പ്രൊമിത്യുസിനൊരു പ്രണയി...




നിന്നെയറിയാം...
ആ ചങ്ങലക്കിട്ട കൈകളും...
നൊമ്പരം സഹിയാതെ ബോധമറ്റു ഞരങ്ങുന്ന പ്രജ്ഞയും...
രക്തത്തിൻ
വഴുവഴുപ്പാർന്നൊരോമൽ ഉടലും
പകയുടെ കൂർത്ത കഴുകൻ കാലുകളിൽ കൊരുത്തോരാ  കുടൽ മാലയും..
പ്രിയ പ്രൊമിത്യുസ്,
നിന്നെയെനിക്കറിയാം...

ചുവപ്പ് ചോരുന്നോരാ വിളർത്ത മേനിയെ,
മിടിക്കും ഹൃദയത്തോടിറുക്കെ-
പ്പുൽകട്ടെയിവൾ..

അസ്ഥി തുളക്കും വേദന കടിച്ചമർത്തി
കറുപ്പു പടർന്നു വിറക്കും ചുണ്ടിലീ വരണ്ട ചുണ്ടാഴ്ത്തിയൊരു
വിശുദ്ധ ചുംബനം പകർത്തി വെക്കട്ടെ...

നീ ജ്വലിപ്പിച്ചുണർത്തിയോരഗ്നിയിൽ സ്ഫുടം ചെയ്ത കനക ഖഡ്ഗത്താലെൻ
കരൾ പകുത്തു
വിശന്നാർക്കും കഴുകന്നു കൊടുക്കട്ടെ കൊതി തീരെ ഭുജിക്കുവാൻ...

അറിയാതെയെന്നോ പ്രണയിച്ചു പോയി ഞാൻ ...
കരൾ കൊത്തിവലിക്കുമാ ശവംതീനികഴുക്കൾക്കായ്,
പിന്നെയും പിന്നെയും കരൾ വളർത്തുമാ നിന്നെ!
നിന്നിലെ എന്നെ!

പ്രിയ തോഴാ,
ഒരുവേളയീ മരണത്തിൻ പടിവാതിലിനരികെ  നീയെന്നെയൊന്നാഞ്ഞു  പുണർന്നെങ്കിൽ...
കൈകളിലിനിയും കെടാതെ കാത്തു  വെച്ചൊരാ കനലിൻ തിളക്കത്തിലെന്നെ ഞാൻ കണ്ടെങ്കിൽ...
നമ്മുടെ കരളുകൾ കൊരുത്തൊരു  കടലായെങ്കിൽ...
ആ കടലിൽ നിന്നുയരും കൊടുങ്കാറ്റി-
ലൊരു  മിന്നൽ പിണരിൽ നിൻ  ചങ്ങലകളുടഞ്ഞെങ്കിൽ...
കഴുക്കളെക്കഴുമരമേറ്റി
 നീ ഉയിർത്തെങ്കിൽ..
വിശ്വമിനിയുമൊരു വിപ്ലവജ്വാലയിൽ ജ്വലിച്ചെങ്കിൽ...
തമസ്സിൻ തിരശീല വെന്തു വെണ്ണീറായ് മറഞ്ഞെങ്കിൽ...
മനുഷ്യനുണർന്നെങ്കിൽ....















27 comments:

  1. മനോഹരം സൂര്യ..വായിച്ച കാലത്തെ ഉള്ളിലൊരു വിങ്ങലായിരുന്നു പ്രോമിത്യുസ്. സാഡിസ്റ്റുകളായ ഗ്രീക്ക് ദൈവങ്ങളെ ധിക്കരിച്ചു നിരാലംബരായ മനുഷ്യ ജീവികൾക്കായി അഗ്നിയുടെ വരം നൽകിയ,അപര സ്നേഹം കൈമുതലാക്കിയ വിശുദ്ധ ദേവൻ.ഒരുപാട് ആകർഷിച്ച കഥാപാത്രമാണ്. പക്ഷെ പ്രണയത്തിന്റെ കോണിലൂടെ കണ്ടിട്ടില്ല. കവിത വായിച്ചപ്പോൾ തോന്നുന്നു, എന്തുകൊണ്ടും ഹൃദയമുള്ളൊരു സ്ത്രീയുടെ പ്രണയത്തിനു അർഹനാണ് അദ്ദേഹമെന്ന്..☺️❤️

    ReplyDelete
    Replies
    1. ഞാനയാളെ കൗമാരം മുതലേ പ്രണയിക്കുന്നുണ്ട്... രഹസ്യ കാമുകി 😆

      Delete
  2. വളരെ മികച്ച ആശയം. തീക്ഷ്ണമായ വാക്കുകൾ.

