ഒരു ചെറു യാത്രയുടെ കഥ - ഭാഗം 4


എൻ്റെ ഭാവാദികളിൽനിന്ന് ഇന്റർവ്യൂ ഫലം കണ്ടില്ലെന്നു മനസ്സിലാക്കിയ സന്തോഷ് കാർ മുന്നോട്ടെടുത്തുകൊണ്ടു പറഞ്ഞു .''സരൂർ മാഡംജി , അബ് ഹം മണികർണികാ ചലേംഗേ ..ഫിർ ഏക് അസ്‌ലീ ബനാറസി സിൽക്ക് സാടി ഖരീദേംഗേ". സാരി ഇന്ത്യൻ സ്ത്രീകളുടെ ദൗർബല്യമാണെന്ന് ഏതു പുരുഷപ്രജക്കും അറിയാമല്ലോ ! ഒരു പട്ടുസാരിയെക്കുറിച്ചോർത്തെങ്കിലും ഞാൻ സന്തോഷവതിയാകട്ടെ എന്നയാൾ വിചാരിച്ചു കാണണം. 

ഏറിയാൽ നാലര കിലോമീറ്റർ. അത്രയേ ഞങ്ങൾ സഞ്ചരിച്ചുള്ളൂ .  അതിനുശേഷം തെരുവിൻറെ എതിർവശത്ത് മണികർണികാ ഘാട്ട് എന്നെഴുതിവച്ചിരിക്കുന്ന ബോർഡിന് അല്പം അകലെയായി വണ്ടി നിർത്തി അയാൾ എന്നോട് പറഞ്ഞു " ഇദ്‌ർ സെ ഗാഡി നഹീ ചലേഗാ മാഡം ..രാസ്താ ബഹുത് ഛോട്ടാ ഹേ ". ഞാൻ അപ്പോൾ ശരിയെന്നും പറഞ്ഞു തുണിയിൽ തുന്നിയ ചെറിയ തോൾസഞ്ചി മാത്രം കയ്യിലെടുത്തു ബോർഡിൽ അടയാളമിട്ടുവച്ച ഭാഗത്തേക്ക് നടന്നു. സന്തോഷ് പിന്നാലെയും. അടുത്തെത്തിയപ്പോഴാണ് സംഗതി മനസ്സിലായത്. വഴി വളരെ ഇടുങ്ങിയതാണ് . വണ്ണമുള്ള മൂന്നുപേർക്ക് കഷ്ടിച്ച് നിരന്നു നടന്നു പോകാം .നിലത്ത്‌ ഇന്റർലോക്ക് പാകിയിട്ടുണ്ട് . അഴുക്കും പൊടിയും പറ്റിയ വലിയ കെട്ടിടങ്ങളാണ് വശങ്ങളിൽ . ചില ഭാഗങ്ങളിൽ വശങ്ങളിലേക്ക് പഴയരീതിയിൽ കല്പലകൾ പാകിയ ഉപവഴികളുണ്ട് . അവ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായില്ല. കെട്ടിടങ്ങളിൽ ചിലത് ഹോട്ടലുകളും അതിഥിഭവനുകളുമാണ്. എതിരെ തെരു തെരെ സൈക്കിളുകളും പശുക്കളും ആളുകളും വരുന്നു . വാരണാസിയിലെ പശുക്കളിൽ ചിലത് എന്നെ അത്ഭുതപ്പെടുത്തി . തടിച്ചു കൊഴുത്തു മുതുകിൽ വലിയ പൂഞ്ഞയും അയഞ്ഞു തൂങ്ങിയ കഴുത്തും ലക്ഷണമൊത്ത   ചെവിയും കൊമ്പുകളുമുള്ള സുന്ദര ജീവികളായിരുന്നു അവ . അവ പഴയ ഹാരപ്പൻ സംസ്കാര ചിഹ്നങ്ങളിൽ നാം കാണുന്ന ബ്രഹ്മൻ കാളകളെ ഓർമ്മിപ്പിച്ചു. പ്രളയമെടുത്ത ഹാരപ്പയിലെ ചില മനുഷ്യർ വടക്കുകിഴക്കോട്ടു സഞ്ചരിച്ചു ഗംഗയുടെ സമതല ഭൂവിൽ കുടിയേറിയിട്ടുണ്ട് . സിന്ധുവിന്റെ തടങ്ങളിൽനിന്നും ആറായിരം വർഷങ്ങൾക്ക് മുൻപ് വരാണസിയിലേക്ക് നിരന്തരം കുടിയേറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് എവിടെയോ വായിച്ചതോർത്തു .അവരുടെ പശുക്കളുടെ പിന്മുറക്കാരാകുമോ കഴുത്തിൽ മണികെട്ടിയ ഈ സുന്ദരജീവികൾ ? എന്തുതന്നെയായിരുന്നാലും ഞാൻ അരികുചേർന്ന് സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഇപ്പോൾ ഈ ഇടവഴിയിൽ വച്ചുതന്നെ അവയുടെ കൊമ്പുകളിൽ അകപ്പെട്ടു മോക്ഷം പ്രാപിക്കേണ്ടതായി വരും . ''മാഡംജി , സംഭാൽ കർകെ '' സന്തോഷ് ഓർമിപ്പിച്ചു . 

