ഒരു ദിവസം കൂടി അവിടവിടെയുള്ള ചില ക്ഷേത്രങ്ങളെപ്പറ്റിപ്പഠിക്കാൻ അവർ ചിലവഴിച്ചു. പിറ്റേന്ന് അതിരാവിലെ താഴ് വര യോട് വിട പറയുമ്പോൾ ഹേമ പറഞ്ഞു. തിരിച്ചു പോകും വഴി നമുക്ക് ഒരിടം കൂടി കാണേണ്ടതായുണ്ട്. കുട്ടികൾ ക്ഷമയോടെ കാത്തിരുന്നു. തമോഗ്ന ദേവന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു, "ബിയാസിന്റെ കരയിൽ സ്വർണ വയലുകൾക്ക് നടുവിലെ വിശ്വേശ്വരന്റെ ക്ഷേത്രമല്ലേ? ദേവ് ദത്ത് മിശ്രയുടെ ആത്മാവുറങ്ങുന്ന ബജൗറയിലെ ക്ഷേത്രം? കല്ലിൽ തീർത്തത്?"
അയാൾ പറഞ്ഞു. "അതെ. അതുതന്നെ. നമ്മളിങ്ങോട്ട് വരുമ്പോൾ ബജൗറ ഇരുട്ട് പുതച്ചുറങ്ങുകയായിരുന്നു. നീയാണെങ്കിൽ രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ കൂർക്കം വലിക്കുകയും."
അവൾ ചിരിച്ചു. " ഉറങ്ങാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. ബജൗറയും ബിയാസും ഈ വാഹനത്തിന്റെ ഡ്രൈവറൊഴിച്ച് സകലരും ഉറങ്ങിയിട്ടും നിങ്ങളെന്തുകൊണ്ട് അപ്പോൾ ഉറങ്ങിയില്ല? "
ഒരു സ്വപ്നം കണ്ട് ഞെട്ടിയുണർന്നു പോയി. പ്രളയം. എവിടെയോ ഇടിഞ്ഞു തൂർന്ന മണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. " അതും പറഞ്ഞ് അയാൾ അവളുടെ കൈകളിലേക്ക് നോക്കി. " certainly they are not mine!" അവൾ ഗൗരവം ഭാവിച്ചു തന്നെ അനുകരിച്ചപ്പോൾ അയാൾക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
കുളുവിന്റെ ചെറു നഗരി വളരെ പിന്നിലായി. തമോഗ് ഭ്രാന്തുകൾ പറഞ്ഞുകൊണ്ടേയിരുന്നു. വിക്ടർ അവളുടെ ചിത്രങ്ങൾ ആവശ്യത്തിലേറെ പകർത്തുന്നത് ദേവൻ രസിച്ച് ആസ്വദിച്ചുമിരുന്നു. ബസ് നിരങ്ങി നീങ്ങി ക്ഷേത്രത്തിനരികിലേക്കുള്ള ഇടുങ്ങിയ ടാറിട്ട റോഡിലേക്ക് പ്രവേശിച്ചു. അൽപദൂരം പിന്നിട്ടപ്പോൾ റോഡിനിരുവശത്തും നെൽവയലുകൾ കണ്ടു തുടങ്ങി. അവയുടെ കണ്ണെത്താത്ത വിശാലതക്കറ്റത്തു കുന്നുകളും അവയ്ക്കുമപ്പുറം മൂത്തു മതിർത്ത ആപ്പിൾ തോട്ടങ്ങളുമുണ്ട്. അവയ്ക്കിടയിലെങ്ങോ മുതുകിൽ ഞാത്തിയിട്ട വലിയ മുളംകുട്ടക്കുള്ളിലേക്ക് ആപ്പിളുകൾ പറിച്ചിടുന്ന തന്റെ അമ്മയുണ്ട്. അവളുടെ ചുവന്ന ശിരോവസ്ത്രത്തിന്റെ അഴിഞ്ഞൂർന്ന തുമ്പിൽ ചൂണ്ടു വിരൽ ചുറ്റി തൂങ്ങിയാടുന്ന കുഞ്ഞു ഞാനുണ്ട്. "ദേവ് ഇറങ്ങൂ " ചുമലിൽ ഹേമയുടെ കൈ. അയാൾ അവരോടൊപ്പം ബസിൽ നിന്നും പുറത്തിറങ്ങി.
