പിറ്റേന്ന് ലഘുദിയാർ സന്ദർശിക്കുമ്പോൾ തന്റെ പെൺകുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നൃത്തം ചെയ്യുന്നവരുടെ രേഖാചിത്രങ്ങളായിരുന്നു. ഇരുപത്തിയെട്ടും മുപ്പത്തിനാലും പേരുടെ സംഘങ്ങളായി അപ്പുറവും ഇപ്പുറവും ചിത്രീകരിച്ചിരിക്കുന്നത്. തീക്കുണ്ഠത്തിനു ചുറ്റും നിന്ന് ചുവടുകൾ വയ്ക്കുന്ന ഒരു ചെറു ഗോത്രത്തെയാവും അവൾ സങ്കൽപ്പിച്ചിട്ടുണ്ടാവുക എന്നയാൾക്കറിയാം. ചില ചിത്രങ്ങളിൽ ഗ്രാമീണത പ്രതിഫലിക്കുന്നുണ്ട്. അവയിൽ ചിലതിൽ ആ മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെ അവ്യക്ത രേഖകളുണ്ട്. അവർ ഇണക്കി വളർത്തിയിരുന്ന ചില മൃഗങ്ങളുടെയും. അധികവും ചുവപ്പും കറുപ്പും നിറങ്ങളിൽ. കുട്ടികൾ മതിവരുവോളം അവയെല്ലാം ക്യാമറയിൽ പകർത്തുന്നു. മധ്യപ്രദേശിലെ 750 ശിലാ ഗൃഹങ്ങൾ ഉൾപ്പെടുന്ന ഭീംബേത്ക ഗുഹാ സമുച്ചയം ഇവയിൽനിന്നും എത്രമാത്രം വ്യത്യാസപെട്ടിരിക്കുന്നു എന്ന് ഹേമ അവർക്ക് ഒരു ചെറിയ വിവരണം നൽകിക്കൊണ്ടിരിക്കുന്നു. നായാടികളായ ഗോത്രങ്ങളുടേത് കൂടാതെ കാർഷിക വൃത്തിയുടെയും അധ്യാത്മികാന്വേഷണങ്ങളുടെയും ബിംബങ്ങൾ അവയിൽ കൂടുതൽ കാണാനാവുമെന്ന് അവർ പറഞ്ഞു.
ദൂരെ മാറി എഴുന്നുനിൽക്കുന്ന ഒരു വലിയ പരന്ന കല്ലിൽ പൈൻ മരക്കാടുകൾക്ക് നേരെ പുറം തിരിഞ്ഞു അലസനായി ഇരിക്കുകയായിരുന്നു ദേവൻ. അയാൾ ചിത്രങ്ങളിലൂടെ ചരിത്രാതീതത്തിലേക്ക് സഞ്ചരിക്കുകയായിരുന്നില്ല ചെയ്തത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ താൻ പോലുമറിയാതെ തന്നിൽ നടന്ന ചില പരിവർത്തനങ്ങളെ അസ്വസ്ഥതയോടെ വീക്ഷിക്കുകയായിരുന്നു. കാലം പുതപ്പിച്ച മണ്പാളികൾക്കടിയിൽ ഉറക്കമായിരുന്ന തന്റെ ഹൃദയത്തെ രണ്ടു മാന്ത്രികക്കണ്ണുകൾ പുറത്തെടുത്തിരിക്കുന്നു. തനിക്ക് വേദനിക്കുന്നു. ആ കണ്ണുകളുടെ ഉടമയായവളോട് ഒരേ സമയം അയാൾക്ക് വെറുപ്പും അസൂയയും തോന്നി. സത്യത്തിൽ അവൾ ചെയ്യുന്നതെന്ത്?ഉത്ഖനനം ചെയ്തു പുറത്തെടുത്ത തന്റെ വേദനകളെ എല്ലാ ചരിത്രാന്വേഷകരും ചെയ്യുന്നത് പോലെ നിരത്തി വെച്ച് പഠിക്കുകയാണോ. ഒന്നിൽ നിന്ന് അടുത്തതിലേക്കുള്ള അവ്യക്തമായ കണ്ണികൾ ഏതെന്ന് അന്വേഷിക്കുകയാണോ? ഏതോ മായാവിനിയുടെ കരവലയത്തിൽ പെട്ട് വേദനകളും സുന്ദരമെന്ന് കരുതി താൻ പോകുന്നത് എങ്ങോട്ടാണ്? ചിന്തകളിൽ നിന്നുണർന്നപ്പോൾ തനിക്കരികിലിരുപ്പുണ്ട് ചുരുണ്ട മുടിക്കൂടിനുള്ളിലെ വെളുത്തു മെല്ലിച്ച മുഖം. അതിൽ തിളങ്ങുന്ന മാന്ത്രികക്കണ്ണുകൾ.