കുറച്ചുകൂടി മുന്നോട്ടുനീങ്ങിയപ്പോൾ വശങ്ങളിൽ കടകൾ കണ്ടു . രുദ്രാക്ഷമാലകളും പൂജാദ്രവ്യങ്ങളും പലതരം പലഹാരങ്ങളും തുണികളും വിൽക്കുന്ന കടകൾ . അവക്കുള്ളിലെല്ലാം ഇരുട്ടാണ് . മുന്നിലെ അല്പം വെളിച്ചത്തിൽ സാധനങ്ങൾ നിരത്തിവച്ചു കടക്കാർ ഇരിക്കുന്നുണ്ട് . എന്നെ ഏറ്റവും അധികം ആകർഷിച്ചത് നരച്ചു തൂങ്ങിയ താടിയും തലയിൽ തൊപ്പിയും വെച്ച് ഹൈന്ദവാരാധനകൾക്കുവേണ്ടി പൂജാദ്രവ്യം വിൽക്കുന്ന ഒരു വന്ദ്യവയോധികനെയാണ് . '' ആപ്കോ ക്യാ ചാഹിയെ മാഡം ? ദിയ ? തോലിയാം ?" . ഓം എന്ന് അവിടവിടെ പ്രിൻറ് ചെയ്ത ഒരു നീളൻ തോർത്തെടുത്ത്‌ അയാൾ എൻ്റെ നേരെ നീട്ടി . ഈ ബ്രഹ്‌മാണ്ഡ സൃഷ്ടിക്കു കാരണഭൂതമായ അനിർവചനീയ ശബ്ദവീചിയെ വെറും അലങ്കാരമെന്നോണം വസ്ത്രങ്ങളിൽ വരച്ചു വയ്ക്കുന്നതിനോട് പണ്ടേ യോജിപ്പില്ലാതിരുന്നതിനാൽ ഞാൻ അദ്ദേഹത്തോട് വിനീതയായി പറഞ്ഞു . 'കുച് നഹി ചാഹിയെ ദാദാജി , ശുക്രിയ!".അപ്പോഴതാ ഇടുങ്ങിയ തെരുവിലൂടെ ഒരു ശവഘോഷയാത്ര വരുന്നു . മുളകൊണ്ട് കെട്ടിയുണ്ടാക്കിയിരിക്കുന്ന ഒരു മഞ്ചത്തിലാണ് മൃതദേഹം കിടത്തിയിരിക്കുന്നത്‌. ശരീരം ചുവപ്പും പച്ചയും കലർന്ന പട്ടുകൊണ്ട് പുതപ്പിക്കുകയും , മഞ്ചം ജമന്തിമാലകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് . മുന്നിലൊരാൾ മണിയടിച്ചുകൊണ്ട് 'ഹരി ഓം! ഹരി ഓം! ' എന്ന് പറയുകയും കൂടെയുള്ളവർ അതേറ്റു ചൊല്ലുകയും ചെയ്യുന്നു . വഴിയിൽ സ്ഥലമില്ലാത്തതിനാൽ കടയിലെ വൃദ്ധൻ എന്നെയും സന്തോഷിനെയും കൈപിടിച്ചകത്തേക്കു കയറ്റി . ഘോഷയാത്ര അടുത്തുവന്നപ്പോൾ സന്തോഷും കൂമ്പിയ കണ്ണുകളോടെ നെഞ്ചിൽ കൈ ചേർത്തുപിടിച്ചു 'ഹരി ഓം!' എന്നുരുവിടാൻ തുടങ്ങി . അപ്പോൾ എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ടതാ സൂഫിവര്യനെപ്പോലുള്ള കടയുടമ കൈ രണ്ടും ആകാശത്തോട്ടുയർത്തി 'ഹരി ഓം!' എന്ന് മന്ത്രോച്ചാരണം നടത്തുകയും കുറച്ചു ജമന്തിപ്പൂക്കൾ ആ മഞ്ചത്തിലേക്ക് ഒരു ഹോമകുണ്ഡത്തിലേക്കെന്നപോലെ അർച്ചിക്കുകയും ചെയ്യുന്നു . ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞദ്ദേഹം കണ്ണടച്ച് ഖുറാനിലെ ഏതോ ഭാഗങ്ങളാകണം അറബിയിലുരുവിട്ടു. എൻ്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞു. ഘോഷയാത്ര അവശേഷിപ്പിച്ചുപോയ ചന്ദനത്തിരികളുടെ ഗന്ധത്തിൽ ലയിച്ചു നിൽക്കവേ എനിക്ക് വെളിപാടുണ്ടായി. സകല മാനവ ദർശനങ്ങളെയും മാറോടു ചേർത്തുനിൽക്കുന്ന ഒരു പുരാതന സംസ്കൃതിയിലേക്ക് ഞാനിതാ പ്രവേശിച്ചിരിക്കുന്നു. പിന്നിട്ട നഗരങ്ങളുടെ ചിത്രങ്ങളത്രയും ഒറ്റ നിമിഷത്തിൽ എന്നിൽനിന്നും മാഞ്ഞുപോയി . വിഭാഗീയതയുടെയും വംശീയവിദ്വേഷത്തിന്റെയും വരമ്പുകൾ അതിരിട്ട , ആധുനിക നാഗരികതയുടെ അഹന്തമൂത്ത എൻ്റെ പ്രജ്ഞയെ ഇതാ ഈ പൗരാണിക നഗരം അഴുക്കുപുരണ്ട ഈ ഇടുങ്ങിയ തെരുവിൽ വെച്ച് ഞൊടിയിടയിൽ ഭസ്മമാക്കിക്കളഞ്ഞിരിക്കുന്നു .

''ആയിയെ മാഡംജി ഹമാരെ പാസ് സ്യാദ ദേർ നഹി ഹെ''. സന്തോഷിൻറെ വിളി കേട്ടാണ് ഞാൻ ചിന്തയിൽനിന്നുണർന്നത്‌. ആ സൂഫിവര്യനോട്‌ താങ്കളെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറഞ്ഞു വണങ്ങിയതിനുശേഷം ഞാൻ മുന്നോട്ടു നടന്നു. ''സദാ സുഖീ രഹോ ബേട്ടി !'' എന്ന അദ്ദേഹത്തിൻറെ അനുഗ്രഹ വചനങ്ങൾ പിന്നിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു . സന്തോഷ് എൻ്റെ ഭാവമാറ്റം കണ്ട് അത്ഭുതം കൂറി. ''ക്യാ ഹേ മാഡംജി , ആപ്കോ ഹമാരാ ദേശ് പസന്ത് ആയാ ?''. ''ബഹുത് '' എന്നുപറഞ്ഞു നിറകണ്ണുകൾ മറക്കാൻ ബദ്ധപ്പെട്ടുകൊണ്ടു താഴേക്കു നോക്കി ഞാൻ തലകുലുക്കി. വീണ്ടും നടന്നപ്പോൾ വഴിയുടെ വശത്തെ ഭിത്തി തുരന്നു പണിത ചെറിയ  കമാനത്തിനുള്ളിൽ ഒരു ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത് കണ്ടു . അതിൽ ആർക്കും പാലും ഗംഗാജലവും അഭിഷേകം ചെയ്യാമെന്ന് സന്തോഷ് പറഞ്ഞു.പലരും എന്തൊക്കെയോ അഭിഷേകം നടത്തിയതിൻ്റെ അവശിഷ്ടങ്ങൾ അതിനു ചുറ്റും കെട്ടിക്കിടപ്പുണ്ട് . അതിനെതിർവശത്തെ ഭിത്തിയിൽ ആരൊക്കെയോ മുറുക്കിത്തുപ്പിയ പാടുകളും കാണാം . തൊട്ടപ്പുറത്തുനിന്നും ഏതോ ശുചിമുറിയുടെ പൈപ്പ് പൊട്ടിയ ഗന്ധവും വമിക്കുന്നുണ്ട് . ഞാൻ വന്നിരിക്കുന്നത് നന്മതിന്മകൾക്ക് , വൃത്തി-വൃത്തിഹീനതകൾക്ക്, യാതൊരതിർവരമ്പും കൽപ്പിക്കാത്ത ഒരു വിചിത്ര ലോകത്തേക്ക് തന്നെ . നടക്കുമ്പോൾ വീണ്ടും പശുക്കളെക്കണ്ടു. ഇപ്പോൾ തെരുവിന് ചാണകത്തിൻ്റെ ഗന്ധമാണ് . ഘാട്ടിനോടടുക്കുംതോറും കടകളുടെയെണ്ണം കൂടി . ഒടുവിൽ ഒരു കവാടത്തിലൂടെ ഞങ്ങൾ ഘാട്ടിലേക്ക്‌ പ്രവേശിച്ചു .

