കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കൈ വീശി യാത്ര പറഞ്ഞ് ഞാൻ അയാൾക്ക് പിന്നാലെ നടന്നു. ഞങ്ങൾ ഘാട്ടിലൂടെ തന്നെ വടക്കോട്ടു നടക്കുകയാണിപ്പോൾ. അതായത് എരിയുന്ന ചിതകൾക്കിടയിലൂടെ പടവുകൾ കയറിയും ഇറങ്ങിയും മുന്നോട്ട്. വീണ്ടും മുന്നോട്ട് നടന്നപ്പോൾ ചിതകൾക്കുള്ള വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. വിറകിനും ചാരത്തിനുമിടയിലൂടെ തട്ടിയും തടഞ്ഞും ഞാൻ സന്തോഷിനൊപ്പമെത്താൻ പാടുപെടുന്നുണ്ട്. പിന്നീട് വഴി കാണാത്തതിനാൽ നദിക്കടുത്തേക്കിറങ്ങി അടുപ്പിച്ചു കെട്ടിയിട്ടിരിക്കുന്ന രണ്ടുമൂന്നു തോണികൾക്കു മുകളിലൂടെ അയാൾ അനായാസം ഒരു ജിംനാസ്റ്റിക് അഭ്യാസിയെപ്പോലെ വലിഞ്ഞുകയറിയും ചാടിയും മുന്നോട്ടു പോയി. തോണികൾക്കു മീതെ ബാലൻസ് ചെയ്തു നടക്കാൻ വേമ്പനാട്ടുകായലിന്റെ നാട്ടിൽ നിന്നും വരുന്ന എനിക്കുമറിയാം. പിന്നീട് ഞങ്ങൾ താരതമ്യേന വൃത്തിയുള്ള ഒരു മണ്ഡപത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. അവിടെനിന്നും കുറച്ചുകൂടി മുന്നോട്ട് നടന്ന് കെട്ടിയുയർത്തിയ ഒരു പ്ലാറ്റ്ഫോമിന് മുകളിൽക്കയറി അപ്പുറത്തേക്ക് ചൂണ്ടിക്കൊണ്ട് സന്തോഷ് എന്നെ വിളിച്ചു. "ദേഖിയെ മാഡം ജീ, യെ ഹേ മാത്രിരിൺ മന്ദിർ യാ രത്നേശ്വർ മഹാദേവ് മന്ദിർ '. ഓടിക്കൊണ്ടെന്നവണ്ണം ആകാംക്ഷയോടെ അങ്ങോട്ട് വന്ന് എത്തിനോക്കിയ ഞാൻ കണ്ടത് ഒരനിർവ്വചനീയ സൃഷ്ടിയാണ്. തനതായ മറാഠ മാതൃകയിൽ നഗരശിഖരത്തോടുകൂടി ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഒരു ശില്പവിസ്മയം. അത് മറ്റുക്ഷേത്രങ്ങളെപ്പോലെയല്ല. ഗംഗയുടെ കരയിൽ ഏറ്റവും താഴ്ന്ന വിതാനത്തിലുള്ള ഒന്നാണ്. അതിന്റെ മണ്ഡപവും ഗർഭഗൃഹവും ശില്പചാതുര്യത്തിന്റെ മൂർത്തീ ഭാവമെങ്കിലും അവയിൽ നദിയൊഴുക്കിക്കൊണ്ടുവന്ന മണ്ണും ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. നിർമിതിയിൽ വന്ന പിഴവുകൊണ്ടോ, ഭൂപ്രകൃതിയിൽ വന്ന മാറ്റംകൊണ്ടോ എന്താണെന്നറിയില്ല ചെളി ഊറിക്കൂടിയ ഉറപ്പില്ലാത്ത ഭൂമിയിലേക്ക് ചരിഞ്ഞമർന്ന് പിസയിലെ ചരിഞ്ഞ ഗോപുരം പോലെയാണ് അത് സ്ഥിതിചെയ്യുന്നത്. ഞങ്ങൾ നിൽക്കുന്ന ഭാഗത്തുനിന്നും നോക്കിയാൽ വടക്കുകിഴക്കോട്ടുള്ള അതിന്റെ ചരിവ് വ്യക്തമായിക്കാണാം. അതിനപ്പുറത്ത് സിന്ധ്യ ഘാട്ട് ആണ്.അവിടുന്ന് നിർമ്മിച്ചിരിക്കുന്ന മനോഹരമായ പടവുകൾ ഇറങ്ങി വേണം ക്ഷേത്രത്തിനടുത്തേക്കു പോകാൻ. അതിന്റെ ഗർഭഗൃഹം വർഷത്തിലധികസമയവും ജലവിതാനത്തിനടിയിലായിരിക്കുമെന്ന് അറിയാത്തതുകൊണ്ടാവില്ലല്ലോ ആ ശില്പി മഹാശയൻ അതങ്ങിനെ സൃഷ്ടിച്ചിട്ടുണ്ടാവുക! ഹൈമവതഭൂവിന്റെ കുളിരേറ്റിയെത്തുന്ന ഗംഗാജലത്തിൽ കഴുത്തൊപ്പം മുങ്ങി ധ്യാനനിരതനായിരിക്കുന്ന മുക്കണ്ണനെയാവും അദ്ദേഹമത് നിർമ്മിച്ചപ്പോൾ സങ്കല്പിച്ചിട്ടുണ്ടാവുക എന്നു ഞാൻ നിനച്ചു. ചില സമയങ്ങളിൽ ജലനിരപ്പ് ക്ഷേത്രഗോപുരശിഖരം വരെ ഉയരാറുണ്ട് എന്ന് സന്തോഷ് പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ ഭാഗ്യവതി തന്നെ. എന്റെ സന്ദർശനം വേനലിന്റെ മധ്യത്തിലായതിനാൽ ക്ഷേത്രം അതിന്റെ പൂർണ്ണ രൂപത്തിൽ തന്നെ ഞാൻ ദർശിച്ചു.
