പിന്നെയുമൊരിറക്കമിറങ്ങി അവിടവിടെ കൂണുകൾ മുളച്ചു പൊന്തി നിൽക്കുന്ന പൈൻ മരക്കാടുകൾക്കിടയിലൂടെ അവർ നടന്നു. കാറ്റു ചൂളം കുത്തുന്ന മുനമ്പിൽ കുന്നവസാനിക്കുന്നു. നാലു കൽക്കുറ്റികളിൽ വരിഞ്ഞു കെട്ടിയ വേലിക്കപ്പുറം മഞ്ഞിഴയുന്ന അഗാധത. ഹേമ വിരൽ ചൂണ്ടിയിടത്തേക്ക് അവർ ശ്വാസമടക്കി നോക്കി നിന്നു. മഞ്ഞിനെ കാറ്റു കവരുമ്പോൾ വളരെപതുക്കെ വെളിപ്പെടുന്ന അർദ്ധ ചന്ദ്രാകൃതിയിലുള്ള നൈനി. കരിനീല നിറമുള്ള അവളുടെ മേനിയിൽ മറുകുകൾ പോലെ തോണികൾ.
"How is the view? " ഹേമയുടെ ചോദ്യം കുട്ടികൾ കേട്ടില്ലെന്നു തോന്നി. ദേവഭൂമിയുടെ മഹാമൗനം മുഴുവൻ ആ നിമിഷം അവരിലേക്ക് ഉരുകിയൊലിച്ചതു പോലെ. വിക്ടർ മാത്രം പിറു പിറുത്തു "Breathtaking"!
ദേവദത്തന്റെ കണ്ണുകൾ നൈനിയിൽ നിന്നും തമോഗ്നയിലേക്ക് അനുസരണയില്ലാതെ സഞ്ചരിച്ചു. പ്രാലേയത്തിനടിയിൽ വെളിപ്പെട്ട തടാകം പോലെ അവൾ തനിക്കരികിൽ വിടർന്ന മിഴികളുമായി നിശബ്ദം നിൽക്കുന്നു. അനുസരണയില്ലാത്ത കാറ്റ് മുടിയിഴകൾ വകഞ്ഞു മാറ്റിയപ്പോൾ കണ്ടു സൂര്യനിതേവരെ സ്പർശിച്ചിട്ടില്ലെന്നു തോന്നിച്ച പിൻകഴുത്തിൽ, നീല ഞരമ്പിൽ, പടർന്നു കയറിയ മരതക മറുക്!
അന്നു രാത്രി, പൊടിഞ്ഞമർന്ന തന്റെ ഹൃദയത്തിനുമേൽ വിരലോടിക്കുന്ന കന്യകയെ ഒരിക്കൽ കൂടി സ്വപ്നം കാണാൻ അയാൾ അതിയായി ആഗ്രഹിച്ചു. അവളുടെ പിൻകഴുത്തിൽ സൂര്യസ്പർശമേൽക്കാതെ മയങ്ങുന്ന മരതകവർണ്ണം കലർന്ന ഒരു മറുകുണ്ടോ?
പിറ്റേന്ന് അതിരാവിലെ വിറക്കുന്ന തണുപ്പിൽ കുളുവിലേക്കു പുറപ്പെടുമ്പോഴും തന്റെ പെൺകുട്ടി എത്തിയത് വൈകിത്തന്നെ. കുറഞ്ഞത് പതിനാറു മണിക്കൂറുകൾ എടുക്കും കുളുവിലെ റിസർച്ച് സെന്ററിൽ എത്താൻ. Train മതിയെന്ന് ഹേമ പറഞ്ഞതാണ്. താനാണ് ബസിൽ പോകാമെന്നു ശഠിച്ചത്. കുട്ടികൾ ഈ താഴ്‌വരയെ ആവോളം അടുത്തറിയട്ടെ. അതിൽ ഒരു ലഹരിയുണ്ട്. യുവത്വത്തിൽ താൻ മതിവരുവോളം രുചിച്ചിറക്കിയ ലഹരി. നിതാന്ത മൗനത്തിന്റെ ലഹരി. വിളറിയ ഇരുട്ടിൽ ബസ് പതിയെ നിരങ്ങി നീങ്ങിത്തുടങ്ങി.
കുട്ടികൾ പാതിയും മയക്കത്തിലാണ്. ഇക്കാലമത്രയും ഓടിയലഞ്ഞ പ്രകാശവേഗമാർന്ന തന്റെ മനസ്സ് ഈ താഴ്‌വരയിൽ മാത്രം പതിയെ, വളരെ പതിയെ സഞ്ചരിക്കുന്നു. ഇടയ്ക്കിടെ ദീർഘ നിശ്വാസമെടുത്തു കിതപ്പാറ്റുന്നു. അയാൾ അറിയാതെ മൂളി.. "Imagine all the people.... Living life in peace....... You may say I am a dreamer!" ഹേമ അടക്കിച്ചിരിച്ചു. അവർക്കറിയാം മെരുക്കമില്ലാത്ത തന്റെ മനസ്സിപ്പോൾ ഗൂഢമായി ആഹ്ലാദിക്കുന്നത്.
