ഇടയ്ക്കിടെ ഞാൻ കായൽക്കരയിൽ ചെന്നിരിക്കാറുണ്ട് . ഇരമ്പുന്ന നഗരത്തിന്റെ കോലാഹലങ്ങളിൽനിന്ന് ഒരു ഇടവേള എന്ന വ്യാജേന ജീവിതത്തിന്റെ കണക്കുപുസ്തകം തുറന്ന് കൂട്ടിയതും കുറച്ചതുമെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്താൻ രഹസ്യമായി ഞാനവിടെ പോകുന്നു . അങ്ങ് ദൂരെനിന്നും കപ്പലുകൾ പതുക്കെ ആടിയാടി തുറമുഖത്തേക്കടുക്കുന്നതു കാണാം . അവയുടെ പള്ള നിറച്ചും ഞാനിതുവരെക്കണ്ടിട്ടില്ലാത്ത ഏതോ വൻകരകളിലെ കടൽവെള്ളമാണ് . സമ്പന്ന രാഷ്ട്രങ്ങളുടെ മൂന്നാംകിട ഉൽപ്പന്നങ്ങൾ നിറച്ച് ദരിദ്രരെ തേടിയെത്തുന്ന അവ ആഴം കുറഞ്ഞ കായലിലേക്ക് കടക്കുമ്പോൾ ആ വെള്ളം ഛർദിക്കാറുണ്ട് . ഞാനും അവയെപ്പോലാണ് . അഗാധവും നിഗൂഢവുമായ ഹൃദയങ്ങളാണെനിക്കിഷ്ടം . ആഴം കുറഞ്ഞ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ എനിക്ക് ഓക്കാനം വരുന്നു . അല്ലെങ്കിലും ഹൃദയങ്ങളുടെ ആഴം അളക്കാനറിയുന്ന ഉപകരണങ്ങൾ ആരുടെ കയ്യിലാണുള്ളത് ??
എന്നും പ്രിയപ്പെട്ട ഉപ്പുകാറ്റേറ്റ് നിശ്ചലയായിരിക്കുമ്പോൾ കപ്പലുകൾക്കും എന്നെപ്പോലെ ജീവനുണ്ടെന്നു തോന്നും . ഈ ഭൂഗോളത്തിലെ സകലതിനും ജീവനുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . കറങ്ങുന്ന പമ്പരത്തിനും പറക്കുന്ന പട്ടത്തിനും ജീവനുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിച്ച കുട്ടിയായിരുന്നു ഞാൻ . ഞങ്ങളുടെ വീട്ടിലെ റേഡിയോക്കുള്ളിൽ യേശുദാസും ചിത്രയും ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മകളായതുകൊണ്ടാണ് സുജാത പാടുന്നതെന്നും ഞാൻ സത്യമായും വിശ്വസിച്ചു .മുറ്റത്തെ വയസ്സൻ ശീമക്കൊന്നമരത്തിൻറെ ചില്ലയിൽ സ്ഥിരമായി വന്നു പാടാറുള്ള മണ്ണാത്തിപ്പുള്ള് എൻ്റെ ജനാലക്കലേക്കു നീങ്ങിയിരിക്കുന്നത് എന്നോടുള്ള ഇഷ്ടംകൊണ്ടാണെന്ന് ഞാൻ വീമ്പു പറഞ്ഞു . പിന്നീട് കൗമാരത്തിൽ ഗേറ്റിലെ കത്തുപെട്ടിയിൽക്കിടന്ന് ഒരിക്കൽ കിട്ടിയ ആമ്പൽപൂവ് എന്നെ രഹസ്യമായി സ്നേഹിക്കുന്ന ഏതോ കാമുകൻ ഇട്ടിട്ടു പോയതാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു . എന്നെ കഠിനമായി ആരാധിച്ചിരുന്ന ആ അനുരാഗിയോട് അയാളുടെ കയ്യിലുണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്ന കാളിദാസന്റെ ഋതുസംഹാരം ഒന്ന് കടം തരുമോയെന്നു അച്ഛൻ വാങ്ങിച്ചു തന്ന കരിനീല വിരിപ്പിനടിയിൽക്കിടന്ന് ഞാൻ കളിയായി ചോദിക്കാറുണ്ടായിരുന്നു . അങ്ങനെയാ സങ്കൽപ്പ ലോകത്തിലടയിരുന്നു ഞാനെന്റെ ചിന്തകളെ വിരിയിച്ചു . എന്നാൽ ഇടയ്ക്കിടെ ഓക്കാനിച്ചുകൊണ്ടാണെങ്കിലും അന്യഗ്രഹ ജീവിയെപ്പോലെ ഞാൻ പുറത്തിറങ്ങാറുണ്ട് . ആഴ്ചയിലൊരിക്കൽ കായൽക്കരയിലെ ഈ മൂലയിലിരുന്നു രഹസ്യമായി ഞാനതു സാധിക്കുന്നു .
