധികം താമസിയാതെ തന്നെ ചരിത്രാന്വേഷകർ അത് ഉപയോഗിച്ച് തുടങ്ങുമെന്നും ദേവൻ കുട്ടികളോട് പറഞ്ഞു. അങ്ങനെയെങ്കിൽ ചിത്രങ്ങൾ അല്പം പോലും നശിപ്പിക്കപ്പെടാതെ പഠനവിധേയമാക്കാം.

വൃത്തിയാക്കുന്നതിനിടെ ഒന്നു രണ്ടിടങ്ങളിൽ ലഘുദിയാറിലേതു പോലെ തന്നെ ചുവന്ന മനുഷ്യ രൂപങ്ങൾ തെളിഞ്ഞു വന്നു. ഇവയെങ്ങനെ ഇത്രനാൾ കേടു കൂടാതെയിരിക്കുന്നു എന്ന് ആശ്ചര്യപ്പെടുന്ന കുട്ടികൾക്ക് അവ വരയ്ക്കാനുപയോഗിച്ച പ്രകൃതി ദത്തമായ ചായങ്ങളുടെ നിർമ്മിതിയെക്കുറിച്ച് ദേവൻ വിശദീകരിച്ചു കൊടുത്തു. മൃഗക്കൊഴുപ്പിൽ വിവിധ അനുപാതത്തിൽ കരിയും അസ്ഥികൾ കത്തിച്ചുണ്ടാക്കിയ ചാരവും ചേർത്ത് കൂട്ടുകൾ ഉണ്ടാക്കുന്നു. ചിലതിൽ ഹെമറ്റയ്റ്റ് എന്ന ചുവന്ന ധാതു കലർത്തുന്നു. പ്രകൃത്യാ ഓക്സിഡൈസ് ചെയ്യപ്പെടുന്ന ധാതുക്കൾ നൽകുന്ന നിറങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്. ഗുഹാന്തർഭാഗങ്ങളിൽ മിക്കപ്പോഴും ഊഷ്മാവിലും സാന്ദ്രതയിലും വരുന്ന വ്യതിയാനങ്ങൾ നന്നേ കുറവായിരിക്കും. സുസ്ഥിരമായ അന്തരീക്ഷം നിറങ്ങൾ കെടുകൂടാതെ നിലനിർത്താൻ സഹായിക്കും. അതു കൂടാതെ അവയ്ക്ക് മേൽ അടിഞ്ഞു കൂടുന്ന ചുണ്ണാമ്പിന്റെ അംശം പുറമെയുള്ള വ്യതിയാനങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും. സത്യത്തിൽ മനുഷ്യൻ ചിത്രം വരയ്ക്കുന്നതേയുള്ളൂ.. പ്രകൃതി അതിനെ അനന്തകാലം അതിന്റെ ഗർഭത്തിൽ കാത്തു സൂക്ഷിക്കുന്നു. സമയം പോകുന്തോറും അവിടവിടെ തെളിഞ്ഞു വരുന്ന ചുവന്ന രേഖകളിലേക്ക് കുട്ടികൾ അത്ഭുതത്തോടെ നോക്കി. യൗവ്വന യുക്തരെങ്കിലും ആദ്യമായി കടൽ കാണുന്ന കൊച്ചു കുഞ്ഞിന്റേതുപോലുള്ള അവരുടെ കണ്ണുകൾ ദേവനെ അത്യധികം രസിപ്പിച്ചു.

നേരം ഉച്ചയായെന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാറായെന്നും ഹേമ അയച്ച സഹായി പറഞ്ഞപ്പോളാണ് അവർ ഓർത്തത്‌. "Dear cave dwellers, U need some rest now" എന്ന് പറഞ്ഞ് ദേവൻ പുറത്തേക്കു കടന്നു. കുറച്ചു ബ്രെഡും ചീസും ആപ്പിളുകളും അടങ്ങുന്ന പൊതികൾ അയാൾ കുട്ടികൾക്കു വിതരണം ചെയ്തു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ താമോഗ്ന അടുത്തു വന്നൊരു രഹസ്യമെന്നോണം പറഞ്ഞു.