ഇതാണ് മണികർണ്ണിക . ഘാട്ടിലെ കെട്ടിടങ്ങളിലധികവും പഴയ മറാഠ സാമ്രാജ്യത്തിൻ്റെ വാസ്തുശില്പ മാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ളതാണ് . ചുരുക്കം ചില ഭാഗങ്ങൾ പുതുക്കിപ്പണിതതുകാണാം . അങ്ങിങ്ങു മണ്ഡപങ്ങളും മനോഹര ഗോപുര ശിഖരങ്ങളും . അത്തരമൊരു മണ്ഡപത്തിലേക്കാണ് ഞങ്ങൾ ചെന്ന് കയറിയത് . അവിടുന്ന് നിരവധി പടവുകൾ ഗംഗയിലേക്കുണ്ട് . വേനൽക്കാലമായതിനാൽ നദി കുറെയേറെ താഴെയാണുള്ളത് . നേരം ഉച്ചയായതുകൊണ്ടു തിളച്ചുമറിയുന്ന വെള്ളിലോഹം പോലെ വെട്ടിത്തിളങ്ങുന്നു ഗംഗ . വാരണാസിയിൽ ഇതുപോലെ 87 സ്നാന ഘട്ടങ്ങളുണ്ട് . അവയിൽ ചിലതിൽ  മാത്രമാണ് മൃതദേഹങ്ങൾ സംസ്കരിക്കുക . അതിൽ ഏറ്റവും ശ്രേഷ്ഠമെന്നു കരുത്തപ്പെടുന്നതാണ് മണികർണികാ ഘാട്ട്. എന്നാൽ ഈ നഗരിയിൽ ചരിത്രവും ഇതിഹാസവും പുരാണവും പഴങ്കഥകളുമെല്ലാം വേര്പെടുത്താനാവാത്തവിധം കൂടിപ്പിണഞ്ഞു കിടക്കുന്നു . നിങ്ങളുടെ ചരിത്രജ്ഞാനത്തിന് ഇവിടെ ഒട്ടും പ്രസക്തിയില്ല . ഒന്നുകിൽ ബാഹ്യമായ യാതൊരറിവുകൾക്കും ഇവിടെ സ്ഥാനമില്ല , അല്ലെങ്കിൽ ഈ ഭൂമിയിലെ സകലചരാചരങ്ങളുടെയും അല്പജ്ഞാനത്തിന്‌ ഇവിടെ ഒരേ വിലയാണുള്ളത് എന്നാണ് ഈ ചുരുങ്ങിയ സമയംകൊണ്ട് എനിക്ക് മനസ്സിലാക്കാനായത്. ഈ ഘാട്ടു നിർമ്മിച്ചതാരാണ് എന്ന ചോദ്യത്തിന് ''ഭഗവൻ വിഷ്ണു നേ '' എന്നാണ് സന്തോഷിൽനിന്ന് എനിക്ക് കിട്ടിയ മറുപടി. ഘാട്ടിൻ്റെ ഉല്പത്തിയെപ്പറ്റി അദ്ദേഹം എനിക്കൊരു കഥയും പറഞ്ഞു തരികയുണ്ടായി. 
ഒരിക്കൽ സ്വർഗ്ഗത്തിലെ ദേവതകളെല്ലാം ഭഗവാൻ വിഷ്ണു നിർമ്മിച്ച കാശിയിൽ വന്നു താമസമാക്കി. അങ്ങനെ സ്വർലോകം ദൈവങ്ങളില്ലാതെ ശൂന്യമായിക്കിടന്നു. ഇതുകണ്ട് വ്യാകുലപ്പെട്ട പരമേശ്വരൻ പാർവ്വതീ ദേവിയോടൊപ്പം ദേവതകളെത്തിരക്കി പുറപ്പെട്ടു കാശിയിലെത്തി . ക്ഷീണം തോന്നിയ അദ്ദേഹം കാശിയിൽ ഗംഗയുടെ തീരത്ത്‌ ഭഗവാൻ വിഷ്ണു നിർമിച്ച പടവുകളുള്ള കിണറ്റിലിറങ്ങി ദേവിയോടൊപ്പം നീരാടി. ഗംഗയുടെ തെളിനീരിൽ ആമോദം പൂണ്ട മഹേശൻ മുങ്ങിനിവർന്നു തൻ്റെ തല കുടയവേ അദ്ദേഹത്തിൻ്റെ രത്നകുണ്ഡലം ചെവിയിൽ നിന്നും തെറിച്ചുപോയി. അത് വീണ സ്ഥലമാണത്രെ ''മണികർണ്ണിക''. വിഷ്ണു നിർമിച്ച കിണറിനെ 'മണികർണികാ കുണ്ഡ് 'എന്നാണു വിളിക്കുന്നത് . ഘാട്ടിനു കുറച്ചപ്പുറം അതുണ്ടെന്നു സന്തോഷ് എന്നോട് പറഞ്ഞു . കിണറ്റിലിറങ്ങി കുളിക്കുക എന്നത് എൻ്റെ യുക്തിക്കു നിരക്കുന്ന കാര്യമായിരുന്നില്ലെങ്കിലും അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിൽ കുളിരുള്ള ഗംഗാജലം ചിതറിത്തെറിപ്പിച്ചുകൊണ്ടു വായുവിലുലയുന്ന അഴിഞ്ഞ തിരുജടയും കുണ്ഡലങ്ങളും ഒരു നിമിഷം എൻ്റെ മനസ്സിൽ മിന്നി മറഞ്ഞു. പണ്ടേ ഞാൻ അവയുടെ ആരാധികയാണ് . അപ്പോഴാണ് ഒരു പ്രത്യേക ഗന്ധം മൂക്കിൽ അനുഭവപ്പെട്ടത് . അന്നേവരെയുള്ള ജീവിതത്തിൽ ഒന്നുരണ്ടു തവണ മാത്രം അനുഭവിച്ചിട്ടുള്ള ഗന്ധം . ഞാൻ നിൽക്കുന്നതിനു കുറച്ചകലെ ഇടതുവശത്തായി കെട്ടിയ പ്ലാറ്റുഫോമുകളിൽ ചിതകൾ എരിയുന്നുണ്ട് . അതിനുമപ്പുറം നോക്കിയാൽ ചാരവും മാലിന്യങ്ങളും മനുഷ്യ വിസർജ്ജ്യവും എല്ലാം ചേർന്ന് കുമിഞ്ഞു കൂടിയ കൂനകൾ കാണാം . അവയിൽ എന്തൊക്കെയോ ചികഞ്ഞും പെറുക്കിയും നടക്കുന്ന നായ്ക്കളെയും പശുക്കളെയും മനുഷ്യരെയും കാണാം. വാരണാസിയിൽ അഴുകിയതെന്തും ഗംഗയിൽ അഭയം പ്രാപിക്കുന്നു . സന്തതികളുടെ വിസർജ്യങ്ങൾ നൈവേദ്യം പോലെ സ്വീകരിക്കേണ്ടവളാണ് ഓരോ മാതാവുമെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് . അവൾ തന്നെയിവൾ! ഗംഗ! .

