ഒരു ചെറു യാത്രയുടെ കഥ - ഭാഗം 6

മണികർണികയിൽ നിന്നും പുറത്തുകടന്ന് വീണ്ടും ഞങ്ങൾ കാറിൽ കയറി. ദശാശ്വമേധ ഘാട്ടിലേക്കു പോകും വഴി സന്തോഷ് ചില തുണിക്കടകൾ കാണിച്ചു തരാൻ തുടങ്ങി . എൻ്റെ  സാരി വാങ്ങലിൻ്റെ  കാര്യം അയാൾ മറന്നിട്ടില്ലെന്നു മനസ്സിലായി . ഇന്നാട്ടിലുള്ളതുപോലെ അലങ്കാര ദീപങ്ങളുള്ള  ആധുനികതയുടെ എടുപ്പോടെ നിൽക്കുന്ന കെട്ടിടങ്ങളല്ല അവ . മിക്കതിനും വളരെ ചെറിയ ഇടുങ്ങിയ ഒരു വാതിൽ . വാതിലിനു മുകളിൽ ചുവരിൽ പെയിൻ്റിൽ മുക്കി ബ്രഷ് കൊണ്ട് നീലയോ ചുവപ്പോ നിറത്തിൽ എഴുതിയിട്ടുണ്ട് . ചിലപ്പോൾ ചില സ്വസ്തികാ ചിഹ്നമോ ത്രിശൂലമോ കൂടെ വരച്ചു വച്ചിരിക്കും . കുറച്ചുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ സന്തോഷ് കാർ നിർത്തിയിറങ്ങി . പിൻവാതിലിലെ പകുതി താഴ്ത്തിവച്ച ചില്ലിലൂടെ അകത്തേക്ക് തലയിട്ട് അയാൾ പറഞ്ഞു .  ''ആയിയെ മാഡംജി , സാടി  ദെഖേംഗേ ഹം " അപ്പോഴാണ് ഞാൻ അയാളുടെ മുഖം ശരിക്ക് ശ്രദ്ധിക്കുന്നത് തന്നെ . ചെമ്പൻ നിറം കലർന്ന കോലൻ മുടി വശത്തേക്ക് ചരിച്ചു ചീകി വച്ചിട്ടുണ്ട് . മുഖത്തിന് ഉണങ്ങിയ ഗോതമ്പിൻ്റെതുപോലെ ഒരുതരം തവിട്ടു നിറം . പതിഞ്ഞ മൂക്കും പൊടിമീശയും മുറുക്കാൻ കറ പുരണ്ട പല്ലും . കഴുത്തിൽ ഒരു ഒറ്റ രുദ്രാക്ഷം കറുത്ത ചരടിൽ കോർത്ത് കെട്ടിയിട്ടുണ്ട് .
ഞാൻ അയാളുടെ കണ്ണുകളിലേക്കു നോക്കി . കണ്ണുകൾ ഇടുങ്ങിയതാണ് . കൃഷ്ണമണികൾക്ക് കരയാമ്പൂവിൻ്റെ   ഇരുണ്ട നിറം . കണ്ണ് മനസ്സിൻ്റെ   കണ്ണാടി എന്നാണ്  . ഇത്രയും നേരം അയാൾ വളരെ സൗമ്യനും വിനീത വിധേയനുമായിരുന്നു. എന്നുവച്ച് ഇനിയയാൾ  മാറിക്കൂടായ്കയില്ല .സ്ത്രീകൾക്ക് ജന്മനാ കിട്ടിയിരിക്കുന്നതാണ് ഇടയ്ക്കിടെ  ബുദ്ധിയിലിഴയുന്ന സംശയ സർപ്പങ്ങൾ . അത് അവളുടെ സ്വരക്ഷക്ക് ജാഗരൂകയായിരിക്കാൻ പ്രകൃതി നല്കിയിരിക്കുന്നതത്രെ . തിളക്കമുള്ള ആ കൃഷ്ണമണികളിൽ സംശയത്തിനുതകുന്ന യാതൊന്നും എനിക്ക് കാണുവാൻ കഴിഞ്ഞില്ല . അനേകകാലമായി അയാളുടെ അയല്പക്കത്തു ജീവിച്ചുവരുന്ന മാതൃതുല്യയായ ഒരു മുതിർന്ന സ്ത്രീയെ നോക്കും പോലെയാണ് പ്രായത്തിനിളപ്പം തോന്നിച്ച എന്നെയയാൾ നോക്കിയത് . കാഴ്ചകൾ കാണാൻ പോയ എന്നേക്കാൾ താല്പര്യമാണ് അത് കാണിച്ചുതരാൻ അയാൾക്കെന്നു തോന്നി . ചിരിച്ചുകൊണ്ട് ഞാനും കാറിനു പുറത്തിറങ്ങി . അൽപനേരം ഇടുങ്ങിയ ഒരു വഴിയിലൂടെ നടന്നു വെളിച്ചം തീരെക്കുറഞ്ഞ ഒരു തുണിക്കടയിലേക്കു പ്രവേശിച്ചു . മറ്റു കടകളെപ്പോലെ അവിടെ പേരെഴുതി വച്ചിട്ടുണ്ടായിരുന്നില്ല .ഇതെന്തു കച്ചവടമാണ് എന്നന്തംവിട്ട് അകത്തേക്ക് കയറിയ എന്നെ ഒരു മധ്യവയസ്‌കൻ നിലത്തു വിരിച്ച മനോഹരമായ തടുക്കിൽ ഇരുത്തി . "ആപ്കോ ക്യാ സ്റ്റഫ്  ചാഹിയെ? സിൽക് ,കോട്ടൺ , ഷിഫോൺ ? അയാൾ ഉദ്വേഗത്തോടെ ചോദിച്ചു . സാരി എൻ്റെ  ബലഹീനതയാണ് . വീട്ടിൽ ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ എന്നും സാരികൾ പരസ്പരം സമ്മാനിക്കുകയും കൈമാറുകയും ചെയ്‌തിരുന്നു   . ഞാൻ വളർന്ന വീട്ടിലെ ഒരു തടിയലമാരയും ഇരുമ്പലമാരയും ഞങ്ങളുടെ സാരികൾ സൂക്ഷിക്കാൻ വേണ്ടി മാത്രം മാറ്റിവച്ചു . തേച്ചുമടക്കി വൃത്തിയായി 'അമ്മ വച്ചിരുന്ന കടും ചായങ്ങളുള്ള കസവിട്ട പട്ടു സാരികൾ ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികൾക്ക് കൈമാറേണ്ട പരമ്പരാഗത സ്വത്തുക്കളായി പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഞങ്ങൾക്ക് പിറന്നത് പുത്രന്മാരായതിനാൽ അവയെല്ലാം പുത്രവധുക്കൾക്കു സമ്മാനിക്കാമെന്ന് അവസാനം  തീരുമാനിച്ചു .