"ദേവ്, ഉള്ളിൽ ഇടതു ഭാഗത്തേക്ക് ചെറിയ അറ പോലെ കാണുന്നുണ്ട്. അതിന്റെ വശത്ത് എന്തോ ഒന്ന് കോറിയിട്ടിരിക്കുന്നത് പോലെ"

നമുക്ക് നോക്കാമെന്ന് അയാൾ മറുപടി കൊടുത്തു.

(തുടരും...)

ശിലീഭൂതം -11

 പിറ്റേന്ന് ലഘുദിയാർ സന്ദർശിക്കുമ്പോൾ തന്റെ പെൺകുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നൃത്തം ചെയ്യുന്നവരുടെ രേഖാചിത്രങ്ങളായിരുന്നു. ഇരുപത്തിയെട്ടും മുപ്പത്തിനാലും പേരുടെ സംഘങ്ങളായി അപ്പുറവും ഇപ്പുറവും ചിത്രീകരിച്ചിരിക്കുന്നത്.  തീക്കുണ്ഠത്തിനു ചുറ്റും നിന്ന് ചുവടുകൾ വയ്ക്കുന്ന ഒരു ചെറു ഗോത്രത്തെയാവും അവൾ സങ്കൽപ്പിച്ചിട്ടുണ്ടാവുക എന്നയാൾക്കറിയാം. ചില ചിത്രങ്ങളിൽ ഗ്രാമീണത പ്രതിഫലിക്കുന്നുണ്ട്. അവയിൽ ചിലതിൽ ആ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെ അവ്യക്ത രേഖകളുണ്ട്. അവർ ഇണക്കി വളർത്തിയിരുന്ന ചില മൃഗങ്ങളുടെയും. അധികവും ചുവപ്പും കറുപ്പും നിറങ്ങളിൽ. കുട്ടികൾ മതിവരുവോളം അവയെല്ലാം ക്യാമറയിൽ പകർത്തുന്നു. മധ്യപ്രദേശിലെ 750 ശിലാ ഗൃഹങ്ങൾ ഉൾപ്പെടുന്ന ഭീംബേത്ക ഗുഹാ സമുച്ചയം ഇവയിൽനിന്നും എത്രമാത്രം വ്യത്യാസപെട്ടിരിക്കുന്നു എന്ന് ഹേമ അവർക്ക് ഒരു ചെറിയ വിവരണം നൽകിക്കൊണ്ടിരിക്കുന്നു. നായാടികളായ ഗോത്രങ്ങളുടേത്‌ കൂടാതെ കാർഷിക വൃത്തിയുടെയും അധ്യാത്മികാന്വേഷണങ്ങളുടെയും ബിംബങ്ങൾ അവയിൽ കൂടുതൽ കാണാനാവുമെന്ന് അവർ പറഞ്ഞു.