നൃത്തം ചെയ്യുന്നവരുടെ ചിത്രങ്ങളെപ്പറ്റി എന്തോ ചോദിക്കാനാഞ്ഞ അവളെ തടസപ്പെടുത്തി അയാൾ അരിശത്തോടെ അല്പം ശബ്ദമുയർത്തി പറഞ്ഞു. "Ms. Tamog, its time to tell me something about you!"
അയാളുടെ പ്രതികരണത്തിൽ ആശ്ചര്യമൊന്നും കാണിക്കാതെ അവൾ ശാന്തമായി മറുപടി പറഞ്ഞു. "ഞാനൊരു കഥ പറയാം ദേവ്. നിങ്ങൾ കേൾക്കൂ"
" മറവിയും മരണവുമില്ലാത്ത ഒരേകാന്ത ദ്വീപിൽ മുറിവുകൾ ചുംബിച്ചു സുഖപ്പെടുത്തുന്ന ഒരു മന്ത്രവാദിനി പാർത്തു പോന്നു. പേരറിയാത്ത നാടുകളിൽ നിന്നും മുറിവേറ്റ മനുഷ്യർ വഞ്ചിയിലേറി അവളെ തിരഞ്ഞു വന്നു. അവരുടെ പാതിയറ്റ ഉടലുകൾ അവർപോലുമറിയാതെ തന്റെ നേർത്തു മിനുത്ത ചുണ്ടുകൾ കൊണ്ട് അവൾ ചുംബിച്ചു സുഖപ്പെടുത്തി. മറ്റു ചിലർ ഹൃദയങ്ങളിൽ മുറിവുമായി വന്നു. അവരെ അവൾ തന്റെ ഹൃദയം കൊണ്ട് ചുംബിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. ഇനിയും ചിലർ ആത്മാവിൽ മുറിവുകളുമായി വന്നു. അവരെ അവൾ തന്റെ ആത്മാവിന്റെ പാതി കൊണ്ട് ചുംബിക്കുകയും വെളുത്ത ആകാശത്തിലേക്കു ശാന്തിയുടെ ചിറകേറ്റി പറത്തി വിടുകയും ചെയ്തു. മനുഷ്യർ വന്നു കൊണ്ടേയിരുന്നു.. കൈകാൽ മുറിഞ്ഞവർ, ഹൃദയം നുറുങ്ങിയവർ.. ശരീരത്തിനും ആത്മാവിനും പൊള്ളലേറ്റവർ, സർപ്പദംശനമേറ്റ് രക്തത്തിലും തലച്ചോറിലും വിഷം പേറുന്നവർ.. അങ്ങനെയങ്ങിനെ.
