ശിലീഭൂതം - 5

 ബസ് വീണ്ടും മലനിരകൾക്കിടയിലൂടെ സഞ്ചരിച്ചു. ഹേമ കുട്ടികൾക്ക് കുളുവിലെ ക്ഷേത്രങ്ങളുടെ വാസ്തു വിദ്യയെക്കുറിച്ച് വിവരിച്ചു കൊടുക്കുന്നു. ചമ്പയിലും ഛത്രാരിയിലും പൂർണ്ണമായും മരത്തിൽ പണിതീർത്ത ക്ഷേത്രങ്ങളുണ്ട്. ചമ്പാവതി ക്ഷേത്രത്തിന്റെ മണ്ഡപം അതിന്റെ വലിപ്പം കൊണ്ടല്ലെങ്കിലും സൗന്ദര്യം കൊണ്ട് ആരെയും ആകർഷിക്കും. പഗോഡകളും കഥകുനി മാതൃകകളുമെല്ലാം ഈ താഴ്‌വരയുടെ മാത്രം സ്വന്തം. മാറി മാറി വരുന്ന ഋതുക്കളെയും പ്രകൃതിക്ഷോഭങ്ങളെയും വെല്ലുവിളിച്ച് ഏഴാം നൂറ്റാണ്ടിലും അതിന് ശേഷവും പണിത ആ പുരാതന സൃഷ്ടികൾ ഇന്നും തലയുയർത്തി നിൽക്കുന്നു. എന്നാൽ ദേവദത്തൻ അപ്പോഴോർത്തത് അവയെക്കുറിച്ചല്ല. ബജൗറയിൽ വർഷകാലത്തിനു മുൻപ് മൂത്തു മതിർക്കുന്ന പഴത്തോട്ടങ്ങളെക്കുറിച്ചാണ്. അവയ്ക്കുമപ്പുറം നിരന്നു കിടക്കുന്ന നെൽവയലുകളെക്കുറിച്ചാണ്.മരിച്ചു മണ്ണടിഞ്ഞ ഓർമ്മകൾ എങ്ങുനിന്നാണ് ഉയിർത്തു മുളക്കുന്നത്?

"Dev, where did you keep that?" ഓർമ്മകളിൽ നിന്നുണർത്തി തന്റെ പെൺകുട്ടി. Dev, where did you keep that?". ചോദ്യം ഒരിക്കൽ കൂടി അവളാവർത്തിച്ചു. അയാൾ മനസ്സിലാകാതെ കരിഞ്ഞ ഊതനിറമുള്ള അവളുടെ കണ്ണുകളിലേക്കു നോക്കി. "ഹേമ പറഞ്ഞുവല്ലോ കാംഗ്രയിൽ നിന്നും കണ്ടെടുത്ത തൃഗർത്തൻമാരുടെ നാണയം നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന്. ഏതെങ്കിലും കാരണവശാൽ നിങ്ങളത് കൊണ്ടുവന്നിട്ടുണ്ടോ?". അയാൾക്ക് ചിരിയൂറി. " എനിക്കോർമ്മയില്ല ". അവൾ ചെറിയ നിരാശയോട് കൂടി ചോദിച്ചു. " നിങ്ങളിപ്പോൾ പിന്നെന്താണ് ഓർക്കുന്നത്?