ദൂരെ മാറി എഴുന്നുനിൽക്കുന്ന ഒരു വലിയ പരന്ന കല്ലിൽ പൈൻ മരക്കാടുകൾക്ക് നേരെ പുറം തിരിഞ്ഞു അലസനായി ഇരിക്കുകയായിരുന്നു ദേവൻ. അയാൾ ചിത്രങ്ങളിലൂടെ ചരിത്രാതീതത്തിലേക്ക് സഞ്ചരിക്കുകയായിരുന്നില്ല ചെയ്തത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ താൻ പോലുമറിയാതെ തന്നിൽ നടന്ന ചില പരിവർത്തനങ്ങളെ അസ്വസ്ഥതയോടെ വീക്ഷിക്കുകയായിരുന്നു. കാലം പുതപ്പിച്ച മണ്പാളികൾക്കടിയിൽ ഉറക്കമായിരുന്ന തന്റെ ഹൃദയത്തെ രണ്ടു മാന്ത്രികക്കണ്ണുകൾ  പുറത്തെടുത്തിരിക്കുന്നു. തനിക്ക് വേദനിക്കുന്നു. ആ കണ്ണുകളുടെ ഉടമയായവളോട് ഒരേ സമയം അയാൾക്ക് വെറുപ്പും അസൂയയും തോന്നി. സത്യത്തിൽ അവൾ ചെയ്യുന്നതെന്ത്?ഉത്ഖനനം ചെയ്തു പുറത്തെടുത്ത തന്റെ വേദനകളെ എല്ലാ ചരിത്രാന്വേഷകരും ചെയ്യുന്നത് പോലെ നിരത്തി വെച്ച് പഠിക്കുകയാണോ. ഒന്നിൽ നിന്ന് അടുത്തതിലേക്കുള്ള അവ്യക്തമായ കണ്ണികൾ ഏതെന്ന് അന്വേഷിക്കുകയാണോ? ഏതോ മായാവിനിയുടെ കരവലയത്തിൽ പെട്ട് വേദനകളും സുന്ദരമെന്ന് കരുതി താൻ പോകുന്നത് എങ്ങോട്ടാണ്? ചിന്തകളിൽ നിന്നുണർന്നപ്പോൾ തനിക്കരികിലിരുപ്പുണ്ട് ചുരുണ്ട മുടിക്കൂടിനുള്ളിലെ വെളുത്തു മെല്ലിച്ച മുഖം. അതിൽ തിളങ്ങുന്ന മാന്ത്രികക്കണ്ണുകൾ.

നൃത്തം ചെയ്യുന്നവരുടെ ചിത്രങ്ങളെപ്പറ്റി എന്തോ ചോദിക്കാനാഞ്ഞ അവളെ തടസപ്പെടുത്തി അയാൾ അരിശത്തോടെ അല്പം ശബ്ദമുയർത്തി പറഞ്ഞു. "Ms. Tamog, its time to tell me something about you!"


അയാളുടെ പ്രതികരണത്തിൽ ആശ്ചര്യമൊന്നും കാണിക്കാതെ അവൾ ശാന്തമായി മറുപടി പറഞ്ഞു. "ഞാനൊരു കഥ പറയാം ദേവ്. നിങ്ങൾ കേൾക്കൂ"


" മറവിയും മരണവുമില്ലാത്ത ഒരേകാന്ത ദ്വീപിൽ മുറിവുകൾ ചുംബിച്ചു സുഖപ്പെടുത്തുന്ന ഒരു മന്ത്രവാദിനി പാർത്തു പോന്നു. പേരറിയാത്ത നാടുകളിൽ നിന്നും മുറിവേറ്റ മനുഷ്യർ വഞ്ചിയിലേറി അവളെ തിരഞ്ഞു വന്നു. അവരുടെ പാതിയറ്റ ഉടലുകൾ അവർപോലുമറിയാതെ തന്റെ നേർത്തു മിനുത്ത ചുണ്ടുകൾ കൊണ്ട് അവൾ ചുംബിച്ചു സുഖപ്പെടുത്തി. മറ്റു ചിലർ ഹൃദയങ്ങളിൽ മുറിവുമായി വന്നു. അവരെ അവൾ തന്റെ ഹൃദയം കൊണ്ട് ചുംബിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. ഇനിയും ചിലർ ആത്മാവിൽ മുറിവുകളുമായി വന്നു. അവരെ അവൾ തന്റെ ആത്മാവിന്റെ പാതി കൊണ്ട് ചുംബിക്കുകയും വെളുത്ത ആകാശത്തിലേക്കു ശാന്തിയുടെ ചിറകേറ്റി പറത്തി വിടുകയും ചെയ്തു. മനുഷ്യർ വന്നു കൊണ്ടേയിരുന്നു.. കൈകാൽ മുറിഞ്ഞവർ, ഹൃദയം നുറുങ്ങിയവർ.. ശരീരത്തിനും ആത്മാവിനും പൊള്ളലേറ്റവർ, സർപ്പദംശനമേറ്റ് രക്തത്തിലും തലച്ചോറിലും വിഷം പേറുന്നവർ.. അങ്ങനെയങ്ങിനെ.