ആ കട മുഴുവൻ അരിച്ചുപെറുക്കാൻ എനിക്ക് മടിയുണ്ടായിരുന്നത് കൊണ്ടല്ല മറിച്ചു സമയക്കുറവുകൊണ്ടു മാത്രം ഞാൻ കടക്കാരനോട് പറഞ്ഞു . "സിൽക്ക് സാടി ദിഖായിയെ ഭയ്യാ ". കൂടുതലും കടുത്ത തിളങ്ങുന്ന നിറമുള്ള സാരികൾ . കടുത്ത പച്ചയിലും നീലയിലും വിരിഞ്ഞുനിൽക്കുന്ന സ്വർണനിറമുള്ള മയിൽചിത്രങ്ങൾ . കയ്യിലെടുക്കുമ്പോൾ അവ മാർദവം കൊണ്ട് വഴുതിപ്പോകുന്നു . " യെ അസ്‌ലി ബനാറസി സിൽക്ക് ഹെ മാഡംജി , ആപ് ദേഖിയെ " അയാൾ അവ ഓരോന്നായി തൻ്റെ ചുമലിൽ വിടർത്തിയിട്ടു കാണിക്കുകയാണ് . ഐശ്വര്യ റായ് , അംബാനി തുടങ്ങിയവരൊക്കെ വിവാഹ വസ്ത്രങ്ങൾ വാങ്ങിയിട്ടുള്ളത് ബനാറസിൽ നിന്നാണെന്നു ഇടയ്ക്കു സന്തോഷ് ഓർമ്മിപ്പിച്ചു . അതുകൊണ്ടു ഞാനും ഒരെണ്ണം എടുക്കേണ്ടതുണ്ട്‌ . എനിക്ക് ചിരിവന്നു . ഒരു കുട്ടുറുവൻ പക്ഷിയുടെ തൂവലിൻറെ നിറവും മാർദവവുമുള്ള  ചിത്രപ്പണികളില്ലാത്ത ഒരു സാരി ഞാൻ തിരഞ്ഞെടുത്തു . അതിനു ചെമ്പിൻ്റെ  നിറമുള്ള കസവായിരുന്നു . വില ചോദിച്ചപ്പോൾ മൂവായിരമെന്നു അയാൾ പറഞ്ഞു . അധികമല്ലെന്ന് അറിയാമായിരുന്നെങ്കിലും വെറുതെ പേശി നോക്കി . അപ്പോൾ അയാൾ എന്നെക്കൂട്ടി കടയുടെ ചില രഹസ്യ അറകളിലേക്കു കൊണ്ടുപോയി . സന്തോഷ് ധൈര്യമായി നടന്നോളാൻ ആംഗ്യം കാണിച്ചു . അറയിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കുന്നു . നോക്കുമ്പോൾ അതിൽ രണ്ടു വലിയ തറികളുണ്ട് . മരംകൊണ്ട് നിർമ്മിച്ച പരമ്പരാഗതത്തറികൾ . അതിലൊന്നിൽ ഒരു പഴകിയ കട്ടിക്കണ്ണടയും തലപ്പാവും വച്ച് മേൽവസ്ത്രം ധരിച്ചിട്ടില്ലാത്ത ഒരു വൃദ്ധൻ ഇരുന്നു നെയ്യുന്നു . അയാളുടെ കൈകളും കാലുകളും താളാത്മകമായി ചലിക്കുന്നുണ്ട് . ഉയരം കുറഞ്ഞതരം തറിയാണ്. മുകളിൽനിന്നും താഴേക്ക് ഊർന്നുവരുന്ന പട്ടുനൂലുകൾ താഴെ നിരപ്പായി വലിഞ്ഞു നിൽക്കുന്ന നൂലുകൾക്കിടയിലേക്ക് ഇഴഞ്ഞു കയറുന്നു . ഉടനെ ആ വൃദ്ധൻ അവയെ താഴിട്ടു പൂട്ടുമ്പോലെ മരത്തിൽ പണിത ഫ്രെയിമുകൾക്കിടയിൽ വലിച്ചടുപ്പിക്കുന്നു . ഞാനാ മായാജാലക്കാരനെ അൽപനേരം നോക്കി നിന്നു. അയാളുടെ ശ്വാസഗതി വളരെ വേഗത്തിലുള്ളതായിരുന്നു . തറിയുടെ അതേ താളത്തിൽ ഉയർന്നു താഴുന്ന നെഞ്ചിൽ എഴുന്നുനിൽക്കുന്ന വാരിയെല്ലുകൾ. തറിയുടെ ചരടുവലിക്കുമ്പോൾ അയാളുടെ ചുമലുകൾ ഒടിഞ്ഞു തൂങ്ങുമെന്ന് ഞാൻ ഭയപ്പെട്ടു . സ്വർണനൂലുകളിൽ ഊടും പാവുമിട്ട് അയാൾ സൃഷ്ടിക്കുന്ന ആ ഉടയാട ഏതെങ്കിലുമൊരു മണിമന്ദിരത്തിലെ അപ്സര കന്യക ചിലപ്പോൾ അവളുടെ വിവാഹ സുദിനത്തിൽ അൽപനേരം അണിയുമായിരിക്കും . എങ്കിലും അയാളുടെ വാരിയെല്ലുകൾ എഴുന്നു തന്നെ നിൽക്കും . അയാളും ഭാര്യയും സന്തതികളും താണതരം ഖദറിൻ്റെ  പരുക്കൻ വസ്ത്രങ്ങൾ ധരിക്കും. എത്രകാലമായി താങ്കളിതു ചെയ്യുന്നുവെന്ന് ഞാൻ ഉറക്കെ ചോദിച്ചു . എന്നാൽ   തറിയുടെ  ശബ്ദംകൊണ്ടോ നെയ്ത്തിൽ ലയിച്ചിരുന്നതുകൊണ്ടോ അയാളത് കേട്ടില്ല. ഞാൻ കടയുടമക്ക് ഉടനെതന്നെ മുഴുവൻ പണവും കൊടുത്തു എടുത്തുവച്ചിരുന്ന സാരി വാങ്ങി നന്ദിപറഞ്ഞു തിരിച്ചു നടന്നു .

