ശിലീഭൂതം - 7

 ഹേമ കുട്ടികളോട് പറഞ്ഞത് ജോൻഗയുടെ കഥയാണ്. ജോൻഗ ഹുരാംഗ് നാരായൺ എന്ന ദേവതയുടെ തട്ടകമാണ്. പണ്ട് അവിടെ നിന്നൊരു പഹാഡി ഇന്തുപ്പ് ശേഖരിക്കാൻ ദൂരെയേതോ ഗ്രാമത്തിൽ പോയത്രേ. തിരിച്ചുവരുമ്പോൾ അയാളുടെ മുളംകുട്ടക്ക് ഭാരമേറുന്നതായി തോന്നി. കുട്ടയിറക്കി വച്ച് ഒരു മരച്ചുവട്ടിൽ വിശ്രമിക്കെ തൊട്ടടുത്ത വയലിൽ കൊയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഉറഞ്ഞു തുള്ളുകയും മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ അവർ പറഞ്ഞുവത്രെ അയാളുടെ കുട്ടയിൽ ഹുരാംഗ് നാരായൺ എന്ന ദൈവം കയറിക്കൂടിയിട്ടുണ്ടെന്ന്. വൃദ്ധയായ ആ സ്ത്രീയുടെ വാക്ക് മാനിച്ച് ഗ്രാമീണർ പിന്നീട്, കുട്ടയിലേറി അവരെ തേടിയെത്തിയ ദേവതക്ക് ഒരു ക്ഷേത്രം പണിതു. അതോടെ ജോൻഗ ഹുരാംഗ് നാരായണന്റേതായി.

കഥ വിവരിച്ചതിനു ശേഷം അവർ കുട്ടികളോട് പറഞ്ഞു. "നോക്കൂ, ഈ കഥ ഒരു സാമാന്യ നാഗരിക മനുഷ്യന്റെ തലച്ചോറിന് ഒരിക്കലും സംസ്‌കാരിച്ചെടുക്കുവാനാകാത്തതാണ്. എന്നാൽ ഇവിടെ ഇത് ഒരു ഗ്രാമത്തിന്റെ തന്നെ ചരിത്രത്തെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ദസറക്കും ഇതുപോലുള്ള മിത്തുകളിൽനിന്നുത്ഭവിച്ച ദേവതകളെയും പേറി വിവിധ ഗ്രാമങ്ങളിൽ നിന്നും മനുഷ്യർ കുളുവിലെ മൈതാനത്തെത്താറുണ്ട്. പല്ലക്കിലേറിയ ദേവതകൾ അവരോടൊപ്പം ആടുകയും പാടുകയും ഉഗ്രരൂപം പൂണ്ട് പരസ്പരം പോരടിക്കുകയും ചെയ്യുന്നു. വിദ്വേഷത്തിൽ നിന്ന് ആനന്ദത്തിലേക്കും ആനന്ദത്തിൽ നിന്ന് ശാന്തതയിലേക്കും അവർ തുടരെ തുടരെ സഞ്ചരിക്കുന്നു. കുളുവിലെ ദസറ മനുഷ്യരുടെയല്ല. ദേവതകളുടേതാണ്. 'രഘുനാഥ്ജി' എന്ന സർവാധിപതിയായ ദേവതയുടെയും മറ്റനേകം ചെറു ദേവതകളുടെയും ഉത്സവം. കാലാകാലങ്ങളായി ഇവിടുത്തെ മനുഷ്യരുടെ ഉപബോധത്തിന്റെ കടിഞ്ഞാൺ പ്രത്യക്ഷമായോ പരോക്ഷമായോ ഈ ദേവതകൾ കരസ്ഥമാക്കിയിരിക്കുന്നു. അവരുടെ മുന്നോട്ടുള്ള പ്രയാണങ്ങളെ പരുവപ്പെടുത്തുന്നത് അനാദിയോളം പഴക്കമുള്ള മിത്തുകളത്രെ.