അവൾക്ക് മുറിവുകളെ സുഖപ്പെടുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. മുറിവുകളുടെ ഓർമ്മകളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്തെന്നാൽ അവളുടെ ദ്വീപിൽ മറവിയുണ്ടായിരുന്നില്ല. ഓർമ്മകളിൽ നിന്ന് നിത്യമോക്ഷം പ്രാപിക്കാൻ ആഗ്രഹിച്ചവരെ മരണവും കനിഞ്ഞില്ല. അതിനാൽ അവളൊരു നല്ല ഭിഷഗ്വരയല്ലെന്ന് കല്പിച്ച്, സുഖപ്പെട്ട മനുഷ്യർ മറവിയും മരണവും അനുഗ്രഹിച്ച അവരവരുടെ ദേശങ്ങളിലേക്ക് തിരിച്ചു പോയി. അപ്പോളവൾ മുറിവുകൾ സുഖപ്പെടുത്തുന്നവൾ മാത്രമല്ല, അനേകം മനുഷ്യർ ഉപേക്ഷിച്ചുപോയ മുറിവുകളുടെ ഓർമ്മകൾ പേറുന്നവൾ കൂടിയായിമായിമാറിക്കഴിഞ്ഞിരുന്നു. "
അവളിപ്പോൾ സുയാലിന്റെ കരയിൽ ആദിമ മനുഷ്യന്റെ ഗുഹാ ചിത്രങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. അവളുടെ മുന്നിൽ മുറിവേറ്റ ഒരു ചരിത്രകാരൻ ദൂരെ പൈൻ മരക്കാടുകളിലേക്ക് നോക്കി വേദനയിൽ വിളർത്ത് ഇരിപ്പുണ്ട്.മുറിവുകളുടെ ഓർമ്മകൾ എല്ലാവരിലും ഉണ്ട് ദേവ്.. നിങ്ങളിൽ മാത്രമല്ല" എന്നിട്ട് മരമണികൾ കിലുങ്ങുന്നത് പോലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു. പറയൂ ദേവ്... നിങ്ങൾക്കിപ്പോൾ എന്നെ ചുംബിക്കണമെന്ന് തോന്നുന്നില്ലേ? ".
താനതു കേട്ടതേയില്ലെന്നു സങ്കൽപ്പിക്കാൻ അയാൾ ആഗ്രഹിച്ചു. സുയാലിന്റെ ഏതോ കൈവഴിയുടെ ഇരമ്പം പൈൻ മരക്കാടുകളുടെ നിശബ്ദതയിലൂടെ ഒഴുകിയെത്തുന്നത് മാത്രമേ താനിപ്പോൾ കേൾക്കൂ. എന്തുകൊണ്ടോ അയാൾക്ക് താൻ കഴിഞ്ഞ ദിവസം കണ്ട ദുസ്വപ്നം ഓർമ്മ വന്നു. കലങ്ങി മറിഞ്ഞൊഴുകുന്ന നദി. പ്രളയം. ഇടിഞ്ഞു തൂർന്ന മണ്ണിൽ നിന്നും ഉയർന്നു നിൽക്കുന്ന ഒരു മെലിഞ്ഞ കൈ. അയാൾ അവൾക്ക് മുഖം കൊടുക്കാതെ എഴുന്നേറ്റ് ഹേമക്കരികിലേക്ക് നടന്നു.
(തുടരും...)
മുറിവേറ്റൊരു ഹൃദയത്തെ ഒളിപ്പിച്ച് പാറകെട്ടുകൾ കൊണ്ട് ഒരു വലയം തീർത്തു വെച്ച ചരിത്രകാരനെ മന്ത്രവാദിനി മഞ്ഞുകണങ്ങൾ നിറഞ്ഞൊരു കുഞ്ഞരുവിയായി പൊതിഞ്ഞു.. ആ ഒഴുക്കിൽ ആ പാറ ക്കെട്ടതാ ഒരു നനഞ്ഞീറനായ അപ്പൂപ്പൻ താടിയായിരിക്കുന്നു.