ദശാശ്വമേധിലേക്കുള്ള യാത്രയിൽ പിന്നീട് ഞാൻ ഒന്നും കണ്ടില്ല . മനസ്സിൽ തലങ്ങും വിലങ്ങും പട്ടുനൂലുകൾ അതിവേഗം ഇഴഞ്ഞുനടന്നു . താളത്തിൽ ചലിക്കുന്ന തറി . ഉയർന്നു താഴുന്ന നെഞ്ച് . ഇടയ്ക്കു പെട്ടെന്ന് ആ നെഞ്ച് ചലനമറ്റു . തറി നിശ്ചലമാകുകയും നൂലുകൾ അയഞ്ഞു കീഴ്പ്പോട്ടു ഞാന്നുകിടക്കുകയും ചെയ്തു . ചില കാഴ്ചകൾ എന്നെ അസ്വസ്ഥയാക്കുന്നു. അതിൻ്റെ വേരുകൾ എവിടെക്കിടക്കുന്നു എന്നെനിക്കറിയില്ല . അനുകമ്പയുടെ ഉച്ചസ്ഥായിയിൽനിന്ന് ഭയത്തിൻറെ അഗാധഗർത്തങ്ങളിലേക്കു കൂപ്പുകുത്തുന്നത് ഞാൻ മാത്രമാണോ ? ഒടുക്കം ഞാനെത്ര ഭാഗ്യവതി എന്നൊരു സ്വാർത്ഥ നിശ്വാസം പൊഴിച്ച് വീണ്ടും മോഹമാത്സര്യങ്ങളുടെ സുരക്ഷിത താവളങ്ങളിലേക്കു നാണമില്ലാതെ തിരിഞ്ഞു നടക്കുന്നത് ഞാൻ മാത്രമാണോ ? അറിയില്ല .

