ശിലീഭൂതം - 1

ഭാഗം -1

മരിച്ചു മണ്ണടിഞ്ഞു ശിലയിലലിഞ്ഞ ഒരു ഹൃദയം. അതിനുമേൽ ഏതോ പുരാതന മായൻകന്യക വളരെ മൃദുവായി തന്റെ വിരലുകൾ പായിക്കുന്നു. വിരൽസ്പർശമേല്ക്കുന്തോറും പൊടിഞ്ഞു തീരുന്ന ഹൃദയത്തിന്റെ രേഖകൾ... അരുത് ! നിർത്തൂ ! എനിക്ക് വേദനിക്കുന്നു !

അസഹ്യമായ വേദനയോടെ ദേവ്ദത്ത് പിടഞ്ഞെഴുന്നേറ്റു.വിയർപ്പു പൊടിഞ്ഞ മുഖം പോക്കറ്റിൽ നിന്നെടുത്ത വെളുത്ത തൂവാലകൊണ്ടു തുടച്ചു. സന്തതസഹചാരിയായ ട്രാവൽബാഗിന്റെ ഹോൾഡറിൽ സൂക്ഷിച്ചിരുന്ന ഫ്ലാസ്ക് തുറന്ന് ആർത്തിയോടെ  വെള്ളം കുടിച്ചു തിരികെ വച്ചു.  വൃത്തിയായി വെട്ടിയൊതുക്കിയ അവിടവിടെ നരച്ചതാടിയിലൂടെ ഒലിച്ചിറങ്ങിയ തുള്ളികൾ ഇരുകൈകൊണ്ടും തുടച്ച് വാച്ചിലേക്കും പിന്നീട് ജനാലയിലൂടെ പുറത്തേക്കും നോക്കി. ട്രെയിൻ അനങ്ങുന്നില്ല. എവിടെയോ പിടിച്ചിട്ടിരിക്കുന്നു. രാവിലെ അഞ്ചേമുക്കാൽ ആകുമ്പോഴേക്കും കാട്ഗോദാമിൽ എത്തേണ്ടതാണ്. ഈ സ്ഥിതിയിൽ എപ്പോൾ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. റാണിഖേത് എക്സ്പ്രസ്സ്‌ സമയം തെറ്റിക്കാറില്ലെന്നാണ് ഹേമ പറഞ്ഞത്.കാത്തിരുന്നു കാണാം. നശിച്ച സ്വപ്നം. അത് കണ്ടില്ലായിരുന്നുവെങ്കിൽ ഒന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു. പതിനാലു വർഷങ്ങൾക്കു ശേഷം താൻ വീണ്ടും ഇന്ത്യയിൽ യാത്ര ചെയ്യുന്നു.

കാലം കുഴിച്ചുമൂടിയതെന്തിനെയും കാരണങ്ങളൊന്നുമില്ലാതെതന്നെ വലിച്ചു പുറത്തെടുത്തു പരിശോധിക്കുകയാണല്ലോ തന്റെ തൊഴിൽ. പതിനാലു വർഷം മുൻപാണ് ആർക്കിയോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിൽ ചേക്കേറിയത്. വെറും പതിനാലു വർഷം ! താൻ കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം ഏറ്റവും ചുരുങ്ങിയത് ഒരു അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ളവയായിരിക്കും. എഴുതിയ പ്രബന്ധങ്ങളെല്ലാം മൂവായിരമോ അയ്യായിരമോ വർഷം പഴക്കമുള്ള സംസ്കൃതികളെക്കുറിച്ചും. ആദിമധ്യാന്തങ്ങളറിയാത്ത കാലപ്രവാഹത്തിൽ തന്റെ ഒരിറ്റു സമയം എവിടെയാണ് നിലകൊള്ളുന്നത്?
ചിലപ്പോൾ ബലാൽക്കാരരംഗം ഒന്നുകൂടി പിന്നോട്ടോടിച്ചു കാണുന്ന മനോവൈകൃതമുള്ള ചലച്ചിത്രാസ്വാദകനാണ് കാലം. മറക്കുവാനാഗ്രഹിക്കുന്ന ഭൂമികകളിലേക്കു മനപ്പൂർവം പറഞ്ഞുവിട്ട് അതു മനുഷ്യന്റെ നിസ്സഹായതയെ ക്രൂരമായി ആസ്വദിക്കുന്നു.