മണികർണികയിൽ ദിവസം മുഴുവൻ ചിതകളെരിയും. ഉച്ചയുടെ ചൂടിന് കാഠിന്യമേറ്റുന്ന അഗ്നികുണ്ഡങ്ങൾ. ദൂരദേശങ്ങളിൽനിന്നുപോലും പുണ്യമൃത്യുവേറ്റുവാങ്ങാൻ കാശിയിലെത്തുന്നവരുടെ മൃതദേഹങ്ങൾ ഇവിടെ ദഹിപ്പിക്കുന്നു. അത് ദഹിപ്പിക്കാനുള്ള അവകാശം ഡോമുകൾ എന്ന് വിളിക്കുന്ന വംശത്തിനാണ് . അവരുടെ മുഖ്യനെ 'ഡോം രാജ' എന്ന് വിളിക്കുന്നു. സന്തോഷ് എന്നോട് പറഞ്ഞു . നഷ്ടപ്പെട്ട കുണ്ഡലം അന്വേഷിക്കാൻ വിശ്വനാഥൻ ഏൽപ്പിച്ചത് കാശിയിലെ ചില ബ്രാഹ്മണരെയാണ് . എന്നാൽ അവർക്കതു കണ്ടെത്താനായില്ല . അപ്പോളദ്ദേഹം കോപിച്ച് ''ഇനിമുതൽ നിങ്ങൾ ചുടലയിൽ ശേഷക്രിയകൾ ചെയ്യുക '' എന്ന് ശപിച്ചുവത്രെ. അന്നുമുതൽ അവർ ഈ കർമം ചെയ്യുന്നു.ഏതൊരു ഡോമിനോടും നിങ്ങൾ ചോദിച്ചാൽ അയാൾ പറയുക ''ഹം ശിവ്ശങ്കർ കെ ലോഗ് ഹേ! ശിവ് കെ ബിനാ ധർത്തി മേം കോയി സഹാര  നഹി" എന്നായിരിക്കും.

കൊണ്ടുവരുന്ന മൃതദേഹം ആദ്യം ഗംഗയിൽ കുളിപ്പിക്കും. അതിനു ശേഷം മരണക്രിയകൾ നടത്തുന്നു. മൃതദേഹത്തിൻ്റെ കാൽ യമൻ്റെ ദിക്കായ തെക്കോട്ടും തല വടക്കു ദിക്കിലേക്കും വരുന്നവണ്ണം ചിതയിൽ വക്കുന്നു. മരിച്ചയാളുടെ കുടുംബത്തിൻ്റെ സാമ്പത്തികനിലയനുസരിച്ചാവും ദഹിപ്പിക്കാനുള്ള ദ്രവ്യം തിരഞ്ഞെടുക്കുക. ഒരു ധനികനാണെങ്കിൽ അയാൾക്ക് ചന്ദനമുട്ടികൾ ഏർപ്പാടുചെയ്യാം. ദരിദ്രനാണെങ്കിൽ താണതരം വിറകും ഉപയോഗിക്കാവുന്നതാണ്. അവകാശപ്പെട്ടയാൾ ചിതക്ക് അഗ്നി കൊളുത്തിക്കഴിഞ്ഞാൽ ഡോമുകൾ അത് കത്തിത്തീരും വരെ കാവൽ നിൽക്കും. ആദ്യവും അവസാനവും അഗ്നിഭഗവാൻ ദഹിപ്പിച്ചു തീർക്കുന്ന ഭാഗങ്ങൾ അവർക്കറിയാം. ദേഹത്തിൻ്റെ വലിപ്പവും പ്രായവും വച്ച് ദഹിച്ചു തീരാനുള്ള സമയം കണക്കുകൂട്ടാനും അവർക്കറിയാം. പുതു തലമുറയിലെ പ്രവൃത്തിപരിചയമില്ലാത്ത ഡോമുകൾ ദഹിപ്പിക്കുമ്പോഴാണത്രെ പാതി ദഹിച്ച ദേഹങ്ങൾ ഗംഗയിൽ പൊങ്ങുന്നത്. അവർക്കു മോക്ഷവുമില്ല. അഗ്നിദേവൻ്റെ പ്രീതിയില്ലെങ്കിൽ അങ്ങനെയൊക്കെ സംഭവിക്കാമെന്നു സന്തോഷ് പറഞ്ഞു.അവസാനമായി ഡോം എരിഞ്ഞമർന്ന മൃതദേഹത്തിൻ്റെ തലയോട്ടിയിൽ ഒരു ദണ്ഡുവച്ച് അഞ്ചു തവണ അടിക്കവേ മൂർധാവ്‌ പിളർന്ന് ദേഹി ദേഹം വിട്ട് വിഷ്ണുലോകം പൂകുന്നു. അതോടെയയാൾ ജനിമൃതികളുടെ നൈരന്തര്യത്തിൽ നിന്നും മോചിതനായി. ഇനിയയാൾക്കു നായായും , നരിയായും, നരനായും ജനിക്കേണ്ടതില്ല. എന്നെന്നേക്കും മോക്ഷം.