ഞങ്ങൾ ഘാട്ടിനടുത്തെത്തിയിരുന്നു . ഒരു ലസ്സി കുടിച്ചിട്ട് പോകാമെന്നു സന്തോഷ് പറഞ്ഞു . ഞങ്ങൾ ഘാട്ടിലേക്കുള്ള വഴിയുടെ എതിർവശത്തുള്ള ഒരു കടയിൽ കയറി . സന്തോഷ് രണ്ടു ലസ്സി പറഞ്ഞു . കടക്കാരൻ യാതൊരു ഭാവഭേദവുമില്ലാതെ ചോദിച്ചു "ഭാംഗ് യാ സാദാ ?" എനിക്ക് അതിനെക്കുറിച്ചു വായിച്ചുള്ള അറിവ് മാത്രമേയുള്ളൂ . അതുകൊണ്ട് അത്ഭുതം അടക്കാൻ ആയില്ല . അതിവിടെ സർവ്വ സാധാരണമാണെന്നു സന്തോഷ് പറഞ്ഞു . എന്നാൽ വാരണാസിക്കാർ പൊതുവെ അത് സ്ഥിരം കഴിക്കാറില്ല . ഹോളി ശിവരാത്രി തുടങ്ങിയ ആഘോഷങ്ങൾക്ക് മാത്രം .സഞ്ചാരികളാണ് കൂടുതലും കുടിക്കുന്നത് . എനിക്ക് ആകാംക്ഷ അടക്കാനായില്ല . ഞാൻ ഒരു ഭാംഗ് ലസ്സി പറഞ്ഞു . കടക്കാരൻ ബദാം പിസ്ത ലസ്സിയിൽ അല്പം പനിനീരും കുഴമ്പുരൂപത്തിലാക്കി വച്ച ഒരു പച്ച പദാർത്ഥവും ചേർത്തു . എന്നിട്ട് എനിക്ക് നേരെ നീട്ടി . ഇളം പച്ച നിറത്തിൽ അമൃതാണെന്ന് ആളുകൾ കരുതുന്ന ഈ ദ്രാവകം കുടിച്ചാൽ എന്തുണ്ടാകുമെന്ന് എനിക്കറിയില്ല . സന്തോഷിൻ്റെ കണ്ണുകൾ അത് കുടിക്കരുതെന്നു എന്നോട് യാചിക്കുന്നുണ്ടായിരുന്നു . ശീലമില്ലാത്തവർക്കു ബുദ്ധിമുട്ടാവും എന്ന് സൂചിപ്പിക്കുകയും ചെയ്തു . എങ്കിലും ഞാൻ ആദ്യമൊരു കവിൾ അകത്താക്കി . പനിനീരിൻ്റെ രുചി മീതെ നിൽക്കുന്നു . ഒടുക്കം ചവർപ്പും  വെണ്ണയുടെ രുചിയും ഒക്കെ കലർന്ന് ഒരു ദുസ്വാദും . മൊത്തത്തിൽ അതൊരു വൃത്തികെട്ട ദ്രാവകമായാണ് എനിക്ക് തോന്നിയത്. രണ്ടാമത്തെ കവിൾ ഇറക്കുന്നതിനു മുൻപേ തുപ്പി . സന്തോഷ് ആർത്തു ചിരിച്ചു . ''കെഹദിയാ നാ ? ജയ് മഹാദേവ് ബോൽക്കർ ഗിലാസ് ഖാലി കർനാ പടേഗാ " അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു . എനിക്കും ചിരി വന്നു . ഇതുകഴിച്ചിവിടുന്നു ജ്ഞാനോദയമുണ്ടായാൽ പിന്നീട് ഞാൻ ഇവിടെത്തന്നെ ഒടുങ്ങേണ്ടി വരും . അതിനാൽ ആ ഗ്ലാസ് തിരിച്ചുകൊടുത്തു ഒരു ബദാം പിസ്ത ലസ്സി കുടിച്ചു സംതൃപ്തിയടഞ്ഞു . സന്തോഷ് ലസ്സിക്കു ശേഷം വെറ്റിലയിൽ പൊതിഞ്ഞ ഒരു മീഠ പാൻ രുചിച്ചു . പണം കൊടുത്തു തിരിച്ചു നടന്നപ്പോൾ അയാൾ എന്നെ കളിയാക്കി . ഒരു കവിൾ കൊണ്ട് ജ്ഞാനോദയമുണ്ടാകുമോയെന്ന് അൽപനേരം ഞാൻ കാത്തിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചതായി തോന്നിയില്ല . അതിനാൽ ധൈര്യപൂർവം മുന്നോട്ടു നടന്നു .

ദശാശ്വമേധ ഘാട്ട്  മണികർണികയിൽ നിന്നും വളരെ വ്യത്യസ്തമാണ് . ഘാട്ടിലേക്കുള്ള വഴിക്കു വീതിയുണ്ട് . ഇരുവശങ്ങളിലും ധാരാളം കച്ചവടങ്ങൾ . പൂക്കൾ, വളകൾ , കല്ലുമാലകൾ എന്ന് തുടങ്ങി ഒരു സാധാരണ വിനോദ സഞ്ചാര കേന്ദ്രത്തിൽ കാണുന്ന എല്ലാം അവിടെ വിറ്റഴിക്കപ്പെടുന്നു . ഗംഗയുടെ ഏറ്റവും തിരക്കുപിടിച്ച സ്നാനഘട്ടമാണത് . പുതിയ കെട്ടിടങ്ങളാണധികവും. ഒട്ടും പൗരാണികത തോന്നിപ്പിക്കാത്തവ . പടവുകൾ ഇടയ്ക്കിടെ നിരപ്പുകളിലും പ്ലാറ്റുഫോമുകളിലും അവസാനിക്കും . വീണ്ടും പടവുകൾ . ഏറ്റവുമൊടുവിൽ നദിയിലേക്കു നീട്ടി ആധുനിക രീതിയിൽ പണികഴിപ്പിച്ച ബോട്ടുജെട്ടികൾ . വശങ്ങളിൽ നിറയെ തോണികളും ബോട്ടുകളും . വാരണാസിയിലെ തോണികൾ അതി മനോഹരികളാണ് . കടുത്ത ചായങ്ങൾ പൂശി താമര അല്ലിയുടെ ആകൃതിയിൽ പരന്ന അമരങ്ങളോട് കൂടിയവ .