അപ്പോഴേക്കും കുട്ടികൾ യാഥാർഥ്യങ്ങളിൽ നിന്നകന്ന് ഉറഞ്ഞുതുള്ളുന്ന ദേവതകളുടെ ലോകത്ത് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഹേമക്ക് തോന്നി. ചില സവിശേഷമായ പൂജകളുടെയും മൂർത്തികളുടെയും ചിത്രങ്ങളുള്ള ഒരാൽബം ശിഷ്യർക്ക് കൈമാറിയ ശേഷം അവരും ആ താഴ്‌വരയുടെ നിഗൂഢ സങ്കല്പലോകത്തേക്ക് അൽപനേരം മൗനമായലയാൻ പോയി.

വൈകുന്നേരത്തെ നടത്തം എല്ലാവരെയും ഹരം കൊള്ളിച്ചു. ഗ്രാമം തട്ടു തട്ടായാണ് കിടക്കുന്നത്. ഇടത്തും വലത്തും കൽക്കെട്ടുകളുള്ള കുത്തനെ പോകുന്ന ഇടവഴികളിലൂടെ അവർ മേൽപ്പോട്ട് നടന്നു. കൽക്കെട്ടുകൾ വളഞ്ഞും പുളഞ്ഞും ഓരോ നിരപ്പുകളുടെയും അതിരായി മാറുന്നു. ഓരോ നിരപ്പിലും കല്ലും മരവും ഇടകലർത്തി പണിത വീടുകൾ. ചിലത് വളരെ ചെറുതും മറ്റു ചിലത് മച്ചുകളുള്ളതും. നിരന്ന മുറ്റങ്ങൾ പലതിലും പുല്ലും വൈക്കോലും കൂന കൂട്ടിയിട്ടിരിക്കുന്നു. സ്ളേറ്റുകല്ലുകൾ പാകിയ മേൽക്കൂരകളുള്ള പഴയ കെട്ടിടങ്ങൾ അതീവ സുന്ദരങ്ങളാണ്. അവയുടെ മുഷിഞ്ഞ കതകുകൾക്കും ജനാലകൾക്കും അരണ്ട പച്ചയും നീലയും നിറങ്ങൾ. അത്തരത്തിൽ ചിലവയുടെ മുകൾതട്ടിൽ ഏറ്റവും ഉയർന്ന ഭാഗത്ത്‌  മരത്തിൽ നിർമ്മിച്ച ചെറു ജാലകപ്പെട്ടി കണ്ട് തമോഗ്ന കുറച്ചത്ഭുതത്തോടെ ചോദിച്ചു." Dev, What does they signify "?

അയാൾ പറഞ്ഞു. " വസന്ത കാലത്ത് ധോലാ ധറിന്റെ താഴ്‌വരകൾ പൂക്കൾ കൊണ്ട് നിറയും. അവയിൽ നിന്നും പൂമ്പൊടിയുമായി എത്തുന്ന തേനീച്ചകൾക്കുള്ളതാണ് ഈ ജാലകപ്പെട്ടികൾ. അവരതിൽ കൂടുകൂട്ടുകയും തേനടകൾ ഉണ്ടാക്കുകയും ചെയ്യും. ആ ജാലകപെട്ടികളുടെ അടുത്തെത്താൻ ഗോവണികളൊന്നും തന്നെ ഇല്ലെന്നത് ശ്രദ്ധിച്ചോ? മിക്കവാറും ആളുകൾ അവയിൽ നിന്ന് തേനെടുക്കാറേയില്ല. ചിലർ വിശ്വസിക്കുന്നത് ഏതോ ആത്മാക്കൾ അവയോടൊപ്പം ഉണ്ടെന്നാണ്. "

"Interesting!"പൂമ്പൊടി പുരണ്ട് ഭാരിച്ച ദേഹവുമായി മൂളിപ്പറക്കുന്ന ഒരു തേനീച്ചയെപ്പോലെ അവൾ താൻകേട്ടത് മറ്റുള്ളവരോട് പറയാൻ തെന്നിത്തെറിച്ചു കുതിച്ചു.