അവൾക്ക് മുറിവുകളെ സുഖപ്പെടുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. മുറിവുകളുടെ ഓർമ്മകളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്തെന്നാൽ അവളുടെ ദ്വീപിൽ മറവിയുണ്ടായിരുന്നില്ല. ഓർമ്മകളിൽ നിന്ന് നിത്യമോക്ഷം പ്രാപിക്കാൻ ആഗ്രഹിച്ചവരെ മരണവും കനിഞ്ഞില്ല. അതിനാൽ അവളൊരു നല്ല ഭിഷഗ്വരയല്ലെന്ന് കല്പിച്ച്, സുഖപ്പെട്ട മനുഷ്യർ മറവിയും മരണവും അനുഗ്രഹിച്ച അവരവരുടെ ദേശങ്ങളിലേക്ക് തിരിച്ചു പോയി. അപ്പോളവൾ മുറിവുകൾ സുഖപ്പെടുത്തുന്നവൾ മാത്രമല്ല, അനേകം മനുഷ്യർ ഉപേക്ഷിച്ചുപോയ മുറിവുകളുടെ ഓർമ്മകൾ പേറുന്നവൾ കൂടിയായിമായിമാറിക്കഴിഞ്ഞിരുന്നു. "


അവളിപ്പോൾ സുയാലിന്റെ കരയിൽ ആദിമ മനുഷ്യന്റെ ഗുഹാ ചിത്രങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. അവളുടെ മുന്നിൽ മുറിവേറ്റ ഒരു ചരിത്രകാരൻ ദൂരെ പൈൻ മരക്കാടുകളിലേക്ക് നോക്കി വേദനയിൽ വിളർത്ത് ഇരിപ്പുണ്ട്.മുറിവുകളുടെ ഓർമ്മകൾ എല്ലാവരിലും ഉണ്ട് ദേവ്.. നിങ്ങളിൽ മാത്രമല്ല" എന്നിട്ട് മരമണികൾ കിലുങ്ങുന്നത് പോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. പറയൂ ദേവ്... നിങ്ങൾക്കിപ്പോൾ എന്നെ ചുംബിക്കണമെന്ന് തോന്നുന്നില്ലേ? ".


താനതു കേട്ടതേയില്ലെന്നു സങ്കൽപ്പിക്കാൻ അയാൾ ആഗ്രഹിച്ചു. സുയാലിന്റെ ഏതോ കൈവഴിയുടെ ഇരമ്പം പൈൻ മരക്കാടുകളുടെ നിശബ്ദതയിലൂടെ ഒഴുകിയെത്തുന്നത് മാത്രമേ താനിപ്പോൾ കേൾക്കൂ. എന്തുകൊണ്ടോ അയാൾക്ക് താൻ കഴിഞ്ഞ ദിവസം കണ്ട ദുസ്വപ്നം ഓർമ്മ വന്നു. കലങ്ങി മറിഞ്ഞൊഴുകുന്ന നദി. പ്രളയം. ഇടിഞ്ഞു തൂർന്ന മണ്ണിൽ നിന്നും ഉയർന്നു നിൽക്കുന്ന ഒരു മെലിഞ്ഞ കൈ. അയാൾ അവൾക്ക്‌ മുഖം കൊടുക്കാതെ എഴുന്നേറ്റ് ഹേമക്കരികിലേക്ക് നടന്നു.

(തുടരും...)




