ഇവിടെ ഈ നാലാംനിലയിലെ എഴുത്തുമുറി ഒരു ശസ്ത്രക്രിയാമുറികൂടിയാണ് . എൻ്റെ ഏകാന്തതയുടെ ചൂളയിൽ പഴുപ്പിച്ചെടുത്തവയാണ് ഈ അക്ഷരങ്ങൾ . അവകൊണ്ടു ഞാൻ എൻ്റെ മുറിവുകളിൽ ശസ്ത്രക്രിയ നടത്തുന്നു. തുന്നിച്ചേർക്കുന്നു . മരുന്നുപുരട്ടുന്നു . നിങ്ങൾക്കറിയില്ല സ്വയം ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നവരുടെ വേദന . ബോധാബോധങ്ങൾക്കിടയിൽ അലറിക്കരഞ്ഞുകൊണ്ടു മുറിവുകളിൽനിന്നും മുറിവുകളിലേക്ക് ഞാൻ അക്ഷരങ്ങളാഴ്ത്തുന്നു . എഴുതുന്തോറും എൻ്റെ മുറിവുകൾ പതുക്കെ , വളരെപ്പതുക്കെ വേദന മറന്ന് പുതിയ കോശങ്ങളെ ആശ്ലേഷിക്കുന്നു . എന്നിട്ടവ പ്രതീക്ഷകളെ , സങ്കൽപ്പങ്ങളെ , ഉന്മാദനിമിഷങ്ങളെ പെറ്റുകൂട്ടുന്നു . ഇത്രയുംനാൾ ആരുമറിയാതെ പ്രസവിച്ചു സുഗന്ധലേപനങ്ങൾ പുരട്ടി ഗൂഢാഹ്ളാദത്തോടെ ഞാൻ സൂക്ഷിച്ചുവെച്ച ഈ സങ്കൽപ്പക്കുഞ്ഞുങ്ങളെ ഇന്നീ എഴുത്തുമുറിയുടെ ജാലകങ്ങൾ തുറന്നു പറത്തി വിടട്ടെ . ചിലപ്പോൾ അവയിലൊന്ന് നിങ്ങളുടെ ഹൃദയത്തിൽ കൂടുകൂട്ടിയെങ്കിലോ? ഇതിൽപ്പരം ആനന്ദം മറ്റെന്തുണ്ട്?