ഇടവഴി അവസാനിക്കുന്നിടത്ത് ഒരു കൊച്ചു ക്ഷേത്രമുണ്ട്. ഗ്രാമത്തിൽ ഇനിയും ക്ഷേത്രങ്ങൾ പണിയുന്നുണ്ടെന്ന് അവിടെ നിന്നിരുന്ന ഒരാൾ പറഞ്ഞു. ക്ഷേത്രത്തിനു കുറച്ചപ്പുറം കാണുന്ന വീട്ടിൽ ആൾതിരക്കുണ്ട്. അവിടെ രാത്രി ഒരു വിവാഹം നടക്കാൻ പോകുന്നു. ഒരു വീട്ടിലെ വിവാഹം ഗ്രാമത്തിന്റേത് മുഴുവനുമാണ്. അൽപ്പാല്പമായ സന്തോഷങ്ങൾ ഒരു ചെറു ഗ്രാമം മുഴുവനും പങ്കിട്ടെടുക്കുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ഒരു വീട്ടിൽ വളരാനായല്ല.  ഗ്രാമത്തിന്റെ മുഴുവൻ കുഞ്ഞായാണ്. പാരസ്പര്യത്തിന്റെയും സമരസപ്പെടലിന്റെയും പാഠങ്ങൾ അന്നേ അവൻ പഠിച്ചുകഴിയും. സന്ധ്യയാവാറായതോടെ കല്യാണവീട്ടിൽ പെൺകുട്ടികൾ നൃത്തത്തിനുള്ള തയ്യാറെടുപ്പാണ്.അതുകണ്ട് തമോഗ്ന നാട്ടി നൃത്തത്തിന്റെ ചുവടുകൾ അനുകരിച്ചു വായുവിൽ താളത്തിൽ കൈകൾ തുഴഞ്ഞു. അവളുടെ ആ ഭാവം കണ്ട് ദേവൻ ചിരിയടക്കി. 

ഇരുട്ടി തുടങ്ങിയപ്പോൾ തിരിച്ചു നടക്കാമെന്ന് ഹേമ പറഞ്ഞു. കയറിയതുപോലെ എളുപ്പമല്ല കുത്തനെയുള്ള വഴികളിലൂടെ താഴോട്ടിറങ്ങാൻ. ചെറിയ പറ്റങ്ങളായി വളരെ ശ്രദ്ധിച്ച് അവർ താഴോട്ടിറങ്ങുമ്പോൾ താമോഗ്ന അയാളോടൊരു രഹസ്യം പറഞ്ഞു " ഞാനിവിടെ വന്നിട്ടുണ്ട് ദേവ്.. എത്രയോ തവണ സ്വപ്നത്തിൽ ഈ കുത്തുകല്ലുകൾ കയറിയിട്ടും ഇറങ്ങിയിട്ടുമുണ്ട്. അപ്പോൾ എനിക്ക് മുന്നിൽ രണ്ടു കുട്ടികൾ കൈപിടിച്ച് നടന്നു പോകും... അതാ, അതുപോലൊരു വീടിന്റെ ഉമ്മറത്തിരുന്ന് ഒരു വൃദ്ധ എന്നെ അകത്തേക്ക് വിളിക്കും. ആരുടെയോ കൈകൾ വിടുവിച്ച്  ഞാൻ അവരുടെ വീട്ടിലേക്ക് ഓടിക്കയറും" ഇത്രയും പറഞ്ഞ് അവൾ അയാളുടെ കൈകളിലേക്ക് നോക്കി. " Certainly they are not mine" എന്ന് പറഞ്ഞ് ദേവൻ കൈകൾ പിന്നിൽ കെട്ടിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.


സ്വപ്നങ്ങളിൽ സത്യമുണ്ടോ? അതും പഠിക്കേണ്ട വിഷയമാണ്. മുന്നിൽ നടക്കുന്നത് തന്റെ സ്വപ്നങ്ങളിലെ മായൻ കന്യക! അവളും ഇപ്പോൾ സ്വപ്‌നങ്ങൾ ആവർത്തിച്ചു കാണാറുണ്ടെന്ന് പറയുന്നു. കൗതുകം തന്നെ. തിരിഞ്ഞു നോക്കി അവൾ വീണ്ടും ചോദിച്ചു. "ഇവിടെ അപൂർവം ചില ഗോത്ര സമൂഹങ്ങളിൽ ഒരു വീട്ടിലെ സഹോദരന്മാർ എല്ലാം ചേർന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകൾക്കും അതു സമ്മതമത്രേ. സ്ത്രീകളുടെ എണ്ണം കുറവായതിനാലാണോ? നിങ്ങൾ എങ്ങനെയാണ് അതിനെ കാണുന്നത്?"