തീവണ്ടി പതിയെ നീങ്ങിത്തുടങ്ങി. ഇടയ്ക്കിടെ പുറത്തു മിന്നിമറയുന്ന മഞ്ഞവെളിച്ചം കണ്ണിലടിക്കാതിരിക്കാൻ അയാൾ ബാഗിൽ നിന്നും തൊപ്പിയെടുത്തു മുഖത്തു വച്ചു. വീണ്ടും മയങ്ങിപ്പോയത് അറിഞ്ഞതേയില്ല. കൃത്യം അഞ്ചരക്ക് വാച്ചു ശബ്ദിച്ചു.എഴുന്നേറ്റു വിരിപ്പുകൾ മടക്കി വച്ചു ബാഗു റെഡിയാക്കി അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും കാട്ഗോദാം എത്തിയിരിക്കുന്നു. ഇടക്കെപ്പോഴോ വണ്ടി അലറിപ്പാഞ്ഞിട്ടുണ്ടാവണം. സ്റ്റേഷന് പുറത്ത്  ഫീൽഡ് സ്കൂളിന്റെ ജീപ്പ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഹേമ അയച്ചതാണ്. ഈ വർഷത്തെ സമ്മർ സ്കൂൾ ഇൻസ്ട്രക്ടർ ആയി തന്നെയാണ് അവർ നിശ്ചയിച്ചത്. പലവട്ടം ഒഴിഞ്ഞുമാറിയിട്ടും സമ്മതിച്ചില്ല. മെന്റർഷിപ്പിൽ തുടങ്ങിയ സൗഹൃദം നീണ്ട ഇരുപത് വർഷത്തിൽ എത്തി നിൽക്കുന്നു. താൻ വിദേശവാസം സ്വീകരിച്ചപ്പോഴും സൗഹൃദത്തിന്റെ ഊഷ്മളത ഒട്ടും കുറഞ്ഞില്ല. തന്റെ വിവാഹമോചനം എല്ലാവർക്കും അത്ഭുതമായി തോന്നിയപ്പോൾ ഹേമ  മാത്രം അതു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി.  അവർ തന്നോട് എപ്പോഴും പറഞ്ഞു ചിരിച്ചിരുന്നു  "Dev, you are a great friend and co-worker. But i don't think you would be a great partner. Be careful when you marry "!
എന്തുകൊണ്ടവരങ്ങനെ പറഞ്ഞു എന്ന് ഇന്നും അറിയില്ല. എങ്കിലും അവർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

ജീപ്പ് നൈനി തടാകത്തിനരികിലൂടെ പതിയെ സഞ്ചരിക്കുന്നു . നൈനി നിശ്ചലയാണ്. ശ്വാസഗതിപോലും തിരിച്ചറിയാനാവാത്തത്ര നിശ്ചലയായി, മഞ്ഞിന്റെ പട്ടുകംബളത്തിനു കീഴെ നിശബ്ദയായി അവൾ നിദ്രകൊള്ളുന്നു. ഇടക്കൊന്നു വെളിപ്പെട്ടു കണ്ട കണ്ണാടി മേനിയിൽ ഉദയത്തിന്റെ നരച്ച ചുവപ്പ് പടർന്നിട്ടുണ്ട്. പതിനാലു വർഷങ്ങൾക്കു ശേഷം ശ്വസിക്കുന്ന നൈനിറ്റാളിന്റെ വായു.. തന്റെ യൗവ്വനസ്വപ്‌നങ്ങൾ, ഉന്മാദാവേഗങ്ങൾ, സ്വത്വാന്വേഷണങ്ങൾ .. എല്ലാറ്റിന്റെയും ഗന്ധം പേറുന്ന വായു...
ഒരു പതിറ്റാണ്ടിനു മുൻപ് അങ്ങ് ദൂരെ മൂടൽമഞ്ഞിനപ്പുറം വിളറിക്കാണുന്ന കുമയൂൺ കുന്നുകളിൽ അലഞ്ഞു നടന്നൊരു യുവാവുണ്ട്.. ഒരേസമയം സത്യാന്വേഷകനും, സാഹസികനും  രസികനുമായൊരു യുവാവ്. ചരിത്രാതീത മനുഷ്യൻ കോറിയിട്ട കുമയൂണിലെ ഗുഹാചിത്രങ്ങൾ നോക്കി അയാൾ കഥകൾ മെനഞ്ഞു. സഹപാഠിയായ പ്രണയിനിയോട് തന്റെ ഭ്രാന്തൻ ചിന്തകൾ പങ്കുവച്ചു തർക്കിച്ചു... സുയാൽ നദിക്കരയിൽ അവർ രണ്ടുപേരും ചേർന്ന് ഉത്ഘനനം ചെയ്തെടുത്ത നിഗൂഢപ്രണയലിപികൾ വായിച്ചെടുക്കാൻ അവർക്കൊഴികെ മറ്റാർക്കും പ്രയാസമുണ്ടായില്ല...
ബിർച്ചു മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന ഇളം ചൂടുള്ള വെയിൽ വെളിച്ചം ! അതിൽ ഒളിഞ്ഞും തെളിഞ്ഞും ചിരിക്കുന്ന നക്ഷത്രക്കണ്ണുള്ള വെണ്ണക്കൽമുഖം! ആ മുഖത്തിന്‌ ഇന്ത്യൻ ഛായയും വെള്ളക്കാരന്റെ നിറവുമാണ്! അറിയാതെ ഇണചേർന്ന സംസ്കൃതികളുടെ സന്തതി ! ഈ വായുവിന്റെ ഗന്ധം ഒരു ചരിത്രാന്വേഷകനെപ്പോലെ കുഴിച്ചു മൂടിയതത്രയും പുറത്തെടുക്കുന്നു...