വെയിൽ പരന്നപ്പോൾ ബസ് നിന്നു. വഴിക്കരികിൽ ഒരു ചെറിയ കടയിൽ നിന്നും കൊതിപ്പിക്കുന്ന മണം. തലയിൽ ചുവന്ന കെ ട്ടുകെട്ടി നിറയെ വെള്ളി വളകളും മൂക്കുത്തിയുമണിഞ്ഞ ഒരു പഹാഡി സ്ത്രീ അടുപ്പിനരികിൽ കൂനിക്കൂടിയിരുന്നു പാചകം ചെയ്യുന്നുണ്ട്. അവർ മാവു കുഴച്ച് പരത്തി അതിൽ വേവിച്ച പഠാണിയും പച്ചമുളകും കടലയും എല്ലാം നിറച്ച് ആവിയിൽ വെക്കുന്നു. അല്പം നെയ് പുരട്ടി മല്ലിയിലയുടെ കൂടെ അവർ വിളമ്പുന്ന പലഹാരം കുട്ടികൾ രുചിയോടെ കഴിക്കാൻ തുടങ്ങി. തന്റെ ഭൂതകാലത്തിന് ഈ പലഹാരത്തിന്റെ രുചിയും മണവുമുണ്ട്. തന്റെ അമ്മയും ഒരു പഹാഡി സ്ത്രീയായിരുന്നു. അവരും ഇതുപോലെ കൂനിക്കൂടി അടുപ്പിനരികിലിരുന്ന് ബാല്യത്തിൽ തന്നെ ഊട്ടിയിരുന്നു. ഏതോ ഒരു കൊയ്ത്തുകാലത്ത്, ചെള്ളുകൾ പടർത്തുന്ന പനി അവർക്കും പിടിപെട്ടു. പഹാഡികൾ വൈദ്യൻമാരെക്കാൾ ദേവതകളെ വിശ്വസിക്കുന്നു. വ്യാധികൾ മാറ്റുന്ന ദേവതകളുണ്ട് ഗ്രാമാന്തരങ്ങളിൽ. എന്നാൽ അവരാരും തന്റെ അമ്മയുടെ പനി മാറ്റിയില്ല. തണുപ്പ് മൂർച്ഛിച്ചപ്പോൾ അവർ പിച്ചും പേയും പറയാൻ തുടങ്ങി. പേച്ചുകൾക്കിടയിലെപ്പോഴോ അവരുടെ ശ്വാസം നിലച്ചു. മരണവും ദേവേച്ഛ. ആളുകൾ പറഞ്ഞു.
പ്രാതൽ കഴിക്കുന്നതിനിടയിൽ അയാൾ കുട്ടികൾക്ക് കുളു താഴ്‌വരയെക്കുറിച്ച് ഒരു ചെറിയ ക്ലാസ്സ് കൊടുത്തു. " വൃത്താകൃതിയിൽ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന താഴ്‌വര. ബ്യാസ് നദിയുടെ തീരത്തെ ചെറിയ നഗരി. മിത്തുകൾ എങ്ങനെ സംസ്കൃതികളിൽ അലിഞ്ഞുചേർന്ന് അതിജീവനത്തെ പരുവപ്പെടുത്തുന്നു എന്ന് നിങ്ങൾക്ക് പഠിക്കാൻ പറ്റിയ സ്ഥലമാണ് കുളു. ക്ഷേത്രങ്ങളിലെ കൊത്തുപണികളിലേറെയും മിത്തുകളും പഴങ്കഥകളും കലർന്നത്. ഭൂപ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിർമ്മിതികൾ.പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കടന്നു വന്ന വൈദേശിക അധിനിവേശത്തെയും ശാന്തമായി ഇരുകയ്യും നീട്ടി സ്വീകരിച്ച താഴ്‌വര. ഇപ്പോൾ ആധുനികതയുടെ പരിവേഷം ചാർത്തിയിട്ടുണ്ടെങ്കിലും കുളു ആത്യന്തികമായി ഒരു പഹാഡി പെൺകൊടിയാണ്. മാറി മാറി വരുന്ന ഋതുക്കളുടെ താളത്തിൽ നൃത്തം ചെയ്യുന്ന ഒരു ഹിമാലയൻ പെൺകൊടി. അവളിൽ നിന്നുടലെടുക്കുന്നതെന്തും പ്രാകൃതമാണ്. Raw and pure as glaciers". ആൺകുട്ടികൾ മുഴുവനും അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു.തമോഗ്ന അടുപ്പിനരികെ ഇരിക്കുന്ന സ്ത്രീയുടെ ആഭരണങ്ങൾ ഊരി വാങ്ങി പരിശോധിക്കുകയായിരുന്നു. അതിന്റെ ചില ചിത്രങ്ങളും അവൾ പകർത്തി. ദേവൻ പറഞ്ഞു " She is on the right track. ഹൈമവത ഭൂവിലെ ഓരോ ഗോത്രങ്ങളെയും അവരുടെ ആഭരണങ്ങൾ നോക്കിയാൽ തിരിച്ചറിയാം. നോക്കൂ അവർ ഒരു ഗുജ്‌ജാർ സ്ത്രീയാണ്. ശിരോവസ്ത്രത്തിനിരുവശവും അണിഞ്ഞ ചംകുലി കണ്ടോ! മിക്ക ഗോത്രങ്ങളുടെയും ആഭരണങ്ങളിലെല്ലാം പ്രകൃതിയിലെ ബിംബങ്ങൾ കൊത്തിയിരിക്കും. വ്യാഘ്രമുഖമോ താമരയോ അങ്ങനെ എന്തെങ്കിലും". അത് കേട്ടപ്പോൾ വിക്ടർ തമോഗ്നയോട് ചോദിച്ചു. "Timo, what are you wearing as your pendant? " കഴുത്തിലെ സാളഗ്രാമത്തിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു " The secret past of Himalayas".
(തുടരും...)