പടവുകളിൽ നിറയെ പലഭാഗത്തുനിന്നും എത്തിയിട്ടുള്ള സഞ്ചാരികൾ തമ്പടിച്ചിരുന്നു . വിശ്വനാഥക്ഷേത്രദർശനം കഴിഞ്ഞു വരുന്നവരാണ് മിക്കവരും . ഇവിടെ സൂര്യാസ്തമനം കഴിഞ്ഞാൽ ആരതി നടക്കാറുണ്ട് . അതിനായി കാത്തുനിൽക്കുന്നവരാണവർ . ഉയർന്ന പീഠങ്ങളും അവയ്ക്കു മുന്നിൽ കെട്ടിയുയർത്തിയ മുത്തുക്കുടയും സന്തോഷ് കാണിച്ചു തന്നു .അവയിൽ നിന്നാണ് പുരോഹിതർ ദീപങ്ങളുമേന്തി ആരാധന നടത്തുക . ഇപ്പോൾ ആ പീഠങ്ങൾക്കു ചുറ്റും നിറയെ കച്ചവടക്കാരാണ് . കളിപ്പാട്ടങ്ങളും വളകളും ബാഗുകളും തുണിത്തരങ്ങളും നിരത്തിവച്ചു വിൽക്കുന്നവർ . ഇടയ്ക്കിടെ രോഗശാന്തിയും മനഃശാന്തിയും വിൽക്കുന്ന സ്വയപ്രഖ്യാപിത വിശുദ്ധരെയും കാണാം . അത്തരം ചില സിദ്ധന്മാർക്കു മുൻപിൽ സാഷ്ടാംഗപ്രണാമം ചെയ്തും കാണിക്ക വച്ചും മക്കളുടെയോ ബന്ധുമിത്രാദികളുടെയോ രോഗശാന്തിക്കോ ആരോഗ്യഐശ്വര്യങ്ങൾക്കോ വേണ്ടി യാചിക്കുന്ന നിന്ദിതരെയും പീഡിതരെയും കാണാം . അത്തരക്കാരധികവും ഗ്രാമാന്തരങ്ങളിൽനിന്ന് എത്തിയവരാണെന്നു കണ്ടാലറിയാം . ഈ ദരിദ്രരാഷ്ട്രത്തിലെ അറുതിയില്ലാത്ത പീഢകൾ ആ പാവങ്ങളെ ഇവിടിരിക്കുന്ന മനുഷ്യദൈവങ്ങൾക്കു മുൻപിൽ എത്തിക്കുന്നു . അറ്റമില്ലാത്ത ദുരിതക്കയ ങ്ങൾക്കു മുന്നിൽ ആത്മഹത്യയുടെ പാറവെളുമ്പിൽ ചവിട്ടി മുന്നിലുയർന്നുനിൽക്കുന്ന പാറക്കെട്ടുകളിലേക്ക് അള്ളിപ്പിടിച്ചുകയറാനാവാതെ ഹതാശരായി നിങ്ങൾ നിൽക്കുന്നുവെന്ന് കരുതുക . അപ്പോൾ ഒരു ദിവ്യനവതരിക്കുകയും ഒരു ചെറു ചിരിയോടെ ഭയക്കേണ്ട എന്ന് പറഞ്ഞു വെറുതെ കൈ നീട്ടിക്കാണിക്കുകയും ചെയ്‌താൽ ഒരു നിമിഷത്തേക്കെങ്കിലും അയാളുടെ കൈ പിടിക്കാൻ നിങ്ങൾ പ്രലോഭിതരാവില്ലേ ? ഞാനാണെങ്കിൽ അതിനൊരു ശ്രമം നടത്തിയെന്നിരിക്കും . അതിനാൽ ആ പാവങ്ങളോട് എനിക്ക് സഹതാപമേ തോന്നിയുള്ളൂ . സിദ്ധൻ്റെയും വിശ്വാസിയുടെയും പ്രശ്നം വിശപ്പാണ് , മോഹങ്ങളാണ് .മോഹഭംഗങ്ങളാണ് .

എന്ത് വൈചിത്ര്യമെന്നു നോക്കൂ ! ഒരേ നദിയുടെ രണ്ടു സ്നാന ഘട്ടങ്ങൾ. ഒന്ന് മരണത്തെ ആഘോഷിക്കുമ്പോൾ മറ്റൊന്ന് ജീവിതത്തെ ഭോഗിക്കുന്നു . അപ്പുറത്തു ഗംഗ നിങ്ങളെ മരണത്തിൻ്റെ ലഹരിയിൽ ആറാടിക്കുമ്പോൾ ഇപ്പുറത്തു ഗംഗയിൽ മുങ്ങി നിവർന്നു നിങ്ങൾ ജൈവചോദനകളിൽ ഉന്മാദം കൊള്ളുന്നു . എൻ്റെ ചിന്തകൾക്ക് കടിഞ്ഞാൺ നഷ്ടപ്പെടുന്നുണ്ടോ ? ഇതായിരിക്കുമോ ഞാൻ കാത്തിരുന്ന ജ്ഞാനോദയം ? അതും ഒരു കവിൾ കൊണ്ട് ? വൈകുന്നേരമാകുന്നു . ഘാട്ടിൽ തിരക്ക് കൂടിത്തുടങ്ങി . ഞാൻ അല്പമകലെ പടവിനോടടുപ്പിച്ചിട്ടിരുന്ന ഒരു തോണിയിൽ കയറി ബാഗും തലക്കൽ വച്ച് മലർന്നു കിടന്നു . സന്തോഷ് അപ്പോൾ അതിൻ്റെ അമരത്ത് ഒരു കാവൽ നായയെപ്പോലെ എനിക്ക് പുറംതിരിഞ്ഞിരുപ്പുണ്ടായിരുന്നു .

(തുടരും ....)

25 comments:

  1. തേച്ചുമടക്കി വൃത്തിയായി 'അമ്മ വച്ചിരുന്ന കടും ചായങ്ങളുള്ള കസവിട്ട പട്ടു സാരികൾ ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികൾക്ക് കൈമാറേണ്ട പരമ്പരാഗത സ്വത്തുക്കളായി പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഞങ്ങൾക്ക് പിറന്നത് പുത്രന്മാരായതിനാൽ അവയെല്ലാം പുത്രവധുക്കൾക്കു സമ്മാനിക്കാമെന്ന് അവസാനം തീരുമാനിച്ചു...