ജീപ്പ് പതുക്കെ മല കയറാൻ തുടങ്ങി. മഞ്ഞിന്റെ മൂടുപടമിട്ട അരണ്ട വെളിച്ചത്തിൽ  ഇരവിഴുങ്ങി  മയങ്ങിക്കിടക്കുന്ന പെരുംപാമ്പിനെപ്പോലെ തോന്നിച്ചു വളഞ്ഞും പുളഞ്ഞുമുള്ള റോഡ്. ഏകദേശം അരമണിക്കൂർ നീണ്ട കയറ്റത്തിനൊടുവിൽ വലത്തോട്ട്  പോകുന്നൊരു മൺപാത. അതിനിരുവശവും പൈൻ മരങ്ങൾ  മാനം മുട്ടി നിൽക്കുന്നു. പാതക്കൊടുവിൽ ബ്രിട്ടീഷ് കൊളോണിയൽ രീതിയിൽ പണിത കെട്ടിടം.  എത്ര സുന്ദരമായൊരിടമാണ് ഹേമ സമ്മർ സ്കൂളിന് വേണ്ടി ഒരുക്കിയിരിക്കുന്നത്! അവർ എന്നും അങ്ങനെയായിരുന്നു... ഹിമവാനെയും താഴ്‌വരകളിൽ മഞ്ഞുപോലുതിർന്നു വീഴുന്ന  മൗനത്തെയും  അഗാധമായി പ്രണയിച്ച  സ്ത്രീ... താനുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാർക്കും മഞ്ഞുകാലത്തൊഴികെ അവർ കോൺഫറൻസ് റൂമുകളിൽ ചേക്കേറാൻ ഇടം കൊടുത്തില്ല... പകരം കുമയൂൺ കുന്നുകളിലെക്കും, കുളു താഴ്‌വരയിലെ പുരാതന ക്ഷേത്രങ്ങളിലേക്കും കൂട്ടിക്കൊണ്ട് പോയി... ഞങ്ങൾ വിദ്യാർത്ഥികൾ അളവുകളും കുറിമാനങ്ങളും ശില്പങ്ങളും ചുവർചിത്രങ്ങളും വിശകലനം ചെയ്ത്  ചരിത്രത്തിലേക്കും ചരിത്രാതീതത്തിലേക്കും സഞ്ചരിക്കുമ്പോൾ അവർ ഏതെങ്കിലും മരച്ചുവട്ടിലോ കല്പടവിലോ ഇരുന്ന് ധ്യാനനിരതയായി! അന്നും ഇന്നും അവർ ഒരു സന്യാസിനിയാണ്! കാലം മായ്ചുകളഞ്ഞ മഹാത്ഭുതങ്ങളുടെ തിരുശേഷിപ്പുകൾക്കൊന്നും അല്പം പോലും അത്ഭുതപ്പെടുത്താനാവാത്ത  ഒരു സന്യാസിനി! അവർ തനിക്കു പകർന്നു  തന്നത്  ഗവേഷണത്തിന്റെ ആദ്യപാഠങ്ങൾ  മാത്രമായിരുന്നില്ല  .. ഒരു സഹോദരിയുടെ വാത്സല്യവും സുഹൃത്തിന്റെ കരുതലും കൂടിയാണ്! ഇത്രയും സംവത്സരങ്ങൾ  ഒരേ ആശയങ്ങളുടെ പാതയിലൂടെ കൈകോർത്തു സഞ്ചരിച്ചു !ഇരുട്ടിൽ തപ്പിയപ്പോഴെല്ലാം അവർ വിളക്കുമായി മുന്നിൽ നടന്നു..  ചവിട്ടിയേക്കാമെന്നു തോന്നിയ മുള്ളുകൾ  ആദ്യമേ ചൂണ്ടിക്കാണിച്ചു തന്നു ! മാനവ സംസ്കൃതിയെപ്പറ്റി താനെഴുതിയ പുസ്തകങ്ങളത്രയും ഒരു ആൽക്കമിസ്റ്റിനെപ്പോലെ ഉറക്കമിളച്ചിരുന്ന് അവർ ഊതിക്കാച്ചി പൊന്നാക്കി ! അവരില്ലെങ്കിൽ ഡോ.ദേവ്ദത്ത് മിശ്ര  എവിടെ ! യാത്ര തുടങ്ങിയിടത്തേക്ക് ഒരിക്കലെങ്കിലും തിരിച്ചു വരൂ എന്ന് വിളിച്ചത് അവരാണ്... അതുകൊണ്ട് തന്നെ വരാതിരിക്കാനാവില്ല !
ജീപ്പിൽ ഇരുന്നുകൊണ്ട്  കാണാം,  ഇരുവശവും മാർഗരീത്തകൾ പൂത്തുനിൽക്കുന്ന നടപ്പാതക്കപ്പുറമുള്ള ലോബിയിൽ അവർ ഒരു കപ്പ് കാപ്പിയുമായി കാത്തു നിൽക്കുന്നുണ്ട്. ജീപ്പ് മുറ്റത്തേക്ക് പ്രവേശിച്ചതും ഓടി  പുറത്തേക്ക് വന്നു...