ശിലീഭൂതം - 10

ഇനി യാത്ര അൽമോറയിലെക്കാണ്. അവിടെയാണ് ലഘുദിയാർ ഗുഹകൾ ഉള്ളത്. അതിന്റെ ചുവരുകളിൽ ആദിമ മനുഷ്യർ വരച്ച ചിത്രങ്ങൾ കാലം ദയയോടെ മായ്ച്ചു കളയാതെ അവശേഷിപ്പിച്ചിരിക്കുന്നു. കുളു വിലെ ക്ഷേത്രസംസ്കൃതികൾ പിറക്കുന്നതിനും  ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തികച്ചും പ്രാകൃതരായ പാലിയോലിതിക് മനുഷ്യർ ചുവപ്പിലും കറുപ്പിലും വെളുപ്പിലും കോറിയിട്ട ചിത്രങ്ങൾ. അവയിൽ മനുഷ്യരൂപങ്ങളുണ്ട്, മൃഗങ്ങളുണ്ട്. വെറും ആകൃതികളും രേഖകളുമുണ്ട്. അവയെല്ലാം തനിക്കു മനഃപാഠമാണ്. അവയിലോരോന്നും ഓർത്തെടുത്തുകൊണ്ടിരിക്കെ ഹേമ കുട്ടികളോട് പറയുന്നത് കേട്ടു. " we have arranged a camp near Lakhudiyar caves. We may take almost a day to reach there. So you've got a whole day for leisure in between. Enjoy!"

കുട്ടികൾ യാത്രയുടെ ലഹരിയിലായിരുന്നു.  യുവത്വം എന്തിനെയും ആഘോഷമാക്കുന്നു. എന്തിനെയും വേഗത്തിലാക്കുന്നു. ദിവസങ്ങൾക്കു നിമിഷാർദ്ധങ്ങളുടെ വേഗതയും ചിന്തകൾക്ക് പ്രകാശത്തിന്റെ വേഗതയും അത് സമ്മാനിക്കുന്നു. പ്രായമേറുംതോറും ചിന്തയുടെ ഒരു ബിന്ദുവിൽ നിന്നും അടുത്ത ബിന്ദുവിലേക്കെത്താൻ  മനുഷ്യൻ ഒരുറുമ്പിനെപ്പോലെ നിരങ്ങി നീങ്ങി ബുദ്ധിമുട്ടേണ്ടി വരുന്നത് എത്ര വിചിത്രം. ഇനിയൊരു പാതി ജീവിതം കൂടി ബാക്കിയുണ്ടെന്നു സങ്കല്പിച്ചാൽ തന്നെയും തന്റെ യൗവ്വനം പ്രകാശവർഷങ്ങൾക്കും അപ്പുറമാണെന്ന് അയാൾക്ക് തോന്നി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താനൊരു വൃദ്ധനായിരിക്കുന്നു. താമോഗ്നയുടെ ചോദ്യം അയാളെ ചിന്തകളിൽ നിന്നുണർത്തി "ഞങ്ങൾക്കു പഠിക്കാൻ ഏതജ്ഞാത ഗുഹകളാണ് ദേവ് നിങ്ങൾ അൽമോറയിൽ കണ്ടു വച്ചിരിക്കുന്നത്?

" ലഘുദിയാറിൻറെ പരിസരത്തെവിടെയോ പുതിയൊരു ഗുഹാമുഖം കണ്ടെത്തിയിട്ടുണ്ടത്രേ. Let's see whether we can find out some motifs over there". അയാൾ തമോഗിനെ നോക്കി കണ്ണിറുക്കി. അപ്പോൾ അവൾ തുടർന്നു