    ഇതിഷ്ടായിട്ടോ...

    തറിയും, അതിലിരിക്കുന്ന ആളും ഒക്കെ കണ്ണിന് മുന്നിൽ വന്നു നിൽക്കുന്നു.

    പൊക്കി പറയാണെന്നു തെറ്റിദ്ധരിക്കരുത്ട്ടോ...
    ഇത് പോലെ ഒരു യാത്ര വിവരണം മുൻപ് ഞാൻ വായിച്ചിട്ടില്ല.
    സൂര്യയുടെ എഴുത്തിലൂടെ എനിക്കും ഈ സ്ഥലങ്ങൾ കാണാൻ പറ്റുന്നു. ഈ സ്ഥലങ്ങൾ ശരിക്ക് കാണണം എന്നുള്ള ആഗ്രഹം കൂടുന്നു.

    ഒരുപാടിഷ്ടം...
    ആശംസകൾ...

    അടുത്ത ഭാഗത്തിനായി ഇത്ര ദിവസം ഇടരുത്ട്ടോ...

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം ആദി.. ഇയാൾ ചെറു പ്രായമല്ലേ.. എത്രയോ ഇടങ്ങൾ കാണാൻ കിടക്കുന്നു? ഒരിക്കൽ വാരണാസിയും പോവുക. സ്നേഹം ❤️അടുത്ത ഭാഗം വേഗമെഴുതാം..

      Delete
  2. അറ്റമില്ലാത്ത ദുരിതക്കങ്ങൾക്കു മുന്നിൽ ആത്മഹത്യയുടെ പാറവെളുമ്പിൽ ചവിട്ടി മുന്നിലുയർന്നുനിൽക്കുന്ന പാറക്കെട്ടുകളിലേക്ക് അള്ളിപ്പിടിച്ചുകയറാനാവാതെ ഹതാശരായി നിങ്ങൾ നിൽക്കുന്നുവെന്ന് കരുതുക . അപ്പോൾ ഒരു ദിവ്യനവതരിക്കുകയും ഒരു ചെറു ചിരിയോടെ ഭയക്കേണ്ട എന്ന് പറഞ്ഞു വെറുതെ കൈ നീട്ടിക്കാണിക്കുകയും ചെയ്‌താൽ ഒരു നിമിഷത്തേക്കെങ്കിലും അയാളുടെ കൈ പിടിക്കാൻ നിങ്ങൾ പ്രലോഭിതരാവില്ലേ ? ഞാനാണെങ്കിൽ അതിനൊരു ശ്രമം നടത്തിയിരിക്കും ...
    വളരെ ശരിയാണ് .. ഞാനടക്കം ഒട്ടുമിക്ക ആളുകളും അതിനൊരു പരിശ്രമം നടത്തും....

    ജ്ഞാനോദയം കിട്ടാൻ വേണ്ടി ഭാങ്ങ് ലസ്സി കുടിച്ചത് ചിരിപ്പിച്ചു.... നന്നായിട്ടുണ്ട് വിവരണം. ഇത്രയും നീളം ഓരോ അധ്യായത്തിനും വേണം എന്ന് തോന്നുന്നു ... ഏറ്റവും ഇഷ്ടപെട്ടത് ഈ അധ്യായം എഴുതി അവസാനിപ്പിച്ച ഇടമാണ് . സന്ധ്യ പടർന്ന ആകാശം .. നദി , നദിക്കരയിൽ ഒരു തോണി ... അതിൽ കിടക്കുന്ന യാത്രക്കാരി... അമരത്തു പുറം തിരിഞ്ഞിരിക്കുന്ന കാവൽക്കാരൻ .!!! ആ
    ദൃശ്യം മനോഹരമായ ഒരു പെയിന്റിംഗ് പോലെ തോന്നിച്ചു....!!
    കഥകൾ ഇനിയും പോരട്ടെ വേഗം വേഗം......

    ReplyDelete
    Replies
    1. യ വിട്ടു പോയിട്ടുണ്ട് .. രണ്ടാൾക്കും ..! 😆

      Delete
    2. ഇത്രയും നീളമുള്ള ഈ കമന്റ്‌ എന്റെ മനം കവരുന്നല്ലോ കല്ലോലിനി. എഴുതിയത് ഇഷ്ടമാകുന്നുണ്ടെന്നു അറിയുമ്പോൾ എനിക്ക് രോമാഞ്ചം വരുന്നു ട്ടോ 😂😂ഞാൻ വെറുമൊരു വികാര ജീവിയാണ്... അതുകൊണ്ട് സ്നേഹം വാരിയെറിയട്ടെ 💓💓💓💓🥰