    //വിശ്വമിനിയുമൊരു വിപ്ലവജ്വാലയിൽ ജ്വലിച്ചെങ്കിൽ...
    തമസ്സിൻ തിരശീല വെന്തു വെണ്ണീറായ് മറഞ്ഞെങ്കിൽ...//
    അതിനപ്പുറം മികച്ച ഒരു പ്രാർഥനയില്ലല്ലോ

    ReplyDelete
    Replies
    1. നന്ദി രാജ്. ആ പ്രാർത്ഥനയിലാവട്ടെ എല്ലാ സ്നേഹവും പിറക്കുന്നത്.

      Delete
  3. നല്ല ബിംബത്തെയാണ് സൂര്യാ എടുത്തത്. നല്ല കവിതയും ആണ്. സത്യം പറയട്ടെ ഒരു ഉണ്ടാക്കി എഴുത്ത് ഫീൽ ചെയ്തു. സൂര്യയുടെ ഹൃദയത്തിൽ നിന്നെഴുത്തുമ്പോൾ ഉള്ള റിഥം, ഒഴുക്ക്, അസാധ്യ ഭംഗി ഇതിനില്ലാന്ന് തോന്നി. സൂര്യാ എഴുതുന്ന ചിലത്‌ മനുഷ്യനെ ലഹരി പിടിപ്പിക്കുന്നതാണ്. എന്തോ ഇതിന് അത് ഫീൽ ചെയ്തില്ല.

    ReplyDelete
    Replies
    1. ആദ്യമായാണ് അനുഭവത്തിന്റെ വെളിച്ചത്തിലല്ലാത്തൊരു കവിത പിറക്കുന്നത്
      അതിന്റെയാവും ചേച്ചി. സങ്കൽപ്പങ്ങൾക്ക് ജീവൻ കൊടുക്കാൻ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് തോന്നുന്നു. സ്നേഹം ❤️

      Delete
  4. ചുവപ്പ് ചോരുന്നോരാ വിളർത്ത മേനിയെ,
    മിടിക്കും ഹൃദയത്തോടിറുക്കെ പുൽകട്ടെ ഞാൻ....ഗൗരിച്ചേചി പറഞ്ഞത് ശരിയാണ് ട്ടാ സൂര്യ .
    ഒരോ വരിയിൽനിന്നും കവിതകളുയിർക്കുന്ന ആ പതിവ് സൂര്യ ശൈലി മിസ്സിങ് ആണ് ഇതിൽ.എന്നാലും കട്ട ഇഷ്ടം- കവിതപ്രാന്തൻ വക ഒരു പ്രാന്തൻ സലാം

    ReplyDelete
    Replies
    1. ഞാൻ പ്രണയത്തിൽ മുങ്ങികുളിച്ചിട്ടില്ലാത്തവളാണ് വിച്ചേട്ടാ... അകലെ നിന്നൊന്ന് നോക്കി വിറയോടെ വേദനയോടെ പിൻവാങ്ങിയവൾ.. അതുകൊണ്ട് അതിലലിഞ്ഞെഴുതാൻ എനിക്കാവില്ല... ഒരിക്കലെങ്കിലും എന്റെ പ്രൊമിത്യുസ് ഉണർന്നിരുന്നെങ്കിലെന്നു മാത്രമൊരു പ്രാർത്ഥന ❤️

      Delete
    2. പക്ഷെ എന്തൊക്കെ പറഞ്ഞാലും കവിത ലോക പ്രജയമായിപ്പോയി എന്നാണ് എന്റെ ഒരു ഇത്. ഇതിൽ എനിക്ക് യാതൊരു ഇതും കാണാൻ കഴിഞ്ഞില്ല.പല വാക്കുകൾക്കും ഒരു ഇത് ഇല്ല. ചെ...കഷ്ടം കഷ്ടം

      Delete
    3. 😜😜😜😜കാറ്റു വീശുന്ന ദിശ... എന്നെക്കൊണ്ട് അടുത്ത സാഹിത്യ അക്കാദമി അവാർഡ് വാങ്ങിപ്പിച്ചേ അടങ്ങൂല്ലേ 😆😆😆

      Delete
  5. നല്ല എഴുത്ത്. പക്ഷെ സൂര്യയുടെ മറ്റു എഴുതുകളിലുള്ള ഒരു മാജിക്‌ ഈ എഴുത്തിൽ കണ്ടില്ല...
    ഇഷ്ടം
    ആശംസകൾ...