കാലം അവരെ മാത്രം  മാറ്റിയതേയില്ല എന്ന് തോന്നി... മനോഹരമായി ബോബുചെയ്ത് ഒതുക്കിയ മുടി അതേപോലെ.. അതേ പളുങ്കു necklace.. കാവി നിറമുള്ള കുർത്ത.. എപ്പോഴും നനവൂറുന്നെന്ന് തോന്നുന്ന തിളങ്ങുന്ന കണ്ണുകൾ... വെളുത്തു മെലിഞ്ഞ അവരുടെ ആ സുന്ദര മുഖത്ത് മാത്രം അവിടവിടെ അൽപാൽപം ചുളിവ് വീഴാൻ തുടങ്ങിയിരിക്കുന്നു..
ജീപ്പിൽ നിന്ന് ഇറങ്ങുന്ന തന്റെ നേർക്കു തിടുക്കത്തിൽ അവർ ഓടിവന്നപ്പോൾ ഒരു കൊച്ചു കുഞ്ഞ് നെഞ്ചിൻകൂടിനുള്ളിൽ എവിടെയോ അലറിക്കരയുന്നു ! മരിച്ചുപോയെന്നു കരുതി താൻ ശവക്കല്ലറയിലടച്ചു കുഴിച്ചുമൂടിയ കുഞ്ഞ് !

അവർ  അയാളെ ആശ്ളേഷിച്ചു  ! പാതി നരച്ചു നീണ്ട അയാളുടെ മുടിച്ചുരുളിലൂടെ വിരലോടിക്കുമ്പോൾ അത്യാഹ്ലാദത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു
"Finally..my boy is home"