ഞാനാ ചിതകളിലേക്കു സൂക്ഷിച്ചു നോക്കി. അതിൽനിന്നുയരുന്ന പുക അടുത്തായി ഉയർന്നു നിൽക്കുന്ന ശില്പഗോപുരങ്ങളിൽ കറുപ്പു പുതപ്പിച്ചിരിക്കുന്നു. ഏതോ നക്ഷത്രധൂളികളിൽനിന്നും ഉയിർക്കൊണ്ട അനേകായിരം ഉടലുകൾ എരിഞ്ഞമർന്ന് മോക്ഷത്തിൻ്റെ വാതായനത്തിൽ കോറിയിട്ട ചിത്രങ്ങൾ! കാറ്റിലൊഴുകിയെത്തുന്ന എരിഞ്ഞ മനുഷ്യമാംസത്തിൻ്റെ ഗന്ധം സഹിയാതെ മൂക്കുപൊത്തിക്കൊണ്ട് വലത്തേക്ക് മുഖം തിരിച്ചപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. എൻ്റെ മകനോളം പ്രായം വരുന്ന ഒരു ചെറുപയ്യൻ അവിടെനിന്ന് പട്ടം പറത്തുന്നു. ചിതകളുടെ ഗന്ധമേറ്റിയ കാറ്റിൽ അവൻ്റെ പട്ടം ഉയരെപ്പറക്കുകയാണ്. അതിൻ്റെ മനോഹര നൃത്തം കണ്ട് അവനും കൂട്ടുകാരും ആരോ ഇക്കിളിയിട്ടതുപോലെ ചിരിക്കുന്നുമുണ്ട്. ബാല്യകാലത്തിൽ എന്നെ ഭയപ്പെടുത്തിയതുപോലെ മരണത്തിൻ്റെ ചിത്രം അവരെ ഭയപ്പെടുത്തുന്നില്ല. ഈ നഗരത്തിലെ ഓരോ മനുഷ്യജീവിക്കും മരണം മുഷിഞ്ഞ വസ്ത്രം മാറ്റുന്നതുപോലെ തികച്ചും ആശ്വാസകരമായ ഒരേർപ്പാടാണ്. കർമ്മപാപങ്ങളേറ്റുന്നവരാണ് ജനിക്കുന്നത്. ജനിക്കുന്നവരല്ല, മരണമടയുന്നവരാണ് ഇവിടെ പുണ്യാത്മാക്കൾ.

ഞാൻ ഘാട്ടിനു പുറത്തു കുറച്ചപ്പുറം കണ്ട പലഹാരക്കടയിൽനിന്ന് അല്പം മധുരം വാങ്ങിക്കൊണ്ടുവരുമോ എന്ന് ചോദിച്ച് സന്തോഷിന് ഒരു നൂറു രൂപ കൊടുത്തു. അയാൾ മുപ്പതു രൂപക്ക് ഒരു കുമ്പിളിൽ കുറച്ചു ജിലേബിയുമായി തിരിച്ചു വന്നു ബാക്കി രൂപ എന്നെയേല്പിച്ചു. ഞാൻ പട്ടം പറത്തുന്ന കുട്ടികൾക്ക് ജിലേബി നൽകി. നന്ദിയോടെ അത് വാങ്ങിച്ച് എന്നെയാഹ്ളാദിപ്പിക്കാൻ അവർ കൂടുതൽ ഉയരത്തിൽ പട്ടം പറത്തിക്കാണിച്ചു. ഒരു ജിലേബി കഴിക്കാൻ നിർബന്ധിച്ചെങ്കിലും സന്തോഷ് വാങ്ങിച്ചില്ല. വിശുദ്ധമൃത്യുവിൻ്റെ ഗന്ധമുള്ള കാറ്റിൽ, മോക്ഷത്തിൻ്റെ പടവുകളിലൽപനേരമിരുന്ന് ഞാൻ ഒരു ജിലേബി നുണഞ്ഞു. മരണം ഇത്രയ്ക്കു മധുരിക്കുന്നത് ഇതാദ്യമായാണ്. എനിക്കടുത്തുകൂടി പലരും നദിയിലേക്ക് ഇറങ്ങിപ്പോവുകയും ഈറനോടെ കയറിവരികയും ചെയ്യുന്നുണ്ടായിരുന്നു. അകലെ ചില തോണികൾ കാണാം. അവയിലൊന്നിൽ ഘാട്ടിലേക്ക് ഒരു മൃതദേഹം കൊണ്ടുവരുന്നുണ്ട്. അടുത്ത പുണ്യവാൻ !! ഞാൻ താമസിയാതെ സമനില വെടിയുമെന്ന് എനിക്ക് തോന്നി. അൽപനേരം കൂടിയിവിടെ ചിലവഴിച്ചാൽ മേലാകെ ഭസ്മം പൂശി കയ്യിൽ തലയോട്ടിയുമായി നടക്കുന്ന മറ്റൊരു അഘോരി സന്യാസിനിയായി  മാറിക്കൂടായ്കയില്ല. ഞാനീ പൗരാണിക ലോകത്തോട് അത്രയേറെ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. അതിനാൽ പെട്ടെന്നെണീറ്റു പൊടിതട്ടി സന്തോഷിനോടു പറഞ്ഞു. '' ഭയ്യാ, ആയിയെ ..വാപസ് ചലേംഗേ ഹം ".

(തുടരും ....) 











x

43 comments:

  1. സൂര്യ.
    കണ്ട് കടന്ന് പോന്ന വൈവിധ്യമാർന്ന കാഴ്ചകളെ എത്രയും സംവേദനക്ഷ്മമായി പകരുന്നുണ്ട് ഇതിലെ ഓരോ വരികളും.മനസ് കുതിക്കുമ്പോൾ തന്നെ
    ഒരു നിഷ്പക്ഷ ഇടത്ത് നിന്ന് ഓരോന്നിനെയും നോക്കി കാണുന്നത് എളുപ്പമല്ല.വൈരുദ്ധ്യങ്ങളുടെ വാരാണസിക്ക് ഇത്രമേൽ ഗ്രാവിറ്റി ഫീലുന്നത്
    എഴുത്തിന്റെതാണോ എന്ന് പറയാൻ അറിയില്ല.
    വാരാണസി കാണും വരെ വെറുതെ വിടുന്നു.
    സലാം

    ReplyDelete
    Replies
    1. വാരണാസി ഒരു ഫീലിംഗ് ആണെന്നാണ് തോന്നിയത് മാഷേ. അതിന്റെ അഴുകിയ തൊലിപ്പുറത്തിനുള്ളിൽ സുഗന്ധം പരത്തുന്നൊരാത്മാവുള്ളതു പോലെ... അവിടുത്തെ ദൈവങ്ങളല്ല...നിഷ്കളങ്കരായ മനുഷ്യരും ഗന്ധങ്ങളും ഒക്കെ കൂടിച്ചേർന്ന ഒരു പ്രത്യേക ലോകം..