    ReplyDelete
    Replies
    1. Thanks ആദി... മാജിക്‌ വന്നില്ല.. എന്തുകൊണ്ടോ

      Delete
  6. ഒന്നൂടെ കുറുക്കിയാൽ ഗംഭീരം ആകും <3

    ReplyDelete
  7. 'പ്രൊമിത്യൂസിനൊരു മുത്തം'
    ഉജ്ജ്വലമായി!
    ആശംസകൾ

    ReplyDelete
    Replies
    1. Thank you തങ്കപ്പൻ സർ...

      Delete
  8. കൈകളിലിനിയും കെടാതെ കാത്തു വെച്ചൊരാ കനലിൻ തിളക്കത്തിലെന്നെ ഞാൻ കണ്ടെങ്കിൽ...

    വരികൾ എല്ലാം കേമമാണ് !!!
    വളരെ വളരെ തീഷ്ണം ..!!
    മുകളിലെ അഭിപ്രായങ്ങളും വായിച്ചു ... എനിക്ക് തോന്നിയത് മൊത്തം വായിക്കുമ്പോൾ പ്രണയത്തിന്റെ ഒരു സൗന്ദര്യം അല്ല അവിടെ മുഴച്ചു നില്കുന്നത്... പ്രോമിത്യുസിന്റെ ചങ്ങലക്കിട്ട, ചോരയൊലിക്കുന്ന ആ രൂപം ആണെന്നാണ്. ചിലപ്പോൾ അതുകൊണ്ടായിരിക്കും സൂര്യയുടെ എഴുത്തിലെ ആ ലഹരി തെളിയാതിരുന്നത്.!!

    ReplyDelete
    Replies
    1. ഇതിന്റെ മറുപടി അപ്പറത്തു തന്നിട്ടുണ്ട്ട്ടോ 😆ടൈപ്പാൻ മടി 🤭

      Delete
  9. കവിത കുഴപ്പമില്ല.. പക്ഷെ പലയിടത്തും ചെറിയൊരു ഇഴച്ചിലോ, ഒരു ഏച്ചുകെട്ടലോ ഒക്കെ അനുഭവപ്പെടുന്നു..

    ReplyDelete
    Replies
    1. ഞാനും ശ്രദ്ധിക്കാതിരുന്നില്ല... അനർഗള നിർഗളം അല്ലല്ലേ...

      Delete
  10. നന്നായി എഴുതി. നല്ല പ്രാസഭംഗിയുള്ള വരികൾ

    ReplyDelete
  11. കവിത നന്നായി.
    വായിച്ചു തീരുമ്പോൾ ഒരു കൺഫൂഷൻ- എന്താണ് വേണ്ടതെന്ന്? എന്തിനെന്നും.
    മാനവരാശി എന്നും പറയുന്നുണ്ട്.

    ReplyDelete
  12. Twin soul എന്ന ഒരു concept ഉണ്ട്. ഒരാൾ അയാളുടെ നല്ല പാതിയെ കണ്ടെത്തികഴിഞ്ഞാൽ life purpose പൂർണമാക്കാൻ അയാൾ തന്റെ കഴിവുകളുടെ പരകോടിയിലെത്തും എന്നൊരു സങ്കല്പം. പ്രൊമിത്യുസ് തന്റെ ആത്മാവിന്റെ പാതിയെ കണ്ടെത്തിക്കഴിഞ്ഞാൽ മാനവരാശിയുടെ ഇരുണ്ട പാർശ്വങ്ങളിൽ വിപ്ലവജ്വാലകൾ ജ്വലിപ്പിക്കുകയാവും ചെയ്യുക എന്ന് വ്യംഗ്യം

    ReplyDelete
  13. പ്രിയ തോഴനോട് ഉള്ളു പൊള്ളി പറഞ്ഞു പോയ പ്രതീക്ഷകളുണ്ടല്ലോ , അതിലെ തീയിലാണ് എന്റെ പ്രതീക്ഷകളത്രയും

    ReplyDelete
    Replies
    1. നമുക്ക് പ്രതീക്ഷിക്കാം സമാന്തരൻ ചേട്ടാ.. പ്രതീക്ഷകളിൽ ജീവിക്കുന്നവരാണല്ലോ നമ്മൾ മനുഷ്യർ ❤️സ്നേഹം

      Delete
  14. പ്രൊമിത്യുസിന് മാത്രമല്ല
    ആരാധനയോടെ എല്ലാം വീരനായകർക്കും
    വേണ്ടി അവസാനം വരെ പാടുന്ന അനേകം
    പ്രണയിനിമാർ ഉണ്ടാകാറുണ്ട്

    ReplyDelete