അവരുടെ ചിരി ഒരു പകർച്ചവ്യാധിയാണ്. അയാളുടെ  നെഞ്ചിനുള്ളിൽ ആർത്തു  കരയുന്ന കുഞ്ഞിലേക്ക് ആ ചിരി അതിവേഗം പടർന്നു കയറി. വലതു കയ്യിൽ  അവരെയുമണച്ചുപിടിച്ച് ലോബിയിലേക്കു പ്രവേശിക്കുമ്പോൾ അയാൾ ചുറ്റും കണ്ണോടിച്ചുകൊണ്ടു പറഞ്ഞു. "Incredible!"
ഡ്രൈവർ എടുത്തുകൊണ്ടുവന്ന ബാഗു വാങ്ങിച്ചുകൊണ്ട് ഹേമ പറഞ്ഞു "പഴയ ഏതോ സായിപ്പിന്റെ ബംഗ്ലാവാണ്. രണ്ടു മൂന്ന് പ്രാവിശ്യം ഫീൽഡ് സ്കൂളിന്റെ ചില പ്രോഗ്രാമുകൾ ഇവിടെ വച്ചു നടത്തിയിരുന്നു. കോൺഫറൻസ് ഹാൾ,  കോമൺ കിച്ചൻ എല്ലാമുണ്ട്. ഇത്തവണ പന്ത്രണ്ടു കുട്ടികൾ മാത്രമേ  ട്രെയിനിങ്ങിനു രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇത് ധാരാളം. ഇവിടെ തന്നെ സ്റ്റേയും ആകാം." എന്നിട്ട് പതിവുപോലെ കളി യാക്കി  "ഒടുവിൽ എന്റെ കുട്ടികൾക്ക് വിശ്വപ്രസിദ്ധനായ ഡോ. ദേവദത്ത് മിശ്രയുടെ ട്രെയിനിങ് ലഭിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു". അതുകേട്ട് അയാൾ  പുരികമുയർത്തി ഒരു കുസൃതിചിരിയോടെ  പറഞ്ഞു " lucky chaps!".....എന്നിട്ട് ഹേമയെ ആശ്ലേഷിച്ചു ചെവിയിൽ മന്ത്രിച്ചു "but fortune is relative".
ശരിയാണ്... ചിലരുടെ ഭാഗ്യങ്ങൾ മറ്റു ചിലരുടെ നിർഭാഗ്യങ്ങളത്രെ... ദേവൻ മാറിയിട്ടേയില്ലെന്ന് ഹേമക്ക് തോന്നി! കൊച്ചു വർത്തമാനങ്ങൾക്കിടയിൽ പൊടുന്നനെ തത്വചിന്തകളിലേക്കു  വഴുതി വീഴാറുള്ള തന്റെ അതേ പഴയ കിറുക്കൻ ശിഷ്യൻ...

അവർ അയാളോട് പറഞ്ഞു. " you got time till 8.30. പോയി വിശ്രമിക്കൂ. എപ്പോഴും വൈകുന്ന പഴയ സ്വഭാവം കാണിക്കരുത്. കുട്ടികൾ ഉണരുമ്പോഴേക്കും താൻ റെഡിയായിരിക്കണം". അവരുടെ താക്കീതു കേട്ട് ചിരിച്ചുകൊണ്ട് അനുസരണയുള്ള കുട്ടിയെപ്പോലെ അയാൾ റൂംബോയിയുടെ കൂടെ പോയി.

മുകളിലത്തെ നീണ്ട വരാന്തയിലെ  അവസാനത്തെ മുറി.  കുഞ്ഞിനു  മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ഗോത്രസ്ത്രീയുടെ  ഛായാചിത്രം ഭിത്തിയിൽ തൂക്കിയിരിക്കുന്നു. അതിന്റെ നനുത്ത ഊഷ്മളതയിലേക്ക് അമ്മയുടെ ഗർഭപാത്രത്തിലേക്കെന്നപോലെ അയാൾ പ്രവേശിച്ചു. പിറകുവശത്തെ ചില്ലുവാതിൽ മനോഹരമായ ഒരു ബാൽക്കണിയിലേക്കു തുറക്കുന്നു. അതിൽ രണ്ട് ഇരിപ്പിടങ്ങളും ഒരു ചെറിയ മേശയുമുണ്ട്. അവിടെ നിന്നു നോക്കിയാൽ അങ്ങ് ദൂരെ നിരന്നുകാണുന്ന മൂടൽമഞ്ഞു പുതച്ച കിഴക്കൻ കുന്നുകൾ... ഇടയിൽ താഴ്‌വരകൾ.... ഉദയം അവയിലെല്ലാം ചുവപ്പ് കോരിയൊഴിച്ചിരിക്കുന്നു...
 പെരുവിരൽ മുതൽ മൂർദ്ധാവ് വരെ ഒരു വിറയൽ അരിച്ചു കയറി .. ഹൃദയത്തിൽ എങ്ങോ  ഉറഞ്ഞുകൂടിയ ഹിമാനികളിലൊന്ന് ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ച പോലെ...
താനിയ (Tanya) !...  ആരാലും  നീന്തിയെത്താനാകാത്തത്ര   ആഴത്തിൽ തന്നെ സ്നേഹിച്ചവൾ ...അവളോടൊപ്പമാണ് അവസാനമായി ഈ  താഴ്‌വരയിലെ ഉദയം കണ്ടത് ! പിരിയുമ്പോൾ,   എന്തിനു കരയണം എന്ന  തന്റെ   ചോദ്യത്തിനുമുൻപിൽ നിസ്സഹായയായി   അവൾ  ആർത്തു കരഞ്ഞത്  ഓർമ്മയുണ്ട്...