അങ്ങനെയിരിക്കെ കണ്ടതാണാ ചുമട്ടുകാരിപ്പെണ്ണിനെ . അരികിലുള്ള കെട്ടിടത്തിൽ അവൾ സിമെന്റുകട്ടകൾ ചുമന്നുകൊണ്ടിരുന്നു .പലകമേൽ നിരത്തിവെച്ചു ആയാസത്തോടെ അവ തലയിലേക്കെടുത്തു കയറ്റുന്നതിനിടയിൽ പൊടുന്നനെ ഒരാൾ - ഭർത്താവാണെന്നു തോന്നുന്നു - കടന്നുവന്ന് അവളെ പുലഭ്യം പറയുകയും തുരുതുരെ അടിക്കുകയും ചെയ്തു . മുടിക്കെട്ടിൽ പിടിച്ചു പിറകോട്ടുവലിച്ചു ബ്ലൗസിനുള്ളിൽ തിരുകിവച്ചിരുന്ന കുറച്ചു മുഷിഞ്ഞ നോട്ടുകൾ പിടിച്ചുപറിച്ചെടുത്തു് അയാൾ കടന്നുപോവുമ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ കീറിയ ഭാഗം മറക്കാൻ ഉടുതുണി അൽപ്പം മേല്പോട്ടു കയറ്റിക്കുത്തി പൂച്ചക്കണ്ണുള്ള അവൾ പണിതുടർന്നു . എനിക്ക് അവളെ അറിയില്ല . ഞാൻ ശീതീകരിച്ച മുറിയിലിരുന്ന് ആഗോള താപനത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോൾ പൊള്ളുന്ന വെയിൽ അവളുടെ തൊലിപ്പുറം കറുപ്പിക്കുന്നു . അങ്ങ് ദൂരെ ധ്രുവങ്ങളിലെങ്ങോ ഉരുകുന്ന ഹിമാനികൾ എന്നാണീ ലോകത്തെ മുക്കിക്കളയുക എന്ന് ഞാൻ പ്രയാസപ്പെട്ടു കണക്കു കൂട്ടുമ്പോൾ അവൾ നിസ്സംഗതയോടെ ഓരോ വൈകുന്നേരങ്ങൾക്കുവേണ്ടിയും കാത്തുനിൽക്കുന്നു . ഹൃദയത്തിൽ കത്തിയാഴ്ത്തിയവനെ ചുംബിച്ചാനന്ദം കണ്ടെത്തിയവളാണവൾ . സ്വന്തം ഹൃദയം തുണ്ടു തുണ്ടായരിഞ്ഞു അവൾ അയാൾക്ക് ഇട്ടുകൊടുത്തിട്ടുണ്ടാവണം . അയാൾ ഒരു കൂനനുറുമ്പിനെപ്പോലെ അവയെല്ലാം തിന്നു തീർത്തിട്ടുണ്ടാവണം . അങ്ങനെയവൾ ഉറുമ്പിൻകുഞ്ഞുങ്ങളെ പെറ്റു പോറ്റി. അവളുടെ സ്നേഹത്തിനു രക്തത്തുള്ളിയുടെ ചുവപ്പുനിറമാകില്ല . വെയിൽദാഹത്തിന്റെ മഞ്ഞനിറവുമല്ല . ഈ കായലിൽ കണ്ണാടിനോക്കുന്ന ആകാശത്തിന്റെ നീലനിറമാവുംഅതിനെന്ന് ഞാൻ സങ്കൽപ്പിച്ചു. അത്രമേൽ ശാന്തവും അനന്തവുമത്രെ ആ പൂച്ചക്കണ്ണുകൾ .
എനിക്ക് അകാരണമായ ഒരു ആധി അനുഭവപ്പെട്ടു . എൻ്റെ സങ്കൽപ്പങ്ങളുടെ കൂട്ടിൽ യാഥാർഥ്യങ്ങളുടെ ചില കുയിൽമുട്ടകൾ ഇടയ്ക്കിടെ വിരിയാൻ തുടങ്ങിയിരിക്കുന്നു .