ക്ഷേത്ര മുറ്റത്തു ചുറ്റിനടക്കാനാരംഭിച്ച കുട്ടികളെ വിളിച്ചു ഹേമ പറഞ്ഞു. ഏകദേശം AD ഒൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് വിശ്വേശ്വര മഹാദേവ ക്ഷേത്രം.പൂർണ്ണമായും കല്ലിൽ തീർത്തത്. കല്ലിൽ തീർത്ത ക്ഷേത്രങ്ങൾ പൊതുവെ സമതലങ്ങളുടെ മാത്രം പ്രത്യേകതയാണ്. പക്ഷേ ഹിമാചലിന്റെ താഴ്വരകളിൽ അതും ധാരാളം. എന്നാൽ ഇവിടെ ഇവക്ക് സാധാരണയായി ശിലാക്ഷേത്രങ്ങൾക്ക് കാണാറുള്ളത് പോലെ മുന്നിൽ മണ്ഡപങ്ങളില്ല. ദ്വാരപാലകരെ കൊത്തിവച്ച വാതിലിലൂടെ നിങ്ങൾക്ക് ഗർഭഗൃഹത്തിലേക്കു നേരിട്ട് പ്രവേശിക്കാം. നോക്കൂ മുകളിൽ പരന്ന ശിഖരത്തോട് കൂടി പണിത ഈ ക്ഷേത്രത്തിനു പ്രധാന വാതിൽ കൂടാതെ മൂന്നു മുഖങ്ങളുണ്ട്. അവയിൽ വിഷ്ണുവിനെയും വിഘ്നേശ്വരനെയും ദുർഗയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന മൂർത്തിയായ ശിവൻ ശക്തീ സമേതനാണ്. അവരുടെ കവാടത്തിനിരുവശവും ഗംഗയെയും യമുനയെയും കൊത്തിയിരിക്കുന്നു." നദികളെ കല്ലിൽ കൊത്തിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ വിക്ടർ ആശ്ചര്യപ്പെട്ടു. ഇവിടുത്തെ മിത്തുകൾക്ക് പിറകെ പോയാൽ നിനക്കൊരായുസ്സ് തികയില്ല എന്ന് പറഞ്ഞു തമോഗ് അവനെയും കൂട്ടി ആ മനോഹര ശില്പങ്ങളുടെ ചിത്രങ്ങൾ പകർത്താൻ പോയി.
ഇളം വെയിലിൽ പതിയെ മഞ്ഞുരുകി.കല്ലു പാകിയ ക്ഷേത്രാങ്കണത്തിന്റെ മതിൽക്കെട്ടിനപ്പുറം വിളഞ്ഞ നെൽവയലുകൾ ഒന്നുകൂടി തെളിഞ്ഞു വന്നു. കുട്ടികൾ ഹേമയോടൊപ്പം പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കോണിൽ പന്തലിച്ചു നിൽക്കുന്ന അരയാൽ ചുവട്ടിൽ ദേവൻ ശിലീഭൂതമായ തന്റെ ബാല്യം തിരഞ്ഞുകൊണ്ടിരുന്നു. ബജൗറയുടെ വെയിൽ തന്റെയും വെയിലാണ്. ഈ അരയാലിലകളിൽ നൃത്തം ചവിട്ടുന്ന കാറ്റിന്റെ തന്മാത്രകൾ എന്നേ തന്നിൽ കലർന്നു പടർന്നതും. വെയിൽചൂട് പറ്റി ആൽത്തറയിൽ മലർന്നു കിടന്ന് ആ കാറ്റിനെ രുചിച്ചിറക്കുമ്പോൾ അരികിൽ കാൽചുവട്ടിൽ വന്ന് നിശബ്ദയായിരുന്നു തന്റെ പെൺകുട്ടി. തമോഗ് പഠിക്കാൻ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, അവളതു കാര്യമാക്കാതെ അയാളുടെ പാദത്തിൽ കൈകളമർത്തി തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു. "പറയൂ, ബജൗറയുടെ കഥ പറയൂ!"