ReplyDeleteആഹാ ബുദ്ധിയുടെ ചട്ടക്കൂട്ടിൽ നിന്നും അയാളെന്നാണ് ആ മന്ത്രവാദിനിയുടെ മെലിഞ്ഞ കൈകളിലേക്ക് സ്വയം മറന്നു വീഴുക
സത്യം. ഹൃദയത്തിനു ചുറ്റും പാറക്കല്ലുകൾ കൊണ്ട് കോട്ട കെട്ടിവച്ചിരിക്കുന്ന മനുഷ്യൻ.. എനിക്ക് അയാളോട് അരിശം തോന്നുന്നു 😏.. ഇത്രയും മനോഹരമായ കമന്റ് ഇട്ടതിനു നിങ്ങൾക്കൊരുമ്മയും 😘😘😘
ReplyDeleteസൂര്യ. എത്രഗംഭീരമായൊരു കഥാദേശത്തേക്കാണ് വാക്കുകളിൽ വഴിയറിഞ്ഞ് വായിക്കുന്നവർ എത്തിചേരുന്നത് 👌👌👌👌. മഞ്ഞു പൊതിഞ്ഞ താഴ് വാരങ്ങളിലേക്ക് നോക്കി പുറം തിരിഞ്ഞു നിൽക്കുന്ന ദേവ് നെ യൊക്കെ വീശിഷ്ടമായൊരു പെയിന്റിംഗ് എന്ന പോലെ ഉൾക്കണ്ണിൽ കാണാനാവുന്നുണ്ട്. ഇയ്യ് ഒരു ചിത്രകാരിയായതുകൊണ്ടാണ് വാക്കുകളിൽ ഇത്ര വർണ്ണങ്ങൾ ചേരുന്നത് ❤️❤️❤️❤️❤️👌👌👌👌👌
ReplyDeleteഎനിക്ക് കാല്പനികം മാത്രമേ വഴങ്ങൂ എന്നൊരു imposter syndrom ണ്ട്. അതിന് ഞാൻ കഴിക്കുന്ന മരുന്നാണ് ഹേ നിങ്ങളുടെ കമന്റ് 😂😂
Deleteഎല്ലാ കഥകളിലും ചില ഭാഗങ്ങളുണ്ടാവും, ബാക്കി അങ്ങോട്ടേക്ക് വായിക്കാൻ സമ്മതിക്കാതെ ഉടക്കി നിൽക്കുന്നവ... വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നവ.. അതുപോലൊന്ന്.. ആണിത്..... 'അവൾക്ക് മുറിവുകളെ സുഖപ്പെടുത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. മുറിവുകളുടെ ഓർമ്മകളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്തെന്നാൽ അവളുടെ ദ്വീപിൽ മറവിയുണ്ടായിരുന്നില്ല. ഓർമ്മകളിൽ നിന്ന് നിത്യമോക്ഷം പ്രാപിക്കാൻ ആഗ്രഹിച്ചവരെ മരണവും കനിഞ്ഞില്ല. അതിനാൽ അവളൊരു നല്ല ഭിഷഗ്വരയല്ലെന്ന് കല്പിച്ച്, സുഖപ്പെട്ട മനുഷ്യർ മറവിയും മരണവും അനുഗ്രഹിച്ച അവരവരുടെ ദേശങ്ങളിലേക്ക് തിരിച്ചു പോയി. അപ്പോളവൾ മുറിവുകൾ സുഖപ്പെടുത്തുന്നവൾ മാത്രമല്ല, അനേകം മനുഷ്യർ ഉപേക്ഷിച്ചുപോയ മുറിവുകളുടെ ഓർമ്മകൾ പേറുന്നവൾ കൂടിയായിമായിമാറിക്കഴിഞ്ഞിരുന്നു".... ഈ വാക്കുകൾ അത്ര മനോഹരമാണ്..
ReplyDeleteപിന്നെ ഒരു കാര്യം കൂടി.. ഈ ചുരുക്കി എഴുതുന്ന പരിപാടി ഇഷ്ടപ്പെടുന്നില്ല..
സ്നേഹം ആനന്ദ്. ഇപ്പോൾ എഴുത്തിന് സമയം വളരെ കുറവ്. ഇനി സമയമെടുത്ത് എഴുതാൻ ശ്രദ്ധിക്കാം 🥰
Deleteവളരെ നാളുകൾ കൂടി വന്നതാണ് ബ്ലോഗുകളിൽ... ആദ്യം മുതൽ വായിച്ചെത്തണം ഇനി...
ReplyDeleteഞാനും വളരെ നാളായി ഇത് വഴിവന്നിട്ട്.. ഇത് വരെ പൂർത്തിയാക്കാൻ പറ്റിയില്ല 😔
Delete