" I have read your book about rock art of Kumaon hills. എനിക്കത്ഭുതം തോന്നി. ഗവേഷണത്തെക്കാളേറെ നിങ്ങളെ അതിനോടടുപ്പിക്കുന്ന മറ്റെന്തോ ഉണ്ട് . നിങ്ങൾ നൽകുന്ന വിശദീകരണങ്ങളെനുസരിച്ചു അതിൽ ചിലവയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും സൂചനകളുണ്ട്. They are very different from hunters and gatherers of Lakhudiyar. അവയെല്ലാം വിവരിച്ചിരിക്കുന്നത് ഗവേഷകനേക്കാളുപരി ഒരു കഥാകാരന്റെ തലത്തിൽ നിന്നാണ്. വ്യക്തമായ തെളിവുകളൊന്നുമില്ലാഞ്ഞിട്ടും കാർഷികസംസ്കൃതി അന്നേ രൂപപ്പെട്ടു തുടങ്ങിയിരിക്കണം എന്ന് നിങ്ങൾ ഉറപ്പിച്ചു പറയുന്നു. You might have got a lot of critisism for that". അവൾ ജിജ്ഞാസയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാളപ്പോൾ അവിടെയെങ്ങും ആയിരുന്നില്ല. ലഘുദിയാറിന്റെ ചുവരുകളിൽ പതുക്കെ തെന്നി നീങ്ങുന്ന തൂവെള്ള വിരലുകളിലായിരുന്നു. അതിലെ ചിത്രങ്ങളെ അത്ഭുതത്തോടെ നോക്കുന്ന പച്ചനിറം കലർന്ന രണ്ടു നക്ഷത്രക്കണ്ണുകളിലായിരുന്നു.

താമോഗ് നിരാശയോടെ പറഞ്ഞു "നിങ്ങൾ മറ്റെവിടെയോ ആണ്. ഞാൻ പറഞ്ഞതൊന്നും കേട്ടതേയില്ല". അയാൾ പൊടുന്നനെ പിറു പിറുത്തു . " That's the place where Tanya confessed her love". താൻ പോലുമറിയാതെ വന്ന മറുപടി അയാളെ ഞെട്ടിച്ചു കളഞ്ഞു.നശിച്ച നിമിഷം. വിളർത്തു പോയ അയാൾ ഇപ്പോൾ താനെന്തിനാണത് പറഞ്ഞത് എന്ന് അമർഷത്തോടെ ചിന്തിച്ചു. മുന്നിലിരിക്കുന്നത് ശിഷ്യയാണ്. അവളെ നോക്കാൻ അയാൾ പണിപ്പെട്ടു. അവൾ ഞെട്ടിയോ? നിരാശപ്പെട്ടോ? അതോ പുച്ഛമാണോ? മറ്റെന്താണവൾക്കു തോന്നിക്കാണുക? മുഖത്തു നോക്കാൻ ആശക്തനായിരുന്ന അയാളെ ബലം പ്രയോഗിച്ചവൾ തന്റെ നേർക്കു തിരിച്ചു. വർഷങ്ങളായി മറഞ്ഞിരിക്കുന്ന ഒരു ഗുഹാചിത്രം കണ്ടെത്തിയതുപോലെ ദീപ്തമാണ് അവളുടെ കണ്ണുകൾ . " ദേവ്, പറയൂ! നിങ്ങളുടെ പെൺകുട്ടിയെപ്പറ്റി പറയൂ!"

ഖോഖാനിലെ മരമണികളുടെതായിരുന്നില്ല ഇപ്പോളവളുടെ സ്വരം. നിശബ്ദം പിറവിയെടുക്കുന്ന പുലരിയിൽ താഴ് വരയിലെങ്ങോ ഉതിർന്നു വീഴുന്ന മഞ്ഞുപോലെ നനുത്ത സ്വരം. അവൾ മാത്രം കേൾക്കേണ്ട നിഗൂഢ ഗാഥയാണതെന്ന പോലെ. അയാൾ യാന്ത്രികമായി പറഞ്ഞു. "Nothing much. We have been together for a few years. She loved me more than anything. I was her world. But I couldn't reciprocate!"

താമോഗ്ന ഒട്ടും ആശ്ചര്യപ്പെട്ടില്ല എന്നത് അയാളെ അത്ഭുതപ്പെടുത്തി. അവൾ വീണ്ടും സംശയങ്ങൾ ഒന്നും ഉന്നയിച്ചില്ല എന്നതും. "Don't you think that Dr. Devdut is a ruthless barbarian?"ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചുണ്ടുകളിലെവിടെയോ പടരുന്ന പുഞ്ചിരിക്കിടയിലൂടെ മഞ്ഞുതിർന്നു. "No! Certainly not!

