ഒരു ചെറു യാത്രയുടെ കഥ - ഭാഗം 3


പിറ്റേന്ന് പതിനൊന്നര മണിയായപ്പോഴേക്കും എന്റെ അഭിമുഖം പൂർത്തിയായി . വെറും പത്തുമിനിറ്റ് മാത്രം അനുവദിച്ചിട്ടുള്ള അഭിമുഖത്തിൽ എന്റെ ഗവേഷണാശയത്തിന്റെ അപാര സാധ്യതകളെപ്പറ്റി ഫ്ളോ ചാർട്ടുകളും സമവാക്യങ്ങളും കാണിച്ചുകൊണ്ട് ഞാൻ ഘോരഘോരം പ്രസംഗിക്കുകയുണ്ടായി. ഇന്ത്യൻ മഹാസമുദ്രത്തിലെ ആല്ഗകളുടെ ബയോമാസ്സിൽ എത്രശതമാനം ഭക്ഷ്യശൃങ്ഖലയിലൂടെ പ്രവഹിച്ചു മത്സ്യങ്ങളിൽ എത്തിച്ചേരുന്നുണ്ടെന്നു കണ്ടുപിടിക്കാനാവുമെന്നും , അതേ കണക്കുകളുപയോഗിച്ചു  നമുക്ക് കിട്ടാൻ സാധ്യതയുള്ള മത്സ്യസമ്പത്തു പ്രവചിക്കുന്ന  മോഡലുകൾ സൃഷ്ടിക്കാനാകുമെന്നും ഞാൻ വിശദീകരിച്ചു . പ്യൂൺ കലക്കിക്കൊടുത്ത താജ്മഹൽ ടീ നുണഞ്ഞുകൊണ്ടു നിർവികാരജീവികളായി കേട്ടിരുന്ന വിധികർത്താക്കൾ ഒടുവിൽ ചിരിച്ചുകൊണ്ട് പറഞ്ഞതിതാണ് .  ''ഇന്ത്യ ഇപ്പോൾ തന്നെ ഒരു ദരിദ്ര രാഷ്ട്രമാണ് . ഒരു ചെറിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന നിങ്ങളെ വിശ്വസിച്ചു ഇത്രയും  ബുദ്ധിമുട്ടേറിയ ഒരു പഠനത്തിനുവേണ്ടി ഫണ്ട് ചിലവഴിക്കുകയെന്നാൽ അതൊരു അതിസാഹസിക ശ്രമമായിരിക്കും . നിങ്ങൾ ഏതെങ്കിലും വലിയ ഗവേഷണസ്ഥാപനങ്ങളുമായി ചേർന്ന് പണി  ചെയ്യൂ ."
ഞാൻ ഗവേഷണത്തിനാവശ്യപ്പെട്ട നാല് ലക്ഷം രൂപ അനുവദിച്ചത് കൊണ്ട് ഇനി ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർന്നു തരിപ്പണമാകേണ്ടെന്നു കരുതി തർക്കിക്കാൻ നിൽക്കാതെ രംഗം വിട്ടിറങ്ങി പുറത്തുപോന്നു .
അപ്പോൾ മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരുന്നത് ഇതായിരുന്നു . എനിക്കനുവദിച്ച ട്രാവൽ അലവൻസ് 4000 രൂപയാണ്. അതുകൊണ്ട് ഒരു ബനാറസ്സ് സാരി വാങ്ങാൻ സാധിക്കും . യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചു കിലോമീറ്ററുകൾക്കുള്ളിൽ തന്നെ ഗംഗയുടെ ഘാട്ടുകളുണ്ട് . വൈകിട്ട് ഏഴരക്കാണ് തിരിച്ചു പോകാനുള്ള ഫ്ലൈറ്റ് . ഇതിനകം ചുരുക്കം രണ്ടു ഘാട്ടുകളെങ്കിലും സന്ദർശിക്കുകയും അവിടവിടെ ചുറ്റിനടക്കുകയുമാവാം . കാശി വിശ്വനാഥക്ഷേത്രം സന്ദർശിക്കണമെങ്കിൽ ക്യൂവിൽ നിൽക്കുന്ന സമയംകൂടി ചേർത്താൽ ഒരുദിവസം മുഴുവൻ വേണ്ടിവരും . അതിനാൽ എന്റെ വാർധക്യാവസ്ഥയ്ക്കോ അതിനുമുൻപോ വീണ്ടും ഇവിടെവരാൻ സാധിച്ചാൽ അന്നുഞാൻ അങ്ങയെ കണ്ടുവണങ്ങിക്കൊള്ളാം എന്ന് വിശ്വനാഥനോട് ഉടമ്പടിയുണ്ടാക്കിക്കൊണ്ട്  നാലായിരം രൂപ അലവൻസും കയ്യോടെ വാങ്ങി തിടുക്കത്തിൽ ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചു . കോമളിനൊപ്പം ഭക്ഷണം കഴിച്ചതിനു ശേഷം  സാധന സാമഗ്രികൾ ബാഗിൽ കുത്തിനിറച്ചു .