      Delete
  2. പിടിച്ചിരുത്തുന്ന വിവരണം. വാരാണസിയുടെ വൈരുധ്യങ്ങൾ പോലും വളരെ കുറഞ്ഞ വാക്കുകളിൽ ശക്തമായ കാഴ്ചക്കുറിപ്പുകളിലൂടെ വരച്ചിട്ടിരിക്കുന്നു. ഘട്ടിൽ പോയി നിന്ന പ്രതീതി. അഭിനന്ദനങ്ങൾ.

    ReplyDelete
  3. വളരെ നന്ദി രാജ്‌. എന്റെ ഒരു ശൈലി വച്ച് യാത്രാവിവരണം വഴങ്ങുമോ എന്ന് പേടിയുണ്ടായിരുന്നു എഴുതുമ്പോൾ..

    ReplyDelete
  4. സൂര്യാ.. വല്ലാത്തൊരു ഫീൽ തരുന്ന എഴുത്താണ് ട്ടോ..എന്താണെന്നറിയില്ല ഞാൻ കണ്ട വാരാണസി ഇതല്ലായിരുന്നു. മുഷിഞ്ഞ നാറുന്ന തെരുവുകൾ അല്ല എന്നെ കൊണ്ടത് പറയിപ്പിച്ചത്. ഭക്തി വിൽക്കുന്ന തെരുവുകൾ കണ്ടാണ് അങ്ങനെ തോന്നിയത്. Dashashwamedh Ghat, Assi Ghat,Manikarnika Ghat,Thulasi Ghat എന്നിവ സന്ദർശിച്ചു, ഗംഗാ ആരതി കണ്ടു.. എന്നിട്ടും കലങ്ങി കുറുകിയ ശവം ഒഴുകുന്ന ഗംഗ വേദനിപ്പിച്ചു. തുളസിദാസ്‌ എഴുതാൻ വന്നിരുന്ന പടികളിൽ ഇരുന്നു. തണുത്ത കാറ്റിലും മുഷിപ്പൻ മണം.. ഇതു മുൻപ് വായിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ വാരാണസി കാണാൻ പോകില്ലായിരുന്നു. ഈ നല്ല ഫീലിംഗ് പോകാതിരിക്കാൻ. ഇതിലും മുൻപ് ഞാൻ അവിടെ ആഘോരികളെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ്‌ പോയത്.

    ReplyDelete
    Replies
    1. ഗംഗ എന്നെയും വേദനിപ്പിക്കാതിരുന്നില്ല ഗൗരി ചേച്ചി.. അടുത്ത ഭാഗത്തിൽ വരുന്നുണ്ട്... എങ്കിലും ഒരു യാത്രികയായി ഞാൻ എവിടേക്ക് പോയാലും അത് മറ്റൊരു സംസ്കാരത്തിലേക്ക് നടത്തുന്ന പരകായപ്രവേശം പോലെയാണ്.. ആ പ്രത്യേക അനുഭവത്തിൽ നിന്നുകൊണ്ട് നിക്ഷ്പക്ഷമായി എഴുതാൻ ശ്രമിക്കുന്നു.... വളരെ ചുരുങ്ങിയ സമയമേ കിട്ടിയുള്ളൂ എന്നത് സങ്കടം.. നന്ദി ഈ സ്നേഹക്കുറിപ്പിന് !🥰🥰

      Delete
    2. എന്നിട്ട് പഠിച്ചോ?

      Delete

  5. ഇടുങ്ങിയ ഗലികളിൽ, അലഞ്ഞു തിരിയുന്ന കന്നുകാലികളിൽ, സദാ സുഖീ രഹോ എന്നനുഗ്രഹിച്ച സൂഫി വര്യനിൽ,വിസർജ്ജ്യവും നൈവേദ്യമായ ലോഹം പോലെ തിളച്ചു മറിയുന്ന ഗംഗയുടെ നിർമ്മമതയിൽ, പഴം കഥകൾ പൊലിമ നൽകുന്ന ഘാട്ടുകളിൽ, എല്ലാ ജീർണതകളും ഒടുങ്ങുന്ന ചിതകളിൽ, ജീവിതം നാലുപാടും കത്തിയമരുമ്പോഴും നിസ്സംഗനായി പട്ടം പറത്തുന്ന കുട്ടിയിൽ, അപ്പോഴും മധുരിക്കുന്ന ജിലേബിയിൽ, എല്ലാം തെളിയുന്ന വാരാണസിയോട് സ്നേഹം. കാഴ്ചയുടെ അകവും പുറവും ഒരുപോലെ അനുഭവിപ്പിച്ച എഴുത്തുകാരിയോടും ❤️

    ReplyDelete
  6. കർമ്മപാപങ്ങളേറ്റുന്നവരാണ് ജനിക്കുന്നത്. ജനിക്കുന്നവരല്ല, മരണമടയുന്നവരാണ് ഇവിടെ പുണ്യാത്മാക്കൾ.

    എന്നെ ഏറ്റവും ആകർഷിച്ച വരികൾ. കഴിഞ്ഞ തവണത്തെ എല്ലാ പരാതികളും ഈ പോസ്റ്റിൽ തീർത്തു കൊണ്ട് സൂര്യയുടെ തനതായ ഹൃദയം കവരുന്ന ശൈലി തിരികെ കൊണ്ട് വന്നതിന് നന്ദി.!! ഒപ്പം കണ്ടിട്ടില്ലാത്തയിടങ്ങൾ കൺനിറയെ കണ്ടതുപോലുള്ള അനുഭവം തന്നതിനും നന്ദി പ്രിയ സഖി... ❤️❤️❤️

    ReplyDelete
    Replies
    1. നിങ്ങളുടെയെല്ലാം സത്യസന്ധമായ പ്രതികരണങ്ങളാണ് എനിക്ക് ഊർജ്ജം...അത് കൂടുതൽ ആഴത്തിൽ എഴുതാൻ പ്രേരിപ്പിക്കുന്നു..സ്നേഹം 🥰🥰