Why? അയാൾ കളിയായി ചോദിച്ചു.അവളപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."You will soon understand that"

തൃകാലങ്ങളെ കൈകളിലൊതുക്കിപ്പിടിച്ച ഏതോ മന്ത്രവാദിനിയുടെ ഗൂഢസ്മിതം.
" why you are looking like that? " അവൾ ചോദിച്ചപ്പോൾ അയാൾ അല്പം ജാള്യതയോടെ പറഞ്ഞു "I was wondering why you look like a witch now!". അതുകേട്ട് അവൾ ഉറക്കെ ചിരിക്കുമ്പോൾ ബജൗറയുടെ കുന്നുകൾ അകലെ പിന്നിലായി മറഞ്ഞിരുന്നു.
ഇടയ്ക്കു ഭക്ഷണം കഴിക്കാനും ചെറുതായി വിശ്രമിക്കാനും നിർത്തുമ്പോൾ കുട്ടികൾ ധാരാളം ചിത്രങ്ങളെടുക്കുകയും സൊറപറയുകയും ചെയ്യുന്നു. അവരുടെ ഊർജ്ജം അയാളിൽ ഒരുതരം ആഹ്ലാദം നിറച്ചു. ഒട്ടും മടുപ്പുളവാക്കാത്ത യാത്രക്കൊടുവിൽ വിളറിയ അസ്തമയ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ കുമയൂൺ കുന്നുകൾ കാണായി. ബ്രിട്ടീഷുകാർക്ക് വലുതായി മാറ്റമൊന്നും വരുത്താൻ കഴിയാത്ത കുമയൂണിലെ ഒരേ ഒരു സ്ഥലം അൽമോറയായിരുന്നു. കാലങ്ങളോളം ചന്ദ രാജാക്കൻമാരുടെ തലമുറകൾ പ്രൌഡിയോടെ ഈ നഗരം ഭരിച്ചു. അല്പം പോലും മാറാത്ത മനുഷ്യരും ചരിത്രസ്മാരകങ്ങളും തെരുവുകളും അൽമോറ ഇപ്പോഴും രാജഭരണത്തിൻകീഴിലാണെന്ന തോന്നലുളവാക്കും. കൗശികിനദിയും സുയാലും അവളുടെ ഉടലിൽ വെള്ളിയരഞ്ഞാൺ ചാർത്തുന്നു. അവളെ ഇരുണ്ട പച്ച പുതപ്പിക്കുന്ന മഴക്കാലങ്ങൾ തനിക്കേറ്റവും പ്രിയങ്കരം. താനിയയുടെ പച്ചക്കണ്ണുകൾ പോലെ, മർദവമേറിയ വിരൽ തുമ്പു പോലെ, ഉയർന്നു താഴുന്ന വടിവൊത്ത മാറിടങ്ങൾ പോലെ, ഇവിടുത്തെ മഴക്കാല സന്ധ്യകൾ എന്നും തന്നെ ഉന്മാദിയാക്കിതീർത്തു. ചിലപ്പോൾ അൽമോറയാവണം താനിയയെ പ്രണയിച്ചിരുന്നുവെന്നു തന്നെ തോന്നിപ്പിച്ചത്. പതിവുപോലെ തനിക്കരികിൽ നരച്ച രോമക്കോട്ടിനുള്ളിൽ ചുരുണ്ടുകൂടിയുറങ്ങുന്ന ഈ പെൺകുട്ടിക്ക് തന്നിലെ പുരുഷനെ മോഹിപ്പിക്കാനുതകുന്ന യാതൊരു ലക്ഷണങ്ങളുമില്ല. എങ്കിലും തന്റെ ആത്മാവിന്റെ അടച്ചിട്ട വാതിലുകൾ അവളൊരു മന്ത്രവാദിനിയുടെ ലാഘവത്തോടെ തുറക്കുന്നു. താൻ പോലുമറിയാതെ അതിനുള്ളിൽ കൂട് കൂട്ടിയിരിക്കുന്ന സത്വങ്ങളെ നിമിഷ നേരം കൊണ്ടു മെരുക്കുന്നു.