അവളുടെ ചുരുണ്ട മുടിയിഴകൾ അരയാലിലകൾക്കൊപ്പം അനുസരണയില്ലാതെ നൃത്തം ചെയ്തു. പാദത്തിലമർന്ന മെലിഞ്ഞ കൈകൾക്ക് താഴ് വരയിലെ ശരത്കാല സന്ധ്യകളെക്കാൾ തണുപ്പുണ്ടെന്നു തോന്നി. ആ തണുപ്പ് പതിയെ തന്നിലേക്കരിച്ചു കയറുമ്പോൾ അയാൾ പൊടുന്നനെ പറഞ്ഞു. " ബജൗറയിലെ ജീവിതങ്ങൾ ഋതുക്കളുടെ താളക്രമങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു. കൊയ്ത്തുകാലം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കാലം. ഗ്രാമങ്ങൾക്ക് മുഴുവൻ വിളഞ്ഞ നെല്ലിന്റെ മണം. എന്റെ കുട്ടിക്കാലത്തിനും അതെ ഗന്ധമാണ്. കൊയ്ത്തിനു വേണ്ടി ഗ്രാമീണർ അവരുടെ പുരോഹിതനിൽനിന്നും ഒരു നല്ല ദിവസം കുറിച്ചെടുക്കുന്നു. ക്ഷേത്രമുറ്റത്താണ് ആ ചടങ്ങ് നടത്തുക.നിശ്ചയിക്കപ്പെട്ട ശുഭമുഹൂർത്തത്തിൽ ഗ്രാമത്തിലെ വന്ദ്യവയോധികനായ ആൾ ആദ്യത്തെ കതിർ കൊയ്യും. അതിനു ശേഷം ഒരു നവ വധുവും വരനും അതാവർത്തിക്കുന്നു. ഭൂമിയുടെ ഉർവരത മനുഷ്യരുടെത് കൂടിയാണെന്ന് ഇവിടുത്തെ ആളുകൾ എന്നേ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു. പിന്നീട് ആണും പെണ്ണും ഇടകലർന്നു കൊയ്യുകയും കളപ്പുരകൾ നിറക്കുകയും ചെയ്യും. കൊയ്ത്തു കഴിയുന്ന ദിവസം മെതിച്ചു ഉരലിൽ കുത്തിയ, ഉമി കളയാത്ത അരികൊണ്ട് സ്ത്രീകൾ ചോറു വയ്ക്കാറുണ്ടായിരുന്നു. തിളങ്ങുന്ന ഓട്ടു പാത്രത്തിൽ ആവിപറക്കുന്ന ചോറു വിളമ്പുമ്പോൾ അമ്മ പറയാറുണ്ട് ഓരോ കൊയ്ത്തിലെ അരിക്കും ഓരോ രുചിയാണെന്ന്. ആദ്യത്തെ ഊട്ട് കഴിഞ്ഞാൽ ഗ്രാമത്തിലെ സ്ത്രീകൾ നെല്ല് ആവികൊള്ളിച്ചതിനു ശേഷം ഉണക്കി സൂക്ഷിക്കും. അപ്പോഴേക്കും ശരത്കാലം എത്തിയിട്ടുണ്ടാവും. ബജൗറ ശൈത്യകാലത്തിനുള്ള തയ്യാറെടുപ്പു നടത്തുന്ന സമയം. എന്റെ കുട്ടിക്കാലത്ത് ഇവിടുത്തെ മില്ലുകൾ വെള്ളച്ചാലുകളിൽ സ്ഥാപിച്ച കറങ്ങുന്ന ചക്രങ്ങൾ കൊണ്ടു പ്രവർത്തിക്കുന്ന മരമില്ലുകളായിരുന്നു. അരുവികൾ ഉറഞ്ഞു ഒഴുക്ക് നിലക്കും മുൻപേ സ്ത്രീകൾ ധാന്യം പൊടിക്കാൻ തിരക്ക് കൂട്ടും. പുരുഷന്മാർ ആട്ടിൻപറ്റങ്ങൾക്ക് പുതിയ ആലകൾ നിർമ്മിക്കും. മച്ചുകളിൽ വൈക്കോൽ ശേഖരിച്ചു നിറച്ചുവെക്കും. ശൈത്യം ഞങ്ങൾക്ക് കാത്തിരുപ്പിന്റെ കാലമാണ്. സർഗാത്മകതയുടെയും. തണുത്തുറഞ്ഞിരിക്കുന്ന താഴ്‌വരക്കുനേരെ വാതിലുകൾ കൊട്ടിയടച്ചു ഞങ്ങൾ അടുപ്പിന്റെ സുഖോഷ്മളതയിലേക്ക് ഉൾവലിയും. പട്ടിണി