അയാൾ അല്പം നീങ്ങിയിരുന്ന് അവളെ തനിക്കരികിലിരുത്തി അങ്ങ് ദൂരെ മലനിരകളിലേക്ക് ചൂണ്ടി "Tamog, Look there! അവിടെയൊരു ആട്ടിടയൻ ചെറുക്കനുണ്ട്. പുരാവസ്തു ഗവേഷകനായ ദേവ്ദത്തനു മുൻപ്, കഴുത്തിൽ കമ്പിളി ചുറ്റി, തലയിൽ കിന്നരിതൊപ്പിയണിഞ്ഞു കുറുവടിയുമായി ചെമ്മരിയാട്ടിൻപറ്റങ്ങളെ തെളിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ. അവനെയാണ് ഞാനിപ്പോൾ ഓർക്കുന്നത്". അവൾ അയാളുടെ കണ്ണുകളിലേക്കു നോക്കി. അവയിൽ ഓർമ്മകൾ തെളിഞ്ഞു തിളങ്ങുന്ന ഒരിറ്റു കണ്ണാടി വെള്ളം. അയാളുടെ കയ്യിൽ മുറുക്കെപ്പിടിച്ച് ഓടിയകലുന്ന കുന്നുകളിലേക്ക് നോക്കി അവൾ അല്പനേരമിരുന്നു. എന്നിട്ട് പറഞ്ഞു. "ചില ഓർമ്മകൾ അങ്ങനെയാണ്. ഇടയ്ക്കിടെ കല്ലറകളിൽനിന്നുയിർത്തു വരും. എപ്പോഴെങ്കിലും നോക്കുന്ന കണ്ണാടിയിൽ, പൈപ്പിൽ നിന്നിറ്റു വീഴുന്ന കുളിമുറി വെള്ളത്തിൽ, മൗനം ഉരുകിയൊലിക്കുന്ന ചില സന്ധ്യകളിൽ.. അദൃശ്യമായ ആത്മാവിനെപ്പോലെ അവ നമ്മെ ആവേശിക്കും. എന്നാൽ നിങ്ങളിപ്പോൾ അറിഞ്ഞുകൊണ്ട് അവയുടെ കല്ലറകൾ തുറന്നു വീട്ടിരിക്കുകയാണ്. സത്യത്തിൽ ദേവ്, നിങ്ങളിവിടേക്കു വന്നിരിക്കുന്നത് അൽമോറയിലെ ശിലാലിഖിതങ്ങൾ ഉത്ഘനനം ചെയ്തെടുക്കാനോ ഞങ്ങളെ പഠിപ്പിക്കാനോ അല്ല. You have arrived to unearth your fossilized past"

സത്യമാണ്. അറിഞ്ഞോ അറിയാതെയോ ശിലീഭൂതമാക്കപ്പെട്ട തന്റെ ഭൂതകാലം ചികയാൻ -അതിനുവേണ്ടി മാത്രമാണ് താൻ തിരികെ വന്നിരിക്കുന്നത്. അതിലെവിടെയും തന്റെ കയ്യിൽ മുറുക്കെപ്പിടിച് അരികിലിരിക്കുന്ന ഈ പെൺകുട്ടിയില്ല. എങ്കിലും അന്നുമുതൽ ഇന്നുവരെ അവളുണ്ടായിരുന്നുവെന്നു തോന്നിപ്പിക്കുന്നു. തന്റെ ആത്മാവിലേക്ക് ചൂഴ്ന്നു നോക്കുന്ന ഊതനിറമുള്ള ഈ ചിത്രശലഭക്കണ്ണുകളെ പ്രണയിക്കാതിരിക്കുന്നതെങ്ങിനെ!

എന്നാൽ പിന്നീടങ്ങോട്ട് അവൾ  സംസാരിച്ചുകൊണ്ടിരുന്നത് അവളുടെ കാമുകന്റെ ഗവേഷണവിഷയത്തെപ്പറ്റിയാണ്. കാംഗ്രയിലും പത്താൻകോട്ടിലും ഉണ്ടായിരുന്ന തൃഗർത്തൻമാരുടെ സാന്നിധ്യത്തെപ്പറ്റി. അയാൾക്ക് ചിരിവന്നു. അല്ലെങ്കിലും വെള്ളിയിഴകളെ താലോലിച്ചു തുടങ്ങിയ താനവളെ പ്രണയിക്കുമെന്ന് അവൾ എങ്ങനെ സങ്കൽപ്പിക്കാനാണ്!

വിക്ടർ ഓരോ അപ്പിളുകൾ അവർക്കെറിഞ്ഞു കൊടുത്തു. ഉച്ചഭക്ഷണം വഴിയിലെവിടെയും തരപ്പെടാത്തതുകൊണ്ട് കുട്ടികൾ ഇടയ്ക്കിടെ അതുമിതും കൊറിച്ചുകൊണ്ടിരുന്നു. താമോഗ് അവർക്കിടയിൽ ഓടിനടന്ന് ചിലതെല്ലാം തട്ടിപ്പറിച്ചു കഴിക്കുകയും ഇടയ്ക്കിടെ ഹേമയുടെ അരികിൽച്ചെന്ന് എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ഹുവാന്റെ മെക്സിക്കൻ ഗാനം എല്ലാവരെയും ഹരം കൊള്ളിച്ചു. അരക്കെട്ടിളക്കി അവനോടൊപ്പം നൃത്തം ചെയ്യുന്ന തമോഗ്നയെ നോക്കി ചിരിക്കാതിരിക്കാൻ ആർക്കുമായില്ല. അവൾ അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ആനന്ദം കോരി നിറയ്ക്കുന്നു.