കോമളിൻറെ പ്രൊഫസ്സർ ഏതോ അന്താരാഷ്ട്ര ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ പോയതാണ് . അദ്ദേഹത്തിന്റെ സന്ദർശകർക്ക് അവർ ആഥിത്യമരുളേണ്ടതും മറുപടി കൊടുക്കേണ്ടതുമാണ് . അതിനാൽ നഗരം കാണാൻ വേണ്ടി ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല . അവളും എന്നെ അനുഗമിക്കാനാകാത്തതിൽ ധര്മസങ്കടത്തിലായി. അപ്പോഴാണ് തലേദിവസത്തെ സാരഥിയെ എനിക്കോർമ്മ വന്നത്തോഴിയോട് ചോദിച്ചപ്പോൾ അവളും പറഞ്ഞു . "അയാൾ നിന്നെ പറ്റിക്കുകയൊന്നുമില്ല . ഞങ്ങൾ വാരാണാസിക്കാരാണ് . വിശ്വനാഥന്റെ ഭൂതഗണങ്ങൾ . കാലഭൈരവൻറെ കൺവെട്ടത്തു കശ്മലന്മാരില്ല !!". അങ്ങനെ ഞാൻ സന്തോഷ് വാരാണസി എന്ന നമ്പറിൽ രണ്ടും കല്പിച്ചു ഡയൽ  ചെയ്തു . ബോലിയെ മാഡംജി !! അപ്പുറത്തുനിന്നും വിനീത വിധേയസ്വരം . "അഭി ആവൂന്ഗാ , പന്ത്രഹ് മിനിറ്റ് മേം" . കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഹോസ്റ്റൽ വാർഡനോടും പരിചയപ്പെട്ട മറ്റു സുന്ദരീമണികളോടും  യാത്ര പറഞ്ഞു നന്ദി രേഖപ്പെടുത്തിയതിനുശേഷം കോമളിനൊപ്പം വരാന്തയിൽ കാവലുറപ്പിച്ചു . ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അംബാസിഡർ കാറുമായി സാരഥി ഹാജരായി . കുറുകെ നിന്ന രണ്ടു പശുക്കളെ കാറിൽനിന്നിറങ്ങി സ്നേഹത്തോടെ തലോടി എന്തോപറഞ്ഞു വശത്തേക്ക് തള്ളി നീക്കിയതിനു ശേഷം അയാൾ  ഗേറ്റിനുള്ളിലേക്കു പ്രവേശിച്ചു . ആയിയെ എന്ന് പറഞ്ഞു എന്റെ ലഗേജുകളും എടുത്തയാൾ  വണ്ടിയിലേക്ക് നടക്കുമ്പോൾ കോമൾ എന്നെ ഇറുക്കെ ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു . '' സംഭാൽ  കർനാ ബത്തമീസ് ! ഡോണ്ട് ഹെസിറ്റേറ് ടു കാൾ മി ഇഫ് യു ആർ നോട്ട് ഫീലിംഗ് കംഫർട്ടബ്ൾ ".
അടുത്ത പ്രാവശ്യം നീ കൊച്ചിയിലേക്ക് വരൂ ..നിന്നെ ഞാനെടുത്തോളാം എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് ഞാനും കാറിൽ കയറി . ഉത്തരവ് കാത്തുനിൽക്കുന്ന ഒരു രാജഭടനെപ്പോലെ വിനീതനായ സന്തോഷിനോട് അറിയാവുന്ന മുറിഹിന്ദിയിൽ ഞാൻ പറഞ്ഞു .'സന്തോഷ് ജി , ഹംകൊ മണികർണികാ ഘാട്ട്  ജാനാ ഹെ. ഉസ്കെ ബാത് ദശാശ്വമേഥ്  ഘാട്ട്. ബീച് മേം ഏക് ബനാറസ് സാടീ ഭീ ഘരീദ്നാ ചാഹിയെ !'. "ഹാം ജീ" എന്ന് രണ്ടുപ്രാവശ്യം ആവർത്തിച്ചതിനു ശേഷം അയാൾ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ എന്നോട് ചോദിച്ചു .'' ഇന്റർവ്യൂ കേസാ ഥാ മാഡം ജീ ? നൗകരി മിലേഗാ ക്യാ ?" എനിക്ക് പെട്ടെന്ന് അരിശം വന്നു . ഞാൻ അയാളോട് കുറച്ചു കടുപ്പിച്ചു പറഞ്ഞു . "വോ ബാത് ഝൊടോ  ഭായീ , അബ് ഹം വാരണാസി ഘൂമെൻഗെ !"