      Delete
    3. യ ചേർത്തിട്ടുണ്ട്

      Delete
  3. വിവരണം ഹൃദ്യമായി

    ReplyDelete
    Replies
    1. നന്ദി ഉദയൻ ചേട്ടാ 🥰

      Delete
  4. സൂര്യ... മോഹിപ്പിക്കുന്ന എഴുത്താണിത്...ഹൃദയം കൊണ്ടെഴുതിയതു അങ്ങനെ തന്നെ വായിക്കപ്പെടുന്നു. എവിടെയോ സമാനതകൾ അനുഭവപ്പെടുന്നു. പോച്ചംപള്ളി എന്ന നെയ്ത്തു ഗ്രാമത്തിൽ തറിയിൽ സാരി നെയ്യുന്നവരെക്കുറിച്ചു വായിക്കുകയും നെടുവീർപ്പിടുകയും ചെയ്തത് ഇന്നലെയാണ്. അവർ നെയ്യുന്ന വില കൂടിയ സാരികൾ ഒരിക്കലും അവർക്ക് സ്വന്തമാക്കാൻ ആവില്ല. കഥാ നായിക തെരെഞ്ഞെടുത്ത ആ കുട്ടുറുവൻ നിറമുള്ള സാരി എനിക്കും പ്രിയതരം. സിദ്ധന്റെയും വിശ്വാസിയുടെയും പ്രശ്നങ്ങൾ ഒന്ന് തന്നെയെന്ന തിരിച്ചറിവുണ്ടല്ലോ..അതുപോലെ, വിശ്വസ്തരെന്ന് തോന്നിപ്പിക്കുന്നവരെയും scan ചെയ്യുന്ന ബുദ്ധിയിലെ സംശയ സർപ്പങ്ങൾ. എനിക്കുള്ളിലെ പറയപ്പെടാത്ത കഥകൾ സൂര്യയിലൂടെ പുറത്ത് വന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു വായിക്കുമ്പോൾ.ആ സ്ഥലത്തിന്റെ പുറം കാഴ്ചകൾക്കൊപ്പം ആന്തരിക ഭാവവും പ്രതിഫലിപ്പിക്കുന്ന എഴുത്ത്.. ❤️❤️❤️

    ReplyDelete
    Replies
    1. എന്നെ അൽമിത്രയുടെ വായനാനുഭവങ്ങൾ അത്ഭുതപ്പെടുത്താറുണ്ട്.. നാം രണ്ടും ഇഷ്ടപ്പെടുന്ന മിക്കവാറും പുസ്തകങ്ങളും ഒന്നാണെങ്കിലും അൽമിത്രയുടേത് ആഴത്തിലുള്ള വായനയും അവലോകങ്ങളുമാണ്... സമാനഹൃദയരുടെ മനസ്സുകളും ചിലപ്പോൾ ഒരേ വേഗത്തിൽ സഞ്ചരിക്കുമായിരിക്കും.. അവ സങ്കല്പിക്കുന്ന ബിംബങ്ങളും സാമ്യമുള്ളവയായിരിക്കും.. സ്നേഹം പ്രിയപ്പെട്ടവളെ ❤️❤️നിനക്ക് വേണ്ടി ഞാനും എനിക്ക് വേണ്ടി നീയും എഴുതിക്കൊണ്ടേയിരിക്കാം.. ❤️❤️

      Delete
  5. വായിച്ചു. മനോഹരം! തീർച്ചയായും, ഇത്തരം കാഴ്ചകളും, അനുഭവങ്ങളുമാണ് ജ്ഞാനോദയം... !!
    ആശംസകൾ

    ReplyDelete
  6. തങ്കപ്പൻ സർ സ്ഥിരമായി എന്റെ ബ്ലോഗുകളിൽ വരുന്നത് എത്ര സന്തോഷവും പ്രോത്സാഹനവും തരുന്നുണ്ടെന്നോ.. സ്നേഹം ❤️

    ReplyDelete
  7. സൂര്യ..ആദിയും, ദിവ്യയും, രാജേശ്വരിയും ഒക്കെ പറഞ്ഞ കമന്റുകൾ നമ്മുടെ സൗഹൃദത്തിന്റെ പുറത്തുള്ള സ്നേഹപ്രകടനമല്ല കേട്ടോ..നിശ്‌ചലനാകുന്ന നെയ്ത്ത്കാരനും തറിയും മുതൽ (നൂലുകൾ അയഞ്ഞു കീഴോട്ട് ഊർന്നു വീഴുന്നത് ഉൾപ്പെടെ) ഒടുക്കം വരെ സൂര്യ എഴുതിയിടുന്ന ഓരോ കാഴ്ചകളും ഒരു ആന്റി ഗ്രാവിറ്റേഷണൽ ഫീൽഡിൽ വായിക്കുന്നവരെ കൊണ്ട് ചെന്നെത്തിക്കുന്നു.പല കാലങ്ങളിലായി എന്റെ വായനാനു ഭവങ്ങളിൽനിന്ന് ഞാൻ സ്വരുകൂട്ടിയെടുത്ത ഒരു നിധിശേഖരത്തിലേക്ക് വാരാണസിയെ ഒരു ട്രഷറർ ഐലന്റായി എഴുതി തന്നു സൂര്യ.ഒരേ നദിയുടെ രണ്ട് സ്നാന ഘട്ടങ്ങൾ ജീവിതത്തെ ഭോഗിക്കുകയും മരണത്തെ ആഘോഷിക്കുകയും ചെയ്യുന്നവ...ഈ പോസ്റ്റ് മുഴുവൻ സൂര്യയുടെ അസാധ്യ മിഴിവുള്ള
    പ്രതിഭാസമ്പന്നമായ രചനാശൈലിയുടെ
    അടയാളങ്ങളാണ്.ഒരു ബ്ലോഗിടത്തിൽ വായിച്ച പോലെ അല്ല എനിക്ക് ഇത് വായിച്ചപ്പോൾ തോന്നിയത്.എസ്റ്റാബ്ലിഷ്ഡ് ആയ ,പ്രതിഭകൊണ്ടും പ്രായം കൊണ്ടും അനുഭവം കൊണ്ടും അക്ഷരങ്ങളിൽ ജീവനാവേശിപ്പിക്കാൻ ശേഷിയുള്ള ആരുടെയോ കൃതി ആകസ്മികമായി വായിച്ച പോലെ അന്തിച്ചു പോകുന്നു.
    നല്ല അഹങ്കാരമുണ്ട് നിങ്ങളെയൊക്കെ സുഹൃത്തുക്കളായി കിട്ടിയതിൽ.കാരണവൻ കോളാമ്പി സുധിയോട് ഒടുക്കത്തെ ഇഷ്ടവും.