അനേകം യാത്രികർ ക്യാമറയിലോ ക്യാൻവാസിലോ പകർത്തിയിരിക്കാവുന്ന വശ്യ ശിൽപം. ഞാൻ എന്റെ വാരാണസി യാത്രയിൽ പകർത്തിയ ചിത്രങ്ങളത്രയും ചില മരണപ്പാച്ചിലുകൾക്കിടയിൽ നഷ്ടമായി. ഇപ്പോൾ ഇതെഴുതുമ്പോൾ കാല പ്രവാഹത്തിലെങ്ങോ ഒരുനാൾ ഗംഗയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്താൻ പോകുന്ന ഈ മനോഹര മന്ദിരത്തിന്റെ ചിത്രമെങ്കിലും എന്റടുക്കൽ ശേഷിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു.
മന്ദിരത്തിന്റെ നിഗൂഢമായ ആ ചരിഞ്ഞു നിൽപ്പിനു പിന്നിലെ കഥയെന്തെന്ന് ഞാൻ സന്തോഷിനോട് ചോദിച്ചു. അത് ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് രാജാ മാൻസിംഗ് എന്ന രാജാവ് പണികഴിപ്പിച്ചതാണ്. തന്റെ അമ്മ രത്നാഭായിയോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്താനാണ് താൻ ഈ മനോഹര ക്ഷേത്രം പണികഴിപ്പിച്ചതെന്ന് രാജാവ് പിന്നീട് എല്ലാവരോടും വീമ്പു പറഞ്ഞത്രേ. മാതാവിനോടുള്ള കടപ്പാട് ഒരു ക്ഷേത്രം പണികഴിപ്പിച്ചു വീട്ടുവാൻ സാധിക്കുന്നതല്ലെന്നു രത്നാഭായിയും പറഞ്ഞു. അവരുടെ ശാപം നിമിത്തമാണത്രെ അത് പിന്നീട് ചരിഞ്ഞു തുടങ്ങിയത്!അതിനാൽ അതിനെ 'മാതൃ-ഋൺ' എന്നത് ചുരുക്കി അവിടുത്തുകാർ 'മാത്രിരിൺ മന്ദിർ' എന്ന് വിളിക്കുന്നു.
ഭാരതവർഷത്തിന്റെ സന്തതികളത്രയും പുരാണേതിഹാസങ്ങൾ മുതലിങ്ങോട്ട് കടങ്ങളിലും കടപ്പാടുകളിലും പെട്ടുഴലുന്നവരാണല്ലോ. കർമ്മ ബന്ധങ്ങളുടെ, ധർമ്മാധർമ്മങ്ങളുടെ ഭാരം സഹിയാതെ എത്രയെത്ര ഹൃദയക്ഷേത്രങ്ങൾ ഇവിടുത്തെ വിശ്വാസങ്ങളുടെ ചതുപ്പിൽ പൂണ്ടുപോയിരിക്കുന്നു! മുൻകാലങ്ങളിൽ സതി അനുഷ്ഠിക്കുന്നതിനായി ചിലർ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നു എന്നും സന്തോഷ് എന്നോടു പറഞ്ഞു. വെളുത്ത ഉടയാടകൾക്കു തീപിടിച്ച്, അലറിക്കരഞ്ഞുബോധമറ്റ്, വേവുന്ന മാംസപിണ്ഡമായി ഗംഗയിൽ അഭയം പ്രാപിക്കാൻ ആ ശില്പമണ്ഡപത്തിൽനിന്നിറങ്ങിയോടുന്ന സ്വപ്നങ്ങളൊടുങ്ങിയിട്ടില്ലാത്ത ഒരു സ്ത്രീരൂപം ഞാനൊരു ഞെട്ടലോടെ ഓർത്തു. എനിക്കു തീ പിടിക്കുംപോലെ... അപ്പോഴേക്കും സന്തോഷ് വാച്ചിൽ നോക്കി തിരിച്ചു നടക്കാൻ ആരംഭിച്ചിരുന്നു..
(തുടരും...)
NB: ഞാനെടുത്ത ചിത്രങ്ങൾ നഷ്ടപ്പെട്ടു പോയതുകൊണ്ട് വായിക്കുന്നവർക്ക് ക്ഷേത്രത്തിന്റെ ഭംഗി ആസ്വദിക്കാൻ കടം കൊണ്ട ഈ ചിത്രം ഇവിടെ ഇടുന്നു
PC:speakingtree