(തുടരും.....) 

30 comments:

  1. വാപ്പസ് ആ നേ കേ ബാദ് ക്യാ ഹുവാ ?

    ReplyDelete
    Replies
    1. അഗല എപ്പിസോഡ് കേലിയെ ഇന്തസാർ കിജിയെ ജി

      Delete
  2. ചെറുകഥയോ യാത്രാ വിവരണമോ എന്തുമായിക്കൊള്ളട്ടെ.. ഉള്ളു പകർത്തി വയ്ക്കും പോലുള്ള വിവരണം.. വാരാണസി അതീവ മലിനമായ പട്ടണങ്ങളിൽ ഒന്നാണെന്നു കേട്ടിട്ടുണ്ട്. മോക്ഷം തേടി വരുന്ന മനുഷ്യാത്മാക്കളുടെ ഭാരം പേറുന്ന ഭൂമി... ആ നഗരത്തിന്റെ ഇപ്പോഴും ചെറുപ്പമായ ആത്മാവ് കണ്ടെത്തിയെങ്കിൽ, ആ ഒരു ഭാവന തന്നെ എന്ത് രസമാണ്. ❤

    ReplyDelete
    Replies
    1. ഞാനറിഞ്ഞ വാരണാസിയുടെ ആത്മാവ് ഒരു കൊച്ചു കുട്ടിയുടേത് പോലെ കളങ്കമറ്റതാണ്... പോകുമ്പോൾ എന്റെ പ്രൊഫസർ പറഞ്ഞിരുന്നു... ഈ യാത്ര നിനക്കൊരു വഴിത്തിരിവാകുമെന്ന്... എന്റെ പ്രിയപ്പെട്ട ഗുരു ഇന്നില്ല... എങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി... ഞാൻ എന്നെത്തന്നെ അടുത്തറിഞ്ഞ യാത്രയായിരുന്നു അത്... വായിച്ചതിന് നന്ദി കൂട്ടുകാരീ..