      Delete
  7. ജീവിതം തന്നെ ഒരു ചിതയല്ലേ അൽമിത്രേ... ആ ചിതയിൽ നിൽക്കുമ്പോഴും മധുരം നുണയാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്?? വിസർജ്യങ്ങൾക്കു നടുവിലും മധുരിക്കുന്ന ഹൃദയങ്ങൾ തിരയാൻ ആഗ്രഹിക്കുന്നവളാണ് ഞാൻ...അതുകൊണ്ടാവണം വാരണാസിയിലും അത് കണ്ടത്...ഇത്രയും മനോഹരമായ ആസ്വാദനക്കുറിപ്പിനു നന്ദി പ്രിയ കൂട്ടുകാരി 🥰🥰🥰

    ReplyDelete
  8. മനോഹരമായ വിവരണം . കുറച്ച് ചിത്രങ്ങള്‍ കൂടെ ഉള്‍പ്പെടുത്താമായിരുന്നു എന്ന് അഭിപ്രായം ഉണ്ട്

    ReplyDelete
  9. Thank you..വിവരണം എഴുതുമ്പോൾ കൊടുക്കാൻ ചിത്രങ്ങൾ വച്ചിരുന്നു. തീസിസ് എഴുതീട്ടു വിവരണം എഴുതാമെന്ന് വെച്ചു. മിക്ക ഗവേഷകർക്കും സംഭവിച്ചത് എനിക്കും സംഭവിച്ചു.. സബ്മിഷന് മുൻപ് ഹാർഡ് ഡിസ്ക് അടിച്ചു പോയി.തീസിസിനു back up ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.. പക്ഷെ എന്റെ പ്രിയപ്പെട്ട ഫോട്ടോകൾ 😔

    ReplyDelete
    Replies
    1. ശെടാ .. അത് തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി . ഗൂഗിള്‍ ഫോട്ടോ ബാക്കപ്പ് ഇതിനൊരു പരിഹാരം ആവും എന്ന് തോന്നുന്നു .

      Delete
    2. അതേ.. ഞാനുമാ പാഠം പഠിച്ചു

      Delete
  10. വായിച്ച അറിവുകളേ വാരണാസിയെ കുറിച്ച് ഉള്ളൂ.. ഇതൊരു നല്ല ചിത്രമാണ്. അറിവു നല്കുന്നതിനേക്കാൾ അതിലെ ഭാഷയെ ഇഷ്ടപ്പെടുന്നു.

    ReplyDelete
  11. നന്ദി സമാന്തരൻ സർ 🙏

    ReplyDelete
  12. മരണത്തിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തീരത്ത് ജിലബി തിന്ന് നടക്കാൻ അൽപം ധൈര്യം തന്നെ വേണം. വാരാണസിയിൽ എത്തിയ പോലെ എഴുത്ത് അനുഭവിപ്പിക്കുന്നു.

    ReplyDelete
  13. മണികർണ്ണിക... തലയോട്ടി അടിച്ച് പൊട്ടിച്ച് ആത്മാക്കളെ മോചിതരാക്കി മോക്ഷം നൽകുന്ന ഡോമുകൾ... ശാസ്ത്രം വളരുമ്പോഴുംനമ്മുടെ നാട് ആചാരങ്ങളിൽ കെട്ടുപിണഞ്ഞ് വഴിമുട്ടി നിൽക്കുന്നു...!

    യാത്രാവിവരണം മനോഹരമായി സൂര്യാ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. സ്നേഹ വാക്കുകൾക്കു നന്ദി വിനുവേട്ടാ... അടുത്ത ഭാഗം വേഗം എഴുതാം 🥰

      Delete
  14. ഹൗ വല്ലാത്തൊരു ഫീൽ. പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവുണ്ട് എഴുത്തിന്. ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ പോയപോലെ ഒരു ഫീൽ കിട്ടി.

    പിന്നെ ആ വലിയ രണ്ട് പാരഗ്രാഫ് ചെറുതാക്കുക എന്ന് മാത്രമേ പ്രത്യേകമായി പറയാനുള്ളു.

    ReplyDelete
    Replies
    1. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു

      Delete
    2. Thanks ആദി.. അടുത്തത് പെട്ടെന്നെഴുതാട്ടോ..

      Delete
  15. Immortals of Meluha യേയും ആരാച്ചാറിനെയും ഓർത്തു സൂര്യയെ വായിച്ചപ്പോൾ. കാഴ്ചയ്ക്കപ്പുറത്തെ കാല്പനികതകൾ അതിമനോഹരമായി എഴുതിയിട്ടുണ്ട്. തുടരന്റെ ഈ ഭാഗം വളരെ ഇഷ്ടായി. ആശംസകൾ.

    ReplyDelete
  16. നന്ദി ഗോവിന്ദ്ജി !ഇനി രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി മാത്രം 😊

    ReplyDelete
  17. മനോഹരമായ വിവരണം! ഹൃദയസ്പർശിയരംഗങ്ങൾ!! ആശംസകൾ

    ReplyDelete
  18. ഹാ........ തീർന്നു പോകരുതെന്ന് ആഗ്രഹിച്ചുപോകുന്നു... മുമ്പ് പറഞ്ഞതുപോലെ ഞാനും കാശിയുടെ ഗംഗയുടെ നടവഴികളിൽ ചേച്ചിയുടെ ചലനങ്ങളെ അനുഗമിക്കുന്നു. ഒരു ബഹളത്തിനിടയിലും എന്നെ നിശബ്ദമായി ഇവിടെ നിന്നും കാശിവരെ എത്തിച്ചിരുന്നു.. നന്ദി ഞാൻ അങ്ങോട്ട് പറയുന്നു...ഇത്രയും എന്റെ അനുഭവം...
    ഇനി വിലയിരുത്തൽ...
    കഴിഞ്ഞ ഭാഗത്തിൽ വീണുപോയിടത്തുനിന്നും അതിഗംഭീരമായ ഉയർന്നു ചാട്ടം... ഇതുവരെ ഉള്ളതിൽ തട്ട് താണ് കിടന്നുന്നത് എവിടെയാണെന്ന് പറയാം..
    യാത്രയിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നതിനാൽ വായന സുഖകരമായിരിക്കുന്നു.
    ചില പ്രയോഗങ്ങളും ചിന്തകളും വളരെ അനുയോധ്യമായെന്നു തോന്നി....

    യാത്രകളൊന്നും വെറുതെ കാലു നടന്നു തീർക്കരുതെന്നും.. കണ്ണു കൊണ്ട് കണ്ടു തീർക്കരുതെന്നും പറഞ്ഞു വെക്കുന്നു... സഞ്ചാരം മനസുകൊണ്ട് കൂടി വേണമെന്ന് പറയുഞ്ഞു തരുന്നത് പോലെ തോന്നി... അപ്പോഴേ യാത്ര അതിന്റെ മോക്ഷം പ്രാപിക്കുകയുള്ളൂ...
    ...