അയാൾ പറഞ്ഞു "കവികൾ കാല്പനികത കല്പ്പിച്ചു നൽകിയ സ്ത്രീ പുരുഷ ബാന്ധവങ്ങൾക്ക് പിന്നിൽ വംശ വർദ്ധന നടത്താനുള്ള വെറും മൃഗചോദന മാത്രമാണെന്നാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത്. മനുഷ്യൻ ഇപ്പോഴും ഒരു മൃഗം തന്നെയല്ലേ താമോഗ്? എനിക്കിത്തരം സാമൂഹിക വ്യവസ്ഥകളിൽ അത്ഭുതം തോന്നുന്നതേയില്ല!"

അത്‌ പറഞ്ഞപ്പോൾ അയാൾക്ക് യാതൊരു സംശയവും തോന്നിയില്ല. അവിചാരിതമായി കണ്ടുമുട്ടിയ, തന്റെ പകുതി മാത്രം പ്രായം വരുന്ന ഈ പെൺകുട്ടിയോട് തനിക്കു  പ്രണയം തോന്നുന്നുണ്ടെങ്കിൽ അത് വെറും മൃഗചോദനയല്ലാതെ മറ്റെന്താകാനാണ്? അയാൾ ഒരു നിമിഷത്തേക്ക് തന്നെയൊരു മൃഗമായി സങ്കല്പിച്ചു. തന്റെ തന്നെ സന്തതി പരമ്പരകളിൽ പ്രജനനം നടത്താൻ ചാന്ദ്ര പക്ഷങ്ങൾ കാത്തിരിക്കുന്ന ഒരു വന്യമൃഗം!


" എങ്കിൽ കേട്ടോളൂ..ഒരു നരവംശ ശാസ്ത്രജ്ഞയായ ഞാൻ ഒരിക്കലും അതൊരത്ഭുതമായി കാണുന്നില്ല. എന്നാൽ ഒരു സ്ത്രീപക്ഷവാദിയായ ഞാൻ ബഹുഭർതൃത്വം ഒരു സ്ത്രീയോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം ഇതൊന്നുമല്ലാത്ത അസംസ്‌കൃതയായ, നിങ്ങൾ ചിലപ്പോൾ നാലാംകിടയെന്നു വിളിച്ചേക്കാവുന്ന എന്നിലെ സ്ത്രീ ചിന്തിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അളവിൽ കൂടുതലാണെങ്കിൽ അത് വിഷമാണ്. അളവിൽ കുറഞ്ഞാലും അങ്ങനെ തന്നെ. എന്ത്തന്നെയായാലും ആരാലും സ്നേഹിക്കപ്പെടാതെ, ആരാലും സൗന്ദര്യമാസ്വദിക്കാതെ പോകുന്ന ഒരു സ്ത്രീയെപ്പോലെ ശപ്തയായവൾ ആരുണ്ട്? അങ്ങനെയാകുമ്പോൾ നാലോ അഞ്ചോ പുരുഷന്മാരെ ഒരുമിച്ചു വരിക്കുന്ന ഒരു സ്ത്രീ ഒരർത്ഥത്തിൽ ശപിക്കപ്പെട്ടവളല്ല. അവൾ മഹാബുദ്ധിമതിയായിരിക്കണം. തനിക്കുലഭിക്കുന്ന ഓരോ പുരുഷനും ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നുകൊടുക്കുന്ന അളവ്നാഴി പോലുള്ള ഹൃദയമുള്ളവൾ . അതേസമയം അവളെ വരിച്ച പുരുഷന്മാരോ! പുരുഷ സഹജമായ സ്വാർത്ഥതക്ക് നിരന്തരം ഭ്രഷ്ട് കല്പിച്ച് തന്റെ ഇണയെ മറ്റുള്ളവർക്ക് പകുത്തു കൊടുക്കേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങൾ! സത്യത്തിൽ നിങ്ങളെത്തന്നെ പകുത്തു കൊടുക്കുന്നതിനേക്കാൾ ദുസ്സഹമല്ലേ നിങ്ങൾക്ക് സ്വന്തമായൊന്നിനെ പകുത്തു കൊടുക്കുന്നത് "?