      Delete
  3. ഹിന്ദി എനിക്ക് അറിയാത്തോണ്ട് നിങ്ങ രക്ഷപ്പെട്ട്.

    പിന്നെ 4 ലക്ഷം കിട്ടാത്തോണ്ട് ഇറങ്ങി പോന്നത് നന്നായി. അത് കിട്ടിയത് കാരണം എങ്ങാനും ഇന്ത്യയുടെ സാമ്പത്തിക സന്തുലിതാവസ്ഥക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഉള്ള ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കെ.... എനിക്ക് ആലോചിക്കാൻ കൂടി വയ്യട്ട. ഒരും ഹും കൊടുത്ത് ഇറങ്ങിയാൽ മതിയായിരുന്നു.

    എനിക്ക് തോന്നിയ ഒരു ചെറിയ വലിയ കാര്യം പറയട്ടെ'. എന്തോ ഇൻട്രസ്റ്റ് ഇല്ലാതെ ഒരു ഒഴുക്കൽ മട്ടിൽ എഴുതിയ പോലെ തോന്നി.

    പശൂനെ നീക്കുമ്പോ ''അമ്മേ നീങ്ങി നിൽക്ക് എന്ന് വല്ലതുമാണോ പറഞ്ഞിട്ടുണ്ടാവ?''

    ഇഷ്ടായി....
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു:

    ReplyDelete
    Replies
    1. Interest undaayirunnu. പിന്നെ ഇന്റർവ്യൂ ഒഴുക്കൻ മട്ടിൽ പറഞ്ഞതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. അത് ഗവേഷകർക്ക് മാത്രം മനസ്സിലാവുന്ന ചില പ്രതിസന്ധികൾ ആണ്. അഭിപ്രായം നൽകിയതിന് നന്ദി

      Delete
    2. മാരക പ്രതിസന്ധി തന്നേ.

      Delete
  4. കഴിഞ്ഞ രണ്ട് ഭാഗങ്ങളുടെ അത്ര പോരാ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചതൊഴിച്ചാൽ ഈ അധ്യായത്തിൽ കാര്യമായി ഒന്നും ഇല്ലാരുന്നു.

    ReplyDelete
  5. എന്നാലും ആ പാവത്തിനോട് ദേഷ്യപ്പെടെണ്ടായിരുന്നു .. അയാൾ കുശലം ചോദിച്ചതല്ലേ ... ഇന്റർവ്യൂ പോയാൽ പോട്ട് ... ഇന്ത്യ രക്ഷപ്പെട്ടല്ലോ .. 😂😂😂
    പിന്നെ ഇതിൽ കാര്യ വിവരണങ്ങൾ മാത്രേ ഉള്ളൂ ... കയ്യീന്നിട്ടത് ഇല്ല .. അത് വേണം ... അത് വേണം ....💪💪💪

    ReplyDelete
    Replies
    1. കാതൽ വരും വരും... 😄😄

      Delete
  6. ഇന്ത്യയിലെ മീൻ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇറങ്ങിയ പാവം ഒരു പെണ്കുഞ്ഞിനെ ആരും തിരിച്ചറിഞ്ഞില്ല.. ഷോ ഷാഡ്.. ബാക്കി എഴുതുക .. ബത് മീസി കം കർക്കെ ബാക്കി ലിഖ് തോ

    ReplyDelete
    Replies
    1. ബാക്കി സരൂർ ലിഖൂൻഗി...

      Delete
  7. സൂര്യ.
    ദിനക്കുറിപ്പെഴുതിയിട്ട
    ഒരു ഡയറിയുടെ താൾ പോലെ സാധാരമായ ഒരു പോസ്റ്റ് ആണ് ട്ടാ ഇത്.അതാവും എല്ലാരും മോളിൽ പറഞ്ഞേ..

    ReplyDelete
    Replies
    1. സമയക്കുറവ് പ്രശ്നം... അടുത്തത് ഉഷാറാക്കാം ട്ടോ..