അലോസരപ്പെടുത്തുമെങ്കിലും മുതിർന്നവർ തറികളിൽ ചണനാരും കമ്പിളിയും നെയ്തു വസ്ത്രങ്ങളുണ്ടാക്കും. ക്ഷമയോടെ വസന്തത്തിന് വേണ്ടി കാത്തിരിക്കും. കുട്ടികൾ പുറത്തിറങ്ങി മഞ്ഞുരുളകളുണ്ടാക്കി ആർത്തു രസിക്കും. ബിയാസിന്റെ കൈവഴികൾ പതുക്കെ ഉരുകിയൊലിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾക്കറിയാം വസന്തമെത്തിയെന്ന്. കിന്നരിതൊപ്പികളണിഞ്ഞു ഞങ്ങൾ കുട്ടികളും പുരുഷന്മാരോടൊപ്പം സൂര്യനുണർന്ന നറുംപുല്ലു നിറഞ്ഞ പുൽമേടുകളിലേക്ക് ആട്ടിൻപറ്റങ്ങളെ തെളിക്കും. ഗ്രീഷ്മത്തിൽ റോതാങ് ലാ യിലെ മഞ്ഞുരുകുമ്പോൾ യുവാക്കൾ ലഹൗളിലേക്കും സ്പിതിയിലേക്കും കമ്പിളിയും കരകൗശല വസ്തുക്കളും കോവർകഴുതയുടെ പുറത്തേറ്റി വ്യാപരത്തിനായി പോകും. പച്ചമരുന്നുകളും പലവ്യഞ്ജനവും പണവും തിരിച്ചു കൊണ്ടുവരും. ആദ്യ മഴ ബജൗറയെ സ്പർശിക്കുമ്പോൾ വീണ്ടും വയലുകളിൽ വിത്ത് വിതക്കും. പഴത്തോട്ടങ്ങളിൽ വിളവെടുപ്പ് നടത്തും. ദസ്റയ്ക്കുള്ള തയ്യാറെ ടുപ്പുകൾ നടത്തും. "
ഇത്രയും പറഞ്ഞു നോക്കുമ്പോഴുണ്ട് അവൾ ഉയർത്തി വച്ച തന്റെ കാൽമുട്ടിന്മേൽ മുഖമമർത്തിയിരുന്നു ആസ്വദിച്ചു കഥ കേൾക്കുന്നു. " ബജൗറയുടെ കഥ തീർന്നിരിക്കുന്നു തമോഗ്. ഋതുക്കൾ ആവർത്തിക്കുന്നതിനൊപ്പം ഈ കഥയും ആവർത്തിച്ചുകൊണ്ടിരിക്കും". അവൾ ആ ഭൂതകാലത്തിൽനിന്നുണർന്നിട്ടെയില്ലെന്നവണ്ണം പതിഞ്ഞ ശബ്ദത്തിൽ അയാളോട് ചോദിച്ചു " എന്തിനാണ് ദേവ് ഇത്ര സുന്ദരമായ ഭൂമി വിട്ട് നിങ്ങൾ സ്വപ്നങ്ങൾക്ക് പിറകെ പോയത്? "
അയാൾ അൽപ്പം ആലോചിച്ചിട്ടു പറഞ്ഞു.
" അറിയില്ല! പോകേണ്ടതുണ്ടായിരുന്നു.. ഒടുവിൽ ഈ ബോധിവൃക്ഷത്തണലിൽ ഇതാ ഇങ്ങനെ കിടക്കാൻ "
വീണ്ടും യാത്ര ആരംഭിക്കാറായി. എങ്കിലും ആ നിമിഷം കടന്നു പോകാതിരുന്നെങ്കിലെന്ന് വെറുതെ സങ്കൽപ്പിച്ചുകൊണ്ട് അയാൾ ഹേമയുടെ വിളിക്ക് മറുപടി കൊടുത്തു. ശാന്തസുന്ദരമായ ബജൗറയുടെ ഭൂതകാല ലഹരിയിൽ മുഴുകി തെന്നിത്തെന്നി ഹേമക്കരികിലേക്ക് നടക്കുന്ന തന്റെ പെൺകുട്ടിയോട് ഇങ്ങനെ വിളിച്ചു പറയണമെന്ന് അയാൾക്കപ്പോൾ തോന്നി
"സ്വപ്നങ്ങളിൽ നിന്നു സ്വപ്നങ്ങളിലേക്ക് പറന്ന ഒരു പറവയായിരുന്നു ഞാൻ! നീയോ, സ്വത്വത്തിന്റെ തെളിനീരിലേക്ക് വേരുകളാഴ്ത്തി വളർന്ന ഒരു ബോധി വൃക്ഷവും! വരൂ, എന്നെ നിന്റെ ചില്ലകളിലേക്ക് ക്ഷണിക്കൂ! ഞാനവിടെ നിത്യശാന്തിയുടെ ഒരു കൂടൊരുക്കട്ടെ!"
(തുടരും..)