സൂര്യവെളിച്ചം പതിയെ താണു തുടങ്ങുമ്പോൾ കുട്ടികൾ പുറത്തിറങ്ങി ലഘുഭക്ഷണം കഴിച്ചു. അയാളും ഹേമയും അവരോടൊപ്പം കൂടി. കഴിച്ചുകഴിഞ്ഞു കുറച്ചു ഫോട്ടോകളുമെടുത്തു തിരികെ കയറിയപ്പോൾ തമോഗ്ന വന്നു രഹസ്യമായി ചോദിച്ചു. "നിങ്ങൾക്കു വീണ്ടും ആട്ടിടയനാവണോ ദേവ്?" അവൾ കയ്യിലുണ്ടായിരുന്ന ഒരു പഹാഡിതൊപ്പിയെടുത്ത് അയാളുടെ തലയിൽ വച്ചു. പുറത്തുനിന്നൊടിച്ചെടുത്ത ഒരു കാട്ടുചെടിയുടെ കമ്പ് കയ്യിൽ കൊടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു. " Look at you shepherd! നിങ്ങൾ ഇങ്ങനെയിരുന്നാൽ പോരാ. കൂട്ടം തെറ്റിയ ആ കുഞ്ഞാടില്ലേ, നിങ്ങളുടെ താടിരോമങ്ങളെക്കാൾ വെളുത്തത്.. അതിനെ കണ്ടുപിടിച്ചു തിരികെ കൊണ്ടുവരേണ്ടതുണ്ട് ". ആ സുന്ദര നിമിഷത്തിൽ അവളെ ആലിംഗനം ചെയ്യുവാനാകാത്ത തന്റെ നിസ്സഹായതയോർത്ത് അയാൾ ഒരു വിഡ്ഢിച്ചിരി ചിരിക്കുക മാത്രം ചെയ്തു.


8 comments:

  1. ഇതിന്റെ തുടർച്ച വേഗം എഴുതിയില്ലെങ്കിൽ നിന്നെ ഞാൻ ആട്ടിടയത്തിയായി ആ താഴ്വരയിൽ അലയാൻ ഇടവരട്ടെ എന്ന് ശപിക്കും..

    ReplyDelete
    Replies
    1. അങ്ങനെയെങ്കിലും അവിടെ ഒന്ന് പോകുവാനായെങ്കിൽ 😍😆

      Delete
  2. ചേച്ചി എന്റെ പ്രശ്നം.എനിക്ക് ഇങ്ങനെ.. വാക്കുകൾ അനുഭവിക്കാൻ തരത്തിൽ എഴുതാൻ കഴിയുന്നില്ല എന്നോർത്താണ്... എന്റെ എഴുത്തുകളിൽ ആത്മാവ് ഉണ്ടാകുന്നില്ലെന്നു തോന്നുന്നു.. ഇത് വായിക്കുമ്പോൾ.. addicted ... ഹൃദയം ഒഴുക്കി കൊണ്ടുപോകുന്ന വാക്കുകൾ... പക്ഷെ ഇങ്ങനെ ചുരുക്കല്ലേ.. വാരാണസിയിൽ കഥ പോലെ കൂടുതൽ കണ്ടെന്റ് വരട്ടെ..

    ReplyDelete
  3. എഴുത്തുകളിൽ താരതമ്യത്തിന്റെ ആവശ്യമില്ല ആനന്ദ്. എല്ലാവരുടെയും ശൈലികൾ വ്യത്യസ്തമല്ലേ. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ വളരെ സന്തോഷം.ഞാനെഴുതുമ്പോൾ കഥ ചുരുക്കാനോ വലുതാക്കാനോ ശ്രമിക്കാറില്ല. എവിടെ ചെന്നെത്തി നിൽക്കുമോ അവിടെ നിൽക്കും🥰. സ്നേഹം ❤️

    ReplyDelete
  4. സൂര്യാ ... ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വന്നല്ലോ . സന്തോഷം ട്ടോ ... അടുത്തത് പോയി വായിക്കട്ടെ

    ReplyDelete
    Replies
    1. സ്നേഹം ചേച്ചി ❤️

      Delete
  5. അമ്പടി അവിടെയൊന്നും പോകാതെയാണെല്ലേ ഇവിടെ എഴുത്ത് കൊണ്ട് മാജിക് അവതരിപ്പിക്കുന്നത്

    ReplyDelete
    Replies
    1. ആന്ന്.. മഹാ കള്ളി 😂😂😂

      Delete