ഷവറിൽ നിന്നു വീഴുന്ന  ഇളം ചൂടു വെള്ളത്തിനു കീഴിൽ നിന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി  ..  ഹിമാനിയല്ല,   അനന്തകാലമായി ഉറഞ്ഞുകൂടിയ ഒരു ഭൂഖണ്ഡം മുഴുവൻ  ഉരുകിയടർന്ന് ഹൃദയത്തിൽ  മഹാപ്രളയം സൃഷ്ടിക്കുന്നു ...
സത്യമാണ്... വിശപ്പും ദാഹവും രോഗവും വേദനയുമില്ലാത്ത മനുഷ്യരും കരയാറുണ്ട്..... താനിപ്പോൾ കരഞ്ഞതെന്തിനാണ് ?

തല തുവർത്തി സ്വെറ്ററും ട്രാക്‌സുമണിഞ്ഞു രജായിക്കുള്ളിലേക്ക്‌ അയാൾ  വീഴുകയാണുണ്ടായത്....സുഖകരമായ മരണം പോലൊരുറക്കം തനിക്കിപ്പോൾ വേണം. മരിച്ചു ജനിക്കുമ്പോഴേക്കും  ഓർമ്മകൾ  ജീർണ്ണിച്ചു തീർന്നിട്ടുണ്ടാകണം ! ചിന്തകളുടെ തുടർച്ചയറ്റ് പുനർജനിയുടെ ഇരുട്ടിലേക്ക്  അയാൾ പതിയെ  ഇഴഞ്ഞിറങ്ങി.

ടെലിഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത്... സമയം 8.30 ആയിരിക്കുന്നു ! "Breakfast is ready sir" അപ്പുറത്തു നിന്നു ശബ്ദം. മുഖം കഴുകി,  മുന്നോട്ട്  വീണുകിടക്കുന്ന മെരുക്കമില്ലാത്ത മുടി  പിന്നിൽ കെട്ടിവച്ചു. ഡൈനിങ്ങ് ഏരിയയിൽ എത്തിയപ്പോൾ ഹേമ അവിടെയുണ്ട്. കുട്ടികൾ ഓരോരുത്തരായി വന്നു തുടങ്ങിയിരിക്കുന്നു. പന്ത്രണ്ടു രാജ്യങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടവർ. മിത്തുകളും യാഥാർഥ്യങ്ങളും ഇടകലർന്ന ഹിമാലയൻ താഴ്‌വരയിലെ ചരിത്രാവശേഷിപ്പുകളെ പരിചയപ്പെടാൻ എത്തിയിരിക്കുന്നവർ...  ജിജ്ഞാസയും,  അതിലേറെ  സാഹസികതയും തുളുമ്പി നിൽക്കുന്ന മുഖങ്ങൾ ! അവരെ കണ്ട മാത്രയിൽ അയാൾ വീണ്ടും പഴയ വിദ്യാർത്ഥിയായി !