    ReplyDelete
  19. അതേ ആനന്ദ്... നാമെല്ലാം സഞ്ചരിക്കേണ്ടത് തുറന്നു പിടിച്ച ഹൃദങ്ങൾ കൊണ്ടാണ് എന്നാണ് തോന്നിയിട്ടുള്ളത് ...സ്നേഹവാക്കുകൾക്ക് നന്ദി 🥰🥰

    ReplyDelete
  20. ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ഒലിച്ചുപോയ എന്റെ ഭാരതപര്യടനം ആണെന്റേത്.


    വാരാണസി എന്നും എന്റെ പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്ന് ആണ്. കഴിഞ്ഞ വർഷം ഫ്രീ ട്രിപ്പ്‌ ഹിമാലയം വരെ കിട്ടിയതാണ്. പോകാൻ കഴിയാഞ്ഞ വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല.


    സൂര്യയുടെ ഭാഷയുടെ വശ്യശക്തി ഉണ്ടല്ലോ, അത് വരാണസിയിലൂടെ എന്നെ നടത്തിക്കുന്നു.

    അടുത്ത ഭാഗം വേഗം ഇടണം.

    ReplyDelete
    Replies
    1. സുധിക്ക് യാത്രകൾ ചെയ്യാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... അടുത്ത പോസ്റ്റിൽ കാണാം...

      Delete
  21. രാവിലെ വായിച്ചപ്പോ മുഴുവനാവാത്ത പോലെ തോന്നി. ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ വായിച്ചപ്പഴാണ് ആ തോന്നൽ മാറിയത്. എന്തൊരു ഭംഗിയിലാണ് എഴുതുന്നത്. ഒരു നല്ല വായനയും നമുക്കൊരുപാട് സന്തോഷം നൽകുമെന്ന് ഇന്നൊരിക്കല്കൂടി മനസിലായി. പണ്ടൊക്കെ വലിയൊരു യാത്രാമോഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. ഇന്നിപ്പോ അത് ഇത്തരം വായനകളിലേക്ക് ഒതുക്കി കൊണ്ടിരിക്കുന്നു. നന്നായിണ്ട് ട്ടൊ. ഇനിയും ഇതുപോലെ ഒരുപാടെഴുതൂ...

    ReplyDelete
    Replies
    1. വായിച്ചതിന് വളരെ നന്ദി ഉമ.. സ്നേഹാശ്ലേഷങ്ങൾ 🥰🥰

      Delete
  22. വായനക്കാരെ പിടിച്ചിരുത്തുന്ന അതി മനോഹരമായ എഴുത്തു , നല്ല പ്രയോഗങ്ങൾ … തുടർന്ന് വായിക്കാൻ ആകാംഷയോടെ കാത്തിരുന്നു കൊണ്ട് , എന്റെ എല്ലാ ആശംസകളും സൂര്യ …. സ്നേഹപൂർവ്വം , ഷഹീം.

    ReplyDelete
  23. ഞാനൊരു തുടക്കക്കാരി മാത്രമാണ്. വളരെ നന്ദി ഷഹീം ഈ പ്രോത്സാഹനങ്ങൾക്ക്.. 🙏🙏

    ReplyDelete
  24. മനോഹരമായ രചനാ പാടവം. എല്ലാം േനേരിൽ കാണുന്നത് പോലെ.

    ReplyDelete
  25. വാരണാസിയിൽ പണ്ടൊരിക്കൽ പോയിട്ടുണ്ടെങ്കിലും മറവിയുടെ നിഴലിൽ കിടക്കുകയുകാണ് കണ്ട കാഴ്ചകൾ പലതും... ഇതുവായിച്ചപ്പോൾ ജനിമൃതികളുടെയും, പാപപുണ്യങ്ങളുടെയും കെട്ടുപാടുകളില്ലാതെ ആത്മാവുകൾ വിഹരിക്കുന്ന വാരാണസിയുടെ തെരുവുകളിലൂടെ അരൂപിയായ ഒരു പഥികനായി നടക്കുന്നതുപോലെ തോന്നി...

    ReplyDelete
  26. യാത്രവിവരണങ്ങൾക്കൊപ്പം 
    അവിടെ കാണുന്ന ചില ഫോട്ടോകളും
    കൂടി ബ്ലോഗിൽ ആലേഖനം ചെയ്താൽ ബ്ലോഗ്ഗിങ്ങിനെ അതിമനോഹരമായി തീർക്കാം കേട്ടോ  സൂര്യ

    ReplyDelete
  27. ആ യാത്രയുടെ ഫോട്ടോകൾ നഷ്ടമായി സർ. ഇനി എഴുതുന്ന വിവരണങ്ങൾക്കൊക്കെ ഇടാം 😊

    ReplyDelete
  28. സൂര്യാ ... ദിവ്യ പോസ്റ്റ് അയച്ചു തന്നാണ് എനിക്ക് വായിക്കാനായത് . പലപ്പോഴും വായിക്കാൻ നോക്കിയിട്ടു സാധിച്ചിട്ടില്ല . കാരണം അറിയില്ല . ഇത് വായിച്ചപ്പോൾ വായിക്കാതിരുന്നാൽ നഷ്ടമായേനെ എന്നാണ് തോന്നിയത് . സന്ദർശിച്ച സ്ഥലങ്ങളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താമായിരുന്നു . അറിയാത്ത ആചാരങ്ങൾ സംസ്കാരങ്ങൾ ഒക്കെ കാട്ടിത്തന്ന എഴുത്തിനു അനുമോദനങ്ങൾ .
    ആശംസകൾ സൂര്യ

    ReplyDelete
    Replies
    1. സമയം കിട്ടുമ്പോഴൊക്കെ എന്റെ ബ്ലോഗുകളിൽ എത്തുന്നതിനു നന്ദി ചേച്ചി.. ഫോട്ടോകൾ ചില ഓട്ടപ്പാച്ചിലുകൾക്കിടയിൽ നഷ്ടപ്പെട്ടു പോയി. അതാണ് ഉൾപ്പെടുത്താതിരുന്നത്. ഇടക്ക് url മാറ്റിയിരുന്നു. അതാവും വായിക്കാൻ പറ്റാതിരുന്നത്. ഒത്തിരി സ്നേഹം ട്ടോ ❤️❤️

      Delete