ഇത്രയും പറഞ്ഞ് ചോദ്യരൂപത്തിൽ തന്നെ നോക്കുന്ന അവളോട് എന്ത് പറയണമെന്നറിയാതെ അയാൾ നിന്നു. എന്നിട്ട് ഇരുട്ട് പടരാൻ തുടങ്ങുന്ന ഇറക്കത്തിലേക്കു നോക്കി പിറുപിറുത്തു " അറിയില്ല തമോഗ്. പകുത്തു കൊടുക്കാനാവാത്ത വിധം ഞാനാരെയും സ്നേഹിച്ചിട്ടില്ല ". നിശ്ചലനായി നിൽക്കുന്ന അയാളുടെ കൈ പിടിച്ച് അടുത്ത കൽക്കെട്ടിലേക്ക് കാൽ വെക്കുമ്പോൾ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

 " എങ്കിലൊരു ക്രൂരനാണ് നിങ്ങൾ. എന്റെ കാമുകനെപ്പോലെ തന്നെ ക്രൂരൻ "!

അതുപറയുമ്പോൾ അഴിഞ്ഞു കിടക്കുന്ന ചുരുണ്ട മുടിക്കടിയിൽ മറഞ്ഞുപോയ അവളുടെ മുഖം ഒന്ന് കണ്ടിരുന്നുവെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. അപ്പോഴേക്കും കൈകൾ വിടുവിച്ച് അവൾ കൂട്ടുകാരോടൊപ്പം എത്തിയിരുന്നു.


അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ദേവദത്തൻ ആലോചിച്ചു. അവൾ പറഞ്ഞത് സത്യമാകാനേ വഴിയുള്ളൂ. ബ്രാഹ്‌മണന് ഗുജ്‌ജാർ സ്ത്രീയിൽ ജനിച്ചവനാണ് താൻ. യുഗങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുന്ന തന്റെ നാട്ടിൽ, ഒരാൾ വരേണ്യതയുടെ ആനുകൂല്യം വേണ്ടുവോളമുണ്ടായിട്ടും അവയൊന്നും വേണ്ടെന്നു വച്ച് ജീവിതം മുഴുവൻ ഒരു താണ ജാതിക്കാരി സ്ത്രീയെ മാത്രം ചേർത്തുപിടിച്ചെങ്കിൽ അത്‌ വെറും മൃഗ ചോദനകൊണ്ടാകില്ല. ആഭിജാത്യരുടെ നിരാകരണവും നിരന്തര പീഡനവും ഏറ്റു വാങ്ങിയിട്ടും ആ സ്ത്രീ മരിക്കുവോളം അയാൾക്കൊപ്പം നിന്നെങ്കിൽ അതും മൃഗചോദനയാവില്ല. അരുതുകൾക്കിടയിൽ ആട്ടിൻപറ്റങ്ങളെ മേച്ചു നടന്ന ബാല്യത്തിൽ ഒരിക്കൽ പോലും തന്നിൽ വംശീയ ചിന്തകൾ  ഉടലെടുക്കാതിരുന്നത് അവരുടെ സ്നേഹം വെറും സങ്കൽപ്പമല്ലാതിരുന്നതുകൊണ്ടാണ്. വേണ്ടുവോളം സ്നേഹിക്കപ്പെട്ടവനാണ് താൻ. എന്നിട്ടും തനിക്കെന്താണ് സ്നേഹമുൾക്കൊള്ളാൻ ആവാതെ പോയത്? തന്റെ പെൺകുട്ടി പറഞ്ഞപോലെ ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നു കൊടുക്കാൻ താൻ എന്നാണ് പഠിക്കുക?

നേരമേറെയായിട്ടും പുറത്തു തീകാഞ്ഞിരുന്നു കുട്ടികൾ സൊറപറയുന്നുണ്ട്. അവരിലാരോ ബൊഹീമിയൻ റാപ്സോഡി ഉച്ചത്തിൽ പാടുന്നു. അത് ശ്രദ്ധിച്ച് കിടക്കുന്നതിനിടയിലെപ്പോഴോ അയാൾ ഉറക്കത്തിലേക്കു വീണു.