    ReplyDelete
    Replies
    1. ഞാൻ വഴിമരത്തിന്റെ എഴുത്തിലെ മാജിക്കിനെപറ്റി പറഞ്ഞാൽ എടുക്കാത്തതുകൊണ്ടു ഒന്നും പറയുന്നില്ല. സ്നേഹം മാത്രം ❤️

      Delete
  8. നന്നായിരിക്കുന്നു. ആശംസകൾ..

    ReplyDelete
  9. ഇരുത്തം വന്ന എഴുത്തിന്റെ തികവ് ഈ പോസ്റ്റിൽ കാണാം. വിവരണങ്ങളിൽ മുൻപേ കാണിക്കാമായിരുന ശ്രദ്ധ ഇന്നു പാകമൊത്തുകണ്ടു. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. Thanks Raj. ഇപ്പ്രാവശ്യം സമയമെടുത്ത് എഴുതി 👍

      Delete
  10. നമ്മളെത്ര സ്ഥലങ്ങൾ,സ്ഥാപനങ്ങൾ ,ആളുകളെ ഒക്കെ കാണുന്നു, മറക്കുന്നു. ചിലപ്പോൾ മാത്രം അകക്കണ്ണു കൊണ്ട് ചിലത് കാണുന്നു. പക്ഷേ, കണ്ടതെല്ലാം പിന്നീട് അകക്കണ്ണു കൊണ്ടു കാണുകയും കണ്ട അതേ വശ്യ സൗന്ദര്യത്തോടെ വായിച്ച് അനുഭവിച്ചറിയാനാകും വിധം എഴുതിവെയ്ക്കുകയും ചെയ്യാനുള്ള സൂര്യയുടെ കഴിവിന്റെ അടയാളമാണ് ഈ പോസ്റ്റ്. ഈ യാത്ര എഴുതിത്തീരട്ടെ., ചിലതൊക്കെയുണ്ട് ചെയ്യാൻ ....

    ReplyDelete
  11. ഈ കമന്റ്‌ ഒരുപാട് സന്തോഷം നൽകുന്നു സമാന്തരൻ ചേട്ടാ... നിങ്ങളെ പരിചയപ്പെട്ടത് ഒരു സ്വകാര്യ അഹങ്കാരമായി കാണുന്ന ആളാണ്‌ ഞാൻ... മുന്നിൽ നടക്കുന്നവർ പിന്നിലുള്ളവരെ നോക്കി പൊഴിക്കുന്ന പുഞ്ചിരിയുടെ സുഖം ഈ കമന്റിന് ❤️❤️. സ്നേഹം

    ReplyDelete
  12. 'എന്ത് വൈചിത്ര്യമെന്നു നോക്കൂ !
    ഒരേ നദിയുടെ രണ്ടു സ്നാന ഘട്ടങ്ങൾ. ഒന്ന് മരണത്തെ
    ആഘോഷിക്കുമ്പോൾ മറ്റൊന്ന് ജീവിതത്തെ ഭോഗിക്കുന്നു . അപ്പുറത്തു ഗംഗ നിങ്ങളെ മരണത്തിൻ്റെ ലഹരിയിൽ ആറാടിക്കുമ്പോൾ
    ഇപ്പുറത്തു ഗംഗയിൽ മുങ്ങി നിവർന്നു നിങ്ങൾ ജൈവചോദനകളിൽ ഉന്മാദം കൊള്ളുന്നു .
    എൻ്റെ ചിന്തകൾക്ക് കടിഞ്ഞാൺ നഷ്ടപ്പെടുന്നുണ്ടോ ? '

    അതെ ഇങ്ങിനെയാണ് ജ്ഞാനസുന്ദരിമാർ ഉണ്ടാകുന്നത് ..
    യാത്ര തുടരുക 

    ReplyDelete
    Replies
    1. ആറാം ഭാഗത്തും എത്തിയതിനു നന്ദി മുരളിച്ചേട്ടാ 🥰🥰

      Delete
  13. ഇതെവിടെ ചെന്നവസാനിക്കും എന്നാണ് എന്റെ കൗതുകം..
    ഭാംഗ്ഗ് ലസ്സി കുടിച്ചിട്ട് ബോധോദയം വന്നില്ലല്ലോ.. ഭാഗ്യം..😂😂

    ReplyDelete
    Replies
    1. വന്നിരുന്നേൽ ഇതെഴുതേണ്ടി വരില്ലായിരുന്നു. അവിടെത്തന്നെ കൂടിയേനെ 😄😄

      Delete
    2. ഞാൻ പോയാൽ ഉറപ്പായും ഇച്ചിരെയെങ്കിലും ഉദയപ്പെട്ടേനെ.

      (ഈ അടുത്ത നാളിലും ഒരു ഉത്തരേന്ത്യൻ ട്രിപ്പ്‌ നഷ്ടമായി..)

      കടയുടെ അകത്തളങ്ങളിൽ നെയ്ത്തുശാല ഉണ്ടായിരിക്കും എന്ന് അറിവുണ്ടായിരുന്നു.ഇവിടുത്തെ എഴുത്തിന്റെ ശക്തികൊണ്ട് ആ വൃദ്ധൻ ഇനി മനസ്സിൽ നിന്നും പോകുവോ ആവോ? !!? !? !😢 😳 😳 😳

      Delete