      Delete
  8. നല്ല വിവരണമാണ്. കയ്യൊതുക്കം ഉണ്ട്. രസച്ചരട് പൊട്ടാതങ്ങ് പോട്ടെ.

    ReplyDelete
    Replies
    1. Thank you. തുടരുന്നതാണ്

      Delete
  9. കഴിഞ്ഞ തവണത്തെ പോലെ തന്നെ സരളമായി യാത്ര ചെയ്യിക്കുന്നു.... ചേച്ചിയുടെ കൂടെ കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്..
    പക്ഷെ വേഗം തീർന്നു പോയി.. ഇതൊരു എപ്പിസോഡ് ആയി കൊണ്ടു വരേണ്ടതില്ലായിരുന്നു.. മുമ്പത്തെതിൽ ചേർത്തിരുന്നേൽ നല്ലതായിന്.. ..
    എങ്കിലും അടുത്ത ഭാഗത്തെക്കുറിച്ചു നല്ല പ്രതീക്ഷയുണ്ട്.. മനസിൽ കാണുന്നുണ്ട്...

    ReplyDelete
    Replies
    1. എഴുതാൻ ഇപ്പോൾ സമയം വളരെ കുറവാണ് ആനന്ദ്.. അടുത്ത ഭാഗത്തു ശ്രദ്ധിക്കാം ട്ടോ...

      Delete
  10. ബനാറസ് ഒരു പാട് ഓർമ്മകൾ ഉണർത്തുന്നു. രണ്ടുമൂന്നു തവണ
    പോയിട്ടുണ്ട്. താമസിച്ചിട്ടില്ല. അലഹബാദിൽ നിന്നും ഡേ ട്രിപ്പ് .

    ബനാറസ് പശ്ചാത്തലമായി എഴുതിയ ഒരു കഥ ആരെയും കാണിക്കാതെ വച്ചിട്ടുണ്ട്. എന്നെങ്കിലും പുറത്തിറക്കണം .

    മുൻ ഭാഗങ്ങൾ വായിച്ചില്ല. എന്നാലും സ്ഥിതിഗതികളുടെ ഒരു ഐഡിയ കിട്ടി . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ജൽദി ലിഖിയേ ഓർ ഹമേ ബത്തായിയേഗാ - ഹം സരൂർ പഠേങ്കെ

    ReplyDelete
    Replies
    1. 😄😄വായിച്ചതിന് നന്ദി സുഹൃത്തേ... വലിയ യാത്രകൾ നടത്തിയ താങ്കളിൽ നിന്നും അഭിപ്രായം അറിയുന്നതിനെക്കാൾ സുന്ദരമായ അനുഭവം എന്താണ്??

      Delete
  11. ബഹുത് പസന്ത്‌ ആയാ <3

    ഇസ് കഹാനി കീ അഗലേ ഭാഗോം കെ ലിയേ ഹം ഇന്തസാർ കർത്തെ രഹേങ്കേ... സ്യാദാ ദേർ മത്ത് കർനാ..

    ReplyDelete
  12. വരാണസി കഹാനി സുൻ നെ കൊ അക്ഷമ് സെ രഹ്ത ഹെ മാഡം ജീ...

    ReplyDelete
  13. മനോഹരമായി ചേച്ചീ... ഞാൻ വായിക്കാൻ വൈകി. അടുത്ത ഭാഗത്തേയ്ക്ക് കടക്കട്ടെ.

    ReplyDelete
  14. സുധിചേട്ടോയ്.. വേഗം വായിച്ചാട്ടെ.. 😃

    ReplyDelete
  15. ആ ഘട്ടത്തിൽ അരിശംവരിക സ്വാഭാവികം. ആശംസക

    ReplyDelete
  16. ബ്ലോഗ് സന്ദർശിച്ചതിനു നന്ദി സർ 🙏🙏

    ReplyDelete