അവളുടെ കാമുകനും ഈ മായാവിദ്യയാൽ വശപ്പെട്ടവനാകുമോയെന്നു അയാൾ അല്പം നീരസത്തോടെ ഓർത്തു. തൊട്ടടുത്ത നിമിഷം Dr. ദേവ്ദത്ത് മിശ്രയെന്ന പുറം തോടിനുള്ളിൽ വസിക്കുന്ന അസൂയാലുവും സ്വാർത്ഥനും നിസ്സാരനുമായ പുരുഷനെയോർത്ത് ലജ്ജിച്ചു.

സുയാലിന്റെ കരയിൽ ഇടതൂർന്നു വളരുന്ന പൈന്മരാക്കാടുകൾ. അതിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന പർവത പാതയുടെ വശത്തായി ഒരു ചെറിയ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ് ബേസ് ക്യാമ്പ്. നിരപ്പിൽ ഉയർന്നു നിൽക്കുന്ന മനോഹരങ്ങളായ ടെന്റുകൾ. പുകമഞ്ഞിൽ അവയിൽ നിന്നുയരുന്ന ചെറുവിളക്കുകളുടെ മഞ്ഞ വെളിച്ചം. ഹേമയുടെ സ്ഥിരം സഹായികൾ തീ കാഞ്ഞുകൊണ്ട് കുട്ടികളെയും പ്രതീക്ഷിച്ചിരുപ്പുണ്ട്. അവരെല്ലാം ഉറക്കച്ചടവിലാണ്. ദീർഘമായ യാത്ര ഹേമയെ ക്ഷീണിപ്പിച്ചിരിക്കുന്നു. പക്ഷേ അവർ അത് കൂട്ടാക്കുന്നില്ല. വേണമെങ്കിൽ തോളിലേറ്റാമെന്ന് ദേവൻ കളിയായി പറഞ്ഞപ്പോൾ 'കുട്ടി നിന്നു കിതക്കാതെ കയറാൻ നോക്കൂ'എന്ന് പറഞ്ഞ് അവർ പരിഹസിച്ചു.
പാതിയുറക്കത്തിൽ വേച്ചു വേച്ചു നീങ്ങുന്ന താമോഗ്നയെ വീഴാതിരിക്കാൻ വിക്ടർ സഹായിക്കുന്നുണ്ട്. നിരപ്പിലെത്തിയതും ചോദ്യങ്ങളേതുമില്ലാതെ ആദ്യം കണ്ട ടെൻറ്റുകളിലേക്ക് ഓരോരുത്തരും കയറി. വെളിച്ചം താഴ്ത്തി വച്ച് സ്ലീപ്പിങ് ബാഗിന്റെ സിബ് തുറന്നു മെത്ത പോലെയാക്കി അയാൾ കിടന്നു. മനുഷ്യന്റെ ഒരിക്കലും ശാന്തമാകാത്ത ഉൾക്കയങ്ങളെ കീഴ്പ്പെടുത്തിക്കളയുന്ന നിശബ്ദതയാണ് ഈ താഴ്വരയുടെ സ്ഥായീഭാവം. അതിൽ നിങ്ങൾ നിങ്ങളെത്തന്നെ മറക്കുന്നു. അമ്മയുടെ ആലിംഗനത്തിൽ കരച്ചിൽ മറന്നു പോകുന്ന കുഞ്ഞെന്ന പോലെ. അടുത്തെവിടെയോ നിന്ന് ഉറങ്ങാതൊഴുകുന്ന സുയാലിന്റെ ഇരമ്പം. തണുപ്പിൽ ഈ കൂടാരത്തിൽ ഗർഭസ്ഥ ശിശുവിനെപ്പോലെ താൻ. കണ്ണുകൾ നീർച്ചാലുകൾ തീർക്കുന്നതറിയാതെ എപ്പോഴോ അയാൾ മയങ്ങിപ്പോയി.

(തുടരും...)