ദേവനെ കണ്ടതും ഹേമ ചിരിച്ചു കൊണ്ടുറക്കെ പറഞ്ഞു "Here you are... with the combed mane ! I think my wolf has become a sheep"
കുട്ടികൾ പെട്ടെന്ന് നിശബ്ദരായി.
"Please take your seats" ഹേമ അവരോടായി പറഞ്ഞു. എല്ലാവരും അവരവർക്കു വേണ്ട വിഭവങ്ങൾ എടുത്തുകൊണ്ട് നീണ്ട തീൻമേശക്കിരുവശവും ഇരുന്നപ്പോൾ അവർ  ദേവനെ പരിചയപ്പെടുത്താൻ ആരംഭിച്ചു. "friends, meet Mr. Devdut mishra,   renouned  historical archeologist and ethnographer from Archeological institute of America. We are lucky to have him as instructor this time". കണ്ണിറുക്കികാണിച്ച് അവർ തുടർന്നു  "So guys, pester him and try to grab as much as you can". കുട്ടികൾ ചിരിച്ചുകൊണ്ട് കയ്യടിച്ചു.

അയാൾ ഒരു ചായ കുടിച്ചുകൊണ്ട് ഓരോരുത്തരെ ആയി പരിചയപ്പെടാൻ ആരംഭിച്ചു. ഗവേഷണം ആരംഭിച്ചവരും തീസിസിന്റെ അവസാനഘട്ടം എത്തിയവരുമുണ്ട്. അടുത്തിരിക്കുന്ന മെക്സിക്കൻ യുവാവിന് ജ്യൂസ്‌ പകർന്നുകൊടുത്തുകൊണ്ട് ദേവൻ  പറഞ്ഞു "Guys, U gonna have a great experience !"
അവിടുത്തെ ഗോത്രസംസ്‌കൃതികളുടെ പരിണാമത്തെപ്പറ്റി വാചാലനായിക്കൊണ്ടിരിക്കുന്ന അയാളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് വിദ്യാർത്ഥികൾ ആരാധനയോടെ നോക്കികൊണ്ടിരുന്നു.  ഇതിനേക്കാൾ ഭാഗ്യം ഇനി ലഭിക്കുവാനില്ല. അവരെല്ലാം പ്രാതൽ കഴിക്കുന്നതിനിടയിൽ അയാളെയും അയാളുടെ പഠനങ്ങളേയും  കുറിച്ച് നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു . രസികനായ അയാൾ വളരെപെട്ടെന്ന് അവരുമായി അടുപ്പത്തിലാകുന്നത്‌ ഹേമ കൗതുകത്തോടെ വീക്ഷിച്ചു.
പതിനൊന്നു വിദ്യാർത്ഥികളും ഇതിനകം എത്തിയിരുന്നു. തന്റെ ഇടതുവശത്തെ നിരയിൽ  ഏറ്റവുമൊടുവിൽ ഒഴിഞ്ഞുകിടക്കുന്ന കസേരയിലേക്ക് നോക്കി  അയാൾ   പറഞ്ഞു "some one is yet to come". ശിഷ്യർ വൈകി വരുന്നതിൽ ഇപ്പോൾ കുഴപ്പം തോന്നുന്നുണ്ടോ എന്ന് ചോദിച്ച് ഹേമയപ്പോൾ  ചിരിക്കുകയാണുണ്ടായത്.

പത്തുമണിക്ക് ലെക്ചർ ഹാളിൽ വച്ച് കാണാമെന്ന് കുട്ടികളോട് പറഞ്ഞ് അയാൾ എഴുന്നേറ്റു. പുറത്തേക്കിറങ്ങുമ്പോൾ പന്ത്രണ്ടാമത്തെയാളാണെന്നു തോന്നുന്നു  തിടുക്കത്തിൽ ഓടിപ്പോകുന്നുണ്ട് . കഴുത്തിൽ കറുത്ത ചരടിൽ കോർത്തിട്ടിരിക്കുന്ന ഒരു ചെറിയ സാളഗ്രാമം  മിന്നൽ പോലെ കണ്ടു .

ഗണ്ഡകി നദിയിൽ നിന്നും ശേഖരിച്ച മുഷ്ടിയോളം വലിപ്പമുള്ള ഒരു സാളഗ്രാമം പ്രണയം പറഞ്ഞ നാൾ താനിയ സമ്മാനിച്ചത് ഓർമ്മയുണ്ട്. പ്രശസ്തിയുടെ കൊടുമുടികൾ കയറുന്നതിനിടയിൽ എവിടെയാണ് താനത് ഉപേക്ഷിച്ചതെന്നു മാത്രം ഓർമ്മയില്ല.

(തുടരും.. )